ലിഞ്ചിസ്താനിലെ ഹീറോയിസവും ശഹീദ് അസീം അവശേഷിപ്പിച്ച രാഷ്ട്രീയവും
വിവിധ കാരണങ്ങള്‍ നിരത്തിക്കൊണ്ട് മുസ്‌ലിംകളെ ക്രൂരമായി ആള്‍ക്കൂട്ട കൊലപാതകത്തിന് (ലിഞ്ചിംഗ്) വിധേയമാക്കുന്ന സംഘ് പരിവാര്‍ പദ്ധതി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. 2014 മുതല്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 45 പേര്‍ ലിഞ്ചിംഗിന് വിധേയമായിട്ടുണ്ട്. ഇതില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. ദല്‍ഹിയിലെ എട്ടു വയസ്സായ മദ്‌റസാ വിദ്യാര്‍ഥി മുഹമ്മദ് അസീമിനെ തല്ലിക്കൊന്നത് ഒടുവിലത്തെ, എന്നാല്‍ ഇനിയും രൂക്ഷമാകാന്‍ സാധ്യതയുള്ള പുതിയ ലിഞ്ചിസ്താനിന്റെ മുന്നറിയിപ്പ് കൂടിയാണ്. മാധ്യമങ്ങളുടെ അവഗണനക്കെതിരെ 'മാധ്യമങ്ങളേ, എന്റെ മകന്റേത് അപകടമരണമല്ല കൊലപാതകമാണ്' എന്നാണ് അസീമിന്റെ പിതാവ് ഖലീല്‍ അഹ്മദ് രോഷാകുലനായി പ്രതികരിച്ചത്. അസീമിന്റെ മരണാനന്തര ചടങ്ങുകള്‍ ദല്‍ഹിയില്‍ നടത്താന്‍ പോലും പോലീസ് സമ്മതിച്ചില്ല. ഹരിയാനയിലെ മേവാത്തിലേക്ക് കൊണ്ടുപോയാണ് അസമിനെ ഖബ്‌റടക്കിയത്.
മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പുതിയ സംഭവമല്ല. 1940-കള്‍ മുതല്‍ തന്നെ തീവ്ര ഹിന്ദുത്വശക്തികള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടുണ്ട്. പക്ഷേ ദേശരൂപീകരണത്തിനാവശ്യമായ വലിയ വിഭവശേഖരണമെന്ന നിലയില്‍ മുസ്‌ലിം ശരീരങ്ങളെ തുടരെ തുടരെയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത കാലത്താണ്. മുസ്‌ലിംവിരുദ്ധ വംശീയ ബോധത്തിന്റെ തോതനുസരിച്ചാണ് ലിഞ്ചിസ്താന്‍ ശക്തിപ്രാപിക്കുന്നത്. ഇവിടെ ഹീറോയിസം നിര്‍മിച്ചെടുക്കുന്നതും ആക്രമണോത്സുകമായ വംശീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. അഖ്‌ലാഖ്, പെഹ്‌ലു ഖാന്‍, ജുനൈദ്, അസീം, ഫഹദ്, ഫൈസല്‍, റിയാസ് മൗലവി തുടങ്ങി ധാരാളം മനുഷ്യരെ ബീഫ്, ലൗ ജിഹാദ്, മതപഠനം, വേഷവിധാനങ്ങള്‍, മതപരിവര്‍ത്തനം തുടങ്ങി വിവിധ കാരണങ്ങളാല്‍ തല്ലിയും വെട്ടിയും കൊന്നതിലൂടെ ഹീറോയിസ നിര്‍മിതിയാണ് നടക്കുന്നത്.
അപരരെ തുടച്ചുമാറ്റുക, വിശുദ്ധിയുള്ള രാജ്യമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി സംഘ് പരിവാര്‍ ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വിശുദ്ധിയുള്ള രാജ്യത്തിനു വേണ്ടി ശത്രുക്കളെ നശിപ്പിക്കുന്ന വീരശൂര പോരാളികളായിട്ടാണ് ഈ കൊലയാളികളെ സംഘ് പരിവാര്‍ ചിത്രീകരിക്കുന്നത്. അവര്‍ക്ക് നല്ല സ്വീകരണവും സര്‍ക്കാര്‍ ജോലിയും സ്ഥാനാര്‍ഥിത്വവും നല്‍കി ആദരിക്കുന്നതും ഇതിന്റെ ഭാഗമാണ്. മുസ്‌ലിം വംശഹത്യയിലൂടെ മാത്രം സാധ്യമാകുന്ന ഒരു ദേശത്തെ വിഭാവന ചെയ്യുന്ന സംഘ് പരിവാറിന് ഈ കൊലപാതകങ്ങളെല്ലാം മൂലധനമാണ്. ശഹീദ് അസീമടക്കമുള്ളവര്‍ അവശേഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയം ഈ വംശീയബോധത്തെയും ആധിപത്യത്തെയും തുറന്നെതിര്‍ക്കുകയും നിര്‍മാര്‍ജനം ചെയ്യുകയും വേണമെന്നതാണ്.
ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ വജ്ഹത് അലിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്: ''17.7 ശതമാനമാണ് ഇസ്രയേലില്‍ അറബ് വംശജരുടെ ജനസംഖ്യ. 60 ശതമാനത്തിലധികം അറബ് മുസ്‌ലിം വംശജര്‍ ശരാശരി ബിരുദധാരികളാണ്. പക്ഷേ അവരുടെ പൊതുമേഖലകളിലെ തൊഴില്‍ പങ്കാളിത്തം വളരെ കുറവാണ്. ഇസ്രയേല്‍ പുറത്തേക്ക് ഇവരുടെ സുരക്ഷയെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ യാതൊരു പൗരാവകാശങ്ങളും ഉറപ്പു ലഭിക്കാതെയാണ് ഇവര്‍ ജീവിക്കുന്നത്. ജൂത തീവ്ര ദേശീയതയുടെ ഹീറോയിസം നിര്‍മിച്ചെടുക്കാനുള്ള ഉപകരണങ്ങളായിട്ടാണ് അറബ് വംശജരെ ഇസ്രയേല്‍ ഉപയോഗിക്കുന്നത്. വഴിയില്‍ തടഞ്ഞും അസഭ്യം പറഞ്ഞും മര്‍ദിച്ചും ഇവിടത്തെ മുസ്‌ലിംകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അവരെ മര്‍ദിക്കുന്നവര്‍ക്ക് ഗ്രേഡുകള്‍ നല്‍കി പ്രമോട്ട് ചെയ്യുകയുമാണ് ഇസ്രയേല്‍. തീവ്ര ജൂത ദേശീയതയുടെ നിലനില്‍പിന് ഇതനിവാര്യമാണെന്ന് സയണിസ്റ്റുകള്‍ മനസ്സിലാക്കുന്നു.'' ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം മര്‍ദനങ്ങളെ ഇതേ ശൈലിയിലാണ് സംഘ് പരിവാറും സമീപിക്കുന്നത്. അമേരിക്കയില്‍ വെള്ളക്കാരുടെ വംശീയബോധം നിലനിര്‍ത്തുന്നതിന് ആഫ്രിക്കന്‍ വംശജരായ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ധിച്ച അളവില്‍ തല്ലിക്കൊലകള്‍ നടന്നിട്ടുണ്ട്. 1877 മുതല്‍ 1950 വരെയുള്ള കണക്കുകളില്‍ 4400 കറുത്ത അമേരിക്കക്കാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരകളാകേണ്ടിവന്നിട്ടുണ്ട്. കറുത്തവരെ വെടിവെച്ച് കൊല്ലുക, അവര്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുക, വെള്ളക്കാരുടെ അധിവാസ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന കറുത്തവരെ മര്‍ദിക്കുക എന്നിങ്ങനെയുള്ള നിലപാടുകളിലൂടെയാണ് അമേരിക്കയിലെ വെള്ള വംശീയത മേധാവിത്വം സ്ഥാപിച്ചത്. അമേരിക്കയിലും ഇസ്രയേലിലും ആഭ്യന്തരമായി തങ്ങള്‍ നിലനിര്‍ത്തുന്ന വംശീയ മേധാവിത്വം ബാഹ്യമായ തങ്ങളുടെ നിലപാടുകളുടെയും നയങ്ങളുടെയും ഒരു പരീക്ഷണവും കൂടിയായിരുന്നു. ഒരേസമയം ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തിന് തങ്ങളുടെ ചാമ്പ്യന്‍പട്ടം ഉറപ്പിക്കുന്നതിന് അറബ് മുസ്‌ലിം വംശജരെയും കറുത്ത വര്‍ഗക്കാരെയും സമര്‍ഥമായി ഉപയോഗിച്ചു.
ഇന്ത്യയില്‍ നടക്കുന്ന തല്ലിക്കൊലകള്‍ വംശീയമായ തീര്‍പ്പുകളുടെ ഫലമായിട്ട് സംഭവിക്കുന്നതാണ് എന്ന് വായിക്കാന്‍ സാധിക്കാത്തവിധം അതിന്റെ വിശകലനരീതികളെ പോലും മാറ്റിമറിച്ചിരിക്കുന്നു. വര്‍ഗീയത, സാമുദായികത, ഫാഷിസം എന്നീ കാറ്റഗറികള്‍ക്കകത്താക്കി വ്യവസ്ഥാപിതമായി ഇവിടെ നടന്നുവരുന്ന ഒരു വംശീയ ആധിപത്യത്തെ തമസ്‌കരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. മതേതരവാദികള്‍ ഇത്തരം ഏകപക്ഷീയമായ കൊലപാതകങ്ങളെയും വര്‍ഗീയത എന്നാണ് വ്യവഹരിക്കുന്നത്. 1947-നു ശേഷം ഇന്ത്യയില്‍ നടന്ന കൃത്യമായ ആസൂത്രണത്തോടെയുള്ള വംശഹത്യകളെ 'വര്‍ഗീയ കലാപ'ങ്ങളായിട്ടാണ് ചിത്രീകരിക്കുക. 'വര്‍ഗീയത' എന്ന കാറ്റഗറിയില്‍ ദ്വന്ദ്വങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ ഇരകളുടെ വര്‍ഗീയതയും ഇതിലൂടെ സ്ഥാപിക്കപ്പെടുന്നുല്ലോ. അതുകൊണ്ടുതന്നെ അമേരിക്കയിലും മറ്റും വംശീയബോധത്തിനെതിരെ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളും മാര്‍ട്ടിന്‍ ലൂഥര്‍, മാല്‍ക്കം എക്‌സ് തുടങ്ങിയ നേതാക്കളും ഇന്ത്യയില്‍ ഉണ്ടാവുന്നില്ല. വംശീയമായ ഈ കൊലപാതകങ്ങളെ വംശഹത്യകളായി വിശകലനം ചെയ്യാനും വംശീയ തീര്‍പ്പുകളെ നിയമം മുഖേന തടയാന്‍ കഴിയുന്ന ഇസ്‌ലാമോഫോബിയ ആക്ടുകള്‍ക്ക് രൂപം നല്‍കാനും കഴിയുമ്പോഴാണ് ഇത്തരം ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുക. സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തിന്റെ വംശീയ ഭരണ രൂപമായി വംശീയതയെ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് മുസ്‌ലിം ചിഹ്നങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും ഭക്ഷണത്തിലേക്കും നീങ്ങുന്ന വെറുപ്പിന്റെ ഭരണാധികാര രൂപങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കുക. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങള്‍ കൂടി ഇതില്‍നിന്ന് വ്യക്തമാവുകയും ചെയ്യും. മറിച്ച്, 'വര്‍ഗീയത' എന്ന കാറ്റഗറിയാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍, ജ്ഞാനശാസ്ത്രപരമായി അതിന് ഇരയാകുന്ന സമൂഹത്തെയും അക്രമിയെയും ഒരുപോലെ പ്രതിവത്കരിക്കുകയാണ് ചെയ്യുക.
ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ചാനലുകളിലും മാധ്യമങ്ങളിലും കഥാ സാഹിത്യങ്ങളിലും മാരകമായ വംശീയ ചിഹ്നങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അപരരെ നിരന്തരം സൃഷ്ടിക്കാനും സാംസ്‌കാരിക ശീലങ്ങളില്‍ സവര്‍ണ വംശീയബോധം നിറക്കാനും ഈ വിവാദങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെയാണ് സന്ദീപാനന്ദ ഗിരി സംഘ് പരിവാറിനാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞെട്ടലുകള്‍ രേഖപ്പെടുത്തപ്പെടുന്നതും മുഹമ്മദ് അസീം വധിക്കപ്പെടുമ്പോള്‍ അത് ഞെട്ടലുകള്‍ക്ക് പുറത്താകുന്നതും. വംശീയമായ ശീലങ്ങളിലൂടെ പരുവപ്പെടുത്തിയ പൊതുബോധത്തിന് ഇത് പെട്ടെന്ന് സാധിക്കും. അതിനാല്‍ തന്നെയാണ് ഹാദിയയുടെ ഇസ്‌ലാമാശ്ലേഷണം അപകടകരവും ഘര്‍വാപസി സാധാരണ പ്രക്രിയയുടെ ഭാഗവുമാകുന്നത്. ഈ സാധാരണവത്കരണം നടക്കുന്നത് സമൂഹം ഉപയോഗിക്കുന്ന ചില പദാവലികളിലൂടെയാണ്. മുസ്‌ലിം പ്രശ്‌നങ്ങളെ ന്യൂനപക്ഷ പ്രശ്‌നങ്ങളായും വംശഹത്യകളെ വര്‍ഗീയ കലാപങ്ങളായും അടയാളപ്പെടുത്തുമ്പോള്‍ നടക്കുന്ന തമസ്‌കരണങ്ങളിലൂടെ വളരെ പെട്ടെന്ന് സാധാരണ പ്രക്രിയയായി ആള്‍ക്കൂട്ട കൊലപാതകങ്ങളും വംശഹത്യകളും മാറുന്നു.
സാധാരണഗതിയില്‍ നടക്കുന്ന ചില വൈകാരിക പ്രകടനങ്ങളുടെ ഫലമായിട്ടാണ് പല കൊലപാതകങ്ങളും നടന്നിട്ടുള്ളത്. അതിന് വംശീയമായ അജണ്ടകളോ വിദ്വേഷങ്ങളോ ഇല്ല എന്നും വാദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ ലിഞ്ചിംഗിന് വിധേയമായവര്‍ പ്രത്യേക വിഭാഗത്തിലുള്ളവരായത് കേവലം യാദൃഛികതയാണോ? ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വന്നതിനു ശേഷം കറുത്ത വംശക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 57 ശതമാനം വര്‍ധിച്ചിട്ടുണ്ട്. "Not simply a series of incidents, but a systematic reign of racial terror' എന്നാണ് ടൈം മാഗസിന്‍ തയാറാക്കിയ ഫീച്ചറില്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം 'ആള്‍ക്കൂട്ട' കൊലപാതകം 130 ശതമാനം വര്‍ധിച്ചിട്ടു്. കൊല്ലപ്പെട്ടവരില്‍ 97 ശതമാനം പശുവിന്റെ പേരിലായിരുന്നു. മഹാരാഷ്ട്ര, ത്രിപുര, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, വെസ്റ്റ് ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം 16 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യക്കകത്ത് രൂപപ്പെടുന്ന വംശീയ ഭരണകൂടത്തിന്റെ പ്രത്യക്ഷത്തിലുള്ള റിഹേഴ്‌സലാണ് ആള്‍ക്കൂട്ട കൊലപാതങ്ങളിലൂടെ നടക്കുന്നത്. കാലികളെ കച്ചവടം ചെയ്യുന്നത് അവസാനിപ്പിക്കുന്നതുവരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടരുമെന്നാണ് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് പറഞ്ഞത്. ഭരണകൂടം പറയുന്നത് ലിഞ്ചിംഗിന് തെളിവുകളില്ല എന്നാണ്. ബിഹാറില്‍ നാല് മുസ്‌ലിംകളെ ക്രൂരമായി തല്ലിക്കൊന്നത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്തുവെച്ചാണ്. ലിഞ്ചിംഗ് തടയാനോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. ആഭ്യന്തരമായി പരവിദ്വേഷം ശക്തിപ്പെടുത്തുന്ന വംശീയമായ ആധിപത്യ മനസ്സ് സാധാരണക്കാരില്‍ വരെ രൂപപ്പെടുത്തുന്ന വംശീയ ഭീകരാക്രമണങ്ങളാണ് ആള്‍ക്കൂട്ട കൊലകള്‍. പോലീസ്, മാധ്യമങ്ങള്‍, ഭരണകേന്ദ്രങ്ങള്‍ എന്നിവയില്‍നിന്ന് തികച്ചും ഒറ്റപ്പെടുന്ന ഇരയെ കടന്നാക്രമിക്കാനും കീഴ്‌പ്പെടുത്താനും കഴിയുന്ന ഒരു വംശ രാഷ്ട്രത്തിന്റെ ചട്ടക്കൂട് നിര്‍മിക്കുന്നതിനാണ് ഇത് സഹായകമാകുന്നത്. ജൂതര്‍ക്കെതിരെ തെരുവുകൡും പൊതു വാഹനങ്ങളിലും തൊഴിലിടങ്ങളിലും കൃത്യമായി ആള്‍ക്കൂട്ട വികാരത്തെ തിരിച്ചുവിട്ടതുകൊണ്ടാണ് ഒരു വംശീയ രാഷ്ട്രത്തെ രൂപകല്‍പന ചെയ്യാന്‍ ഹിറ്റ്‌ലറിന് സാധിച്ചത്. ഓരോ തെരുവിലും ജൂതന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന വികാരം ജനങ്ങളില്‍ ശക്തിപ്പെടുത്താന്‍ കൊലപാതകങ്ങളെയും അതിനു കാരണമായ സംഭവങ്ങളെയും തീവ്ര വംശീയ പദാവലികളിലൂടെ പ്രചരിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് കഴിഞ്ഞു. ഹാഫിള് ജുനൈദിനെ ട്രെയിനില്‍ തല്ലിക്കൊന്നപ്പോള്‍ ഇവന്‍ ബീഫ് കഴിക്കുന്നവനാണ് എന്നാണ് കൊലയാളികള്‍ ആക്രോശിച്ചത്. അതായത് കൊല്ലപ്പെടേണ്ടവന്‍ എന്ന വികാരമുണ്ടാക്കി അതിന്റെ കാരണങ്ങളായി ബീഫ്, പശു, ലൗ ജിഹാദ്, മതം മാറ്റം തുടങ്ങിയ വംശീയ പദാവലികള്‍ കൂടി ചേര്‍ക്കുകയാണ് സംഘ് പരിവാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൊല്ലുന്നവര്‍ ആദരിക്കപ്പെടേ ഹീറോകളായി മാറുകയും ചെയ്യുന്നു. വംശീയ മുന്‍വിധികളോട് ജ്ഞാനശാസ്ത്രപരമായും രാഷ്ട്രീയമായും സാമൂഹികമായും കലഹിക്കുകയും ബദല്‍ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു സമ്പൂര്‍ണമായ പ്രതിരോധം സാധ്യമാകുന്നത്.
Comments