Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

മനുഷ്യജീവന്‍ തുടിക്കുന്ന വാഹന വളയങ്ങള്‍

ടി.ഇ.എം റാഫി വടുതല

നാദ വിസ്മയത്തിന്റെ കുളിരലകള്‍ ഓര്‍മകളില്‍ അവശേഷിപ്പിച്ച് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിടപറഞ്ഞു. മനസ്സിന്റെ ആഴങ്ങളില്‍ സന്തോഷത്തിന്റെ മാധുര്യവും കണ്‍പോളകള്‍ക്കിടയില്‍ വിഷാദത്തിന്റെ കണ്ണീരും സൃഷ്ടിക്കാന്‍ വയലിന്റെ തന്ത്രികള്‍ക്കു സാധിക്കുമെന്ന് തെളിയിച്ച സംഗീത പ്രതിഭ. സ്വരരാഗ മധുരിമ ഗീതം മനോമുകുരങ്ങളില്‍ വറ്റാതെ നിര്‍ഗളിക്കുമായിരിക്കാം. പക്ഷേ, ഒരു കലാകാരന്റെ പ്രതിഭാധന്യതയെ കാലം ഇനി ഒരിക്കലും തിരികെ തരില്ലല്ലോ. അപകടം അനാഥമാക്കിയത് ഒരു കുടുംബത്തെ മാത്രമല്ല, വയലിന്‍ കൊണ്ട് ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തിയ അസംഖ്യം കലാസ്വാദകരെ കൂടിയാണ്.

ബോധത്തിന്റെയും അബോധത്തിന്റെയും ഇഴകള്‍ക്കിടയില്‍ ശോകരാഗം തീര്‍ത്തുകൊണ്ടാണ് ആ പ്രതിഭ വിടപറഞ്ഞത്. പ്രണയം പൂത്ത ദാമ്പത്യത്തിന്റെ പൂമൊട്ടുകള്‍ക്കിടയില്‍ പനിനീര്‍പൂവിന്റെ പിറവിയും പ്രതീക്ഷിച്ച് ആ ദാമ്പത്യം കാലമേറെ കാത്തിരുന്നു. പ്രതീക്ഷയുടെ സ്വപ്‌ന ലോകത്ത് തേജസ്വിനി എന്ന പൊന്നുമോള്‍ പിറന്നു. 'ജാനി' എന്ന് ഓമനിച്ചു വിളിച്ചിരുന്ന തേജസ്വിനി അഛന് മുമ്പുതന്നെ ലോകത്തോട് വിടപറഞ്ഞു. ആറ്റുനോറ്റുണ്ടായ ഏക മകളുമൊത്ത് സ്‌നേഹവാത്സല്യത്തില്‍ സുന്ദര ജീവിതം അനുഭവിച്ച് തീരുംമുമ്പെ അഛനെ കാത്തുനില്‍ക്കാതെ ആദ്യം മോളും അധികം വൈകാതെ ആ അഛനും യാത്രയായി. ജീവിതത്തിലേക്ക് തിരിച്ചുവന്നത് ബാലുവിന്റെ ഭാര്യ ലക്ഷ്മി മാത്രം. സ്‌നേഹരാഗം പാടിത്തീരാത്ത പിതാവിനെയും താളസാന്ത്വനം നുകര്‍ന്നുതീരാത്ത പൊന്നുമോളെയും യാത്രയാക്കിയതോ, സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ ഒരു വാഹനാപകടം. പ്രതീക്ഷകളുടെ ഒരായിരം നക്ഷത്രക്കൂട്ടങ്ങളാണല്ലോ ആ അപകടത്തില്‍ വെണ്ണീരായത്. സജീവ ശ്രദ്ധയുടെ കൈവെള്ളകളിലൊതുക്കി നിര്‍ത്തേണ്ട വാഹന വളയം അശ്രദ്ധയുടെ അശുഭ വേളകളില്‍ കൈവിട്ടു പോകുമ്പോള്‍ ഒരുപാട് കണ്ണീര്‍പാടങ്ങള്‍ നീന്തിക്കടക്കേണ്ടി വരുന്നു എന്ന വലിയ പാഠം നാം പലപ്പോഴും മറന്നുപോകുന്നു.

പ്രപഞ്ച നാഥന്‍ മനുഷ്യനു നല്‍കിയ വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് വാഹനം. കരയിലും കടലിലും ആകാശത്തും ഒരേപോലെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം മനുഷ്യന്‍ തന്റെ ബുദ്ധിവൈഭവത്തിലൂടെ കണ്ടെത്തി. രാജ്യാന്തരങ്ങളില്‍ താണ്ടുന്ന ദേശാടന പക്ഷികള്‍ക്കും ഭൂഖണ്ഡങ്ങള്‍ നീന്തിക്കടക്കുന്ന മത്സ്യങ്ങള്‍ക്കും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മൃഗങ്ങള്‍ക്കും വാഹനങ്ങളില്ല. പക്ഷേ, മനുഷ്യന്‍ ആകാശത്ത് പക്ഷിയെപോലെ പറക്കും, വെള്ളത്തില്‍ മത്സ്യത്തെപോലെ ഊളിയിടും, കരയില്‍ നിമിഷം നേരംകൊണ്ട് ദൂരങ്ങള്‍ താണ്ടിക്കടക്കും. വാഹനങ്ങളുടെ വൈവിധ്യങ്ങളില്‍ പ്രപഞ്ചനാഥന്റെ അനുഗ്രഹ വൈവിധ്യവും വിസ്മയം തന്നെ.

''ഉറപ്പായും നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (ഇസ്രാഅ്: 70).

വാഹനം ആര്‍ഭാടമല്ല. മനുഷ്യ ജീവിതത്തിന്റെ അത്യാവശ്യമാണ്. വാഹനം ഏതു വിലനിലവാരത്തിലുള്ളതാകണമെന്ന് ഓരോരുത്തരുടെയും വരുമാനമാണ് തീരുമാനിക്കേണ്ടത്. അയല്‍പക്കത്തെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ വാങ്ങിച്ചിട്ടിരിക്കുന്ന ആര്‍ഭാട വാഹനം മോഹിച്ച് പലിശ എന്ന മഹാപാപത്തിലകപ്പെട്ട് മുന്തിയ വാഹനം തന്നെ വാങ്ങിക്കണമെന്നില്ല. തന്റെയും കുടുംബത്തിന്റെയും ആത്മീയവും ഭൗതികവുമായ മൈലേജിന് അതാണ് ഏറ്റവും ഉത്തമം. 

നബി (സ) സൗഭാഗ്യ ജീവിതത്തിന്റെ നാലു ഘടകങ്ങളില്‍ വാഹനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഅ്ദുബ്‌നു അബീ വഖാസ് (റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: ''നാലു കാര്യങ്ങള്‍ ജീവിത സൗഭാഗ്യമാണ്. സച്ചരിതയായ ഭാര്യ, സൗകര്യപ്രദമായ ഭവനം, ഉത്തമനായ അയല്‍വാസി, സംതൃപ്തി നല്‍കുന്ന വാഹനം. നാലു കാര്യങ്ങള്‍ ജീവിതത്തില്‍ ദൗര്‍ഭാഗ്യവുമാണ്: ദുഃസ്വഭാവിയായ ഭാര്യ, കുടുസ്സായ ഭവനം, മോശം അയല്‍വാസി, സഞ്ചാരയോഗ്യമല്ലാത്ത വാഹനം'' (അല്‍ബാനി, സില്‍സിലതുസ്സ്വഹീഹ 282).

ഭൗതിക വിഭവങ്ങള്‍ ആര്‍ജിക്കാനും ആസ്വദിക്കാനുമുള്ള ആധുനിക മനുഷ്യന്റെ കിടമത്സര മനോഭാവം വാഹന വിനിമയ മേഖലകളെയും പിടികൂടിയിട്ടുണ്ട്. വാഹനം ആവശ്യമെന്നതിലുപരി ഒരു കമ്പമായി മാറിയ കാലഘട്ടം. വാഹനം വാങ്ങിക്കുന്നതില്‍ മാത്രമല്ല അതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നേടുന്നതില്‍ വരെ ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ചവും കടന്നുവരുന്നു. ഫാന്‍സി നമ്പര്‍ കിട്ടാന്‍ ലക്ഷങ്ങള്‍ തുലക്കുന്നു ചിലര്‍. വിശ്വാസം തലക്കുപിടിച്ച ചില ബാഹ്യപ്രകടന ഭക്തന്മാര്‍ ആറായിരത്തി അറുനൂറ്റി അറുപത്തി ആറിനും എഴുന്നൂറ്റി എണ്‍പത്തി ആറിനും മുന്നൂറ്റി പതിമൂന്നിനും വേണ്ടി ലക്ഷങ്ങളാണ് ലേലത്തില്‍ മുടക്കുന്നത്.

വെള്ളം സുലഭമായ സമുദ്രത്തില്‍നിന്നുപോലും അംഗശുദ്ധി വരുത്തുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ഉദ്‌ബോധിപ്പിക്കപ്പെട്ട ഉത്തമ സമുദായമാണല്ലോ ഉമ്മത്തു മുസ്‌ലിമ. പക്ഷേ, ദുര്‍ലഭമായി മാത്രം ലഭിക്കുകയും ഇന്ധനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയും പെട്രോള്‍-ഡീസല്‍ വില ദിനേന വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അനാവശ്യമായി നാം കത്തിച്ചുകളയുന്ന ഇന്ധനത്തെ സംബന്ധിച്ച് ഒരു ആത്മീയവിചാരം നമുക്ക് നല്ലതാണ്. ഒപ്പം ഒരു ഖുര്‍ആനിക വിചാരവും; ''നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും'' (അല്‍ ഇസ്രാഅ് 27).

പൊതു നിരത്തുകളില്‍ വാഹനപ്പെരുപ്പം ഒരു ഗതാഗത പ്രതിസന്ധി തന്നെയാണ്. വികസിക്കാത്ത പാതകളും വര്‍ധിച്ചുവരുന്ന വാഹനങ്ങളും ജനജീവിതത്തെ ശ്വാസം മുട്ടിക്കുന്നു. അനാവശ്യമായി പൊതു നിരത്തില്‍ വാഹനമിറക്കി തിരക്കു സൃഷ്ടിക്കുന്നവര്‍ അത്യാവശ്യക്കാരന്റെ യാത്രക്കു മുന്നില്‍ തടസ്സം സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? അതുവഴി പൊലിഞ്ഞു പോകുന്നത് നിരവധി പേരുടെ ജീവിത ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമാണ്. ആശുപത്രി ലക്ഷ്യം വെച്ചു പായുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന ആംബുലന്‍സിനുള്ളില്‍ കിടക്കുന്ന രോഗിയുടെ മനോനില ഒന്നു ചിന്തിച്ചു നോക്കുക.

കേരളീയ സമൂഹത്തില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്ന് സ്വയം അഭിമാനിക്കുന്നവര്‍. ദൈവത്തെ പ്രാര്‍ഥിച്ചും പ്രകീര്‍ത്തിച്ചും വാഹനത്തില്‍ കയറി അതിന്റെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ നമ്മുടെ വിശ്വാസവും ഭക്തിയും വിസ്മരിച്ചുപോകുന്നുവോ? ഒന്നിനെയും കൊല്ലരുതേ എന്ന് പഠിപ്പിക്കുന്ന രാമായണത്തിന്റെയും ഖുര്‍ആനിന്റെയും ബൈബിളിന്റെയും കീര്‍ത്തനങ്ങളും ഉദ്‌ബോധനങ്ങളും പ്രഘോഷണങ്ങളും നിത്യവും ഉയര്‍ന്നുകേള്‍ക്കുന്ന നാട്ടില്‍ വാഹനാപകടങ്ങളിലൂടെ നടുറോഡില്‍ കൊല്ലപ്പെടുന്ന മനുഷ്യര്‍ എത്രയാണ്!

2017-ല്‍ കേരളത്തിലുണ്ടായ കാര്‍, ജീപ്പ് അപകടങ്ങള്‍ മാത്രം ഏകദേശം 12913 ആണ്. ആയിരത്തോളം മനുഷ്യജീവനുകള്‍ പൊലിഞ്ഞു. പതിമൂവായിരത്തോളം ആളുകള്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. ഒരു നിമിഷത്തെ അശ്രദ്ധ മൂലം മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട ഈ പരേതാത്മാക്കളോട് നാം എന്ത് ഉത്തരം പറയും? പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്ന കുരുന്നുമക്കളുടെ മുന്നില്‍ ചിന്നിച്ചിതറി തുന്നിക്കൂട്ടിയ മാതാപിതാക്കളുടെ ഭൗതിക ശരീരം അന്ത്യോപചാരത്തിന് സമര്‍പ്പിക്കുമ്പോള്‍ ആ അനാഥ മക്കളുടെ കണ്ണീര്‍ എങ്ങനെയാണ് ഒപ്പാന്‍ കഴിയുക? ജീവിത പങ്കാളിയെ കാത്തിരിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കു മുന്നില്‍ കൊണ്ടുവന്നുവെക്കുന്ന ഇണയുടെ ശരീരത്തില്‍ വീഴുന്ന കണ്ണീര്‍ചാലുകളില്‍ ദുഃഖം എത്ര ആഴത്തിലാണ് ഖനീഭവിച്ചു കിടക്കുന്നത്! എല്ലാം ഒരു അശ്രദ്ധ, അല്ലെങ്കില്‍ അമിതാവേശം, ഇനിയും ചിലര്‍ക്ക് രക്തത്തിളപ്പിന്റെ അതിസാഹസികത. മനുഷ്യജീവന്‍ കൊണ്ടല്ലോ ഇവര്‍ അഭ്യാസം കളിക്കുന്നത്? അതിവേഗത പൈശാചികതയാണ് എന്ന് മൊഴിഞ്ഞത് തിരുനബിയാണ്. 'അതിവേഗം ബഹുദൂരം' എന്ന പ്രയോഗം കേള്‍ക്കാന്‍ ഇമ്പമുണ്ടാകാം. പക്ഷേ, പൊതുനിരത്തില്‍ അതൊട്ടും അഭികാമ്യമല്ല. ഇനിയും ചിലരുടെ ധാരണ അപകടം സംഭവിച്ചാലെന്ത്, ഇന്‍ഷുറന്‍സ് ഉണ്ടല്ലോ എന്നാണ്. കാലങ്ങളോളം കോടതി കയറി മനസ്സും ശരീരവും സ്വപ്‌നങ്ങളും ഉരുകി സങ്കടക്കടലില്‍ നീന്തിക്കയറി കിട്ടുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് അനാഥമക്കള്‍ക്ക് അഛനെ കൊടുക്കാനാകുമോ? ഹതഭാഗ്യരായ അഛനമ്മമാര്‍ക്ക് മക്കളെ തിരികെ നല്‍കാന്‍ കഴിയുമോ? ജീവനു തുല്യം സ്‌നേഹിച്ച ജീവിത പങ്കാളിക്ക് ആ ഭാര്യയെയും ഭര്‍ത്താവിനെയും മടക്കിക്കൊടുക്കാന്‍ കഴിയുമോ?

നടുറോഡില്‍ ജീവിതം പൊലിയുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടി ആളുകളാണ് പരിക്കുപറ്റി വേദനയുടെ ലോകത്ത് ശയ്യാവലംബം മാത്രമായി കിടക്കുന്നത്. ആതുരാലയങ്ങളുടെയും വീടകങ്ങളുടെയും ഉള്ളറകളില്‍ ഊന്നുവടിയിലും വീല്‍ ചെയറിലും ജീവിതം തള്ളിനീക്കുന്ന ആ പച്ച മനുഷ്യരുടെ മനസ്സിലും ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നില്ലേ? ആരാണ് ആ നിറമുള്ള സ്വപ്‌നങ്ങള്‍ക്കു മുകളില്‍ വാഹനം കയറ്റിയത്? എന്റെ വാഹനത്തെ ആരും മറികടക്കരുതെന്ന വാശി, മറികടന്നവനെ ഞാന്‍ അതിവേഗം പിന്നിലാക്കുമെന്ന അഹങ്കാരം. എവിടെയോ വായിച്ചതോര്‍ക്കുന്നു: 'എനിക്ക് മറികടക്കാന്‍ ആവേശമില്ലാഞ്ഞിട്ടല്ല, എന്നെ പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നതുകൊണ്ടാണ്.' സ്വന്തം ജീവിതത്തിന്റെ ഭാഗധേയത്വത്തെ സംബന്ധിച്ച് ഈ ബോധമുണ്ടാകണം. അപരന്റെ ജീവന്റെ വില മനസ്സിലാകാന്‍ വേദപാഠം പ്രചോദനമാകണം: ''ആരെങ്കിലും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെ പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെ പോലെയും'' (അല്‍ മാഇദ 32).

വാഹനം നിയന്ത്രിക്കുന്ന ഓരോ ഡ്രൈവര്‍മാരും മനസ്സിലാക്കണം, എന്റെ കൈവെള്ളകള്‍ക്കുള്ളില്‍ നിര്‍ജീവമായ സ്റ്റിയറിംഗ് മാത്രമല്ല, മറിച്ച് ഒരുപാട് മനുഷ്യരുടെ ജീവനും സ്വപ്‌നങ്ങളും കൂടിയുണ്ട്. ഒപ്പം ഓര്‍ക്കണം, ഈ വാഹനത്തിനു ശേഷവും മറ്റൊരു അന്ത്യയാത്രക്ക് വാഹനത്തില്‍ കയറി നാഥന്റെ മുന്നില്‍ ചെന്ന് ഉത്തരം പറയേണ്ടി വരുമെന്ന്. വാഹനത്തില്‍ കയറുമ്പോഴുള്ള ഖുര്‍ആനിന്റെ പ്രാര്‍ഥനാ മന്ത്രം എത്ര ചിന്തോദ്ദീപകം! ''ഞങ്ങള്‍ക്കീ വാഹനം അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍. നമുക്ക് സ്വയമവയെ കീഴ്‌പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് തിരിച്ചു ചെല്ലേണ്ടവരാണ്'' (അസ്സുഖ്‌റുഫ് 14).

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍