Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

പി.കെ റഹീം സാഹിബിനെ ഓര്‍ക്കുമ്പോള്‍

കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍

ബ്ദുല്‍ അഹ്ദ് തങ്ങളുടെ മരണവാര്‍ത്ത റഹീം സാഹിബായിരുന്നു ഞങ്ങളെ വിളിച്ചറിയിച്ചത്. പിറ്റേ ദിവസം കാലത്തു ആറു മണിക്ക് എടയൂരിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. കൂടെ കെ.വി മുഹമ്മദ് സക്കീറും കാജാ സലീമുമുണ്ടായിരുന്നു. പറഞ്ഞ സമയത്തില്‍ നിന്നുമാറി ഞാനല്‍പം വൈകിയാണ് എത്തിയത്. ഞാന്‍ വൈകിയതിലുള്ള കുണ്ഠിതം അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ കണ്ടെങ്കിലും എന്നോടൊന്നും പറഞ്ഞില്ല. വണ്ടി പുറപ്പെട്ടപ്പോള്‍ എല്ലാവരോടുമായി റഹീം സാഹിബ് ഒരു കഥ പറഞ്ഞു.

അയല്‍രാജ്യവുമായി യുദ്ധം നടന്നുകൊണ്ടിരിക്കെ പട്ടാള ക്യാമ്പില്‍ രാത്രി പരിശോധനക്ക് വന്ന കേണല്‍ കണ്ടത് ഒരു കൂടാരത്തിനുള്ളില്‍ മെഴുകുതിരി വെട്ടത്തില്‍ ഭാര്യക്ക് കത്തെഴുതിക്കൊണ്ടിരിക്കുന്ന ഒരു ഭടനെയാണ്. രാത്രികാലത്ത് വെളിച്ചം ഉപയോഗിക്കരുതെന്ന് കര്‍ശനമായ വിലക്കുണ്ടായിരുന്നു. കേണല്‍ ആ കത്ത് വാങ്ങി വായിച്ച് തിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു: ''ഈ കത്തില്‍, ഇതെന്റെ അവസാന കത്താണെന്ന് കൂടി എഴുതുക.'' അതെഴുതി വാങ്ങിച്ച ശേഷം കേണല്‍ തോക്കെടുത്ത് ആ ഭടനെ വെടി വെച്ചു കൊന്നു... കഥ അവസാനിപ്പിച്ച് റഹീം സാഹിബ് പറഞ്ഞു: ''ഒരു കേഡര്‍ പാര്‍ട്ടിയാണ് എന്ന് പറയുന്ന നമുക്കിടയില്‍ നിന്ന് കൃത്യനിഷ്ഠയും സമയനിഷ്ഠയും വല്ലാതെ കുറഞ്ഞുപോയിരിക്കുന്നു. ഈ പ്രവണത പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. കൃത്യനിഷ്ഠയില്ലാത്ത അനുയായികള്‍ സംഘടനക്ക് എന്നും ഭാരമായിരിക്കും.''

വൈകിവരുന്ന പല പ്രവര്‍ത്തകരോടും കാരണം ചോദിക്കാതെ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും അത് ബോധ്യപ്പെടുത്തി കൊടുക്കുന്നത് റഹീം സാഹിബിന്റെ ഒരു ശൈലിയാണ്. പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലെ കൃത്യനിഷ്ഠയെപ്പറ്റി ഞങ്ങളെ പഠിപ്പിച്ച അഭിവന്ദ്യ ഗുരുവായിരുന്നു റഹീം സാഹിബ്. അദ്ദേഹം ഒറ്റ യോഗത്തിലും വൈകിയെത്തില്ലെന്ന് മാത്രമല്ല, നേരത്തെ വന്ന് പ്രവര്‍ത്തകരുമായി വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുകയും പതിവായിരുന്നു.

അവസാന കാലങ്ങളില്‍ നടക്കാന്‍ പോലും കഴിയാതെ വടിയും കുത്തിയായിരുന്നു പല പരിപാടികളിലും കൃത്യസമയത്ത് തന്നെ എത്തിയിരുന്നത്. അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ലീവ് അനുവദിച്ചിട്ടും എല്ലാ പരിപാടികളിലും എത്തിയിരുന്നു. എന്തിനാണ് ഇങ്ങനെ പ്രയാസപ്പെട്ട് വരുന്നതെന്ന ചോദ്യത്തിന് 'നിങ്ങളിവിടെ യോഗം ചേരുമ്പോള്‍ അതില്‍ പങ്കുചേരാതെ വീട്ടിലിരിക്കാന്‍ എനിക്ക് കഴിയില്ല'എന്നാണ് അദ്ദേഹം പറഞ്ഞത്.

കെ.വി മുഹമ്മദ് സക്കീര്‍ സാഹിബിന്റെ വീട്ടില്‍ പുനഃസംഘടിപ്പിച്ച തൃശൂര്‍ ഫ്രൈഡേ ക്ലബ്ബിന്റെ യോഗത്തിലായിരുന്നു അവസാനമായി അദ്ദേഹം പങ്കെടുത്തത്. മുപ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള തൃശൂര്‍ ഫ്രൈഡേ ക്ലബ്ബിന്റെ തുടക്കം മുതലിന്നോളമുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ആ യോഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. രണ്ട് കാലിലും നീരു വന്ന് വീര്‍ത്ത് നടക്കാനോ ഇരിക്കാനോ കഴിയാതെ വിഷമിക്കുന്ന അദ്ദേഹത്തെ യോഗത്തിനിടയില്‍ സംഘാടകര്‍ നേരെ ഹോസ്പിറ്റലിലേക്കായിരുന്നു കൊണ്ടുപോയത്. അദ്ദേഹം പങ്കെടുത്ത അവസാന യോഗത്തില്‍ നിന്നുള്ള വിടപറച്ചിലായിരുന്നു അത്.

മൂന്ന് വര്‍ഷം മുമ്പ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തൃശൂര്‍ ഏരിയാ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ വിലപ്പെട്ട കുറെ ഉപദേശങ്ങള്‍ക്കൊടുവില്‍ സമയനിഷ്ഠ പാലിക്കേണ്ടതിന്റെ പ്രാധാന്യം  പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. അദ്ദേഹം മുന്നിലുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ഞാനാ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏരിയയുടെ പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം അദ്ദേഹത്തിലുണ്ട് എന്നതാണതിന് കാരണം. തൃശൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തിയ റഹീം സാഹിബ് ഞങ്ങളുടെ ഗുരുവും കാരണവരുമായിരുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിടം അല്ലാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ

ബാങ്ക് പലിശ കടത്തിന്റെ പലിശ അടയ്ക്കാന്‍ ഉപയോഗിച്ചു കൂടേ?

പ്രശ്‌നവും വീക്ഷണവും പംക്തിയില്‍ (ലക്കം 2936) ബാങ്കിലെ പലിശ എന്തു ചെയ്യണം എന്ന ചോദ്യവും അതിനുള്ള ഉത്തരവും കണ്ടു. കാലിക പ്രസക്തിയുള്ള, ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണിത്. പലിശ ഇസ്‌ലാമില്‍ നിരോധിച്ചതാകയാല്‍ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ സ്വീകരിക്കണമോ വേണ്ടയോ എന്നതാണ് പ്രശ്‌നം. വാങ്ങിയില്ലെങ്കില്‍ അത് ബാങ്കിന് കൂടുതല്‍ ലാഭമുണ്ടാക്കാനും പലിശ വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കാനുമായിരിക്കും സഹായിക്കുക എന്ന അഭിപ്രായം ശരിയാണ്. പക്ഷേ, ബാങ്കിലെ പലിശ വാങ്ങി അത് സ്വന്തമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ പാവങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് പലിശക്കെണിയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഉപയോഗിക്കുകയല്ലേ?

പാവപ്പെട്ടവര്‍ ബാങ്കില്‍ പണയം വെച്ചതിനും, കടമായെടുത്ത പണത്തിനും ബാങ്ക് ആവശ്യപ്പെടുന്ന പലിശ അടയ്ക്കാന്‍ മാത്രം ഈ പണം ഉപയോഗപ്പെടുത്താം. അതായത്, പാവപ്പെട്ടവന്റെ പലിശ ബാധ്യതയെ പണക്കാരന്റെ പലിശ മുതല്‍ കൊണ്ട് തീര്‍ക്കുക എന്ന തത്ത്വം. പലിശയെ പലിശ കൊണ്ട് ഇല്ലാതാക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നതാണ്. പണക്കാരന് ഫലത്തില്‍ പലിശരഹിതമായി ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നു; പാവപ്പെട്ടവന് ഫലത്തില്‍ പലിശരഹിത വായ്പ ബാങ്കില്‍ നിന്ന് ലഭിക്കുന്നു. ബാങ്ക് ഫലത്തില്‍ ആ ഇടപാടുകാരോട് സ്വീകരിക്കുന്നത് പലിശരഹിത വ്യവസ്ഥയുമായിരിക്കും.

പ്രഫ. പി.എ വാഹിദ്

മാധ്യമമല്ല, പ്രയോക്താവാണ് പ്രതി

'ചാനല്‍, സിനിമ കാഴ്ചയുടെ ഇസ്‌ലാമിക പക്ഷം' എന്ന ശീര്‍ഷകത്തില്‍ സുഹൈല്‍ ഹിദായ ഹുദവി എഴുതിയ നിരീക്ഷണ ലേഖനം (ലക്കം 2935) ഏറെ ശ്രദ്ധേയമായി. ആധുനിക യുഗത്തില്‍ ആബാലവൃദ്ധത്തെയും ഏറെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചാനല്‍, സിനിമ തുടങ്ങിയ മാധ്യമങ്ങളുടെ കാഴ്ചയെ ഇസ്‌ലാമിക പക്ഷത്ത് നിന്നുകൊണ്ട് പ്രമാണങ്ങളുദ്ധരിച്ച് എഴുതിയത്, തല്‍വിഷയകമായി മുസ്‌ലിം സമൂഹത്തില്‍ കാലങ്ങളായി നിലനിന്ന് വരുന്ന നിഷേധാത്മക നിലപാടിന്റെ അര്‍ഥശൂന്യതയെ അനാവരണം ചെയ്തിരിക്കുന്നു. 

മുസ്‌ലിംകളെക്കുറിച്ചും, ഇസ്‌ലാം സംസ്‌കൃതിയെക്കുറിച്ചും ഗുരുതരമായ തെറ്റിദ്ധാരണ പരത്തികൊണ്ട് നവ ദൃശ്യമാധ്യമങ്ങള്‍ രംഗം കൈയടക്കി വാഴുന്ന പുതിയ കാലഘട്ടത്തില്‍, അതേ മാധ്യമങ്ങള്‍ തന്നെ ഉപയോഗിച്ച് പ്രതിരോധ നിര സൃഷ്ടിക്കുകയും, പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഉയര്‍ന്നുവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്കും, പഠനത്തിനും ഏറെ പ്രസക്തിയുണ്ട്. മക്കാ വിജയാനന്തരം, സിബിര്‍ഖാനു ബ്‌നു ബദര്‍ എന്ന അറബിക്കവി പ്രവാചകനെയും, മുസ്‌ലിംകളെയും, നൃശംസിച്ചുകൊണ്ട് പ്രവാചക സന്നിധിയില്‍ കവിത അവതരിപ്പിച്ചപ്പോള്‍, ഹസ്സാനുബ്‌നു സാബിത്തിനോട് കവിതയില്‍ തന്നെ മറുപടി കൊടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ട ചരിത്ര സംഭവം, ഈ യാഥാര്‍ഥ്യത്തിലേക്കാണ് നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നത്. 

ദൃശ്യമാധ്യമങ്ങളെ മുസ്‌ലിം പണ്ഡിതന്മാര്‍ നിഷിദ്ധത്തിന്റെ പട്ടികയിലുള്‍പ്പെടുത്തിയത്, അവയുടെ സഞ്ചാരം അധാര്‍മികതയുടെയും മൂല്യച്യുതിയുടെയും താഴ്‌വാരങ്ങളിലൂടെ ആയത് കൊണ്ടായിരുന്നു. 'നരകത്തിലേക്കുള്ള കവികളുടെ പതാക വാഹകന്‍ ഉംറുല്‍ ഖൈസ് ആയിരിക്കു'മെന്ന് ജാഹിലിയ്യാ കാലഘട്ടത്തിലെ കവികളെ ചൂണ്ടി പ്രവാചകന്‍ പ്രഖ്യാപിച്ചതും, അന്ന് അറേബ്യയില്‍ മുഴങ്ങി കേട്ടിരുന്ന കവിതാ ശകലങ്ങള്‍ ആധുനിക സാഹിത്യത്തിലെ സെക്‌സ് അപ്പീല്‍ കൃതികളെ പോലും വെല്ലുവിളിക്കുന്ന തരത്തിലായത് കൊണ്ടായിരുന്നുവല്ലോ. 

സംഗീതമാവട്ടെ, അഭിനയ കലയാവട്ടെ, സിനിമയാവട്ടെ, ഒരു മാധ്യമവും, മാധ്യമം എന്ന നിലയില്‍ നിഷിദ്ധമല്ല. ദൈവ സ്മരണയില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുകയും, അധാര്‍മികതയിലേക്ക് നയിക്കുകയും ചെയ്യുന്നതെന്തും നിഷിദ്ധം. മറിച്ചാണെങ്കില്‍ സ്വീകാര്യം. ഇതാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ മാധ്യമ സമീപനം. സംഗീതത്തിന്റെയും അഭിനയ കലയുടെയും മറ്റു മാധ്യമങ്ങളുടെയും ക്രിയാത്മകമായ സാധ്യതകളെ വിനിയോഗിക്കുക എന്നതാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്. സുഹൈല്‍ ഹുദവി ചൂണ്ടിക്കാണിച്ചത് പോലെ, സംഗീതത്തിലൂടെ ചില മുസ്‌ലിം കലാകാരന്മാര്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളും, ആഗോള യുവതയില്‍ അവര്‍ ചെലുത്തുന്ന സ്വാധീനവും നാം കാണാതിരുന്നുകൂടാ.

റഹ്മാന്‍ മധുരക്കുഴി

ഖയ്യൂം സാഹിബ് ചന്ദ്രികയിലെത്തിയത് ജിന്നയുടെ പാരമ്പര്യത്തിലല്ല

പ്രബോധനത്തില്‍ ചോദ്യോത്തരത്തില്‍ (ലക്കം 2937 ) 'ചന്ദ്രികയില്‍ വി. അബ്ദുല്‍ ഖയ്യൂമിനെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചത് ജിന്നയുടെ പാരമ്പര്യത്തിലാവാ'മെന്ന മുജീബിന്റെ നിഗമനം ശരിയല്ല. പാണ്ഡിത്യത്തിലും രചനയിലും ഖയ്യൂം സാഹിബിന്റെ കഴിവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവിടെ നിയമിച്ചത്. 'തുര്‍ക്കി വിപ്ലവവും' 'അബലയുടെ പ്രതികാരവും' വഴി പരശ്ശതം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഖയ്യൂം സാഹിബിനെക്കുറിച്ച് സി.എച്ച് മുഹമ്മദ് കോയ എഴുതിയ 'ഉപ്പാപ്പ' വായിച്ചാല്‍ ഈ സത്യം ബോധ്യപ്പെടും.

ചന്ദ്രികയുടെ റിപ്പോര്‍ട്ടറായി കണ്ണൂരിലെ എന്‍. അബ്ദുര്‍റഹീം പ്രവര്‍ത്തിച്ചതും ഈ രീതിയില്‍ തന്നെയാണ്. കോരപ്പുഴക്ക് പാലം കെട്ടാന്‍ നിവേദനവുമായി പോയ ഒ.കെ മുഹമ്മദ് കുഞ്ഞിയോട് മന്ത്രി സര്‍ മുഹമ്മദ് സഫറുല്ലാ ഖാന്‍ ഖാദിയാനിസം സംസാരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം മറന്നു കൂടാ. 'ഞാന്‍ സുന്നി, ശിഈ, ഖാദിയാനിസം ചര്‍ച്ച ചെയ്യാനല്ല, കോരപ്പുഴക്ക് പാലം ആവശ്യപ്പെട്ടാണ് വന്നതെ'ന്ന് പറഞ്ഞ ഒ.കെ ഇതേക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്. 

അഹ്മദിയാക്കളെ അതിനിശിതമായി മുസ്‌ലിം ലീഗ് നേതാക്കള്‍ എതിര്‍ത്തിരുന്ന കാലത്ത് പാര്‍ട്ടി പത്രത്തിന്റെ ഫോട്ടോ ഗ്രാഫറായിരുന്നു അഹ്മദിയാ ജമാഅത്ത് നേതാവായ കെ.പി അസ്സു. ഖാദിയാനിസത്തെക്കുറിച്ച് അല്ലാമാ ഇഖ്ബാല്‍ നടത്തിയ കത്തിടപാടുകള്‍ ഇപ്പോള്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇതു സംബന്ധിച്ച് മാപ്പിള കവി ഒ. ആബു സാഹിബ് എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവരുത്. രജിസ്‌ട്രേഷന്‍ ഐ.ജിയായി റിട്ടയര്‍ ചെയ്ത ഹാസ്യ സാഹിത്യകാരനായിരുന്ന സൈന്തവന്‍ പഴയങ്ങാടി സ്വദേശിയും പ്രമുഖ അഹ്മദിയുമായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ നാല് പതിറ്റാണ്ട് കാലം പംക്തി കൈകാര്യം ചെയ്യുകയും ഒടുവില്‍ സര്‍വീസ് സ്റ്റോറിയിലൂടെ കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പത്ര പ്രവര്‍ത്തന രംഗം ഇസവുമായി കൂട്ടിച്ചേര്‍ത്ത് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഒരിക്കലും ഭൂഷണമല്ല.

കെ.പി കുഞ്ഞിമൂസ്സ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം