Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

പ്രതിരോധത്തെക്കുറിച്ചുള്ള സംസാരം നമ്മെക്കുറിച്ചുതന്നെയുള്ള വിചാരമാവണം

ടീസ്റ്റ സെറ്റല്‍വാദ്

സാങ്കേതികമായി പറഞ്ഞാല്‍  ഫാഷിസമല്ല ഭരണവ്യവസ്ഥയെങ്കിലും അധികാരസ്ഥാനത്തിരിക്കുന്നത് ഫാഷിസ്റ്റുകളാണ് എന്ന പ്രഫ. പ്രഭാത് പട്‌നായികിന്റെ ഉദ്ധരണിയോടെ നമുക്ക് തുടങ്ങാം. അതായത്, ഭരണഘടനാ ജനാധിപത്യമുള്ള ഈ രാജ്യത്ത് ജനാധിപത്യ സംവിധാനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഫാഷിസ്റ്റുകള്‍ ഭരണഘടനാപദവികള്‍ പിടിച്ചടക്കിയിരിക്കുന്നത്. സമത്വവും തുല്യനീതിയും അടിസ്ഥാന കാഴ്ചപ്പാടുകളായി സ്വീകരിച്ച്, ഭരണഘടനാ അസംബ്ലിയില്‍  രണ്ടു വര്‍ഷത്തെ വളരെ വിശദമായ ചര്‍ച്ചക്ക് ശേഷം നടപ്പിലാക്കിയ ഭരണഘടനയാണ് നമുക്കുള്ളത്. ഇവിടെ പൗരത്വത്തിന്റെ അടിസ്ഥാനം മതമോ, ജാതിയോ, ലിംഗമോ ഒന്നുമല്ല. പൗരത്വമെന്നത് സങ്കലിതമായ, പങ്കാളിത്തസ്വഭാവമുള്ളതാണ്. എന്നാല്‍, തീര്‍ത്തും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഫാഷിസ്റ്റ് ആദര്‍ശമാണ് ഇന്ന് രാജ്യത്തിന്റെ അധികാരസ്ഥാനത്തുള്ളത്. അവര്‍ ഭരണഘടനാപദവികള്‍ നിയന്ത്രിക്കുന്നു. 

ആര്‍.എസ്.എസ്സാണ് ഇന്ന് അധികാരത്തിലുള്ളത്. ബി.ജെ.പി അതിന്റെ പാര്‍ലമെന്ററി മുഖം മാത്രമാണ്. ഒരു വശത്ത് മത-സാമൂഹിക-സാംസ്‌കാരിക ഫാഷിസവും മറുവശത്ത് കോര്‍പറേറ്റ് വത്കരണവുമാണ് നടക്കുന്നത്. ലാന്റ് ബില്ലിന്റെ കാര്യത്തില്‍  എന്തിനാണ് അവര്‍ ശ്രമിച്ചത്? വനാവകാശ നിയമത്തില്‍  വെള്ളം ചേര്‍ത്ത് രണ്ട് നൂറ്റാണ്ടിന്റെ സമരകാലയളവിലൂടെ രൂപീകരിച്ച തൊഴില്‍ നിയമങ്ങളെ അട്ടിമറിക്കാന്‍; അസംഘടിത മേഖലയിലേക്ക് തൊഴിലാളികളെ തള്ളിവിടാന്‍; സ്ഥിരസംവിധാനം ഇല്ലാതാക്കി തൊഴിലാളികളെ വെറും കരാര്‍ തൊഴിലാളികളാക്കാന്‍ എല്ലാമുള്ള നീക്കമാണ് നടക്കുന്നത്. മാധ്യമരംഗത്ത് ഇത്രമേല്‍  അപചയം സംഭവിച്ചത് മാധ്യമരംഗത്തുണ്ടായ കുത്തകവത്കരണം കൊണ്ടാണെന്ന് രാജ്യത്തെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിവുള്ളതാണ്. മാധ്യമസ്ഥാപനങ്ങളില്‍  യൂണിയന്‍ രൂപീകരിക്കുന്നതിനും ഫെഡറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അനുമതിയില്ലാതായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ സംരക്ഷണവുമില്ലാതായി. അതോടെയാണ് മാധ്യമരംഗം ഇത്രമേല്‍  കോര്‍പ്പറേറ്റ്‌വത്കൃതമായത്.

കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍  വിദേശ ചാനലായ അല്‍ ജസീറയോട് സംസാരിക്കവെ, ആര്‍എസ്എസ് നേതാവായ രാം മാധവിനോട് ഗുരു ഗോള്‍വാള്‍ക്കറുടെ We or Our Nationhood Defined എന്ന പുസ്തകത്തിലെ ആശയങ്ങളെ പറ്റി ചോദിച്ചപ്പോള്‍, ഗുരു ഗോള്‍വാള്‍ക്കറുടെ വിചാരധാരകൂടി വായിക്കണമെന്നാണ് അഭിമുഖം നടത്തിയ മെഹ്ദി ഹസന്‍ എന്ന മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം ഞാന്‍ വിചാരധാര ഒരിക്കല്‍  കൂടി വായിച്ചു. പുസ്തകം ആര്‍.എസ്.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  ലഭ്യമാണ്. ഇന്ത്യയുടെ ഏറ്റവും ഭീകരമായ മൂന്ന് ഭീഷണികള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്; ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ വഴിയിലുള്ള മൂന്ന് ഭീഷണികളാണിവര്‍ എന്നാണ് പുസ്തകം പറയുന്നത്. ഈ ഫാഷിസ്റ്റ് ഭീഷണിയെ എങ്ങനെ ചുരുട്ടിക്കെട്ടാം എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. സാമുദായികമായ പ്രതികരണത്തിലൂടെ നമുക്കതിനെ ചെറുക്കാന്‍ സാധിക്കുമോ? വര്‍ഗീയ പ്രചാരണങ്ങളിലൂടെ അതിനെ നേരിടാന്‍ നമുക്ക് സാധിക്കുമോ? സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ എല്ലാ വിഷയങ്ങളിലും പരസ്പരം ഐക്യത്തിലൂടെ സഖ്യങ്ങള്‍ രൂപീകരിണ്ടേ സന്ദര്‍ഭമാണിതെന്ന് ഞാന്‍ കരുതുന്നു. ഫാഷിസത്തിനെതിരെ പോരാടുന്ന നമ്മുടെ സംഘടനകള്‍ തന്നെ എത്രമാത്രം ജനാധിപത്യത്തെയും ബഹുസ്വരതയെയും അംഗീകരിക്കുന്നുണ്ടെന്നും ചോദിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. ആഭ്യന്തരമായി നമ്മള്‍ ജനാധിപത്യ വിരുദ്ധരാണെങ്കില്‍  നമുക്ക് ഫാഷിസത്തിനെതിരെ പോരാടുക സാധ്യമല്ല. നമ്മുടെ ഇടയില്‍  തന്നെ ലിംഗവിവേചനങ്ങളുണ്ടെങ്കില്‍  നമുക്ക് ഫാഷിസത്തിനെതിരെ പോരാടുക സാധ്യമല്ല. ഈ മാസം മൂന്നാം തിയതി, വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. അതേ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ എത്രമാത്രം ബോധവാന്‍മാരാണെന്ന് എനിക്കറിയില്ല. കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളമായി ഞങ്ങള്‍ മഹാരാഷ്ട്രയില്‍  എല്ലാവരും ശരിയായ അധ്യാപകദിനം ആഘോഷിക്കുകയായിരുന്നു. ദലിത് ബഹുജന്‍ സംഘടനകളാണ് അത്തരമൊരു ദിനം ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഇന്നും രാജ്യത്തെ വിമന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സാവിത്രി ഭായ് ഫൂലെയെ ഒരു ഫെമിനിസ്റ്റ് സാഹിത്യകാരിയായി അംഗീകരിക്കുന്നില്ല. വെറും ഇരുപത്തിമൂന്ന് വയസ്സായിരിക്കെ അവര്‍ അവരുടെ ആദ്യത്തെ കഥാ സമാഹാരം എഴുതിയിരുന്നു. അവരുടെ കവിതകള്‍ നിങ്ങള്‍ വായിക്കൂ. 'ജ്യോതിഭക്കുള്ള കത്തുകള്‍' എന്ന കവിത വായിച്ചാല്‍  മനസ്സിലാവും അവര്‍ ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍  സൃഷ്ടിക്കപ്പെട്ട എല്ലാ അതിര്‍ത്തികളെയും അതിലംഘിക്കുകയായിരുന്നുവെന്ന്. അവര്‍ മഹാരാഷ്ട്രയില്‍  പെണ്‍കുട്ടികള്‍ക്ക് വേണ്ടി 1848 ല്‍  തന്നെ ആദ്യമായി വിദ്യാലയം സ്ഥാപിച്ചു. മഹാരാഷ്ട്രയിലെ പൂനെ ബിഹാര്‍പേഡയിലാണ് അവര്‍ ആ സ്‌കൂള്‍ ആരംഭിക്കുന്നത്. അതിലൂടെ അവര്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്നു. പിന്നീട് അവിടെ എല്ലാ ജാതിയിലും മതത്തിലും പെട്ട വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. 1848ല്‍  തന്നെ മത, ജാതി, ലിംഗ അതിര്‍വരമ്പുകള്‍ക്കെതിരില്‍  ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ സാമൂഹിക ബഹിഷ്‌കരണത്തിനും, ജാതി സ്വരൂപങ്ങളുടെ രോഷത്തിനും അവര്‍ ഇരയാവേണ്ടി വന്നു. ഇന്ന് വിദ്യാഭ്യാസം നേടിയ ഏതൊരു ഇന്ത്യക്കാരനും ഇന്ത്യക്കാരിയും സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ആദ്യമായി സംസാരിച്ച ജ്യോതിഭായി ഫുലെയോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ അവരോട് ചെയ്തതെന്താണ്? അവര്‍ ഫൂലെയെ അംഗീകരിക്കുന്നുണ്ടോ? ഉയര്‍ന്ന ജാതിക്കാര്‍ സാവിത്രി ഭായിയെയും ഭര്‍ത്താവ് ജ്യോതിഭായി ഫുലെയെയും ബഹിഷ്‌കരിച്ചപ്പോള്‍ അവരെ സഹായിക്കാനത്തെിയത് ഉസ്മാന്‍ഷേക്കും ഫാത്തിമാ ഷെയ്ക്കുമാണ് എന്ന വസ്തുത ഈ ചരിത്ര പുസ്തകങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? ഫാത്തിമാ ഷെയ്ക് സാവിത്രി ഭായിയോടൊപ്പം ആ സ്‌കൂളിലെ ആദ്യത്തെ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നവരാണ്. ഇത്രയും മൗലികവും വിപ്ലവകരവുമായ അധ്യാപനങ്ങള്‍ നാം നമ്മുടെ യുവതലമുറക്ക് നിഷേധിക്കുന്നതെന്തിനാണ്? ചരിത്രാധ്യാപനവും, പാഠപുസ്തക നിര്‍മാണവും, ആശയരൂപീകരണവുമെല്ലാം ഇന്നും സങ്കുചിത-അധീശ-ജാതി-മേല്‍കോയ്മാ വാദികളുടെ കൈകളിലാണ് എന്നതാണ് അതിനു കാരണം. വിപ്ലവകരമായ അധ്യായങ്ങള്‍ യുവതലമുറ വായിക്കുന്നതും അറിയുന്നതും അവര്‍ ഭയപ്പെടുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങള്‍ വായിച്ചാല്‍, ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ഇന്ത്യയിലേക്കുള്ള ആഗമനത്തെ കുറിച്ചുള്ള അധ്യായങ്ങള്‍ വായിച്ചാല്‍, അതൊരു സംഘര്‍ഷത്തിന്റെ ചരിത്രമാണെന്ന് ധരിച്ചുപോകും. ആയുധവും മിഷണറി പ്രവര്‍ത്തനങ്ങളുമാണ് അതിന്റെ പ്രചാരണത്തിന്റെ കാരണങ്ങളായി അവര്‍ വിശദീകരിക്കുന്നത്. എന്നാല്‍  അതേ കാര്യം കേരളത്തിലെ ജനങ്ങളോട് പറയുമ്പോള്‍ നിങ്ങള്‍ക്കറിയാം, പ്രാചീന കാലം മുതല്‍ക്കേ ഇന്ത്യയില്‍  പല മതങ്ങള്‍ വന്നു. ക്രിസ്തുമതവും, ജൂതമതവും പല നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയിലേക്ക് വന്നതുപോലെ ഇസ്‌ലാമും എത്തി. കേരളത്തിലെ ഒരു രാജാവ് മുസ്‌ലിംകളെ സ്വീകരിക്കുക മാത്രമല്ല ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. വാളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയുമല്ല ഇസ്‌ലാം ഇവിടെ പ്രചരിച്ചത്. ഇസ്‌ലാം സമാധാനത്തിന്റെയും സമത്വത്തിന്റെയും മതമാണെന്ന് കണ്ടാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. പക്ഷേ നമ്മുടെ പാഠപുസ്തകങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളോട് പറയുന്നതെന്താണ്? വാളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയുമാണ് ഇസ്‌ലാം ഇവിടെ പ്രചരിച്ചതെന്നാണ്.

ഫാഷിസത്തിന്റെ ഈ ഭീഷണികളെ എങ്ങനെ ചെറുക്കുമെന്നാണ് നാം ആലോചിക്കുന്നത്. ഈ പോരാട്ടം വിദ്യാഭ്യാസപരമാവണം, സാംസ്‌കാരികമാവണം, നിയമപരമാവണം, എല്ലാറ്റിലുമുപരി രാഷ്ട്രീയമായാവണം. അത്തരമൊരു പോരാട്ടത്തിന്റെ ചെറിയൊരു ഭാഗം തന്നെയാണ് ദല്‍ഹിയിലെയും ബിഹാറിലെയും രാഷ്ട്രീയമാറ്റങ്ങള്‍. എന്നാല്‍  മടികൂടാതെ എനിക്കൊരു കാര്യം പറയാനാവും. ഇത്തരം രാഷ്ട്രീയ നീക്കങ്ങളില്‍നിന്ന് ആര്‍എസ്എസിനെ അകറ്റിനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തന്നെ വേണം. കാരണം, അധികാരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും, ഇന്നുള്ളത് ഭൂരിപക്ഷ ഫാഷിസ്റ്റ് ഭരണകൂടമാണ്. 2014 ജൂലൈ മുതല്‍  ഗുജറാത്തിലും 2015 മുതല്‍  ഹരിയാനയിലും ഉപയോഗിക്കുന്ന ദീനനാഥ് ബാത്രയുടെ പുസ്തകങ്ങളെ പറ്റി നിങ്ങള്‍ക്കറിയുമായിരിക്കും. ഒരുപക്ഷേ ആ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളാക്കാന്‍ സിബിഎസ്ഇയോട് സര്‍ക്കാര്‍ നിര്‍ദേശിക്കാനുള്ള സാധ്യത തള്ളാനാവില്ല. യുക്തിരാഹിത്യത്തിന്റെ, വിവേകശൂന്യമായ അയുക്തിവത്കരണത്തിന്റെ ചരിത്രമാണത്. അതുകൊണ്ട് പ്രതിരോധത്തെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ നമ്മെ കുറിച്ചു തന്നെ ആദ്യം വിചാരപ്പെടേണ്ടതുണ്ട്. ഒരു സാമൂഹിക ജനാധിപത്യത്തിലെ ഫാഷിസറ്റ് ഭീഷണിക്കെതിരായ പ്രതിരോധത്തെ കുറിച്ച് നാം സംസാരിക്കുമ്പോള്‍, നമ്മുടെ തന്നെ സമീപനങ്ങള്‍ ജനാധിപത്യപരവും മതേതരവുമാണോ എന്നു നാം വളരെ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ അടിത്തറകള്‍ മതേതരവത്കരിക്കേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും ഏതൊരു സംഘടനാ മുന്നേറ്റത്തിന്റെയും ഭാഗമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്്. നമ്മുടെ തലമുറകള്‍ക്ക് നിഷേധിക്കപ്പെടുന്ന ബഹുജന്‍ ചരിത്രം പഠിപ്പിക്കുന്നുണ്ടെന്ന് നാം ഉറപ്പുവരുത്തണം. 

മെയ് 2014 മുതല്‍ക്കുള്ള രാജ്യത്തിന്റെ അനുഭവങ്ങളെന്താണ്? എഴുത്തുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നു. സിനിമാ പ്രവര്‍ത്തകരും അവരുടെ വിയോജിപ്പുകള്‍ അറിയിക്കുന്നു. ബോളിവുഡ് താരങ്ങള്‍ വരെ തങ്ങളുടെ പ്രതിഷേധങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഈയടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത, മധ്യപ്രദേശില്‍ ട്രെയിനില്‍ യാത്ര ചെയുകയായിരുന്ന മുസ്‌ലിം ദമ്പതികള്‍ക്കുണ്ടായ അനുഭവം, നിലവിലെ അവസ്ഥകള്‍ മനസ്സിലാക്കിത്തരുന്നതാണ്. സ്വന്തം ജനങ്ങള്‍ക്കെതിരെ തെരുവില്‍ അക്രമം ചെയ്യാന്‍ കേന്ദ്രത്തിലെ അധികാരം നല്‍കുന്ന ശക്തി എത്ര ഭീകരമാണെന്നതിന് തെളിവാണിത്. മുസ്‌ലിം ദമ്പതികളെ ട്രെയിനില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കാം, ദലിത് കുട്ടികളെ ചുട്ടുകൊല്ലാം, ദാദ്രികള്‍ സംഭവ്യമാണ്. എന്നാല്‍, പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്ന നാളുകളില്‍ ഒരു സൂചി വീണാല്‍ പോലും പ്രതികരിച്ചിരുന്ന ഒരാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. അദ്ദേഹം ഇത്തരം സംഭവങ്ങളെ കുറിച്ച് അപകടകരമായ മൗനത്തിലാണ്. മൗനമെന്നാല്‍ സമ്മതമാണ്. അധികാരത്തിലിരിക്കെ അനിഷ്ടകരമായ ഒരു സംഭവം നടന്നാല്‍ അതിനെതിരെ സംസാരിക്കാതിരിക്കുന്നത്, യഥാര്‍ഥത്തില്‍ നിങ്ങളതിനെ അനുവദിക്കുകയാണെന്നതിന്റെ തെളിവാണ്. ജാതി മേല്‍കോയ്മയെയും മത മേധാവിത്വങ്ങളെയും ചോദ്യം ചെയ്ത പുരോഗമന മുന്നേറ്റത്തിന്റെ ചരിത്രമാണ് ഈ ഉപഭൂഖണ്ഡത്തിന് പങ്കുവെക്കാനുള്ളത്. കേരളത്തില്‍ നാരായണഗുരുവിന്റെയും, തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും, മഹാരാഷ്ട്രയില്‍ അംബേദ്കറുടെയും ഫുലേയുടെയും ചരിത്രങ്ങള്‍ പരിശോധിക്കുക. അതിസമ്പന്നമായ ഒരു ചരിത്രം നമുക്ക് കാണാനാവും. സ്വൂഫിധാരയെ കുറിച്ച് പഠിച്ച് നോക്കൂ. സ്രഷ്ടാവിലേക്കുള്ള വ്യത്യസ്തമായ വഴിയെ കുറിച്ചാണ് അതു സംസാരിച്ചത്. കര്‍ണാടക ബസവാന്ത ചരിത്രത്തിലേക്ക് നോക്കൂ. ഇപ്പോള്‍ നടമാടുന്ന, ഫാഷിസത്തിനെതിരെ പ്രതിരോധം ഉയര്‍ത്തുന്ന സാംസ്‌കാരിക മുന്നേറ്റത്തിന് നമ്മെ സന്നദ്ധമാക്കുന്ന അതിസമ്പന്നമായ ഈ ചരിത്രാധ്യപനങ്ങളിലേക്കാണ് നമ്മുടെ പഠനങ്ങള്‍ നിരന്തരം ശ്രദ്ധ തിരിക്കേണ്ടത്. ശ്രീലങ്ക, ബംഗ്ലാദേശ്, ബര്‍മ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഉജ്ജ്വലമായ സാംസ്‌കാരിക പൈതൃകമാണ് നാം പങ്കുവെച്ചിരുന്നത്. ആ ചരിത്രത്തിന്റെ പിന്മുറക്കാരെന്ന നിലക്ക് ഈ രാജ്യങ്ങളിലെ പൗരസമൂഹത്തിന്റെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും അവബോധവുമുണ്ടാക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ശ്രീലങ്കയിലൊ, മ്യാന്‍മറിലോ, ഭൂട്ടാനിലോ, നേപാളിലോ, അഫ്ഗാനിസ്താനിലോ, പാകിസ്താനിലോ ഒരു മനുഷ്യാവകാശ ധ്വംസനം നടക്കുമ്പോള്‍ ഇന്ത്യയിലെ ഒരു മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സംസാരിക്കുന്ന അതേ സ്വരത്തില്‍ നാം അപലപിക്കേണ്ടതുണ്ട്. ബംഗ്ലാദേശില്‍ ബ്ലോഗര്‍മാര്‍ കൊല്ലപ്പെടുമ്പോള്‍, പാകിസ്താനില്‍ ലിബറല്‍ ചിന്തകര്‍ കൊല്ലപ്പെടുമ്പോള്‍, ഛത്തീസ്ഗഢിലെയും ജാര്‍ഖണ്ഡിലെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍, ഒരു ദാദ്രി സംഭവിക്കുമ്പോള്‍, മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെടുമ്പോള്‍ എല്ലാം നാം ഒരേ സ്വരത്തിലായിരിക്കണം സംസാരിക്കേണ്ടത്. അപ്പോള്‍ മാത്രമാണ് മനുഷ്യാവകാശങ്ങളോടും, മതേതരത്വത്തോടും നമുക്കുള്ള പ്രതിബദ്ധത സുതാര്യമാവുകയുള്ളൂ. പരസ്പരം ഐക്യപ്പെടേണ്ട കാലമാണിത്. ദലിത് സഹോദരീസഹോദരന്മാര്‍ പലപ്പോഴും അവരുടെ മീറ്റിങ്ങുകളിലേക്ക് എന്നെ ക്ഷണിക്കാറുണ്ട്. അവര്‍ക്കൊരു പരാതിയുണ്ട്്. ദലിതുകള്‍ക്കെതിരെ അതിക്രമങ്ങളുണ്ടാവുമ്പോള്‍ ലിബറല്‍ സെക്കുലരിസ്റ്റുകള്‍ പ്രതികരിക്കാന്‍ തയാറായി മുന്നോട്ടുവരുന്നില്ലെന്നതാണ് അവരുടെ പരാതി. അത് ശരിയാണോ എന്ന് നമ്മള്‍ സ്വയം വിചാരണ നടത്തേണ്ടതുണ്ട്. ശക്തമായ സാമൂഹികവും, സാംസ്‌കാരികവും, ജനാധിപത്യപരവുമായ ഐക്യനിരകള്‍ കെട്ടിപ്പടുക്കേണ്ട കാലത്ത് നമ്മുടെ ദൈനംദിന സംഘടനാ ഇടപാടുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം പരിശോധിക്കേണ്ടത് ആവശ്യമാണ്. വളരെയധികം ആഘോഷിക്കപ്പെടുന്ന ദല്‍ഹി പുസ്തകമേളയില്‍ ഞാന്‍ കഴിഞ്ഞ ദിവസം സംബന്ധിക്കുകയുണ്ടായി. അവിടെ വെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്റെ സുഹൃത്തുമായ ദിലീപ് മണ്ഡല്‍ എന്നോട് പറഞ്ഞു, മേളയില്‍ ഔദ്യോഗിക അംബേദ്കര്‍ ഫൗണ്ടേഷന്‍ അംബേദ്കറുടെ പതിനൊന്ന് വാള്യങ്ങളുള്ള വിമര്‍ശനാത്മക പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താതെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ പുസ്തകങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണെന്ന്! അംബേദ്കറുടെ പുസ്തകസമാഹാരം ഇപ്പോള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുകയാണ്. പക്ഷേ, അംബേദ്കറുടെ ജാതി വിമര്‍ശവും, ഹിന്ദുത്വ വിമര്‍ശവും, ശൂദ്രന്മാരും പ്രതിവിപ്ലവവും, സ്ത്രീകളും പ്രതിവിപ്ലവവും, രാഷ്ട്രവും ന്യൂനപക്ഷങ്ങളും, പൂനാ പാക്ടിനെ കുറിച്ചുള്ള സംവാദങ്ങള്‍ എന്നീ ഭാഗങ്ങളൊന്നും തന്നെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അംബേദ്കര്‍ മഹത്വവത്കരിക്കപ്പെടുകയും അദ്ദേഹത്തിന്റെ കൃതികള്‍ വെട്ടിമുറിച്ച് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇതും ഫാഷിസ്റ്റ് പ്രൊജക്ടിന്റെ ഭാഗമാണ്. വളരെ വ്യക്തമായി അറിയാവുന്ന ദലിത് ബഹുജന്‍ നേതാക്കളെ തങ്ങളുടേതാക്കുകയും വിശുദ്ധരാക്കുകയും ചെയ്യുന്ന രീതി. എന്നാല്‍, അതേസമയം അവരുടെ വിമര്‍ശനാത്മക ചിന്തകളെ മറച്ചുവെക്കുകയും ചെയ്യുന്നു! ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികനാള്‍ കഴിയും മുമ്പേ, അംബേദ്കറെ വിശുദ്ധനായും ഗുരുവായും പരിചയപ്പെടുത്തുന്ന ഒരു പുസ്തകം ആര്‍എസ്എസ് ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജാതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശാത്മക ചിന്തകളില്‍ നിന്ന് പടിയിറക്കിയാണ് അദ്ദേഹത്തെ വിശുദ്ധനാക്കുന്നത്. സ്വാതന്ത്ര്യം നേടണമെങ്കില്‍ ജാതി വ്യവസ്ഥയെ ഹിന്ദുക്കള്‍ പൂര്‍ണമായും നിരാകരിക്കണമെന്ന് അംബേദ്കര്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ജാതി മേല്‍കോയ്മയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ കേന്ദ്രസര്‍ക്കാരിന് അത് മനസ്സിലാവില്ല. ജ്യോതിബായി ഫൂലെ വിസ്മരിക്കപ്പെടുന്നു, അംബേദ്കര്‍ വിസ്മരിക്കപ്പെടുന്നു, തുക്കാറാം വിസ്മരിക്കപ്പെടുന്നു, നാരായണഗുരു വിസ്മരിക്കപ്പെടുന്നു, പെരിയാര്‍ അവഗണിക്കപ്പെടുന്നു, ബസവണ്ണ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. ജാതിയെയും മേല്‍കോയ്മകളെയും അധികാരത്തെയും അടിച്ചമര്‍ത്തലിനെയും ചോദ്യം ചെയ്ത വ്യക്തിത്വങ്ങളും ചരിത്രവുമാണിതെല്ലാം. അവരെ പുനരുദ്ധരിക്കേണ്ട സന്ദര്‍ഭമാണിത്. അവരുടെ കഥകള്‍ വീണ്ടും പറയപ്പെടേണ്ടതുണ്ട്. ഞാന്‍ എവിടെ പോകുമ്പോഴും തങ്ങളുടെ കിടപ്പാടവും ഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകളെ കാണുന്നു. ജാര്‍ഖണ്ഡില്‍, സംസ്ഥാനം രൂപീകൃതമായതു മുതല്‍ തുടങ്ങിയ അനധികൃത ഭൂമി കൈയേറ്റത്തിനെതിരില്‍ പോരാടിയതിന്റെ പേരില്‍ 2000 ആദിവാസി ആക്ടിവിസ്റ്റുകളാണ് ജയിലുകളില്‍ കഴിയുന്നത്. ആ ആക്ടിവിസ്റ്റുകളുടെ തടവറ ദേശീയമാധ്യമങ്ങള്‍ക്ക് വിഷയമല്ല. കാരണം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി. സായ്‌നാഥ് പറയാറുള്ളത് പോലെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് മാധ്യമങ്ങളെ ഭരിക്കുന്നത്. പാര്‍ലമെന്റിലെ 542 എംപിമാരില്‍ മൂന്നില്‍ രണ്ടുപേര്‍ കോടിപതികളാണ്. അവരില്‍ 85 ശതമാനമാളുകള്‍ ഐടി കമ്പനികളിലും, ടെലികോം കമ്പനികളിലും, മൈനിങ് കമ്പനികളിലും, ടെലിവിഷന്‍ ചാനലുകളിലുമെല്ലാം ഉടമസ്ഥാവകാശമുള്ളവരാണ്. നിങ്ങള്‍ക്ക് സ്വന്തമായി ടെലിവിഷന്‍ ചാനലുകളുണ്ടായിരിക്കുകയും നിങ്ങള്‍ എംപിയായിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ചാനല്‍ ഒരിക്കലും കേരളത്തിലെ ചായത്തോട്ടങ്ങളിലെ സ്ത്രീകളുടെ കഷ്ടപ്പാടുകളെ കുറിച്ച് പറയാന്‍ തയാറാവുകയില്ല. അവര്‍ ജാര്‍ഖണ്ഡിലെ ആദിവാസികളെ കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല. രണ്ടുവര്‍ഷത്തോളം ഭരണകൂട പീഡനത്തിന്റെ ഇരയായ ഛത്തീസ്ഖഢിലെ സോണിസോറി ഇപ്പോള്‍ ആദിവാസി സ്ത്രീകളെ കൂടെനിര്‍ത്തി നയിച്ചു കൊണ്ടിരിക്കുന്ന പോരാട്ടത്തെക്കുറിച്ച് അവരൊന്നും ഉരിയാടാന്‍ പോകുന്നില്ല. നമ്മുടെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിവിധ വിഷയങ്ങളില്‍ ഉള്‍പ്പെട്ടതാണിതെല്ലാം. പൊതുവിദ്യാഭ്യാസത്തെ കുറിച്ച് പറയാതിരിക്കുകയും അതിനെ അനുദിനം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്നെങ്കിലും രാജ്യത്തെ ഏറ്റവും അധഃസ്ഥിതരായ ജനങ്ങളിലേക്ക് എത്താന്‍ കഴിയുമോ എന്നും നമ്മള്‍ ചോദിക്കേണ്ടതുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കാനുള്ള ന്യായീകരണമാവുന്നുണ്ടോ എന്നും നമ്മള്‍ ചോദിക്കേണ്ടതുണ്ട്. നൈറോബിയില്‍ ലോക വ്യാപാര കരാറില്‍ ഒപ്പുവെച്ചതിലൂടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ ഏജന്‍സികളുടെ താല്‍പര്യത്തിനു മുന്നില്‍ അടിയറവ് വെക്കുകയാണ്. ഇപ്പോള്‍ ദല്‍ഹിയിലെ വിദ്യാര്‍ഥികള്‍ ഒകുപൈ യുജിസി സമരത്തിലാണ്. കാരണം, ഏഴായിരവും എണ്ണായിരവും രൂപയുടെ അവരുടെ സ്‌കോളര്‍ഷിപ്പുകള്‍ യുജിസി റദ്ദാക്കിയിരിക്കുന്നു. അതിലൂടെ പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ഗവേഷകരെ സര്‍വകലാശാലകളില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. ഈ സര്‍ക്കാരിന്റെ മൊത്തം അജണ്ട രാജ്യത്തിന്റെ വിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. വൈദഗ്ധ്യം മാത്രമാണ് വിദ്യാഭ്യാസത്തിലൂടെ ആവശ്യമായിട്ടുള്ളത്. സാമൂഹികശാസ്ത്രം കോളേജുകളില്‍ പഠിപ്പിക്കുന്നില്ല. ഇനി അഥവാ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത് ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ശിശുമന്ദിറുകളിലും ഏകല്‍ വിദ്യാലയങ്ങളിലും മാത്രമാണ്. പോരാടുന്ന തലമുറയെയല്ല, ചിന്തിക്കാത്ത മനസ്സുകളാണ് അവര്‍ക്കാവശ്യം. ജനുവരി ഒമ്പതിന് വളരെ ലജ്ജാകരമായ ഒരു കാര്യമുണ്ടായി. അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ കുറിച്ച് വി.എച്ച്.പി സംഘടിപ്പിക്കുന്ന സെമിനാറിന് ദല്‍ഹി സര്‍വകലാശാലയില്‍ അവിടുത്തെ ആര്‍ട്‌സ് ഡിപാര്‍ട്‌മെന്റ് സൗകര്യം ചെയ്തു നല്‍കി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കാനാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. സെമിനാര്‍ നടക്കുന്ന വേളയില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം അതിനെതിരില്‍ പ്രതിഷേധപ്രകടനം നടത്തി. ഇതിന്റെയെല്ലാം വിശദവിവരങ്ങള്‍ കമ്യൂണല്‍ കോമ്പാറ്റ് ഓണ്‍ലൈന്‍ മാഗസിനിലുണ്ട്. അതു സന്ദര്‍ശിക്കാന്‍ നിങ്ങളെല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു കാര്യം കൂടി പറയട്ടെ, വര്‍ഷാവര്‍ഷം നിരവധി ചെറുപ്പക്കാരാണ് സോളിഡാരിറ്റിയുടെ അംഗങ്ങളായി എത്തുന്നത്. അതൊരു മികച്ച പ്രസ്ഥാനമാണ്. മതേതരത്വവും, ജനാധിപത്യവും ദൃഢമാക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാനും നമ്മെ സ്വയം മതേതരവത്കരിക്കാനും ഞാന്‍ നിങ്ങളെയെല്ലാവരെയും ക്ഷണിക്കുന്നു. നന്ദി! 

വിവ: അനീസ് ചാവക്കാട്

('സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പാലക്കാട് നടത്തിയ പ്രഭാഷണം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം