Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ഫിത്വ്ര്‍ സകാത്ത് എങ്ങനെ വിതരണം ചെയ്യണം?

ഇല്‍യാസ് മൗലവി

റമദാന്‍ വ്രതത്തില്‍നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ദാനമാണ് ഫിത്വ്ര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ ആരായിക്കൊള്ളട്ടെ മുസ്ലിംകളില്‍ പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സകാത്ത് നിര്‍ബന്ധമാണ്.

ഇബ്നു ഉമര്‍ പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ് തെളിവ്: ''റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്ലിംകളായ അടിമകള്‍ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്‍കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു'' (ബുഖാരി: 1504).

ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നതിന് വ്യക്തിഗതമായ സാമ്പത്തിക സ്ഥിതിയല്ല പരിഗണിക്കപ്പെടുന്നത്. റമദാന്‍ മാസത്തിന്റെ ഒരു അംശത്തില്‍ ജീവിച്ച് ശവ്വാലിന്റെ ആദ്യ അംശത്തിലേക്ക് പ്രവേശിച്ച വ്യക്തികള്‍ക്കെല്ലാം സകാത്ത് ബാധ്യതയാണ്. അവരവരുടെ ചെലവ് നടത്താന്‍ ബാധ്യതപ്പെട്ടവനാണിത് നല്‍കേണ്ടത്. ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ തന്റെ ആശ്രിതരുടെ കൂടി സകാത്ത് നല്‍കണം. സമ്പത്തിന്റെ സകാത്തുമായി പ്രകടമായ വ്യത്യാസം ഇതിനുണ്ട്. നോമ്പിലെ ന്യൂനതകള്‍ക്ക് പരിഹാരക്രിയ കൂടിയാണ് ഫിത്വ്ര്‍ സകാത്ത്. നമസ്‌കാരത്തിന് മറവിയുടെ സുജൂദ് എന്ന പോലെയാണ് റമദാനിലെ ഫിത്വ്ര്‍ സകാത്ത്. സഹ്‌വിന്റെ സുജൂദ് നമസ്

കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സകാത്തുല്‍ ഫിത്വ്ര്‍ നോമ്പിന്റെ കുറവ് പരിഹരിക്കും (തുഹ്ഫ 3-305, നിഹായ 3-108).

 

ആര്‍ക്കാണ്, എപ്പോഴാണ് നിര്‍ബന്ധം?

റമദാന്റെ അവസാനത്തിലും ശവ്വാലിന്റെ ആദ്യത്തിലും ജീവിച്ചിരിപ്പുള്ളവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണ്. എന്നാല്‍ ശവ്വാല്‍ പിറക്കുന്നതിന് അല്‍പം മുമ്പ് മരണപ്പെട്ടയാള്‍ക്കു ശവ്വാല്‍ പിറന്നയുടനെ ജനിച്ച കുട്ടിക്കും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമില്ല. സ്വന്തം കടം, തനിക്കും താന്‍ ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനരാത്രങ്ങള്‍ കഴിയാനാവശ്യമായ ഭക്ഷ്യ ജീവിത സൗകര്യങ്ങള്‍ കഴിച്ചുള്ളവരൊക്കെ ഫിത്വ്ര്‍ സകാത്ത് നല്‍കണം (തുഹ്ഫ 3-305, ഫത്ഹുല്‍ മുഈന്‍ 121).

ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ പിറവിയോടെയാണ്. സകാത്തുല്‍ ഫിത്വ്‌റിനെക്കുറിച്ചുള്ള ഹദീസിലെ പരാമര്‍ശം തന്നെ റമദാനില്‍നിന്ന് ഒഴിവായതിന്റെ (ഫിത്വ്‌റായതിന്റെ) സകാത്ത് എന്നാണ്. റമദാന്‍ അവസാന ദിനത്തിലെ സൂര്യാസ്തമയത്തോടെയാണല്ലോ ഫിത്വ്ര്‍ പൂര്‍ണമാവുന്നത്. എന്നാല്‍ റമദാന്‍ പിറന്നതിനു ശേഷം മുതല്‍ ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ അനുവദനീയമാണ്. റമദാനിന് മുമ്പേ നല്‍കാന്‍ പാടില്ല. കാരണം നോമ്പുകാരനുമായും നോമ്പുമായും സകാത്തുല്‍ ഫിത്വ്‌റിന്റെ ബന്ധം ശക്തമാണ്. ശവ്വാല്‍ പിറ മുതല്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതു വരെയാണ് ശ്രേഷ്ഠ സമയം. പെരുന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യുന്നത് അനുവദനീയമാണ്. പെരുന്നാള്‍ ദിനത്തേക്കാള്‍ പിന്തിക്കല്‍ കുറ്റകരവും 'ഖളാഅ്' വീട്ടല്‍ നിര്‍ബന്ധവുമാണ്. 

പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍നിന്ന് ഒരു സ്വാഅ് ആണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത്. എന്നാല്‍ ഫിത്വ്ര്‍ സകാത്തില്‍ സാധനത്തിന്റെ വില കൊടുത്താല്‍ മതിയാകുമെന്നും അരിയോ ഗോതമ്പോ ആണ് നല്‍കുന്നതെങ്കില്‍ അര സ്വാഅ് മതിയാകുമെന്നും അബൂഹനീഫ അഭിപ്രായപ്പെട്ടിരിക്കുന്നു.

അബൂ സഈദില്‍ ഖുദ്രി പ്രസ്താവിക്കുന്നു: റസൂല്‍ (സ) ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാലത്ത് ചെറിയവന്നും വലിയവന്നും അടിമക്കും സ്വതന്ത്രന്നും വേണ്ടി ഞങ്ങള്‍ ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത് ഗോതമ്പ്, യവം, പാല്‍ക്കട്ടി, കാരക്ക, മുന്തിരി തുടങ്ങി ഏതെങ്കിലുമൊന്നില്‍നിന്ന് ഒരു സ്വാഅ് ആയിരുന്നു. പിന്നെയും ഞങ്ങളങ്ങനെത്തന്നെ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അമീര്‍ മുആവിയ ഹജ്ജിനോ ഉംറക്കോ വേണ്ടി വന്നത്. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: 'രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണെന്റെ അഭിപ്രായം.' അനന്തരം ജനങ്ങളത് സ്വീകരിച്ചു. അബൂസഈദ് പറഞ്ഞു: 'എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം, മുമ്പ് നല്‍കിയ അത്രതന്നെ (ഒരു സ്വാഅ്) നല്‍കിക്കൊണ്ടേ ഇരിക്കുന്നതാണ്' (തിര്‍മിദി: 675). 

തുടര്‍ന്ന് തിര്‍മിദി പ്രസ്താവിക്കുന്നു: ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഏതാനും പണ്ഡിതന്മാരുടെ അഭിപ്രായം. അതായത് എല്ലാറ്റില്‍നിന്നും ഒരു സ്വാഅ് തന്നെ നല്‍കണമെന്നവര്‍ പറയുന്നു. ശാഫിഈ, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായവും അതാണ്. അരി, ഗോതമ്പ് എന്നിവയൊഴിച്ച് മറ്റെല്ലാറ്റില്‍നിന്നും ഒരു സ്വാഅ് വേണമെന്നും അരി, ഗോതമ്പ് എന്നിവക്ക് അര സ്വാഅ് മതിയെന്നുമാണ് മറ്റു ചില പണ്ഡിതന്മാരുടെ പക്ഷം. സുഫ്യാന്‍, ഇബ്നുല്‍ മുബാറക് എന്നിവരുടെയും കൂഫക്കാരുടെയും അഭിപ്രായമതാണ്.

സകാത്തിന്റെ വിതരണവകുപ്പുകളില്‍ തന്നെയാണ് ഫിത്വ്ര്‍ സകാത്തും വിതരണം ചെയ്യേണ്ടത്. അതായത് 'ഇന്നമസ്സ്വദഖാത്തു ലില്‍ ഫുഖറാഇ....' എന്ന് തുടങ്ങുന്ന ആയത്തില്‍ (അത്തൗബ 60) പ്രസ്താവിച്ച എട്ടു വിഭാഗങ്ങള്‍ക്കാണ് അതും വീതിക്കേണ്ടതെന്നര്‍ഥം. എന്നാല്‍ ഇവരില്‍ സാധുക്കളാണിവിടെ ഏറ്റവും കൂടുതല്‍ പരിഗണനീയമായ വിഭാഗം. റസൂല്‍ (സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഈ ദിവസം നിങ്ങളവര്‍ക്ക് അന്യാശ്രയം കൂടാതെ കഴിക്കുക'' (ദാറുഖുത്‌നി: 2157). ബൈഹഖിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: ''ഈ ദിവസത്തില്‍ ചുറ്റിനടക്കുന്നതില്‍നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്മാരാക്കുക''(അസ്സുനനുല്‍ കുബ്‌റാ: 7990).

സ്വന്തത്തിന് വേണ്ടിയും, നിര്‍ബന്ധമായും തങ്ങള്‍ ചെലവിന് കൊടുക്കേണ്ട ഭാര്യാ സന്താനങ്ങള്‍, മാതാപിതാക്കള്‍, തന്റെ കീഴിലുള്ള സ്ഥിരം പരിചാരകന്മാര്‍, ഭൃത്യന്മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കേണ്ട ബാധ്യത ഓരോ കുടുംബനാഥനുമുണ്ട്. എന്നാല്‍ ഇത്തരക്കാരില്‍ ആരെങ്കിലും സ്വയം പര്യാപ്തരായി കഴിയുന്നവരുണ്ടെങ്കില്‍ അവരവര്‍ തന്നെയാണ് സകാത്ത് നല്‍കേണ്ടത്.

'അഗതികള്‍ക്ക് ആഹാരമായി' എന്നാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഹദീസിലുള്ളത്. ഈ ഗണത്തിലൊന്നും പെടാത്ത സമ്പന്നരും സ്വയം സകാത്ത് നല്‍കുന്നവരും സകാത്തുല്‍ ഫിത്വ്ര്‍ വാങ്ങാന്‍ പാടില്ല. കാരണം അത് പാവങ്ങളുടെ അവകാശമാണ്.

ഇവിടെ പാവപ്പെട്ടവരും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. അതിന് അവര്‍ സമ്പന്നരായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. ഇങ്ങനെയുള്ളവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ സ്വീകരിക്കാവുന്നതാണ്; അവരത് സ്വന്തം നിലക്ക് കൊടുക്കുന്നവരായാല്‍ പോലും. പെരുന്നാളിന്റെ അന്നും തലേന്നും കഴിച്ചുകൂട്ടാന്‍ വകയുള്ള എല്ലാവര്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ ബാധകമായതിനാല്‍ അവരും അത് കൊടുക്കേണ്ടതാണ്. എന്നാല്‍ കേവലം രണ്ടുദിവസം കഴിച്ചുകൂട്ടാന്‍ മാത്രമേ ഒരാള്‍ക്ക് വകയുള്ളൂ എങ്കില്‍ അയാള്‍ക്ക് ഇതര സകാത്തിനങ്ങള്‍ സ്വീകരിക്കാമെന്നപോലെ ഫിത്വ്ര്‍ സകാത്തും സ്വീകരിക്കാവുന്നതാണ്. എന്നുവെച്ച് ബറകത്തുള്ള മുതലാണെന്നും പറഞ്ഞ് സമ്പന്നരായ ആളുകള്‍ വരെ സകാത്തുല്‍ ഫിത്വ്ര്‍ സ്വീകരിക്കുന്നതിന് യാതൊരു ന്യായവും ഇല്ല. അതവര്‍ക്ക് അനുവദനീയവുമാവുകയില്ല. ഇനി ആരെങ്കിലും അങ്ങനെ സ്വീകരിക്കുന്ന പക്ഷം തന്റെ ബന്ധുക്കളിലോ അയല്‍വാസികളിലോ സുഹൃത്തുക്കളിലോ അര്‍ഹരായവരുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.

 

ആര്‍ക്കാണ് നല്‍കേണ്ടത്?

സകാത്തുല്‍ ഫിത്വ്ര്‍ അതത് പ്രദേശവാസികള്‍ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് തന്നെയാണ് വിതരണം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സകാത്തുല്‍ ഫിത്വ്‌റിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് പെരുന്നാള്‍ ദിവസം യാചനയും അലച്ചിലും ഒഴിവാക്കി ഓരോരുത്തരും അവരവരുടെ വീട്ടില്‍ തന്നെ ഭക്ഷണമുണ്ടാക്കുകയും അതിഥികളെ സല്‍ക്കരിക്കുകയുമൊക്കെ ചെയ്യാന്‍ പാകത്തില്‍ സുഭിക്ഷത ഉണ്ടാക്കലാണെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. 

നമ്മുടെ നാട്ടില്‍ പല മഹല്ലുകളിലും പെരുന്നാളിന് പട്ടിണി കിടക്കുന്നവരോ സദ്യയുണ്ടാക്കാന്‍ വകയില്ലാത്തവരോ ആയി വളരെ കുറച്ച് പേരേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരക്കാര്‍ ഒട്ടും ഇല്ലാത്ത മഹല്ലുകളും കണ്ടേക്കാം. ഉത്തരേന്ത്യയിലും മറ്റും പശിയടക്കാന്‍ വകയില്ലാത്തവരും ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരുമായ പതിനായിരങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. അവരില്‍ നല്ലൊരു വിഭാഗം മുസ്ലിംകളുമാണ്. ഇത്തരം കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ എത്തിക്കുന്നത്, ഏതൊരുദ്ദേശ്യത്തിനാണോ അത് നിര്‍ബന്ധമാക്കപ്പെട്ടത് ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ രൂപമായിരിക്കും. 

സ്വന്തം നാട്ടില്‍ അര്‍ഹരായവര്‍ നിലവിലില്ലാത്തപ്പോള്‍ ഇതര നാടുകളിലേക്ക് സകാത്ത് എത്തിക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ അര്‍ഹരായവരുണ്ടായിരിക്കെ അവരെ അവഗണിച്ച് ഇതര നാടുകളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (ശറഹുല്‍ മഹല്ലി: 1/314, മുഗ്നി അല്‍മുഹ്താജ്: 11/480, നിഹായത്തുല്‍ മുഹ്താജ്: 20/121). 

വേറെ നാട്ടിലേക്ക് സകാത്ത് എത്തിക്കാമെന്ന് ശാഫിഈ മദ്ഹബില്‍ തന്നെ ഒരഭിപ്രായം ഉണ്ട്. ഈ കാര്യം ശാഫിഈ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാം. പരിശുദ്ധ ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളെപ്പറ്റി പറഞ്ഞപ്പോള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നിങ്ങനെ സാമാന്യ ശൈലിയാണ് പ്രയോഗിച്ചിട്ടുള്ളതെന്നും അവര്‍ ഇന്ന പ്രദേശത്തുകാരാവണമെന്ന് പരിമിതപ്പെടുത്തിയിട്ടില്ലെന്നതുമാണ് അവരുടെ ന്യായം. അതിനാല്‍ മുസ്ലിംകളില്‍പെട്ട ഫഖീറുമാരും മിസ്‌കീനുകളും ഏതു നാട്ടിലാവട്ടെ അവര്‍ക്ക് തങ്ങളുടെ സകാത്ത് വിതരണം ചെയ്യാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത് (ശറഹുല്‍ മഹല്ലി 1/314, മുഗ്നി അല്‍മുഹ്താജ് 11/480, നിഹായത്തുല്‍ മുഹ്താജ് 20/121 നോക്കുക). 

ഹനഫീ മദ്ഹബാകട്ടെ സ്വന്തം നാട്ടുകാരേക്കാള്‍ അത്യാവശ്യക്കാരായി ഇതര നാട്ടുകാരായവരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല എന്ന വിശാലമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത് (ഇബ്നു ആബിദീന്‍: 2/6869, ഫത്ഹുല്‍ഖദീര്‍: 2/28, അല്‍ മൗസൂഅതുല്‍ ഫിഖ്ഹിയ്യ: 23/331).

അതിനാല്‍ ഓരോ മഹല്ലിലും സകാത്തുല്‍ ഫിത്വ്്റിന് അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവരുടെ ഓഹരി അവര്‍ക്ക് എത്തിക്കാന്‍ ശ്രദ്ധിക്കുകയും ബാക്കിയുള്ളതിന്റെ കണക്കെടുത്ത് അടുത്ത പ്രദേശങ്ങളിലെ ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങളായോ പണമായോ എത്തിച്ചു നല്‍കുകയും ചെയ്യാവുന്നതാണ്.

പാരമ്പര്യം വിടാന്‍ മടിയുള്ള ചിലര്‍ക്ക് ഈ വീക്ഷണം പിടിച്ചില്ലെന്നു വരാം. അവരെ നിര്‍ബന്ധിക്കാനോ അവരുമായി തര്‍ക്കിക്കാനോ പോകേണ്ടതില്ല. പരിശുദ്ധ റമദാനിന്റെ പവിത്രത മാനിച്ച് തര്‍ക്കവിതര്‍ക്കങ്ങളില്‍ മുഴുകി അമൂല്യമായ സമയം പാഴാക്കരുത്. അത്തരക്കാര്‍ തങ്ങളുടെ പരമ്പാഗത ശൈലിയില്‍ തന്നെ നല്‍കിക്കൊള്ളട്ടെ. അല്ലാത്തവര്‍ മറ്റു പ്രദേശങ്ങളില്‍ എത്തിച്ച് ഫലപ്രദമായി തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക.

 

ഏതു തരം അരി?

സകാത്തുല്‍ ഫിത്വ്റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. പ്രത്യുത ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാര വിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2200 ഗ്രാം.

ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം (ഇല്ലത്ത്) അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.

ഏതു തരം അരിയാണ് നല്‍കേത് എന്നതാണ് മറ്റൊരു വിഷയം. ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്‌റായി നല്‍കേണ്ടത്. കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം. എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. 

അര സ്വാഅ് മുന്തിയ ഇനം ഗോതമ്പ് മതി എന്ന പ്രമുഖ സ്വഹാബി മുആവിയ(റ)യുടെയും അദ്ദേഹത്തിന്റെ വീക്ഷണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റു സ്വഹാബിമാരുടെയും ആധാരം ഗോതമ്പല്ലാത്തവയുടെ മൂല്യം ഏതാണ്ട് തുല്യമാണെന്നടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ്. ഗോതമ്പാകട്ടെ അന്ന് വമ്പിച്ച വിലയുള്ള ധാന്യവുമായിരുന്നു.

 ആയതിനാല്‍ അടിസ്ഥാനം നാട്ടിലെയോ വ്യക്തിയുടെയോ മുഖ്യാഹാരമേതാണോ അത് ഒരു സ്വാഅ് എന്നതായിരിക്കേണ്ടതാണ്. ഇനി ഗോതമ്പ് വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. അതിന്റെ വില നാട്ടിലെ മുഖ്യാഹാരത്തിന്റെ വിലയോട് സമാനമായിരിക്കണമെന്ന് മാത്രം. വിലയുടെ അടിസ്ഥാനത്തില്‍ ഗോതമ്പ് നല്‍കാമെന്ന സ്വഹാബിമാരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് ഇത്.

 ഏതവസ്ഥയിലും ഒരു സ്വാഅ് തന്നെ നല്‍കലാണ് സൂക്ഷ്മത. അഭിപ്രായവ്യത്യാസം ഒഴിവാക്കാനും സ്ഥിരപ്പെട്ട പ്രമാണങ്ങളെ പിന്‍പറ്റുന്നു എന്നര്‍ഥത്തിലും അതുതന്നെയാണ് നല്ലത്. സംശയമുള്ളത് വിട്ട് സംശയമില്ലാത്തത് സ്വീകരിക്കുക എന്ന തത്ത്വത്തിന്റെ തേട്ടവും അതുതന്നെയാണ്. അലി (റ) പറഞ്ഞതുപോലെ, ആര്‍ക്കെങ്കിലും അല്ലാഹു അനുഗ്രഹം വിശാലമാക്കിയിട്ടുണ്ടെങ്കില്‍ അവനും വിശാലത കാണിക്കട്ടെ (ഫിഖ്ഹുസ്സകാത്ത് 2/408). 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍