Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ദല്‍ഹി മലയാളി ഹല്‍ഖയുടെ ഹെറിറ്റേജ് യാത്ര

സബാഹ് ആലുവ

ദല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച ഹെറിറ്റേജ് യാത്ര വ്യത്യസ്ത മേഖലകളിലെ മലയാളി സാന്നിധ്യവും ചരിത്ര വായനയിലെ പുതുമയും കൊണ്ട് ശ്രദ്ധേയമായി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി ആരിഫലി സാഹിബാണ് യാത്ര ഉദ്ഘടാനം ചെയ്തത്. ചരിത്രത്തെയും ചരിത്ര സ്മാരകങ്ങളെയും  വായിക്കേണ്ടത് പാഠപുസ്തകങ്ങളിലൂടെ മാത്രമല്ല എന്ന തിരിച്ചറിവിനൊപ്പം അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുതിയ തലമുറക്കനിവാര്യമാണെന്ന് ദല്‍ഹി മലയാളി ഹല്‍ഖയുടെ ഹെറിറ്റേജ് യാത്ര സാക്ഷ്യപ്പെടുത്തി. 

 

ഫിറോസ് ഷാ കോട്ലാ (ഫിറോസ് ഷാ തുഗ്ലക്കിന്റെ കോട്ട)

ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍നിന്നായിരുന്നു യാത്രയുടെ തുടക്കം. ഇന്ന് കോട്ട നില്‍ക്കുന്ന പ്രദേശത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ ഫിറോസ് ഷാ കൊട്ട്‌ലയാണ് പണി കഴിപ്പിച്ചിട്ടുള്ളത്. തൊട്ടടുത്തു നിര്‍മിക്കപ്പെട്ട തുഗ്ലക്ക് കോട്ടയുടെ ചരിത്രം തെരഞ്ഞ് അധികമാരും ഇന്നവിടം സന്ദര്‍ശിക്കാറില്ല. ദല്‍ഹി സുല്‍ത്താന്മാരില്‍ പ്രശസ്തനായ ഒരു ഭരണാധികാരി എന്നതിനേക്കാള്‍ പണ്ഡിതനായ ഫിറോസ് ഷായെ പരിചയപ്പെടുന്നതാകും കൂടുതല്‍ ഉചിതം. 1351 മുതല്‍ 1384 വരെ ദല്‍ഹി ഭരിച്ച ഫിറോസ് ഷാ, തുഗ്ലക്ക് ഭരണാധികാരികളില്‍ ഭരണപാടവം കൊണ്ട് വ്യത്യസ്തനാണ്. 1354-ല്‍ കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയാക്കി യമുനയുടെ ഭാഗത്തേക്ക്  സിരാകേന്ദ്രം മാറ്റിയ ഫിറോസ് ഷാ, ഫിറോസാബാദ് എന്ന പേരില്‍ ഒരു നഗര സമുച്ചയം കെട്ടിയുയര്‍ത്തി. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലഘട്ടം മുമ്പുള്ള തുഗ്ലക്ക് ഭരണാധികാരികളില്‍നിന്ന് വ്യത്യസ്തമായി സമാധാനപൂര്‍ണമായിരുന്നു. രാജ്യനിവാസികളെ ഒരുപോലെ തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 

ഇന്തോ-പേര്‍ഷ്യന്‍ വാസ്തുവിദ്യയെ സ്‌നേഹിച്ച ഫിറോസ് ഷാ, തന്റെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലൂടെ അതിനെ പ്രയോഗത്തില്‍ കൊണ്ടുവരികയുണ്ടായി. അലാവുദ്ദീന്‍ ഖല്‍ജി തുടങ്ങി വെച്ച മുപ്പതോളം ഉദ്യാനങ്ങളുടെ പണി പൂര്‍ത്തിയാകുന്നത് ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്താണ്. കുശാക്-ഇ-ഫിറോസ് (The Palace of Firoz) എന്നും ഫിറോസ് ഷാ തുഗ്ലക്കിന്റെ കോട്ടയെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. പാതി തകര്‍ന്ന കോട്ടയുടെ ചരിത്രം സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന ഒന്നൊന്നായി വിശദമാക്കി. ചെങ്കല്ലുകൊണ്ട് ഭദ്രമായി കെട്ടിയുയര്‍ത്തപ്പെട്ട  വിശാലമായ അകം ഭാഗം, ഒരു പള്ളി, ഒപ്പം  വെള്ളം ശേഖരിച്ചുവെക്കാന്‍ കെല്‍പുള്ള എന്നാല്‍ ഇപ്പോഴും ധാരാളം വെള്ളമുള്ള ജലസംഭരണി, അംബാലയില്‍നിന്ന് കൊണ്ടു വന്ന് നാട്ടിയ അശോക സ്തൂപം തുടങ്ങിയവ കൊട്ടക്കകത്തെ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളാണ്. 

കോട്ടയുടെ തകര്‍ക്കപ്പെട്ടതോ തകര്‍ന്നതോ ആയ ഭാഗങ്ങളുടെ യഥാര്‍ഥ ചിത്രം സന്ദര്‍ശകര്‍ക്ക്  ഇപ്പോള്‍ മനസ്സിലാക്കുക പ്രയാസമാണ്. മുകള്‍ ഭാഗങ്ങള്‍ ഏറക്കുറെ തകര്‍ന്ന കോട്ടയുടെ ചുവരുകള്‍ നല്ല ഉറപ്പോടെയാണ് പണിതുയര്‍ത്തിയിട്ടുള്ളത്. പതിനഞ്ചു മീറ്റര്‍ പൊക്ക വ്യത്യാസത്തില്‍ നിര്‍മിക്കപ്പെട്ട ചുവരുകളുടെ അവസാനത്തില്‍ ചെറിയ ചരിവുകള്‍ അത്ഭുതമുളവാക്കും.  ചെറുതും വലുതുമായ ഉദ്യാനങ്ങള്‍ കോട്ടയില്‍ ഇന്നും കാണാം. ധാരാളം കോടതി മുറികള്‍ കോട്ടക്കകത്ത് സജ്ജീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ യഥാര്‍ഥ സ്ഥാനം നിര്‍ണയിക്കുക പ്രയാസകരമാണ്. ആര്‍ച്ച് രൂപത്തില്‍ നിര്‍മിക്കപ്പെട്ട കവാടങ്ങള്‍ കോട്ടക്കകത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. കോട്ടയിലെ ഓരോ ഭാഗത്തേക്കുമുള്ള പ്രവേശന കവാടങ്ങളിലാണ് ആര്‍ച്ച് രൂപ മാതൃകകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. 

ഒരേ നിരയില്‍ കോട്ടയുടെ മധ്യ ഭാഗത്തായി സജ്ജീകരിക്കപ്പെട്ട കുതിരാലായങ്ങള്‍ കൗതുകമുളവാക്കും എന്നതില്‍ സംശയമില്ല. ആനത്താവളങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയ നിര്‍മിതികളും കോട്ടയുടെ പ്രൗഢി വിളിച്ചോതുന്നതാണ്. ചെറിയ ചെറിയ മുറികളോടു കൂടി ഭംഗിയില്‍ ചിട്ടപ്പെടുത്തിയ കോട്ട ഭാഗങ്ങള്‍ അതിഥികള്‍ക്കായി ഒരുക്കിയവയാണ്. മുന്നോട്ടു നടക്കുമ്പോള്‍ അനുഭവപ്പെടുന്ന കോട്ടയുടെ വലിപ്പം അവര്‍ണനീയമാണ്. നടന്നു എത്തിച്ചേര്‍ന്ന കോട്ടയുടെ മുഖഭാഗം അതിവിശാലവും സുന്ദരവുമാണ്. 

മൗര്യ രാജാവ് അശോകന്റെ പാലിയിലെ അംബാലയില്‍നിന്ന് കൊണ്ടുവന്ന് നാട്ടിയ അശോക സ്തൂപം ചരിത്ര പ്രാധാന്യമുള്ളതാണ്. 

 

ജാമി മസ്ജിദ്

ജാമി മസ്ജിദ് എന്ന് പേരുള്ള കോട്ടക്കകത്തെ പള്ളിയുടെ ശരിയായ വലിപ്പം എത്രയെന്ന് ഇപ്പോഴുള്ള ചിത്രം നമ്മെ ബോധ്യപ്പെടുത്തും. പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ കൊത്തുപണികളുള്ള കല്ലുകളാല്‍ നിര്‍മിക്കപ്പെട്ടതാണ്. അതിസുന്ദരമായ കല്‍പടവുകളാല്‍ കെട്ടിയുയര്‍ത്തപ്പെട്ട പള്ളിയുടെ നിര്‍മാണ വൈവിധ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തും. അശോക സ്തൂപത്തിനടുത്തായാണ് പ്രസ്തുത പള്ളി പണികഴിപ്പിച്ചത്. മുകളില്‍ പ്രാര്‍ഥനാ സംവിധാനമൊരുക്കിയ പള്ളിയുടെ താഴെ ജയിലറകള്‍ പോലെ തോന്നിക്കുന്നവ സന്ദര്‍ശകരെ പേടിപ്പെടുത്തും വിധമുള്ളതാണ്. അറയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകനെ കാത്തിരിക്കുന്ന ഭയാനകത വിശദീകരിക്കുക പ്രയാസമാണ്. ജിന്നുകള്‍ക്ക്  വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ സൗകര്യങ്ങള്‍ ഈ അറകളില്‍ സന്ദര്‍ശകര്‍ക്ക്  കാണാം. മധ്യേഷ്യയില്‍നിന്നുള്ള തിമൂറുകളുടെ അക്രമണങ്ങള്‍ തുഗ്ലക്ക് ഭരണാധികാരികള്‍ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. കോട്ടയിലെ ജാമി മസ്ജിദിന്റെ നിര്‍മാണ വൈവിധ്യത്തില്‍ ആകൃഷ്ടനായ തിമൂറികള്‍ 1398 -ല്‍  ബീബി ഖാനം എന്ന പേരില്‍ ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖന്ദിലും ഇതേ മാതൃകയില്‍ മറ്റൊരു പള്ളി പിന്നീട് നിര്‍മിച്ചു. ഇന്ത്യയില്‍നിന്ന് 95 ആനകളുടെ അകമ്പടിയോടെ വലിയ തോതില്‍ നിര്‍മാണോപകരണങ്ങള്‍ പള്ളി നിര്‍മാണത്തിനായി തിമൂറികള്‍ കൊണ്ടു പോയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.  

 

ജലസംഭരണി

തുഗ്ലക്ക് ഭരണവര്‍ഗം നേരിട്ട മുഖ്യ ഭരണ പ്രതിസന്ധിയായിരുന്നു ജലദൗര്‍ലഭ്യം. ആഴത്തിലുള്ള കിണറുകളും കനാലുകളും നിര്‍മിച്ച് ഫിറോസ് ഷാ അതിനു പരിഹാരം കു. ഫിറോസ് ഷാ തുഗ്ലക്കിന്റെ കോട്ടയിലെ ജലസംഭരണി ചരിത്രപ്രസിദ്ധമാണ്. ചുറ്റുമതിലുകളോട് കൂടി വൃത്താകൃതിയില്‍ ശക്തമായി കെട്ടിയുയര്‍ത്തിയ ജലശേഖരണ സംഭരണികള്‍ കോട്ടയുടെ പ്രധാന ഭാഗത്തു തന്നെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാവാം അകത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. 

ദല്‍ഹിയുടെ വലിയൊരു ഭാഗം എല്ലാ വിധ സൗകര്യങ്ങളോടും പുനഃസംവിധാനിക്കപ്പെട്ടത് ഫിറോസ് ഷായുടെ കാലത്താണ്. ദല്‍ഹിയില്‍ പലപ്പോഴായി തകര്‍ക്കപ്പെട്ട പുരാതന നിര്‍മിതികളെ വലിയൊരളവോളം സഹായിക്കാന്‍ മുന്‍കൈയെടുത്ത അപൂര്‍വം  മുസ്‌ലിം ഭരണാധികാരികളിലൊരാളാണ് ഫിറോസ് ഷാ തുഗ്ലക്ക്.  ഇല്‍തുമിഷ് തന്റെ അകാലത്തില്‍ മരണമടഞ്ഞ മകന്‍ നാസിറുദ്ദീന്‍ മഹ്മൂദിനു വേണ്ടി ദല്‍ഹിയിലെ കിഷന്‍ഘര്‍-മഹറോളി റോഡിനു സമീപം നിര്‍മിച്ച ശവകുടീരം മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലഘട്ടത്തിലെ മംഗോള്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വന്ന ഫിറോസ് ഷാ ശവകുടീരത്തോടുള്ള ആദരസൂചകമായി പുതുക്കി പഴയ നിലയില്‍  കെട്ടിയുയര്‍ത്തി.  ഇന്നും ഒരു കോട്ടവും തട്ടാതെ പ്രസ്തുത ശവകുടീരം ദല്‍ഹിയില്‍ നിലനില്‍ക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍