Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

കര്‍മരഹിതരായി കുത്തിയിരിക്കുന്നവര്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ദീര്‍ഘകാലം പ്രവര്‍ത്തനരംഗത്ത് നിലയുറപ്പിച്ച് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച ചിലര്‍ അകര്‍മണ്യതയിലേക്ക് ഉള്‍വലിഞ്ഞ് തങ്ങളുടെ സ്വകാര്യ ലോകത്ത് കഴിഞ്ഞുകൂടുന്നതായി കാണാം. ഒരുനാള്‍ സജീവ സാന്നിധ്യമായിരുന്ന അവരുടെ തിരോധാനം പ്രസ്ഥാനത്തിനും അവര്‍ക്കു തന്നെയും നഷ്ടമാണ്. ഖുര്‍ആനും സുന്നത്തും 'ഖുഊദ്' എന്ന് വ്യവഹരിച്ച ഈ പ്രവണതക്ക് നിരവധി വശങ്ങളുണ്ട്. നിന്നതിനു ശേഷം ഇരിക്കുക, ബന്ധം വിഛേദിക്കുകയും വേണ്ടെന്നു വെച്ച് ഉപേക്ഷിക്കുകയും ചെയ്യുക, രംഗത്തു നിന്ന് പിന്‍വാങ്ങുക, വേണ്ടത്ര ശ്രദ്ധയും പരിഗണനയും നല്‍കാതിരിക്കുക, മാറാ രോഗം നിമിത്തം മൂലക്കിരിക്കേണ്ടിവരിക തുടങ്ങി അനേകം അര്‍ഥങ്ങളുള്ള ഈ പദം, കര്‍മരംഗത്തു നിന്നുള്ള പിന്മാറ്റത്തെയും നിര്‍ജീവമായി കുത്തിയിരിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.

പ്രവര്‍ത്തനരംഗം വിട്ട് പ്രബോധനമേ വേണ്ടെന്നു വെച്ച് അകന്നു കഴിയുന്ന ഈ വിഭാഗത്തിന്റെ അപഭ്രംശം വരുത്തിവെക്കുന്ന വിനകള്‍ വലുതാണ്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈകളില്‍ ഇവര്‍ കരുക്കളായിത്തീരാന്‍ താമസമുണ്ടാവില്ല. പ്രവര്‍ത്തന രംഗത്ത് സജീവമായി നിലയുറപ്പിച്ചവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി ജനമധ്യത്തില്‍ പരസ്യമാക്കുകയും അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക, ദീനീ പ്രമാണങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി വ്യാഖ്യാനിക്കുക തുടങ്ങി അത്യന്തം അപകടകരമായ നിലപാടുകള്‍ അവര്‍ കൈക്കൊള്ളുന്നതായി കാണാം.

ഉഹുദ് യുദ്ധവേളയില്‍ ആയിരം സൈനികരെയുമായി യാത്ര തിരിച്ച റസൂലിന്റെ പക്ഷത്തു നിന്ന് മുന്നൂറ് പേരെ അടര്‍ത്തിമാറ്റാന്‍ മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നി സുലൂലിന് സാധിച്ചു. ''യുദ്ധത്തിന് പോകാതെ കുത്തിയിരിക്കുകയും യുദ്ധത്തിന് പോയ സഹോദരങ്ങളെക്കുറിച്ച്  'തങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് പറയുകയും ചെയ്തവരാണ് കപടവിശ്വാസികള്‍'' (ആലുഇംറാന്‍ 168). കര്‍മരംഗം വിട്ട് കാപട്യത്തോടെ പിന്മാറിയ ആ വിഭാഗത്തിന്റെ വഞ്ചനാപരമായ നിലപാട് വിശദീകരിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദം 'ഖുഊദ്' ആണെന്നോര്‍ക്കുക. ധീരമായ കാല്‍വെപ്പുകളോടെ വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാനുള്ള പ്രവാചകന്‍ മൂസാ(അ)യുടെ നിര്‍ദേശം ഇസ്രാഈല്യര്‍ നിരാകരിച്ചതിനെക്കുറിച്ച് ഖുര്‍ആന്‍: ''അപ്പോള്‍ അവര്‍ പറഞ്ഞു: ഓ മൂസാ! അവര്‍ അവിടെ ഉണ്ടായിരിക്കുന്നേടത്തോളം കാലം ഞങ്ങള്‍ അവിടെ പ്രവേശിക്കുന്ന പ്രശ്‌നമേയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും ചെന്ന് യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ കുത്തിയിരിക്കുകയാണ്'' (അല്‍മാഇദ 24). ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തില്‍ മുഹമ്മദ് നബി(സ)ക്കും ഇതേ അനുഭവമാണുണ്ടായത്. ആ അനുഭവം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ: ''ഇനി (യുദ്ധം കഴിഞ്ഞിട്ട്) അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും അനന്തരം (മറ്റൊരു യുദ്ധത്തിന്) നിന്റെ കൂടെ പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങള്‍ക്കൊരിക്കലും എന്റെ കൂടെ പുറപ്പെടാനോ നിങ്ങള്‍ക്ക് എന്നോടൊപ്പം ശത്രുവിനോട് പൊരുതാനോ കഴിയുന്നതുമല്ല. തീര്‍ച്ചയായും ആദ്യത്തെ പ്രാവശ്യം പിന്മാറി വീട്ടില്‍ കുത്തിയിരിക്കാന്‍ ഇഷ്ടപ്പെട്ടവരാണല്ലോ നിങ്ങള്‍. അതിനാല്‍ വീട്ടില്‍ ഇരിക്കുന്നവരോടൊപ്പം നിങ്ങളും കുത്തിയിരുന്നുകൊള്ളുക'' (അത്തൗബ 83).

പ്രവര്‍ത്തനരംഗത്തു നിന്ന് പിന്മാറി അലംഭാവത്തോടെയും അലസതയോടെയും ഉള്‍വലിഞ്ഞിരിക്കുന്നവരെയും സജീവമായി രംഗത്തു നിലയുറപ്പിച്ചവരെയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതിങ്ങനെ: ''ന്യായമായ കാരണങ്ങളില്ലാതെ (യുദ്ധത്തിന് പോകാതെ) കുത്തിയിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാവുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുന്നവരെ കുത്തിയിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുത്തിയിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്'' (അന്നിസാഅ് 94,95). ചില പിന്മാറ്റങ്ങള്‍ കാപട്യം മൂലമായിരിക്കില്ല. അലസതയും അലംഭാവവും നിമിത്തമാവും. 

മനുഷ്യന്‍ നിരന്തരമായി കുറ്റങ്ങളിലും പാപകൃത്യങ്ങളിലും മുഴുകിയാല്‍ ഹൃദയകാഠിന്യവും ഹൃദയത്തിന്റെ മരണവുമാണ് ഫലം. നന്മനിറഞ്ഞ ചിന്തകള്‍ക്കിടമില്ലാത്ത ഹൃദയത്തില്‍ കുടിയിരിക്കുക പിശാചാണ്. പിശാചിന്റെ പ്രേരണകളും പ്രലോഭനങ്ങളും പ്രീണനങ്ങളും കര്‍മരാഹിത്യത്തിലേക്ക് നയിക്കും. ഹൃദയത്തിന്റെ രണ്ടവസ്ഥകള്‍ നബി(സ) ചിത്രീകരിച്ചത് കാണുക: ''പായയുടെ കണ്ണികള്‍ ഒന്നൊന്നായി ദ്രവിക്കുന്നതുപോലെയാണ് ഫിത്‌നകള്‍ ഹൃദയങ്ങളെ ബാധിക്കുക. ഏതെങ്കിലും ഹൃദയത്തില്‍ ഫിത്‌ന കൂടുകൂട്ടിയാല്‍ ഒരു കറുത്ത പാടു വീഴും. ഫിത്‌നയെ നിരാകരിക്കുന്ന ഹൃദയത്തില്‍ വെളുത്ത പുള്ളിയുണ്ടാവും. അങ്ങനെ ഉള്ളില്‍ രണ്ട് ഹൃദയം രൂപപ്പെടും. ഒന്ന് ശുഭ്രവര്‍ണത്തില്‍. ആകാശഭൂമികള്‍ നിലനില്‍ക്കുന്നേടത്തോളം ഒരു ഫിത്‌നയും അതിനെ ബാധിക്കില്ല. മറ്റേത് കറുത്ത കരുവാളിച്ച ഹൃദയം. നന്മയും തിന്മയും തിരിച്ചറിയാതെ കാമനകള്‍ക്കും ദേഹേഛകള്‍ക്കും പിറകെ അത് മേഞ്ഞുകൊണ്ടിരിക്കും'' (മുസ്‌ലിം).

അനുവദനീയ കാര്യങ്ങളിലായാല്‍ പോലും കടിഞ്ഞാണില്ലാത്ത ഉദാര സമീപനങ്ങള്‍ മനുഷ്യനെ സുഖലോലുപനാക്കുകയും കര്‍മരാഹിത്യത്തില്‍ എത്തിക്കുകയും ചെയ്യും. ആഇശ(റ) മുന്നറിയിപ്പ് നല്‍കി: ''നബി(സ)യുടെ വഫാത്തിനു ശേഷം ഈ സമുദായത്തില്‍ ആദ്യമുണ്ടായ വിപത്ത് വയറു നിറയെ ആഹാരം കഴിക്കുന്ന ആര്‍ത്തിയാണ്. അമിതാഹാരം ദുര്‍മേദസ്സുണ്ടാക്കും. ഹൃദയം ദുര്‍ബലമാവും. വികാരങ്ങള്‍ മുക്രയിടും.''

ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ഉണര്‍ത്തി: ''ഭക്ഷണ പാനീയങ്ങളുടെ അമിതോപഭോഗം സൂക്ഷിക്കണം. അത് അനാരോഗ്യം ക്ഷണിച്ചുവരുത്തും. രോഗനിമിത്തമാവും. ആലസ്യം ഉളവാക്കും. ഇവ രണ്ടിലും മിതത്വം വേണം. അതാണ് ആരോഗ്യകരം.'' ഹൃദയങ്ങളില്‍ ഭൗതിക ജീവിതാസക്തി സ്വാധീനം ചെലുത്തിയാലും കര്‍മരാഹിത്യമായിരിക്കും ഫലം. തബൂക് യുദ്ധത്തില്‍ ചിലരില്‍നിന്നുണ്ടായ ഉദാസീനഭാവത്തെ അധിക്ഷേപിച്ച് ഖുര്‍ആന്‍: ''വിശ്വാസികളേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടുക എന്നാഹ്വാനമുണ്ടാകുമ്പോള്‍ നിങ്ങളെന്താണ് ഭൂമിയോട് കനം തൂങ്ങി ഇരുന്നു കളയുന്നത്? പരലോകത്തേക്കാള്‍ ഇഹലോകം തൃപ്തിപ്പെട്ടുകളഞ്ഞോ നിങ്ങള്‍?'' (അത്തൗബ 38). ഐഹിക ജീവിത സുഖാഢംബരങ്ങളോടുള്ള അതിരറ്റ ആസക്തിയും സുഖലോലുപതയുമാണ് വഴിമുടക്കികള്‍.

യാത്ര പൂര്‍ത്തിയാക്കാതെ വഴിമധ്യേ ഇരുന്നു കളയുകയോ പിന്തിരിഞ്ഞുപോരുകയോ ചെയ്യുന്നതും കര്‍മരഹിതമായ കുത്തിയിരിപ്പുതന്നെ. ''അവര്‍ പുറപ്പെടാനുദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനു വേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു. പക്ഷേ അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് അവരെ പിന്തിരിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. വീട്ടില്‍ കുത്തിയിരിക്കുന്നവരോടൊപ്പം നിങ്ങളും കുത്തിയിരുന്നുകൊള്ളൂ എന്ന് അവരോട് പറയപ്പെടുകയും ചെയ്തു'' (അത്തൗബ 46).

അകര്‍മണ്യതയിലേക്ക് ഉള്‍വലിഞ്ഞവരുമൊത്തുള്ള ജീവിതം, ദൈവിക വാഗ്ദാനത്തെക്കുറിച്ച ദൃഢബോധ്യമില്ലായ്മ, നേതൃനിരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുക, തനിക്കിണങ്ങിയ കര്‍മരംഗം കാണായ്ക, അര്‍ഹിക്കുന്ന അംഗീകാരവും ആദരവും ലഭിക്കായ്ക, അമിതഭാരം അടിച്ചേല്‍പിക്കല്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഒരാള്‍ കര്‍മരംഗം വിട്ട് സ്വാസ്ഥ്യ ജീവിതം തേടാന്‍ ഇടയാക്കിയേക്കും.

 സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍