ഹുനൈന്‍ യുദ്ധവും നയതന്ത്രവും
മുഹമ്മദുന്‍ റസൂലുല്ലാഹ്-59
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുക വഴി അനശ്വരമാക്കപ്പെട്ട പേരാണ് ഹുനൈന്‍. പക്ഷേ, കഴിഞ്ഞ ഒരായിരത്തിലധികം വര്‍ഷമായി ഈ സ്ഥലം എവിടെയായിരുന്നു എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ പറയുന്നു, മക്കയില്‍നിന്ന് ഒരു ദിവസത്തെ വഴിദൂരമാണ് അങ്ങോട്ട് ഉണ്ടായിരുന്നതെന്ന്. മറ്റു ചിലരുടെ അഭിപ്രായത്തില്‍, മക്കയില്‍നിന്ന് മൂന്നോ നാലോ ദിവസം ഒട്ടകപ്പുറത്ത് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരമാണത്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. യുദ്ധം നടന്ന ഹുനൈന്‍ എന്ന സ്ഥലം, ഒന്നും വളരാത്ത തനി മരുപ്രദേശമായിരുന്നു. അക്കാലം മുതല്‍ തന്നെ അവിടെ ജനവാസമുണ്ടായിരുന്നില്ല. ശത്രുവിനെ അപ്രതീക്ഷിതമായി കടന്നാക്രമിക്കുകയായിരുന്നു പ്രവാചകന്റെ ഉദ്ദേശ്യമെങ്കില്‍, സാധാരണ റൂട്ടിലൂടെയാവില്ല അദ്ദേഹം സൈന്യത്തെ നയിക്കുക; പൊതുവെ അപരിചിതമായ മറ്റൊരു റൂട്ടിലൂടെയായിരിക്കും.
ഇവിടെ, നേരത്തേ തന്നെ മക്കയിലേക്കുള്ള പടയോട്ടം തുടങ്ങിക്കഴിഞ്ഞ ശത്രുവിനെ തടയുക എന്നതായിരുന്നു പ്രവാചകന് ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ടാണ് ശത്രുവുമായി അദ്ദേഹം നേര്‍ക്കുനേരെ ഏറ്റുമുട്ടിയത്. ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ പ്രവാചകന്റെ സൈന്യം സഞ്ചരിച്ച വഴികളെക്കുറിച്ച് നമുക്കൊരു ധാരണ ലഭിക്കും. ശത്രുക്കള്‍ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പിന്നെ കാലികളെയും നിര്‍ത്തിയിരുന്ന ഔത്വാസിലേക്കാണ് പ്രവാചകന്റെ സൈന്യം ആദ്യം മാര്‍ച്ച് ചെയ്തത്. അവിടെനിന്ന് ലഭിച്ച യുദ്ധമുതലുകളുമായി അദ്ദേഹം ജിഅ്‌റാനയില്‍ എത്തി. ഈ സ്ഥലപ്പേര് ഇന്നുമുണ്ട്. മക്കയുടെ വടക്ക് ഏതാണ്ട് പതിനഞ്ച് കി.മീ. മാറിയാണ് ഇതിന്റെ കിടപ്പ്. പിന്നെ, ഹുനൈനില്‍നിന്ന് ഓടിപ്പോയ ശത്രുക്കള്‍ അഭയം തേടിയ ത്വാഇഫ് ഉപരോധിക്കാനായി ആ ഭാഗത്തേക്ക് നീങ്ങി. അതേസമയം, ഹുനൈനും ഔത്വാസും ത്വാഇഫിന്റെ അതേ ദിശയില്‍ (മക്കയുടെ തെക്കു-കിഴക്ക്) ആയിരുന്നുവെന്ന് നാം ഊഹിച്ചുകൂടാത്തതാണ്. നമുക്ക് ഏറിയാല്‍ പറയാന്‍ കഴിയുക, ഈ രണ്ട് പ്രദേശങ്ങളിലേക്കുമുള്ള റൂട്ടുകള്‍ ജിഅ്‌റാനയില്‍ സംഗമിച്ചിരുന്നു എന്നു മാത്രമാണ്. എന്റെ അഭിപ്രായത്തില്‍, നാം ഔത്വാസിനെയും ഹുനൈനിനെയും അന്വേഷിക്കേണ്ടത് മക്കയുടെ വടക്കു കിഴക്ക് ഭാഗത്താണ്; മക്കക്കും ത്വാഇഫിനുമിടയിലല്ല. പ്രവാചകന്റെ പടയോട്ട റൂട്ടിനെക്കുറിച്ച് വിവരണം നല്‍കുന്ന ഇബ്‌നുഹിശാം പറയുന്നത്, ജിഅ്‌റാന വിട്ടശേഷം പ്രവാചകന്‍ പോകുന്നത് നഖ്‌ലയിലേക്കും പിന്നെ ഖര്‍നിലേക്കും ആണെന്നാണ് (നഖ്‌ല, ജിഅ്‌റാനയുടെ കിഴക്കാണ്; ഖര്‍ന് നഖ്‌ലയുടെ തെക്കു കിഴക്കും). ത്വാഇഫില്‍ എത്തുന്നതിനു മുമ്പ് പ്രവാചകന്‍ ലീയയിലേക്കും പോകുന്നുണ്ട്. പിന്നെയാണ് ത്വാഇഫില്‍ എത്തുന്നത്. ത്വാഇഫിന്റെ കിഴക്ക്-തെക്ക്-കിഴക്ക് ഭാഗത്തെ പ്രാന്തമാണ് ലീയ. ത്വാഇഫ് നഗരത്തില്‍നിന്ന് അങ്ങോട്ടേക്ക് പത്ത് കി.മീ. ഉണ്ടാവും. ഇതില്‍നിന്ന് മനസ്സിലാവുക മക്ക, ഹുനൈന്‍, ത്വാഇഫ് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു അര്‍ധവൃത്താകൃതിയിലുള്ള റൂട്ടിലൂടെയാണ് മുസ്‌ലിം സേന നീങ്ങിയത് എന്നാണ്.
അതെന്തായാലും, നേരത്തേ സൂചിപ്പിച്ചതുപോലെ, 12,000 വരുന്ന മുസ്‌ലിം സൈന്യം തീര്‍ത്തും അപ്രതീക്ഷിതമായി ഹുനൈനില്‍ വെച്ച് ആക്രമിക്കപ്പെടുകയാണുണ്ടായത്. കാലാള്‍പ്പടക്ക് നേരെ അമ്പുകള്‍ ചീറിപ്പാഞ്ഞു വരികയായിരുന്നു. കാലാള്‍പ്പട ചിതറിയോടി. സൈന്യത്തിന്റെ ബാക്കി ഭാഗത്തിനും ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. അതൊരു സമ്പൂര്‍ണ പരാജയമായി കലാശിക്കുമായിരുന്നു. ആ നിര്‍ണായക ഘട്ടത്തില്‍ പ്രവാചകന്റെ അപാരമായ ഇഛാശക്തിയാണ് തുണയായത്. ചിതറിയോടാതെ തന്നോടൊപ്പം നില്‍ക്കുന്ന കുറച്ചുപേരുമായി അദ്ദേഹം ശത്രുവിനെ ധീരമായി നേരിട്ടു. ചിതറിയോടിയവര്‍ ഇതുകണ്ട് തിരിച്ച് വന്ന് അവരോടൊപ്പം ചേരാന്‍ തുടങ്ങി. അതോടെ യുദ്ധഗതി മാറിമറിഞ്ഞു. ശത്രുക്കള്‍ താഴ്‌വരകളിലേക്കും മലയിടുക്കുകളിലേക്കും ഓടി രക്ഷപ്പെട്ടു. ഖുര്‍ആന്‍ ആ സംഭവം ഇപ്രകാരം വിവരിക്കുന്നു:
''ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധദിവസം സ്വന്തം എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കിയ സന്ദര്‍ഭം. ആ എണ്ണപ്പെരുപ്പം ഒരു തരത്തിലും നിങ്ങള്‍ക്ക് ഉപകരിച്ചില്ല. വിസ്തൃതമായ ഭൂമി നിങ്ങള്‍ക്ക് ഇടുങ്ങിയതായി തോന്നി. പിന്നീട് നിങ്ങള്‍ പിന്തിരിഞ്ഞോടി. തുടര്‍ന്ന് തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അല്ലാഹു സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവന്‍ ഇറക്കുകയും സത്യനിഷേധികളെ ശിക്ഷിക്കുകയും ചെയ്തു. സത്യനിഷേധികള്‍ക്കുള്ള പ്രതിഫലമാണത്.''1
ശത്രുക്കളുടെ ഭാഗത്തുനിന്ന് വളരെ മോശമായ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിട്ടും പ്രവാചകന്‍ എത്ര ഉദാത്തമായ രീതിയിലാണ് അവരോട് പെരുമാറിയതെന്നതിന് ഇബ്‌നു ഹമ്പല്‍ റിപ്പോര്‍ട്ട് ചെയ്ത ഈ ഒരൊറ്റ സംഭവം മതി (ഇബ്‌നു ഹമ്പല്‍ കകക, 435). ഹുനൈന്‍ പടക്കളത്തില്‍നിന്ന് പിന്തിരിഞ്ഞോടിയ ശത്രുക്കളെ പിന്തുടരാനായി താന്‍ നിയോഗിച്ച ഒരു സൈനിക ദളം ഏതാനും കുട്ടികളെ കൊലപ്പെടുത്താനിടയായി എന്ന വാര്‍ത്ത പ്രവാചകന്റെ കാതിലെത്തി. ആ സംഘത്തില്‍പെട്ട ഒരാള്‍ 'അത് ശത്രുക്കളുടെ കുട്ടികളല്ലേ' എന്ന ന്യായീകരണവുമായി വന്നപ്പോള്‍ പ്രവാചകന്‍ അയാളെ കടുത്ത ഭാഷയില്‍ ശകാരിച്ചു. എന്നിട്ട് ഇങ്ങനെ ഉണര്‍ത്തി: 'വിശ്വാസികളില്‍ ഏറ്റവും മികച്ചവര്‍ അവിശ്വാസികളുടെ കുട്ടികളാണ്. അത് ഓര്‍മ വേണം. ജാഗ്രത കാണിക്കൂ. കുട്ടികളെ ഒരു കാരണവശാലും കൊല്ലരുത്! ജാഗ്രത കാണിക്കൂ, കുട്ടികളെ ഒരിക്കലും കൊല്ലരുത്! ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ശുദ്ധ പ്രകൃതിയോട് കൂടിയാണ്. മാതാപിതാക്കളാണ് അവരെ ജൂതനോ ക്രിസ്ത്യാനിയോ ഒക്കെ ആക്കുന്നത്.'
ഹുനൈന്‍ യുദ്ധത്തില്‍ പ്രവാചകനോടൊപ്പം ഉറച്ചുനിന്ന് പൊരുതിയ ഒരു വനിതയെ ചരിത്ര ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.2 മുസ്‌ലിം സൈന്യത്തില്‍നിന്ന് യുദ്ധസന്ദര്‍ഭത്തില്‍ പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അവര്‍ പ്രവാചകനോട് വളരെ പുഛത്തോടെ ആവശ്യപ്പെട്ടിരുന്നുവത്രെ. ഔത്വാസില്‍നിന്ന് പ്രയാസമേതുമില്ലാതെ യുദ്ധമുതലുകള്‍ സ്വന്തമാക്കിയ ശേഷം പ്രവാചകന്‍ ത്വാഇഫിനെ ലക്ഷ്യമാക്കി നീങ്ങി. അദ്ദേഹം മക്കയിലേക്ക് ഒരാളെ പറഞ്ഞയച്ചുവെന്നും ഔത്വാസില്‍നിന്ന് പിടികൂടിയ ഓരോ തടവുകാരന്നും ഓരോ വസ്ത്രം വീതം വരുത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.3 ലീയയില്‍ എത്തിയപ്പോള്‍ മുസ്‌ലിം സൈന്യം ത്വാഇഫ് സൈന്യത്തിന്റെ സര്‍വസൈന്യാധിപനായ മാലികിന്റെ ഉടമസ്ഥതയിലുളള കോട്ട പിടിച്ചടക്കുകയും അത് നശിപ്പിക്കുകയും ചെയ്തു.4 പിന്നെ ത്വാഇഫ് ഉപരോധിച്ചു. ശത്രുലക്ഷ്യങ്ങള്‍ക്കെതിരെ പാറക്കല്ലുകളെറിയാന്‍ വലിയ തെറ്റാലികള്‍ (രമമേുൗഹെേ) ഉപയോഗിച്ചിരുന്നു, ഈ യുദ്ധത്തില്‍ മുസ്‌ലിംകള്‍. ശത്രുക്കളുടെ ശരങ്ങളില്‍നിന്ന് രക്ഷനേടാന്‍ കാളത്തോല്‍ ഉപയോഗിച്ചുള്ള കവചങ്ങള്‍ യുദ്ധവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നഗരമതിലുകള്‍ തകര്‍ക്കാനും അവര്‍ക്ക് സാധിച്ചു. രാത്രി ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ പ്രതിരോധിക്കാനും മുന്‍കരുതലുകള്‍ എടുത്തിരുന്നു. മുസ്‌ലിം സേന തമ്പടിച്ച ക്യാമ്പിനു ചുറ്റും മരത്തടികള്‍ കുത്തിനിര്‍ത്തിയാണ് പ്രതിരോധമൊരുക്കിയത്. മാത്രവുമല്ല മുള്‍മരങ്ങള്‍ വെട്ടിക്കൊണ്ടു വന്ന് കോട്ടക്ക് ചുറ്റും (ഒരുപക്ഷേ, അതിന്റെ കവാടങ്ങള്‍ക്ക് മുമ്പിലാകാം) നിരത്തിയിടുകയും ചെയ്തു; ശത്രുക്കള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നത് തടയാന്‍ വേണ്ടണ്ടി.5 പക്ഷേ, ഉപരോധിക്കപ്പെട്ട കോട്ടക്കകത്ത് അതിജീവനത്തിനുള്ള എല്ലാം ഉണ്ടായിരുന്നു. മാത്രവുമല്ല, കോട്ടക്കകത്ത് ഒളിച്ചിരിക്കുന്നവരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള സന്നാഹങ്ങളൊന്നും മുസ്‌ലിംകളുടെ കൈവശം ഉണ്ടായിരുന്നുമില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ശീതയുദ്ധ'മാണ് കൂടുതല്‍ ഫലപ്രദം. പ്രവാചകന്‍ പ്രഖ്യാപിച്ചു: 'ശത്രുക്കളുടെ കീഴിലുള്ള അടിമകളിലാരെങ്കിലും കീഴടങ്ങാനും ഇസ്‌ലാം സ്വീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവരെ സ്വതന്ത്രരാക്കുന്നതാണ്' (ബലാദുരി6 പറയുന്നത്, ഇത്തരക്കാര്‍ ത്വാഇഫില്‍ 80 പേരുണ്ടായിരുന്നു എന്നാണ്. അവര്‍ നഗരത്തില്‍ സായുധ പോരാട്ടത്തിന് ഒരുക്കമായിരുന്നെങ്കിലും പ്രവാചകന്‍ അവരെ വിലക്കുകയാണ് ചെയ്തത്. എണ്ണക്കുറവ് തന്നെ കാരണം. മുസ്‌ലിംകളോടൊപ്പം ചേരാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു പ്രവാചകന്‍). ത്വാഇഫില്‍ അഭയം തേടിയ ഹവാസിന്‍ പടത്തലവന്‍ മാലികിന് മുമ്പില്‍ പ്രവാചകന്‍ ഒരു വാഗ്ദാനം മുന്നോട്ടുവെച്ചു: 'താങ്കള്‍ കീഴടങ്ങിയാല്‍ ഞങ്ങളുടെ പിടിയിലുള്ള താങ്കളുടെ കുടുംബത്തെ മോചിപ്പിക്കുക മാത്രമല്ല, പല ആനുകൂല്യങ്ങളും താങ്കള്‍ക്ക് നല്‍കുന്നതാണ്.' അങ്ങനെ മാലിക് കീഴടങ്ങി.7 ത്വാഇഫുകാര്‍ കോട്ടവിട്ട് പുറത്തുവന്ന് കീഴടങ്ങിയില്ലെങ്കില്‍ അവരുടെ മുന്തിരിത്തോട്ടങ്ങളും ജലസേചന സൗകര്യങ്ങളും തകര്‍ക്കുമെന്ന് മുസ്‌ലിം സൈന്യം നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നുപോയ ത്വാഇഫുകാര്‍ പറഞ്ഞു: 'അതൊക്കെ നിങ്ങള്‍ എടുത്തോളൂ. ഏതായാലും നശിപ്പിക്കേണ്ട.' അതിനു മുമ്പേ അതൊന്നും നശിപ്പിക്കേണ്ടതില്ലെന്ന് പ്രവാചകന്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. പക്ഷേ, അപ്പോഴും ത്വാഇഫ് നഗരം കീഴടങ്ങാന്‍ വിസമ്മതിച്ചു. ഉപരോധം നാല്‍പ്പതു ദിവസം കഴിഞ്ഞിട്ടും ഒരു തീര്‍പ്പ് ഉണ്ടാകുന്നില്ല. അങ്ങനെ പ്രവാചകന്‍ തന്റെ യുദ്ധകാര്യ സമിതിയെ വിളിച്ചുചേര്‍ത്തു. സമിതിയിലെ നൗഫലുബ്‌നു മുആവിയ അദ്ദില്ലി എന്ന വ്യക്തി അഭിപ്രായപ്പെട്ടത് ഇങ്ങനെ: ''ത്വാഇഫിനെ നമുക്ക് വെറുതെ വിടാം. ഇനിമേല്‍ അത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സുരക്ഷക്ക് ഒരു ഭീഷണിയേ ആവുകയില്ല. കാരണം ചുറ്റുമുള്ള മുഴുവന്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ക്ക് കീഴില്‍ വന്നു കഴിഞ്ഞു. ഇനിയത് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാലോ? കുറച്ചധികം കാത്തിരിക്കേണ്ടിവരും. കാരണം, 'ഭൂമി തുരന്ന് ആഴത്തിലെവിടെയോ ഒളിച്ചിരിക്കുന്ന കുറുക്കനെ പിടിക്കുന്ന' പോലെ ശ്രമകരമാണത്.''8 പ്രവാചകന്‍ ഇത് അംഗീകരിച്ചു. ഉപരോധം മതിയാക്കി മുസ്‌ലിം സൈന്യം മക്കയിലേക്ക് തിരിച്ചുപോയി.
ജിഅ്‌റാനയില്‍ എത്തിയപ്പോള്‍ യുദ്ധമുതലുകളുടെയും ഹവാസിനുകാരായ തടവുകാരുടെയും കാര്യത്തില്‍ എന്ത് തീരുമാനിക്കണമെന്ന് ആലോചനയുണ്ടായി. യുദ്ധമുതലുകള്‍ പ്രയാസം കൂടാതെ വിതരണം ചെയ്തു. തടവുകാര്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു. അവര്‍ ആറായിരം പേരുണ്ട്.9 മുസ്‌ലിം ഭരണകൂടത്തിന് അവരെ ഏറെക്കാലം തീറ്റിപ്പോറ്റാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഗത്യന്തരമില്ലാതെ അവരെ അടിമകളാക്കി തന്റെ സൈനികര്‍ക്കിടയില്‍ വീതിക്കേണ്ടി വന്നു.
ത്വാഇഫിലും പിന്നെ ജിഅ്‌റാനയിലും വെച്ച് പ്രവാചകന്‍ സ്വീകരിച്ചുകൊണ്ടിരുന്ന ഒത്തുതീര്‍പ്പു നീക്കങ്ങള്‍ ഒളിവില്‍ കഴിയുന്ന ഹവാസിനുകളും ക്രമേണ അറിഞ്ഞിട്ടുണ്ടാവണം. ജിഅ്‌റാനയില്‍ വെച്ച് ഈ തടവുകാരിലെ ഒരു സ്ത്രീ പ്രവാചകന്റെ മുമ്പിലെത്തി ഇങ്ങനെ പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ വളര്‍ത്തു സഹോദരിയാണ്. പേര് ശൈമാഅ്.'
നബിക്ക് ശിശുവായിരിക്കെ മുലകൊടുത്ത ഹലീമയുടെ മകളാണ് താനെന്നാണ് ആ സ്ത്രീ പറയുന്നത്. അന്വേഷിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യമായി. തുടര്‍ന്ന് പ്രവാചകന്‍ അവര്‍ക്ക് വളരെയേറെ ആദരവും പരിഗണനയും നല്‍കി. ഒന്നുകില്‍ തന്നോടൊപ്പം മുസ്‌ലിം സമൂഹത്തില്‍ കഴിയാം, എല്ലാവിധ ആദരവുകളോടെയും. അല്ലെങ്കില്‍, അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാം. ഇതില്‍ ഏതു നിര്‍ദേശവും സ്വീകരിക്കാമെന്ന് പ്രവാചകന്‍ തന്റെ വളര്‍ത്തു സഹോദരിയോട് പറഞ്ഞു. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. തിരിച്ചുപോകാനുള്ള വാഹനവും സുരക്ഷാ സംവിധാനവുമൊക്കെ ഏര്‍പ്പാടാക്കിയ ശേഷം നിരവധി സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ പ്രവാചകന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചത്. ഈയവസരത്തില്‍, ഒരു മുസ്‌ലിമിനെ ജീവനോടെ തീകൊളുത്തി എന്ന കുറ്റത്തിന് മുസ്‌ലിംകള്‍ തടവിലാക്കിയ തന്റെ ബന്ധുവിനെ വിട്ടു തരണമെന്ന് ശൈമാഅ് അഭ്യര്‍ഥിക്കുകയുണ്ടായി. പ്രവാചകന്‍ കുറ്റവാളിക്ക് മാപ്പുകൊടുക്കുകയും അയാളെ മോചിപ്പിക്കുകയും ചെയ്തു.10
ഏതാനും ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഹവാസിന്‍ പ്രതിനിധിസംഘം പ്രവാചകനെ കാണാനായി ജിഅ്‌റാനയിലെത്തി. തങ്ങളുടെ പ്രവൃത്തികളില്‍ ദുഃഖിക്കുന്നു എന്നവര്‍ പറഞ്ഞു. തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാനായി വന്നിരിക്കുകയാണ്. പ്രവാചകന്റെ വളര്‍ത്തു സഹോദരിയുടെ ബന്ധുക്കളായ തങ്ങള്‍ക്ക് മാപ്പു തരണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഇപ്പോള്‍ പറഞ്ഞ കാര്യം നമസ്‌കാരം കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങുന്ന സമയത്ത് ഒന്നുകൂടി പറയണമെന്ന് പ്രവാചകന്‍ അവരോട് നിര്‍ദേശിച്ചു. അവര്‍ അങ്ങനെ ചെയ്തു. അപ്പോള്‍ അവരോടായി പ്രവാചകന്‍: 'നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായത് എന്നെ സന്തോഷിപ്പിക്കുന്നു. പക്ഷേ, നിങ്ങള്‍ വന്നത് വളരെ വൈകിയാണ്. ഹുനൈന്‍ യുദ്ധം കഴിഞ്ഞ് നിങ്ങളില്‍നിന്ന് ലഭിച്ച യുദ്ധമുതലുകളൊന്നും വീതിക്കാതെ ഏതാനും ആഴ്ചകളായി ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഏതായാലും ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ടാലൊന്ന് തെരഞ്ഞെടുക്കാം. ഒന്നുകില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടുപോകാം, അല്ലെങ്കില്‍ നിങ്ങളുടെ തടവുകാരെ കൊണ്ടുപോകാം.' സ്വാഭാവികമായും തങ്ങള്‍ക്ക് തടവുകാരെ മതിയെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'അടിമകളായാണ് ആ തടവുകാരെ വിതരണം ചെയ്തത്. പക്ഷേ, എന്റെയും ബന്ധുക്കളുടെയും അധീനതയിലുള്ള അടിമകളാക്കപ്പെട്ട നിങ്ങളുടെ മുഴുവന്‍ തടവുകാരെയും യാതൊന്നും കൈപ്പറ്റാതെ ഞാന്‍ മോചിപ്പിക്കുകയാണ്.' ഉടന്‍ അബൂബക്ര്‍ സിദ്ദീഖ് എഴുന്നേറ്റ്, തന്റെ കുടുംബവും ഇതേ മാതൃക പിന്തുടരുകയാണ് എന്നറിയിച്ചു. ബാക്കിയുള്ളവരും അതേ നിലപാടിലേക്ക് വന്നതോടെ മുഴുവന്‍ തടവുകാരും സ്വതന്ത്രരായി.11 ഹവാസിന്‍ കമാന്റര്‍ മാലികിന് ചില ആനുകൂല്യങ്ങളും ലഭിച്ചു. തന്റെ കുടുംബത്തെ മാത്രമല്ല തന്റെ സ്വത്തുക്കളും അദ്ദേഹത്തിന് തിരിച്ചുകിട്ടി. പുറമെ നൂറ് ഒട്ടകങ്ങളെ സമ്മാനമായും അദ്ദേഹത്തിന് നല്‍കി. ഇത് മാലികിനെ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ ആദര്‍ശധീരനായ കര്‍മഭടനാക്കി മാറ്റി. എത്രത്തോളമെന്നാല്‍, ത്വാഇഫിലെ അവിശ്വാസികളായ തന്റെ സഖീഫ് ഗോത്രബന്ധുക്കളുമായി അദ്ദേഹം കലഹിക്കാന്‍ വരെ തുടങ്ങി.12
(തുടരും)
കുറിപ്പുകള്‍
1. ഖുര്‍ആന്‍ 9: 25-6
2. സുഹൈലി II, 290, സര്‍കശി - ശര്‍ഹു സിയര്‍ കബീര്‍ I, 124
3. മഖ്‌രീസി, I, 423, ത്വാഇഫ് യുദ്ധത്തിന്റെ കൂടുതല്‍ വിവരണങ്ങള്‍ക്ക് എന്റെ 'Battlefields...' 2 കാണുക; No: 188202
4. അതേ പുസ്തകം, 416
5. ഇബ്‌നു ഹിശാം പേ: 872-3, ഇബ്‌നു സഅ്ദ് 2/I പേ: 114
6. ബലാദുരി I, No: 989
7. ഇബ്‌നു ഹിശാം പേ: 879
8. ഇബ്‌നു സഅ്ദ് 2/I, പേ: 114-5
9. ഇബ്‌നു ഹിശാം പേ: 877
10. അതേ പുസ്തകം പേ: 856-7
11. അതേ പുസ്തകം 876-9
12. ഇബ്‌നു ഹിശാം പേ: 879, മഖ്‌രീസി I, 430
Comments