സഹോദരന്റെ തെറ്റുകള്‍ ക്ഷമിച്ചുകൊടുക്കുക
സ്വര്‍ഗത്തിലേക്കുള്ള പാത സുഗമമാക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഒരു മാര്‍ഗമാണ് മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുക എന്നത്. ഏറ്റവും കൂടുതല്‍ പൊറുക്കുന്നവനും മാപ്പരുളുന്നവനുമായാണ് ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ഭൂതക്കണ്ണാടി വെച്ചുനോക്കി കണ്ടെത്തുക എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെ ഹോബി തന്നെ. സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ ഒരു തരത്തിലും മിനക്കെടാത്തവരാണ് മറ്റുള്ളവരുടെ തെറ്റുകള്‍ സൂക്ഷ്മദര്‍ശിനി വെച്ചുനോക്കി പരിശോധിക്കുന്നത്.
മറ്റുള്ളവരുടെ തെറ്റുകള്‍ മറച്ചുവെക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. എന്നുപറഞ്ഞാല്‍ എല്ലാ തെറ്റിനും കൂട്ടുനില്‍ക്കണമെന്നല്ല. സഹോദരന്റെ തെറ്റ് തിരുത്താന്‍ നമുക്ക് കഴിയുന്നതൊക്കെ ചെയ്യണം. പക്ഷേ, അതിന് അതിന്റേതായ മാര്‍ഗമുണ്ട്. തെറ്റുകള്‍ പരസ്യപ്പെടുത്തി സഹോദരനെ അവഹേളിക്കുന്ന രീതിയാകുമ്പോള്‍ സമൂഹത്തില്‍ പൊട്ടലുകളും ചീറ്റലുകളുമായിരിക്കും ഫലം. സാഹോദര്യബുദ്ധ്യാ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമ തന്നെയാണ്. എന്നാല്‍ ഏത് കാരണവശാലും സഹോദരന്റെ കുറവുകളും കുറ്റങ്ങളും പരസ്യപ്പെടുത്തി അവനെ അപമാനിക്കുന്ന രൂപത്തില്‍ പെരുമാറരുത്. നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെ കുറ്റങ്ങള്‍ മറച്ചു വെച്ചാല്‍ അല്ലാഹു നിങ്ങളുടെ കുറ്റങ്ങള്‍ മറച്ചു വെക്കുന്നതാണ്.
സൂറഃ ആലുഇംറാന്‍ 130 മുതല്‍ 138 വരെയുള്ള സൂക്തങ്ങള്‍ നോക്കുക: ഒരു യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവം ഈ സൂക്തങ്ങളില്‍ വരച്ചുകാട്ടുന്നുണ്ട്. ''അല്ലയോ വിശ്വസിച്ചവരേ, ഈ കുമിഞ്ഞു കൂടുന്ന പലിശ തിന്നുന്നത് ഉപേക്ഷിക്കുവിന്‍, അല്ലാഹുവിനെ ഭയപ്പെടുവിന്‍, നിങ്ങള്‍ വിജയം വരിച്ചേക്കാം. സത്യനിഷേധികള്‍ക്കു വേണ്ടി സജ്ജീകരിക്കപ്പെട്ട നരകത്തെ കരുതിയിരിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. നിങ്ങള്‍ക്ക് കരുണ ലഭിക്കുമെന്ന് ആശിക്കാം. നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോല്‍സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നു. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍ പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍ അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നവരല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു! നിങ്ങള്‍ക്ക് മുമ്പ് ഏറെ നടപടികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഭൂമിയില്‍ സഞ്ചരിച്ച് നോക്കിക്കാണുവിന്‍; നിഷേധിച്ച ജനതകളുടെ പരിണതി എന്തായിരുന്നു എന്ന്. ഇത് ജനത്തോടുള്ള സുവ്യക്തമായ പ്രഖ്യാപനമാകുന്നു. ദൈവഭക്തന്മാര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും'' (ആലുഇംറാന്‍ 130-138).
Comments