പെരും നാള്‍
കാരക്കച്ചീളു കൊണ്ട്
കൃത്യമായി മുറിച്ചെടുത്ത
പകലത്തെ പട്ടിണിയാല്‍
ഞാന്‍ അന്നത്തേക്കുള്ള
പുതുവസ്ത്രങ്ങള്‍
തയ്‌ച്ചെടുക്കുന്നു.
ഓരോ പത്തിരിക്കുമൊപ്പം
അമര്‍ത്തി ചുട്ടെടുത്ത
പ്രാര്‍ഥനകളാല്‍
വിഭവങ്ങള്‍ നിറഞ്ഞ
ഒരു തീന്മേശ
അന്നുണ്ടാവുമെന്ന്
കൊതിക്കുന്നു.
ഒറ്റയൊറ്റ രാവുകളില്‍
നിസ്‌കാരപായയില്‍ ഇറ്റുവീണ
കണ്ണീര്‍ മണികളാല്‍
എനിക്കൊരു മുത്തുമാല
ഒരുങ്ങുമെന്നും
കാരുണ്യത്തോടെ
കരങ്ങളില്‍നിന്ന്
ഊര്‍ന്നുപോയതെല്ലാം
മൈലാഞ്ചി പൂക്കളായി വന്നു പൊതിയുമെന്നും
കിനാവ് കാണുന്നു.
നിന്റെ വചനങ്ങളില്‍നിന്നും
വന്ന വെളിച്ചം ചുറ്റിനും
പ്രകാശം നിറക്കുമെന്നും
ഒരു കണ്ണും കാണാത്ത കാഴ്ചകള്‍ അതു കാണിക്കുമെന്നും
പ്രത്യാശിക്കുന്നു.
നിനക്കു വേണ്ടി എടുത്തു
നിന്റേതുകൊണ്ട്
ഞരമ്പുകള്‍ നനഞ്ഞു
ദാഹങ്ങള്‍ ശമിപ്പിക്കപ്പെട്ട
ഓരോ നോമ്പും ആഹ്ലാദത്തിന്റെ
ഒരു പെരും നാളിലേക്ക്
അടുപ്പിക്കണേ
എന്നു മാത്രം പ്രാര്‍ഥന.
Comments