Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്

അബ്ദുല്‍ ലത്തീഫ് പാലത്തുങ്കര

1970കളിലെ ധിഷണാ ലോകത്തെ ഉന്നത ശീര്‍ഷരില്‍ ഏറെ പ്രമുഖനായിരുന്നു ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി. വിഭിന്ന ദേശീയതകളും വംശീയതകളും ഭാഷകളും വസ്ത്രധാരണ രീതികളുമുള്ള മുസ്‌ലിം സമൂഹം കൊളോണിയല്‍ അധിനിവേശത്തിനു ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിന് എന്ത് ചെയ്യണമെന്ന സമസ്യക്ക് ഉത്തരം നല്‍കാന്‍ മുന്നിട്ടിറങ്ങിയ മഹാമനീഷിയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലഘട്ടമായതോടെ മുസ്‌ലിം ഉമ്മഃയുടെ സക്രിയതയും ഭാവാത്മകതയും നഷ്ടപ്പെടുകയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. മത പണ്ഡിതന്മാര്‍ വിജ്ഞാനത്തെ പരിമിതമാക്കുകയും, സമൂഹത്തിനുമേല്‍ അനാരോഗ്യകരമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുകയും ചെയ്തതാണ് മുസ്‌ലിം ഉമ്മത്തിന്റെ തകര്‍ച്ചയുടെ മൂലകാരണമെന്ന് ഫാറൂഖി സിദ്ധാന്തിക്കുന്നു. 

പടിഞ്ഞാറിന്റെ ജ്ഞാന സിദ്ധാന്തങ്ങളെ ചോദ്യം ചെയ്ത്‌കൊണ്ടായിരുന്നു ദുര്‍ഘടവും എന്നാല്‍ ഏറെ ഫലപ്രദവുമായ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന പ്രയാണം ഫാറൂഖി ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് തോട്ട് കേന്ദ്രീകരിച്ച് മത പണ്ഡിതന്മാര്‍ ഫാറൂഖിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമീകരണം എന്ന ആശയം സമര്‍പ്പിച്ച കാലത്ത് തന്നെ ജൂത-ക്രൈസ്തവ ലോകത്ത് അത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താല്‍ ഒരുപാട് മാനസിക പീഡനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അവസാനം, ഫാറൂഖിയെയും ഭാര്യയെയും സയണിസ്റ്റ് ലോബി വെടിവെച്ചു കൊന്നത് ഈയൊരാശയ സമര്‍പ്പണത്തിന്റെ പേരിലാണത്രെ. ആഗോള തലത്തില്‍ മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ലോക മുസ്‌ലിം രാഷ്ട്രങ്ങള്‍ കൈ കോര്‍ക്കണമെന്ന ഫാറൂഖിയുടെ സിദ്ധാന്തം കാരണം തന്നെയാവണം, അത്തരക്കാര്‍ ഈ ഒരാശയത്തിന്റെ വ്യാപനം ഇല്ലാതാക്കാന്‍ പല്ലും നഖവുമുപയോഗിച്ച് ശ്രമിച്ചത്. 

രാഷ്ട്ര ശ്രേണിയിലെ ഏറ്റവും താഴെ പടിയിലാണ് ഇന്ന് ലോക മുസ്‌ലിം ഉമ്മത്ത്. ആഗോള വാര്‍ത്താ മാധ്യമങ്ങളില്‍ മുസ്‌ലിം എന്നാല്‍ അക്രമകാരി, വിനാശകാരി, പഴഞ്ചന്‍, മൗലികവാദി എന്നിവയുടെ പര്യായമാണ്. നൂറ് കോടിയിലേറെ ജനസംഖ്യയും ഭൂമിയിലെ ഏറ്റവുമധികം ഭൗതിക-പ്രകൃതി ദത്ത-മാനുഷിക വിഭവങ്ങളും സമഗ്രമായ ഒരു ദര്‍ശനവും-ഇസ്‌ലാം-തങ്ങളുടെ കൈയിലുണ്ടായിട്ടും തങ്ങളേല്‍ക്കേണ്ടി വരുന്ന നിന്ദ്യതയും പരാജയവും മുസ്‌ലിംകള്‍ക്ക് തീരാ ദുഃഖമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.   

രാഷ്ട്രീയ മണ്ഡലത്തില്‍ മുസ്‌ലിംകള്‍ ഭിന്നിച്ചു നില്‍ക്കുന്നു എന്നത് തന്നെയാണ് മുസ്‌ലിം ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മുസ്‌ലിം ഉമ്മത്തിനെ അമ്പതോ അതിലധികമോ രാഷ്ട്രങ്ങളാക്കി വിഭജിക്കുന്നതിലും, അവകളെ  പരസ്പരം തമ്മില്‍ തല്ലിക്കുന്നതിലും കൊളോണിയല്‍ ശക്തികള്‍ വന്‍ വിജയമാണ് കണ്ടിരിക്കുന്നത്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഏകീകരിച്ച് ഒരു വലിയ രാഷ്ട്രം രൂപീകരിക്കാനോ രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ഏകീകൃത രാഷ്ട്രം രൂപീകരിക്കാനോ ആരും മുന്നോട്ട് വരുന്നില്ല എന്ന് മാത്രമല്ല, വ്യത്യസ്ത രാഷ്ട്രങ്ങള്‍ കേവലം വേലിക്കെട്ടുകള്‍ മാത്രമാണെന്നും, മുസ്‌ലിം എന്ന വികാരത്തെ അതിജയിക്കാന്‍ ആ വേലിക്കെട്ടുകള്‍ക്ക് സാധിക്കരുതെന്നും ചിന്തിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല . ചരിത്രത്തിലെ കറുത്ത അധ്യായമായ മുസ്‌ലിം സ്‌പെയിനിന്റെ തകര്‍ച്ചയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവേണ്ടതുണ്ട്. മുസ്‌ലിം സ്‌പെയിന്‍ എന്നന്നേക്കുമായി നാമാവശേഷമാകാനുള്ള കാരണം നാട്ടു രാജ്യങ്ങളുടെ ആധിക്യവും, സ്ഥാന-പദവികള്‍ക്ക് വേണ്ടി നാട്ടു രാജാക്കന്മാര്‍ പരസ്പരം നടത്തിയ രക്തച്ചൊരിച്ചിലുകളുമായിരുന്നു . 

ചുരുക്കത്തില്‍, പാശ്ചാത്യവല്‍ക്കരണത്തോടെ മുസ്‌ലിം വിരൂപനായിത്തീര്‍ന്നിരിക്കുകയാണ്. ലോക മുസ്‌ലിം ഉമ്മത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നം ആഗോള തലത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരു നേതാവ് ഇല്ല എന്നുള്ളതാണ്. മുസ്‌ലിം വിദ്യാഭ്യാസ ക്രമത്തിലെ രീതി ശാസ്ത്രങ്ങള്‍ ഉടച്ചു വാര്‍ക്കല്‍ കൊണ്ടല്ലാതെ മുസ്‌ലിം പുനരുത്ഥാനം സാധ്യമല്ലെന്നും , അവിടെയാണ് സര്‍വ്വ വിജ്ഞാനീയങ്ങളുടെയും ഇസ്‌ലാമീകരണത്തിന്റെ പ്രസക്തിയെന്നും (islamization of knowledge) ഫാറൂഖി വാദിക്കുന്നു. മുസ്‌ലിം ലോകത്ത് അന്നുവരെ പരിചയമില്ലാത്ത ഒരാശയമാണ് വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്നുള്ളത് കൊണ്ട് തന്നെ ഈ ഒരാശയത്തിന്റെ പിതാവായി ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി അറിയപ്പെടുന്നു. 

കൃത്യമായ കര്‍മ്മ പദ്ധതികളോടെ നടപ്പാക്കപ്പെടേണ്ട വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തെ ഫാറൂഖി വിശദീകരിക്കുന്നതിങ്ങനെ: ''ഇസ്‌ലാമിക ദൃഷ്ട്യാ സര്‍വ്വ ജ്ഞാനങ്ങള്‍ക്കും മഹത്വമുണ്ട്. വിശുദ്ധ ഖുര്‍ആനോ പുണ്യ റസൂലോ വിജ്ഞാനീയങ്ങളെ മതം, ഭൗതികം എന്നിങ്ങനെ തരം തിരിച്ചതായി രേഖകളിലെവിടെയുമില്ല. അല്ലാഹുവിന്റെ കലാമായ ഖുര്‍ആനാണ് സര്‍വ്വ വിജ്ഞാനീയങ്ങളുടെയും പ്രഭവ കേന്ദ്രം. അതിന്റെ വിശദീകരണങ്ങളായി മറ്റ് പല വിജ്ഞാന ശാഖകളും കടന്ന് വന്നു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് എന്നീ വിജ്ഞാനീയങ്ങളിലായിരുന്നു പൂര്‍വ്വകാല പണ്ഡിതര്‍ ജ്ഞാനം നേടിയിരുന്നത്. എന്നാല്‍ അവയില്‍ മാത്രം പരിമിതമായിരുന്നില്ല; അതുമായി ബന്ധപ്പെട്ട മറ്റു പലതിലേക്കും അവരുടെ ജ്ഞാനലോകം വ്യാപിച്ചു. എന്നാല്‍ കാല ചക്രങ്ങളേറെ മുന്നോട്ട് കറങ്ങിയപ്പോഴാണ് അത് വ്യത്യസ്ത ശാഖകളും ഉപശാഖകളുമായി രൂപം കൊണ്ടത്. അപ്രകാരം ഭൗതിക വിജ്ഞാനീയങ്ങളും ഒരുപാട് ഭാഗങ്ങളായി ചുരുക്കപ്പെട്ടു. കാലക്രമേണ മുസ്‌ലിം ഉമ്മഃ അത്തരം വൈജ്ഞാനിക വിഭവങ്ങളില്‍ മതേതരം കാണുകയും അവയെ അകറ്റി നിര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിം വിദ്യാഭ്യാസ ക്രമത്തില്‍ ഇസ്‌ലാമികം, മതേതരം എന്നിങ്ങനെയുള്ള വിഭജനം ഒഴിവാക്കാത്ത കാലത്തോളം മുസ്‌ലിംകള്‍ക്കൊരു പുനരുത്ഥാനം സാധ്യമല്ല.''  

മത-ഭൗതിക വിജ്ഞാനീയങ്ങളുടെ സമന്വയം ഏറെ പ്രതീക്ഷാവഹം തന്നെ. എന്നാല്‍ അതിനപ്പുറത്തേക്കാണ് ഫാറൂഖി ചിന്തിക്കുന്നത്. സമന്വയ വിദ്യാഭ്യാസ ക്രമത്തിലും മതം-ഭൗതികം എന്നിങ്ങനെയുള്ള വേര്‍തിരിവ് പ്രകടമാണ്. എന്നാല്‍ ഇങ്ങനെയൊരു വേര്‍തിരിവ് പ്രകടമാകാത്ത വിധം ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ മതേതര മണ്ഡലത്തിലേക്കും, മതേതര വിജ്ഞാനീയങ്ങളെ ഇസ്‌ലാമിക മേഖലയിലേക്കും കൊണ്ട് വരാനായിരുന്ന ഫാറൂഖിയുടെ ശ്രമം.  

പ്രതിരോധ നടപടി

സര്‍വകലാശാലകളില്‍ നടക്കുന്ന അനിസ്‌ലാമീകരണങ്ങള്‍ക്ക് ഫാറൂഖി തന്നെ പ്രതിരോധ നടപടികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍വകലാശാലകളില്‍ നാല് വര്‍ഷം നിര്‍ബന്ധമായും ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുകയെന്നതാണത്. ഓരോ സര്‍വകലാശാലാ വിദ്യാര്‍ഥിയും ഇത് പഠിച്ചേ തീരൂ. ഉമ്മത്ത് എന്ന നിലയില്‍ തന്നെ അതിന്റെ ആദര്‍ശത്തെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചറിയാന്‍ അവന്ന് ബാധ്യതയുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കില്‍ അവിടെയുള്ള അമുസ്‌ലിം പൗരനും തന്റെ രാഷ്ട്ര മതത്തെ കുറിച്ചറിയല്‍ അനിവാര്യമായതിനാല്‍ അവനും ഇസ്‌ലാമിക സംസ്‌കാരം പഠിക്കല്‍ നിര്‍ബന്ധം തന്നെ. പ്രസ്തുത നാല് വര്‍ഷങ്ങളില്‍ പഠിപ്പിക്കേണ്ട മേഖലകളെ കുറിച്ചും ഫാറൂഖിക്ക് വ്യക്തമായ ധാരണയുണ്ട്. നാല് വര്‍ഷങ്ങളെ നാല് ഘട്ടങ്ങളായാണ് തിരിക്കുന്നത്. ഒന്നാം വര്‍ഷം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അന്തഃസത്തയായ ഇസ്‌ലാമിന്റെ പ്രഥമ തത്ത്വങ്ങള്‍ പഠിപ്പിക്കുക. രണ്ടാം വര്‍ഷം ഇത് പ്രായോഗികവല്‍ക്കരിച്ചതിന്റെ തെളിവായി, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ കുറിച്ച് പഠിപ്പിക്കുക. മൂന്നാം വര്‍ഷം ഇസ്‌ലാമിക സംസ്‌കാരത്തെ മറ്റു മത-സംസ്‌കാരങ്ങളുമായി താരതമ്യ പഠനത്തിന് വിധേയമാക്കുക. നാലാം വര്‍ഷം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും മൗലികമായ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക സംസ്‌കാരം എങ്ങനെ പരിഹാരമാകുന്നുവെന്ന് പഠിപ്പിക്കുക. 

ഇത്തരത്തില്‍ വിജ്ഞാനം ലഭിച്ച് കഴിയുമ്പോഴേക്കും ഇസ്‌ലാമിനെതിരെയുള്ള വാദങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിക്ക് സാധിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം