'ഓറിയന്റലിസം' കോളനിയാനന്തര പഠനത്തിലെ നാഴികക്കല്ല്
യൂറോപ്യന്‍ വരേണ്യ ബോധത്തിന്റെ കരണത്തേറ്റ കനത്ത പ്രഹരമായിരുന്നു എഡ്വേഡ് സെയ്ദിന്റെ 1978-ല്‍ പ്രസിദ്ധീകരിച്ച 'ഓറിയന്റലിസം' എന്ന പുസ്തകം. കൊളോണിയലിസത്തിന്റെ കപടനാട്യങ്ങളെയെല്ലാം ആ പുസ്തകം നഗ്നമാക്കി. വ്യവസ്ഥാപിതമായ പോസ്റ്റ്് കൊളോണിയല്‍ പഠനങ്ങള്‍ക്ക് തുടക്കമിട്ട പ്രസ്തുത ഗ്രന്ഥം പുറത്തിറങ്ങിയിട്ട് 2018-ല്‍ നാല്‍പതു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, നാഗരിക വ്യവഹാരങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ ഇന്നത്തെ സാഹചര്യത്തില്‍ നാല്‍പതു വര്‍ഷങ്ങള്‍ മതിയായ സമയമാണെങ്കിലും സെയ്ദിന്റെ വിമര്‍ശന രീതിശാസ്ത്രം പുതിയ പാരായണങ്ങള്‍ക്കുള്ള തുറവി ബാക്കി നിര്‍ത്തുന്നു. ഈ കാലയളവിലുണ്ടായ അപകോളനീകരണ പഠനങ്ങള്‍ക്കെല്ലാം ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ദിശ നിര്‍ണയിക്കാന്‍ സാധിച്ചു എന്നതാണ് 'ഓറിയന്റലിസ'ത്തിന്റെ പ്രസക്തി. തന്റെ പില്‍ക്കാല വിമര്‍ശകര്‍ ഉള്‍പ്പെടെ ധിഷണയുടെ ഒരു പുതുവഴി സെയ്ദ് തുറന്നുകൊടുത്തു. സാമ്രാജ്യത്വം കല്‍പിക്കുന്നതെല്ലാം പഞ്ചപുഛമടക്കി കേട്ടുനില്‍ക്കുന്ന തൊമ്മിയുടെ സ്ഥാനത്തുനിന്ന് മറു ന്യായങ്ങള്‍ പറയാന്‍ ധൈര്യമുള്ള (Writing back to Imperialism) തന്റേടിയുടെ വിതാനത്തിലേക്കുയരാന്‍ മൂന്നാം ലോക ബുദ്ധിജീവിയെ പ്രാപ്തനാക്കുന്നതില്‍ എഡ്വേഡ് സെയ്ദിന്റെ 'ഓറിയന്റലിസം' നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. കൊളോണിയലിസത്തെ ചിന്താപരമായി അപനിര്‍മിക്കുന്നതിനുള്ള കോപ്പും കെല്‍പുമാണ് സെയ്ദ് ഈ പുസ്തകത്തിലൂടെ തന്റെ പിന്‍ഗാമികള്‍ക്ക് സമ്മാനിച്ചത്. പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ ഉപജ്ഞാതാവായി അദ്ദേഹം ആദരിക്കപ്പെടുന്നു.
1935 നവംബര്‍ ഒന്നിന് പടിഞ്ഞാറന്‍ ജറൂസലമിലാണ് എഡ്വേഡ് വദീഅ് (വില്യം) സഈദ് ജനിച്ചത്. എഡ്വേഡ് സെയ്ദ് എന്ന് പിന്നീടറിയപ്പെട്ടു. ഫലസ്ത്വീനിലും ഈജിപ്തിലും ലബനാനിലുമായി വളര്‍ന്നു. അഛന്‍ ഫലസ്ത്വീനിയും അമ്മ ലബനീസുകാരിയുമായിരുന്നു. ഒന്നാം ലോക യുദ്ധ കാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതിനുള്ള പ്രതിഫലമായി അഛന്‍ വദീഅ് (വില്യം) ഇബ്‌റാഹീമിന് അമേരിക്കന്‍ പൗരത്വം ലഭിച്ചു. ജറൂസലമിലെയും കയ്‌റോയിലെയും ബ്രിട്ടീഷ് -അമേരിക്കന്‍ സ്‌കൂളുകളിലായിരുന്നു എഡ്വേഡ് സെയ്ദിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഒന്നാം പേര് ഇംഗ്ലീഷും രണ്ടാം പേര് അറബിയും ഉള്ള, അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഈജിപ്ഷ്യന്‍ സ്‌കൂളില്‍ പഠിക്കുന്ന അറബി ക്രിസ്ത്യാനിയായ താന്‍ അനുഭവിച്ച സ്വത്വപ്രതിസന്ധിയെക്കുറിച്ച് സെയ്ദ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകള്‍ മാറി മാറി ഉപയോഗിക്കുകയും രണ്ടു ഭാഷകളിലും സ്വപ്‌നം കാണുകയും ചെയ്തു അദ്ദേഹം. ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അകത്ത് അതിന്റെ അറബി പ്രതിധ്വനിച്ചു. പില്‍ക്കാലത്ത് വിവിധ അറബ് നാടുകളുടെ ഭരണാധികാരികളായി തീര്‍ന്നവരായിരുന്നു ഈജിപ്തിലെ സെയ്ദിന്റെ സഹപാഠികള്‍. ഇസ്രയേല്‍ രാഷ്ട്ര രൂപവത്കരണത്തിന്റെ മുന്നോടിയായുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് സെയ്ദിന്റെ കുടുംബം ജറൂസലമില്‍നിന്ന് കയ്‌റോയിലേക്ക് താമസം മാറ്റിയത്. 1951-ല്‍ സെയ്ദ് അമേരിക്കയിലേക്ക് പോയി. മസാച്ചുസെറ്റ്‌സിലെ നോര്‍ത്ഫീല്‍ഡ് മൗണ്ട് ഹെര്‍മന്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.എയും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എയും പി.എച്ച്.ഡിയും എടുത്തു. 1963-ല്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1967-ല്‍ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ അസിസ്റ്റന്റ് പ്രഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. പിന്നീട് പ്രഫസറായി. 2003-ല്‍ വിരമിക്കുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു. സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, യേല്‍, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകളില്‍ സന്ദര്‍ശക പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 സെപ്റ്റംബര്‍ 25-ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.
സാഹിത്യം, സംഗീതം, സംസ്‌കാരം, കല, രാഷ്ട്രീയം എന്നീ മേഖലകളില്‍ മൗലികമായ അന്വേഷണങ്ങള്‍ക്ക് മുന്‍കൈയെടുത്ത സെയ്ദ് എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സദാ സക്രിയമായ പൊതുജീവിതമാണ് നയിച്ചത്. കൊളോണിയല്‍ ഭക്തന്മാരായ സാമ്പ്രദായിക ചിന്തകന്മാരുടെയും നയകോവിദന്മാരുടെയും ഉറക്കം കെടുത്തുന്നവയായിരുന്നു സെയ്ദ് ഉയര്‍ത്തിയ സാംസ്‌കാരിക വിമര്‍ശനങ്ങള്‍. പാശ്ചാത്യ വരേണ്യ അക്കാദമിക ലോകം ഒരുവേള അദ്ദേഹത്തിന് അയിത്തം കല്‍പിക്കുക പോലും ചെയ്തു. അതുപക്ഷേ അദ്ദേഹത്തിന്റെ ആലോചനകളെ തളര്‍ത്തുകയോ നിലപാടുകളെ അധീരമാക്കുകയോ ചെയ്തില്ല. കൊളോണിയല്‍ അധിനിവേശ യുക്തികളെ നിരന്തരം അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരുന്നു. സാമ്രാജ്യത്വത്തിന്റെ അടുക്കളയിലെ അരിവെപ്പുകാര്‍ക്ക് ആ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
ഓറിയന്റലിസം പഠനവിധേയമാവുന്നു
1978-ല്‍ എഡ്വേഡ് സെയ്ദിന്റെ 'ഓറിയന്റലിസം' പ്രകാശിതമാവുന്നതിന് മുമ്പുതന്നെ പൗരസ്ത്യ ലോകത്തെക്കുറിച്ചുള്ള പാശ്ചാത്യരുടെ പഠന ഗവേഷണങ്ങളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്ന പഠനങ്ങള്‍ വിവിധ തലങ്ങളില്‍ പിറവിയെടുത്തിരുന്നു. പൗരസ്ത്യരെയും അവരുടെ വൈജ്ഞാനിക പൈതൃകത്തെയും 'പഠിച്ചു മനസ്സിലാക്കാനുള്ള' പാശ്ചാത്യരുടെ പ്രയത്‌നങ്ങള്‍ അത്ര നിര്‍ദോഷമല്ല എന്നു സ്ഥാപിക്കുന്നവയായിരുന്നു ഈ പഠനങ്ങള്‍. പൗരസ്ത്യര്‍ക്കു മേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന്റെ ഭാഗമായിരുന്നു ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ നരവംശങ്ങളെയും അവരുടെ സാംസ്‌കാരിക ഈടുവെപ്പുകളെയും കുറിച്ചുള്ള പാശ്ചാത്യ പണ്ഡിതരുടെ അന്വേഷണങ്ങള്‍. ആലോചിച്ചുറപ്പിച്ച കൊളോണിയല്‍ പദ്ധതിയുടെ ഭാഗമായിരുന്നു അത്. അല്ലാതെ പടിഞ്ഞാറന്മാര്‍ക്ക് മാത്രമുള്ള ശുദ്ധമായ ജ്ഞാനാഭിവാഞ്ഛയുടെ പ്രതിഫലനമായിരുന്നില്ല. ഈ വസ്തുതയിലേക്ക് സെയ്ദിനു മുമ്പ് വെളിച്ചം വീശിയ ഗ്രന്ഥകാരന്മാരില്‍ പ്രധാനികളാണ് നോര്‍മന്‍ ഡാനിയല്‍ (പുസ്തകം: ഇസ്‌ലാം ആന്റ് ദ വെസ്റ്റ് ദ മെയ്കിംഗ് ഓഫ് ആന്‍ ഇമേജ്- 1960), അബ്ദുല്ലത്വീഫ് തിബവി (പുസ്തകം: ഇംഗ്ലീഷ് സ്പീക്കിംഗ് ഓറിയന്റലിസ്റ്റ്്‌സ്: എ ക്രിട്ടിക് ഓഫ് ദെയര്‍ അപ്രോച്ച് റ്റു ഇസ്‌ലാം ആന്റ് അറബ് നാഷനലിസം- 1963), അന്‍വര്‍ അബ്ദുല്‍ മലിക് (പുസ്തകം: ഓറിയന്റലിസം ഇന്‍ ക്രൈസിസ്, 1963), സയ്ദ് ഹുസൈന്‍ അല്‍ അത്താസ് (പുസ്തകം: ദ മിത്ത് ഓഫ് ലേസി നേറ്റീവ്, 1977) തുടങ്ങിയവര്‍. അറുപതുകളിലും എഴുപതുകൡലുമായി ഒട്ടേറെ പ്രബന്ധങ്ങളും ഇവ്വിഷയകമായി പ്രസിദ്ധീകരിക്കപ്പെട്ടു.
1967-ലെ ഇസ്രയേല്‍ യുദ്ധമാണ് ലോകത്തെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എഡ്വേഡ് സെയ്ദിനെ പ്രേരിപ്പിച്ചത്. സാമ്രാജ്യത്വ ഒത്താശയോടെ സയണിസ്റ്റുകള്‍ ഫലസ്ത്വീനികള്‍ക്കെതിരെ അഴിച്ചുവിട്ട നരനായാട്ടിനെതിരെ സെയ്ദ് തൂലിക പടവാളാക്കുകയായിരുന്നു. അറബികളെയും ഇസ്‌ലാമിനെയും പാശ്ചാത്യ ലോകം വികൃതമായി അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് തുറന്നു കാണിക്കുന്നതിനു വേണ്ടിയാണ് ഓറിയന്റലിസത്തിന്റെ അകവും പുറവും പരിശോധിക്കാന്‍ അദ്ദേഹം തയാറാവുന്നത്. ഓറിയന്റലിസത്തെ കൃത്യമായി മനസ്സിലാക്കിയെങ്കിലേ കൊളോണിയല്‍ അധിനിവേശ പദ്ധതികളെ ശരിയായി വിലയിരുത്താനാവൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു. മേല്‍ സൂചിപ്പിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളും അതിനുതകുന്ന അക്കാദമികാന്തരീക്ഷം അതിനകം സജ്ജമാക്കിയിരുന്നു. എഡ്വേഡ് സെയ്ദ് തന്നെയും പുസ്തക രചനയുടെ മുന്നോടിയായി (1975-ല്‍) 'ഷാറ്റേര്‍ഡ് മിത്ത്‌സ്', (1976-ല്‍) 'അറബ് ഇസ്‌ലാം ആന്റ് ഡോഗ്മാസ് ഓഫ് ദ വെസ്റ്റ്' എന്നീ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ അധിനിവേശത്തിന് സമാന്തരമായാണ് ഓറിയന്റല്‍ പഠനം വികസിച്ചുവന്നത്. കുരിശു യുദ്ധങ്ങളോടനുബന്ധിച്ച് പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ പാശ്ചാത്യരുടെ പൗരസ്ത്യ പഠനത്തിന് ആരംഭം കുറിക്കുന്നുണ്ട്. അതു പക്ഷേ, പ്രധാനമായും ക്രൈസ്തവ സുവിശേഷ പ്രചാരണത്തിന്റെ ആവശ്യം മുന്‍നിര്‍ത്തിയുള്ള അറബി ഭാഷാ പഠനവും അറബി ഗ്രന്ഥങ്ങളുടെ മൊഴിമാറ്റവുമായിരുന്നു. വലിയൊരു വിജ്ഞാന കൈമാറ്റത്തിനും അതു നിമിത്തമായി. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അറബി പഠന വകുപ്പുകള്‍ സ്ഥാപിക്കപ്പെടുമ്പോഴേക്കും പൗരസ്ത്യ പഠനത്തിന്റെ ലക്ഷ്യം സുവിശേഷ പ്രവര്‍ത്തനത്തില്‍നിന്ന് കൊളോണിയലിസത്തിലേക്ക് വികസിച്ചു. അധിനിവേശത്തിനു ന്യായം ചമയ്ക്കുന്നതിനു വേണ്ടി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്തേണ്ടത് കൊളോണിയലിസത്തിന്റെ ആവശ്യമായിരുന്നു. മിഷനറിമാരെപ്പോലെ ഓറിയന്റലിസ്റ്റുകളും സന്തോഷപൂര്‍വം ഈ ദൗത്യം ഏറ്റെടുത്തു. മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും തെറ്റായ പ്രതിനിധാനം യൂറോപ്പിന് അക്കാദമികമായ ഒരാവശ്യവും ആവേശവുമായി മാറുന്നത് ഇങ്ങനെയാണ്. കൊളോണിയലിസത്തിന്റെ ചട്ടുകങ്ങളാവാന്‍ വിസമ്മതിച്ച ഒറ്റപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. പക്ഷേ, ഓറിയന്റലിസത്തിന്റെ പൊതു സ്വഭാവം ഇസ്‌ലാംവിരുദ്ധമായിരുന്നു. ഇസ്‌ലാമേതര സംസ്‌കാരങ്ങളോട് കാണിച്ച അനുഭാവമോ സഹിഷ്ണുതയോ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനോട് കാണിച്ചിട്ടില്ല എന്ന വസ്തുതക്കും ഓറിയന്റലിസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അടിവരയിടുന്നു. നോര്‍മന്‍ ഡാനിയല്‍, തിബവി, അബ്ദുല്‍ മലിക് മുതലായവര്‍ ഈ വസ്തുതയുടെ നാനാ വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം ഓറിയന്റലിസത്തിന്റെ നല്ല വശങ്ങളോടുള്ള മതിപ്പും അവര്‍ രേഖപ്പെടുത്തുന്നു.
സെയ്ദിന്റെ പരികല്‍പനകള്‍
സെയ്ദിന്റെ 'ഓറിയന്റലിസം' പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പുള്ള ഓറിയന്റലിസ്റ്റ്് വിമര്‍ശനങ്ങള്‍ ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹിക ശാസ്ത്രം, മതപഠനം തുടങ്ങിയ വ്യത്യസ്ത പാഠ്യവിഷയങ്ങളുടെ അതിര്‍ത്തികളില്‍ ഒതുങ്ങിനിന്നതായി സിയാവുദ്ദീന്‍ സര്‍ദാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുന്നേ നടന്നവരെയെല്ലാം നിഷ്പ്രഭരാക്കി വാദമണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ സെയ്ദിനു സാധിച്ചു. 'പൗരസ്ത്യം' (ദി ഓറിയന്റ്) എന്ന ഒരു ബിന്ദുവിലേക്ക് ചര്‍ച്ച കേന്ദ്രീകരിച്ച് ശക്തമായൊരു സംവാദമുഖം തുറക്കാന്‍ സാധിച്ചതാണ് സെയ്ദിന്റെ വിജയം. സെയ്ദിന്റെ വീക്ഷണത്തില്‍ 'കിഴക്ക്' (The Orient) പടിഞ്ഞാറിന്റെ ഒരു നിര്‍മിതിയാണ്. തങ്ങളുടെ ഒരപര (Other) സ്വത്വമായി പടിഞ്ഞാറന്‍ ഓറിയന്റലിസ്റ്റുകള്‍ 'കിഴക്കി'നെ രൂപപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് അധീനപ്പെടുത്തുകയും നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യാനുള്ള ഒരു വിധേയ സ്വത്വം എന്ന നിലയിലാണ് കിഴക്കിനെ അവര്‍ കണ്ടത്. 'കിഴക്ക്', 'പടിഞ്ഞാറ്' എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളെ സൃഷ്ടിച്ച ശേഷം കിഴക്കിനെ 'അവര്‍' ആയും പടിഞ്ഞാറിനെ 'നമ്മള്‍' ആയും ഓറിയന്റലിസം സ്ഥാപിച്ചു. അവരേ(കിഴക്ക്)ക്കാള്‍ യോഗ്യരാണ് നമ്മള്‍ (പടിഞ്ഞാറ്) എന്നു സിദ്ധാന്തിക്കുന്നതിന് ഇങ്ങനെ രണ്ട് വിരുദ്ധാസ്തിത്വങ്ങളെ ആദ്യമേ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെ സൗകര്യപൂര്‍വം സൃഷ്ടിക്കപ്പെട്ട അസ്തിത്വമാണ് 'കിഴക്ക്' എന്ന അപരം. തുടര്‍ന്ന് പടിഞ്ഞാറിന്റെ വിപരീതമായി കിഴക്കിനെ അടയാളപ്പെടുത്തി. പാശ്ചാത്യന്‍ മാന്യനും യുക്തിബോധമുള്ളവനും പരിഷ്‌കൃതനുമാണെങ്കില്‍ പൗരസ്ത്യന്‍ ഇവയുടെയെല്ലാം വിപരീതമായ കൊള്ളരുതാത്തവനും അന്ധവിശ്വാസിയും അപരിഷ്‌കൃതനുമാണ്! അപരിഷ്‌കൃതനെ പരിഷ്‌കരിക്കേണ്ട ചുമതല സ്വാഭാവികമായും പരിഷ്‌കൃതന്റെ ചുമലിലാണ്. പരിഷ്‌കരിക്കണമെങ്കില്‍ നിയന്ത്രണാധികാരം വേണം. ഇതാണ് കൊളോണിയല്‍ അധിനിവേശത്തിന്റെ യുക്തി. വെള്ളക്കാരന്‍ ത്യാഗമനസ്സോടെ ചുമലിലേറ്റിയ 'ഭാര'മാണ് ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും കീഴ്‌പ്പെടുത്തി നന്നാക്കിയെടുക്കുക എന്ന ദൗത്യം. ഗ്രീക്ക് നാഗരികത മുതലാരംഭിക്കുന്ന രണ്ടായിരം വര്‍ഷത്തെ പാശ്ചാത്യ മേധാവിത്വത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ ഓറിയന്റലിസ്റ്റ്് മുന്‍വിധി എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് മനസ്സിലാക്കാമെന്ന് എഡ്വേഡ് സെയ്ദ് പറയുന്നു. ഓറിയന്റലിസ്റ്റ് വ്യവഹാര രൂപങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്താല്‍ അവയില്‍ അന്തര്‍ഭവിച്ചിട്ടുള്ള അപരവത്കരണ ത്വര ബോധ്യപ്പെടുമെന്ന് സെയ്ദ് സമര്‍ഥിക്കുന്നു.
പൗരസ്ത്യരെക്കുറിച്ച അറിവ് നിര്‍മിക്കാനുള്ള അധികാരം സ്വയം കൈയേല്‍ക്കുകയായിരുന്നു പാശ്ചാത്യ ഓറിയന്റലിസ്റ്റുകള്‍. കിഴക്ക് എന്താണെന്നും എന്താവണമെന്നും അതുവഴി അവര്‍ തീരുമാനിച്ചു. വസ്തുതയേക്കാള്‍ ഭാവനക്കും ഐതിഹ്യങ്ങള്‍ക്കുമായിരുന്നു അതില്‍ പ്രാധാന്യം. തങ്ങളുടേതില്‍നിന്ന് ഭിന്നമെന്ന് അവര്‍ കരുതുന്ന ഒരു സംസ്‌കാരത്തെയോ നാഗരികതയെയോ മനസ്സിലാക്കുകയും അവയുമായി സമാധാനപൂര്‍വം സഹവര്‍ത്തിക്കുകയും ചെയ്യുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശ്യമെന്ന് ഇത് തെളിയിക്കുന്നു. പൗരസ്ത്യ ദേശത്തെക്കുറിച്ചുള്ള പാശ്ചാത്യ ഭാവനകളെയും സ്വപ്‌നങ്ങളെയും സെയ്ദ് 'ലീന' (latent) ഓറിയന്റലിസം എന്നും അവ ഉല്‍പാദിപ്പിക്കുന്ന ജ്ഞാനത്തെ 'സ്പഷ്ട' (manifest) ഓറിയന്റലിസം എന്നും വിളിക്കുന്നു. വംശീയതയും വര്‍ണവെറിയുമാണ് ലീന ഓറിയന്റലിസത്തിന്റെ അകം. കിഴക്കിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ ഭാവനകളെയെല്ലാം ഇത് വികൃതമാക്കുന്നു. ജെയിംസ് മില്ലിന്റെ ഇന്ത്യാ ചരിത്രം ഉദാഹരണം. സെയ്ദിയന്‍ നിര്‍വചനമനുസരിച്ച് പാശ്ചാത്യാനുഭവത്തില്‍നിന്ന് ഉരുവം കൊണ്ടതാണ് ഓറിയന്റലിസം. പൗരസ്ത്യ പഠനം പേരു സൂചിപ്പിക്കുന്നതുപോലെ പൗരസ്ത്യമല്ല എന്നര്‍ഥം.
ഓറിയന്റലിസത്തെ മൂന്നു തരത്തില്‍ സെയ്ദ് നിര്‍വചിക്കുന്നുണ്ട്. അക്കാദമിക പാഠ്യവിഷയം എന്ന നിലയിലാണൊന്ന്. മറ്റൊന്ന് ഒരു ചിന്താശൈലി (Style of Thought) എന്ന നിലയില്‍. മൂന്നാമതായി ഒരു കോര്‍പറേറ്റ് സ്ഥാപനം എന്ന നിലയില്‍. അക്കാദമിക പാഠ്യവിഷയം എന്ന നിലയില്‍ ഓറിയന്റലിസത്തിന്റെ ആവിര്‍ഭാവം പതിനെട്ടാം നൂറ്റാണ്ടിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിവിധ പഠനവിഷയങ്ങളുടെയും വകുപ്പുകളുടെയും രൂപത്തിലാണ് ഇതിന്റെ ഉത്ഭവം. പരിഭാഷകള്‍, പഠനങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവ വഴി ഉല്‍പാദിപ്പിക്കപ്പെട്ട ഈ അറിവുകളാണ് കിഴക്കിനെക്കുറിച്ചുള്ള പടിഞ്ഞാറന്‍ വാര്‍പ്പുമാതൃകകള്‍ക്ക് അടിസ്ഥാനം. 1815-നും 1914-നുമിടയിലെ യൂറോപ്യന്‍ സാമ്രാജ്യത്വ വ്യാപനത്തോടൊപ്പമാണ് അക്കാദമിക് ഓറിയന്റലിസവും സമ്പുഷ്ടമായത്. ചിന്താശൈലി എന്ന നിലയില്‍ ഓറിയന്റലിസം കിഴക്കിനെ അധമവും പടിഞ്ഞാറിനെ ഉന്നതവുമായി കണ്ടു. മുഴുവന്‍ ഓറിയന്റലിസ്റ്റ്് എഴുത്തുകാരെയും ചിന്തകരെയും ഈ ചിന്ത പിടികൂടിയിരുന്നതായും സെയ്ദ് സമര്‍ഥിക്കുന്നു. കിഴക്കിന്റെ മേല്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് കോര്‍പറേറ്റ് ഓറിയന്റലിസം. ഓറിയന്റലിസം എന്ന വ്യവഹാര രൂപത്തെ സമഗ്രമായി പ്രകാശിപ്പിക്കുന്നതാണ് സെയ്ദിന്റെ ഈ നിര്‍വചനം. ഓറിയന്റലിസത്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും സമ്പദ്ശാസ്ത്രപരവുമായ എല്ലാ വിവക്ഷകളെയും ഇതുള്‍ക്കൊള്ളുന്നു. മിഷേല്‍ ഫൂക്കോയെ പിന്തുടര്‍ന്ന് സെയ്ദ് ഓറിയന്റലിസത്തെ അധികാരബന്ധത്തിന്റെ വ്യവഹാര രൂപമായി വ്യക്തതയോടെ സ്ഥാനപ്പെടുത്തി. 'ആധിപത്യവും അധികാരത്തിലെയും സമ്പത്തിലെയും അസമതകളും മനുഷ്യസമൂഹത്തിലെ എക്കാലത്തുമുള്ള സംഗതികളാണ്' എന്നും സെയ്ദ് അനുബന്ധമായി പ്രസ്താവിക്കുന്നു. അസമത്വം നിറഞ്ഞ ഈ അധികാര ബന്ധമാണ് പടിഞ്ഞാറിനെ മേല്‍സ്ഥാനത്തു നിര്‍ത്തി കിഴക്കുമായി ഓറിയന്റലിസം ആഗ്രഹിക്കുന്നത്. ഇതൊരു പഴങ്കഥയല്ല എന്നും പാശ്ചാത്യ ലോകം ഇപ്പോഴും എപ്പോഴും ആഗ്രഹിക്കുന്നത് ഇതുതന്നെയാണെന്നും സെയ്ദ് സ്ഥാപിക്കുന്നു.
വിമര്‍ശനങ്ങള്‍
എഡ്വേഡ് സെയ്ദിന്റെ 'ഓറിയന്റലിസം' അത് പുറത്തിറങ്ങിയ സമയത്ത് ചിന്താപരമായ ഒരു വിപ്ലവമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓറിയന്റലിസ്റ്റ് ജ്ഞാന പദ്ധതികളെ പുതിയ ഉള്‍ക്കാഴ്ചയോടെ അപനിര്‍മിക്കാന്‍ ബൗദ്ധിക ലോകത്തിന് അത് ധൈര്യം നല്‍കി. നേരത്തേ തന്നെ പല ചിന്തകരും ഇതേ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും സെയ്ദിനോളം വ്യക്തതയോടെയും ചടുലതയോടെയും സിദ്ധാന്ത ബലത്തോടെയും വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവരിലധിക പേര്‍ക്കും സാധിച്ചിരുന്നില്ല. പാശ്ചാത്യ ലോകത്തുനിന്ന് സെയ്ദിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത് സ്വാഭാവികം. 'പാശ്ചാത്യ വിരുദ്ധന്‍' എന്നാണ് പടിഞ്ഞാറന്‍ ലിബറലിസത്തിന്റെ വക്താവായ ബെര്‍ണാഡ് ലുയിസ് സെയ്ദിനെ വിശേഷിപ്പിച്ചത്. യൂറോകേന്ദ്രിത നിലപാടുകളെ അതിന്റെ വിപരീതമായ റിവേഴ്‌സ് യൂറോ സെന്‍ട്രിസിസം അഥവാ ഓക്‌സിഡെന്റലിസം കൊണ്ട് നേരിടുകയാണ് സെയ്ദ് ചെയ്തത് എന്ന വിമര്‍ശനവും ഉയര്‍ന്നു.
തന്റെ മുന്‍ഗാമികള്‍ നടത്തിയ ഓറിയന്റലിസ്റ്റ്് വിമര്‍ശനങ്ങളെ സെയ്ദ് അവഗണിച്ചുവെന്ന് സര്‍ദാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. സെയ്ദിനേക്കാള്‍ മികച്ച രീതിയില്‍ ഓറിയന്റലിസത്തെ മറ്റുള്ളവര്‍ പൊളിച്ചെഴുതിയിട്ടുണ്ടെന്ന് ഐജാസ് അഹ്മദ് അഭിപ്രായപ്പെടുന്നു. ഓറിയന്റലിസത്തെ വര്‍ഗപരമായ വീക്ഷണത്തില്‍ സെയ്ദ് വിശകലനം ചെയ്തില്ല എന്നതാണ് മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്നുകൊണ്ട് ഐജാസ് അഹ്മദ് പറയുന്നത്. ലിംഗപരമായ വിവേചനങ്ങളെ സെയ്ദ് അവഗണിച്ചതായും വിമര്‍ശനമുണ്ട്.
ഓറിയന്റലിസ്റ്റ് സമീപന മാതൃകക്കെതിരെ പാശ്ചാത്യ ലോകത്തു നിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കാണാതെ പോയത് സെയ്ദിന്റെ പ്രധാനപ്പെട്ട ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഓറിയന്റലിസത്തെ അപഗ്രഥിക്കാനല്ലാതെ പ്രതിരോധിക്കാന്‍ സെയ്ദ് ഒന്നും ചെയ്തില്ല എന്നതാണ് മറ്റൊരു വിമര്‍ശനം. ഓറിയന്റലിസത്തിന് പകരം എന്തെങ്കിലും നിര്‍ദേശിക്കാനും അദ്ദേഹത്തിനായില്ല. കിഴക്കിനെയും പടിഞ്ഞാറിനെയും കുറിച്ചുള്ള സെയ്ദിയന്‍ പരികല്‍പനകള്‍ ഏകശിലാത്മകമാണെന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ ലോകത്ത് കോളനികള്‍ സ്ഥാപിക്കുകയോ സാമ്രാജ്യത്വ ചേരിയുടെ ഭാഗമാവുകയോ ചെയ്തിട്ടില്ലാത്ത ജര്‍മന്‍ ഓറിയന്റലിസത്തെക്കുറിച്ച് സെയ്ദ് മൗനം പാലിച്ചതും വിമര്‍ശനവിധേയമായിട്ടുണ്ട്. അറിവിനെയും പ്രത്യയശാസ്ത്രത്തെയും സെയ്ദ് കൂട്ടിക്കുഴച്ചു എന്നും വിമര്‍ശനമുയര്‍ന്നു. ഓറിയന്റലിസത്തെ വിശകലനം ചെയ്യാന്‍ ഓറിയന്റലിസ്റ്റ് അപഗ്രഥനോപാധികള്‍ കടമെടുക്കുകയാണ് സെയ്ദ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഡി കൊളോണിയല്‍ വിമര്‍ശകര്‍ കരുതുന്നു.
ഉപസംഹാരം
വിമര്‍ശനങ്ങള്‍ ഏതു കൃതിയുടെയും പാരായണ മൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. താന്‍ ജീവിച്ചിരിക്കെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെ തുടര്‍ പതിപ്പുകളുടെ ആമുഖങ്ങളില്‍ സെയ്ദ് അഭിസംബോധന ചെയ്തിട്ടുണ്ട്. 'ഓറിയന്റലിസ'ത്തിനു തുടര്‍ച്ചയായി എഴുതിയ ' ദ ക്വസ്റ്റ്യന്‍ ഓഫ് പാലസ്റ്റീന്‍', 'കവറിംഗ് ഇസ്‌ലാം', 'കള്‍ച്ചറല്‍ ഇംപീരിയലിസം' എന്നീ കൃതികള്‍ 'ഓറിയന്റലിസ'ത്തിന്റെ പൂര്‍ത്തീകരണമാണെന്നു കാണാം. കോളനിയാനന്തര പഠനങ്ങളിലെ നാഴികക്കല്ലുകളാണ് 'ഓറിയന്റലിസം' എന്ന പോലെ ഈ കൃതികളും.
Comments