Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ആ ചിരി അവരുടെ ഉള്ളില്‍നിന്നും ഉറവയെടുത്തതായിരുന്നു

സഈദ് ഹമദാനി വടുതല, ദമ്മാം

മരുഭൂമിയിലേക്കുള്ള യാത്രകള്‍ പൊതുവെ സാഹസികമാണ്. നടുക്കടലിലേക്ക് തുഴയെറിഞ്ഞ് പോകുന്ന ചെറിയ നൗകകള്‍ പോലെ ദിക്കറിയാതെയായിപ്പോകുന്ന അവസ്ഥ പലപ്പോഴും മരുഭൂ യാത്രയിലും സംഭവിക്കാറുണ്ട്. 

മുന്‍ വര്‍ഷത്തേതുപോലെ സുഊദി അറേബ്യയിലെ ദമ്മാം പ്രവാസി സാംസ്‌കാരിക വേദി നടത്തുന്ന ഇഫ്ത്വാര്‍ കിറ്റ് വിതരണത്തിന് പോയപ്പോള്‍ വെയിലേറ്റ് പൊള്ളിപ്പോയ  ചില ജീവിതങ്ങളുടെ കാഴ്ച വിശേഷങ്ങള്‍ പങ്കു വെക്കണമെന്ന് തോന്നി. മരുഭൂമിയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഇടയന്മാരെ ലക്ഷ്യം വെച്ചായിരുന്നു ഇപ്രാവശ്യത്തെയും യാത്ര. ഒരാള്‍ക്ക് ഒരു മാസം ഉപയോഗിക്കാന്‍ വിധം പാക്ക് ചെയ്ത ധാന്യങ്ങളും പൊടികളും മസാലക്കൂട്ടുകളും പയര്‍ വര്‍ഗങ്ങളും എണ്ണയുമായിരുന്നു ഓരോ കിറ്റിലും. 

മരുഭൂ യാത്രകള്‍ വളരെ തയാറെടുപ്പോടു കൂടി നടത്തേണ്ട ഒന്നാണ്. പാമ്പ്, തേള്‍ പോലുള്ള ക്ഷുദ്ര ജീവികളുടെ വാസ ഇടങ്ങളാണ് വിജനമായ മരുഭൂമികള്‍. കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റവും അപകടങ്ങള്‍ വിതക്കും. അതുകൊണ്ടാണ് ഞങ്ങളെല്ലാവരും പരമാവധി മുന്നൊരുക്കങ്ങളോടെ കൊടും ചൂട് അവഗണിച്ച് അബു ഹദ്രിയ്യ ഖഫ്ജി റോഡില്‍ നിന്ന് മരുഭൂമിയുടെ ഉള്ളകങ്ങളിലേക്ക് വാഹനങ്ങളുമായി യാത്ര തിരിച്ചത്.

പട്ടണ ജീവിതത്തിന്റെ പളപളപ്പുകളും ധാരാളിത്തവും കാരണം ഒരുപക്ഷേ നാമൊന്നും മരുഭൂമിയിലെ ഒറ്റപ്പെട്ടവരുടെ ജീവിതത്തെ കുറിച്ച് ആലോചിട്ടില്ലായിരിക്കാം. കഴിക്കുന്ന ഭക്ഷണങ്ങളുടെ വൈവിധ്യം നമ്മെ പലപ്പോഴും ഉന്മത്തരാക്കിയിരിക്കാം. എന്നാല്‍ മൂന്ന് നേരവും ഒരേ ഭക്ഷണം കഴിച്ച് ഒന്ന് മിണ്ടിപ്പറയാന്‍ അടുത്ത് മനുഷ്യനായാരുമില്ലാതെ നാല്‍പ്പത്തഞ്ചും അതിന് മുകളിലും ഡിഗ്രി കൊടും ചൂടില്‍ ഒരു ശീതീകരണ സംവിധാനങ്ങളുടെയും ആശ്വാസമില്ലാതെ ഒട്ടകത്തിന്റെയും ആടിന്റെയും വിസര്‍ജ്യങ്ങള്‍ മണക്കുന്ന ലായങ്ങളില്‍ അഞ്ചും ആറും വര്‍ഷമായി   ഒരേ ജീവിതം നയിക്കുന്നവരെ കുറിച്ച്  നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ...?

സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും വക്കുടഞ്ഞ് വെന്തടരുന്ന ആ ജീവിതങ്ങളിലേക്കാണ് സാന്ത്വനത്തിന്റെ കുളിര്‍പ്രവാഹമായി പ്രവാസിയുടെ കര്‍മഭടന്മാര്‍ ഇടയന്മാര്‍ക്കുള്ള  അതിജീവനത്തിന്റെ തോള്‍ സഞ്ചിയുമായി നടന്നു കയറിയത്.

പൊങ്ങച്ചത്തിന്റെയും ധാരാളിത്തത്തിന്റെയും നോമ്പുതുറ സുപ്രകള്‍ക്കപ്പുറം ഒരുപറ്റമാളുകള്‍ ഉരുകിയൊലിക്കുന്ന ശരീരവുമായി ഉണങ്ങിയ ഖുബ്ബൂസും, ഉപ്പു ചവര്‍ക്കുന്ന വെള്ളവും കുടിച്ച് മരുഭൂമിയുടെ ഒറ്റപ്പെടലില്‍ ഉണ്ടെന്ന് നാം മറക്കരുത്. നാട്ടുനടപ്പായി മാറിയ പൊരികരി-പഴ കൊട്ടകളും, വര്‍ണ വൈവിധ്യം കൊണ്ട് മോടിപിടിപ്പിക്കുന്ന പഴച്ചാറുകളുമുള്ള     ആര്‍ഭാട ഇഫ്ത്വാര്‍ മീറ്റുകളിലേക്ക് അവരെയൊന്നും ആരും ക്ഷണിച്ചു കൊണ്ടുവരാറില്ല. അത് എളുപ്പം സാധ്യവുമല്ല. അദൃശ്യമായ ചങ്ങലയാല്‍ അവര്‍ മരുഭൂമിയുടെ നടുക്ക് തളക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അത് അവിടെ എത്തിച്ചുകൊടുക്കുകയേ നിവൃത്തിയുള്ളൂ. ഒന്ന് തീര്‍ച്ചയാണ്, ഇനിയുള്ള കാലം നോമ്പുതുറകള്‍ ഉണ്ടാവേണ്ടത് മരുഭൂമിയുടെ നടുവില്‍ ഒറ്റപ്പെട്ടു പോയവരോടൊപ്പമായിരിക്കണം. കൂട്ടായ്മകളും സംഘടനകളും വ്യക്തികളും അതിനായി മുന്നിട്ടിറങ്ങണം. ഇപ്പോള്‍ ചെറുതായ രീതിയില്‍ പലരും നടത്തുന്നുണ്ടെങ്കിലും. ഇനിയും ഉത്സാഹിച്ചാല്‍ നാവിറങ്ങിപ്പോകുന്ന ചൂടില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ഉള്ള് തണുക്കാന്‍ കൊടുത്താല്‍ അത് വളരെ നല്ലൊരു സല്‍പ്രവൃത്തിയായിരിക്കും.     

യാത്രയില്‍ കണ്ടുമുട്ടിയ സുഡാനികളുടെയും എത്യോപ്യക്കാരുടെയും ബംഗാളികളുടെയും ഇന്ത്യക്കാരുടെയും അനുഭവങ്ങള്‍ കണ്ണുനീരിന്റെ ഉപ്പു രസത്താലല്ലാതെ ഇവിടെ കുറിക്കാന്‍ സാധ്യമല്ല.

പാതിരാവില്‍ ശീതീകരിച്ച മുറിയകങ്ങളില്‍  ലോകം ഉറങ്ങുമ്പോഴും മരുഭൂവിന്റെ നടുമുറ്റത്ത് കൊടും ചൂടില്‍ ഞെരിപൊരി കൊണ്ട് നേരം വെളുപ്പിക്കുന്ന മനുഷ്യക്കോലങ്ങള്‍. പ്രഭാതമായാലും തുടര്‍ അനുഭവങ്ങളില്‍ ഒരു വ്യത്യാസവുമില്ലാതെ അവര്‍ മരുഭൂമികളില്‍ തുടരുകയാണ്. വീട്ടിലുള്ളവരെ കഴിപ്പിക്കാനും ഉടുപ്പിക്കാനുമായി ഇറങ്ങിത്തിരിച്ച  ഈ ജീവിതങ്ങളെ നാം കാണാതെ പോകരുത്.

ആടും ഒട്ടകവും കോഴിയും പട്ടികളും  അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരായിരിക്കുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നു. സുഖദുഃഖങ്ങള്‍ പങ്കുവെക്കുന്നു. ചിലപ്പോഴെല്ലാം ഭക്ഷണം വരെ പങ്കു വെക്കപ്പെടുന്നു.  എപ്പോഴെങ്കിലും എത്തുന്ന കഫീലന്മാര്‍ നല്‍കുന്ന ഖുബ്ബൂസും മറ്റു വിഭവങ്ങളും അവര്‍ ആര്‍ത്തിയോടെ കൈപ്പറ്റുന്നു.

യാത്രയില്‍ കണ്ടുമുട്ടിയ മുപ്പത്തിയഞ്ച് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന സുഡാന്‍കാരനായ മഹ്മൂദ്, ഞങ്ങള്‍ ചെല്ലുമ്പോള്‍ ആട്ടിന്‍കൂട്ടില്‍ അവയെ തീറ്റുകയായിരുന്നു. കിറ്റുകളുമായി ഞങ്ങളെക്കണ്ടതും ഓടി വന്ന് അവന്‍ താമസിക്കുന്ന ടാര്‍പ്പായ വലിച്ചുകെട്ടിയ ടെന്റിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ ഇന്ന് ഇവിടെ നോമ്പ് തുറക്കണമെന്ന് ഞങ്ങളെ നിര്‍ബന്ധിച്ചു. സമയത്തിന്റെ പരിമിതി കാരണം അവന്റെ ക്ഷണം സ്‌നേഹത്തോടെ നിരസിക്കേണ്ടി വന്നു. ഇഫ്ത്വാര്‍ കിറ്റും പിടിച്ച്  അവനോടൊപ്പം ഫോട്ടോയെടുത്തപ്പോള്‍ ആ ഫോട്ടോ കണ്ട് അവന്‍ അത്ഭുതപ്പെട്ടു. തിരികെ പോരുമ്പോള്‍  അവന്‍ ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുന്ന വളരെ പഴയ മൊബൈല്‍ എടുത്ത് ഇതിലും അതുപോലെ ഒരു ഫോട്ടോ എടുക്കൂ എന്ന് പറഞ്ഞപ്പോള്‍  നാട്ടിലും,  ടെക്നോളജിയിലും ദിവസവും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവന്റെ അജ്ഞതയെക്കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു. എങ്കിലും അവന്റെ ആ പുഞ്ചിരിക്കുന്ന മുഖം മനസ്സില്‍നിന്ന് മായുന്നില്ല. ഇവര്‍ക്കൊക്കെ ഈ കഷ്ടപ്പാടുകള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും നടുവില്‍ നിന്ന് എങ്ങനെ, ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നു!  

മറ്റൊരു സ്ഥലത്ത്  ചെന്നപ്പോള്‍, ഒരു സുഡാനി പറഞ്ഞതനുസരിച്ചാണ് അപ്പുറത്തെ ടെന്റിലെ 'ഹിന്ദി'യെ കാണാന്‍ ചെന്നത്.

സൂര്യന്റെ കൊടും താപത്താല്‍ കറുത്ത് പരുപരുത്തു പോയ ആ 'ഹിന്ദി' തമിഴ്‌നാട്ടുകാരനായ സുബ്രഹ്മണ്യനായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷിച്ചു. മറന്നുപോകുമായിരുന്ന മാതൃഭാഷയെ തിരിച്ചുപിടിക്കാനുള്ള ആവേശത്തില്‍ അറബിയും തമിഴും ഇടകലര്‍ന്ന ഭാഷയില്‍ അവന്‍ ഞങ്ങളോട് സംസാരിച്ചു. കഫീലിനെക്കുറിച്ച് നല്ലതേ അവന് പറയാനുണ്ടായിരുന്നുള്ളൂ. എല്ലാ മാസവും കഫീല്‍ അവന്റെ ശമ്പളം വീട്ടിലേക്ക് അയച്ച ബേങ്ക് കടലാസ് അവന് കൊണ്ടുകൊടുക്കുമെന്നും എല്ലാ ആഴ്ചയും ഓരോ ആഴ്ചക്കുള്ള ഭക്ഷണം കൊണ്ടുവന്നു തരുമെന്നും അവന്‍ അറിയിച്ചു.

ഞങ്ങള്‍ ദൗത്യം നിര്‍വഹിച്ചു തിരികെ പോരുമ്പോള്‍  കണ്ണീര്‍ തുടച്ച് 'എല്ലാവര്‍ക്കും റൊമ്പ നന്‍ഡ്രി, നീങ്ക ഇനിയും ഇങ്ക് വരണേ' എന്ന്  തൊണ്ടയില്‍ ഉടക്കുന്ന വാക്കായി മാറുകയായിരുന്നു സുബ്രഹ്മണ്യന്‍.

അപ്പോഴാണ് എന്റെ സുഹൃത്തിന്റെ ചോദ്യം 'ശമ്പളം എന്ത് കെടയും?' അതിനും സുബ്രഹ്മണ്യന്‍ ചിരിച്ചുകൊണ്ടാണ്  മറുപടി പറഞ്ഞത്: 'ആയിരത്തി മൂന്നൂറ് റിയാല്‍.' 

ഒരു പരാതിയുമില്ലാതെ ജീവിതത്തിന്റെ നേര്‍ക്കുനേര്‍ നട്ടെല്ല് നിവര്‍ത്തി  നില്‍ക്കുന്ന ഇതുപോലുള്ള സുബ്രഹ്മണ്യന്മാര്‍ നല്ല ശമ്പളം കിട്ടിയിട്ടും ടെന്‍ഷന്‍ മാറാത്ത നമ്മെ പലതും പഠിപ്പിക്കുന്നില്ലേ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍