ഇസ്‌ലാമിക പ്രസ്ഥാനവും മുസ്‌ലിം സമൂഹവും
അല്ലാഹുവിനെ അനുസരിക്കാനും അവനു അടിമപ്പെടാനുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: ''മനുഷ്യരെയും ജിന്നുകളെയും എനിക്ക് അടിമപ്പെടാനായിട്ടല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (ഖുര്‍ആന്‍ 51:56). മനുഷ്യനെ ഈ കാഴ്ചപ്പാടിലേക്ക് ക്ഷണിക്കാന്‍ വേണ്ടി അവന്‍ ധാരാളം നബിമാരെ അയച്ചു. നിരവധി വേദങ്ങള്‍ ഇറക്കി. അതിലെ ഒടുവിലെത്തെ പ്രവാചകനും വേദവുമാണ് മുഹമ്മദ് നബിയും ഖുര്‍ആനും. മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: '' സന്മാര്‍ഗവും സത്യദീനും കൊണ്ട് അവന്‍ അവന്റെ റസൂലിനെ അയച്ചു, എല്ലാ ദീനുകള്‍ക്കും ഉപരിയായി അല്ലാഹുവിന്റെ ദീന്‍ വിജയിപ്പിച്ചെടുക്കാന്‍ വേണ്ടി; ബഹുദൈവാരാധകര്‍ക്ക് വെറുപ്പാണെങ്കിലും'' (61:9).
ഇരുപത്തിമൂന്ന് വര്‍ഷത്തെ ചുരുങ്ങിയ കാലം കൊണ്ട് പ്രസ്തുത ചുമതല പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതാണ് മുഹമ്മദ് നബിയുടെ മഹാഭാഗ്യം. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ ഏക വ്യവസ്ഥ ഇസ്‌ലാം മാത്രമാണ്. അത് പ്രവാചകനിലൂടെ പൂര്‍ത്തീകരിച്ചു. തദടിസ്ഥാനത്തില്‍ ഒരു മാതൃകാ സമൂഹവും ഭരണകൂടവും റസൂല്‍ (സ) സ്ഥാപിച്ചു. അന്ത്യനാള്‍ വരേക്കും ഈ ദീനിന്റെ ദൗത്യം ഏറ്റെടുത്തു നിര്‍വഹിക്കുവാന്‍ ഒരു സമൂഹവും സ്ഥാപിതമായി.
മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്ന ദൗത്യമാണ് മുസ്്‌ലിം സമൂഹത്തിനുള്ളത്. ഇസ്്‌ലാമില്‍ പൂര്‍ണമായും പ്രവേശിച്ച്, ആദര്‍ശ പ്രകാശനത്തിന്റെ മുന്നണിപ്പടയായി മാറാന്‍ മുസ്്‌ലിം സമൂഹം ബാധ്യസ്ഥമാണ്. അതാണ് സമുദായത്തിന്റെ മൗലികധര്‍മം. 'ഇസ്‌ലാമില്‍ പൂര്‍ണമായി പ്രവേശിക്കുവിന്‍' എന്ന അല്ലാഹുവിന്റെ ആഹ്വാനം മറന്നുപോവരുത്. ഒറ്റ മുന്നണിയായി ഹൃദയം ചലിക്കണം. 'അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുവിന്‍, ഭിന്നിക്കരുത്' എന്ന ഖുര്‍ആന്റെ ആഹ്വാനം സമുദായത്തെ നയിക്കണം.
പ്രസ്തുത അടിസ്ഥാനങ്ങളുടെയും ഖുര്‍ആനിക കാഴ്ചപ്പാടുകളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ മുസ്്‌ലിം സമുദായത്തെ വിലയിരുത്തിയാല്‍ നമുക്ക് താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും.
1. ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ദീനിനോടുള്ള സമുദായത്തിന്റെ താല്‍പര്യം പ്രകടമാണ്. അവരുടെ ഈമാനിന്റെ തെളിച്ചം വര്‍ധിച്ചുവരികയാണ്. മുസ്്‌ലിംകളാണെന്നതില്‍ അവര്‍ അഭിമാനിക്കുന്നു. ലഹളകളും ദുരിതങ്ങളും വേദനകളും കഷ്ടനഷ്ടങ്ങളും ഉള്ളതോടൊപ്പംതന്നെ ദീനുമായുള്ള ബന്ധം ഉറപ്പിക്കുന്നതിലും ദീനിന്റെ ചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ശരീഅത്ത് അനുധാവനം ചെയ്യുന്നതിലും ദീനിന്റെ എതിരാളികളെ അഭിമുഖീകരിക്കുന്നതിലും സമൂഹം കൂടുതല്‍ ജാഗ്രത്താണിന്ന്. ആവേശകരവും പ്രചോദനാത്മകവുമാണ് മുസ്‌ലിം സമൂഹത്തിന്റെ ഈ മുഖം.
2. എന്നാല്‍ മുസ്‌ലിം സമൂഹത്തിന് നല്‍കപ്പെട്ട ഖുര്‍ആനിക പദവിയെക്കുറിച്ച് പൊതുവില്‍ അവര്‍ ശ്രദ്ധാലുക്കളല്ല. ഈ പദവിയെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ ആദര്‍ശസമൂഹമായി ഉയര്‍ന്നുനില്‍ക്കാന്‍ സമുദായത്തിന് സാധിക്കാതെ വരുന്നുണ്ട്. കേവല സമുദായം എന്ന സ്ഥിതിയില്‍ നിന്ന് മുസ്്‌ലിം ഉമ്മത്തിന് ഇനിയും മോചനം ലഭിച്ചിട്ടില്ല.
3. ദീനിനെക്കുറിച്ച പരിമിത കാഴ്ചപ്പാടിന് തന്നെയാണ് സമുദായത്തിനകത്ത് ഇപ്പോഴും മുന്‍തൂക്കം. സമഗ്രദര്‍ശനം എന്ന നിലക്ക് ഇസ്്‌ലാം മനസ്സിലാക്കപ്പെടുന്നില്ല. സമഗ്ര ദര്‍ശനം എന്ന കാഴ്ചപ്പാടിന്റെ അഭാവത്തില്‍ ലക്ഷ്യബോധത്തില്‍ ഒരുമിക്കാന്‍ കഴിയുന്നില്ല. മദ്ഹബീ തര്‍ക്കങ്ങളിലും നിസ്സാരമായ ഗ്രൂപ്പുപോരുകളിലും കര്‍മ്മശാസ്ത്ര വിവാദങ്ങളിലുമാണ് സമുദായം ഇന്നും പൊതുവില്‍ അഭിരമിക്കുന്നത്. ലക്ഷ്യബോധത്തിന്റെ അഭാവം സമുദായത്തിന്റെ ധാര്‍മിക നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് സമുദായത്തെ എളുപ്പത്തില്‍ പിളര്‍ക്കാന്‍ കഴിയുന്നു. നിരാശയും പരാജയചിന്തയും അധമബോധവും ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു. ഏകാഗ്രമായ ഒരു ചുവടുവെപ്പിന് സമുദായത്തിന് സാധിക്കാതെ വരുന്നു.
4. രാഷ്ട്രീയത്തില്‍ ഒട്ടും പരിഗണനയില്ലാത്ത ഒരു വിഭാഗമാണ് ഇന്ത്യയിലെ മുസ്്‌ലിംകളെന്ന്് നിസ്സംശയം പറയാന്‍ കഴിയും. ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു സംഭാവനയും അര്‍പ്പിക്കാന്‍ കഴിയുന്നില്ല. പൊതുമണ്ഡലം മുസ്‌ലിം സംഘടനകളോടോ വ്യക്തികളോടോ പണ്ഡിതപ്രമുഖരോടോ എന്തെങ്കിലും ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യുന്നില്ല. മുസ്്‌ലിം സമൂഹത്തില്‍ നിന്ന് പൊതുവായ രാഷ്ട്രീയ സാമൂഹിക സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല.
മുസ്‌ലിം സമുദായത്തിന് അവരുടെ സാമുദായിക സ്വത്വവും ആവശ്യങ്ങളുമാണ് പരമപ്രധാനം. അതിനപ്പുറത്തേക്ക് ഒരു ദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് അവര്‍ക്കില്ല. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അവര്‍ക്ക് ഒന്നും സംഭാവന ചെയ്യാനില്ല. സ്വത്വസംരക്ഷണം മാത്രമേ അവരുടെ അജണ്ടയിലുള്ളൂ. സാമുദായിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്ന സമുദായമാണവര്‍. ഇതാണ് മുസ്‌ലിംകളെക്കുറിച്ച് രൂപപ്പെട്ടിട്ടുള്ള പൊതുധാരണ.
തദ്ഫലമായി മുഖ്യധാരയില്‍ നിന്ന് വേര്‍പ്പെട്ട് കിടക്കുകയാണ് ഇന്ത്യന്‍ മുസ്്‌ലിംകള്‍. ബൗദ്ധികവും ചിന്താപരവുമായി മുസ്്‌ലിംകളുടെ സംഭാവന ഇന്ന് നാമമാത്രമാണ്. ജീവിതത്തിലെ പ്രധാന വേദികളിലൊന്നും മുസ്്‌ലിം മുദ്രകള്‍ ഇന്ന് ദൃശ്യമല്ല. രാഷ്ട്രീയ നയരൂപീകരണം, വ്യവസായം, വാണിജ്യം, മാധ്യമ പ്രവര്‍ത്തനം, ഗവേഷണം, വിദ്യാഭ്യാസം, കലാ-കായികം തുടങ്ങിയ ഏത് വേദി പരിശോധിച്ചാലും മുസ്്‌ലിം സാന്നിധ്യവും സംഭാവനയും പരിഗണനീയമായ അളവിലില്ലെന്നതാണ് വേദനാജനകമായ യാഥാര്‍ത്ഥ്യം.
എന്നാല്‍, സാമൂഹിക ബാധ്യതകളുടെ നിര്‍വഹണത്തിന് ഒരു വിഭാഗമെങ്കിലും സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവരണം എന്നാണ് ഖുര്‍ആന്റെ താല്‍പര്യം. 'ഉത്തമമായതിലേക്ക് വിളിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സംഘം നിങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളണം' എന്നാണ് ഖുര്‍ആന്റെ ആഹ്വാനം (ആലുഇംറാന്‍ 104).
പ്രസ്തുത ഖുര്‍ആനിക ആഹ്വാനത്തിന്റെ തേട്ടമാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം. പ്രസ്ഥാനം ഒരിക്കലും മുസ്‌ലിം സമൂഹത്തിന് ബദലോ പകരമോ അല്ല. കാലത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അനിവാര്യമായ ഒരു വഴിയും ഉപാധിയും മാത്രമാണ്.
ഇസ്‌ലാമിക പ്രസ്ഥാനം നിലകൊള്ളുന്നത് മുഖ്യമായും രണ്ട് ദൗത്യത്തിന്റെ നിര്‍വഹണത്തിനാണ്. ഒന്നാമത്തേത്, സമുദായത്തിന് വഴികാട്ടുക എന്നതും അതിന്റെ യഥാര്‍ഥ ദൗത്യം നിര്‍വഹിക്കാന്‍ രണ്ടാമതും അതിനെ സജ്ജമാക്കുക എന്നതുമാണ്. മറ്റൊരു ഭാഷയില്‍ സമുദായത്തിന്റെ പുനരുജ്ജീവനം. ഭദ്രമായ ഒരു എടുപ്പ് പോലെ ഐക്യത്തോടെ ഉറച്ച് നിന്ന് ലക്ഷ്യപൂര്‍ത്തീകരണത്തിന് യത്‌നിക്കാന്‍ സമുദായത്തെ പാകപ്പെടുത്തണം. രണ്ടാമത്തേത്, സമുദായം ഈ ദൗത്യം പൂര്‍ണമായും ഏറ്റെടുക്കുന്നതുവരെ സാധ്യമായ അളവില്‍, ഖുര്‍ആന്‍ സമുദായത്തെ ചുമതലപ്പെടുത്തിയ ദൗത്യം പ്രസ്ഥാനം ഏറ്റെടുക്കണം. സത്യദീനിനെ സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുക, ദീനിപ്രബോധനം, നീതിധര്‍മ്മങ്ങളുടെ സംസ്ഥാപനം, ഇഖാമത്തുദീനിന്റെ സമ്പൂര്‍ണമായ സാക്ഷാത്കാരം എന്നിവക്കായി നിരന്തര പരിശ്രമം നടത്തിക്കൊണ്ടാണ്് ഇസ്്‌ലാമിക പ്രസ്ഥാനം ആ ധര്‍മം നിര്‍വഹിച്ചുവരുന്നത്.
മുസ്‌ലിം സമുദായത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച പറഞ്ഞല്ലോ. പല തലങ്ങളില്‍ നിര്‍വഹിക്കപ്പെടേണ്ട ഭാരിച്ച ഒരു ദൗത്യമാണത്. അതിനെ അഞ്ചായി ഭാഗിക്കാം. സമുദായത്തിന്റെ സ്വത്വ സംരക്ഷണം (തഹഫ്ഫുസെ ഉമ്മത്ത്), സമുദായ സമുദ്ധാരണം (ഇസ്വ്‌ലാഹെ ഉമ്മത്ത്), സമുദായ പുരോഗതി (തഅ്മീറെ ഉമ്മത്ത്), സമുദായ സംഘാടനം (തന്‍സീമെ ഉമ്മത്ത്), സമുദായ പുനരുജ്ജീവനം (ഇഹ്‌യാഎ ഉമ്മത്ത്).
1. സ്വത്വ സംരക്ഷണം
ജീവന്‍, സ്വത്ത്, ആദര്‍ശം, ചിഹ്നങ്ങള്‍, വ്യക്തിനിയമം തുടങ്ങി സമുദായത്തിന്റേതായ എല്ലാം സംരക്ഷിക്കപ്പെടേണ്ട ഘടകങ്ങളാണ്. സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ അറുപത്തെട്ട് വര്‍ഷത്തെ ജമാഅത്തിന്റെ ചരിത്രം ഈ വക വിഷയങ്ങളില്‍ സംഘടന നിര്‍വഹിച്ച സംഭാവനകളുടെ മതിയായ സാക്ഷ്യമാണ്. നിലവിലുള്ള ഈ പോളിസി പ്രോഗ്രാം അക്കാര്യം പ്രത്യേകം ഊന്നല്‍ നല്‍കി എടുത്തുപറയുന്നുണ്ട്.
2. സമുദായ സമുദ്ധാരണം
ആദര്‍ശം, ചിന്ത, കര്‍മപരിപാടികള്‍, ദീനിനെക്കുറിച്ച കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളിലെല്ലാം സമുദായത്തില്‍ കാതലായ പരിഷ്‌കരണം നടക്കേണ്ടതുണ്ടെന്ന് ഇസ്‌ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പോളിസി പ്രോഗ്രാമില്‍ പ്രസ്തുത വിഷയങ്ങള്‍ക്ക് എന്നും ഉയര്‍ന്ന പരിഗണന നല്‍കിവന്നിട്ടുണ്ട്. നിലവിലും അത് തുടരുന്നുണ്ട്. ഇസ്്‌ലാമിനെക്കുറിച്ച പ്രാസ്ഥാനിക കാഴ്ചപ്പാട് സമുദായത്തെ ബോധ്യപ്പെടുത്താനും ഒരു സമ്പൂര്‍ണ വ്യവസ്ഥ എന്ന നിലക്ക് ഇസ്്‌ലാമിനോടുള്ള ഏറ്റവും ശരിയായ സമീപനം കരുപ്പിടിപ്പിക്കാനും ജമാഅത്ത് നിരന്തര യത്‌നം നടത്തിവരുന്നുണ്ട്.
3. സമുദായ പുരോഗതി
ഇസ്്‌ലാമിക മൂല്യങ്ങളുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം എന്നീ മണ്ഡലങ്ങളില്‍ പുരോഗതി കൈവരിക്കുന്നതിന് സമുദായത്തെ പ്രാപ്തമാക്കാന്‍ ജമാഅത്ത് പോളിസി പ്രതിജ്ഞാബദ്ധമാണ്. ഈ രംഗത്ത് സമുദായത്തിന്റെ യോജിച്ച മുന്നേറ്റത്തിന് ജമാഅത്ത് നേതൃത്വം നല്‍കിവരുന്നുണ്ട്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഈ രംഗത്തുള്ള മഹത്തായ സംഭാവനയാണ്. വിഷന്‍ 2016 ശ്രദ്ധേയമായ ഒരു കാല്‍വെപ്പായിരുന്നു. ആ രംഗത്ത് തുടര്‍പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് ഈ മീഖാത്തില്‍ കൂടുതല്‍ മുന്നോട്ട് കുതിക്കുന്നതാണ്.
4. സമുദായ സംഘാടനം
സമുദായത്തെ സംഘടിത ശക്തിയാക്കി മാറ്റാനും ഏകീകരിക്കാനും, സാധ്യമായ അളവില്‍ ഐക്യം നിലനിര്‍ത്താനും ജമാഅത്ത് എന്നും പരിശ്രമിച്ചു പോന്നിട്ടുണ്ട്. മുസ്‌ലിം പൊതുവേദികളായ മജ്‌ലിസെ മുശാവറയുടെയും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും രൂപവല്‍ക്കരണത്തിലും അവയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളിലും ജമാഅത്തിന് മുഖ്യപങ്കുണ്ട്. സംസ്ഥാനങ്ങളിലും ഈ മേഖലയില്‍ ജമാഅത്ത് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചുവരികയാണ്.
5. സമുദായത്തിന്റെ പുനരുജ്ജീവനം
സമുദായത്തിന്റെ സാക്ഷാല്‍ ഉത്തരവാദിത്തം ഭൂമിയില്‍ ഇസ്‌ലാമിന്റെ പൂര്‍ണമായ പ്രതിനിധാനം ആകുന്നു. നീതി കളിയാടുന്ന സാമുഹികാവസ്ഥ അവരുടെ സ്വപ്നമാകണം.
മനുഷ്യസമൂഹത്തിന് മുമ്പില്‍ സത്യദീന്‍ വിളംബരം ചെയ്യേണ്ട ചുമതല ഉമ്മത്തില്‍ നിക്ഷിപ്തമാണ്. ഈ രംഗത്ത് സമുദായം പിന്നാക്കം പോയാല്‍, അതിന്റെ പ്രത്യാഘാതം മനുഷ്യസമൂഹം മൊത്തം അനുഭവിക്കേണ്ടി വരും. നിലവിലുള്ള സാഹചര്യത്തില്‍ ഈ മൗലിക ദൗത്യനിര്‍വഹണത്തിന് മുസ്‌ലിം ഉമ്മത്തിനെ സജ്ജമാക്കുക എന്നത് ഏറ്റവും സുപ്രധാനമായ ദൗത്യമായാണ് ജമാഅത്ത് കാണുന്നത്. പോളിസി പ്രോഗ്രാമില്‍ നമുക്കിത് ഇങ്ങനെ വായിക്കാം: ''ചിന്ത, പ്രവര്‍ത്തനം, മൂല്യബോധം, സ്വഭാവ രൂപീകരണം തുടങ്ങിയ സര്‍വമേഖലകളിലും ഉത്തമ മാതൃകാസമൂഹം എന്ന വിതാനത്തിലേക്ക് മുസ്‌ലിം സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ജ്വലിക്കുന്ന മാതൃകയായി സമുദായത്തെ പുനഃസൃഷ്ടിക്കാന്‍ ജമാഅത്ത് ശ്രമിക്കും.''
മേല്‍ക്കൊടുത്ത അഞ്ച് മേഖലകളായി നിര്‍വഹിക്കേണ്ട ബഹുമുഖ ദൗത്യത്തിന്റെ വിപുലമായ കര്‍മ പരിപാടികള്‍ ജമാഅത്തിന്റെ അജണ്ടയിലുണ്ട്. എണ്ണത്തില്‍ പരിമിതമായ ജമാഅത്ത് പ്രവര്‍ത്തകരെക്കൊണ്ടും അവരുടെ ശുഷ്‌കമായ വിഭവങ്ങള്‍കൊണ്ടും എല്ലാം നേടിയെടുത്തുകളയാമെന്ന യാതൊരു വിശ്വാസവും ജമാഅത്തെ ഇസ്‌ലാമിക്കില്ല. അതിനാല്‍ സമുദായത്തിലെ മറ്റ് സംഘടനകളുടെയും വേദികളുടെയും സഹായവും സഹകരണവും ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. നന്മയിലും പുണ്യത്തിലും ഭക്തിമാര്‍ഗത്തിലും പരസ്പരം സഹകരിക്കുക എന്ന ഖുര്‍ആനിക മാര്‍ഗദര്‍ശനം മുന്‍നിര്‍ത്തി സമുദായത്തിലെ മുഴുവന്‍ സംവിധാനങ്ങളെയും ചേര്‍ത്തു പിടിച്ചു മുന്നോട്ട് സഞ്ചരിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിത ലൈന്‍.
ഒരു കാര്യം മുഴുവന്‍ ഇസ്‌ലാമിക പ്രവര്‍ത്തകരും കൃത്യമായി ഗ്രഹിച്ചിരിക്കേണ്ടതുണ്ട്. അവര്‍ സമുദായത്തിന്റെ എതിരാളികളല്ല, മിത്രങ്ങളും സഖ്യശക്തിയുമാണ്. സമുദായ പുനരുജ്ജീവനത്തിന്റെ മുന്നണി സംഘവുമാണ്. സമുദായത്തില്‍ പലരും ചെയ്യുന്നത് സംഘടനാ താല്‍പര്യം എന്ന പേരില്‍ അവര്‍ ചെയ്തുകൂടാത്തതാണ്.
ഒരു സംഘടന ചെയ്യുന്നത് തന്നെ മറ്റു സംഘടനകളും ചെയ്യുന്നത് കണ്ടുവരുന്നുണ്ട്. ഇത് സമയവും അധ്വാനവും നഷ്ടപ്പെടുത്തലാണ്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതൊക്കെ അത്യാവശ്യത്തിന് മതി. സമുദായത്തിന്റെ കൈവശമുള്ള വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുകയും അവയുടെ നിലനില്‍പിന് പിന്‍ബലമേകുകയുമാണ് നാം വേണ്ടത്. അവര്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കാന്‍ നമുക്ക് കഴിയണം. സമുദായത്തിന്റെ സ്ഥാപനങ്ങള്‍ കൂടുതല്‍ ഇസ്‌ലാമികമാക്കുന്നതിന് മാര്‍ഗദര്‍ശികളായി മാറണം. അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും മികച്ച ട്രെയിനിംഗ് നല്‍കി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നാം മുന്‍ഗണന നല്‍കേണ്ടത്.
നമ്മുടെ ഏറ്റവും ഗൗരവപ്പെട്ട ധര്‍മം സമുദായത്തില്‍ വീണ്ടും ഇജ്തിഹാദീ ചിന്തകള്‍ വളര്‍ത്തുകയും അങ്ങനെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്. അവിടെയാണ് നമ്മുടെ മുഖ്യശ്രദ്ധപതിയേണ്ടത്. അതിനാണ് നമ്മുടെ നയവും അധ്വാനവുമൊക്കെ. ഖൈറു ഉമ്മത്ത് എന്ന ഖുര്‍ആനിക പരികല്‍പനയുടെ പ്രയോഗവത്കരണമാണ് സമുദായത്തില്‍ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ധര്‍മമെന്ന് നാം മറക്കാന്‍ പാടില്ല.
ഇന്ത്യയിലേത് ഒരു ബഹുസ്വര സമൂഹമാണ്. ബഹുമുഖമായ നിരവധി പ്രശ്‌നങ്ങള്‍ ആ സമൂഹം നേരിടുന്നുണ്ട്. ദാരിദ്ര്യം, നിരക്ഷരത, കാര്‍ഷിക പ്രതിസന്ധി, പിന്നാക്ക-മുന്നാക്ക സംഘര്‍ഷം, ദലിത് പീഡനം, സ്ത്രീപീഡനം, അശ്ലീലത, ലിബറല്‍ ലൈംഗികത, ബാലവേല, ബാലപീഡനം, അഴിമതി, കൊലപാതകങ്ങള്‍, രോഗം, ചികിത്സാ സൗകര്യങ്ങളുടെ പരിമിതി, ക്രിമിനലിസത്തിന്റെ വ്യാപനം, ഗുണ്ടാരാജ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. ഈ പ്രശ്‌ന കലുഷിത രാജ്യത്ത് വര്‍ഗീയത നാള്‍ക്കുനാള്‍ വേരുകള്‍ ആഴ്ത്തുകയാണ്. സാമ്രാജ്യ-കോര്‍പ്പറേറ്റ് സ്വാധീനം വര്‍ധിച്ചുവരികയാണ്. ഫാഷിസ്റ്റ് ശക്തികള്‍ ഭരണം കൈയാളുന്ന സ്ഥിതിവിശേഷം രാജ്യത്തെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് എടുത്തെറിയുകയും ചെയ്തിരിക്കുന്നു. ഫാഷിസ്റ്റുകള്‍ ഇതര വിഭാഗങ്ങളോടു കാണിക്കുന്ന അസഹിഷ്ണുത രാജ്യത്ത് ജീവിതം ഏറെ ദുസ്സഹമാക്കിതീര്‍ത്തിരിക്കുന്നു. ഈ സങ്കീര്‍ണമായ സാഹചര്യത്തെ നാം എങ്ങനെ നേരിടും? പ്രസ്ഥാനവും സമുദായവും ഈ രംഗത്ത് എന്ത് പങ്ക് നിര്‍വഹിക്കും?
ഘട്ടം ഘട്ടമായി, മുന്‍ഗണനാക്രമം പാലിച്ച് ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് ഇതിനെ അഭിമുഖീകരിക്കാന്‍ സമുദായത്തെ പ്രാപ്തമാക്കാനാണ് ജമാഅത്ത് യത്‌നിച്ചുവരുന്നത്. സമഗ്ര മാറ്റമാണ് നമ്മുടെ ലക്ഷ്യമെങ്കിലും അതിന്റെ മുന്നോടിയായി നിര്‍വഹിക്കേണ്ട താല്‍ക്കാലിക പരിഹാരങ്ങളും നമ്മുടെ അജണ്ടയില്‍ ഉണ്ടാവണം. സമ്പൂര്‍ണമായ ദീര്‍ഘകാല പദ്ധതി പോലെ ഭാഗികമായ പരിഹാരങ്ങളും നമ്മുടെ പരിഗണനയില്‍പെട്ടതാണ്. പ്രശ്‌നങ്ങളെ സമുദായപരിധിക്കകത്ത് നിന്ന് നോക്കിക്കാണുന്നതിന് പകരം, വിശാലമായ മാനുഷിക -ദേശീയ- അന്തര്‍ദേശീയ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന രീതിയും പ്രധാനമാണ്. രാജ്യത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള അഭിപ്രായ രൂപീകരണ വേദികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയണം. രാഷ്ട്രനിര്‍മാണവും, പ്രശ്‌ന പരിഹാരങ്ങളും ചര്‍ച്ചയാവുന്ന വേദികളില്‍ നമ്മുടെ ശബ്ദം കേള്‍പ്പിക്കാനും കഴിയേണ്ടതുണ്ട്. ഇവിടെ നമ്മുടെ മാധ്യമ സ്വാധീനം ഏറെ പ്രധാനമാണ്. പത്ര ലോകവും ചാനല്‍ ലോകവും നമുക്ക് അന്യം നിന്ന് കൂടാ.
ഇഖാമത്തുദ്ദീനിന്റെ അന്തിമ ഘട്ടം മൂല്യാധിഷ്ഠിതമായ ഒരു സമൂഹവും രാഷ്ട്രവും ഉണ്ടായിവരിക എന്നതാണ്. അതിന്റെ മുന്നോടിയായി ഇടക്കാല ലക്ഷ്യങ്ങളും നാമിപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകളുടെയും മറ്റു പീഡിത ജനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഭരണസംവിധാനത്തിനകത്ത് ഉറപ്പ് വരുത്തുക എന്നത് നമ്മുടെ പ്രഥമ പരിഗണന തന്നെയാണ്. ആ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോഷക സംവിധാനങ്ങള്‍ നമുക്കുണ്ട്. എ.പി.സി.ആര്‍, എം.പി.ജെ, സോളിഡാരിറ്റി, എഫ്.ഡി.സി.എ തുടങ്ങിയവ അക്കാര്യത്തില്‍ നാം ആവിഷ്‌കരിച്ച കൂട്ടായ്മകളാണ്.
നീതിയും ധര്‍മവും സ്ഥാപിക്കാന്‍ നാം മുന്‍കൈയെടുത്ത സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപവത്കരണവും ഈ അജണ്ടയുടെ ഭാഗമാണ്. ഭരണകൂട സ്ഥാപനങ്ങള്‍ക്കകത്ത് ശക്തിയും സ്വാധീനവും നേടിയെടുക്കാന്‍ പ്രാപ്തിയുള്ള മുസ്‌ലിം വ്യക്തിത്വങ്ങള്‍ എത്തിച്ചേരേണ്ടതുണ്ട്. മതിയായ പാര്‍ലമെന്ററി പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതും നമ്മുടെ അജണ്ടയിലെ മുഖ്യഇനമാണ്. .
ഇസ്‌ലാമിക പ്രസ്ഥാനം അംഗീകരിച്ച് കഴിഞ്ഞിരിക്കുന്ന ഉപരിസൂചിത വിപ്ലവാത്മക മാറ്റങ്ങളെ അണികള്‍ ആവേശപൂര്‍വം നെഞ്ചേറ്റേതുണ്ട്. ഈ രംഗങ്ങളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദീനീ പ്രവര്‍ത്തനങ്ങള്‍തന്നെയാണ്. ഈ രംഗത്തുള്ള നമ്മുടെ ഇടപെടലുകള്‍ അല്ലാഹുവിന്റെ തൃപ്തിക്കനുസൃതമാക്കാന്‍ സഹായകമായ ഇടപെടലുകള്‍തന്നെയാണ്.
Comments