Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

ബെര്‍ണാഡ് ലുയിസിനു വേണ്ടി വിലപിക്കരുത്

പീറ്റര്‍ ഒബോണ്‍

മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്നാണ്. എന്നാല്‍ ബെര്‍ണാഡ് ലുയിസിന്റെ കാര്യത്തില്‍ ഈ സമ്പ്രദായം പിന്തുടരാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ഇസ്‌ലാം-പശ്ചിമേഷ്യന്‍  വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ ലുയിസ് തന്റെ 101-ാം വയസ്സില്‍ കഴിഞ്ഞ മെയ് 19-നാണ് അന്തരിച്ചത്. ആധുനിക ലോകത്ത് അയാള്‍ അഴിച്ചുവിട്ട ദുരന്തങ്ങളുടെ പകുതിയെങ്കിലും വിനാശം സൃഷ്ടിച്ച മറ്റൊരു പണ്ഡിതനില്ല. ബൗദ്ധിക മേഖലയില്‍ ജ്വലിച്ചു നിന്ന ഒരു പ്രതിഭയാണ് ബെര്‍ണാഡ് ലുയിസ്. അതായത് സ്വന്തം സ്ഥാനമുപയോഗിച്ച് ലോകത്ത് മഹത്തായ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കെല്‍പുണ്ടായിരുന്ന ഒരു വ്യക്തി.

എന്നാല്‍ അതിനു പകരം പശ്ചിമേഷ്യയിലുടനീളം കണക്കില്ലാത്ത രക്തച്ചൊരിച്ചിലിന് കാരണമായ അനവധി യുദ്ധങ്ങള്‍ക്ക് ബൗദ്ധിക കാര്‍മികത്വം വഹിക്കുകയും അമേരിക്ക എന്ന രാജ്യത്തിന്റെ പേരിന് അന്താരാഷ്ട്ര തലത്തില്‍ കളങ്കം വരുത്തുകയും ചെയ്യുന്നതിലാണ് ലുയിസ് വിജയിച്ചത്.

 

വംശീയതയിലൂന്നിയ സമീപനം

ബെര്‍ണാഡ് ലുയിസിന്റെ സ്വാധീനം ഇന്നും പ്രകടമായി തുടര്‍ന്നു വരുന്നു. പശ്ചിമേഷ്യയെക്കുറിച്ച് തനിക്ക് മനസ്സിലാക്കിത്തരുന്നതില്‍ ലുയിസിന്റെ കൃതികള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും സി.ഐ.എയുടെ മുന്‍ മേധാവിയുമായിരുന്ന മൈക്ക് പോംപിയോ പ്രഖ്യാപിച്ചത് മെയ് 20-നാണ്. ബൗദ്ധികമേഖലയിലെ തന്റെ ആരാധനകഥാപാത്രത്തിന്റെ വലിയൊരു രാഷ്ട്രീയ പദ്ധതിയായിരുന്ന ഇറാനിലെ ഭരണകൂട മാറ്റം തന്റെ സ്വന്തം പദ്ധതിയായി ഏറ്റെടുക്കാനുള്ള തയാറെടുപ്പുകള്‍ പോംപിയോ ആരംഭിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമായല്ല. 2003-ല്‍ ഇറാഖിന്റെ അധിനിവേശത്തിന് വേണ്ടി മുറവിളി കൂട്ടിയ ബുദ്ധിജീവികളുടെ ഒരു ചെറുസംഘത്തെ ഫലത്തില്‍ നയിച്ചിരുന്നത് ബെര്‍ണാഡ് ലുയിസായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപതിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സദ്ദാം ഹുസൈന്റെ അധഃപതനം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി അദ്ദേഹം ആരംഭിച്ച ശ്രമങ്ങള്‍ അന്ന് പശ്ചിമേഷ്യയില്‍ പട്ടാള ഇടപെടല്‍ ആഗ്രഹിച്ച പല നവയാഥാസ്ഥിതികരെയും അത്യന്തം ആഹ്ലാദിപ്പിച്ചു.

പിന്നീട് താന്‍ ഇറാഖ് അധിനിവേശത്തിന് എതിരായിരുന്നുവെന്ന് തെറ്റായി വാദിക്കാനുള്ള ശ്രമങ്ങളും ലുയിസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്നാലിത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. ഇറാഖില്‍ നടന്ന സംഭവങ്ങളില്‍ നേരിട്ടു തന്നെ പങ്കുള്ള ഒരാളാണ് ബെര്‍ണാഡ് ലുയിസ്. 9/11-നു മുമ്പു തന്നെ അദ്ദേഹം ഇറാഖിലെ ഭരണകൂട മാറ്റത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തിലൂടെ കിട്ടിയ അവസരം പിന്നീട് വേണ്ട രീതിയില്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തു. 2001-ന്റെ അവസാനത്തില്‍ ഇറാഖ് ആക്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പെന്റഗണ്‍ ഡിഫന്‍സ് പോളിസി ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ലുയിസ് ഹാജരായിരുന്നു എന്നതിന് തെളിവുണ്ട്.

പശ്ചിമേഷ്യയിലെ 'ജനാധിപത്യ നവോത്ഥകരെ' അമേരിക്ക പിന്തുണക്കണമെന്ന് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. 'എന്റെ സുഹൃത്തായ അഹ്മദ് ശലബി'യെയാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ബെര്‍ണാഡ് ലുയിസ് ഇറാഖി നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ തലവനായ ശലബിയെപ്പോലെ തികച്ചും അധാര്‍മികനായ ഒരാളെ പിന്തുണച്ചതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അന്ന് തന്റെ എല്ലാ സ്വാധീനവുമുപയോഗിച്ച് ശലബിയെ സഹായിക്കാന്‍ ലുയിസ് നടത്തിയ ശ്രമങ്ങളുടെ വിനാശകരമായ പ്രതിഫലനങ്ങള്‍ ഇന്നും പശ്ചിമേഷ്യയിലുടനീളം കാണാം.

പശ്ചിമേഷ്യയോടുള്ള സമീപനത്തില്‍ അദ്ദേഹം വെച്ചുപുലര്‍ത്തിയ നഗ്‌നമായ വംശീയ വികാരത്തിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണം മാത്രമാണ് ഇറാഖ്. 'അറബികളെ കണ്ണുകളുടെ നടുവില്‍ വലിയൊരു വടികൊണ്ട് അടിക്കുകയാണ് വേണ്ടത്. ശക്തന്മാരെ മാത്രമേ അവര്‍ ബഹുമാനിക്കൂ' എന്നാണ് ഈ പണ്ഡിതന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ഡിക്ക് ചെനിയോട് ഒരിക്കല്‍ പറഞ്ഞത്.

 

യുദ്ധം ന്യായീകരിച്ച പണ്ഡിതന്‍

പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ബെര്‍ണാഡ് ലുയിസ് തന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിച്ചു. ആധുനികവാദികളും നീതിബോധമുള്ളവരുമായ പാശ്ചാത്യര്‍ക്കെതിരെ ഒടുങ്ങാത്ത വിദ്വേഷം പുലര്‍ത്തുന്ന ഒരു പിന്നാക്കവിഭാഗമായാണ് ഈ കൃതികള്‍ അറബികളെ ചിത്രീകരിച്ചത്. 'സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം' എന്ന പദപ്രയോഗം തന്നെ ആദ്യം നടത്തിയത് പൊതുവില്‍ കരുതപ്പെടുന്നതു പോലെ സാമുവല്‍ ഹണ്ടിംഗ്ട്ടണ്‍ അല്ല, ബെര്‍ണാഡ് ലുയിസാണ്.

'നമ്മുടെ നിലവിലുള്ള നയങ്ങളെയും നിലപാടുകളെയും അത് കൈകാര്യം ചെയ്യുന്ന ഭരണകൂടങ്ങളെയും ഉപയോഗശൂന്യമാക്കുന്ന ഒരു വികാരവും പ്രസ്ഥാനവുമാണ് ഇന്ന് നമ്മളെ തുറിച്ചുനോക്കുന്നത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു സംഘട്ടനത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്. നമ്മുടെ ജൂത-ക്രിസ്ത്യന്‍ സംസ്‌കാരത്തിനും മതനിരപേക്ഷതയിലൂന്നിയ നമ്മുടെ വര്‍ത്തമാന കാലത്തിനും ഇവ രണ്ടും ലോകത്തുടനീളം നേടുന്ന പിന്തുണക്കും എതിരെ ഉയര്‍ന്നു വരുന്ന അയുക്തവും എന്നാല്‍ പൂര്‍ണമായും ചരിത്രത്തിനു ചേര്‍ന്നതുമായ ഒരു പ്രതികരണമാണിത്,'' 1990-ല്‍ ലൂയിസ് കുറിച്ചിട്ടു.

ഇങ്ങനെ ഇസ്‌ലാമും പാശ്ചാത്യലോകവും നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു കടുത്ത പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണെന്ന കാഴ്ചപ്പാടിന് അത്‌ലാന്റിക്കിന് ഇരുവശത്തും ഏറെ പിന്തുണ ലഭിച്ചു. ഔദ്യോഗിക നിലപാടുകളെ അതിന്നും കാര്യമായി തന്നെ സ്വാധീനിക്കുന്നു. എന്നാല്‍ ഈ കാഴ്ചപ്പാടില്‍ നിരവധി വിരോധാഭാസങ്ങള്‍ തെളിഞ്ഞുകാണാം. ലോകം രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ ഈജിപ്ത്, മലേഷ്യ, തുര്‍ക്കി, സുഊദി അറേബ്യ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് പാശ്ചാത്യരുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്?

 

ഇസ്‌ലാം വിരുദ്ധ പ്രചാരകന്‍

ബൗദ്ധിക വിഷയങ്ങളെ അമിതമായി ലളിതവത്കരിക്കുകയും അതു വഴി എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത ആള്‍ കൂടിയാണ് ബെര്‍ണാഡ് ലുയിസ്. ലോകത്തിലെ 180 കോടി മുസ്‌ലിംകളും ചിന്തിക്കുന്നത് ഒരേ രീതിയിലാണ് എന്ന മട്ടിലാണ് ലുയിസ് എഴുതിയത്. പശ്ചിമേഷ്യയില്‍ ഇന്ന് നടക്കുന്ന ദുരന്തങ്ങള്‍ക്കും മരണങ്ങള്‍ക്കും ഒരൊറ്റ വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും, അങ്ങനെ ചെയ്യാന്‍ പാടില്ലെങ്കിലും, വംശീയവെറിക്കും യുദ്ധത്തിനും ബൗദ്ധികമായ അടിത്തറ പാകിയ ഒരാള്‍ എന്ന നിലയില്‍ ബെര്‍ണാഡ് ലുയിസിന് ഈ ആക്രമണങ്ങളിലുള്ള പങ്ക് നാം തിരിച്ചറിഞ്ഞേ മതിയാവൂ. 

എന്നാല്‍ ഈ തിരിച്ചറിവ് പകരാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താകും. വാള്‍ സ്ട്രീറ്റ് ജേണലും ടൈംസും ഡെയ്‌ലി ടെലഗ്രാഫുമടക്കം വമ്പന്‍ പത്രങ്ങളൊക്കെയും ബെര്‍ണാഡ് ലുയിസ് അന്തരിച്ച ദിവസം നമ്മുടെ കാലത്തിന്റെ മഹാരഥന്മാരിലൊരാള്‍ എന്ന രൂപത്തില്‍ അദ്ദേഹത്തെക്കുറിച്ച് പ്രശംസ നിറഞ്ഞ നീണ്ട ചരമക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ണാഡ് ലുയിസും ഫലസ്ത്വീനിയന്‍ സാഹിത്യ നിരൂപകനായ എഡ്വേഡ് സെയ്ദും തമ്മില്‍ അത്യന്തം ചൂടേറിയ ഒരു വാദപ്രതിവാദം അരങ്ങേറി. രണ്ടു പേരും വീറോടെ വാദിച്ചെങ്കിലും സെയ്ദ് പറഞ്ഞ ഒരു കാര്യം എന്റെ മനസ്സില്‍ ഇന്ന് തെളിഞ്ഞുകിടക്കുന്നു: ''മനുഷ്യര്‍ക്കിടയിലെ വൈവിധ്യം പോയിട്ട്, മുസ്‌ലിംകള്‍ക്കിടയിലെ വൈവിധ്യം പോലും മനസ്സിലാക്കാന്‍ ലുയിസിന് സാധിക്കുന്നില്ല എന്നതാണ് ലളിതമായ സത്യം. തനിക്ക് പുറത്തുള്ളതും തന്നില്‍നിന്ന് വ്യത്യസ്തവുമായ ഒരു വിഭാഗം ആയതിനാല്‍ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിന് പുറത്താണ് അവര്‍ നില്‍ക്കുന്നത്.''

അതായത് ബെര്‍ണാഡ് ലുയിസ് നിഷ്പക്ഷനായ പണ്ഡിതനല്ലെന്നും ഇസ്‌ലാമിനെയും അറബ് ലോകത്തെയും ശത്രുവത്കരിച്ച പ്രചാരകന്‍ ആണെന്നുമാണ് സെയ്ദ് ആരോപിച്ചത്. അന്നത്തെ വാഗ്വാദം ഇന്നും പ്രസക്തമാണെങ്കിലും കാലം സെയ്ദിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

വിവ: സയാന്‍ ആസിഫ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍