Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

മുശാവറയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തിന് ശ്രമിക്കും

നാവിദ് ഹാമിദ്

താങ്കള്‍ മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ ഉണ്ടായല്ലോ. അതിനെപ്പറ്റി എന്ത് പറയുന്നു? 

തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് മജ്‌ലിസെ മുശാവറയെ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അവര്‍ നിരാശരായി. ഇതെക്കുറിച്ച് ഇത്ര മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. മുശാവറയുടെ ചരിത്രം പരിശോധിച്ചാല്‍, ഇന്ത്യയിലുടനീളം വര്‍ഗീയ കലാപങ്ങള്‍ നടന്നുകൊണ്ടിരുന്ന ഒരു ഘട്ടത്തിലാണ് അത് രൂപീകൃതമായത്; 1964 ഓഗസ്റ്റില്‍. സ്വാതന്ത്ര്യം ലഭിച്ചിട്ട് അപ്പോള്‍ പതിനഞ്ച് വര്‍ഷം പിന്നിടുന്നതേയുള്ളൂ. സമുദായങ്ങള്‍ തമ്മില്‍ സൗഹൃദവും പരസ്പര വിശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭം. ഇന്ത്യാ വിഭജനത്തിന്റെ പേരില്‍ മുസ്‌ലിം സമുദായം കടുത്ത ഭാഷയില്‍ ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ അകത്തും പുറത്തുമുള്ള വലതുപക്ഷ ചിന്താഗതിക്കാര്‍-ഇത്തരക്കാര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്-മുസ്‌ലിംകളെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഒരു മൂലയിലേക്ക് തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മുശാവറയുടെ രൂപീകരണത്തിന് നിമിത്തമായത് ഈയൊരു സാഹചര്യമാണ്. ഒരു സംഘം മുസ്‌ലിം നേതാക്കള്‍ രണ്ട് ദിവസം ലഖ്‌നൗവില്‍ ഒത്തുകൂടി വര്‍ഗീയ കലാപങ്ങള്‍ക്കിരയാവുന്ന സമുദായത്തിന് സംരക്ഷണ കവചമൊരുക്കാന്‍ മുസ്‌ലിം കൂട്ടായ്മകളുടെ ഒരു പൊതുവേദിക്ക് രൂപം നല്‍കുകയായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും നെഹ്‌റുമന്ത്രിസഭയിലെ അംഗവും സംശുദ്ധ ജീവിതത്തിന്റെ ഉടമയുമായ ഡോ. സയ്യിദ് മഹ്മൂദ് ആയിരുന്നു മുശാവറയുടെ ആദ്യ പ്രസിഡന്റ്. നെഹ്‌റുവിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സംഘടന അമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഉയര്‍ച്ചകളും താഴ്ചകളുമൊക്കെ ഉണ്ടായിട്ടുണ്ട് സംഘടനയുടെ ചരിത്രത്തില്‍. 

ഒരു പിളര്‍പ്പും ഉണ്ടായിരുന്നു?

അതെ. സംഘടന ഇടക്കാലത്ത് പിളരുകയുണ്ടായി. ചിലരുടെ വ്യക്തിതാല്‍പര്യങ്ങളാണ് പിളര്‍പ്പിന് വഴിവെച്ചത്. സമവായത്തിന്റെ പേരില്‍ സംഘടനക്കകത്തെ ജനാധിപത്യ രീതികളെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം തെറ്റിപ്പിരിഞ്ഞ് പോയവര്‍ സംഘടനയിലേക്ക് തിരിച്ച് വന്നെങ്കിലും അവരില്‍ ചിലര്‍ ജനാധിപത്യപരമായ സംഘടനാ രീതികളെ സൂത്രത്തില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

അപ്പോള്‍ താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടത് സംഘടനയ്ക്കകത്തെ ജനാധിപത്യ പ്രക്രിയയുടെ വിജയമായി കണക്കാക്കാമോ? 

തീര്‍ച്ചയായും. നമ്മുടെ സംവിധാനങ്ങളില്‍ ജനാധിപത്യ രീതികള്‍ പരീക്ഷിക്കുന്നതിന് എന്തിന് ഭയപ്പെടണം! അതിന്റെ അഭാവത്തില്‍ നേരത്തെ പലരും അവഗണിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ അതൃപ്തി രേഖപ്പെടുത്തി രാജി വെച്ചൊഴിഞ്ഞു. അത്തരക്കാരെ ഈ പൊതുവേദിയിലേക്ക് തിരിച്ചുകൊണ്ടു വരാനായിരിക്കും എന്റെ ആദ്യശ്രമം. മുശാവറയുടെ സ്ഥാപകാംഗങ്ങളില്‍ മുസ്‌ലിം ലീഗും ഉണ്ടായിരുന്നു. മുശാവറയുടെ ആദ്യത്തെ വൈസ്പ്രസിഡന്റ് മുസ്‌ലിം ലീഗ് നേതാവ് ഇസ്മാഈല്‍ സാഹിബായിരുന്നു. അവരെ തിരിച്ച് കൊണ്ടുവരാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടക്കുകയുണ്ടായില്ല. ദക്ഷിണേന്ത്യയില്‍ പ്രഗത്ഭരായ പലരുമുണ്ട്. അവരെയും സംഘടനയുമായി ബന്ധപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായില്ല. 

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി, മുശാവറയില്‍ യുവാക്കളെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടാവണം. നാലോ അഞ്ചോ പേര്‍ സംഘടനയെ നിയന്ത്രിക്കുന്ന അവസ്ഥ ഇല്ലാതാകണം. മുസ്‌ലിം സമുദായത്തിലെ പലതരം കൂട്ടായ്മകള്‍ മുശാവറയുടെ ഭാഗമാകണം. ഇതരസമുദായങ്ങളുമായി സംവാദവും ആശയക്കൈമാറ്റവും നടത്തുകയെന്നത് മുശാവറയുടെ പ്രഖ്യാപിത ലക്ഷ്യമാണെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി അത്തരം നീക്കങ്ങളൊന്നും നടക്കുന്നില്ല. കുറച്ച് ഒറ്റപ്പെട്ട വ്യക്തികള്‍ എന്ന നില മാറി, വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവര്‍ ഒത്തുകൂടുന്ന വേദിയായി അത് മാറണം. 

മുശാവറ മുഴുവന്‍ മുസ്‌ലിംകളെയും പ്രതിനീധീകരിക്കുന്നില്ല എന്നല്ലേ ഇതിനര്‍ഥം? 

മുശാവറ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും 'മുതിര്‍ന്ന പൗരന്മാര്‍' ആയ ഒരു വേദി എങ്ങനെയാണ് സമുദായത്തെ മുഴുവനായി പ്രതിനിധീകരിക്കുക! ഇന്ത്യന്‍ മുസ്‌ലിംകളില്‍ നാല്‍പത് ശതമാനവും ഇരുപത് വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ 65 ശതമാനുവം 35 വയസ്സിന് താഴെയുള്ളവരാണ്. ഇവര്‍ക്കൊന്നും മുശാവറയില്‍ പ്രാതിനിധ്യമില്ല. പ്രാതിനിധ്യമുള്ളത് ഒമ്പത് ശതമാനം വരുന്ന 'മുതിര്‍ന്ന പൗരന്മാര്‍'ക്ക്! രണ്ടും മൂന്നും തലമുറയില്‍ നിന്ന് നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ലെന്നത് വലിയൊരു പരാജയമാണ്. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ തന്നെയാവും എന്റെ ശ്രമം. രണ്ടോ നാലോ വര്‍ഷം ഞാന്‍ ഈ സ്ഥാനത്ത് ഉണ്ടായേക്കാം. സമുദായ ഐക്യം, എല്ലാ സംഘടനകള്‍ക്കും പ്രായക്കാര്‍ക്കും പ്രാതിനിധ്യമുള്ള സംഘടനാ സംവിധാനം, സമുദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ പൊതു സ്ട്രാറ്റജി രൂപപ്പെടുത്തല്‍-ഇത്തരം വിഷയങ്ങളിലായിരിക്കും എന്റെ ഊന്നല്‍. 

സമുദായാന്തര സംവാദങ്ങള്‍ക്കൊപ്പം, സമുദായത്തിനകത്തും പരസ്പരം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. സമുദായ കൂട്ടായ്മകള്‍ തന്നെ പരസ്പരം ശത്രുതയിലാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരുപുറം ശത്രു അവര്‍ക്ക് ആവശ്യമായി വരില്ല. സമുദായം എന്ന് പറയുന്നത് ഒരേ തരംഗ ദൈര്‍ഘ്യത്തിലുള്ള ആളുകളുടെ ഒരു കൂട്ടമല്ലല്ലോ. പലതരത്തില്‍ ചിന്തിക്കുന്നവരെ ഒരു മേശക്ക് ചുറ്റും ഇരുത്തി ചര്‍ച്ചകള്‍ നടത്താന്‍ കഴിയണം. ഒരു പ്രത്യേക തരം ആളുകളെ മാത്രം പ്രതിനിധാനം ചെയ്യുന്ന വേദിയായി മുശാവറ ചുരുങ്ങിപ്പോകരുത്. എല്ലാതരം വിഭാഗങ്ങള്‍ക്കും അതില്‍ ഇടം കിട്ടട്ടെ. 

യുവപ്രാതിനിധ്യത്തിന് വേണ്ടി എന്തെങ്കിലും ശ്രമങ്ങള്‍? 

യുവത്വത്തിനും പ്രാതിനിധ്യമുള്ള വേദിയായി മുശാവറ മാറിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. മുതിര്‍ന്ന തലമുറയുടെ പിന്തുണ ഇതിന് ആവശ്യമാണ്. അവര്‍ക്ക് പ്രാതിനിധ്യം കൊടുത്തെങ്കിലേ രണ്ടാം തലമുറ നേതാക്കളെ നമുക്ക് വളര്‍ത്തിയെടുക്കാനാവൂ. അല്ലെങ്കില്‍ ഭാവിയില്‍ വലിയ നഷ്ടമാണ് വരാനിരിക്കുന്നത്. യുവനേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ കാര്യമായ ശ്രമം ഉണ്ടാകുന്നില്ലെങ്കില്‍ സമുദായത്തിന് ഭാവിയില്‍ എങ്ങനെയാണ് പുരോഗതി കൈവരിക്കാനാവുക? എന്തുകൊണ്ടാണ് നമുക്കിത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്?  

അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ എന്നിവയുടെ ന്യൂനപക്ഷ പദവിയെച്ചൊല്ലി വീണ്ടും വിവാദമുണ്ടായിരിക്കുകയാണല്ലോ. മുശാവറയുടെ നിലപാട് എന്താണ്? 

മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച സ്ഥാപനങ്ങളാണ് രണ്ടും. അവയ്ക്കാവശ്യമായ ഭൗതിക വിഭവങ്ങള്‍ കണ്ടെത്തിയതും മുസ്‌ലിം സമുദായം തന്നെയായിരുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ദല്‍ഹിയിലും ബിഹാറിലും ദയനീയ തോല്‍വി നേരിടേണ്ടി വന്നിരുന്നല്ലോ. ഇനി വരാന്‍ പോകുന്ന യു.പി പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സമുദായ ധ്രുവീകരണത്തിന് ചില ഇഷ്യൂകള്‍ വേണമല്ലോ. അതിന്റെ ഭാഗമായി ഈ നീക്കത്തെ കാണാം. അലീഗഢ് യൂനിവേഴ്‌സിറ്റിയും ജാമിഅയും ജന്മം കൊണ്ട കാലത്തേ സമുദായത്തിന്റെ ഹൃദയ വികാരമായിരുന്നു. അതിന് വേണ്ടി അവര്‍ ഒരുപാട് പോരാടിയിട്ടുണ്ട്. തൊളളായിരത്തി എഴുപതുകളില്‍ അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച തര്‍ക്കം ഉയര്‍ന്നപ്പോള്‍ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മുശാവറ ഉണ്ടായിരുന്നു. അതേവിഷയം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ മുശാവറ ഏതായാലും അലസമായി നോക്കിനില്‍ക്കില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിന് ഭരണഘടനാപരമായ വഴികള്‍ മുശാവറ ആരായും. മോദി ഗവണ്‍മെന്റ് ഈ വിഷയത്തില്‍ ഒരു മലക്കം മറിച്ചില്‍ നടത്തിയിരിക്കുകയാണ്. അത് ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റമാണ്. നിയമവൃത്തങ്ങളില്‍ തന്നെ, ഭരണമാറ്റമാണോ ഈ മലക്കം മറിച്ചിലിന് കാരണമെന്ന സംസാരം ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ ന്യായമായ ഒരിടപെടല്‍ ഉണ്ടാവുമെന്ന് നാം പ്രതീക്ഷിക്കുന്നു. 

തയാറാക്കിയത്: സി. അഹ്മദ് ഫായിസ്, മുഹമ്മദ് ഷിഹാദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം