മണ്ണോട് ചേരും മുമ്പ്...
ഏതു നിമിഷാര്‍ധത്തിന്റെ ഞൊടിയിടയിലാണാവോ
മരണത്തിന്റെ തണുപ്പിലേക്ക് ഞെട്ടറ്റു വീഴുന്നത്.
ഏതു നഗര വീഥിയിലെ
ഭ്രാന്തമായ തീരാ തിരക്കുകളുടെ,
അശ്രദ്ധമായ ഇമവെട്ടലുകള്‍ക്കിടയിലാണാവോ
കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറി,
വിധിയൊടൊപ്പമെത്തുന്ന
വാഹനത്തിന്റെ ഇരമ്പലിനൊപ്പം
ചിതറിത്തെറിക്കുന്നത്..?!
വേരോടെ എത്ര പറിച്ചെറിഞ്ഞാലും
കിളിര്‍ത്തു വരുന്ന ഓര്‍മകളാണ് നമ്മുടേതെന്ന് -
സ്നേഹാര്‍ദ്രമായി ഹൃദയം പകുത്തു പറഞ്ഞവര്‍,
എത്ര പെട്ടെന്നാണ് 'പിരിഞ്ഞവരെ'
പേരുപോലും ഉരിയാടാതെ
വെറും 'മയ്യിത്താക്കി' മറവിയുടെ
ഇറയത്തേക്ക് ഇറക്കിവെക്കുന്നത്.
മൂന്ന് പിടി മണ്ണിനോടൊപ്പം പൊടിതട്ടി,
മീസാന്‍ കല്ലുകള്‍ക്കിടയിലൂടെ
തിരിഞ്ഞുനടക്കുന്ന തീരാ സൗഹൃദങ്ങളുടെ
നെടുവീര്‍പ്പിനെത്ര ആയുസ്സുണ്ടാവും!?
ആകാശം മേല്‍ക്കൂരയാക്കി 'പരേതന്‍' പങ്കുവെച്ച
കിനാക്കളെ, സ്വകാര്യ നര്‍മ സല്ലാപ വേളകളെ
ഓര്‍ത്ത് ഒരിക്കലെങ്കിലും ഈറനണിയുന്നുണ്ടാവും..!?
കടലോളം വാനോളം മുഹബ്ബത്ത്
ഖല്‍ബിലുണ്ടെന്ന് കിന്നാരം പറഞ്ഞവള്‍,
ഒരുമിച്ചുണ്ടുറങ്ങിയ ഉടപ്പിറപ്പുകള്‍..
സമയ സൂചികളോടൊപ്പം നടന്നു തളര്‍ന്ന്,
ഓര്‍മകളുടെ അടരുകളില്‍നിന്ന്,
സ്മൃതിഭ്രംശത്തിലേക്ക് 'അപരനെ' കുടഞ്ഞെറിയും..!
മണ്ണോടു ചേര്‍ന്ന് ആണ്ടേക്കൊരിക്കലെങ്കിലും,
ഈദിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍,
റമദാനിന്റെ വിശുദ്ധ രാവുകളിലെ പാതിരാ ദുആകളില്‍,
തീന്മേശയില്‍ എന്റെ ഇഷ്ട രുചിക്കൂട്ട് നുണയുന്നതിനിടയില്‍,
ഞാനേറെ മൂളിയ ശ്രുതി പിഴച്ച ഈരടികള്‍
എങ്ങാനും കേട്ടെങ്കിലും,
ഒടുവിലത്തെ ഓര്‍മയുടെ കണിക അവശേഷിക്കുന്നെങ്കില്‍
ദ്രവിച്ചു തുടങ്ങിയേക്കാവുന്ന-
എന്റെ 'മണല്‍ക്കൂന'യുടെ ചാരത്തെത്തുക.
ഒരു വിതുമ്പലോടെ വീണേക്കാവുന്ന നിന്റെ കണ്ണീരിനാല്‍ -
വരണ്ട മൈലാഞ്ചിച്ചെടികളുടെ വേരുകളിലൂടെ
സുബര്‍ക്കത്തിലേക്കുള്ള എന്റെ വഴിയില്‍
നന്മയായത് പടര്‍ന്നെങ്കിലോ..
Comments