Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

അല്‍ഇസ്‌റാഇന്റെ കേന്ദ്ര പ്രമേയം 'ഖുര്‍ആന്‍' തന്നെ

ഇബ്‌റാഹീം ശംനാട്

ഖുര്‍ആനിലെ ഓരോ അധ്യായത്തിനും അതിന്‍േറതായ നിരവധി പ്രത്യേകതകളും സവിശേഷതകളും ഉണ്ടെങ്കിലും  പതിനേഴാം അധ്യായം അല്‍ഇസ്‌റാഇന്റെ (രാപ്രയാണം) മുഖ്യപ്രമേയം ഖുര്‍ആനാണെന്ന് കാണാം. എക്കാലത്തെയും മനുഷ്യ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി ഖുര്‍ആനിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന നിരവധി സൂക്തങ്ങള്‍ പല അധ്യായങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. 111 സൂക്തങ്ങളുള്ള സുറഃ ഇസ്‌റാഇല്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പത്ത് തവണ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു (9, 41, 45, 46, 78, 82, 88, 89, 105 106 സൂക്തങ്ങളില്‍). 'ഖുര്‍ആന്‍' എന്ന പദമുള്ള ഇത്രയധികം സൂക്തങ്ങള്‍ ഒരൊറ്റ അധ്യായത്തില്‍ കേന്ദ്രീകരിച്ചത് തന്നെ അതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

'ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു' (17:9) എന്ന പരാമര്‍ശത്തോടെയാണ് അധ്യായത്തിന്റെ തുടക്കം. ലക്ഷ്യമറിയാതെയാണ് നാം ഖുര്‍ആന്‍ വായിക്കുന്നതെങ്കിലും, ഈ സൂക്തത്തില്‍ ഖുര്‍ആന്‍ വായനയുടെ ലക്ഷ്യം കൃത്യമായി നിര്‍ണ്ണയിച്ചിരിക്കുന്നു. നമ്മുടെ ജീവിത സഞ്ചാരത്തിന് ആവശ്യമായ പാത കാണിച്ച് തരുന്നു എന്നതാണ് ഖുര്‍ആനിന്റെ സുപ്രധാനമായ ദൗത്യം. ആ ലക്ഷ്യം വിസ്മരിച്ചതാണ് ഇന്ന് നാം അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും കാതല്‍.

ഏകദൈവത്വം,പ്രവാചകത്വം, പരലോക ജീവിതത്തിന്റെ  യുക്തിഭദ്രമായ സമര്‍ഥനം, ആരാധനകള്‍, പ്രകൃതി ദൃഷ്ടാന്തങ്ങള്‍, സ്വഭാവ രൂപീകരണത്തിന് ആവശ്യമായ  കല്‍പനകള്‍, നിരോധങ്ങള്‍, ചരിത്രപരമായ ഗുണപാഠങ്ങള്‍, ഖുര്‍ആനിന്റെ അമാനുഷികത തുടങ്ങിയ അനേകം  വിഷയങ്ങളാണ് ഖുര്‍ആനില്‍ മൊത്തമായി പ്രതിപാദിക്കുന്നത്. എന്നാല്‍ ആ വിഷയങ്ങളെല്ലാം ഒരു ചിമിഴിലൊതുക്കിയത് പോലെ ഈ അധ്യായത്തില്‍ അല്‍ഭുതകരമാം വിധം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവിടെയാണ് ഖുര്‍ആനെ അതിജയിക്കാന്‍ മറ്റൊരു ഗ്രന്ഥത്തിനും സാധ്യമല്ലെന്ന വെല്ലുവിളിയുടെ പ്രസക്തി. ''പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല. അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി'' (17:88). 

അറിവ്, വിശ്വാസം, സല്‍കര്‍മ്മം ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. അറിവിന്റെ അടിസ്ഥാനമായ ഖുര്‍ആന്‍ പഠനം അവഗണിക്കുക വഴി അടിത്തറ ഇല്ലാത്ത വിശ്വാസവും പ്രവര്‍ത്തനവുമാണ് നാം കൊണ്ട് നടക്കുന്നത്. ഇതിലൂടെ നമുക്ക് ഇസ്‌ലാമിനെ ശരിയായ രൂപത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിയുകയില്ലെന്നതിന് കാലം സാക്ഷിയാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തി, ഖുര്‍ആന്‍ പഠനം ഊര്‍ജ്ജിതമാക്കാനുള്ള പ്രചോദനം നല്‍കുവാന്‍ സൂറഃ അല്‍ഇസ്‌റാഅ് പര്യാപ്തമാണ്. 

നാനാതരം സംശയങ്ങളാല്‍ ജീവിത ലക്ഷ്യത്തെ കുറിച്ച സംശയത്തിന്റെ മൂടല്‍ മഞ്ഞിലകപ്പെട്ട ഒരു ആസുര കാലത്താണ് നാം ജീവിക്കുന്നത്.  ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാനുള്ള മാര്‍ഗ്ഗം ഖുര്‍ആന്‍ പഠനം തന്നെയാണ്. എക്കാലത്തെയും മാനവരാശിയെ ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സൂക്തങ്ങള്‍ ഈ അധ്യായത്തില്‍ ഇടക്കിടെ സന്നിവേശിപ്പിച്ചതായി കാണാന്‍ കഴിയും.  നമ്മുടെ ഖുര്‍ആന്‍ പാരായണം റമദാനില്‍ മാത്രം നടക്കുന്ന ഒരു ആചാരമായി ചുരുങ്ങിയിരിക്കുകയാണല്ലോ! ഖുര്‍ആനില്‍ ഊന്നിനിന്നുകൊണ്ടുളള ചിന്ത, ചിന്തയില്‍ നിന്നുല്‍ഭൂതമാവുന്ന പ്രവര്‍ത്തനം, പ്രവര്‍ത്തനത്തിലൂടെ കരഗതമാവുന്ന കര്‍മസാഫല്യം, സഹജീവികള്‍ക്ക് അതിന്റെ സന്ദേശം പകര്‍ന്ന് കൊടുക്കല്‍ തുടങ്ങിയ, ഖുര്‍ആനിലൂടെ ലഭിക്കേണ്ട ദിശാബോധം നമ്മില്‍ നിന്ന് അന്യം നില്‍ക്കുകയല്ലേ ചെയ്തത്? 

 ഒരു രോഗശമന ഔഷധമെന്ന നിലയിലും ഖുര്‍ആന്‍ പഠനം പ്രസക്തമാണെന്ന് ഈ അധ്യായം അടിവരയിടുന്നുണ്ട്. രണ്ട് കാര്യങ്ങള്‍ക്കാണ് ഖുര്‍ആന്‍ രോഗശമനം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. ഒന്ന് ഖുര്‍ആനാണെങ്കില്‍ മറ്റൊന്ന് ഈ അധ്യായത്തിന് തൊട്ട് മുമ്പുള്ള അധ്യായത്തില്‍ പ്രതിപാദിച്ച തേനാണ്. ഖുര്‍ആന്‍ മാനസികവും ആത്മീയവുമായ രോഗത്തിനുള്ള ഉത്തമ ഔഷധമാണെങ്കില്‍, തേന്‍ ശാരീരിക രോഗത്തിനുള്ള ഔഷധമാണെന്ന കാര്യത്തില്‍ ആധുനിക ശാസ്ത്രം പോലും യോജിക്കുന്നു. ''ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല'' (17:82).

ഖുര്‍ആനിനോട് അനുവര്‍ത്തിച്ച തെറ്റായ നയത്തിന്റെ തിക്താനുഭവങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ അവഗണനയുടെ ആഴം മഹാകവി ഇഖ്ബാലിന്റെ ഈരടികളില്‍ ഇങ്ങനെ കാണാം:  ''മുസ്‌ലിംകള്‍ ലോകത്തെ കീഴടക്കിയിരുന്ന വിശുദ്ധ ഗ്രന്ഥം ഇന്ന് വീടിനകത്ത് പൊടിപിടിച്ച് കിടക്കുന്നു. അതിന്റെ മുകളില്‍ ചിലന്തികള്‍ മാറാല കെട്ടിയിരിക്കുന്നു.'' 

നമ്മുടെ ചിന്താധാരയെ ഒന്നിപ്പിക്കേണ്ട ജ്ഞാനത്തിന്റെ  ഉറവിടമായ ഖുര്‍ആനിനെ നാം അവഗണിക്കുകയും അതിനെ മറ്റുള്ളവരില്‍ നിന്ന് ഗോപ്യമാക്കുകയും ചെയ്തിരിക്കുകയാണ്. ഖുര്‍ആന്‍ പഠനത്തിന്റെ മറ്റൊരു ലക്ഷ്യം കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്. ''ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു'' (17:106). 

വിഭവ സമൃദ്ധമായ സദ്യയുടെ രുചിയെ കുറിച്ച് സംസാരിച്ചത് കൊണ്ട് നമുക്കത് ആസ്വദിക്കാന്‍ കഴിയില്ലല്ലോ. അത്‌പോലെയാണോ ഖുര്‍ആനെ കുറിച്ച നമ്മുടെ സംസാരം എന്ന് പലപ്പോഴും തോന്നിപ്പോവാറുണ്ട്. നമ്മുടെ പണ്ഡിതന്മാര്‍ ഖുര്‍ആന്റെ മഹത്വം ധാരാളമായി ഉദ്‌ഘോഷിക്കുകയും പിന്നീടതിനെ അഗണ്യകോടിയില്‍ തള്ളുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ അധ്യായം മനസ്സിരുത്തി ഒരാവര്‍ത്തി അര്‍ത്ഥസഹിതം  വായിക്കുന്ന ഒരാള്‍ ഖുര്‍ആന്‍ പഠനത്തിന് സ്വയം പ്രചോദിതനാവുമെന്നതില്‍ സംശയമില്ല.  

പ്രവാചകന്‍(സ) പറയുകയുണ്ടായി: ''ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍.''  അറിവ് ഉപയോഗപ്പെടുത്തുകയും അത് പങ്ക് വെക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിന് ഒരു മൂല്യവുമില്ല. നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു മെയ്യഭ്യാസമാണ് ഖുര്‍ആന്‍ പഠനമെന്നും അത് പഠിപ്പിക്കാന്‍ പ്രത്യേകം കച്ചകെട്ടിയിറങ്ങിയ പണ്ഡിതന്മാര്‍  വേണമെന്നുമുള്ള കാര്‍ക്കശ്യം ഒഴിവാക്കി ഖുര്‍ആന്റെ സന്ദേശം ബഹുജനങ്ങളിലേക്കെത്തിക്കുവാന്‍ ഊര്‍ജിതമായ ശ്രമം നടക്കേണ്ടതുണ്ട്. നിലവില്‍ സമുദായം നേരിടുന്ന ഇസ്‌ലാംഭീതിയെ കൂടുതല്‍ ഭീതി പരത്തി ചെറുക്കുന്നതിന് പകരം ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഖുര്‍ആന്റെ സന്ദേശം പഠിക്കാനും പഠിപ്പിക്കാനും മുന്നോട്ടു വരട്ടെ. ഒരു സൂക്തമെങ്കിലും നിങ്ങള്‍ എത്തിച്ച് കൊടുക്കുക എന്ന  പ്രവാചകന്റെ അഭ്യര്‍ത്ഥന എത്ര ഹൃദയസ്പൃക്കാണ്! സൂറഃ അല്‍ഇസ്‌റാഅ്, അസ്സുമര്‍ എന്നീ അധ്യായങ്ങള്‍ പാരായണം ചെയ്യാതെ പ്രവാചകന്‍ ഉറങ്ങാറുണ്ടായിരുന്നില്ല എന്ന ഹദീസില്‍ നിന്ന് ഈ അധ്യായത്തിന്റെ പ്രാധാന്യം വ്യക്തമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം