Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

നേതാക്കളേ, ഈ മൗനം ആര്‍ക്കു വേണ്ടിയാണ്?

നൗഷാദ് കണ്ണങ്കര

സമൂഹത്തെ നയിക്കുന്നവനാണ് നേതാവ്. അറിവും കഴിവും വിനയവും കൊണ്ട് ഉയര്‍ന്നു നില്‍ക്കേണ്ടവന്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവന്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടവന്‍, വ്യക്തിയെയും സമൂഹത്തെയും നേര്‍വഴിക്ക് നയിക്കാന്‍ ബാധ്യതപ്പെട്ടവന്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിനു വിപരീതമാണ് കാര്യങ്ങള്‍. ഉത്തരവാദിത്ത ബോധം, ദീര്‍ഘദര്‍ശനം, യാഥാര്‍ഥ്യബോധം, നേതൃശേഷി തുടങ്ങിയവയില്‍ ഏറെ പരാജയമാണ് നമ്മുടെ മിക്ക നേതാക്കളും. എന്നാല്‍ ഉമറുബ്‌നുല്‍ ഖത്വാബിനെയും മഹാത്മാ ഗാന്ധിയെയും പോലെ നേതൃപദവിയില്‍ ഉറക്കം നഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലുമുണ്ട് എന്നതും മറക്കുന്നില്ല. നമ്മുടെ വര്‍ത്തമാനകാല സാമൂഹികാവസ്ഥകള്‍ വെച്ചുകൊണ്ട് നേതാക്കളോട് ചിലത് ചോദിക്കാനാഗ്രഹിക്കുന്നു; നേതാക്കളേ, നാട് കത്തുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് നിശ്ശബ്ദമായിരിക്കുന്നു? മദ്യം, മയക്കുമരുന്ന്, വ്യഭിചാരം, ബലാത്സംഗം, കൊലപാതകം തുടങ്ങിയവ നാടും നഗരവും അടക്കിവാഴുന്നു. ഭരണകൂടങ്ങള്‍ അക്രമികളുടെ പക്ഷം ചേരുന്നു, അഛന്മാര്‍ പെണ്‍മക്കളെ കുത്തിക്കൊല്ലുന്നതുള്‍പ്പെടെ അറുകൊലകളുടെ വാര്‍ത്തകള്‍ നിത്യവും നമ്മിലേക്ക് എത്തുന്നു.

മയക്കുമരുന്നിന്റെ വ്യാപനം നമ്മുടെ വീടകങ്ങളില്‍ വരെ എത്തിയിട്ടുണ്ടല്ലോ.  ജീവനും മാനവും പണവും ഒന്നും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുന്നു. നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ട്. നേതാക്കളേ, നാടുകളിലേക്ക് എത്തിയ പൈശാചികത താമസിയാതെ നിങ്ങളുടെ കതകിലും മുട്ടും. ഇന്നലെ അവന്‍, ഇന്ന് അവള്‍, നാളെ നിങ്ങളായിരിക്കും ഇരകള്‍......

ഈ അവസ്ഥ തനിയെ ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്. മത സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെല്ലാം ഇതില്‍ പങ്കുണ്ട്. മദ്യഷാപ്പുകള്‍ക്കും വ്യഭിചാര ശാലകള്‍ക്കും ചൂതാട്ട കേന്ദ്രങ്ങള്‍ക്കും ഭരണകൂടമാണ് കാവല്‍. മദ്യത്തിന്റെ ബോട്ടിലുകളിലും പുകയില ഉല്‍പന്നങ്ങളിലും 'ഇത് ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതുന്നതോടെ അവസാനിക്കുന്നതാണോ സര്‍ക്കാര്‍ ധര്‍മം? മദ്യത്തിന്റെ ഉപഭോഗം കുറക്കുമെന്ന് പറഞ്ഞ ഭരണകൂടം ഇത് കൂട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.

അധികാര പീഠങ്ങളില്‍ അഴിമതി വീരന്മാര്‍, ആരാധനാലയത്തിന്റെ നടത്തിപ്പുകാരില്‍ ചതിയന്മാരും പലിശ ഏജന്റുമാരും, അഛന്റെയും അമ്മയുടെയും സ്ഥാനത്ത് മനുഷ്യ പിശാചുക്കള്‍! മക്കളെ അയല്‍പക്കത്ത് നിര്‍ത്തി പോയിരുന്ന നമ്മുടെ മാതാക്കള്‍ക്ക് ഇന്ന് സ്വന്തം വീട്ടില്‍ പോലും അവരെ നിര്‍ത്തി പോകാന്‍ കഴിയാത്ത അവസ്ഥ!

പള്ളി, അമ്പലം, ചര്‍ച്ച്, മതോപദേശങ്ങള്‍ ഒന്നിനും ഒരു കുറവുമില്ല. വെള്ളിയാഴ്ചകളില്‍ പള്ളി മിമ്പറില്‍നിന്നും ഞായറാഴ്ച ചര്‍ച്ചുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നുമൊക്കെ സാരോപദേശങ്ങള്‍ കേട്ടിട്ടും എന്തുകൊണ്ട് ജീവിതം ഇത്രമാത്രം ജീര്‍ണമായിത്തീരുന്നു! മത പ്രഭാഷകരേ, പുരോഹിതന്മാരേ, ഖത്വീബുമാരേ, ആദരപൂര്‍വം ചോദിക്കട്ടെ: നിങ്ങളുടെ ശബ്ദം എന്തുകൊണ്ട് പാഴായിപ്പോകുന്നു? നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങള്‍ കല്‍പിക്കുന്നുവോ; നിങ്ങള്‍ കല്‍പിക്കുന്നത് നിങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നുവോ? മലിനപ്പെട്ട സ്വന്തം ഹൃദയത്തെ വൃത്തിയുള്ള വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നുവോ? ആത്മാര്‍ഥതയില്ലാതെ നിങ്ങള്‍ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ആത്മാവില്ല! ആത്മാവില്ലാതെ ആത്മീയത ഉണ്ടാകില്ല! ഒരിക്കല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അടുത്ത് അമിതമായി മധുരം കഴിക്കുന്ന ഒരു കുട്ടിയെ ഉപദേശിക്കാന്‍ കൊണ്ടുവന്നു. കുട്ടിയെ ഉപദേശിക്കണമെന്ന അപേക്ഷയുമായി വന്ന രക്ഷിതാവിനോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ ജീലാനി ആവശ്യപ്പെട്ടു. ശൈഖ് സ്വയം ചികിത്സിക്കുകയായിരുന്നു. കുട്ടിയെ പോലെ മധുരപ്രിയനായ ഞാനെങ്ങനെ മധുരം കഴിക്കരുത് എന്ന് അവനെ ഉപദേശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. നമ്മളാണ് മാറേണ്ടത്, നമ്മുടെ നിലപാടുകളും. പെന്റുലം നിന്നുപോയ ഒരു ക്ലോക്കിന്റെ പെന്റുലമല്ല നന്നാക്കേണ്ടത്, മെഷീനാണ്. കാപട്യവും അഴിമതിയും വഞ്ചനയും കൊലയും നടത്തുന്ന മത -രാഷ്ട്രീയ നേതാക്കന്മാരെയാണ് നമ്മള്‍ ആദ്യം ചികിത്സിക്കേണ്ടത്. എന്നാലേ നമ്മുടെ നാട് നന്നാകൂ. ഇനിയുള്ള കാലം അതിനുള്ള ശ്രമം നടക്കട്ടെ. ഇനി നമുക്ക് ഡോക്ടറെ ചികിത്സിക്കാം. ഡോക്ടര്‍ രോഗമുക്തനായാല്‍ രോഗികളും രോഗമുക്തരാകും.

 

 

 

പാവപ്പെട്ടവരുടെ പെരുന്നാള്‍

സമത്വം എന്ന വാക്കിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ഇസ്‌ലാം. ഇസ്‌ലാമിലെ എല്ലാ ആരാധനകളിലും അത് തെളിഞ്ഞു കാണുന്നുണ്ട്. അത് ആഘോഷ വേളകളിലും പാലിക്കാന്‍ നമുക്ക് സാധിക്കണം. പതിനായിരങ്ങള്‍ കൊടുത്ത് നമ്മള്‍ പട്ട് വസ്ത്രം വാങ്ങുമ്പോള്‍ പുതിയതെന്ന് പറയാന്‍ ഒന്നുമില്ലാത്ത പതിനായിരങ്ങള്‍ വിലപിക്കുന്നുണ്ടെന്ന വസ്തുത മറക്കാന്‍ പാടില്ല. വസ്ത്രങ്ങള്‍ വാങ്ങാന്‍ നമ്മള്‍ ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ശതമാനം പാവപ്പെട്ടവര്‍ക്കു വേണ്ടിയും മാറ്റിവെക്കണം.  നമ്മുടെ ആഘോഷങ്ങള്‍ക്ക് ആരാധനയുടെ പ്രതീതി കൈവരുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ വിഹിതം കൊടുക്കുമ്പോഴാണ്.

മുഹമ്മദ് അനസ് ആലങ്കോള്‍

 

 

ആരാധനകളുടെ നഗരവത്കരണം

ജുമുഅ, പെരുന്നാള്‍, തറാവീഹ് തുടങ്ങിയവക്ക് കഴിയുന്നതും സ്വന്തം മഹല്ലില്‍ തന്നെ പങ്കെടുക്കുകയാണല്ലോ ഉത്തമം. അതില്‍ പല പ്രയോജനങ്ങളുമുണ്ട്. ഇതിനെല്ലാം ടൗണ്‍ പള്ളികളില്‍ പോകുന്ന ഒരു രീതി കണ്ടുവരുന്നു. നേതാക്കളോ പ്രഭാഷകരോ ടൗണില്‍ ഖുത്വ്ബ നടത്തുന്നതും, മികച്ച ഖാരിഉകള്‍ തറാവീഹിന് ഇമാമത്ത് നില്‍ക്കുന്നതും ടൗണുകളില്‍ വലിയ ഈദ്ഗാഹ് ഉണ്ടാകുന്നതുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും ടൗണില്‍ പോകുമ്പോള്‍ അവിടത്തെ പള്ളികളില്‍ പങ്കെടുക്കുന്നതല്ല പ്രശ്‌നം, ഗ്രാമങ്ങളിലെ പള്ളികള്‍ വിട്ട് അതിനു മാത്രമായി പോകുന്നതാണ്. വാഹന സൗകര്യം ഉണ്ടെങ്കില്‍ കുടുംബ സമേതം പോകാം. കൂട്ടത്തില്‍ ഷോപ്പിംഗും ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിക്കാം എന്നൊക്കെ ചിന്തിക്കുന്നു ചിലര്‍. ഇതൊരു ഫാഷന്‍ പോലെ ആയിത്തീരുന്ന അവസ്ഥയുമുണ്ട്. ഇതു കാരണം നാട്ടിന്‍പുറങ്ങളിലെ പല മഹല്ലുകളിലെയും പ്രവര്‍ത്തനം നിര്‍ജീവമാകുന്നു. ജുമുഅക്ക് ആളുകള്‍ കുറയുന്നു, വെള്ളിയാഴ്ച പോലും മഹല്ല് കമ്മിറ്റികള്‍ കൂടാന്‍ കഴിയുന്നില്ല. വേനല്‍കാലത്ത് ഗ്രാമങ്ങളില്‍ നടത്തിയിരുന്ന വഅ്‌ള് പരമ്പരകളും തിരക്കൊഴിഞ്ഞുവന്നു. ഈ വിഷയത്തില്‍ പുനരാലോചന ആവശ്യമാണ്. ഓരോരുത്തരും അവരുടെ മഹല്ല് പള്ളികളില്‍ തന്നെ ജുമുഅക്കും പെരുന്നാളിനും പങ്കെടുക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും ഉത്തമം.

പി. അബു തിരൂര്‍ക്കാട്

 

 

 

നിപ്പ പറയുന്നത്

ഓരോ വര്‍ഷവും പുതിയ പുതിയ രോഗങ്ങളാണ് നമ്മെ തേടിയെത്തുന്നത്. ഭീതിപ്പെടുത്തുന്നൊരു പകര്‍ച്ചവ്യാധിയാണ് 'നിപ്പ' എന്ന പേരില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. നമ്മുടെ ചെറിയ ബുദ്ധി വെച്ച് നാമതിന് വിശദീകരണം നല്‍കുന്നു. ജനങ്ങള്‍ ഇക്കാലമത്രയുമില്ലാത്ത ഭീതിയില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നു. ആരോഗ്യ വകുപ്പ് പലവിധ ക്രമീകരണങ്ങളും നടത്തി നോക്കുന്നു. എന്നിട്ടും ഭീതിയൊഴിയുന്നില്ല.

ആരോഗ്യരംഗത്ത് മുന്നിലാണ് നാമെന്നാണ് വെപ്പ്. വ്യക്തി ശുചിത്വത്തിലും വലിയ ശ്രദ്ധയുള്ളവര്‍. ഇതിനേക്കാള്‍ പ്രയാസകരമായ അവസ്ഥകളില്‍, വൃത്തിയില്ലാത്ത കോളനികളില്‍ പുഴുക്കളെ പോലെ ജീവിക്കുന്ന മനുഷ്യര്‍ ഉത്തരേന്ത്യയിലും മറ്റുമുണ്ട്. അവര്‍ക്ക് ഇത്തരം ഭീകര രോഗങ്ങള്‍ പിടിപെട്ടതായി കേട്ടിട്ടില്ല. ഇത് തീര്‍ച്ചയായും കടുത്ത പരീക്ഷണമാണ്, മുന്നറിയിപ്പാണ്. പുറമെ വൃത്തി നടിക്കുകയും അകമേ മാലിന്യ സംസ്‌കാരം കൊണ്ടുനടക്കുകയും ചെയ്യുന്ന നമുക്ക് തിരിച്ചറിവിനുള്ള അവസരം കൂടിയാണിത്.  നമ്മുടെ നാടും തോടും കുളങ്ങളും പുഴകളും നമ്മുടെ മാലിന്യ സംസ്‌കാരം വിളിച്ചു പറയുന്നില്ലേ? മൂക്കു പൊത്താതെ വഴി നടക്കാന്‍ കഴിയുന്നുണ്ടോ? ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം നമ്മെ ഇപ്പോള്‍ തന്നെ കാര്‍ന്നുതിന്നുകയല്ലേ? ഇറച്ചിക്കോഴി കച്ചവടം പൊടിപൊടിക്കുമ്പോള്‍ അതിലെ വേസ്റ്റുകള്‍ നമ്മുടെ റോഡിനിരുവശവും ചാക്കില്‍ കെട്ടിയ നിലയില്‍ നാം കാണുന്നു! ഇങ്ങനെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കാര്യം മാത്രം നോക്കിയോടുന്ന നമ്മളും ഇതില്‍ പ്രതികളല്ലേ? തെറ്റു ചെയ്യുന്നവരും അത് കണ്ടിട്ട് പ്രതികരിക്കാത്തവരും ഒന്നായല്ലേ നശിക്കുക! കേവലം പ്രാര്‍ഥന കൊണ്ട് നമുക്ക് രക്ഷപ്പെടാനാവുമോ? നമ്മള്‍ മാറാന്‍ തയാറാകാതെ നമ്മുടെ അവസ്ഥ ആരു മാറ്റിത്തരാന്‍!

മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായല്ലാതെ ഭൂമിയില്‍ വിപത്തുകളുണ്ടായിട്ടില്ലല്ലോ.

പി.സി മുഹമ്മദ് കുട്ടി തിരുത്തിയാട്

 

 

ഇന്ത്യന്‍ മാധ്യമ ഭീമന്മാരുടെ തനിനിറം

ഇന്ത്യന്‍ മാധ്യമ ഭീമന്മാരുടെ തനിനിറം 'കോബ്രാ പോസ്റ്റ് ഒളികാമറ ഓപ്പറേഷനിലൂടെ ഈയിടെ പുറത്ത് വന്നപ്പോള്‍ ഓര്‍മ വന്നത് കുഞ്ചന്‍ നമ്പ്യാരുടെ 'പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍ ഗുണമെന്നുള്ളതു ദൂരത്താകും' എന്ന കാവ്യശകലമാണ്. പത്ത് വെള്ളിക്കാശിന് വേണ്ടി സ്വന്തം മാതൃരാജ്യത്തെ പോലും വില പേശി വില്‍ക്കാനും അടിയറ വെക്കാനും യാതൊരു  മടിയുമില്ലാത്തവരാണ് പലരുമെന്ന നഗ്നസത്യമാണ് ഒളികാമറ ഓപ്പറേഷന്‍ വെൡപ്പെടുത്തുന്നത്.  ഫാഷിസ്റ്റ് ശക്തികള്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയുടെ പരമാധികാരത്തില്‍ എങ്ങനെ എളുപ്പം ഇടം നേടുന്നു എന്നതിന്റെ പിന്നാമ്പുറം കൂടിയാണ് ഈ ഓപ്പറേഷനില്‍നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. ഇന്ത്യയിലെ മാധ്യമ ഭീമന്മാരെ പണച്ചാക്കുകള്‍ കാട്ടി എങ്ങനെ വരുതിയിലാക്കാമെന്നും അതുവഴി വിഷലിപ്തമായ വിചാരധാരകള്‍ പൗരന്മാര്‍ക്കിടയില്‍ എങ്ങനെ സന്നിവേശിപ്പിക്കാമെന്നും നാം  പലവുരു കണ്ടതാണ്. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ച ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഏകീകരണം എന്ന തന്ത്രം തങ്ങളുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള ഹീന ശ്രമങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ പോലും ഇതിന് തയാറാണെന്ന വാര്‍ത്തകളാണ് ഇതുവഴി പുറത്തുവന്നത്. രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ ചാനല്‍, ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി ഇരുപതോളം മാധ്യമ ഭീമന്മാരാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതര മൂല്യങ്ങളെയും നെഞ്ചോട് ചേര്‍ത്ത് കാരിരുമ്പിന്റെ കരുത്തോടെ ജീവന്‍ തുടിക്കുന്ന സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ബാധ്യസ്ഥമായ മാധ്യമങ്ങളുടെ തനിനിറം ഈ ഓപ്പറേഷനിലൂടെ വെളിപ്പെട്ടിരിക്കുകയാണ്. നന്മയുടെയും സാഹോദര്യത്തിന്റെയും അവസാന വെളിച്ചവും സംഘ് ശക്തികള്‍ കെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തിരുത്തല്‍ ശക്തിയെ പൊതു സമൂഹത്തില്‍നിന്ന് രൂപപ്പെടുത്തിക്കൊണ്ടുവരേണ്ടതുണ്ട്. 

ഇന്ത്യയിലെ മാധ്യമ ഭീമന്മാരുടെ ചീഞ്ഞളിഞ്ഞ അകത്തളങ്ങള്‍ ശുദ്ധീകരിക്കാനുള്ള ചെറു ശ്രമങ്ങള്‍ പോലും നവ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് കൈത്താങ്ങ് ആകുമെന്നതില്‍ സംശയമില്ല. ക്രിയാത്മക പ്രതിപക്ഷമില്ലാത്ത കാലത്ത് പൊതുസമൂഹം ഉശിരാര്‍ന്ന പ്രതിപക്ഷമാകേണ്ടതിന്റെ  ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട് ഇത്തരം വാര്‍ത്തകള്‍.

ഹശ്ഹാശ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍