പശ്ചിമേഷ്യന്‍ രക്തച്ചൊരിച്ചിലുകളുടെ പിതാവ്
ഭീകരനായ ഒരു മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ അയാള്‍ ബാക്കിവെച്ച ഭീകരതകളുടെ കണക്കുപുസ്തകം മാത്രം തുറന്നുവെക്കുന്നത് അത്ര ശരിയാകില്ല. പക്ഷേ, ബെര്‍ണാഡ് ലുയിസ് ഒരു ശരാശരി തെമ്മാടി ആയിരുന്നില്ല. ആധുനിക ലോകം ക രക്തച്ചൊരിച്ചിലുകളില്‍ പലതിന്റെയും പിതാവാണ് അദ്ദേഹം.
മുസ്‌ലിംകളെ ഭീകരരാക്കി ചിത്രീകരിക്കാനും 'പടിഞ്ഞാറ്' എന്ന് അയാള്‍ വിശേഷിപ്പിച്ച ശക്തിയുടെ സൈനിക ശേഷി മുസ്‌ലിംകള്‍ക്കെതിരെ പ്രയോജനപ്പെടുത്താനും മാത്രം ഇസ്‌ലാമിനെ തുടര്‍ച്ചയായി പഠിച്ച് ആയുസ്സ് നശിപ്പിച്ചയാള്‍. ഒന്നോര്‍ത്തുനോക്കൂ, താന്‍ വെറുക്കുന്ന ഒരു സമൂഹത്തെ കുറിച്ചു മാത്രം പഠിച്ച് ആയുസ്സ് തീര്‍ക്കാന്‍ ആര്‍ക്കു സാധിക്കും? അങ്ങനെയൊരാള്‍ എന്നത് നമുക്ക് ഒരു വിചിത്ര കല്‍പനയായിരിക്കും. പക്ഷേ, ബെര്‍ണാഡ് ലുയിസ് അതായിരുന്നു. 9/11 അനന്തര രാഷ്ട്രീയത്തിലെ ഇസ്‌ലാം-മുസ്‌ലിം വിദ്വേഷത്തിന്റെ മുഖ്യ സൈദ്ധാന്തികനായിരുന്നു അദ്ദേഹം.
''ശീതയുദ്ധത്തിന്റെ വക്താവും കടുത്ത ഇസ്രയേല്‍ വിധേയനുമായ സെനറ്റര്‍ ഹെന്റി എം. ജാക്‌സണുമായി ഡോ. ലുയിസിന്റെ സൗഹൃദവും സൈദ്ധാന്തിക അടുപ്പവും തലസ്ഥാനത്ത് സവിശേഷ ഇരിപ്പിടങ്ങളില്‍ അവരോധിക്കപ്പെടാനും, 2003-ല്‍ ഇറാഖ് അധിനിവേശം പദ്ധതിയിട്ട വൈറ്റ് ഹൗസിലെയും പെന്റഗണിലെയും സൂത്രധാരരില്‍ ഒരാളാകാനും അദ്ദേഹത്തെ സഹായിച്ചു.'' ബെര്‍ണാഡ് ലുയിസിന്റെ ഏറ്റവുമൊടുവിലെ നയനിലപാടുകള്‍ ഇതൊക്കെയായിരുന്നു. ഇറാഖിനെ ആക്രമിക്കുക, അധിനിവേശം നടത്തുക, എന്നിട്ട് നശിപ്പിച്ചുകളയുക. മരണത്തിന്റെയും നശീകരണത്തിന്റെയും ശക്തിയുമായി ഇതിലേറെ ആഴമേറിയതായിരുന്നു ലുയിസിന്റെ ആത്മബന്ധം. അഫ്ഗാനിസ്താനും ഇറാഖും ഇന്ന് കല്‍ക്കൂമ്പാരങ്ങളാണ്. ദശലക്ഷക്കണക്കിന് മുസ്‌ലിംകളും അറബികളും അറുകൊല ചെയ്യപ്പെട്ടു. ഗുരുതര പരിക്കുകളേറ്റ് അതിലേറെ പേര്‍ക്ക് ജീവിതം പാഴായി. സൈനിക അധിനിവേശത്തിന്റെ ഭീകരതയും അഭയാര്‍ഥി ക്യാമ്പുകളുമായി അപമാനം മാത്രം ജീവിത മുദ്രയായി. ലുയിസ് തന്റെ കൃതികളിലും ലേഖനങ്ങളിലുമായി തുടര്‍ച്ചയായും വ്യവസ്ഥാപിതമായും വിഷം വമിക്കുകയും സാമ്രാജ്യത്വ തമ്പുരാക്കന്മാരുടെ തലമുറകള്‍ക്ക് നിരന്തരം ഓതിക്കൊടുക്കുകയും ചെയ്യുമ്പോള്‍ ഇതുതന്നെയല്ലേ സംഭവിക്കൂ.
ഇസ്‌ലാമും മുസ്‌ലിംകളും എന്താണെന്ന് അറിയാന്‍ അവരുടെ സ്രോതസ്സായിരുന്നു ലുയിസ്. 'ഇസ്‌ലാം ഞങ്ങളെ വെറുക്കുന്നു'വെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍, ലുയിസായിരുന്നു ട്രംപിലൂടെ സംസാരിച്ചിരുന്നത്. ട്രംപിന്റെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ 'ഇസ്‌ലാം അര്‍ബുദമാണ്' എന്ന് പറയുമ്പോള്‍ ബെര്‍ണാഡ് ലുയിസിന്റേതായിരുന്നു ആ വാക്കുകള്‍. ലുയിസിനെ പ്രിന്‍സ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ചടങ്ങില്‍ ആദ്യമായി നേരിട്ട് കാണുമ്പോള്‍ ഞാന്‍ പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥിയായിരുന്നു. അക്കാദമിക സമൂഹവുമായി എന്നും കൃത്രിമമായ ഒരു അകലം നിലനിര്‍ത്താന്‍ ലുയിസ് ശ്രദ്ധിച്ചു. ഭരണകര്‍ത്താക്കള്‍, ചാരസംഘടനകളുടെ മേധാവികള്‍, രഹസ്യാന്വേഷണ വിഭാഗങ്ങള്‍, ഫലസ്ത്വീനിലെ ജൂത കുടിയേറ്റക്കാര്‍, മുസ്‌ലിം രാജ്യങ്ങളിലെ സാമ്രാജ്യത്വ സാമന്തന്മാര്‍ എന്നിവരുമായൊക്കെ അദ്ദേഹം ഉറ്റ സൗഹൃദം പു
ലര്‍ത്തി. അധികാരം അദ്ദേഹത്തോടൊപ്പം ചലിച്ചു. അത് ശരിക്കും ആസ്വദിക്കുകയും ചെയ്തു, അദ്ദേഹം.
യു.എസിലെയും ഇസ്രയേലിലെയും കടുത്ത ഇസ്‌ലാം വിരുദ്ധരായ സയണിസ്റ്റുകള്‍ അദ്ദേഹത്തെ വാനോളം വാഴ്ത്തുന്ന തിരക്കിലാണിപ്പോള്‍. നമുക്കു പക്ഷേ, അതിരിനിപ്പുറത്ത് നില്‍ക്കാനല്ലേ സാധിക്കൂ - ലുയിസ് മനസ്സ് കൊടുക്കുകയും സഹായിക്കുകയും ആയുധമണിയാന്‍ കൂടെ നില്‍ക്കുകയും ചെയ്ത, കടുത്ത മുസ്‌ലിംവിരുദ്ധത കൂട്ടായുള്ള ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റു പിടയുന്ന ഫലസ്ത്വീനികള്‍ക്കൊപ്പം.
ലുയിസിന്റെ അന്ത്യത്തോടെ അദ്ദേഹവും എഡ്വേഡ് സെയ്ദും തമ്മിലെ ആശയപോരാട്ടത്തിന്റെ നീണ്ട ചരിത്രം കൂടിയാണ് തിരശ്ശീലക്കു പിന്നിലേക്ക് മറയുന്നത്. 1986 നവംബര്‍ 22-ന് ബോസ്റ്റണില്‍ 'മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷന്‍' കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന പ്രശസ്ത സംവാദത്തിന്റെ സദസ്സിലിരിക്കുമ്പോള്‍ ഹാര്‍വാഡ് വാഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു ഞാന്‍. അതിനു മുമ്പ്, അനേകായിരം യുവ വിദ്യാര്‍ഥികളെ പോലെ ഞാനും ന്യൂയോര്‍ക് റിവ്യു ഓഫ് ബുക്‌സില്‍ അവരുടെ സംവാദം തുടര്‍ച്ചയായി വായിച്ചുവന്നിരുന്നു. സംശയലേശമന്യേ, ഞാന്‍ സെയ്ദിനൊപ്പമായിരുന്നു. അതു പക്ഷേ, രാഷ്ട്രീയ നിലപാട് കൊണ്ടൊന്നുമായിരുന്നില്ല, എന്റെ ധാര്‍മികവും ബൗദ്ധികവുമായ തീരുമാനമായിരുന്നു. അവര്‍ തമ്മിലെ വ്യത്യാസം സമ്പത്തിന്റെ രാഷ്ട്രീയവും കലഹിക്കാനുള്ള ബൗദ്ധിക ശേഷിയും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെടുന്നോ അതായിരുന്നു. അധികാരത്തിനൊപ്പവും അധികാരത്തിലും അധികാരത്തിനുവേണ്ടിയും സഞ്ചരിച്ച ചരിത്രകാരനായിരുന്നു ലുയിസ്. അതിന് അര്‍ഹമായി അദ്ദേഹം പ്രതിഫലം പറ്റുകയും ചെയ്തു. ജ്ഞാനോല്‍പാദനത്തിന്റെ രീതിശാസ്ത്രത്തില്‍ സാമ്രാജ്യത്വത്തിന്റെ നാണമില്ലായ്മ എത്ര ശക്തമാണോ അത്രയും ആഴത്തില്‍ ലുയിസ് അതിനെ പുല്‍കി. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ പൈതൃകം പകര്‍ത്തുന്നതില്‍ സെയ്ദ് നേരെ എതിര്‍വശത്താണ് നിലയുറപ്പിച്ചത്. ഫലസ്ത്വീന്റെ വായനയില്‍ അതാണ് അദ്ദേഹം സൈദ്ധാന്തികവത്കരിച്ചത്.
ലുയിസിനെയും ഒപ്പം 'ലോറന്‍സ് ഓഫ് അറേബ്യ' എന്ന പേരില്‍ അറിയപ്പെട്ട ബ്രിട്ടീഷ് കൊളോണിയല്‍ ഓഫീസറെയും ചേര്‍ത്തുവെക്കുക. അറബികളുടെ സംസ്‌കാരവും ഭാഷയും സ്വാംശീകരിച്ച്, അവിടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോളനിവത്കരണ പ്രക്രിയയുടെ ഭാഗമായ ലോറന്‍സ്. എന്നിട്ട്, എഡ്വേഡ് സെയ്ദിനെയും ഇതോടു ചേര്‍ത്തുവായിക്കുക. വിമര്‍ശനാത്മക ചിന്തയില്‍ വിപ്ലവം രചിച്ച എയിം സെസയര്‍, ഫ്രാന്‍ട്‌സ് ഫാനണ്‍, വി.വൈ മുഡിംബെ, എന്റിഖ് ഡസല്‍, അന്റോണിയോ ഗ്രാംഷി, തിയോഡര്‍ അഡോണോ തുടങ്ങിയവര്‍ക്കൊപ്പമാകും സെയ്ദിന്റെ സ്ഥാനം.
ഭൂമിയിലെ എല്ലാ വിഭാഗം ചിന്തകരും സെയ്ദില്‍ ആകൃഷ്ടരായിരുന്നു. നേരെ മറിച്ച്, അധികാരത്തിന്റെ പരിസരങ്ങളില്‍ മാത്രം നിലയുറപ്പിച്ച അവസരവാദികളായ ചിലര്‍ക്കായിരുന്നു ലുയിസിനോട് ഇഷ്ടം. 2003 ജനുവരിയില്‍, സെയ്ദ് വിടവാങ്ങുന്നതിന് മാസങ്ങള്‍ മുമ്പ്, മൊറോക്കോയിലെ റബാത്തില്‍ ഒരു പരിപാടിക്ക് ഞാനും സെയ്ദും ക്ഷണിക്കപ്പെട്ടിരുന്നു. 'സംസ്‌കാരങ്ങളുടെ സംവാദം' ആയിരുന്നു വിഷയം. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. സ്‌പെയിനില്‍നിന്ന് വിളിച്ച് ഞാനെങ്കിലും പോകണമെന്ന് സെയ്ദ് നിര്‍ബന്ധിച്ചു.
ഞാന്‍ അങ്ങനെ റബാത്തില്‍ ചെന്നു. എത്തിയപ്പോഴാണ് അറിഞ്ഞത് ലുയിസ് നേരത്തേ ഹാജരായിട്ടുണ്ടെന്ന്. പരിപാടിയിലുടനീളം ഈജിപ്ഷ്യന്‍ ചിന്തകന്‍ നസ്ര്‍ ഹാമിദ് അബൂ സെയദ്, സാഹിത്യ സൈദ്ധാന്തികന്‍ ഫേരിയല്‍ ഗസൂല്‍ എന്നിവര്‍ക്കൊപ്പമിരുന്ന് ഞാന്‍ വിവര്‍ത്തന ശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലുയിസ് ഇറാഖിലെ യു.എസ് താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ പോള്‍ ബ്രെമറുടെ ഉപദേഷ്ടാവ് നോഹ് ഫെല്‍ഡ്മാനുമായി ആശയവിനിമയത്തിലായിരുന്നു. സാമ്രാജ്യത്വ സേവയുടെ ബാറ്റണ്‍ അടുത്ത തലമുറയിലേക്ക് കൈമാറലായിരുന്നു ഇവിടെയെന്നു വ്യക്തം.
'മരിച്ചുപോയാലും തിന്മ ബാക്കിയാവും'
ആഗോള ഇടതുപക്ഷം വെറുക്കുകയും വലതുപക്ഷ സയണിസ്റ്റുകള്‍ ആരാധ്യപുരുഷനായി കാണുകയും ചെയ്യുന്ന ലുയിസിനെ രണ്ടിനുമിടയിലെ മധ്യ നിലപാടോടെ അനുസ്മരിക്കുന്നു എന്ന തരത്തിലാണ് അനുശോചന കുറിപ്പുകളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി. സത്യമാണ്, ആദ്യ കാലത്ത് ലുയിസ് മികച്ച പണ്ഡിതനായിരുന്നു. പക്ഷേ, അവസാന ഘട്ടത്തില്‍ പാണ്ഡിത്യം നശിച്ച് രാഷ്ട്രീയം അദ്ദേഹത്തില്‍ വിജയം നേടി. മധ്യനിലപാട് എന്ന പേരില്‍ ലുയിസിനെ അവതരിപ്പിക്കുന്നത് ഗൗരവമുള്ള ഒരു വിഷയത്തെ ചെറുതായി കാണലാണ്. രാഷ്ട്രീയവും ധാര്‍മികവുമായി ലുയിസിനെ വെറുക്കുമ്പോള്‍ തന്നെ, എഴുത്തിലും ചിന്തയിലും അദ്ദേഹം പുലര്‍ത്തിയ രീതിയും കോളനി മനസ്സും, വംശീയത ബാധിച്ച വിജ്ഞാനോല്‍പാദനവും ശ്രദ്ധിക്കണം. അധികാരത്തോട് ഒട്ടിനിന്നതിനാല്‍ അദ്ദേഹം സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നത് മാറ്റിനിര്‍ത്തിയാല്‍ ഉത്തരാധുനിക വിജ്ഞാനോല്‍പാദനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം പരാജയമായിരുന്നു.
ചരിത്ര വസ്തുതയോട് പ്രതിബദ്ധത നിലനിര്‍ത്തിയ പണ്ഡിതനായിരുന്നില്ല ലുയിസ്. നേരെ തിരിച്ച്, മുസ്‌ലിംകളെ ഭീകരരാക്കി മുദ്രകുത്താനും അവരുടെ സംസ്‌കാരത്തെ അവമതിക്കാനും ഒന്നിനും കൊള്ളാത്തവരെന്നു പറഞ്ഞ് മാറ്റിനിര്‍ത്താനും അവസരത്തിലും അനവസരത്തിലും വസ്തുതകളെന്ന പേരില്‍ ചിലത് പെറുക്കിയെടുത്ത് അവതരിപ്പിക്കാത്ത ഒരു ചരിത്ര പുസ്തകവും അദ്ദേഹത്തിന്റേതായി ഇല്ല. അവസാന കാലത്തെ മാസ്റ്റര്‍ പീസായി വാഴ്ത്തപ്പെടുന്ന What Went Wrong? The Clash Between Islam and Modernity in the Middle East (2002) എന്ന പുസ്തകവും പാണ്ഡിത്യം തുളുമ്പുന്ന രചനയൊന്നുമല്ല. യു.എസിലെയും യൂറോപ്പിലെയും സുരക്ഷാ, സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുസ്‌ലിം ലോകത്തെ എങ്ങനെ നിയന്ത്രിക്കാനാവുമെന്ന് പഠിപ്പിക്കുന്ന സ്‌റ്റൈല്‍ ഗൈഡോ ബോധവത്കരണ ലഘുലേഖയോ ഒക്കെ ആണത്. ചരിത്രത്തിന്റെ വികല പക്ഷത്തായിരുന്നു എന്നും ലുയിസ്. വെറുപ്പ് കാഴ്ചയെ അന്ധമാക്കിയ, കടുത്ത വംശീയത ആവേശിച്ച എഴുത്തുകാരന്‍. 2011-ലെ അറബ് ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിച്ച ലുയിസിന്റെ പ്രതികരണം മാത്രം മതി അദ്ദേഹത്തിന്റെ മനസ്സ് തുറന്നുകാട്ടാന്‍.
''മറ്റൊരു കാര്യം അതിന്റെ ലൈംഗിക വശമാണ്. മുസ്‌ലിം ലോകത്ത് പടിഞ്ഞാറുള്ള പോലെ ആകസ്മിക ലൈംഗികത എന്നൊന്നില്ല. അവിടെ ഒരു യുവാവിന് ലൈംഗികതക്ക് മോഹമുദിച്ചാല്‍ രണ്ടേ വഴിയുള്ളൂ - വിവാഹം, അല്ലെങ്കില്‍ വേശ്യാലയ സന്ദര്‍ശനം. നിരവധി യുവാക്കളാണ് വിവാഹത്തിനോ വേശ്യാലയത്തില്‍ നല്‍കാനോ പണമില്ലാതെ വളര്‍ന്നുവരുന്നത്. അവരുടെ മനസ്സ് നിറയെ ലൈംഗികതയാണ്. സ്വര്‍ഗത്തിലെ ഹൂറിമാരെ മോഹിച്ച് ചാവേറുകളാകാന്‍ അങ്ങനെ അവര്‍ വേഷം കെട്ടുന്നു. അതല്ലേ, അവനു വഴിയുള്ളൂ. അല്ലെങ്കില്‍, കടുത്ത നിരാശ മാത്രം.'' കറുപ്പിലും വെള്ളയിലുമുള്ള അശ്ലീലമെന്നല്ലാതെ ഇതിനെ എന്തു വിളിക്കും. ധാര്‍മിക, രാഷ്ട്രീയ, ബൗദ്ധിക തലങ്ങളില്‍ അറബ് ലോകത്തെ കുറിച്ച സമ്പൂര്‍ണ അജ്ഞാനം.
The Assassins: A Radical Sect in Islam (1967) എന്ന തന്റെ കൃതി മുസ്‌ലിംകളെ ജന്മനാ കൊലപാതകികളായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു. ഫര്‍ഹദ് ദഫ്തരി പോലുള്ള പ്രമുഖ എഴുത്തുകാരൊക്കെയും ഇതിനെ അസ്പഷ്ട ജല്‍പനമെന്നു പറഞ്ഞ് തള്ളിയതാണ്. ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍, മുസ്‌ലിമിനും ആധുനിക ലോകത്തിനുമിടയില്‍ ഒരിക്കലും ഒന്നിക്കാത്ത വിടവ് തീര്‍ക്കലായിരുന്നു ലുയിസിന്റെ ഇഷ്ട മേഖല.The Muslim Discovery of Europe (1982), Islam and the West (1993) എന്നീ രണ്ടു കൃതികള്‍ ഇതിന്റെ മകുടോദാഹരണങ്ങളാണ്. ഒരു ഇസ്‌ലാം പണ്ഡിതനായിരുന്നില്ല ലുയിസ്. മുസ്‌ലിം ലോകത്തെ ഏറ്റവും കൃത്യമായി ഭരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഓഫീസര്‍ മാത്രമായിരുന്നു അദ്ദേഹം. 1947-ലെഴുതിയ A Handbook of Diplomatic and Political Arabic എന്ന ആദ്യകാല കൃതി ഇത് വ്യക്തമാക്കുന്നുണ്ട്.
ലുയിസ് ബാക്കിവെച്ച പൈതൃകം അന്വേഷിക്കുമ്പോള്‍ യു.എസ് പ്രസിഡന്റ് ട്രംപും അദ്ദേഹത്തെ വലയം ചെയ്ത ശതകോടീശ്വരന്മാരായ സംഘവും പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാംഭീതിയുടെ വ്യവസായത്തെ കുറിച്ച് ചിന്തിക്കണം. ലുയിസ് ബാക്കിവെച്ച പൈതൃകം അന്വേഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയായ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ അതായത്, യു.എസ് പ്രസിഡന്റിനു തൊട്ടടുത്തിരിക്കുന്ന തരംതാണ യുദ്ധക്കൊതിയനായ വ്യക്തിത്വത്തെ ഓര്‍ക്കണം. കടുത്ത മുസ്‌ലിംവിരുദ്ധത മനസ്സില്‍ ആവേശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ മറക്കാതിരിക്കണം. മുസ്‌ലിംകളെ കൊലക്കുകൊടുക്കാന്‍ ഉത്തരവിട്ട വനിത, യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ മേധാവി ഗിന ഹാസ്‌പെലിനെ ഓര്‍ക്കണം. ബെര്‍ണാഡ് ലുയിസിനെ വാഴ്ത്തിയവരെ കൂടി സാന്ദര്‍ഭികമായി അനുസ്മരിക്കണം. ''നമ്മുടെ കാലത്ത് ഇസ്‌ലാമിനെയും പശ്ചിമേഷ്യയെയും കുറിച്ച മഹാനായ പണ്ഡിതനായിരുന്നു ബെര്‍ണാഡ് ലുയിസ്. ഇസ്രയേലിന് ശക്തമായ പ്രതിരോധമൊരുക്കിയതിന് അദ്ദേഹത്തോട് എന്നും കടപ്പാടുണ്ടാകും'' - ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍. ''പശ്ചിമേഷ്യയെ കുറിച്ചുള്ള എന്റെ ധാരണക്ക് അദ്ദേഹത്തിന്റെ കൃതികളോടാണ് എന്റെ കടപ്പാട്'' - പറയുന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ''പശ്ചിമേഷ്യയെ കുറിച്ച് ഇത്ര ആധികാരികനായ ഒരാളെ കണ്ടെത്താനാകില്ല'' - അബൂഗുറൈബിലെ ജലശിക്ഷയുടെ ഉപജ്ഞാതാവായ ഡിക് ചെനിയുടെ വാക്കുകള്‍. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിമര്‍ശന ചിന്തകരുടെ വിശാല സീമയിലൊരിടത്തും ലുയിസിന് ഇടം ഉണ്ടായിരുന്നേയില്ല. എന്നേ അദ്ദേഹത്തിന്റെ രചനകളെ ഓറിയന്റലിസ്റ്റ് ഗണത്തില്‍ പെടുത്തി അവര്‍ തള്ളിയിരുന്നു. ലുയിസ് മരിക്കുന്നതിന് 36 വര്‍ഷം മുമ്പ് എഡ്വേഡ് സെയ്ദ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''ലുയിസിന്റെ വാചാടോപം തന്റെ നിലപാടുകളിലെ ആശയപരമായ വാശികളെയും കള്ളം പറയാനുള്ള അസാധാരണ ശേഷിയെയും മറച്ചുവെക്കുന്നു.''
വിവ: മന്‍സൂര്‍
Comments