അനിശ്ചിതത്വങ്ങളുടെ ഭൂമിയില്‍ പാര്‍ക്കാത്തവരുടെ ഒരേ ദിവസങ്ങള്‍
മാന്‍ലിയോ അര്‍ഗ്യൂട്ടയുടെ നോവലാണ് വണ്‍ഡേ ഓഫ് ലൈഫ്(ജീവിതത്തിലെ ഒരു ദിവസം). ഒരു ദിവസമെന്നത് അത്ര സംഭവമൊന്നുമല്ല നമുക്ക്. ഒരു ദിവസത്തിന്റെ സൗന്ദര്യവും വലുപ്പവും ബോധ്യം വരണമെങ്കില്‍ നമ്മളല്ലാത്തവരുടെ ജീവിതം കാണണം, അനിശ്ചിതത്വങ്ങളുടെ ഭൂമിയില്‍ പിറക്കണം. തോക്കും ബോംബുമെല്ലാം ഏതു നേരവും അന്ത്യചുംബനം നല്‍കാന്‍ ഒരുക്കം ചെയ്തിരിക്കുന്ന അസ്ഥിരതയില്‍ വളരണം. എപ്പോഴെന്നുറപ്പില്ലാതെ ജീവിതം വിടാന്‍ പാകത്തില്‍ മനസ്സൊരുക്കി നില്‍ക്കുന്ന കാലുഷ്യങ്ങളുടെ രാജ്യത്ത് പാര്‍ക്കണം.
അതൊക്കെ നാളെ ചെയ്യാമെന്നേ എന്ന് പറയുവോളം ലാഘവമാണ് നമുക്ക് ഇന്നുകള്‍. നമ്മുടെ പ്ലാനുകളും ആലോചനകളുമെല്ലാം നടക്കുന്നത് നാളെകളിലാണ്. നാളെകള്‍ മുന്നില്‍ കണ്ടാണ് അടവിന് നമ്മള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത്, വീട് പണിതുകൊണ്ടിരിക്കുന്നത്, മരങ്ങളും ചെടികളും നട്ടുകൊണ്ടിരിക്കുന്നത്, ദൂരങ്ങളിലേക്കയച്ച് മക്കളെ പഠിപ്പിക്കുന്നത്. നമ്മെ സംബന്ധിച്ച് നാളെകള്‍ മുന്നിലങ്ങനെ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്.
നമുക്കെന്നും ജീവിതത്തിന് വലിയ വ്യത്യാസങ്ങളില്ലാത്ത ഒരേ ദിവസങ്ങളാണ്. ഓരോ ദിവസത്തെയും ജീവിതം വിലപ്പെട്ടതാകുന്നത് അടുത്ത ദിവസം ജീവിതം ഉണ്ടാകുമോയെന്ന് ഉറപ്പില്ലാതിരിക്കുമ്പോഴോ, അന്നു തന്നെ പൂര്‍ത്തിയാക്കുമോയെന്നു തന്നെ യാതൊരു നിശ്ചയവുമില്ലാതിരിക്കുമ്പോഴോ ആണെന്ന് രഘുനാഥന്‍ പറളി എഴുതുന്നുണ്ട്.
ഓരോ ദിവസവും എത്തിപ്പിടിച്ച് ജീവിക്കുമ്പോഴാണ് പ്രഭാതങ്ങള്‍ സൗന്ദര്യമാവുന്നത്, സൂര്യന്റെ ഉണര്‍ച്ച നമ്മില്‍ ആഹ്ലാദം നിറക്കുന്നത്, ഒരു ദിവസം കൂടി നീയെനിക്ക് തന്നല്ലോ ദൈവമേ എന്ന് സ്തുതിക്കുന്നത്. ഒരു ദിവസത്തിന്റെ മൂല്യം മനസ്സിലാകാതെ വരുമ്പോള്‍ അമര്‍ഷത്തോടെ, അലാറം ക്ലോക്കും തല്ലിപ്പൊട്ടിച്ച് ഉണരേണ്ടി വരുന്നു.
ജീവിതത്തിലെ ഒരു ദിവസം എന്നത് അതു കൊണ്ടൊക്കെത്തന്നെ മാന്‍ലിയോ അര്‍ഗ്യൂട്ടക്ക് അത്രമേല്‍ പ്രാധാന്യമേറിയതാണ്. രാവിലെ അഞ്ചേ മുപ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുന്ന നോവല്‍ എല്‍സാല്‍വദോറിലെ ആഭ്യന്തര യുദ്ധത്തിന്റെ കഥയാണ് പറയുന്നത്.
സമാധാനം എന്ന വാക്കാണ് ലോകത്ത് ഏറ്റവും മനോഹരം എന്ന് തോന്നാറുണ്ട്. അതില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. ലോകം മൊത്തം കീഴടക്കിയ ശേഷം എനിക്കൊന്ന് സമാധാനത്തോടെ ജീവിക്കണമെന്ന് പറഞ്ഞ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് എന്നാല്‍ അത് ഇപ്പോള്‍ തന്നെ ആകരുതോ എന്ന് ചോദിക്കുന്ന ഡയോജനിസിന്റെ ഒരു കഥയുണ്ടല്ലോ. സമാധാനത്തിനു വേണ്ടിയാണ് എല്ലാ യുദ്ധങ്ങളുമെന്നാണ് പറയാറ്. അമേരിക്ക ഇറാഖിനെ ആക്രമിച്ചത് ഇറാഖില്‍ സമാധാനം നിര്‍മിക്കാനാണെന്ന് പറഞ്ഞായിരുന്നു.
നീ വിലസുന്നത് എനിക്ക് കണ്ടുകൂടാ, നീ വളരുന്നതും നന്നാകുന്നതും എനിക്ക് കണ്ടുകൂടാ, അതെല്ലാം കാണുമ്പോള്‍ എനിക്കൊരു സമാധാനവുമില്ല എന്നിടത്തുനിന്നാണ് പകയും വിദ്വേഷവും അക്രമവും മുളക്കുന്നത്. വ്യക്തികള്‍ തമ്മിലാകുമ്പോള്‍ അത് വഴക്കും മതങ്ങളും സംഘടനകളും തമ്മിലാകുമ്പോള്‍ അത് കലാപവും സംഘര്‍ഷവും രാജ്യങ്ങള്‍ തമ്മിലാകുമ്പോള്‍ അത് യുദ്ധവുമായിത്തീരുന്നു.
മറ്റുള്ളവരെ ആക്രമിക്കാതെ സമാധാനം കിട്ടാത്ത മനുഷ്യരാണ് ലോകത്തെ വിരൂപമാക്കുന്നത്. അങ്ങനെ വിരൂപമായ രാജ്യത്ത് പിറന്നും വളര്‍ന്നും അതിജീവിക്കുന്നവര്‍ക്ക് ഒരു ദിവസം എമ്പാടുമാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മതി അവര്‍ക്ക്, തമാശകളും വേദനകളും പറയാന്‍, ചിരിക്കാന്‍, ചിന്തിക്കാന്‍, കുഞ്ഞുമോനെ കൊഞ്ചിക്കാന്‍, അവന് പുതിയ കളിപ്പാട്ടം വാങ്ങാന്‍.
ആകാശത്തുനിന്ന് മരണം പെയ്യുന്നതുവരെയുള്ള അത്ര നേരം മതി അവര്‍ക്കീ ജീവിതത്തിന് സൗന്ദര്യം കെട്ടാന്‍.
Comments