Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

പിന്നാക്കാവസ്ഥയുടെ ബീഭത്സത

ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഒരു ലേഖനം ദ ഹിന്ദു ദിനപത്രം (2018 നവംബര്‍ 6) പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജോറിയിലെ ബി.ജി.എസ്.ബി യൂനിവേഴ്‌സിറ്റി ഇക്ക്‌ണോമിക്‌സ് പ്രഫസര്‍ ഇര്‍ഫാന്‍ അഹ്മദും ജെ.എന്‍.യു സെന്റര്‍ ഫോര്‍ ലേബറില്‍ പ്രഫസറായ സന്തോഷ് മെഹ്‌റോത്രയുമാണ് അത് എഴുതിയിരിക്കുന്നത്. രണ്ടു പേരും ഇന്ത്യയിലെ വിവിധ ജനസമൂഹങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ജീവിത സാഹചര്യങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നവര്‍. ഇന്ത്യയുടേത് ലോകത്തുതന്നെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നായിട്ടും ആ വളര്‍ച്ചയുടെ നിഴലാട്ടം പോലും ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ കാണാനാവുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകളെ സംബന്ധിച്ച സൂചകങ്ങളത്രയും അവര്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ പുരോഗതിയില്‍ അവര്‍ ഇന്ത്യയിലെ സകല സമൂഹങ്ങളേക്കാളും വളരെ പിറകില്‍ നില്‍ക്കുന്നു.  നഗര പ്രദേശങ്ങളില്‍ മുസ്‌ലിം പുരുഷ ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം ആയിരത്തില്‍ പതിനഞ്ച് മാത്രമാണ്. ഹിന്ദു, ക്രൈസ്തവ, സിഖ് സമുദായങ്ങളുടേതില്‍നിന്ന് നാലിരട്ടി കുറവാണിത്. മുസ്‌ലിം സ്ത്രീകളുടെ കാര്യവും ഇതുപോലെത്തന്നെ. മുസ്‌ലിം പുരുഷ ബിരുദധാരികളാവട്ടെ ആയിരത്തില്‍ എഴുപത് മാത്രവും. മറ്റെല്ലാ സമുദായങ്ങളിലും ഇവരുടെ എണ്ണം ഇതിന്റെ ഇരട്ടിയേക്കാള്‍ കൂടുതലാണ്. സെക്കന്ററി, ഹയര്‍ സെക്കന്ററി തലങ്ങളിലെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം യഥാക്രമം ആയിരത്തില്‍ 162-ഉം 90-ഉം ആണ്. മറ്റു സമുദായങ്ങളേക്കാള്‍ വളരെ പിന്നില്‍. നിരക്ഷരരുടെ എണ്ണം മുസ്‌ലിംകളില്‍ ആയിരത്തില്‍ 190 ആയിരിക്കുമ്പോള്‍ ഹിന്ദുക്കളില്‍ അത് 84-ഉം സിഖുകാരില്‍ 79-ഉം ക്രൈസ്തവരില്‍ 57-ഉം ആണ്. പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയവര്‍ പോലും മുസ്‌ലിംകളില്‍ യഥാക്രമം ആയിരത്തില്‍ 257-ഉം 198-ഉം മാത്രമേ എത്തുന്നുള്ളൂ.

വിദ്യാഭ്യാസ മേഖലയിലെ ഭീതിദമായ ഈ പിന്നാക്കാവസ്ഥ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് അവരുടെ സാമ്പത്തിക നിലയെയാണ്. വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് തൊഴില്‍ കമ്പോളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുക. പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ടപോലെ നേടിയിട്ടില്ലാത്തവര്‍ ഭൂരിപക്ഷമായ ഒരു സമുദായത്തിന്റെ തൊഴില്‍ സാധ്യതകള്‍ എത്ര പരിതാപകരമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ അവഗണന കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ഒരു സാമുദായിക പ്രശ്‌നമല്ല, ദേശീയ പ്രശ്‌നമാണ്. ദലിത് പ്രശ്‌നം ദേശീയ പ്രശ്‌നമാവുന്നതുപോലെത്തന്നെ. ഇത്ര വലിയ ഒരു ജനസമൂഹം അധഃസ്ഥിതിയില്‍ കഴിയുമ്പോള്‍ രാജ്യത്തിന് എങ്ങനെയാണ് പുരോഗമിക്കാന്‍ കഴിയുക? അവരെയും ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന ബോധം ആദ്യം ഭരണകൂടങ്ങള്‍ക്കുണ്ടാവണം. ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആര്‍ജവം രാഷ്ടീയ കക്ഷികളും കാണിക്കണം. ഈ ബീഭത്സമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ഒരൊറ്റ മുസ്‌ലിം കൂട്ടായ്മക്കും കൃത്യമായ ധാരണകളില്ല എന്നതാണ് വസ്തുത. തമ്മില്‍തല്ലി പാഴാക്കുന്ന നേരം പിന്നാക്കാവസ്ഥയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനെങ്കിലും അവര്‍ ചെലവിട്ടിരുന്നെങ്കില്‍!

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍