ഭാഷ എന്ന രാഷ്ട്രീയ തന്ത്രം
ഒരാള്‍ക്ക് മറ്റൊരാളെ ഭാഷയിലൂടെ എന്തെങ്കിലും ഗ്രഹിപ്പിക്കാനാവുമോ?
വ്യക്തികള്‍ പരസ്പരം പങ്കിടുന്ന സാമാന്യബോധത്തിലൂടെയാണ് ഭാഷക്ക് അര്‍ഥമുണ്ടായിവരുന്നത് എന്നാണ് പറയാറ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഭാഷയിലൂടെയാണ് പൊതുബോധം പ്രവര്‍ത്തനക്ഷമമാകുന്നത് എന്നര്‍ഥം. നാം നിത്യേന അനുഭവിച്ചുപോരുന്ന ഭാഷ നമ്മളോട് ചെയ്യുന്നതെന്താണെന്ന ആലോചന ഇവിടെ പ്രസക്തമായിത്തീരുന്നു.
സര്‍വര്‍ക്കും സ്വീകാര്യമായ ഭാഷക്കു പിറകില്‍ ഒളിച്ചിരിക്കുന്നത് അധീശവിഭാഗത്തിന്റെ പ്രത്യയശാസ്ത്രമാണെന്നത് നമുക്കിന്ന് ഏറക്കുറെ തിരിച്ചറിയാനായിട്ടുണ്ട്. ഉദാഹരണത്തിന് മേത്തന്‍, ചെറ്റ, പുലയന്‍, ആണും പെണ്ണും കെട്ടവന്‍ തുടങ്ങിയവ മലയാളികള്‍ക്ക് തെറിവാക്കുകളായി മാറിയത് എങ്ങനെയായിരിക്കും എന്നാലോചിച്ചാല്‍ മതി. കാക്ക കുളിച്ചാല്‍ കൊക്കാകുമോ, ജാത്യാലുള്ളത് തൂത്താല്‍ പോകുമോ തുടങ്ങിയ ശൈലികള്‍ രൂപം കൊണ്ടത് എന്തിനുവേണ്ടിയാണ്? നമ്മുടെ നിത്യവ്യവഹാരത്തിലെ ഭാഷ ചില മനുഷ്യര്‍ക്ക് മേലുള്ള ആക്രമണമായിത്തീരുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ ആലോചിക്കുമ്പോഴാണ് ആരുടേതാണീ ഭാഷ എന്ന ചോദ്യത്തിലേക്ക് നാം എത്തിച്ചേരുക. സമൂഹത്തില്‍ ആധിപത്യമുള്ളവര്‍ ചേര്‍ന്നാണ് പൊതുബോധത്തിനു വേണ്ടുന്ന ഭാഷ രൂപീകരിക്കുന്നത്. ഒരു പ്രത്യേക ഭാഷണസമൂഹം ഒരു പ്രത്യേക കാലഘട്ടത്തില്‍ നിശ്ചയിക്കുന്നതാണ് വാക്കുകളുടെ അര്‍ഥമെന്ന് ഘടനാവാദ ഭാഷാസിദ്ധാന്തവുമുണ്ട്.
നാം ഉപയോഗിക്കുന്ന വാക്കുകള്‍ കേവലം വാക്കുകളായല്ല സ്വീകരിക്കപ്പെടുന്നത്. ഓരോ വാക്കിനെച്ചുറ്റിയും ഓരോ ആശയപ്രപഞ്ചം നിലനില്‍ക്കുന്നുണ്ട്. ഭാഷക്ക് സ്വതവേയുള്ള ഈ അധീശശേഷിയില്‍ സാമൂഹികാധികാരമുള്ള വിഭാഗങ്ങള്‍ സുരക്ഷിതരായിരിക്കും. പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തങ്ങളുടേതായ അനുഭവങ്ങളെയും ആശയങ്ങളെയും അതേ തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ നിലവിലുള്ള അധീശഭാഷ അപര്യാപ്തമാണ്. ഭാഷ നഷ്ടപ്പെട്ട ജനതയെപ്പോലെയാണ് അവരുടെ നില. അത്തരം വിഭാഗങ്ങള്‍ക്ക് ഭാഷയുടെ ഹിംസാത്മകമായ പൊതുധാരണകളെ പൊളിച്ചെഴുതാതെ തങ്ങളുടെ ആശയങ്ങള്‍ സമൂഹത്തില്‍ വിനിമയം ചെയ്യുക സാധ്യമല്ല. മുസ്‌ലിംകളുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെ വളരെപ്പെട്ടെന്ന് പിശാചുവല്‍ക്കരിക്കാന്‍ സെക്യുലര്‍ പൊതുമണ്ഡലത്തിന് സാധിക്കുന്നത് ഭാഷയുടെ ഈ അധീശത്വം കാരണമായാണ്. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിംകള്‍ മതമൗലികവാദി, തീവ്രവാദി, ദീകരവാദി, മതരാഷ്ട്രവാദി എന്നിങ്ങനെ എളുപ്പത്തില്‍ മുദ്രകുത്തപ്പെടുന്നതിനും ഇതു തന്നെയാണ് കാരണം. അധീശഭാഷയില്‍ ആപാദചൂഢം മുങ്ങിയ കീഴാള-മുസ്‌ലിം സമൂഹങ്ങളും തങ്ങളെ പരസ്പരം വിശേഷിപ്പിക്കാന്‍ ലിബറല്‍ സവര്‍ണപൊതുബോധം നിര്‍മിച്ചുതന്ന ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വൈരുധ്യം. ഭാഷയുടെ അധീശസ്വഭാവത്തെ വൈജ്ഞാനികമായി ചെറുക്കുന്ന പുതിയൊരു രീതിശാസ്ത്രം വികസിപ്പിച്ചുകൊണ്ടു മാത്രമേ അടിത്തട്ടിലെ മനുഷ്യര്‍ക്ക് അതിജീവനത്തിന്റേതായ രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ സാധിക്കൂ. ഇസ്‌ലാമികമായ ആശയ പരിസരത്തു നിന്നുകൊണ്ട് ഇത്തരത്തിലൊരു പുനരാലോചന സാധ്യമാണോ എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.
പൊതുബോധത്തിന്റെ ഭാഷയെ ഇസ്‌ലാം കാണുന്നതെങ്ങനെ?
നിലനില്‍ക്കുന്ന ഭാഷ മറ്റൊരു വിഭാഗത്തിനു മേലുള്ള ആക്രമണമായിത്തീരുന്നുവെങ്കില്‍ ആ ഭാഷയെ നിരാകരിക്കേണ്ടതുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പൊതുബോധത്തിനനുസരിച്ചുള്ള ഒഴുക്കും അത്തരം പ്രയോഗങ്ങളും വിശ്വാസികളില്‍ ഉണ്ടാകരുതെന്ന് ഒരു നബിവചനത്തിലുണ്ട്. ''ജനങ്ങള്‍ നന്മ ചെയ്യുന്നവരായാല്‍ ഞങ്ങളും നന്മ ചെയ്യും, ജനങ്ങള്‍ അക്രമം കാണിക്കുന്നവരായാല്‍ ഞങ്ങളും അക്രമം കാണിക്കും എന്നു പറഞ്ഞ്, (ജനങ്ങളുടെ ) കൂടെക്കൂടികളായി നിങ്ങള്‍ മാറരുത്. എന്നാല്‍, ഒരു കാര്യം നീ സ്വയം ഉറപ്പിച്ചോളൂ. ജനങ്ങള്‍ നന്മ ചെയ്താല്‍ നീ നന്മ ചെയ്യുക. അവര്‍ ചീത്ത ചെയ്താല്‍ നീ അക്രമം ചെയ്യാതിരിക്കുക'' (തിര്‍മിദി).
ഇവിടെ 'ജനങ്ങള്‍ നിനക്ക് നന്മ ചെയ്താല്‍ അവരോട് നന്മ ചെയ്യുക, ജനങ്ങള്‍ നിനക്ക് തിന്മ ചെയ്താലും അവരോട് നന്മ ചെയ്യുക' എന്ന അര്‍ഥത്തിലല്ല ഈ വാക്യങ്ങളെ പൂര്‍വപണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. കൂടെക്കൂടല്‍ എന്ന അര്‍ഥത്തില്‍ ഇവിടെ ഉപയോഗിച്ച 'ഇമ്മഅന്‍' എന്ന വാക്കിന് വിപുലമായ ധ്വനികളുണ്ട്. ഒരു വിഷയത്തില്‍ ഭൂരിപക്ഷം ജനങ്ങളും (പൊതുബോധം) പറയുന്നതെന്തോ അത് ശരി എന്ന നിലപാടെടുത്ത് അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പൊതുപ്രവണതയാണ് ഇമ്മഅന്‍. നീതിക്കു വിരുദ്ധമായാണ് പൊതുബോധം പ്രവര്‍ത്തിക്കുന്നതെങ്കിലും അതിനെ പിന്തുണക്കുന്ന നിലപാടുകള്‍ നമുക്ക് കാണാം. ഒരു വിഷയത്തില്‍ ഇസ്‌ലാമിന്റെ വീക്ഷണം നോക്കിയിട്ടാണ് നിലപാടെടുക്കേണ്ടത് എന്നാണ് പ്രവാചകാധ്യാപനം.
വൈജ്ഞാനികമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മുസ്‌ലിം സംഘടനകളെ അത്തരത്തില്‍ നേരിടാന്‍ ശേഷിയില്ലാത്തതുകൊണ്ടാവാം തീവ്രവാദത്തിന്റെ 'മാസ്റ്റര്‍ ബ്രെയ്ന്‍', 'മതരാഷ്ട്രവാദികള്‍' എന്നെല്ലാം വിശേഷിപ്പിക്കാന്‍ സെക്യുലര്‍ പൊതുബോധം താല്‍പര്യപ്പെടുന്നത്. നമ്മുടെ സവര്‍ണ സാമൂഹികഘടനയില്‍ അതിന് എളുപ്പത്തില്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. മറ്റു മുസ്‌ലിം സംഘടനകളും ഇതേ സെക്യുലര്‍ ഭാഷയില്‍ ഈ പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കുന്നു. സമുദായ രാഷ്ട്രീയ സംഘടനയെ 'സാമുദായികവാദികള്‍' എന്ന് അസ്വബിയ്യത്തിന് തുല്യമായ ശകാരവാക്കായി മുസ്‌ലിം സംഘടനകളില്‍ ചിലര്‍ വിളിക്കുന്നു. അതുപോലെത്തന്നെ മതയാഥാസ്ഥിതികര്‍, മതക്കച്ചവടക്കാര്‍, ഭീകരവാദികള്‍, തീവ്രവാദികള്‍ എന്നീ സവര്‍ണ -ലിബറല്‍ ശകാരങ്ങളെല്ലാം അതേ മട്ടില്‍ പരസ്പരം ഉപയോഗിക്കുന്നു.
ഇടത് സവര്‍ണ പൊതുബോധവും സംഘ്പരിവാറും ഏതെങ്കിലും മുസ്‌ലിം സംഘടനയെ വേട്ടയാടുമ്പോള്‍ കൂടെച്ചേര്‍ന്ന് മറ്റു മുസ്‌ലിം സംഘടനകളും അവരെ വേട്ടയാടി തങ്ങളുടെ 'മതേതരത്വം' തെളിയിക്കുകയാണ്. കേരളത്തിലെ മുസ്‌ലിംകളിലെ തൊണ്ണൂറു ശതമാനവും ഏതെങ്കിലും മുസ്‌ലിംസംഘടനയുമായോ അവരുടെ മഹല്ല് സംവിധാനവുമായോ ബന്ധപ്പെടുന്നവരായതുകൊണ്ട് ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ മുസ്‌ലിം ബഹുജനങ്ങളുടെ നിത്യജീവിതത്തെത്തന്നെ സംഘര്‍ഷഭരിതമാക്കുന്നു.
ഏതു സന്ദര്‍ഭത്തില്‍ ഏതിനെ ചര്‍ച്ചയാക്കണമെന്ന് 'മതേതര പൊതുബോധം' തീരുമാനിക്കുന്നതാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഇതര മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ സഹോദര പ്രസ്ഥാനങ്ങളെ തള്ളിപ്പറയുമെന്നും അല്ലെങ്കില്‍ അവരുടെ മതേതര അവകാശവാദങ്ങളെക്കൂടി എളുപ്പത്തില്‍ തങ്ങള്‍ക്ക് റദ്ദു ചെയ്യാമെന്നുമുള്ള ആത്മവിശ്വാസം (ഹിന്ദുത്വ) സെക്യുലറുകള്‍ക്കുണ്ട്. അതിനാല്‍ പരസ്പരം വിളിക്കേണ്ട ഭാഷയെക്കുറിച്ച് മേല്‍ സൂചിപ്പിച്ച പ്രവാചകാധ്യാപനത്തെ മുന്‍നിര്‍ത്തിയുള്ള പുനരാലോചനകളെങ്കിലും മുസ്‌ലിം സംഘടനകള്‍ നടത്തേണ്ടതുണ്ട്.
അസ്വബിയ്യത്തും വംശീയതയും
അസ്വബിയ്യത്ത് എന്നതിന് സ്വജനപക്ഷപാതം, വംശീയത, വര്‍ഗീയത, സാമുദായികത എന്നിങ്ങനെയുള്ള വാക്കുകള്‍ പലരും പര്യായങ്ങളെപ്പോലെ വ്യവഹരിക്കാറുണ്ട്. എന്നിട്ട് (ഈ മലയാള വാക്കുകളുടെ വര്‍ത്തമാനകാല വിവക്ഷകളെ ഉപയോഗപ്പെടുത്തി) ഇന്ന് ആരിലൊക്കെയാണോ നമ്മുടെ പൊതുബോധം ഇവയൊക്കെ ആരോപിക്കുന്നത് അവരെയെല്ലാം അസ്വബിയ്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
ഇസ്‌ലാം എതിര്‍ത്തുപോന്നിട്ടുള്ള ജാഹിലിയ്യാ കാലത്തെ ഗോത്രപക്ഷപാതിത്വവും അത്തരത്തില്‍ അപരവിദ്വേഷത്താല്‍ രൂപപ്പെട്ട വംശീയപ്രവണതകളുമാണ് യഥാര്‍ഥത്തില്‍ അസ്വബിയ്യത്ത്. സംഘബോധമെന്നോ വര്‍ഗബോധമെന്നോ വിളിക്കാവുന്ന പദമാണ് 'ഉസ്വ്ബത്ത്'. അസ്വബിയ്യത്ത് എന്നത് സാങ്കേതികപദമായി വികസിക്കുമ്പോള്‍ മാത്രമേ അത് വംശീയതയുടെ മാനങ്ങളിലേക്ക് മാറുന്നുള്ളൂ. ഉസ്വ്ബത്ത് എന്ന ആശയത്തെ സമൂഹനിര്‍മിതിയുടെ അടിസ്ഥാനമായാണ് ഇബ്‌നു ഖല്‍ദൂന്‍ കാണുന്നത്. ''സമൂഹഘടനക്ക് ആവശ്യം വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്. ഇത് ഒരു സമൂഹത്തില്‍ പ്രകടമാവുമ്പോള്‍ അതിനെ 'സംഘബോധം' എന്ന് വിളിക്കാം. കുടുംബം, ഗോത്രം, ഭാഷ, ദേശം, മതം എന്നിങ്ങനെയുള്ള അടിസ്ഥാനങ്ങളില്‍ സംഘബോധം രൂപപ്പെടാം. ഏതൊരാശയത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തി സമൂഹഘടനയില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നുവോ, ആ ആശയത്തിനുവേണ്ടി അവന്‍ നിലകൊള്ളുന്നു1''. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റേയും വളര്‍ച്ചക്ക് അനിവാര്യമായ ഒന്നായി അദ്ദേഹം അത് തുടര്‍ന്ന് വിശദീകരിക്കുന്നു. സൂറത്തു യൂസുഫിലെ 14-ാം സൂക്തത്തില്‍ 'ഞങ്ങള്‍ സംഘബോധമുള്ളവരായിരിക്കെ യൂസുഫ് നബിയെ ചെന്നായ തിന്നാല്‍ ഞങ്ങള്‍ നഷ്ടത്തിലായിരിക്കും.' എന്നു സഹോദരങ്ങള്‍ പിതാവിനോട് പറയുന്നുണ്ടല്ലോ. ഇവിടെയെല്ലാം 'ഉസ്വ്ബത്ത്' നിര്‍മാണാത്മക സ്വഭാവത്തിലാണ് പ്രയോഗിച്ചിട്ടുള്ളത് എന്ന് കാണാം.
ഇന്ത്യന്‍ സമൂഹത്തെ ആധുനികബോധ്യങ്ങളോടെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ 'സമുദായങ്ങളെ മുന്‍നിര്‍ത്തി വികസിച്ച രാഷ്ട്രീയ'ത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്ട്രീയാധികാരത്തിലും ജനസംഖ്യാനുപാതിക പങ്കാളിത്തം എല്ലാ സാമൂഹികവിഭാഗങ്ങള്‍ക്കും ലഭ്യമാകേണ്ടത് ജനാധിപത്യപ്രക്രിയ നീതിയുക്തമാകാന്‍ അനിവാര്യമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയമായി സംഘടിക്കുക എന്നത് മറ്റു വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയായല്ല വ്യാഖ്യാനിക്കേണ്ടത്. സവര്‍ണാധികാരം ആഴത്തില്‍ വേരൂന്നിയ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയില്‍ ദലിത് - ആദിവാസി- മതന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായാണ് ഈ 'സമുദായരാഷ്ട്രീയ'ത്തെ കാണേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ അവഗണനയോടെ കാണുന്നതിനാല്‍ വിശേഷിച്ചും ഇത് പ്രധാനമാണ്. മുസ്‌ലിംകളുടേതടക്കമുള്ള സാമുദായിക സംഘാടനങ്ങളെ 'അസ്വബിയ്യത്താ'യി വ്യവഹരിക്കുമ്പോള്‍ ഇസ്‌ലാമിന്റെ നീതിബോധത്തിനു വിരുദ്ധമായ വ്യാഖ്യാനമായി അത് മാറുന്നു എന്ന് ചുരുക്കം.
സ്റ്റേറ്റ് -ദേശസ്‌നേഹം, ദേശീയത
ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന ഒരു മൊഴി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഈ വാക്യത്തെക്കുറിച്ച് ഒന്നാലോചിക്കാം. ദേശം എന്ന സങ്കല്‍പം ഉണ്ടാവുന്നതിന്റെ 13 നൂറ്റാണ്ടെങ്കിലും മുമ്പുണ്ടായ ഈ മൊഴി 19-ാം നൂറ്റാണ്ടിലുണ്ടായ 'ദേശസ്‌നേഹം' എന്ന സാങ്കേതികപദത്തോട് ചേര്‍ത്തുകെട്ടുന്നത് യുക്തിപരമായിരിക്കില്ല. വത്വന്‍ (പ്രദേശം) എന്ന പദത്തില്‍നിന്ന് രൂപപ്പെടുത്തിയ വത്വനിയ്യത്ത് (ദേശീയത) എന്ന പരികല്‍പന അറബ് ലോകത്തും പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ദേശാതിര്‍ത്തികളാല്‍ ബന്ധിതമായ ഒരു ലോകബോധമല്ല, മറിച്ച് അതിരുകളില്ലാത്ത വിശ്വമാനവികതയുടെ തലമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ജീവിക്കുന്ന പ്രദേശത്തോടുള്ള വൈകാരികബന്ധം മനുഷ്യസഹജമായി ഉണ്ടാവും എന്നത് ശരിയാണ്. ആ അളവില്‍ അത് ആവശ്യവുമാണ്. എന്നല്ലാതെ അത് 'സങ്കുചിത ദേശീയത'യായി വികസിക്കുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഒരു രാഷ്ട്രത്തില്‍ ജീവിക്കുന്ന പൗരന്‍ ആ രാഷ്ട്രത്തിന്റെ ഭരണഘടനക്കു വിധേയമായി എല്ലാവരെയും തുല്യരായി അംഗീകരിച്ച് സഹവസിക്കേണ്ടത് ജനാധിപത്യാവബോധത്തിന്റെ ഭാഗമാണ്. അതിനപ്പുറം, ദേശീയതകള്‍ ചെയ്തുപോരുന്ന ശത്രുവിനെ സൃഷ്ടിക്കലും 'അപര'രെ പിശാചുവല്‍ക്കരിക്കലും കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തുടച്ചുനീക്കലുമെല്ലാം മാനുഷികമൂല്യങ്ങളെയൊന്നാകെ വെല്ലുവിളിക്കുന്നവയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ആധുനിക ദേശരാഷ്ട്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സങ്കുചിത ദേശീയതയും ദേശസ്‌നേഹവും വളരെ ഗുണപരമാണെന്ന രീതിയില്‍, വിശ്വാസത്തിന്റെ ഭാഗമായി എഴുന്നള്ളിക്കുന്നത് ശരിയല്ല. ഒരു അപരനെ മുന്‍നിര്‍ത്തി വികസിച്ച ദേശീയതയുടെ ചരിത്രത്തെ നാം വിശകലനം ചെയ്യേണ്ടതുണ്ട്. ഓരോ ദേശരാഷ്ട്രവും സൗകര്യാര്‍ഥം ഓരോ തരം ശത്രുവിനെ നിര്‍മിക്കുകയും ആ അപരനോടുള്ള ഭീതി വളര്‍ത്തി, 'ദേശസ്‌നേഹം' ജ്വലിപ്പിച്ച് ഭരണകൂട ഭീകരതയും ആള്‍ക്കൂട്ട വംശഹത്യകളും പടര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇത് ഹിംസയില്‍ ഊട്ടപ്പെട്ട ആധുനിക ദേശരാഷ്ട്രങ്ങളുടെ സഹജമായ പരിമിതിയാണ്. ഇതുപോലെ, സ്റ്റേറ്റ് എന്ന വാക്കും ഇസ്‌ലാമിനോട് ചേര്‍ത്തു പ്രയോഗിക്കുമ്പോള്‍ നാം ഭാഷയുടെ ഇത്തരം വ്യാവഹാരിക തലങ്ങള്‍ ശ്രദ്ധിക്കാറില്ല. ആധുനിക സ്റ്റേറ്റിന്റെ ഹിംസാത്മകവും നിഷേധാത്മകവുമായ രീതിശാസ്ത്രത്തോട് ഒരിക്കലും ഒത്തുപോവാത്ത ആശയമായാണ് 'ഇസ്‌ലാമിക ഭരണ' സങ്കല്‍പത്തെ വാഇല്‍ ഹല്ലാഖ് വിശദീകരിക്കുന്നത്. ഇസ്ലാമികരാഷ്ട്രം എന്നതിന് പകരം ഇസ്ലാമികഭരണം എന്ന പദമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ശരീഅത്തിനെയും ഇസ്ലാമിക ഭരണത്തെയും പുനഃക്രമീകരിക്കുക എന്നതാണ് ആധുനികതയുടെ വെല്ലുവിളികളെയും തടസ്സങ്ങളെയും മറികടക്കാനുള്ള വഴി എന്നും ഹല്ലാഖ് പറയുന്നു. ആധുനിക ദേശരാഷ്ട്രത്തില്‍നിന്നും ഭിന്നമായ രാഷ്ട്രീയ ഭാവനയാണ് ഇസ്‌ലാമിന്റേതെന്ന് മുഹമ്മദ്അസദും മൗലാനാ മൗദൂദിയും പറയുന്നുണ്ടെങ്കിലും അവരുപയോഗിച്ച സ്റ്റേറ്റ് എന്ന പദം തെറ്റിദ്ധാരണാജനകമാണെന്ന് തലാല്‍ അസദ് വിമര്‍ശിക്കുന്നുണ്ട്. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരമായ അധീശത്വത്തെ വെല്ലുവിളിക്കാതെ മുസ്‌ലിംകള്‍ക്ക് തങ്ങളുടേതായ ജ്ഞാനനിര്‍മാണം സാധ്യമാവില്ലെന്ന് സല്‍മാന്‍ സയ്യിദും ചൂണ്ടിക്കാട്ടുന്നു. കൊളോണിയാലിറ്റിയും ആധുനികതയും ചേര്‍ന്ന് സാധ്യമാക്കുന്ന അധീശപരമായ സെക്യുലര്‍ -ലിബറല്‍ വ്യവഹാരങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെ തടഞ്ഞുനിര്‍ത്തുകയാണ് ചെയ്തത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ വംശവെറിയെ തളളിക്കളയുന്ന ലോകബോധത്തിനു മാത്രമേ ഇസ്‌ലാമികമായ രാഷ്ട്രീയാലോചനകളെ ഉള്‍ക്കൊള്ളാനാവൂ എന്നും സയ്യിദ് വിലയിരുത്തുന്നു.
വര്‍ഗീയത: വാക്കിന്റെ വംശാവലി
മതേതരത്വം എന്ന പദത്തിന്റെ എതിരെ നിര്‍ത്താവുന്ന പദമായാണ് വര്‍ഗീയത വ്യവഹരിക്കപ്പെടുന്നത്. ഇസ്‌ലാം മതേതരത്വത്തെ അംഗീകരിക്കുന്നു, ഇസ്‌ലാം വര്‍ഗീയതയെ എതിര്‍ക്കുന്നു എന്നൊക്കെ പറയുമ്പോള്‍, ഇന്ന് ആ വാക്കുകള്‍ വഹിക്കുന്ന ഭാരം നാം വിശകലനം ചെയ്യാറില്ല. മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ ആവിഷ്‌കാരങ്ങളെ നിരാകരിക്കുന്ന ഒരു ആശയമായാണ് അത് ഇന്ന് വിശദീകരിക്കപ്പെടുന്നത്.
മതേതരത്വം-വര്‍ഗീയത, മതം-ആധുനികത എന്നീ ആശയങ്ങളെ ദ്വന്ദ്വങ്ങളാക്കി നിര്‍ത്തിക്കൊണ്ടാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ സങ്കല്‍പനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ ശബ്നം തേജാനിയുടെ Indian Secularism: A Social and Intellectual History, 1890-1950 എന്ന പഠനം ശ്രമിക്കുന്നുണ്ട്. സവര്‍ണാധീശപരമായ ദേശ നിര്‍മിതിക്കെതിരെയുള്ള കീഴാള -മുസ്ലിം ചെറുത്തുനില്‍പുകളെയും പ്രാദേശിക-ഭാഷാ ആവശ്യങ്ങളെയും നിശ്ശബ്ദമാക്കാന്‍ മധ്യവര്‍ഗ സവര്‍ണഹിന്ദു പുരുഷന്മാര്‍ ഉപയോഗപ്പെടുത്തിയത് 'മതേതരത്വം' എന്ന വ്യവഹാരത്തെയാണ്. പ്രാന്തവല്‍കൃതരുടെ രാഷ്ട്രീയ ആവശ്യങ്ങളെല്ലാം തന്നെ വര്‍ഗീയമോ ദേശവിരുദ്ധമോ ആയി മതേതരത്വത്തിന്റെ മറുപക്ഷത്തായി വ്യാഖ്യാനിക്കപ്പെട്ടു. ഇങ്ങനെ നിര്‍മിക്കപ്പെട്ട പൊതുബോധത്തെ കൂട്ടുപിടിച്ചാണ് ലിബറലുകള്‍ ഇന്നും മുസ്‌ലിംവിരുദ്ധ നിലപാടുകളെ 'വര്‍ഗീയവിരുദ്ധത' എന്ന വാചാടോപത്തിലൂടെ നിലനിര്‍ത്തുന്നത്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ മലബാറിലെ മാപ്പിളമാരെ മതഭ്രാന്തര്‍ (fanatics) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വില്യം ലോഗനെപ്പോലുള്ളവര്‍ ഒരു പടികൂടി കടന്ന് കാട്ടുമാപ്പിള (Jungle Mappila) എന്നാണ് വിളിക്കുന്നത്. നമ്മുടെ ദേശീയ ചരിത്രകാരന്മാരും ഇതേ പദാവലികളിലൂടെയാണ് മാപ്പിളമാരെ നോക്കിക്കണ്ടത്. ബ്രിട്ടീഷുകാര്‍, തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന മാപ്പിളമാരെ അടിച്ചൊതുക്കാനുള്ള പ്രധാന വഴിയായാണ് ആ വാക്കുകള്‍ നിലനിര്‍ത്തിയത്. ദേശീയവാദികള്‍ക്കാകട്ടെ, മുസ്‌ലിംകളുടെ രാഷ്ട്രീയാവകാശങ്ങളെ നിരാകരിക്കാനുള്ള പദ്ധതിയുമായി ഈ വാക്കുകള്‍ മാറി. അപ്പോള്‍ അത്ര നിഷ്‌കളങ്കമായി ഇന്ത്യയിലെ ഭീകരവാദം, വര്‍ഗീയത എന്നീ വ്യവഹാരങ്ങളെ മനസ്സിലാക്കാനാവില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ മുസ്‌ലിം സാന്നിധ്യങ്ങളെ വ്യവഹരിക്കാന്‍ മതമൗലികവാദി, തീവ്രവാദി, ഭീകരവാദി എന്നിങ്ങനെ വാക്കുകള്‍ മാറ്റി പ്രയോഗിക്കുകയാണ്. 1970 കാലത്ത് മതമൗലികവാദി എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നിട് 1992-നു ശേഷം അത് തീവ്രവാദി എന്നായി. സെപ്റ്റംബര്‍ 2011-നുശേഷമാണ് ഭീകരവാദി എന്ന വിളിപ്പേരിലേക്ക് അത് മാറുന്നത്. ദേശരാഷ്ട്രവും സംഘ്പരിവാറും അമേരിക്കന്‍ സാമ്രാജ്യത്വവും തങ്ങളുടെ അധീശത്വത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വാക്കുകള്‍ ഇന്ന് 'സാമാന്യബോധ'മായിത്തീരുകയാണുണ്ടായത്. ഫാഷിസം പ്രവര്‍ത്തിക്കുന്നത് സാമാന്യബോധത്തിനുള്ളിലൂടെയാണെന്ന് അന്റോണിയോ ഗ്രാംഷി പറയുന്നുണ്ട്.
ഇസ്‌ലാമും സാമൂഹിക സങ്കല്‍പനങ്ങളും
ഇസ്ലാമില്‍ തങ്ങള്‍ക്ക് മോചനമുണ്ടെന്ന് മനസ്സിലാക്കുന്ന അമേരിക്കയിലെ കറുത്തവരെക്കുറിച്ച് അവിടത്തെ കറുത്തവര്‍ഗക്കാരനായ മുസ്‌ലിം ബുദ്ധിജീവി ഷെര്‍മന്‍ ജാക്‌സണ്‍ എഴുതുന്നുണ്ട്. വെള്ളക്കാരായ മുസ്‌ലിം ബുദ്ധിജീവികള്‍ ഇസ്‌ലാമിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള പഠനങ്ങളിലാണ് കൂടുതല്‍ മുഴുകിയിട്ടുള്ളത്. കറുത്ത മുസ്‌ലിംകള്‍ നേരിടുന്ന വംശ-വര്‍ണവിവേചനങ്ങള്‍ വെളുത്തവരെ സംബന്ധിച്ചേടത്തോളം അനുഭവമല്ലാത്തതിനാലാവാം ഇതെന്ന് ജാക്‌സന്‍ കരുതുന്നു. കറുത്തവരുടെ സാമൂഹിക അനുഭവത്തെ ഇസ്‌ലാമികവിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കുകയും ഒരു രാഷ്ട്രീയപ്രശ്‌നമായി അഭിസംബോധന ചെയ്യുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. സാമൂഹികശാസ്ത്രത്തിലെ ഒരു പ്രതിഭാസത്തെക്കുറിച്ച് വിധി പറയാന്‍ ആ വിഷയം സാമൂഹികശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് പഠനം നടത്തണം. ഇസ്‌ലാമികമായ വീക്ഷണത്തില്‍ നിന്നുകൊണ്ട് ആ പ്രതിഭാസത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ അതു പ്രധാനമാണ്. ജാതി, വംശം, ലിംഗം, പ്രദേശം തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം പറയണമെങ്കില്‍ അവയുടെ സ്രോതസ്സുകളില്‍നിന്നു തന്നെ അവയെ മനസ്സിലാക്കേണ്ടതുണ്ട്. സംഗീതം, അഭിനയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവയുടേതായ വൈജ്ഞാനിക നിര്‍വചനങ്ങള്‍ അറിയുന്ന ഒരു ഇസ്‌ലാമിക പണ്ഡിതനു മാത്രമേ ശരിയായ വിധി പ്രസ്താവങ്ങള്‍ നടത്താനാവൂ. ഇത്തരത്തിലുള്ള വിശകലനങ്ങളുടെ അപര്യാപ്തത നമ്മുടെ കാലത്ത് ധാരാളമായി അനുഭവപ്പെടുന്നു.
കുറിപ്പുകള്‍:
1. മുഖദ്ദിമ - മലയാള വിവര്‍ത്തനം, DC Books 2008, പേജ് 15-18,
കടപ്പാട്: സി. ശുഹൈബ് മുഹമ്മദ്
Comments