Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ഈദ് ആഹ്ലാദവും പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ്

എ.പി ശംസീര്‍

മുതലാളിത്തം രൂപകല്‍പന ചെയ്ത ആഘോഷങ്ങളുടെ പെരുമഴക്കാലത്തിലേക്കാണ് നമ്മുടെ പെരുന്നാളുകള്‍ വന്നുനില്‍ക്കുന്നത്. ശരീര തൃഷ്ണകളുടേതു മാത്രമായ ഭ്രാന്തന്‍ ഉന്മാദോത്സവങ്ങള്‍ക്കിടയില്‍ തുരുമ്പെടുത്തുപോയ ആത്മാവിനെ തിരയുന്നുണ്ട് ഓരോ ഈദും. മനുഷ്യനിലെ ഉപഭോഗത്വരയെ എപ്പോഴും ലൈവാക്കി നിര്‍ത്താനാണ് മുതലാളിത്തത്തിന് താല്‍പര്യം. ത്യാഗത്തിന്റെയും സഹാനുഭൂതിയുടെയും പങ്കുവെക്കലുകളുടെയും ആത്മപ്രകാശനങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.

എന്നാല്‍ ശരീരത്തിന്റെ ആഘോഷങ്ങളെ കുറച്ച് കാലത്തേക്ക് റദ്ദ് ചെയ്യുകയാണ് വ്രതം. ഒരര്‍ഥത്തില്‍ ശരീരത്തിനെതിരായ ഒരു സമര പ്രഖ്യാപനം കൂടിയാണത്. മനസ്സിനെയും അതിന്റെ അനിയന്ത്രിതമായ പ്രയാണത്തെയും മുലപ്പാല്‍ കുടിക്കുന്ന പൈതലിനോട് ഉപമിക്കുന്നുണ്ട് ഇമാം ബൂസൂരി. നിയന്ത്രിച്ചില്ലെങ്കില്‍  തുടര്‍ന്നുപോകുന്ന പ്രക്രിയയാണത്.  ശരീരത്തെയും ആത്മാവിനെയും അതിന്റെ ഏകതാനമായ സഞ്ചാരപഥങ്ങളില്‍നിന്ന് വിമോചിപ്പിച്ചെടുത്ത് ജീവിതത്തിന്റെ മറ്റൊരു കളരിയില്‍ കൊണ്ടുനിര്‍ത്തുകയായിരുന്നു റമദാന്‍.  അവിടെ നേരാംവണ്ണം പോരാടി ജയിച്ചവന്റെ ദിനമാണ് ഈദ്.

ആനന്ദത്തിന്റെ യഥാര്‍ഥ ഉറവിടം ശരീരവും അതിന്റെ സുഖാനുഭൂതികളുമാണെന്ന പൊതുബോധത്തെ ഒരു മാസത്തെ ആത്മത്യാഗത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത അനിര്‍വചനീയമായ ഒരാഘോഷ സംസ്‌കാരം കൊണ്ട് തിരസ്‌കരിക്കുന്നുണ്ട് ഈദുല്‍ ഫിത്വ്ര്‍.

വിശ്വാസിയുടെ പെരുന്നാള്‍ കലണ്ടറിലെ ഒരക്കത്തില്‍നിന്ന് പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന ഒന്നല്ല. ബലിയായും വ്രതമായും ക്രമപ്രവൃദ്ധമായി ആഘോഷങ്ങളിലേക്ക് വഴി നടക്കുകയാണവന്‍. കര്‍മങ്ങളുടെ വലിയ നിക്ഷേപങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസമാണ് അവന് ഈദിന്റെ ഈടുവെപ്പ്.

തൊഴിലിന്റെ ഭാഗമായി ഒരാളെ ഏല്‍പിച്ച ഒരു പദ്ധതി അയാള്‍ രാവും പകലും ഊണും ഉറക്കവുമൊഴിച്ച് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയും അങ്ങേയറ്റം ആത്മാര്‍ഥതയോടെയും വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നിരിക്കട്ടെ. ആ കര്‍മത്തിന്റെ സത്യസന്ധമായ നിര്‍വഹണം മാത്രം അയാളുടെയുള്ളില്‍ നിറക്കുന്ന ആഹ്ലാദത്തിന്റെ പേരാണ് ആഘോഷം. ഇതേ പദ്ധതിയുടെ നിര്‍വഹണത്തില്‍ മറ്റൊരാള്‍ അലസതയോ അലംഭാവമോ കാണിച്ച് അതിന്റെ ശോഭ കെടുത്തിയെങ്കില്‍ അതൊരു തരം മനംപിരട്ടലായി അയാള്‍ക്ക് തന്നെ അനുഭവപ്പെടുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു ശേഷവും അയാളുടെ ആഹ്ലാദത്തിനും ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നഷ്ടപ്പെടുന്നു. ഇതു പോലെയാണ് റമദാനും പെരുന്നാളും അതിലെ ആഘോഷാനുഭൂതികളിലെ ഉയര്‍ച്ച താഴ്ചകളും.

ഖുര്‍ആനിനെ ഹൃദയത്തിന്റെ വസന്തമാക്കിയവര്‍, ഖിയാമുല്ലൈലിനെ അല്ലാഹുവിന്റെ സാമീപ്യമാക്കിയവര്‍, ബദ്‌റിനെ നിശ്ചയദാര്‍ഢ്യവും പോരാട്ട വീര്യവുമാക്കിയവര്‍, തൗബയിലും ഇസ്തിഗ്ഫാറിലും മുങ്ങി ആത്മാവിന്റെ പാഴ് ചേറുകളെ കഴുകിക്കളഞ്ഞവര്‍, അടിച്ചു വീശുന്ന കാറ്റിന്റെ വേഗം കണക്കെ ദാനധര്‍മം നടത്തിയവര്‍, ലൈലത്തുല്‍ ഖദ്‌റിന്റെ വെളിച്ചത്തെ വാരിപ്പുണര്‍ന്നവര്‍..... ഈദുല്‍ ഫിത്വ്ര്‍ ഇവരുടേതെല്ലാമാണ്.

ഈദുല്‍ ഫിത്വ്ര്‍ പ്രായോഗികമായും പ്രതീകാത്മകമായും മനുഷ്യ വിമോചനത്തിന്റെ ഉള്ളടക്കത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഈദുല്‍ അദ്ഹാ ദേശാതിര്‍ത്തികളെയും വംശീയതയെയും തിരസ്‌കരിക്കുകയും എല്ലാ തരം വിവേചനങ്ങളെയും മാറ്റിനിര്‍ത്തി മനുഷ്യന്‍ എന്ന ഒറ്റ കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന സമത്വസുന്ദരമായ ഒരു ലോകത്തിന്റെ സാധ്യതയാണ് വരച്ചിടുന്നതെങ്കില്‍, ഈദുല്‍ ഫിത്വ്‌റില്‍ ഇത് മറ്റൊരു തരത്തിലാണ് സംഭവിക്കുന്നത്. ക്ഷമിക്കാനും പൊറുക്കാനും സ്‌നേഹിക്കാനും സഹായിക്കാനും നല്ല വാക്കുകള്‍ മാത്രമോതാനും സാധിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സുദീര്‍ഘമായ റമദാന്‍ പകലിരവുകളിലൂടെ സഞ്ചരിച്ച്, ഒരു വിശ്വാസി പോലും പട്ടിണി കിടക്കാത്ത ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ഒരു ലോകം സാധ്യമാണ് എന്നാണ് ചെറിയ പെരുന്നാള്‍ നമ്മോട് പറയുന്നത്.

ഒരു ദിവസം പോലും തികയാത്ത നവജാത ശിശു മുതല്‍ പടുവൃദ്ധരുടെ മേല്‍ വരെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമായിത്തീരുമ്പോള്‍ ആഘോഷം അതിരുകളില്ലാത്ത ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും സാമൂഹികാനുഭവമായി മാറുന്നു. മുസ്‌ലിംകളിലെ ഈ സഹാനുഭൂതി ലോകത്തോളം വളരുമ്പോഴാണ് ഇസ്‌ലാം അതിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുന്നത്.

'അടുപ്പില്‍ വെറുതെ തിളക്കുന്ന വെള്ളത്തില്‍ നോക്കിയിരുന്ന വറുതിയുടെ ദിനങ്ങളില്‍ ഒരു ഖലീഫ ഉമര്‍ ചുമലില്‍ അരിയുടെ സഞ്ചിയുമായി വരുന്നത് കാത്തിരിക്കാറുണ്ടായിരുന്നു' എന്ന്  പ്രശസ്ത മലയാള ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ ഒരിടത്ത് സ്മരിക്കുന്നുണ്ട്. പട്ടിണിയും വിശപ്പുമില്ലാത്ത വിശാലമാനവികതയിലധിഷ്ഠിതമായ ഒരു ലോകത്തെക്കുറിച്ച സ്വപ്‌നങ്ങളിലേക്ക് വാതില്‍ തുറക്കുന്നുണ്ട് ഈദുല്‍ ഫിത്വ്ര്‍.

തക്ബീറാണ് പെരുന്നാളിലെ മുദ്രാവാക്യം. തക്ബീറിലൂടെ വിശ്വാസി എളിമയും താഴ്മയും  പ്രകടിപ്പിക്കുന്നു. മക്കാവിജയത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോള്‍ മതിമറന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കപ്പുറം ആ വിജയം സാധ്യമാക്കിയ അല്ലാഹുവിന്റെ നാമം ഉറക്കെ പ്രകീര്‍ത്തിക്കാനും വിജയവഴിയില്‍ സംഭവിച്ച പാകപ്പിഴകള്‍ക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടാനുമാണ് ആഹ്വാനം നല്‍കപ്പെട്ടത്. ഈദുല്‍ ഫിത്വ്‌റിലും അല്ലാഹുവിനെക്കുറിച്ച കൂടുതല്‍ ദൃഢമായ സ്മരണകളാണ് പുതുക്കപ്പെടുന്നത്.

പെരുന്നാള്‍ സന്തോഷങ്ങള്‍ എല്ലാവരുടേതുമാണ്. ഈദ് ആഘോഷങ്ങളിലും അനുഷ്ഠാനങ്ങളിലും സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടുന്ന ആ ബാലവൃദ്ധം ജനങ്ങള്‍ ഉണ്ടാകണമെന്ന സൂചനകളുള്ള ധാരാളം പ്രവാചക വചനങ്ങള്‍ കാണാം. എത്രത്തോളമെന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ ഉള്‍െപ്പടെ പ്രവാചകന്റെ കാലത്ത് ഈദ്ഗാഹുകളില്‍ എത്തിയിരുന്നു. അവര്‍ക്ക് നമസ്‌കാരം നിഷിദ്ധമെങ്കിലും അവരുടെ സാന്നിധ്യത്തെയോ അതിലൂടെയുണ്ടാകുന്ന ആഹ്ലാദത്തെയോ ഇസ്‌ലാം നിരാകരിക്കുന്നില്ല. എല്ലാവരും മനസ്സിന്റെ സകല ഭാരങ്ങളും ഇറക്കിവെച്ച് ഉള്ളു തുറന്ന് ആശംസകള്‍ കൈമാറുന്ന ദിനം.

പെരുന്നാള്‍ ദിവസം പ്രവാചകന്‍ രാവിലെ പുറപ്പെട്ടു പോയ വഴിയല്ല തിരിച്ചുപോരുമ്പോള്‍ തെരഞ്ഞെടുക്കാറുള്ളത്. മറ്റൊരു വഴിയില്‍ മറ്റൊരു പ്രദേശത്തുള്ള പുതിയ ആളുകളെ സന്ദര്‍ശിച്ചും ആശംസകള്‍ കൈമാറിയും പെരുന്നാള്‍ സന്തോഷങ്ങള്‍ വിപുലീകരിക്കുക എന്ന ഒരു സന്ദേശം ഈ വഴിമാറി നടത്തത്തിലുണ്ട്. അവനവനിലേക്ക് ചുരുങ്ങുന്നതിനു പകരം കൂടുതല്‍ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനം.

മനുഷ്യരും അവരുടെ അവകാശപ്പോരാട്ടങ്ങളും  ദുരിതങ്ങളും പരീക്ഷണങ്ങളുമുള്ളിടത്തോളം ഓരോ ഈദും പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ്. ഏറ്റവുമൊടുവില്‍ ലോകത്തിന്റെ നൊമ്പരമായി മാറിയ ഫലസ്ത്വീന്‍ രക്തസാക്ഷി റസാന്‍ അല്‍ നജ്ജാറിനെയും, ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും ദൈവമാര്‍ഗത്തില്‍ ചെലവഴിച്ച് അല്ലാഹുവിങ്കലേക്ക് യാത്രയായ അലി ബനാത്തിനെയും പോലെയുള്ള പോരാളികളും ജീവകാരുണ്യ പ്രവര്‍ത്തകരുമായ  ആയിരങ്ങള്‍ക്ക് വേണ്ടിയുള്ള ഉള്ളം തൊട്ടുള്ള പ്രാര്‍ഥനയില്ലാതെ നമ്മുടെ ഈദ് പൂര്‍ണമാവുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍