Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

സാംക്രമിക രോഗങ്ങള്‍ പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി

സാംക്രമിക രോഗങ്ങള്‍ നമ്മെ കൂടുതലായി ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. പഴയ രോഗങ്ങള്‍ നിലനില്‍ക്കെ തന്നെ പുതിയതരം സാംക്രമിക രോഗങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. മുന്‍ഗാമികള്‍ക്കുണ്ടായിട്ടില്ലാത്ത തരം പുതുരോഗങ്ങളാല്‍ അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന നബി(സ)യുടെ മുന്നറിയിപ്പ് ഇതിനൊപ്പം ചേര്‍ത്തു വായിക്കാം. രോഗങ്ങളെക്കുറിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും നിലപാടെന്ത് എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പില്‍.

ഇസ്‌ലാമിക വീക്ഷണത്തില്‍ രോഗം ശിക്ഷയായും പരീക്ഷണമായും വിധിയായും ദൈവിക നടപടി ക്രമത്തിന്റെ ഭാഗമായും സംഭവിക്കാം. രോഗങ്ങളുടെ ബാഹ്യ കാരണങ്ങള്‍ക്കപ്പുറം അവയുടെ യഥാര്‍ഥ ഹേതുവായ ദൈവിക ഇടപെടലുകളിലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. 'നാം നിങ്ങളെ നന്മയാലും തിന്മയാലും പരീക്ഷിക്കും. നമ്മിലേക്കാണ് നിങ്ങള്‍ മടക്കപ്പെടുക' (അല്‍അമ്പിയാഅ്: 55). 'നാം അവരെ നന്മകളാലും തിന്മകളാലും പരീക്ഷിക്കും. അവര്‍ മടങ്ങിയെങ്കിലോ?' (അല്‍അഅ്‌റാഫ്: 168). അതുകൊണ്ടുതതന്നെ സത്യവിശ്വാസി രോഗങ്ങളെ ആത്മീയ പ്രചോദകമായാണ് നോക്കിക്കാണേണ്ടത്. അവ പാപഹാരകങ്ങളും സ്വര്‍ഗത്തിലെ സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതും അല്ലാഹുവിന്റെ തൃപ്തിയുടെ ലക്ഷണവുമാണെന്ന് നബിവചനങ്ങള്‍ പഠിപ്പിക്കുന്നു. 'ഒരാള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങൡലൂടെ സ്വര്‍ഗത്തിലെ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അല്ലാഹു അയാളുടെ ശരീരത്തിലോ സമ്പത്തിലോ സന്താനങ്ങളിലോ അയാളെ പരീക്ഷണവിധേയനാക്കും. അതിലയാള്‍ ക്ഷമിച്ചാല്‍ അയാള്‍ക്ക് നഷ്ടപ്പെട്ട സ്ഥാനം ലഭിക്കും' (അബൂദാവൂദ്).

'സത്യവിശ്വാസിയെ ബാധിക്കുന്ന ആപത്തുകള്‍ക്കെല്ലാം -കാലില്‍ മുള്ളു തറച്ചുണ്ടാകുന്ന പ്രയാസത്തിനു പോലും- പ്രതിഫലമായി അല്ലാഹു പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതായിരിക്കും' (ബുഖാരി, മുസ്‌ലിം). 'ഒരു മുസ്‌ലിമിന് മുള്ളു തറയ്ക്കുകയോ, അതിനേക്കാള്‍ വലിയ പ്രയാസമേല്‍ക്കുകയോ ചെയ്താല്‍ അക്കാരണത്താല്‍ അല്ലാഹു അവന്റെ തെറ്റുകള്‍ വൃക്ഷം ഇലപൊഴിക്കുന്നതുപോലെ പൊറുത്തു കൊടുക്കുന്നതാകുന്നു' (ബുഖാരി, മുസ്‌ലിം). 'ദുന്‍യാവില്‍ ആരോഗ്യവാന്മാരായിരുന്നവര്‍, തങ്ങളുടെ ചര്‍മങ്ങള്‍ ദുന്‍യാവില്‍ വെച്ച് കത്രികകള്‍ കൊണ്ട് മുറിക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നു കൊതിച്ചുപോവും' (തിര്‍മിദി). (രോഗികള്‍ക്ക് ലഭിക്കുന്ന പാരത്രിക പ്രതിഫലം കാണുമ്പോഴാണ് ഈ പ്രതികരണം).

'പ്ലേഗ് ശിക്ഷയുടെ അടയാളമാണ്. അല്ലാഹു തന്റെ ചില അടിമകളെ അതിലൂടെ പരീക്ഷിക്കുകയുണ്ടായി. അതുകൊണ്ട് മഹാമാരിയുണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ അതുള്ളിടത്തേക്ക് പ്രവേശിക്കരുത്. നിങ്ങള്‍ അധിവസിക്കുന്നേടത്തുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് ഓടിപ്പോവുകയും അരുത്' (മുസ്‌ലിം). 'അല്ലാഹു ഇസ്രാഈല്‍ സന്തതികളിലെ ഒരു വിഭാഗത്തിന് നല്‍കിയ ശിക്ഷയാണ് പ്ലേഗ്. അഥവാ, നിങ്ങള്‍ക്ക് മുമ്പുള്ള ഒരു ജനതക്ക്...' (മുസ്‌ലിം) എന്താണ് പ്ലേഗ് എന്ന ചോദ്യത്തിന് നബി (സ) നല്‍കിയ വിശദീകരണം. ഒട്ടകത്തെ ബാധിക്കുന്ന കാലി വസന്ത പോലെയുള്ള ഒരു രോഗമാണത്. പകരുന്നത് ഒഴിവാക്കാന്‍ അതുള്ളേടത്തുനിന്നു പുറത്തുപോകാതിരിക്കുന്നയാള്‍ രക്തസാക്ഷിയെപോലെയാണ്' (നിര്‍ദേശം അവഗണിച്ച് ഓടിപ്പോകുന്നയാള്‍ യുദ്ധത്തില്‍നിന്ന് ഓടിപ്പോകുന്നവനെ പോലെയാണ്' - അഹ്മദ്).

ഇസ്‌ലാമിക വീക്ഷണത്തില്‍, ഏതുതരം പ്രതിവിധികള്‍ സ്വീകരിക്കുന്നതിന്റെയും മുമ്പായി വേണ്ടത് ഈ ആത്മീയ സമീപനം ഉറപ്പിക്കുക എന്നതാണ്. രോഗശമനാര്‍ഥമുള്ള പ്രാര്‍ഥനകള്‍ ചികിത്സ പോലെയോ അതിലുപരിയോ പ്രധാനമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

 

ചികിത്സയും പ്രതിരോധവും പ്രധാനം

എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഒരു മരുന്ന് ഫലിച്ചില്ലെങ്കില്‍ മറ്റൊന്ന് പരീക്ഷിക്കാമെന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നുണ്ടിത്. 'മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല' (ബുഖാരി). 'എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിന് മരുന്ന് ഫലിച്ചാല്‍ ദൈവാനുഗ്രഹത്താല്‍ രോഗം സുഖപ്പെടും' (മുസ്‌ലിം). നബി (സ) മുറിവേറ്റ ഒരു രോഗിയ സന്ദര്‍ശിച്ചു. അപ്പോള്‍, അയാളുടെ ബന്ധുക്കളോട് ഒരു ഗോത്രത്തിലെ വൈദ്യനെ വിളിച്ചു കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. വൈദ്യന്‍ തിരുമേനിയോട് ചോദിച്ചു: 'മരുന്നുകൊണ്ട് വല്ല ഫലവുമുണ്ടാകുമോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'സുബ്ഹാനല്ലാഹ്, ഈ ഭൂമിയില്‍ മരുന്നില്ലാത്ത വല്ല രോഗവും അല്ലാഹു ഇറക്കിയിട്ടുണ്ടോ?' (അഹ്മദ്). ഒരു ഗ്രാമീണന്‍ നബി (സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ക്ക് ചികിത്സിക്കാമോ?' നബി (സ) പറഞ്ഞു: 'നിങ്ങള്‍ ചികിത്സിക്കുക, അല്ലാഹു ചികിത്സ നിശ്ചയിക്കാതെ ഒരു രോഗവും സൃഷ്ടിച്ചിട്ടില്ല. അത് അറിയുന്നവന്‍ അറിഞ്ഞു, അറിയാത്തവന്‍ അറിഞ്ഞില്ല' (അഹ്മദ്).

'രോഗം ഇറക്കിയവന്‍ മരുന്നും ഇറക്കിയിരിക്കുന്നു' (മുവത്വ) എന്ന് മറ്റൊരു നബിവചനം.

ചികിത്സ പോലെ തന്നെ പ്രധാനമാണ് പ്രതിരോധവും. മനുഷ്യര്‍ കണ്ടെത്തുന്ന കാര്യകാരണങ്ങള്‍ക്ക് വിധേയമായും അല്ലാതെയും രോഗങ്ങളുണ്ടാവാം എന്നു പഠിപ്പിച്ച നബി (സ) പ്രതിരോധത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. 'നിങ്ങള്‍ പാത്രങ്ങള്‍ മൂടിവെക്കുക, വെള്ളം നിറച്ച തോല്‍പാത്രങ്ങള്‍ കെട്ടിവെക്കുക, വര്‍ഷത്തില്‍ ഒരു ദിവസം രാത്രിയില്‍ മഹാമാരികള്‍ ഭൂമിയിലേക്ക് ഇറങ്ങിവരും. മൂടിവെക്കാത്ത പാത്രങ്ങളിലും കെട്ടിവെക്കാത്ത തോല്‍പാത്രങ്ങളിലും മഹാമാരി പതിക്കും' (അഹ്മദ്, മുസ്‌ലിം). 'നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിളക്കുകള്‍ കെടുത്തുക, വാതിലുകള്‍ അടയ്ക്കുക, വെള്ളം നിറച്ച തോല്‍പാത്രങ്ങള്‍ കെട്ടിവെക്കുക, ഭക്ഷണപാനീയങ്ങള്‍ മൂടിവെക്കുക' (ബുഖാരി). 'പാത്രത്തിലേക്ക് ഉഛ്വസിക്കുന്നതും ഊതുന്നതും നബി(സ) വിലക്കി' (അബൂദാവൂദ്). 'ഒഴുകാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിങ്ങള്‍ മൂത്രമൊഴിക്കരുത്' (ബുഖാരി, മുസ്‌ലിം). 'മലഭോജികളായ ജീവികളുടെ മാംസവും പാലും നബി (സ) നിരോധിച്ചു' (അബൂദാവൂദ്, ഇബ്‌നുമാജ). ശവം, രക്തം, പന്നി, ഹിംസ്രജീവികള്‍, മാലിന്യഭോജികളായ പക്ഷികളും മൃഗങ്ങളും എന്നിവയുടെ മാംസം നിരോധിച്ചതും ഇതിന്റെ ഭാഗമായാണ്. ഹി. 18-ാം വര്‍ഷം ഖലീഫാ ഉമറിന്റെ ഭരണകാലത്തുണ്ടായ അംവാസ് മഹാമാരിയില്‍ 25000 പേര്‍ മരിക്കുകയുണ്ടായി. തദവസരം അംറുബ്‌നുല്‍ ആസ്വ് ജനങ്ങളോട് കൂട്ടംകൂടി കഴിയുന്നതിനുപകരം മലകളില്‍ പോയി വെവ്വേറെ കഴിയാന്‍ ഉപദേശിക്കുകയുണ്ടായി. അത് ഫലം കണ്ടു. സമ്പൂര്‍ണ മരണം ഒഴിവാക്കാനായി.

സാംക്രമിക രോഗങ്ങള്‍ക്കെതിരെ നബി (സ) മൂന്നു രീതികളില്‍ ബോധവല്‍ക്കരണം നടത്തിയതായി കാണാം.

ഒന്ന്: രോഗങ്ങള്‍ സ്വയം സംക്രമിക്കുകയാണെന്നും അത് അല്ലാഹുവിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമല്ലെന്നുമായിരുന്നു ജാഹിലിയ്യ വിശ്വാസം. രോഗബാധയുമായി ബന്ധപ്പെട്ട കാര്യകാരണങ്ങള്‍ക്ക് ദൈവത്തിന്റെ സ്ഥാനം നല്‍കുന്നതിനെ നിരാകരിച്ച് അവിടുന്ന് പറഞ്ഞു: 'പകര്‍ച്ചവ്യാധിയില്ല' (ഒരു രോഗത്തിനും മറ്റൊരാളിലേക്ക് പകരാനുള്ള സ്വന്തമായ കഴിവില്ല. മറ്റുള്ളവരില്‍ അതുണ്ടാകുന്നത് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ്). പക്ഷികള്‍ പറക്കുന്നത് നോക്കി ശകുനം നിശ്ചയിക്കുന്നത് ശരിയല്ല. ഒരാള്‍ അന്യായമായി കൊല്ലപ്പെട്ടാല്‍, അയാളുടെ വധത്തിന് പ്രതികാരം ചെയ്തില്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു പക്ഷിയായി മാറി ആ വീടിന്റെ മുമ്പില്‍ വന്ന് ശബ്ദിച്ചുകൊണ്ടിരിക്കും എന്ന വിശ്വാസം ശരിയല്ല. 'സ്വഫര്‍' മാസം അശുഭകരമായ മാസമാണെന്ന ധാരണയും ശരിയല്ല.'' (ബുഖാരി). 'മരുഭൂമിയില്‍ മേയുന്ന ചൊറിപിടിച്ച ഒട്ടകങ്ങളില്‍നിന്ന് അസുഖമില്ലാത്ത ഒട്ടകങ്ങള്‍ക്ക് ചൊറി പകരുന്നു' എന്നു പറഞ്ഞ ആളോട് നബി(സ)യുടെ ചോദ്യം; 'എങ്കില്‍ ഒന്നാമത്തെ ഒട്ടകത്തിന് ചൊറി പകര്‍ത്തിയത് ആരാണ്?' എന്നായിരുന്നു. രോഗം തരുന്നതും സുഖപ്പെടുത്തുന്നതും അല്ലാഹുവാണ് എന്ന വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ഇതിലൂടെ നബി (സ). അതിനാല്‍ ഭൗതികമായി മാത്രം രോഗത്തെയും ചികിത്സയെയും നോക്കിക്കാണാന്‍ മുസ്‌ലിംകള്‍ക്ക് നിവൃത്തിയില്ല. 'അല്ലാഹുവിന്റെ അനുമതിയാല്‍ രോഗം മാറുന്നു' എന്നും നബി (സ) പറയുകയുണ്ടായി.

രണ്ട്: അല്ലാഹു തന്നെ നിശ്ചയിച്ച കാര്യകാരണങ്ങള്‍ക്ക് വിധേയമായാണ് രോഗങ്ങള്‍ പകരുന്നത് എന്നതിനാല്‍ പകര്‍ച്ചവ്യാധികളെ കരുതിയിരിക്കാന്‍ നബി (സ) മുന്നറിയിപ്പ് നല്‍കി. 'രോഗമുള്ള ഒട്ടകത്തെ, ആരോഗ്യമുള്ള ഒട്ടകങ്ങള്‍ വെള്ളം കുടിക്കുന്നിടത്ത് കൊണ്ടുപോകരുത്' (ബുഖാരി, മുസ്‌ലിം). നബി (സ)യെ കാണാനെത്തിയ സഖീഫ് ഗോത്ര സംഘത്തില്‍ ഒരു കുഷ്ഠരോഗിയുണ്ടായിരുന്നു. എല്ലാവരെയും കൈപിടിച്ച് അനുസരണ പ്രതിജ്ഞ വാങ്ങിയ അവിടുന്ന് കൈപിടിക്കാതെ കുഷ്ഠരോഗിയോടായി പറഞ്ഞു; 'നാം താങ്കളുടെ അനുസരണ പ്രതിജ്ഞ വാങ്ങിയിരിക്കുന്നു. അതിനാല്‍, താങ്കള്‍ക്ക് തിരിച്ചുപോകാം' (മുസ്‌ലിം, ഇബ്‌നുമാജ).

കുഷ്ഠരോഗിണിയായ ഒരു സ്ത്രീ ത്വവാഫ് ചെയ്യുന്നതു കണ്ട ഉമര്‍ (റ) അവരോട് പറഞ്ഞു: 'അല്ലാഹുവിന്റെ അടിയാത്തീ, ജനങ്ങളെ ദ്രോഹിക്കരുത്. നിങ്ങള്‍ വീട്ടില്‍ തന്നെ കഴിയുകയാണെങ്കില്‍ അതായിരുന്നു ഉത്തമം.' അതിനുശേഷം അവര്‍ വീട്ടില്‍ അടങ്ങിക്കഴിഞ്ഞു. ഉമറിന്റെ നിര്യാണശേഷം ഒരാള്‍ അവരോട്; നിങ്ങളോട് പറഞ്ഞയാള്‍ മരിച്ചിരിക്കുന്നു. ഇനി പുറത്തുപോകാമല്ലോ എന്നു പറഞ്ഞു. അതിന് ആ സ്ത്രീയുടെ പ്രതികരണം: 'അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ അനുസരിക്കുക, മരണശേഷം ധിക്കരിക്കുക, അത് ശരിയല്ല' എന്നായിരുന്നു. 'ഏതെങ്കിലും നാട്ടില്‍ പ്ലേഗ് ബാധിച്ചതായി കേട്ടാല്‍ നിങ്ങള്‍ അവിടേക്ക് പോകരുത്. ഇനി നിങ്ങളുടെ നാട്ടിലാണ് പ്ലേഗ് ബാധിച്ചതെങ്കില്‍ നിങ്ങള്‍ അവിടെനിന്ന് പുറത്തു പോവുകയുമരുത്' (ബുഖാരി, മുസ്‌ലിം). 'ഒരു വ്യക്തി പ്ലേഗിന്റെ പിടിയിലകപ്പെട്ട തന്റെ നാട്ടില്‍ ക്ഷമയോടെയും അല്ലാഹുവിന്റെ വിധി മാത്രമേ തന്നെ ബാധിക്കുകയുള്ളൂ എന്ന ദൃഢ ബോധ്യത്തോടെയും കഴിഞ്ഞാല്‍ അയാള്‍ക്ക് രക്തസാക്ഷിയുടേതിന് സമാനമായ പ്രതിഫലം ലഭിക്കുന്നതാണ്' (ബുഖാരി).

മൂന്ന്: സാംക്രമിക രോഗികളില്‍നിന്ന് അകന്നു നില്‍ക്കണമെന്ന് പഠിപ്പിച്ച നബി (സ) ചില സംഭവങ്ങളില്‍ പ്രായോഗികമായി നീക്കുപോക്ക് സ്വീകരിച്ചതായും കാണാം. നബി (സ) ഒരിക്കല്‍ മുഐഖീബുബ്‌നു അബീഫാത്വിമദ്ദൗസി എന്ന കുഷ്ഠരോഗിയോടൊപ്പം ഭക്ഷണം കഴിക്കുകയുണ്ടായി. തദവസരം 'അല്ലാഹുവിന്റെ നാമത്തില്‍ ഭക്ഷിക്കുക. അഭയവും ആശ്രയവും അല്ലാഹുവിലാകുന്നു' എന്നു പറയുകയുണ്ടായി. ഞങ്ങളുടെ വീട്ടില്‍ കുഷ്ഠരോഗിയായ വേലക്കാരനുണ്ടായിരുന്നുവെന്നും അദ്ദേഹം ഞങ്ങളുടെ പാത്രങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നുവെന്നും ആഇശ(റ) വെളിപ്പെടുത്തിയിട്ടുണ്ട്. അകലം പാലിക്കണമെന്നും സമ്പര്‍ക്കം പാടില്ലെന്നുമുള്ള നിര്‍ദേശം നിലനില്‍ക്കുന്നതോടൊപ്പം തന്നെ, സാമൂഹിക ബഹിഷ്‌കരണത്തിന്റെ തലത്തോളം അത് എത്തരുതെന്ന പാഠമാണ് ഇത് നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍