കാക്കപ്പാറ മുഹമ്മദിന്റെ ആന്തമാന്‍ ജീവിതം നാടുകടത്തപ്പെട്ടവര്‍ പണിത നാടിന്റെ കഥ
ചോരയില്‍ മുക്കി എഴുതിയ ചരിത്രമാണ് ആന്തമാന്റേത്. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ധീര ദേശാഭിമാനികളെ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ ദ്വീപുകളിലേക്കായിരുന്നു. അധിനിവേശ വിരുദ്ധതയുടെയും അതിജീവനത്തിന്റെയും പ്രതീകമാണ് ആ കൈദികള്‍ (തടവുകാര്‍). തങ്ങളെ തടവിലിടാനുള്ള ജയിലും തൂക്കിലേറ്റാനുള്ള കഴുമരവും അവര്‍ സ്വയം നിര്‍മിച്ചു. ആന്തമാന്‍ എന്ന നാടു തന്നെ അവര്‍ ജനവാസയോഗ്യമാക്കി. മലബാറില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കപ്പലുകയറ്റിവിട്ട മാപ്പിളമാരും അവരിലുണ്ടായിരുന്നു. ആ മാപ്പിളമാരുടെ മക്കളും പേരമക്കളും ഇപ്പോഴും ആന്തമാനിലുണ്ട്. ചരിത്രത്തില്‍ സവിശേഷം അടയാളപ്പെടുത്തേണ്ട പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരണവര്‍. അവരിലൊരാളാണ് കോര്‍ട്ടാഫീസര്‍ വാപ്പുക്ക എന്ന് അറിയപ്പെടുന്ന കാക്കപ്പാറ മുഹമ്മദ്. ആന്തമാന്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘ സംഭാഷണം വിസ്മയത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്. അതിന്റെ പ്രസക്ത ഭാഗങ്ങള്‍...
കേരളത്തില്‍ എവിടെയായിരുന്നു നിങ്ങളുടെ തറവാട്? ആന്തമാനിലേക്ക് നാടുകടത്തപ്പെടാന്‍ കാരണമായ കലാപത്തെക്കുറിച്ച് വാപ്പ പറഞ്ഞുതന്ന സംഭവങ്ങള്‍ ഓര്‍മയിലുണ്ടോ?
പാലക്കാട് അലനല്ലൂരില്‍ കാപ്പ് വെട്ടത്തൂരിനടുത്താണ് കാക്കപ്പാറ എന്ന ഞങ്ങളുടെ തറവാടു വീട്. കാക്കപ്പാറ അബ്ദുല്ലയാണ് എന്റെ വാപ്പ. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരില്‍ 1921-ല്‍ മലബാറിലുണ്ടായ കലാപം വാപ്പയുടെ നാട്ടിലും നടന്നിരുന്നു. കലാപത്തിനായി പ്രത്യേകിച്ച് സ്ഥലം നിശ്ചയിച്ച് പോവുന്ന രീതിയൊന്നുമുണ്ടായിരുന്നില്ല. ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാദേശിക നേതാക്കന്മാരോടൊത്ത് വെവ്വേറെ സ്ഥലങ്ങളിലേക്കാണ് പോവുക. മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ അതിന്റെ വിശദാംശങ്ങളുണ്ട്.
''നാലാം ഘട്ടത്തില്‍ മാപ്പിളമാര്‍ തോല്‍വി സമ്മതിച്ച് കൂട്ടമായി കീഴടങ്ങാന്‍ തുടങ്ങി. നേതാക്കളെയൊക്കെ പിടിച്ചു. പിന്നീടവര്‍ക്ക് നേതാവില്ലാതെയായി. പട്ടാളം കുഞ്ഞഹമ്മദ് ഹാജിയെ വധിച്ചു. ലവക്കുട്ടി ആത്മഹത്യ ചെയ്തു. കുഞ്ഞലവി പൊരുതി മരിച്ചു. ചെമ്പ്രശ്ശേരി തങ്ങളും സീതികോയ തങ്ങളും കീഴടങ്ങി. അവര്‍ ഇരുവരെയും പട്ടാളം വെടിവെച്ചുകൊന്നു.....
അഞ്ചാം ഘട്ടത്തില്‍- 1922 മാര്‍ച്ച് മുതല്‍ വിചാരണ. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസുകാരും രാഷ്ട്രീയക്കാരും വീണ്ടും സജീവമായി. നേതാക്കളില്ലാത്തത് അവര്‍ക്കൊരു ധൈര്യമായി. വധശിക്ഷ, നാടുകടത്തല്‍, തടവ്, കൂട്ടപ്പിഴ എന്നിവ വമ്പിച്ചതോതില്‍ ഇക്കാലത്ത് നടന്നു. ഉപലബ്ധമായ രേഖകള്‍ അനുസരിച്ച് പതിനായിരത്തിലേറെ മാപ്പിളമാര്‍ ഈ യുദ്ധത്തില്‍ മരണപ്പെട്ടു. അമ്പതിനായിരം പേര്‍ അറസ്റ്റു ചെയ്യപ്പെട്ടു. പതിനായിരത്തിലേറെ പേരെ കാണാതായി... ഇരുപതിനായിരത്തിലേറെ പേരെ നാടുകടത്തി....'' ഈ ഇരുപതിനായിരത്തില്‍ ഒരാളായിരുന്നു എന്റെ വാപ്പ.
കലാപത്തില്‍ പങ്കെടുക്കാന്‍ വാപ്പ എങ്ങോട്ടാണ് പോയത്?
കാക്കപ്പാറ തറവാട്ടില്‍ നിന്ന് വാപ്പ മാത്രമാണ് കലാപത്തില്‍ പങ്കാളിയായത്. വാപ്പയുടെ വാപ്പ അന്ന് ജീവിച്ചിരിപ്പില്ലായിരുന്നു. അതുകൊണ്ട് വാപ്പയെ നിയന്ത്രിക്കാന്‍ ആളുണ്ടായിരുന്നില്ല. വാപ്പ ആള്‍ക്കൂട്ടത്തില്‍ പെട്ടുപോയതാണ്; ബോധപൂര്‍വം കലാപത്തില്‍ പങ്കെടുക്കുകയായിരുന്നില്ല. തിരൂരങ്ങാടി പള്ളിക്ക് വെടിവെച്ചു എന്നു കേട്ടപ്പോള്‍ കലാപകാരികളുടെ കൂടെ ഇറങ്ങിത്തിരിക്കുകയായിരുന്നു വാപ്പ.
കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്കാണ് വാപ്പയെ ആദ്യം കൊണ്ടുപോയത്. ചെറിയ ശിക്ഷ വിധിക്കപ്പെട്ടവരെ ബെല്ലാരിയില്‍ നിന്നുതന്നെ മോചിപ്പിക്കുമായിരുന്നു. വലിയ ശിക്ഷ വിധിക്കപ്പെട്ടവരെയാണ് ആന്തമാനിലേക്ക് അയച്ചിരുന്നത്. 1921ലോ '22ലോ ആണ് ബെല്ലാരിയില്‍ നിന്ന് വാപ്പയെ ആന്തമാനിലേക്ക് കൊണ്ടുവന്നത്. വേറെയും ഒരുപാട് മാപ്പിളമാര്‍ മലബാറില്‍ നിന്ന് ഇവിടേക്ക് വന്നിട്ടുണ്ട്. നാടുകടത്തല്‍ തന്നെ ഒരു ശിക്ഷയായിരുന്നു. അതിനു പുറമെ സെല്ലുലാര്‍ ജയിലിലെ തടവ് ശിക്ഷയും. നാടുകടത്തലിന് മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. ആന്തമാന്‍ ജനവാസ യോഗ്യമാക്കിത്തീര്‍ക്കാനാണ് ശിക്ഷിക്കപ്പെട്ടവരെ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നത്. അന്ന് ഇവിടെ മുഴുവന്‍ കാടും മലയുമൊക്കെ ആയിരുന്നല്ലോ.
കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും വലിയ ശിക്ഷക്ക് വിധിക്കപ്പെട്ടവരെ ആന്തമാനിലേക്കാണ് അയച്ചിരുന്നത്. അഫ്ഗാനിസ്താന്‍, ഇന്നത്തെ പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നു പോലും ശിക്ഷിക്കപ്പെട്ടവരെ കൊണ്ടുവന്നിരുന്നു. ശേര്‍ അലിയൊക്കെ ഇക്കൂട്ടത്തില്‍ പെട്ട ആളാണ്. ബ്രിട്ടീഷ് ഭരണം എവിടെയൊക്കെയുണ്ടായിരുന്നോ അവിടെ നിന്നെല്ലാം ആന്തമാനിലേക്ക് ശിക്ഷിക്കപ്പെട്ടവരെ കൊണ്ടുവന്നിരുന്നു. ഇങ്ങനെ നാടുകടത്തിയവരില്‍ ബര്‍മക്കാര്‍ വരെ ഉണ്ടായിരുന്നു. ആന്തമാനിലേക്ക് നാടുകടത്തിയാല്‍ പിന്നെ അവര്‍ക്ക് രക്ഷപ്പെട്ട് തിരിച്ചുപോവാന്‍ വഴിയില്ലായിരുന്നല്ലോ!
ശിക്ഷിക്കപ്പെട്ടവരെക്കൊണ്ട് പല ജോലികളും ചെയ്യിച്ചിരുന്നു. ഇന്ന ഭാഗത്തേക്ക് ജോലിക്ക് ഇത്ര ആളെ വേണമെന്ന് പറഞ്ഞാല്‍ ജയിലില്‍ നിന്ന് ആള്‍ക്കാരെ കൊടുത്തയക്കും. വൈകുന്നേരം തിരികെ ജയിലില്‍ പോകണം. ഭക്ഷണമൊക്കെ ജയിലില്‍ നിന്ന് കിട്ടും. നിശ്ചിത കാലത്തിനു ശേഷം ജയിലിന് പുറത്ത്, ആന്തമാന് അകത്ത് സ്വതന്ത്രമായി ജീവിക്കാമായിരുന്നു. ജയിലില്‍ ആളുകളെ നിറയ്ക്കാന്‍ സ്ഥലപരിമിതി ഉണ്ടല്ലോ. അതിനാല്‍ പുതുതായി വരുന്നവരെ ജയിലിലിടാന്‍ നിലവിലുള്ളവരെ മോചിപ്പിച്ചിരുന്നു. നൂറ് പേര്‍ വരുന്നുണ്ടെന്ന് അറിയിച്ചാല്‍ അവര്‍ക്ക് വേണ്ടിയുള്ള സ്ഥലം ജയില്‍ അധികൃതര്‍ ഒരുക്കേണ്ടതുണ്ട്. പക്ഷേ, ശിക്ഷിക്കപ്പെട്ടവരില്‍ തന്നെ ഗവണ്‍മെന്റിനെ ശക്തമായി എതിര്‍ക്കുന്നവരുണ്ടല്ലോ. അവരെയൊന്നും പുറത്തുവിടില്ല. മര്യാദയോടു കൂടി സംസാരിക്കുന്നവരെയും നല്ല രീതിയില്‍ പെരുമാറുന്നവരെയുമാണ് പുറത്തുവിടാന്‍ പരിഗണിച്ചിരുന്നത്. ജയിലില്‍ നിന്ന് പുറത്താക്കിയാല്‍ പിന്നെ താമസം, ഭക്ഷണം ഒക്കെ സ്വയം നോക്കണം. ചെറിയ വാടകക്ക് റൂമൊക്കെ എടുത്ത് കുടുംബത്തെ കൊണ്ടുവന്ന് ഒന്നിച്ച് താമസിക്കാം. നാടുകടത്തപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊടുത്തിരുന്നു. പിന്നീട് ജോലി തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ചാത്തന്‍മില്ല്, മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്യാം. പി.ഡബ്ല്യൂ.ഡിയില്‍ റോഡു പണികളും മറ്റും നല്‍കിയിരുന്നു. സാധാരണക്കാരന് കിട്ടുന്ന വേതനവും ആ ജോലിക്ക് നല്‍കുകയുണ്ടായി. അവര്‍ക്ക് സ്വന്തമായി കൃഷി ചെയ്ത് വീടുവെച്ച് ജീവിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. അവര്‍ക്കുണ്ടായിരുന്ന ഏക പ്രയാസം, വൈകുന്നേരങ്ങളില്‍ വില്ലേജിന്റെ ചൗകീദാര്‍ വന്ന് ഹാജര്‍ വിളിക്കും. ഓരോരുത്തര്‍ക്കും നമ്പര്‍ ഉണ്ട്. അതാണ് വിളിക്കുക. ആള്‍ ഹാജരില്ലെങ്കില്‍ ചൗകീദാര്‍ ഉടനെ, ചാടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്യും. എവിടെ പോയാലും പിടിക്കും. നിശ്ചയിക്കപ്പെട്ട സ്ഥലത്തല്ലാതെ മറ്റെവിടെയെങ്കിലും പോവണമെങ്കില്‍ ചൗധരി(അധികാരി)യോട് അനുവാദം വാങ്ങേണ്ടിയിരുന്നു.
ജയിലില്‍ കിടന്നവരെയൊക്കെ താങ്കള്‍ക്ക് ഓര്‍മയുണ്ടോ?
നാലകത്ത് കുഞ്ഞാലി ഹാജി (മണ്ണാര്‍ക്കാട്), ചൗധരി അയമ്മൂട്ടി ഹാജി, വീട്ടിക്കാടന്‍ ഉണ്ണീന്‍ ഹാജി, കോയിക്കുന്നന്‍ അലവി മുസ്‌ലിയാര്‍ തുടങ്ങി ഒരുപാട് മാപ്പിളമാര്‍ ജയിലിലായിരുന്നു. പലരുടെയും ശിക്ഷാകാലം ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തന്നെ കഴിഞ്ഞിരുന്നു. ഒരുപാട് പേര്‍ ശിക്ഷ കഴിഞ്ഞ് സ്വദേശത്തേക്ക് തിരിച്ചുപോയി. വളരെ കുറച്ചു പേര്‍ മാത്രമേ കുടുംബത്തെ ആന്തമാനിലേക്ക് കൊണ്ടുവന്നുള്ളൂ.
എന്റെ വല്യുപ്പ (ഉമ്മയുടെ വാപ്പ) മൊയ്തീന് മൂന്ന് മക്കളാണ്. കുഞ്ഞയമ്മദ്, അലി, മൊയ്തീന്‍ കുട്ടി. ഇവരില്‍ കുഞ്ഞയമ്മദിനെയും മൊയ്തീന്‍കുട്ടിയെയും കലാപക്കാരെ പിടിച്ചുകൊണ്ടുപോവുന്ന കൂട്ടത്തില്‍ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. അന്ന് മൊയ്തീന്‍ കുട്ടി പള്ളിയില്‍ കിതാബോതാന്‍ പോകുന്ന ചെറിയ കുട്ടിയാണ്. വല്യുപ്പ പോയി മൊയ്തീന്‍ കുട്ടിയെ വിട്ടുതരാന്‍ അപേക്ഷിച്ചു. പകരം മൂത്ത കുട്ടികളില്‍ ഒരാളായ അലിയെ എടുത്തുകൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ മൊയ്തീന്‍ കുട്ടി ജയിലില്‍ എത്തിയിരുന്നില്ല. ആമു സൂപ്രണ്ടിന്റെ അണ്ടറിലായതിനാല്‍ മൊയ്തീന്‍ കുട്ടിയെ വിട്ടുകിട്ടി. പകരം അലിയെ ജയിലിലിട്ടു.
വല്യുപ്പ ബെല്ലാരിയില്‍ വെച്ചുതന്നെ മരണപ്പെട്ടയാളാണ്. ഈ മാപ്പിള സമരത്തിലൊന്നും പങ്കില്ലാത്ത ആളായിരുന്നു വല്യുപ്പ. പക്ഷേ പിന്നീട് വല്യുപ്പയെയും പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. സംഭവം ഇങ്ങനെ:
സി.എച്ച് മൈമിയുടെ വാപ്പ സൈതാലി ഹാജിയുടെ നേതൃത്വത്തിലുള്ള മാപ്പിള ലഹളക്കാര്‍ രാത്രി വീടിന്റെ പരിസരത്തെത്തി. അവര്‍ എവിടെ നിന്നോ വന്നെത്തിയതാണ്. അവര്‍ക്ക് കഞ്ഞിവെച്ച് കഴിക്കാന്‍ ഒരു സ്ഥലം വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് മൊയ്തീന്‍ കുട്ടിയുടെ വീടല്ലേ എന്നും പറഞ്ഞ് അന്നത്തെ കഞ്ഞിവെക്കല്‍ അവിടെയാക്കി. സാധന സാമഗ്രികള്‍ ഒക്കെ അവരുടെ കൈയിലുണ്ടാവും. വെള്ളത്തിനും മറ്റും ചോദിച്ചു അവര്‍ വാതിലില്‍ മുട്ടിയെങ്കിലും വല്യുപ്പ വാതില്‍ തുറന്നുമില്ല, ഒന്നും കൊടുത്തതുമില്ല. കാരണം വല്യുപ്പക്കറിയാമായിരുന്നു, വാതില്‍ തുറന്നാല്‍ ഇവരുടെ കൂട്ടത്തിലാണെന്ന് പറഞ്ഞ് തങ്ങളെയും പോലീസ് പിടിച്ചുകൊണ്ടുപോവുമെന്ന്. അവസാനം മുറ്റത്ത് കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കാനായി പണിത ടാങ്കില്‍ നിന്ന് വെള്ളമെടുത്താണ് അവര്‍ കഞ്ഞിവെച്ച് കുടിച്ചത്.
അവര്‍ പോയ വഴിയേ കൃഷി സ്ഥലത്തൊക്കെ കടന്ന് ആരെയൊക്കെയോ വെട്ടി കൊല്ലുന്നു. നേരം വെളുത്തപ്പോള്‍ ആകെ ബഹളമായി. മൊയ്തീന്‍ കുട്ടി മൊല്ലാക്കയുടെ വീട്ടില്‍ ലഹളക്കാര്‍ക്ക് ശാപ്പാടൊക്കെ വെച്ചുവിളമ്പിക്കൊടുത്തു എന്നായി വര്‍ത്തമാനം. അതോടെ പട്ടാളം വന്ന് വല്യുപ്പയെ കൊണ്ടുപോയി. അന്ന് വല്യുമ്മയുടെ കൂടെ എന്റെ ഉമ്മ ഖദീജയും അനുജത്തി ഫാത്വിമയും മാത്രമാണുണ്ടായിരുന്നത്. വാപ്പയെ കൊണ്ടുപോകുന്നത് കണ്ട് കുട്ടികള്‍ രണ്ടു പേരും പട്ടാളത്തിന് പിറകെ ഓടി. വല്യുപ്പ വഴിയില്‍ ഉപേക്ഷിച്ച ചെരിപ്പുമെടുത്ത് രണ്ടാളും തിരിച്ചു വീട്ടിലേക്കും ഓടി, അത് വല്യുമ്മക്ക് കാട്ടിക്കൊടുത്തിട്ട് പറഞ്ഞു: ''ദേ, വാപ്പാന്റെ ചെരിപ്പ് കിട്ടി!''
അങ്ങനെ വല്യുപ്പയെ ബെല്ലാരിയിലേക്ക് കൊണ്ടുവന്നു. ഇങ്ങനെ കൊണ്ടുപോകുന്നവര്‍ക്കൊക്കെ ശിക്ഷ കുറവാണ്. മാസങ്ങള്‍ മാത്രമേ ശിക്ഷ ഉണ്ടാവുകയുള്ളൂ. അവരുടെ പേരില്‍ കുറ്റമൊന്നും ചുമത്താറില്ലായിരുന്നു. പക്ഷേ, അദ്ദേഹം ശിക്ഷാകാലാവധിക്കിടയില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഖബ്ര്‍ ബെല്ലാരിയിലാണുള്ളത്.
ഉമ്മാന്റെ വാപ്പ ജയിലിലായതില്‍ പിന്നെ ഉമ്മയെയും അനുജത്തിയെയും സംരക്ഷിക്കാന്‍ ആളില്ലാതായി. അപ്പോഴാണ് ആന്തമാനിലെ സ്‌കൂള്‍ മാസ്റ്ററായിരുന്ന റെയ്ഞ്ചര്‍ പോക്കറിന്റെ (അബൂബക്കര്‍) വല്യുപ്പ പോക്കൂട്ടി മൊല്ലാക്ക എന്റെ വല്യുമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും ആന്തമാനിലെത്തിച്ചത്. നാട്ടില്‍ നോക്കാനാളില്ലാത്ത പലരുടെയും കുടുംബങ്ങള്‍ ഇങ്ങനെ ആന്തമാനില്‍ വന്നിട്ടുണ്ട്. അദ്ദേഹവും ഇവിടെ ശിക്ഷ കിട്ടി എത്തിയ ആളാണ്. തടവുകാര്‍ക്ക് തങ്ങളുടെ കുടുംബത്തെ ആന്തമാനിലേക്ക് കൊണ്ടുവരണമെങ്കില്‍ അഡ്രസ് നല്‍കി അപേക്ഷിച്ചാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുമതി കിട്ടുമായിരുന്നു. പോക്കൂട്ടി മാസ്റ്റര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏര്‍പ്പാടാക്കിയ വ്യക്തിയാണ്. അദ്ദേഹം നാട്ടില്‍ പോയി കുടുംബത്തെ തെരഞ്ഞ് പിടിച്ച് കൊണ്ടുവരും.
ബ്രിട്ടീഷുകാര്‍ അന്നൊക്കെ നല്ല പെരുമാറ്റമായിരുന്നു. ഇവിടെയുള്ള ഓഫീസര്‍മാരൊക്കെ ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ആന്തമാനിലെ ചീഫ് കമീഷണര്‍ (മേലധികാരി) ബ്രിട്ടീഷുകാരനായിരുന്നു. റോസ് ഐലന്റിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസും താമസവുമൊക്കെ. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി കമീഷണര്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സി.എഫ്.ഒ എന്നിങ്ങനെ വലിയ സ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നത്. ശേഷിക്കുന്ന സ്ഥാനങ്ങളില്‍ ഇന്ത്യക്കാരാണ്. ജോലിക്കാരുമായി നേരിട്ടുള്ള ബന്ധം ഇന്ത്യന്‍ ഓഫീസര്‍മാര്‍ക്കാണ്. ജോലിക്കാരുടെ വേതനം നല്‍കിയിരുന്നത് ബ്രിട്ടീഷ് നിയമമനുസരിച്ചാണ്. തടവുകാര്‍ക്ക് മാത്രമാണ് വേതനത്തിന് പുറമെ ഭക്ഷണവും സൗജന്യമായി നല്‍കിയിരുന്നത്.
ശിക്ഷാകാലത്തിനുശേഷം വാപ്പ എന്താണ് ചെയ്തത്, നാട്ടിലേക്ക് തിരിച്ചുപോന്നോ?
എന്റെ വാപ്പയുടെ ശിക്ഷ കഴിഞ്ഞ് മോട്ടോര്‍ കാര്‍ഖാനയിലേക്കാണ് വാപ്പ പോയത്. അവിടെ ട്രക്ക് ഡ്രൈവര്‍, ട്രക്ക് മെക്കാനിക്ക്, ട്രക്കിന്റെ മേല്‍നോട്ടം, റോഡ് റോളര്‍ ഡ്രൈവര്‍ എന്നിവയായിരുന്നു വാപ്പയുടെ ജോലി. ശിക്ഷിക്കപ്പെട്ടവര്‍ നിര്‍മിച്ച റോഡുകളാണ് ആന്തമാനിലെ പഴയ റോഡുകളെല്ലാം. വാപ്പ ട്രക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി തുടങ്ങി, കുറച്ചു ദിവസത്തിനു ശേഷം ട്രക്ക് ക്ലീനറായി. അതിന്റെ ഡ്രൈവറായ പഞ്ചാബി ഡ്രൈവിംഗ് പഠിപ്പിച്ചു. അന്ന് താമസിച്ചത് ഫൊണിക്‌സ് ബേയിലാണ്. അന്നൊക്കെ ഒരു മാസത്തേക്ക് ഒരു രൂപ കൊടുത്താല്‍ വീട് വാടകക്ക് കിട്ടിയിരുന്നു. ചെയ്യുന്ന ജോലിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് ശമ്പളവും കിട്ടിയിരുന്നു. തുഛമായതാണെങ്കിലും ജീവിക്കാന്‍ അത് ധാരാളമായിരുന്നു. ഒരു രൂപക്ക് 8-9 കിലോ അരി കിട്ടിയിരുന്നു. അന്ന് ഒരു രൂപക്ക് നാല് കിലോ പഞ്ചസാര. ഒരു രൂപക്ക് ഒരു സേര്‍(കിലോ) പോത്തിറച്ചി കിട്ടും! ബ്രിട്ടീഷുകാരുടെ നാണയമാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്.
ജയിലിലെ വലിയ സൂപ്രണ്ടിന്റെ കാറാണ് ശിക്ഷ കഴിയുമ്പോള്‍ വാപ്പ ഓടിച്ചിരുന്നത്. അദ്ദേഹം റിട്ടയേര്‍ഡ് ആയി ബാംഗ്ലൂരിലേക്ക് പോവുമ്പോള്‍ വാപ്പയെയും ഞങ്ങളെയും കൂടെ കൊണ്ടുപോയി. അന്ന് ഞങ്ങള്‍ രണ്ട് കുട്ടികളാണ്, ഞാനും മൊയ്തീനും. ഞങ്ങള്‍ക്കപ്പോള്‍ 4-5 വയസ്സ് പ്രായമേ ഉള്ളൂ.
ഈ സൂപ്രണ്ട് സായിപ്പ് ബാംഗ്ലൂരില്‍ സെറ്റിലായ യൂറോപ്പുകാരനാണ്. വാപ്പയും സായിപ്പും ബാഗ്ലൂരില്‍ നിന്ന് മൈസൂരില്‍ പോയി കാറൊക്കെ വാങ്ങിയത് ഞാനോര്‍ക്കുന്നുണ്ട്. ഒരു വര്‍ഷത്തോളം ബംഗ്ലൂരില്‍ നിന്നപ്പോള്‍ വാപ്പക്ക് വലിയ പ്രയാസമായി. ആന്തമാനിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ വക സൗജന്യമായി ഭക്ഷണ സാധനങ്ങള്‍ കിട്ടിയിരുന്നു, 12-14 രൂപ ശമ്പളവും. ബംഗ്ലൂരില്‍ സായിപ്പ് കൊടുക്കുന്നതും അതേ വേതനം തന്നെ. പക്ഷേ, സാധനങ്ങളെല്ലാം സ്വന്തം കാശു കൊടുത്ത് വാങ്ങിക്കണമായിരുന്നു. അതുകൊണ്ട് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായി. സായിപ്പിന്റേത് വലിയ മക്കളൊക്കെയുള്ള കുടുംബമായിരുന്നു. അദ്ദേഹത്തിന്റെ പെണ്‍മക്കളെ പഠിക്കാന്‍ കൊണ്ടുവിടണം, കൊണ്ടുവരണം, പശുവിനെ നോക്കണം, പശുവിനെ കറക്കണം.. അങ്ങനെ എല്ലാ ജോലിയും വാപ്പ ഒറ്റക്ക് ചെയ്യേണ്ടിവന്നു. നേരം വെളുത്ത് വൈകുന്നേരം വരെ പണിയെടുത്ത് അവസാനം വാപ്പക്ക് മടുത്തു. സായിപ്പും വാപ്പയും എന്തോ പറഞ്ഞ് തര്‍ക്കിച്ചു, തെറ്റി. അങ്ങനെ ഞങ്ങള്‍ നാട്ടിലേക്ക്, പാലക്കാട്ടേക്ക് തിരിച്ചുപോയി. നാട്ടിലെത്തിയപ്പോള്‍ വാപ്പക്ക് അവിടെ ഒന്നുമില്ല. കയറിയിരിക്കാന്‍ ഒരിടം പോലുമില്ല. അതൊക്കെ മറ്റുള്ളവര്‍ക്കു വീതിച്ചു കൊടുത്തിരുന്നു. വല്യുപ്പയുടെ (വാപ്പയുടെ വാപ്പ) പേര് മമ്മദ് (മുഹമ്മദ്) എന്നായിരുന്നു. അദ്ദേഹത്തിന് കൃഷിസ്ഥലങ്ങളും ഭൂമിയുമൊക്കെ ഉണ്ടായിരുന്നു. എന്റെ വാപ്പ ജയിലിലായ ശേഷം ഇളയുപ്പ അവരുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയായിരുന്നു. വാപ്പയുടെ വാപ്പക്ക് രണ്ടു മക്കളാണ്. വാപ്പയും സഹോദരി ഇത്തീരുവും. വാപ്പക്ക് കിട്ടേണ്ടിയിരുന്ന സ്വത്ത് വാപ്പയുടെ ഇളയുപ്പ മമ്മുവിന്റെ പേരിലാക്കിയിരുന്നു. വാപ്പയുടെ കുടുംബക്കാരൊക്കെ ഇപ്പോഴും കാക്കപ്പാറ തറവാട്ടിലുണ്ട്.
ഞങ്ങള്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ എനിക്ക് ആറ് വയസ്സായിരുന്നു. നാട്ടില്‍ കന്നുകാലികളെ കെട്ടുന്ന തൊഴുത്തിലായിരുന്നു ഒരു മാസത്തോളം ഞങ്ങള്‍ കഴിഞ്ഞത്. കൈയിലുണ്ടായിരുന്ന കാശു കൊടുത്ത് വീടു വാങ്ങി. കൃഷിപ്പണി അറിയാവുന്നതുകൊണ്ട് വാപ്പ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തു. നിശ്ചിത പറ നെല്ല് പാട്ടമായി കൊടുക്കേണ്ടിയിരുന്നു. കൃഷിയില്‍ നിന്ന് വലുതായൊന്നും കിട്ടിയില്ല. പാട്ടം കൊടുത്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ ഒന്നുമില്ലാതെയായി. അങ്ങനെ മൂന്ന് വര്‍ഷം നാട്ടില്‍ ജീവിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ആന്തമാനിലേക്ക് തിരിച്ചുപോവാന്‍ വാപ്പ തീരുമാനിച്ചു. തല്‍ക്കാലം വാപ്പ മാത്രം പോവുക; സ്ഥിതിഗതികളൊക്കെ മനസ്സിലാക്കി ഞങ്ങളെയും കൊണ്ടുപോകാം എന്നായിരുന്നു വാപ്പയുടെ അഭിപ്രായം. കന്നുകാലികളെയൊക്കെ വിറ്റ് വാപ്പ പോകാനുള്ള കാശ് സ്വരൂപിച്ചു. ഈ വിവരം വാപ്പയുടെ തറവാട്ടിലെ കാരണവരായ ഒരു ജ്യേഷ്ഠന്‍ കാക്കപ്പാറ കുഞ്ഞയമ്മു അറിഞ്ഞ് അന്വേഷിക്കാന്‍ വന്നു. ഒറ്റക്കുള്ള വാപ്പയുടെ പോക്ക് തടയണമെന്നും കുടുംബത്തെകൂടി കൊണ്ടുപോവണമെന്നും അല്ലെങ്കില്‍ വാപ്പയടക്കം എല്ലാവരും നാട്ടില്‍ തന്നെ നില്‍ക്കണമെന്നുമായിരുന്നു ജ്യേഷ്ഠന്റെ ഉപദേശം.
കൃഷിസ്ഥലത്തുനിന്ന് വൈകുന്നേരം തിരിച്ചെത്തിയ വാപ്പയോട് ഉമ്മ വിവരം പറഞ്ഞു. 'ആന്തമാനിലേക്ക് പോയി തനിക്കെന്തെങ്കിലും സംഭവിച്ചാല്‍, അതല്ലെങ്കില്‍ ഒന്നും കിട്ടാതെ മടങ്ങി വന്നാല്‍, തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍... കുട്ടികളുടെ സംരക്ഷണ ചുമതല ജ്യേഷ്ഠന്‍ ഏറ്റെടുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ്' ആ ബുദ്ധി പ്രയോഗിച്ചതെന്ന് എന്റെ വാപ്പക്ക് മനസ്സിലായി.
ജ്യേഷ്ഠന്റെ സമീപനത്തില്‍ മനം നൊന്ത് വാപ്പ ആന്തമാനിലേക്ക് ഞങ്ങളെയും കൂടെ കൂട്ടാന്‍ തീരുമാനിച്ചു. പിറ്റേ ദിവസം തന്നെ മണ്ണാര്‍ക്കാട്ട് പോയി, വീട് വാങ്ങിയ ആള്‍ക്ക് രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എല്ലാം വിറ്റ് ഞങ്ങള്‍ പോകാനൊരുങ്ങി. ഒരുപാട് ഭൂമിയും കന്നുകാലികളുമൊക്കെയുമുള്ള ധനികനായിരുന്നു വാപ്പയുടെ ജ്യേഷ്ഠന്‍. ഞങ്ങളുടെ വീടിനു മുന്നിലെ പാടത്ത് ജ്യേഷ്ഠന്‍ രാവിലെ എത്തും മുമ്പ് ആരോടും യാത്ര പോലും ചോദിക്കാതെ ഞങ്ങള്‍ പുറപ്പെട്ടു.
നേരെ ഉമ്മയുടെ നാടായ ആനമങ്ങാട്ട് പോയി യാത്ര ചോദിച്ചു. അവിടന്ന് തിരൂരങ്ങാടിയിലേക്ക് പോയി. വാപ്പയുടെ സഹോദരി ഉമ്മാച്ചുവിനെ വിവാഹം ചെയ്തത് തിരൂരങ്ങാടിയിലെ കുഞ്ഞയമ്മദ് ആയിരുന്നു. പിന്നീടെല്ലാവരും താമസം അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. തിരൂരങ്ങാടിയില്‍ ചെന്നപ്പോള്‍ വാപ്പ അങ്ങാടിയൊക്കെ കാണാന്‍ പോയി. അവിടെ വെച്ചാണ് ആന്തമാനില്‍ നിന്ന് ശിക്ഷയൊക്കെ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കോയിക്കുന്നന്‍ അലവി മുസ്‌ലിയാരെ വാപ്പ കണ്ടുമുട്ടുന്നത്. അദ്ദേഹം രണ്ടു ദിവസം മുമ്പാണ് ആന്തമാനില്‍ നിന്ന് കപ്പല്‍ മാര്‍ഗം മദ്രാസിലെത്തിയത്. കപ്പല്‍ ഇനി മദ്രാസില്‍ വീണ്ടുമെത്താന്‍ രണ്ടു മാസത്തോളം എടുക്കുമെന്ന് അദ്ദേഹം വാപ്പയോട് പറഞ്ഞു.
അന്ന് ആന്തമാനില്‍ പോകാന്‍ ബോംബെയില്‍ നിര്‍മിച്ച എസ്.എസ് മഹാരാജ (സ്റ്റീമര്‍ ഷിപ്പ് മഹാരാജ) എന്ന ഒരു കപ്പല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന്തമാനില്‍ നിന്ന് മദ്രാസിലേക്കും മദ്രാസില്‍ നിന്ന് ആന്തമാനിലേക്കും. പിന്നെ ആന്തമാന്‍-കല്‍ക്കത്ത, കല്‍ക്കത്ത-ആന്തമാന്‍. ശേഷം ആന്തമാന്‍-റംഗൂണ്‍, റംഗൂണ്‍-ആന്തമാന്‍ എന്ന രീതിയിലായിരുന്നു കപ്പലിന്റെ യാത്ര.
ഞങ്ങള്‍ നാട്ടിലെ വീടുവിട്ടിറങ്ങുമ്പോള്‍ ആന്തമാനിലേക്ക് യാത്ര ചെയ്യേണ്ടതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ട് മാസക്കാലം തിരൂരങ്ങാടിയില്‍ കഴിഞ്ഞു. കത്തു മുഖാന്തരം മദ്രാസില്‍ കപ്പലെത്തിച്ചേരുന്ന ദിവസവും സമയവും അറിഞ്ഞു. ഞങ്ങള്‍ പരപ്പനങ്ങാടിയില്‍ പോയി. അവിടെ നിന്ന് മദ്രാസിലേക്ക് തീവണ്ടി കയറി. മദ്രാസില്‍ അന്ന് പ്രധാനമായും രണ്ട് ലോഡ്ജുകളാണ് ഉണ്ടായിരുന്നത്. ഒന്ന്, കുറ്റിയാലി ലോഡ്ജ്. മറ്റൊന്ന് ചെറ്റിയാണി ലോഡ്ജ്. ഞങ്ങള്‍ ഒരാഴ്ചയോളം കപ്പല്‍ കാത്ത് കുറ്റിയാലി ലോഡ്ജില്‍ താമസിച്ചു.
1939-ലാണ് ഞങ്ങള്‍ മദ്രാസിലെത്തുന്നത്. ആന്തമാനിലേക്കുള്ള ഒരു ഫുള്‍ ടിക്കറ്റിന് 10 രൂപ. അന്ന് കപ്പലിനകത്ത് ബെഡൊന്നുമില്ല. കിട്ടുന്ന സ്ഥലത്ത് പായ വിരിച്ച് കിടക്കണം. മദ്രാസില്‍ നിന്ന് ആന്തമാനിലെത്താന്‍ നാല് ദിവസമെടുത്തു.
മുന്‍ പരിചയത്തിന്റെ പേരില്‍ ആന്തമാനില്‍ വാപ്പക്ക് പെട്ടെന്ന് തന്നെ പി.ഡബ്ല്യൂ.ഡിയില്‍ ഡ്രൈവറായി ജോലി കിട്ടി. ഇവിടെ ബസാറില്‍ - പോര്‍ട്ട് ബ്ലെയറില്‍ - വാടകയ്ക്കാണ് ഞങ്ങള്‍ താമസിച്ചിരുന്നത്.
എത്രാമത്തെ വയസ്സിലാണ് ഉപ്പ ഉമ്മയെ വിവാഹം ചെയ്യുന്നത്?
വാപ്പയും ഉമ്മയും രണ്ടു വിധത്തിലാണല്ലോ ആന്തമാനില്‍ വന്നത്. ആന്തമാനില്‍ വെച്ചാണ് വാപ്പയുടെ വിവാഹം നടന്നത്. വിവാഹം കഴിക്കുമ്പോള്‍ ഉമ്മക്ക് 12 വയസ്സായിരുന്നു. വാപ്പ അപ്പോഴും ശിക്ഷക്കാരന്‍ തന്നെ. അന്ന് ശിക്ഷക്കാരന് വിവാഹം ചെയ്യണമെങ്കില്‍ ഡിസ്ട്രിക്ട് കമീഷണറുടെ ഉത്തരവ് കിട്ടണം. താന്‍ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഒരു അപേക്ഷ സമര്‍പ്പിക്കണം. അദ്ദേഹത്തിന്റെ പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. പിന്നീട് കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പെണ്ണിനെ അദ്ദേഹത്തിന്റെ മുന്നില്‍ ഹാജരാക്കി ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. ഞാന്‍ ഇന്നയാളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നു പറയണം. അങ്ങനെ സമ്മതം കിട്ടിയാല്‍ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാം. ഇതൊക്കെ തടവുകാര്‍ക്ക് മാത്രമുള്ള രീതിയാണ്.
ഉമ്മയുടെ ആദ്യത്തെ പ്രസവത്തിലെ കുഞ്ഞ് മരണപ്പെട്ടു. രണ്ടാമത്തെ കുട്ടിയാണ് ഞാന്‍. എനിക്ക് ശേഷം മൊയ്തീന്‍, പിന്നെ ഒരു സഹോദരി ആഇശയും.
വിദ്യാഭ്യാസം, കുട്ടിക്കാലം... എങ്ങനെയായിരുന്നു?
1938-ല്‍ ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എനിക്ക് ആറോ ഏഴോ വയസ്സായിരുന്നു. വെട്ടത്തൂരിലെ കൊളപ്പറമ്പ് പള്ളിയിലാണ് ഞാന്‍ ഓതാന്‍ പോയിരുന്നത്. അവിടെ വെച്ചാണ് പഠനം തുടങ്ങുന്നത്. കൊളപ്പറമ്പില്‍ നിന്ന് കുറച്ചകലെ ആലുങ്കല്‍ എന്ന സ്ഥലമുണ്ട്. അവിടത്തെ പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. മലയാളം പഠിച്ചു. പിന്നെ കാര്യമായ പഠിത്തമൊന്നും ഉണ്ടായില്ല. മുപ്പത് ജുസുഉം ഓത്ത് പഠിച്ചിട്ടാണ് ആന്തമാനിലേക്ക് വരുന്നത്. ഇവിടെ ബ്രിട്ടീഷുകാര്‍ പണിത രണ്ട് സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. ഉര്‍ദുവാണ് അന്നത്തെ മീഡിയം. ഒരു സ്‌കൂള്‍ പോര്‍ട്ട് ബ്ലെയറിലായിരുന്നു.
അന്ന് ഞങ്ങള്‍ പോര്‍ട്ട് ബ്ലെയര്‍ ബസാറിലായിരുന്നു താമസം. പി.ഡബ്ല്യു.ഡിയില്‍ വാപ്പയുടെ ക്ലീനറായിരുന്ന നാരായണന്‍ കുട്ടിയും ഭാര്യയും ബസാറില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. വാപ്പ സ്‌കൂളില്‍ പോവാത്തതിനാല്‍ മലയാളം എഴുത്തും വായനയും അറിയില്ലായിരുന്നു. എന്നെ പോലെ എന്റെ മക്കളും ആകാന്‍ പാടില്ലെന്ന നിര്‍ബന്ധം വാപ്പക്കുണ്ടായിരുന്നു. ചെറിയ കുട്ടികളെ സതേണിലേക്ക് പറഞ്ഞയക്കാന്‍ സാധിക്കാത്തതിനാല്‍ നാരായണന്‍ നായരോട് എന്നെ മലയാളം പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ അമ്മുക്കുട്ടി എന്നെ മലയാളം പഠിപ്പിച്ചു. മൂന്നാം ക്ലാസ് വരെ പഠിച്ചു. നാട്ടിലേക്ക് പോകുന്നവരോട് ഏല്‍പിച്ചാല്‍ പുസ്തകങ്ങളൊക്കെ അവര്‍ കൊണ്ടുവന്നു തരുമായിരുന്നു. 1942 മാര്‍ച്ച് 23-നു ജപ്പാന്‍ ആന്തമാനിലെത്തി. ഈ യുദ്ധത്തിനു ശേഷം പിന്നീട് പഠിക്കാന്‍ സാധിച്ചില്ല.
ആന്തമാനിലെ ജപ്പാന്‍ അധിനിവേശം എങ്ങനെയായിരുന്നു?
1939-ലാണ് ജര്‍മനിയും ബ്രിട്ടനും തമ്മില്‍ യുദ്ധം തുടങ്ങിയത്. ജപ്പാന് ബ്രിട്ടീഷുകാരോട് കടുത്ത എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ യുദ്ധം മുതലെടുത്ത് ജപ്പാനും ബ്രിട്ടീഷുകാര്‍ക്കെതിരെ ആക്രമണം തുടങ്ങി. ജപ്പാന്‍കാര്‍ ഈ മോക്ക (അവസരം) കിട്ടിയപ്പോള്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്റ്, ബര്‍മ തുടങ്ങിയ നാടുകളൊക്കെ പിടിച്ചെടുത്തു. പിന്നീട് ആന്തമാനിലേക്ക് വരാന്‍ ജപ്പാന്‍ പദ്ധതിയിട്ടു. ആന്തമാന്‍ ഒരു താവളമാക്കി അവിടെ വെച്ച് ബ്രിട്ടീഷുകാരെ എതിരിടുകയായിരുന്നു അവരുടെ ലക്ഷ്യം.
ജപ്പാന്‍കാര്‍ സിംഗപ്പൂരില്‍ നിന്ന് വിമാനമാര്‍ഗം ആന്തമാനില്‍ ബോംബിട്ടു. ബ്രിട്ടീഷ് സൈന്യത്തിനു നേരെയായിരുന്നു ആക്രമണം. പക്ഷേ, ബോംബിംഗില്‍ ആളപായങ്ങളൊന്നും ഉണ്ടായില്ല.
ദിവസങ്ങളോളം ജപ്പാന്‍കാര്‍ ബോംബിംഗ് തുടര്‍ന്നുകൊണ്ടിരുന്നു. ബ്രിട്ടീഷുകാരാകട്ടെ ജപ്പാന്‍കാരുമായി എതിരിടാന്‍ കഴിയാതെ നിന്നു. നിരന്തരമായ ബോംബിംഗില്‍ അത് ഏറക്കുറെ വ്യക്തമായിരുന്നു. ഒരു രാത്രിയില്‍ സൈന്യത്തെ മുഴുവന്‍ കപ്പല്‍ കയറ്റി ബ്രിട്ടീഷുകാര്‍ രക്ഷപ്പെട്ടു. എന്റെ ഗുരുനാഥന്മാരായ നാരായണന്‍ നായരും ഭാര്യ അമ്മുക്കുട്ടിയും ആ കപ്പലില്‍ കയറിപ്പോയി. മാപ്പിളമാരൊഴികെ, കുറെ പേര്‍ ആ കപ്പലില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം പോയി. യാത്ര സൗജന്യമായിരുന്നു. കപ്പല്‍ നേരെ പോയത് വൈശാഖിലേക്കാണ്.
1942-ലാണ് ആന്തമാനിലേക്കുള്ള ജപ്പാന്റെ ആഗമനം. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ജപ്പാന്‍കാര്‍ കൊടി നാട്ടി നില്‍ക്കുകയാണ്. ആരെങ്കിലും എതിര്‍പ്പുമായി വരുന്നുണ്ടോ എന്ന് അവര്‍ നിരീക്ഷിക്കുകയായിരുന്നു. എല്ലാവരോടും വീടുകള്‍ തുറന്നിട്ട് മൈതാനത്ത് പോയിരിക്കാന്‍ ചൗകീദാര്‍ നടന്നു പറയുകയാണ്. ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായിരുന്നു ജപ്പാന്‍കാരുടെ ഈ ഉത്തരവ്. അവര്‍ക്ക് വേണ്ടത് ബ്രിട്ടീഷുകാരെയായിരുന്നു. അപ്പോള്‍ നമ്മളെയൊന്നും ഉപദ്രവിച്ചില്ല. ജപ്പാന്‍കാര്‍ വീടുവീടാന്തരം പരിശോധിച്ചു. എതിര്‍പ്പുമായി വരുന്നവരെയും അവര്‍ നോക്കിയിരുന്നു. ആര്‍ക്കും എതിര്‍പ്പില്ലെന്ന് മനസ്സിലാക്കി ജനങ്ങളെ തിരിച്ചയച്ചു.
അതിനിടെ ജപ്പാന്‍കാര്‍ പരിശോധനക്കായി ഒരു വീട്ടില്‍ എത്തിയപ്പോള്‍ അവിടെ പര്‍ദധാരിണികളായ സ്ത്രീകളുണ്ടായിരുന്നു. സംശയകരമായി കണ്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആയിരിക്കുമെന്ന ധാരണയില്‍ പര്‍ദ (മുഖംമൂടി) നീക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ അവരുടെ സഹോദരന്‍ ജപ്പാന്‍കാരനെ വെടിവെച്ച ശേഷം ഓടിമറഞ്ഞു.
ഒളിവില്‍ പോയ അവനെ പിടിച്ചു കൊടുക്കാന്‍ ജപ്പാന്‍കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ആരും അതിന് തയാറാവാത്തതിനെത്തുടര്‍ന്ന് അവര്‍ ആ വീടിന് തീ കൊളുത്തി. തീ പടര്‍ന്ന് പതിനൊന്നോളം വീടുകള്‍ കത്തി നശിച്ചു.
അവനെ കൊണ്ടുവരുന്നതുവരെ തീ കെടുത്താന്‍ പാടില്ലെന്നും താക്കീത് നല്‍കി. അവന്റെ വാപ്പ അക്ബര്‍ അലി ബ്രിട്ടീഷുകാരുടെ ചാത്തം കമ്പനിയിലെ വലിയ ഓഫീസര്‍ ആയിരുന്നു. മകനെയാണെങ്കില്‍ കിട്ടാനുമില്ല. അവന്‍ എവിടെയോ ഒളിവിലാണ്. നാളെ ചിലപ്പോള്‍ ബസാര്‍ മുഴുവന്‍ കത്തിക്കുമെന്നായപ്പോള്‍ അവര്‍ അവനെ പിടിച്ചു കൊടുത്തു. ആ ഗ്രൗണ്ടില്‍ വെച്ച് തന്നെ ജപ്പാന്‍ അവനെ വെടിവെച്ചു വീഴ്ത്തി. ആ ഖബ്ര്‍ ഇന്നും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ജപ്പാനെ എതിര്‍ത്താല്‍ ഇതായിരിക്കും അവസ്ഥ എന്ന് മറ്റുള്ളവര്‍ക്ക് ഒരു പാഠമാക്കാന്‍ കൂടിയായിരുന്നു അവനെ വധിച്ചത്. ഈ ഭയത്താല്‍ പിന്നീട് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായില്ല.
(തുടരും)
Comments