മഹാനഗരത്തിലെ നോമ്പനുഭവങ്ങള്‍
ദല്‍ഹിയില്‍ റമദാനിലെ ആദ്യ പത്തിലെ ഒരു നോമ്പുതുറ സമയം. പള്ളിയിലെ വിഭവങ്ങള്‍ കഴിഞ്ഞതിനാല്‍ ഞാനും സുഹൃത്തും അടുത്തുള്ള ചൗകിലേക്ക് വല്ലതും വാങ്ങാന്‍ ഓടി. ദാഹവും ക്ഷീണവും കൊണ്ട് അടുത്തു കണ്ട കൂള്‍ ബാറില്‍ കയറി ഒറ്റ ചോദ്യം: 'ഭയ്യാ മാംഗോ ജ്യൂസ്.. ഓര്‍ ഫ്രൂട്ടി..?'
ജ്യൂസ് എടുക്കുന്നതിന് പകരം കടക്കാരന്റെ തിരിച്ചുള്ള ചോദ്യം.. 'ആപ് റോസെ മേ ഹോ?'
ചോദ്യം മനസ്സിലാകാത്ത ഞങ്ങളോട് തെളിച്ചു തന്നെ അദ്ദേഹം ചോദിച്ചു. 'നിങ്ങളിതുവരെ നോമ്പ് മുറിച്ചില്ലേ..?'
'ഇല്ല, ഒന്നും കിട്ടിയില്ല.'
'ആജാ ബേട്ടാ. അന്തര്‍ ആജാഓ..'
പൊക്കവടയും ഈത്തപ്പഴവും വാഴപ്പഴവും തേനും ചേര്‍ത്ത വിഭവം കൊണ്ട് നോമ്പുതുറക്കുകയായിരുന്ന ബാപ്പയും മകനും വല്ലിപ്പയുമടങ്ങിയ ആ ചെറിയ ഷോപ്പിനു നടുവിലേക്ക് രണ്ട് വലിയ ഫ്രൂട്ടി വെച്ച് ഞങ്ങളെയിരുത്തി..
'ഗാഓ ബേട്ടാ...ഗാഓ..'
മടികൂടാതെ എടുത്ത് കഴിക്കാന്‍ ഇടക്കിടെ ഉണര്‍ത്തിയ കടക്കാരന്‍ തന്റെ ബിരിയാണിയും പങ്കിട്ട് ആ അപരിചിതരെ സമൃദ്ധമായി നോമ്പ് തുറപ്പിച്ചു.
'അല്‍ഹംദു ലില്ലാഹ്..'
നോമ്പുകാരന്റെ സന്തോഷങ്ങള്‍ രണ്ടെണ്ണമാണെന്ന് പ്രവാചക വചനം. ഒന്ന് നോമ്പ് തുറക്കുമ്പോഴും, രണ്ട് നോമ്പുകാര്‍ തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും. നോമ്പുതുറക്കുമ്പോഴുണ്ടായ ഈ ആനന്ദവും സ്‌നേഹവും പുണ്യങ്ങളുടെ പൂക്കാലത്തെ കൂടുതല്‍ അര്‍ഥവത്താക്കുകയാണ്.
പുരാതന ദില്ലി ജുമാ മസ്ജിദ്, ബട്‌ല ഹൗസ്, ജാമിഅ നഗര്‍ തുടങ്ങിയ ഇടങ്ങളിലെ റമദാന്‍ വിശേഷങ്ങള്‍ വേറിട്ടതാണ്. ദല്‍ഹിയിലെ ദൂരെ ദിക്കുകളില്‍നിന്ന് ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ വന്നെത്തുന്ന കുടുംബങ്ങള്‍ പള്ളിയില്‍ ഒന്നിച്ചിരുന്ന് വിഭവങ്ങള്‍ പങ്കിട്ട് കഴിക്കുന്നു. കൂടുതലും വീടുകളില്‍നിന്ന് കൊുവരുന്ന വിഭവങ്ങള്‍. നോമ്പ് തുറ കഴിഞ്ഞ് വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന പള്ളിയും പരിസരവും മനോഹരമായ കാഴ്ചതന്നെ.
വൈകുന്നേരമാകുന്നതോടെ വിവിധ ചൗക്കുകളില്‍ കച്ചവടം സജീവമാകുന്നു. നിരവധി ചെറിയ ഗല്ലികളും റോഡുകളും സംഗമിക്കുന്ന ഇടങ്ങളാണ് ചൗക്കുകള്‍. അര്‍ധരാത്രി വരെ നീളുന്ന തെരുവ് കച്ചവടങ്ങള്‍. അത്താഴ സമയമാകുമ്പോള്‍ വീും സജീവമാകുന്ന ചൗക്കുകള്‍...
എല്ലാവരെയും സ്വാഗതം ചെയ്യുമാറ് തുറന്നിട്ടിരിക്കുന്ന ബട്‌ലാ ഹൗസ് പരിസരങ്ങളിലെ പള്ളികള്‍. വിശാലമായ നോമ്പു തുറകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനും മറ്റുമായി ദല്‍ഹിയിലെത്തിയ ഒരാളെയും നിരാശപ്പെടുത്താത്തതാണ് ഈ നോമ്പുതുറ സ്‌നേഹങ്ങള്‍.
പകലിന് ദൈര്‍ഘ്യം കൂടിയതിനാല്‍ നോമ്പുതുറ കഴിഞ്ഞ് ഇശാഅ്, തറാവീഹ് നമസ്‌കാരങ്ങള്‍ വൈകിയാണ് ആരംഭിക്കുന്നത്. പതിനൊന്ന് മണിയും കഴിഞ്ഞ് അവസാനിക്കുന്ന തറാവീഹ് നമസ്‌കാരങ്ങള്‍. പള്ളിയും പരിസരവും മുതിര്‍ന്നവരെയും സ്ത്രീകളെയും കുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും.
റമദാനില്‍ ജെ.എന്‍.യു കാമ്പസ് അനുഭവങ്ങള്‍ വ്യത്യസ്തമാണ്. നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസില്‍ നോമ്പ് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദിയാണ്. റമദാനില്‍ മുഴുവന്‍ ഹോസ്റ്റലുകളിലും റമദാന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. അത്താഴത്തിനും നോമ്പുതുറക്കുമുള്ള വിഭവങ്ങള്‍ ഉണ്ടാക്കിയും അവ ഈ കൂട്ടായ്മകളിലൂടെ വിതരണം ചെയ്തും ഒത്തുചേരലുകളെ സാര്‍ഥകമാക്കുന്നു. പതിനഞ്ചിലധികം വരുന്ന ഹോസ്റ്റലുകളില്‍ ഈ കൂട്ടായ്മകള്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘടിത തറാവീഹ് നമസ്‌കാരങ്ങള്‍ മറ്റു കാമ്പസ് പരിസരങ്ങളിലൊന്നും പൊതുവെ കാണാറില്ല.
ദുരിതങ്ങളുടെ കയത്തിലാണ് ദല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ നോമ്പ്. ആകെയുണ്ടായിരുന്ന കിടപ്പാടവും സമ്പത്തും ആരോ ടെന്റുകള്‍ക്ക് തീയിട്ടതിനാല്‍ കത്തിക്കരിഞ്ഞു പോയതിന്റെ വേദന. മഴപെയ്താല്‍ വെള്ളം കെട്ടി കൊടിയ ദുരിതമായി മാറുന്ന ജീവിതം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും സ്വപ്‌നം കണ്ടിരിക്കുന്ന നിരവധി മനുഷ്യരിന്ന് ഗവണ്‍മെന്റും സന്നദ്ധ സംഘടനകളുമൊക്കെയായി ഒരുക്കിയ താല്‍ക്കാലിക ടെന്റുകളില്‍ ജീവിക്കുന്നു. ഒരു ദിവസം ക്യാമ്പിനു മുമ്പില്‍ കെട്ടിയുണ്ടാക്കിയ പള്ളിയില്‍ നമസ്‌കരിക്കാനായി നിന്നു. ഇല്ലായ്മകളിലും അവരെല്ലാവരും അഞ്ചു നേരവും ഒത്തുചേരുന്നയിടം.
തലകുനിച്ചു മാത്രമേ അകത്തു നില്‍ക്കാനാവൂ. ബാക്കിയായ തുണികള്‍ ചേര്‍ത്ത് നിലത്ത് വിരിച്ചിരിക്കുന്നു. പൊടിയും കൊതുകു ശല്യവുമൊക്കെ വലിയ ദുരിതങ്ങളാവുന്ന നമുക്കു മുമ്പില്‍ ജീവിത യാഥാര്‍ഥ്യത്തിന്റെ നോവനുഭവമാണ് ഈ ജനത.
നിരവധി സന്നദ്ധ സംഘങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് റോഹിങ്ക്യന്‍ ക്യാമ്പുകളില്‍. വിഷന്‍ 2026-ന്റെ നേതൃത്വത്തില്‍ വിപുലമായ നോമ്പുതുറ കാലിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നടക്കുകയുണ്ടായി. ഇല്ലായ്മകളുടെ ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷകളുടെ നിറമാണ് റോഹിങ്ക്യന്‍ ജനതക്ക് റമദാന്‍.
കഴിഞ്ഞ വര്‍ഷം റമദാന്‍ അവസാനം പെരുന്നാള്‍ സന്തോഷങ്ങള്‍ക്ക് കാതോര്‍ക്കവെ നോവുന്ന ഓര്‍മയായി മാറുകയായിരുന്നു ജുനൈദ്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ സന്തോഷത്തില്‍ ദല്‍ഹിയിലെത്തി പെരുന്നാള്‍ ഉടുപ്പുകള്‍ വാങ്ങി കുടുംബത്തിലേക്ക് മടങ്ങും വഴിയാണ് പതിനാറുകാരനായ ജുനൈദ് ട്രെയ്‌നില്‍ വെച്ച് അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ ആഘോഷങ്ങള്‍ ഒഴിവാക്കിയും ജുനൈദിനു വേണ്ടി ശബ്ദിച്ചും രാജ്യത്ത് ഉയര്‍ന്നു വന്ന പ്രതിരോധങ്ങള്‍ നാം കണ്ടു. ദല്‍ഹിയിലെ സന്ദര്‍ശനത്തില്‍ ജുമാമസ്ജിദിന് മുമ്പില്‍ അവസാനമായി ജുനൈദ് നില്‍ക്കുന്ന ചിത്രം ഏവരിലും നൊമ്പരമുയര്‍ത്തുന്നതാണ്. ജുനൈദിന്റെ ഓര്‍മകള്‍ക്ക് ശക്തി പകര്‍ന്ന്, കുട്ടികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠം പഠിപ്പിക്കുന്ന കേന്ദ്രം തുറന്നും ഫാഷിസ്റ്റ് വിരുദ്ധ ശബ്ദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നും കഴിഞ്ഞ ഒരു വര്‍ഷമായി ജുനൈദിന്റെ ഉമ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിശ്ചയദാര്‍ഢൃത്തിന്റെ പര്യായമാവുകയാണ്. തിരോധാനത്തിനിരയാക്കപ്പെട്ട നജീബ് അഹ്മദിന്റെ കുടുംബവും പോരാട്ടത്തിന്റെ ഉറച്ച വഴിയിലുണ്ട്. ത്യാഗത്തിന്റെയും ക്ഷമയുടെയും പുതു ഉന്മേഷത്തിന്റെയും മാസം കൂടിയാണല്ലോ പരിശുദ്ധ റമദാന്‍. മനുഷ്യമനസ്സുകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ കാളകൂടമൊഴിക്കാന്‍ വരുന്നവര്‍ക്ക് മുമ്പില്‍ ഈ ഉമ്മമാരും കുടുംബവും പകര്‍ന്നു നല്‍കുന്ന നിശ്ചയ ദാര്‍ഢ്യവും നീതിക്കായി പോരാടാനു
ള്ള ഊര്‍ജവും നാം കാണാതെ പോവരുത്.
നിരവധി മലയാളികളുടെയിടം കൂടിയായ ദല്‍ഹിയില്‍, വിവിധ മുസ്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഇഫ്ത്വാറുകള്‍ നടക്കാറുണ്ട്. റമദാനിന്റെ ഭാഗമായി ദല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി സേവന സഹായ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്ത്വാറുകള്‍ ഒരു പുതിയ സന്ദേശം പകര്‍ന്നു നല്‍കാന്‍ സഹായകമായി.
ദല്‍ഹി നോമ്പനുഷ്ഠിക്കുകയാണ്...
Comments