Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

ലുക്ക് ഔട്ട്

റസാഖ് പള്ളിക്കര

പ്പാ... ഉപ്പാന്റെ പടം പേപ്പറില്...' ക്ലാസില്‍ മിടുക്കനാവാന്‍ വേണ്ടി പത്രവാര്‍ത്തകള്‍ എഴുതിക്കൊണ്ടിരിക്കുന്ന സ്വന്തം മകന്‍ അദ്രു പറയുന്നത് കേട്ടപ്പോള്‍ ഉസ്മാന് വിശ്വസിക്കാനായില്ല. 'തന്റെ പടം പേപ്പറിലോ...' അതേ ഛായയുള്ള രേഖാചിത്രം നോക്കി ഉസ്മാന്റെ ഭാര്യയും അല്‍ഭുതപ്പെടുകയാണ്. 

മാത്രമല്ല ഉപ്പാന്റെ തലക്ക് പതിനഞ്ച് ലക്ഷം രൂപയും വിലയിട്ടിരിക്കുകയാണ്. 'ങ്ങളെ തലക്ക് ഇത്രയും വിലയോ!' ഭാര്യയും ആശ്ചര്യപ്പെടുമ്പോള്‍ ഒന്നും മനസ്സിലാവാതെ, ഒരു നോക്ക് മാത്രം പത്രത്തില്‍ നോക്കി നെടുവീര്‍പ്പുകളിട്ട്, ആധിയോടെ അതിനെക്കാളേറെ ഇനി വരാന്‍ പോവുന്ന ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് വേദനയോടെ- തെരുവ് കച്ചവടക്കാരനായ ഉസ്മാന്‍ തന്റെ കച്ചവട വസ്തുവായ എഞ്ചുവടി കെട്ടുമെടുത്ത് പുറപ്പെടുമ്പോഴാണ് 'ലുക് ഔട്ട്' എന്ന കഥ പുരോഗമിക്കുന്നത്. 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം നേടിയ പി.വി ഷാജി കുമാറിന്റെ 'ഉള്ളാള്‍' എന്ന കഥാസമാഹാരത്തിലെ മനോഹരമായ കഥകളില്‍ ഒന്നാണ് ലുക്ഔട്ട്. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിരപരാധികളായ മുസ്‌ലിം നാമധാരികള്‍ പോലും ഭരണകൂട ഭീകരതയുടെ ഇരകളാകേണ്ടി വരുന്ന ദൈന്യാവസ്ഥകളെ വളരെ സൂക്ഷ്മമായും, ശ്രദ്ധയോടെയും തന്റെ നവീന ആഖ്യാന ശൈലിയില്‍ എഴുതിയ ഈ കഥ അനുവാചകരെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. 

സര്‍വ ദിക്കില്‍ നിന്നും തുറിച്ചു നോക്കുന്ന സംശയത്തിന്റെ മുനയുള്ള കണ്ണുകളില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക എന്ന ചിന്ത ഉസ്മാനെ തളര്‍ത്തുകയാണ്. കച്ചവടത്തിലൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. പതിവ് വാചക കസര്‍ത്തുകളൊന്നും എങ്ങും ഏശുന്നില്ല. അതിനിടയിലും തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി രസിക്കുന്ന കോളേജ് കുട്ടികളോട് ഒരു വാക്ക് പറയാന്‍ പോലും ഉസ്മാന് കഴിയുന്നില്ല. അയാള്‍ അശക്തനാവുകയാണ്. 

ജീവിതത്തിലാദ്യമായി ഒരു എഞ്ചുവടി പോലും വില്‍ക്കാനാവാതെ ബസ്സില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. നൂറ് കണ്ണൂകള്‍ ഉസ്മാന്റെ പിറകേ.... നീ പെട്ടുപോയി ഉസ്മാനേ പെട്ടുപോയി...!

തുടര്‍ന്ന് ബസ് സ്റ്റോപ്പിലെ ഒരു മൂലയില്‍ എഞ്ചുവടി ചേര്‍ത്ത് പിടിച്ചുള്ള ആ ഇരിപ്പിലും കരളില്‍ തീ പടരുക തന്നെയാണ്. നീയെല്ലടോ മെട്രോ സ്റ്റേഷനില്‍ ആര്‍ഡിഎക്‌സ് വെച്ചത്? ഉസ്മാന് മിണ്ടാനാകുന്നില്ല. അരക്കെട്ടുകളില്‍ ഇരുമ്പ് ദണ്ഡുകള്‍ ഉയര്‍ന്ന് താഴുമ്പോള്‍ ഇരുണ്ട മുറിക്കുള്ളിലെ നിലവിളികള്‍ പോലും, അവിടെ തന്നെ തലതല്ലി ചാവുകയാണ്. 

ഉസ്മാന്‍ ഉറക്കെ കരയുന്നു. പക്ഷെ ശബ്ദം, പുറത്തേക്ക് വരുന്നില്ല. ബസ്‌സ്റ്റോപ്പിലെ ചുമരില്‍ പതിപ്പിച്ചിട്ടുള്ള കുറ്റവാളികളുടെ ഓരോ ഫോട്ടോയിലും ഉസ്മാന്‍ തന്റെ രേഖാ ചിത്രം തെരയുകയാണ്. 

ഒടുക്കം രണ്ടും കല്‍പ്പിച്ച് സംശയ നിവൃത്തിക്കായി തന്റെ പരിചയക്കാരനായ പോലീസുകാരനെ തേടി സ്റ്റേഷനിലേക്ക് പോകാന്‍ തന്നെ ഉസ്മാന്‍ തീരുമാനിക്കുന്നു. 

''എന്താടോ ഉസ്മാനേ ഇങ്ങോട്ട്? ഗുണനപ്പട്ടിക ആരേലും കട്ടോണ്ട് പോയോ...'' അതൊന്നും ഉസ്മാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. തന്റെ കൈയിലെ പത്രം പോലീസുകാരന് നേരെ നീട്ടി ഉസ്മാന്‍ കണ്ണീര്‍വാര്‍ക്കുകയാണ്. 

''ഇത് ഞാനല്ല സാര്‍, അള്ളാണേ, മയ്യത്തായ ഉമ്മാണേ സത്യം ഞാനല്ല സാര്‍....''  പോലീസുകാരനും ആദ്യമൊന്നും മനസ്സിലായില്ല. തുടര്‍ന്നുള്ള ഉസ്മാന്റെ ഭയപ്പാടുകള്‍ മനസ്സിലാക്കിയ പോലീസുകാരന് അയാളുടെ മനസ്സ് വായിക്കാന്‍ കഴിയുന്നു. 

''എന്റെ ഉസ്മാനേ നീയിങ്ങനെ പാവത്താനായിപ്പോയല്ലോ...'' പോലീസുകാരന്റെ സമാശ്വസിപ്പിക്കലില്‍ പോലും അയാളെ കാര്‍ന്നു തിന്നുന്ന പേടിയകറ്റാന്‍ കഴിയുന്നില്ല. ഒടുക്കം ഒരു സംശയക്കാരന്‍ വന്നിരിക്കുന്നു എന്ന മട്ടിലുള്ള വിരട്ടല്‍ കേട്ടപ്പോഴാണ് ഉസ്മാന്‍ അവിടെ നിന്ന് ഇറങ്ങിയത്. എന്നിട്ടും സമൂഹത്തിന്റെ വേട്ടയാടലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവന് കഴിയുന്നില്ല. സമൂഹവും ഇന്ന് തെറ്റിദ്ധരിക്കപ്പെട്ടവരാണ്. അവരുടെ നോട്ടങ്ങളില്‍ നിന്ന് വ്യക്തമായി അത് വായിച്ചെടുക്കാന്‍ കഴിയും. 

രേഖാചിത്രത്തില്‍ വന്ന മനുഷ്യനല്ലെന്ന് തെളിയിക്കാന്‍ നിന്റെ വശം എന്ത് തെളിവാണുള്ളത്? എഞ്ചുവടി വിറ്റ് മാത്രം കുടുംബം പുലര്‍ത്താന്‍ നടക്കാതെ വന്നപ്പോള്‍ നീ തെരഞ്ഞെടുത്ത വഴിയല്ലേ ഇത്? സത്യം പറ ഉസ്മാനേ...!

അപ്പോഴാണ് തീവ്രവാദത്തിനെതിരെയുള്ള ഒരു അനൗണ്‍സ്‌മെന്റ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അതിലൂടെ കടന്ന് പോയത്. ഉസ്മാന്‍ പനിയിറിങ്ങിയത് പോലെ അപ്പോള്‍ വിയര്‍ത്തു. ഒരിക്കല്‍ കൂടി മകന്‍ അദ്രുവിനെ ഓര്‍ത്തു. ഭാര്യ കദീജയെ ഓര്‍ത്തു. എനിക്ക് ജീവിക്കണം, എനിക്ക് ജീവിക്കണം. ഉസ്മാന്‍ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. എന്നിട്ടും അതിന് കഴിയുന്നില്ല. 

പതിനഞ്ചു ലക്ഷം രൂപ വിലയിട്ട തന്റെ തലയുടെ കനം പേറാനാവാതെ ഉസ്മാന്‍ ഓടുകയാണ്-ലക്ഷ്യമില്ലാതെ....

ആരോ ആസൂത്രിതമായി തൊടുത്തുവിട്ട തീവ്രവാദത്തിന്റെ, ഭീകരവാദത്തിന്റെ മുള്‍മുനയില്‍ ഒരു സമുദായം ഇവിടെ ഇപ്പോഴും പകച്ചുനില്‍ക്കുകയാണ്. ഈ വര്‍ത്തമാനകാല സാഹചര്യത്തെ ഇത്രയും ഭാവതീവ്രതയോടെ പങ്ക് വെക്കുന്ന 'ലുക് ഔട്ട്' ഒരുപാട് പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം