Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

മോയിന്‍ കുട്ടി മൗലവി

എം.കെ മൂസ മൗലവി

ജമാഅത്തെ ഇസ്‌ലാമി കീഴുപറമ്പ് പ്രാദേശിക ഘടകത്തില്‍ അംഗമായിരുന്നു കെ.കെ മോയിന്‍ കുട്ടി മൗലവി (82). മലബാര്‍ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന കോളക്കോടന്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം കര്‍ഷക പാരമ്പര്യം കൈവിടാതെ തന്നെ പ്രയാസങ്ങള്‍ സഹിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ പഠിച്ച ശേഷം കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക്കോളജില്‍ ചേര്‍ന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. കീഴുപറമ്പ്, തൃക്കളയൂര്‍, ചേന്ദമംഗല്ലൂര്‍, കടന്നമണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ മദ്‌റസാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എടപ്പാള്‍, മമ്പാട്, കിഴിശ്ശേരി, വിളയില്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അറബി അധ്യാപകനായും ജോലി ചെയ്തു.

യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന മൗലവി 1956 കാലത്താണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. പന്നിക്കോട്, ചെറുവാടി, അരീക്കോട്, വാഴക്കാട് പ്രദേശങ്ങളില്‍ പ്രസ്ഥാന പ്രചാരണത്തില്‍ ഗണ്യമായ പങ്കുവഹിച്ചു. കീഴുപറമ്പ് ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖയുടെ സെക്രട്ടറി, സ്ഥലം ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയാ പ്രസിഡന്റ്, ക്രസന്റ് ഇസ്‌ലാമിക് ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ദൈവഭക്തി, ഹൃദ്യമായ ജനസമ്പര്‍ക്കം, ഉദാരത, വിനയം തുടങ്ങിയ മഹദ് ഗുണങ്ങളാല്‍ മൗലവി സര്‍വരാലും ആദരിക്കപ്പെട്ടു. ഇസ്‌ലാമിക മാര്‍ഗത്തില്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നതില്‍ മൗലവി മികച്ച മാതൃകയായിരുന്നു. ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും വളരെയേറെ തല്‍പ്പരനായിരുന്നു.

കുടുംബത്തെ ദീനീചിട്ടയില്‍ വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുര്‍റശീദ് (വെല്‍ഫെയര്‍ പാര്‍ട്ടി ഏറനാട് പ്രസിഡന്റ്), അബ്ദുല്ലത്വീഫ്, അബ്ദുര്‍റഊഫ്, ബാസില്‍, ജമീല.

 

 

ബീരാന്‍കുട്ടി ഹാജി

മലപ്പുറം തിരൂരങ്ങാടി ഏരിയയിലെ ചുള്ളിപ്പാറ പ്രാദേശിക ജമാഅത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു ബീരാന്‍കുട്ടി ഹാജി. തികഞ്ഞ യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിച്ചു വളര്‍ന്ന അദ്ദേഹം കുവൈത്തിലെ പ്രവാസ കാലത്താണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുന്നതും സജീവ പ്രവര്‍ത്തകനായി മാറുന്നതും. സദ്ദാം ഹുസൈന്റെ കുവൈത്താക്രമണ കാലംവരെ അദ്ദേഹം കുവൈത്തില്‍ പ്രവാസിയായിരുന്നു. പരന്ന വായനയും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാക്കി. ദഅ്‌വത്ത് നഗര്‍ സമ്മേളന ശേഷം ചുള്ളിപ്പാറ എന്ന കുഗ്രാമത്തില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അധികം കടകളൊന്നുമില്ലാത്ത ചുള്ളിപ്പാറയില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഓഫീസ് മുറി കിട്ടുക പ്രയാസമായിരുന്നു. രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധം കാരണം ഒഴിയേണ്ടി വന്നു. അക്കാലത്ത് കുവൈത്തിലുണ്ടായിരുന്ന ബീരാന്‍കുട്ടി ഹാജിയുടെ സാമ്പത്തിക പിന്തുണയോടെ ഒന്നര സെന്റ് സ്ഥലം വാങ്ങുകയും സ്വന്തമായി തന്നെ ഓഫീസ് കെട്ടിടം നിര്‍മിക്കുകയുമായിരുന്നു. 1987-ല്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് ഓഫീസിനടുത്ത് ഒരു ജുമുഅ മസ്ജിദും 10 വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സജീവ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നു. കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തി. അകാലത്തില്‍ മരണപ്പെട്ട മുഹമ്മദലി എന്ന മകനു പുറമെ മകന്‍ സൈതലവി ചുള്ളിപ്പാറ പ്രാദേശിക ജമാഅത്തിലെ  പ്രവര്‍ത്തകനാണ്.

നാസര്‍ ചുള്ളിപ്പാറ

 

 

 

അബ്ദുല്‍ഖാദര്‍

ആലുവ തായിക്കാട്ടുകര സ്വദേശിയും തിരൂര്‍ പൊയിലിശ്ശേരിയില്‍ താമസക്കാരനുമായ അബ്ദുല്‍ഖാദര്‍ സാഹിബ്, 1960-കളില്‍ ആന്ധ്രയിലെ ഓങ്കോളില്‍ ജോലിചെയ്യുമ്പോള്‍ തന്നെ പ്രസ്ഥാനത്തെ പരിചയപ്പെടുകയും 1966-ല്‍ ജമാഅത്ത് അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗള്‍ഫിലെത്തി നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തോളം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു. ആദ്യപരിചയം കൊണ്ടുതന്നെ ആരിലും സൗഹൃദമുണര്‍ത്തുകയും വളരെ സ്ഫുടമായി സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു. ബി.പി അങ്ങാടി പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു. ഭാര്യ: ഫാത്വിമ കോലക്രപാലം. മക്കള്‍: സറീന, നദീറ, ത്വാഹിറ, അഹമ്മദ് കബീര്‍ (യു.എ.ഇ). 

വി.കെ അബ്ദുല്ലത്വീഫ് ആലത്തിയൂര്‍

 

 

 

ടി. മുഹമ്മദ്

കാരന്തൂരിലെ ടി. മുഹമ്മദ് പരമ്പരാഗത വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്ന കുടുംബത്തില്‍ ജനിക്കുകയും പിന്നീട് പ്രസ്ഥാനത്തെ മനസ്സിലാക്കി ആ മാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. കുടുംബത്തോടും നാട്ടുകാരോടുമുള്ള സ്‌നേഹമസൃണമായ പെരുമാറ്റം അദ്ദേഹത്തെ പൊതു സ്വീകാര്യനാക്കി. ഒരു വലിയ സുഹൃദ് വലയത്തിനുടമയായിരുന്നു. 37 വര്‍ഷം ഗവ. സര്‍വീസില്‍ ജോലി ചെയ്ത് തഹസില്‍ദാറായി റിട്ടയര്‍ ചെയ്ത അദ്ദേഹം കാരന്തൂര്‍ ഹല്‍ഖാ നാസിം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരന്ന വായനയും ഖുര്‍ആന്‍ പാരായണവും പഠനവും ദിനചര്യയുടെ ഭാഗമായി കാത്തുസൂക്ഷിച്ചു. ഈ ഗുണങ്ങള്‍ എന്നും മക്കള്‍ക്ക് പ്രചോദനമായിരുന്നിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാന കോശം 12 വാള്യങ്ങളും ഏറക്കുറെ വായിക്കുകയുണ്ടായി.

ടി. സാബിറ

 

 

 

എം. റശീദ്

പ്രസ്ഥാനം ഒളവണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ ഒളവണ്ണ കാര്‍കുന്‍ ഹല്‍ഖയുടെ സെക്രട്ടറിയായിരുന്നു എം. റശീദ് സാഹിബ്. ഓരോ പുതിയ പ്രവര്‍ത്തന കാലയളവിലും നാസിമുമാര്‍ മാറിയിരുന്നെങ്കിലും സെക്രട്ടറിയുടെ ചുമതല അദ്ദേഹത്തെ തന്നെ ഏല്‍പിക്കുകയാണ് ചെയ്തിരുന്നത്. ആ ഉത്തരവാദിത്തം കണിശമായും കൃത്യമായും നിര്‍വഹിച്ചിരുന്നു എന്നതാണ് അതിന് കാരണം. ഹല്‍ഖയുടെ സാമ്പത്തിക കാര്യങ്ങളും പലിശരഹിത നിധിയുടെ കണക്കുകളും അദ്ദേഹം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തുവന്നു. പ്രസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. ബാലസംഘം, എസ്.ഐ.ഒ, ജി.ഐ.ഒ, ടീന്‍ ഇന്ത്യ, സോളിഡാരിറ്റി തുടങ്ങിയ എല്ലാ ഘടകങ്ങളെയും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി സൗജന്യ റേഷന്‍ അവര്‍ക്ക് എത്തിച്ചു കൊടുക്കുമായിരുന്നു. കൊളത്തറ സ്‌പെഷല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിസമയം ഒഴിച്ചുള്ള എല്ലാ സമയവും പ്രസ്ഥാന മാര്‍ഗത്തിലായിരുന്നു. ഭാര്യ സബീന വനിതാ കാര്‍കുന്‍ ഹല്‍ഖയില്‍ പ്രവര്‍ത്തിക്കുന്നു. മൂത്ത മകന്‍ റോഷന്‍ റഹ്മാന്‍ നെസ്റ്റ് പബ്ലിക് സ്‌കൂളില്‍ അധ്യാപകനാണ്. ഹന്ന നസ്‌റീന്‍, രിദാ നര്‍ഗീസ് എന്നിവര്‍ വിവാഹിതരാണ്. ശാഹിദ് റഹ്മാന്‍ ഇര്‍ഷാദിയാ കോളേജ് വിദ്യാര്‍ഥി. കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമാക്കുന്നതിലും അദ്ദേഹം വിജയിച്ചു.

പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവും പ്രസ്ഥാന പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ സജീവതയും എടുത്തു കാണിക്കുന്നതായിരുന്നു ഒളവണ്ണ സലഫി മസ്ജിദിലെ ജനാസ നമസ്‌കാരവും തുടര്‍ന്നുള്ള അനുസ്മരണ സദസ്സും.

ഉമര്‍ മാസ്റ്റര്‍, ഒളവണ്ണ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍