Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

അശുഭ ചിന്തകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രവര്‍ത്തകരെ ബാധിക്കുന്ന മാരക വിപത്താണ് അശുഭ ചിന്തകള്‍. ബാധ്യതകള്‍ നിറവേറ്റാനും കര്‍ത്തവ്യബോധത്തോടെ ആവേശപൂര്‍വം പ്രവര്‍ത്തിക്കാനും തയാറാകുന്നവരെ പിറകോട്ടടിപ്പിക്കുന്നതാണ് ഭാവിയില്‍ വന്നു ഭവിച്ചേക്കാവുന്ന അപകടങ്ങളെയും ദുഷ്പരിണതികളെയും സംബന്ധിച്ച ഭയാശങ്കകള്‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള പ്രതീക്ഷകള്‍ അസ്തമിച്ച ഹൃദയത്തില്‍ കൂട്ടുകൂടുന്നത് മടിയും ഉദാസീനതയും ചാഞ്ചല്യവുമായിരിക്കും. അശുഭ ചിന്തകളുടെ പ്രഭവകേന്ദ്രം ഈ ചഞ്ചല ചിത്തമാണ്.

അശുഭ ചിന്തകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയുണ്ട്.

ഒന്ന്: അല്ലാഹുവിന്റെ ദീനിന് വിജയവും സ്വാധീനവും ഭൂമിയില്‍ ആധിപത്യവും ഉറപ്പാക്കുന്ന സംഘടിത പ്രവര്‍ത്തനത്തില്‍ പങ്കു വഹിക്കാനുള്ള ആഹ്വാനത്തെ അവഗണിക്കുക. അനേകം ന്യായങ്ങള്‍ നിരത്തിയാവും ഈ പിന്മാറ്റം; 'നമ്മുടെ പ്രതിയോഗികള്‍ ശക്തരും സര്‍വായുധ സജ്ജരുമാണ്. അവര്‍ക്കാണ് ആളും അര്‍ഥവും. അവരുടെ കൈയിലാണ് അധികാരം. അവരാണിപ്പോള്‍ ജീവിതത്തിന്റെയും ലോകത്തിന്റെയും ദിശ നിര്‍ണയിക്കുന്നത്. ഈ ശത്രുവ്യൂഹത്തിനു മുന്നില്‍ നാം ആര്? നമുക്കിനി മരണം വരെ കീഴടങ്ങി കുത്തിയിരിക്കുകയേ നിര്‍വാഹമുള്ളൂ.'

രണ്ട്: 'മതം വേറെ, രാഷ്ട്രം വേറെ' എന്ന വാദഗതി ഉയര്‍ത്തി ദീനിനെയും ദുന്‍യാവിനെയും പങ്കുവെച്ച് വേര്‍തിരിക്കുന്ന, 'ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്' എന്ന മുദ്രാവാക്യം മുഴക്കി ദീനിനെ വിഭജിക്കുന്ന സംഘങ്ങളുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുക. ഖിലാഫത്തിന്റെ പതനം മുതല്‍ ഇന്നോളമുള്ള കഠിന പരീക്ഷണങ്ങളുടെയും മുസ്‌ലിം സമൂഹത്തിന് വന്നു ഭവിച്ച വന്‍വിപത്തുകളുടെയും പട്ടിക നിരത്തിയാവും തങ്ങളുടെ നിലപാടുകളെ അവര്‍ ന്യായീകരിക്കുക.

മൂന്ന്: ആത്മാര്‍ഥമായും സത്യസന്ധമായും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ മുഴുകിയ പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഇഛാ ഭംഗത്തിന്റെയും നിരാശയുടെയും വിത്ത് പാകി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക. 'ജനാധിപത്യവും അധികാരവും കുഫ്‌റിന്റെ ശക്തികള്‍ കൈയടക്കിവെച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന വിപത്തുകളും പരീക്ഷണങ്ങളും പ്രവചനാതീതമാണ്, നിങ്ങളോടുള്ള സഹതാപവും അനുഭാവവും ഒന്ന് കൊണ്ടു മാത്രം ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്' എന്ന ആമുഖത്തോടെയായിരിക്കും പ്രവര്‍ത്തകരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുക. പുതിയ ലോകക്രമത്തില്‍ ഇസ്‌ലാമിനിടമില്ലെന്നും അവര്‍ വാദിക്കും.

നാല്: സംഘടിത പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുമെങ്കിലും നിരാശയും മോഹഭംഗവും നിമിത്തം കരുത്ത് ചോര്‍ന്ന മനസ്സുമായിട്ടാവും സഹകരണം. 'നമ്മള്‍ എത്ര തലകുത്തി മറിഞ്ഞാലും പ്രതിയോഗികളുടെ മുമ്പിലെത്താന്‍ നമുക്കാവില്ല' എന്ന വിചാരം അണികളില്‍ പടരാന്‍ ഇത് നിമിത്തമാവും.

അഞ്ച്: ഇസ്‌ലാമില്‍നിന്ന് അന്യമായതെന്തിനെയും -അത് വ്യക്തികളാവാം, ചിന്തകളാവാം, സിദ്ധാന്തങ്ങളാവാം- കണ്ണടച്ച് അംഗീകരിക്കുകയും ആദരിച്ചിരുത്തുകയും ചെയ്യുന്ന സമീപനം.

ആറ്: കൊടും പാപങ്ങളുടെ കൂമ്പാരവുമായി ചെല്ലുന്നവര്‍ക്ക് ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച പ്രതീക്ഷയേ വേണ്ടെന്ന അബദ്ധ വിചാരം. 'അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്' എന്ന് മാത്രമേ അവര്‍ കേട്ടിട്ടുണ്ടാവൂ. വിട്ടുവീഴ്ചയില്ലാത്ത, പാപങ്ങള്‍ പൊറുക്കാത്ത കഠിനഹൃദയനാണ് അവര്‍ക്ക് അല്ലാഹു.

ഏഴ്: കള്ളത്തിലും വ്യാജത്തിലും പടുത്തുയര്‍ത്തിയ സിദ്ധാന്തങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണങ്ങളില്‍ വീണുപോവുക. ഈ ചിന്തകള്‍ കൊണ്ടെത്തിക്കുക ഒടുവില്‍ മുസ്‌ലിംകളോടുള്ള ബന്ധവിഛേദത്തിലും ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള ബന്ധ സംസ്ഥാപനത്തിലുമായിരിക്കും.

എട്ട്: ദൈനംദിന ജീവിതത്തിലെ നിസ്സാര സംഭവങ്ങള്‍ക്ക് അശുഭ ചിന്തയില്‍ ഊന്നിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുക. പാത്രങ്ങള്‍ വീണുടയുക, വിളക്കണയുക, കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുക, ചിലയിടങ്ങളില്‍ കയറിച്ചെല്ലുമ്പോള്‍ അരുതാത്തത് സംഭവിക്കുക തുടങ്ങി ഓരോന്നിലും കാണും ഇത്തരക്കാര്‍ ചില അശുഭ സൂചനകള്‍.

ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളെ ചില നിമിത്തങ്ങളുമായി ബന്ധിപ്പിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ അന്ധവിശ്വാസത്തിന്റെ മാറാല മനസ്സില്‍ പേറി നാള്‍കഴിക്കുകയും ചെയ്യുന്ന ചില ഹതഭാഗ്യരെ കാണാം. ഇത് മനുഷ്യനില്‍ നിലീനമായ അബദ്ധ ധാരണകളാണ്. മനസ്സില്‍നിന്ന് ഇത്തരം ധാരണകളെ വിപാടനം ചെയ്യേണ്ടതുണ്ടെന്ന് നബി(സ) നിര്‍ദേശിച്ചു: 'മൂന്ന് കാര്യങ്ങളില്‍നിന്ന് ആരും രക്ഷപ്പെടില്ല. ശകുന ചിന്ത, ഊഹം, അസൂയ. പക്ഷികളെ പറപ്പിച്ച് ശകുനം പിഴച്ചെന്ന് ധരിച്ച് പിറകോട്ടടിക്കരുത്, അസൂയ തോന്നിയാല്‍ അതിക്രമം അരുത്, ഊഹിച്ചാല്‍ അത് സത്യമെന്ന് നിനക്കരുത്.' (അബ്ദുര്‍റസാഖ് ഫില്‍ മുസന്നഫ്, കിതാബുല്‍ ജാമിഅ്).

'ശകുന നോട്ടമില്ല; ഉത്തമം ശുഭവിശ്വാസമാണ്.' സ്വഹാബിമാര്‍ ചോദിച്ചു: 'എന്താണ് ശുഭവിശ്വാസം?' നബി(സ): 'നിങ്ങള്‍ കേള്‍ക്കുന്ന നല്ല വാക്കുകള്‍' (ബുഖാരി).

അല്ലാഹുവിനെ വേണ്ടവിധം അറിയായ്കയാണ് അശുഭ ചിന്തകളിലേക്ക് നയിക്കുന്നത്. ആശയും പ്രതീക്ഷയും പുലര്‍ത്തി എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് ജീവിച്ചു മുന്നേറുന്നവനെ തളര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല. അല്ലാഹുവിന്റെ കഴിവുകളെകുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നത് മനുഷ്യഹൃദയത്തില്‍ ദൃഢവിശ്വാസം വളര്‍ത്താനാണ്. തന്നില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെയും സിദ്ധികളെയും തിരിച്ചറിയാത്ത വ്യക്തികളെയാണ് അശുഭ ചിന്തകള്‍ വേട്ടയാടി പിടിക്കുന്നത്. തനിക്ക് ഇബാദത്ത് ചെയ്ത് ജീവിക്കാനും ഭൂമിയെ അധിവാസ യോഗ്യമാക്കിത്തീര്‍ക്കാനും തന്റെ പ്രതിനിധിയായി വര്‍ത്തിക്കാനും അല്ലാഹു മനുഷ്യനെ നിയോഗിച്ചിരിക്കുകയാണ്. ശക്തിയുടെ കേദാരമാണ് മനുഷ്യന്‍. നബി (സ) ഈ ആശയം വിശദീകരിച്ചതിങ്ങനെ:

'അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഇളകിയാടി. പര്‍വതങ്ങളെ പടച്ച് അവിടെ സ്ഥാപിച്ചപ്പോള്‍ ഭൂമിയുടെ ചാഞ്ചാട്ടം നിന്നു. ഇതു കണ്ട മലക്കുകള്‍ അത്ഭുതത്തോടെ: 'പര്‍വതത്തേക്കാള്‍ ശക്തിയുള്ള വല്ലതും നീ സൃഷ്ടിച്ചിട്ടുണ്ടോ?' അല്ലാഹു പറഞ്ഞു: 'ഉണ്ട്, ലോഹം.' 'ലോഹത്തേക്കാള്‍ ശക്തിയുള്ളത്?' അല്ലാഹു: 'തീ', മലക്കുകള്‍: 'തീയേക്കാള്‍ ശക്തിയുള്ളത്?' അല്ലാഹു: 'വെള്ളം.' 'വെള്ളത്തേക്കാള്‍ ശക്തിയുള്ളത്?' അല്ലാഹു: 'കാറ്റ്.' 'കാറ്റിനേക്കാള്‍ ശക്തിയുള്ളത്?' അല്ലാഹു: 'ഉണ്ട്, മനുഷ്യന്‍. വലതുകൈ ചെയ്യുന്ന ധര്‍മം ഇടതു കൈ അറിയരുതെന്ന് ശഠിക്കുന്ന മനുഷ്യന്‍' (അഹ്മദ്).

ജീവിക്കുന്ന ലോകത്തെക്കുറിച്ച അജ്ഞത, ശത്രുവെ തിരിച്ചറിയാത്ത മൂഢത, ജിഹാദിന്റെയും വിജയത്തിന്റെയും യാഥാര്‍ഥ്യത്തെ സംബന്ധിച്ച വിവരമില്ലായ്മ, നിരന്തര പരീക്ഷണങ്ങളുടെ ആന്തര രഹസ്യങ്ങളെക്കുറിച്ച അജ്ഞതയോടൊപ്പം പരീക്ഷണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നു പതിക്കുന്നതിലെ പ്രയാസങ്ങള്‍, സത്യവും അസത്യവും തമ്മിലെ സംഘട്ടനങ്ങളെ കുറിച്ച ബോധമില്ലായ്മ, ദുഷ്ചിന്തകള്‍ മാത്രം കൈമുതലാക്കിയ സമൂഹവുമായുള്ള ഇടപഴക്കം തുടങ്ങി നിരവധി കാരണങ്ങളുണ്ട് അശുഭ ചിന്തകള്‍ വളര്‍ത്തുന്നതായി.

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍