Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ഈദുല്‍ ഫിത്വ്ര്‍: ദേഹേഛയെ മെരുക്കിയെടുത്തതിന്റെ ആഹ്ലാദപ്രകടനം

എം.ഐ അബ്ദുല്‍ അസീസ്(അമീര്‍, JIH കേരള)

റമദാന്‍ മാസത്തോട് വിടചൊല്ലി ഇനി ഈദുല്‍ ഫിത്വ്‌റിലേക്ക്. പ്രപഞ്ചനാഥന്റെ ഇഛകള്‍ക്കു മുന്നില്‍ സ്വന്തം ദേഹേഛയെ മെരുക്കിയെടുത്തതിന്റെ ആഹ്ലാദപ്രകടനമാണ് വിശ്വാസിയുടെ ഈദുല്‍ ഫിത്വ്ര്‍- അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.

റമദാനിന്റെ അവസാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശ്വാസി കൂടുതല്‍ ഉത്സുകനാവുകയാണ്. തന്റെ ജീവിതത്തിലെ അവസാനത്തെ അനര്‍ഘ നിമിഷങ്ങളാകുമോ കടന്നുപോകുന്നതെന്ന വിചാരം ഓരോരുത്തരിലും സജീവമാണ്. അതിനാല്‍ അല്ലാഹുവിന്റെ സാമീപ്യം കൂടുതല്‍ കരഗതമാകുന്നതിന് അവന്റെ ഭവനങ്ങളില്‍ ഭജനമിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളെ തന്നോട് ചേര്‍ത്തു നിര്‍ത്തിയും അവരോടുള്ള ബന്ധത്തെ ദൃഢപ്പെടുത്തിയും മാത്രമേ നാഥനിലേക്ക് അടുക്കാനാവൂ എന്നതാണല്ലോ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആത്മീയത. റമദാനില്‍ നിര്‍വഹിച്ചു തീര്‍ത്ത ആരാധനാകര്‍മങ്ങള്‍, കണ്ണീരണിഞ്ഞ പ്രാര്‍ഥനകള്‍, ദാനധര്‍മങ്ങള്‍, മറ്റനേകം സല്‍ക്കര്‍മങ്ങള്‍ എല്ലാം അല്ലാഹുവിലേക്കെത്തണമെങ്കില്‍ ചുറ്റുപാടുമുള്ള മനുഷ്യരെ തന്നോട് ചേര്‍ത്തുനിര്‍ത്തിയേ പറ്റൂ. അതാണ് ഫിത്വ്ര്‍ സകാത്ത്. ഇളം പൈതല്‍ മുതല്‍ വയോധികനുവരെ അതു നിര്‍ബന്ധമാണ്. സമൂഹത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ് ഫിത്വ്ര്‍ സകാത്ത് പ്രതീകവല്‍ക്കരിക്കുന്നത്. അതിന്റെ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വ്ര്‍.

അല്ലാഹുവിന് വിധേയപ്പെടുന്നവരെ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നത് അവന്റെ നടപടിക്രമമാണ്. ഇസ്‌ലാമിക സമൂഹത്തിന് നേരെ ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ കനത്തുവരുന്ന ഭീഷണമായ സാഹചര്യങ്ങളെ ഈ തലത്തിലാണ് വിശ്വാസി വിലയിരുത്തുക. ''ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ക്ഷമയവലംബിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിക്കുക'' (അല്‍ബഖറ 155). കൂടുതല്‍ കരുത്തോടെ ദുശ്ശക്തികള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന പ്രഖ്യാപനമാണ് ഒാരോ തക്ബീറും.

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന മികച്ച സന്ദര്‍ഭമാണ് ഈദ് ദിനം. പ്രയാസങ്ങളനുഭവിക്കുന്ന, ദുരിത ജീവിതം നയിക്കുന്ന, നീതിയുടെ പക്ഷത്തു നിന്ന് പൊരുതിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി വിശ്വാസിയുടെ പ്രാര്‍ഥനകളുടെ കൈകളുയരണം. നല്ല നാടിനുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്മാരുടെ പാരമ്പര്യമാണ് വിശ്വാസികള്‍ക്കുള്ളത്. ആശങ്കകളും ഭീതിയുമില്ലാത്ത സാമൂഹികാന്തരീക്ഷം നമ്മുടെ സ്വപ്‌നവും ലക്ഷ്യവുമാണ്. നാടിന്റെയും സമൂഹത്തിന്റെയും നല്ല നാളെകളെ നമ്മുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം. വല്ലാത്ത ഭീതിയുടെ അന്തരീക്ഷത്തിലൂടെയാണ് റമദാന്‍ കഴിഞ്ഞുപോകുന്നത്. മാരകമായ പകര്‍ച്ചവ്യാധി നമ്മെയൊന്ന് ഞെട്ടിച്ചുകളഞ്ഞു. നേട്ടങ്ങളേറെ കൊയ്തിട്ടുണ്ടെങ്കിലും പെട്ടെന്ന് കടന്നുവരുന്ന മാരക വ്യാധികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാനേ സാധിക്കുന്നുള്ളൂ. പ്രതിരോധ നടപടികളും ഗവേഷണങ്ങളും അതിവേഗത്തില്‍ നടക്കുമ്പോള്‍ തന്നെ, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മയോടുള്ള ദൈവത്തിന്റെ പ്രതികരണമാണോ ഇത്തരം വ്യാധികളെന്ന ആലോചന പ്രസക്തമാണ്.  നബി (സ) പറഞ്ഞല്ലോ: ''ഒരു ജനതയില്‍ മ്ലേഛത വ്യാപിക്കുകയും അത് നിസ്സങ്കോചം പരസ്യപ്പെടുത്തുകയും അതിനെ പ്രതിരോധിക്കാന്‍ ആരും മുന്നോട്ടു വരാതിരിക്കുകയും ചെയ്താല്‍ ആ ജനതയില്‍ മാരക വ്യാധികളും അവരുടെ മുമ്പ് കഴിഞ്ഞുപോയ തലമുറകള്‍ക്ക് പരിചിതമല്ലാത്ത മഹാവ്യാധികളും പ്രകടമാകും.''

ദൈവിക ശിക്ഷ വന്നുഭവിക്കാനുള്ള എല്ലാ ന്യായങ്ങളും പൂര്‍ത്തീകരിച്ചവരായി സമൂഹം മാറിയിരിക്കുന്നോ? തിന്മകള്‍ അരങ്ങുവാഴുമ്പോഴും നിസ്സംഗരായി നോക്കി നില്‍ക്കുന്നവരാണോ നാം? വ്യഭിചാരം, കൊലപാതകം, ബലാത്സംഗം, അഴിമതി, സംഘം ചേര്‍ന്ന് തങ്ങളെപ്പോലൊരു മനുഷ്യനെ തല്ലിക്കൊല്ലല്‍, അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി നാടൊട്ടുക്കും പ്രചരിപ്പിക്കല്‍, നീതി തേടി ചെല്ലുന്നവരെ വിരട്ടിയോടിക്കല്‍, കൊള്ളലാഭവും പിടിച്ചുപറിയും അരങ്ങുവാഴുന്ന വിപണികള്‍, പലിശയും ഊഹക്കച്ചവടവും വാഴുന്ന സാമ്പത്തിക വ്യവസ്ഥ, തിന്മയുടെ ഏതറ്റം വരെയും കൊുപോകുന്ന ഉപകരണങ്ങള്‍ വിരല്‍തുമ്പില്‍,  അനീതിയുടെ പക്ഷത്തേക്ക് കനം തൂങ്ങുന്ന നീതിന്യായ സ്ഥാപനങ്ങള്‍,  ജാതീയത, വയോധികരോടും പിഞ്ചു കുഞ്ഞുങ്ങളോടും കാണിക്കുന്ന രക്തം മരവിക്കുന്ന ക്രൂരതകള്‍, അക്രമികളെ ന്യായം ചമച്ച് രക്ഷപ്പെടുത്താനുള്ള ഭരണകൂടശ്രമങ്ങള്‍, തന്റെ വിഴുപ്പുഭാണ്ഡങ്ങള്‍ മറ്റുള്ളവരുടെ മേല്‍ തള്ളുന്ന കീഴ്‌മേല്‍ മറിഞ്ഞ ശുചിത്വബോധം - നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രങ്ങളാണിവയൊക്കെ. പേമാരിയായി, പകര്‍ച്ചവ്യാധികളായി, മാറാരോഗങ്ങളായി ദൈവിക നടപടി പതിക്കാതിരിക്കാന്‍ നമുക്ക് ന്യായങ്ങളുണ്ടോ? അതോ ഇതൊക്കെയും ഒരു പരീക്ഷണമോ? വരാനിരിക്കുന്ന ഒരു മഹാവിപത്തിനെ കുറിച്ച സൂചനകളോ? ധാര്‍മികമായി ഒരു തിരിച്ചുപോക്ക് ഈദ് സമൂഹത്തോട് ആവശ്യപ്പെടുന്നുണ്ട്.

ഈദുല്‍ ഫിത്വ്ര്‍ ആഘോഷമാണ്. മനുഷ്യസമൂഹത്തിന്റെ ഏകതയുടെ ആഘോഷം. മനുഷ്യര്‍ക്കാകമാനം സന്മാര്‍ഗമായി ഖുര്‍ആന്‍ പെയ്തുകൊണ്ടിരുന്ന മാസമാണ് റമദാന്‍. ജാതിവെറിയുടെ പേരിലുള്ള കൊലവിളികളാണ് ഇന്നും കേട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗവും വര്‍ണവും ദേശവും ഭാഷയും ലിംഗവുമെല്ലാം വിവേചനത്തിന്റെ മാനദണ്ഡങ്ങളാകുന്ന കാലത്ത് മനുഷ്യന്‍ എന്ന ഒറ്റ പോയിന്റില്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കണമെന്നാണ് ഈദ് ആഹ്വാനം ചെയ്യുന്നത്. ഒരാദര്‍ശത്തിന്റെ വാഹകരെന്ന നിലക്ക് പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ച് മുന്നോട്ടുപോകാന്‍ സമുദായത്തോട് ഈ ആഘോഷാവസരം ആവശ്യപ്പെടുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍