Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

ഭരണഘടനയിലെ ദശമൂലാരിഷ്ടം!

പി.കെ റഹീം

ഓര്‍മ-5

1970കളില്‍ യുക്തിവാദികളുടെ അരങ്ങേറ്റമായിരുന്നു. ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന യുക്തിവാദികള്‍ സംഘടിതമായി കേരളത്തിലുടനീളം പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്ന് യുക്തിവാദി എന്ന മാസികയും തൃശൂരില്‍ നിന്ന് പവനന്‍, സണ്ണി, എ.വി ജോസ് എന്നിവര്‍ ചേര്‍ന്ന് യുക്തിരേഖ എന്ന മാസികയും ആരംഭിച്ചു. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എന്ന മുഖമുദ്രയില്‍ മതത്തെതന്നെയായിരുന്നു വിമര്‍ശിച്ചിരുന്നത്. ചാത്തന്‍ സേവയും മതിഭ്രമങ്ങളും പ്രേതഭൂതാദികളും മതത്തിന്റെ പേരില്‍ കെട്ടിവെച്ച് തികച്ചും ബാലിശമായ എതിര്‍പ്പുകളാണ് നടത്തിയിരുന്നതെങ്കിലും യുവാക്കളിലെ പുരോഗമന ചിന്തയുടെയും പരിഷ്‌കൃത വിചാരങ്ങളുടെയും അടയാളമാണ് അതെന്ന് ചിലര്‍ കരുതിയിരുന്നു. ഈ വേളയിലാണ് ടിറ്റ് ഫോര്‍ ടാറ്റ് എന്ന പേരില്‍ ഒരു മാസിക ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. ടി.വി മുഹമ്മദലി എഡിറ്ററായും സ്പിരിറ്റഡ് യൂത്ത് മൂവ്‌മെന്റ് പബ്ലിഷറായും ടിറ്റ് ഫോര്‍ ടാറ്റ് പുറത്തിറങ്ങി. തിന്മയെ നന്മകൊണ്ട് നേരിടുക എന്ന കെ.സിയുടെ ഉപദേശം മുദ്രാവാക്യമായി സ്വീകരിച്ചു. കേരളത്തിലുടനീളം  നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഉള്‍ക്കനമുള്ള ലേഖനങ്ങളും ഉരുളക്കുപ്പേരി എന്നോണം യുക്തിവാദികള്‍ക്കുള്ള ശക്തമായ മറുപടിയും ടിറ്റ് ഫോര്‍ ടാറ്റില്‍ വന്നു. യുക്തിവാദികളുടെ പല ചര്‍ച്ചായോഗങ്ങളിലും പ്രസ്ഥാനപ്രവര്‍ത്തകര്‍ പങ്കെടുത്തുകൊണ്ട് ആശയസംവാദങ്ങള്‍ നടന്നു. സ്റ്റേറ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മതവും അന്ധവിശ്വാസങ്ങളും' എന്ന ചര്‍ച്ചാ യോഗത്തില്‍ ജമാല്‍ മലപ്പുറം പങ്കെടുത്തു. സെന്റ് തോമസ് കോളേജ് മലയാള പ്രഫസര്‍ അവതരിപ്പിച്ച പ്രബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട്, യുക്തിവാദികളാണ് യഥാര്‍ഥ അന്ധവിശ്വാസികളെന്ന് ജമാല്‍ സമര്‍ഥിച്ചു.തെറ്റായ അറിവുകളിലുള്ള ദീര്‍ഘകാല വിശ്വാസം അന്ധവിശ്വാസമായി മാറും എന്നായിരുന്നു ജമാലിന്റെ സമര്‍ഥനം. എം.സി ജോസഫിന്റെ പുസ്തകത്തില്‍ നിന്നും യുക്തിവാദി മാസികയില്‍ നിന്നും പ്രബന്ധത്തില്‍ നിന്നുമുള്ള ഉദ്ധരണികള്‍ ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞത എത്രത്തോളം ഉണ്ടെന്ന് ജമാല്‍ വിശദീകരിച്ചു. 'ഇത് മതപ്രസംഗവേദി അല്ല' എന്ന് പറഞ്ഞ് കൊണ്ട് ജമാലിനെ തടയുകയായിരുന്നു അവര്‍. പിന്നീട് ശ്രീനാരായണ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പവനനും സി.സി അബ്ദുല്‍ഖാദര്‍ മൗലവിയും ഏറ്റുമുട്ടി. വമ്പിച്ച പ്രചാരണമാണ് ഈ സംവാദത്തിന് നല്‍കപ്പെട്ടത്. അതിനാല്‍ തന്നെ ഹാള്‍ തിങ്ങിനിറഞ്ഞ സദസ്സായിരുന്നു. ഒരു നാടന്‍ വേഷത്തില്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട സി.സിയുടെ മുന്നില്‍ പവനന്‍ ഉന്നയിച്ച വാദമുഖങ്ങള്‍  ബാലിശങ്ങളായിരുന്നു എന്ന് വമ്പിച്ച ഹര്‍ഷാരവങ്ങള്‍ കൊണ്ട് സദസ്സിന് ബോധ്യപ്പെട്ടു. 

''ഖുര്‍ആനില്‍ എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ടെങ്കില്‍ തൃശൂര്‍ പൂരത്തെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്?'' യുക്തിവാദികള്‍ ചോദിച്ചു.  ''ഇന്ത്യന്‍ ഭരണഘടന പൂര്‍ണമാണെന്ന് നാം വാദിക്കുന്നു. അതില്‍ കോട്ടക്കല്‍ ദശമൂലാരിഷ്ടത്തെക്കുറിച്ച് എവിടെയാണ് പറഞ്ഞിട്ടുള്ളത്?'' സി.സിയുടെ മറുചോദ്യം! ടിറ്റ് ഫോര്‍ ടാറ്റിന്റെ രംഗപ്രവേശവും ചര്‍ച്ചാ വേദികളില്‍ ജമാഅത്തിന്റെ ഇടപെടലുകളും മുസ്‌ലിംകളില്‍ ആത്മവിശ്വാസവും വിജ്ഞാന കൗതുകവും ഉളവാക്കി. ആയിടെയാണ് അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിന്റെ പത്രസമ്മേളനവും ടൗണ്‍ ഹാളില്‍ പൊതുസമ്മേളനവും നടന്നത്. ടിറ്റ് ഫോര്‍ ടാറ്റ് 1987 വരെ തുടര്‍ന്നു. ടി.വി മുഹമ്മദലി മാധ്യമം പത്രത്തിലേക്ക് മാറിയതോടെ ടിറ്റ് ഫോര്‍ ടാറ്റ് തുടരാന്‍ കഴിഞ്ഞില്ല. 

നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ്

കേരളത്തില്‍ നഴ്‌സറി സ്‌കൂളുകള്‍ ആരംഭിച്ച കാലഘട്ടം. പരിശീലനം സിദ്ധിച്ച നഴ്‌സറി ടീച്ചര്‍മാര്‍ പലയിടങ്ങളിലും ഇല്ലായിരുന്നു. തൃശൂരില്‍ ഇസ്‌ലാമിക് സ്പീച്ചിംഗ് സെന്റര്‍ എന്ന പേരില്‍ എന്‍.എ മുഹമ്മദ്, ടി.വി മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. പൂത്തോളില്‍ പാസ്‌പോര്‍ട്ട് ഓഫീസ് നിലകൊള്ളുന്ന സ്ഥലത്തായിരുന്നു ഓഫീസ്. പി.എ ജോസഫിന്റെ കെട്ടിടമായിരുന്നു അത്. അദ്ദേഹം സ്ഥലം സൗജന്യമായി തന്നതാണ്. ആവശ്യം വരുമ്പോള്‍ തിരിച്ചു കൊടുക്കാം എന്നാണ് കരാര്‍. റെയില്‍വേ സ്റ്റേഷന്റെ സമീപത്തായിരുന്നതിനാല്‍ വലിയ കെട്ടിടം പണിയാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ജോസഫ് തൃശൂര്‍ മില്‍ക്ക് സപ്ലൈ കോര്‍പ്പറേഷന്റെ പ്രസിഡന്റായിരുന്നു. 1963-ല്‍ മില്‍ക്ക് സപ്ലൈ ഓഫീസില്‍ അദ്ദേഹത്തിന്റെ കീഴില്‍ എനിക്ക് ജോലി കിട്ടി. പുലര്‍ച്ചെ നാല് മണി മുതല്‍ അവിടെ കൊണ്ട് വരുന്ന പാല്‍ മാപിനി വെച്ച് ക്വാളിറ്റി നിര്‍ണയിക്കുകയായിരുന്നു എന്റെ ഉത്തരവാദിത്തം. സൊസൈറ്റിയില്‍ ക്രിസ്ത്യാനിയോ മുസ്‌ലിമോ അതുവരെ നിയമിതനായിട്ടുണ്ടായിരുന്നില്ല. ജോസഫ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരു മുസ്‌ലിമിനെ ആദ്യമായി നിയമിക്കുകയായിരുന്നു. പാലിന് കൂടുതല്‍ ഓര്‍ഡര്‍ വരാന്‍ തുടങ്ങിയപ്പോള്‍ മാപിനി നോക്കേണ്ടതില്ലെന്ന് മാനേജര്‍ ഉത്തരവ് നല്‍കി. സാധ്യമല്ലെന്ന് ഞാനും. വിഷയം പ്രസിഡന്റ് കൈകാര്യം ചെയ്തു. ചിലപ്പോള്‍ അങ്ങനെ വേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒട്ടേറെ സൗകര്യങ്ങള്‍ നല്‍കിയിരുന്ന പ്രസിഡന്റിനോട് ഞാന്‍ ഒഴിവാകുകയാണെന്ന് പറഞ്ഞു. ഇസ്‌ലാമിക് സ്പീച്ചിംഗ് സെന്ററിന്റെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ ഒരു ഓഫീസ് വേണം എന്ന കാര്യവും ഞാന്‍ ഉണര്‍ത്തി. അങ്ങനെയാണ് പൂത്തോളില്‍ സ്ഥിതി ചെയ്യുന്ന ആ കെട്ടിടം യാതൊരു പ്രയാസവും ഇല്ലാതെ എന്നെ ഏല്‍പ്പിച്ചത്. 

ഒരു നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കാന്‍ ഹല്‍ഖയുമായി ആലോചിച്ച് പദ്ധതി ആവിഷ്‌കരിച്ചു. 

തിരുവനന്തപുരം പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കഴിഞ്ഞ, കൂര്‍ക്കഞ്ചേരി കോണ്‍വെന്റില്‍ ഉള്ള കന്യാസ്ത്രീയില്‍ നിന്ന് സിലബസ് മനസ്സിലാക്കി. അവരുടെ നോട്ട്‌സും എനിക്ക് തന്നു. അതുപ്രകാരം നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യസംരംഭമായിരിക്കും ഇത്. 

പ്രിന്‍സിപ്പിള്‍സ് ഓഫ് എജുക്കേഷന്‍, ടീച്ചിംഗ് മെത്തേഡ്, ചില്‍ഡ്രണ്‍സ് സൈക്കോളജി, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഇസ്‌ലാം വിശ്വാസവും അനുഷ്ഠാനങ്ങളും, ഹോം സയന്‍സ്, ആരോഗ്യം, ജനറല്‍ നോളജ് എന്നിവയായിരുന്നു വിഷയങ്ങള്‍. എന്‍.എ മുഹമ്മദ്, ടി.വി മുഹമ്മദലി, പരേതനായ കെ. അബൂബക്കര്‍ (ഐ.പി.എച്ച്), പി.എം ഷെരീഫ്, ടി.എ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ അധ്യാപകരായി ട്രെയിനിംഗ് ക്ലാസ് ആരംഭിച്ചു. എസ്.എസ്.എല്‍.സി വരെ പഠിച്ചവര്‍ക്കായിരുന്നു പ്രവേശനം. ഇരുപത് പേര്‍ അടങ്ങുന്ന ബാച്ചുകളായിരുന്നു ആദ്യഘട്ടത്തില്‍. കേരളത്തിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ പേര്‍ പരിശീലനത്തിനായി എത്തി. 280 ഓളം പേര്‍ പല ഘട്ടങ്ങളിലായി കോഴ്‌സ് പൂര്‍ത്തിയാക്കി. അവരില്‍ പലരും ഗള്‍ഫ് നാടുകള്‍  ഉള്‍പ്പെടെ പലയിടത്തും നഴ്‌സറി ടീച്ചര്‍മാരായി ചേര്‍ന്നു. സ്പീച്ചിംഗ് സെന്റര്‍ പിന്നീട് കൂര്‍ക്കഞ്ചേരിയിലേക്കും കാളത്തോട് ഹിദായത്ത് നഗറിലേക്കും മാറി. പൂത്തോളില്‍ ഉണ്ടായിരുന്ന സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നതിനാല്‍ തളിക്കുളം ടി.കെ അബ്ദുല്‍ ഖാദര്‍ സാഹിബ് സ്ഥലം വാങ്ങി തരുകയായിരുന്നു. ആ സ്ഥലത്തായിരുന്നു കൂടുതല്‍ ബാച്ചുകളും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്. കാജാ കരീം സാഹിബിന്റെ സഹായത്തോടെയാണ് ഹിദായത്ത് നഗറില്‍ സ്പീച്ചിംഗ് സെന്റര്‍ സ്ഥാപിതമായത്. 

മുസ്‌ലിം ഹോസ്റ്റല്‍

തൃശൂരില്‍ ജമാഅത്തിന് ഒരു ഓഫീസ് ഉണ്ടായിരുന്നില്ല. കൊക്കാലെയില്‍ ലക്കി ഹോട്ടല്‍ നടത്തിയിരുന്ന മുഹമ്മദുണ്ണി ഹാജി, മകന്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ ഹോട്ടല്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അതൊരു ഹോസ്റ്റലായി നടത്താന്‍ ജമാഅത്തിനെ അനുവദിക്കണമെന്ന് എന്റെ ബോസായിരുന്ന കരീം മുഖേന ഞങ്ങള്‍ ആവശ്യപ്പെട്ടു. കിട്ടുന്ന വാടക അവര്‍ക്ക് കൊടുക്കാം എന്നായിരുന്നു കരാര്‍. ഹാജി സമ്മതിച്ചു. അങ്ങനെയാണ് മുസ്‌ലിം ഹോസ്റ്റല്‍ നിലവില്‍ വന്നത്. തുച്ഛമായി ലഭിച്ചുകൊണ്ടിരുന്ന വാടക അവര്‍ക്ക് കൊടുത്തുകൊണ്ടിരുന്നു. യൂനിയന്‍ ബാങ്കിന്റെ മാനേജരും എം.ഇ.എസിന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ മൊയ്തീന്‍ സാഹിബ് കെട്ടിടം വാടകക്ക് ചോദിച്ചു. നിര്‍ണിത വാടക നല്‍കാമെന്ന് പറഞ്ഞു. ഹാജിക്കത് കൂടുതല്‍ സൗകര്യമായി തോന്നി. എന്നാലും ഞങ്ങളോടാലോചിച്ച് മറുപടി പറയാമെന്നേറ്റു. അവര്‍ നിര്‍ദേശിച്ചതു പ്രകാരം മുറികള്‍ ക്രമീകരിച്ച് നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ തന്നെ എടുക്കാം എന്നു പറഞ്ഞു. എം.ഇ.എസുകാര്‍ എടുക്കുന്ന പക്ഷം ആഴ്ചതോറും ക്ലാസ് നടത്താനുള്ള അവസരം ആവശ്യപ്പെട്ടിരുന്നു. എം.ഇ.എസിനെ ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും അതുകൊണ്ട് ജമാഅത്തിന്റെ യാതൊരു പ്രവര്‍ത്തനവും അവിടെ അനുവദിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. അവിടത്തെ ട്രഷററായിരുന്ന കരീം സ്ഥലം ജമാഅത്തിനു വേണ്ടി എടുക്കാം എന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തൃശൂരില്‍ മുസ്‌ലിം ഹോസ്റ്റല്‍ തുടങ്ങിയത്. പിന്നീട് എസ്.ഐ.ഒ ഓഫീസും മലര്‍വാടിയും ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളും ടിറ്റ് ഫോര്‍ ടാറ്റും ആരംഭിച്ചത് ഹോസ്റ്റലില്‍ നിന്നായിരുന്നു. ബ്ലഡ് ഡൊണേഴ്‌സ് ഫോറത്തിന്റെയും ആതുരശുശ്രൂഷയുടെയും ഫ്രൈഡേ ക്ലബ്ബിന്റെയും ആസ്ഥാനവും മുസ്‌ലിം ഹോസ്റ്റലായി മാറി. 

മുസ്‌ലിം ഹോസ്റ്റല്‍ കെട്ടിടം വില്‍ക്കാനുള്ള തീരുമാനം മൊയ്തുണ്ണി ഹാജി ഒരിക്കല്‍ ഞങ്ങളെ അറിയിച്ചു. പലരും ടോക്കണ്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചതായിരുന്നു. നമ്മുടെ അനുവാദം ഇല്ലാതെ വില്‍ക്കുകയില്ലെന്ന് ഹാജി ശഠിച്ചു. കെ.യു മുഹമ്മദ് കുട്ടിയെ കൊടുങ്ങല്ലൂരിലേക്ക് അയച്ചു. എം.ഐ.ടി ക്ക് വേണ്ടി ആ സ്ഥലം വാങ്ങാന്‍ പി.ടിയോടും കെ.സി ഹൈദ്രോസ് സാഹിബിനോടും അപേക്ഷിച്ചു. അങ്ങനെയാണ് ആദ്യമായി തൃശൂരില്‍ പ്രസ്ഥാനത്തിന്റെ ആസ്ഥാനം ഉണ്ടായത്. അതുവരെ കാജാ സ്റ്റോര്‍ ആയിരുന്നു ആസ്ഥാനം. 'മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റ്' എന്ന എം.ഐ.ടി പിന്നീട് കൊക്കാലെ അമ്പാടി ലൈനില്‍ 14 സെന്റ് സ്ഥലവും മുളങ്കുന്നത്ത്കാവിലുള്ള മെഡിക്കല്‍ കോളേജിനടുത്ത് 75 സെന്റ് സ്ഥലവും വാങ്ങി. അവിടെ പള്ളിയും ഹോസ്റ്റലുകളും പണിതു. പിന്നീട് ചിയാരത്ത് 24 സെന്റ് സ്ഥലത്ത് ഒരു വനിതാ ഹോസ്റ്റലും സ്ഥാപിച്ചു. കൊക്കാലെയില്‍ 800 ഓളം പേര്‍ക്കുള്ള ഹോസ്റ്റലും 200 ഓളം പേര്‍ക്കുള്ള ഹോസ്റ്റലും മെഡിക്കല്‍ കോളേജില്‍ 30 പേര്‍ക്കുള്ള ഹോസ്റ്റലും സജ്ജമായി. അതിനു മുമ്പെ ചേറൂരില്‍ പ്രഫസര്‍ സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ പ്രസിഡന്റായി ഒരു പള്ളിയും ഹോസ്റ്റലും സ്ഥാപിതമായിരുന്നു. പോലീസ് പരിശീലന ക്യാമ്പ്, വിമല വുമന്‍സ് കോളേജ്, റേഡിയോ സ്റ്റേഷന്‍, ബി.ടി കോളേജ്, വിയ്യൂര്‍ ജയില്‍, എഞ്ചിനീയറിംഗ് കോളേജ്, സര്‍ക്കാര്‍ വെല്‍ഫെയര്‍ സെന്ററുകള്‍ എന്നിവ എം.ഇ.എക്ക് ചുറ്റും ഉണ്ടായി. എഞ്ചിനീയറിംഗ് കോളേജില്‍ വരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു മുസ്‌ലിം എജുക്കേഷനല്‍ അസോസിയേഷന്‍ എന്ന പേരില്‍ സ്ഥാപിതമായ എം.ഇ.എ ഹോസ്റ്റലും മസ്ജിദും. ഇപ്പോള്‍ 90 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. എം.ഇ.എയുടെ ഭാരവാഹികളില്‍ ഇപ്പോള്‍ കെ.വി മുഹമ്മദ് സക്കീറും പ്രഫസര്‍ വീരാന്‍ കുട്ടിയും, പഴയ എഞ്ചിനീയര്‍മാരായ ഹമീദ്, കോയക്കുട്ടി മുതലായവരും ഉണ്ട്. കഴിഞ്ഞ വര്‍ഷം വരെയും ഡോ. അബ്ദുല്ല പ്രസിഡന്റായിരുന്നു. കെ.എ സിദ്ദീഖ് ഹസ്സന്‍ സാഹിബ് അമീറായിരുന്ന കാലത്ത് പള്ളി പുനര്‍നിര്‍മിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ജമാല്‍ മലപ്പുറം, മമ്മുണ്ണി മൗലവി, കെ.എ സിദ്ദീഖ് ഹസന്‍, പി.ടി അബ്ദുല്‍ റസാഖ് മൗലവി എന്നിവര്‍ ഖത്തീബുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇപ്പോഴും സജീവമായിരിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഘടനയും അവരുടെ യോഗങ്ങളും നടക്കാറുണ്ട്. ഈ വര്‍ഷത്തെ പദ്ധതിയില്‍ എം.ഇ.എയുടെ പുതിയ പ്രൊജക്റ്റുകളും വികസനവും തീരുമാനിച്ചിട്ടുണ്ട്. 

തൃശൂര്‍ ഒരു സാംസ്‌കാരിക കേന്ദ്രമാണ്. ഡിഗ്രി, പ്രഫഷനല്‍ കോളേജുകളും വിവിധ എഞ്ചിനീയറിംഗ് കോളേജുകളും, വെറ്റിനറി, അഗ്രികള്‍ച്ചര്‍ സര്‍വകലാശാലകളും ഇപ്പോള്‍ മൂന്ന് മെഡിക്കല്‍ കോളേജുകളും സാഹിത്യ സംഗീത നാടക അക്കാദമികളും ചിത്രകലാ - ശില്‍പകലാ കേന്ദ്രങ്ങളും കലാമണ്ഡലവും നിറഞ്ഞ് നില്‍ക്കുന്ന തൃശൂരില്‍ പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ അഞ്ച് പള്ളികളും പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിതമായിട്ടുണ്ട്. കലക്‌ട്രേറ്റിന്റെയും ലോ കോളേജിന്റെയും ഹൗസിംഗ് ബോര്‍ഡിന്റെയും സമീപത്തായി അയ്യന്തോള്‍ മസ്ജിദും, എഞ്ചിനീയറിംഗ് കോളേജ്, പോലീസ് ട്രെയിനിംഗ് കോളേജ്, ആള്‍ ഇന്ത്യ റേഡിയോ സ്റ്റേഷന്‍, സര്‍ക്കാര്‍ വെല്‍ഫെയര്‍ കേന്ദ്രങ്ങള്‍,  ഡിഗ്രി കോളേജുകള്‍ എന്നിവയുടെ സമീപത്തായി എ.ഇ.എ മസ്ജിദും, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്തായി മയ്യിത്ത് സംസ്‌കരണത്തിന് സൗകര്യത്തോടുകൂടിയ എം.ഐ.ടി മസ്ജിദും, തൃശൂര്‍ കെ.എസ്.ആര്‍.ടി.സി-റെയില്‍വേ സ്റ്റേഷന്‍, ശക്തന്‍ നഗര്‍ ബസ് സ്റ്റാന്റ്, പ്രധാന മാര്‍ക്കറ്റ് എന്നിവക്കടുത്തായി ഹിറാ മസ്ജിദും, തൃശൂര്‍ കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ ജില്ലാ ആസ്ഥാനവും നിലകൊള്ളുന്നു. ഒട്ടേറെ പേരുടെ ചോരയും വിയര്‍പ്പുമാണ് ഈ സ്ഥാപനങ്ങള്‍ക്ക് പിന്നിലുള്ളത്. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം