Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

മതേതര ഭീകരരുടെ മുതലക്കണ്ണീര്‍

മുജീബ്

ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കൊലക്കത്തിക്കിരയായത് പുരോഗമനവാദികളായ എട്ടോളം ബ്ലോഗര്‍മാരും എഴുത്തുകാരും പ്രസാധകരുമാണ്. അഹമ്മദ് റജീബ് ഹൈദര്‍, അവിജിത്ത് റോയ്, പ്രഫ. ഷഫീഹുല്‍ ഇസ്‌ലാം, ആസിഫ് മൊഹിയുദ്ദീന്‍, ഒയാസിര്‍ റഹ്മാന്‍ ബാബു, ആനന്ദ് ബിജോയ് ദാസ്, നീലാദ്രി ചതോപാധ്യായ, ഫൈസല്‍ ദിപന്‍ എന്നിവരെ രാഷ്ട്രീയ ഇസ്‌ലാമിന്റെ 'വീരഭടന്‍മാര്‍' തെരുവില്‍ വെച്ചും ഓഫീസില്‍ വെച്ചും കുത്തി മലര്‍ത്തുകയായിരുന്നു. ഒരു ഡസനിലേറെ പേരെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതേപ്പറ്റി (ഫ്രണ്ട് ലൈനില്‍) വന്ന ഒരു ലേഖനത്തില്‍ നിന്നുള്ള വാക്യങ്ങള്‍ കാണുക: 

'2013 ല്‍ യുവാക്കളായ ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്‍ അനന്യമായ ഒരു പ്രസ്ഥാനം ആരംഭിച്ചു. യുദ്ധക്കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും 1971 ലെ വിമോചന യുദ്ധത്തിലൂടെ ബംഗ്ലാദേശ് കൈവരിച്ച മതേതരമൂല്യങ്ങള്‍ പരിരക്ഷിക്കണമെന്നതുമായിരുന്നു അവരുടെ ആവശ്യങ്ങള്‍. അപ്പോള്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഘോഷകര്‍ 84 'നിരീശ്വരവാദികളായ ബ്ലോഗര്‍' മാരുടെ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു. ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയും അതിന്റെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയും ബ്ലോഗര്‍മാര്‍ക്കെതിരെ പടപ്പുറപ്പാടിന് രംഗത്തുവന്ന ഹിഫാസത്ത് ഇ ഇസ്‌ലാം എന്ന ഭീകരസംഘത്തെ ഗുപ്തമായി പിന്തുണച്ചു. ബ്ലോഗര്‍മാരില്‍ മിക്കവരും പുരോഗമന വീക്ഷണത്തോടെ ശാസ്ത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് എഴുതുന്നവരായിരുന്നു (Haroon Habib, Endagered Bloggers, Front Line, sept 4, 2015). പാകിസ്താന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് 1971 ല്‍ നിഷ്ഠൂര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരില്‍ പലരും ജമാഅത്തെ ഇസ്‌ലാമിക്കാരായിരുന്നു. 

ഏതായാലും കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഔദ്യോഗിക വാരികയിലോ അനൗദ്യോഗിക ദിനപത്രത്തിലോ സോളിഡാരിറ്റി ഇടയ്ക്കിറക്കുന്ന വാറോലകളിലോ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട പുരോഗമനവാദികളോട് തരിമ്പും അനുഭാവം പ്രകടിപ്പിക്കുന്ന മുഖപ്രസംഗമോ ലേഖനമോ ചെറുകുറിപ്പു പോലുമോ വരികയുണ്ടായില്ല. പകരം ഷെയ്ഖ് ഹസീനാ സര്‍ക്കാറിനെയും ബ്ലോഗര്‍മാരെയും ഭര്‍ത്സിക്കുന്ന കുറിപ്പുകളും ലേഖനങ്ങളുമാണ് അവര്‍ പ്രസിദ്ധീകരിച്ചത്. മലാലയെ വെടിവെച്ചത് താലിബാനല്ലെന്നും അതൊരു സി.ഐ.എ ഗൂഢാലോചനയായിരുന്നുവെന്നും 'സമര്‍ഥിക്കുന്ന' ഒരു അതിനികൃഷ്ട ലേഖനം വരെ എഡിറ്റ് പേജില്‍ ജമാഅത്ത് പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. എസ്.ഡി.പി.ഐയുടെ ദിനപ്പത്രത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഇവരൊക്കെയാണ് വര്‍ഗീയ ഭീകരതയില്‍ നിന്ന് ഇന്ത്യയിലെ പുരോഗമനവാദികളെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് (എ.എം ഷിനാസ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 ജനുവരി 10, പേജ് 60). പ്രതികരണം? 

പി.എം റീബ വളപട്ടണം, കണ്ണൂര്‍

മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് മോചിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്ത മലയാളത്തിലെ പ്രമുഖ ദേശീയ പത്രവും ആഴ്ചപ്പതിപ്പും നാല് പതിറ്റാണ്ടുകളെങ്കിലുമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ തുടര്‍ന്നു വരുന്ന സ്വഭാവഹത്യ കാമ്പയിനിന്റെ ഉപകരണങ്ങളില്‍ പുതിയ കോടാലിയാണ് ലേഖകന്‍. അധ്യാപകന്റേതാണ് ജോലിയെങ്കിലും യഥാര്‍ഥ ദൗത്യം പിതാവിനെ പിന്തുടര്‍ന്ന് ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ പ്രവാചകനെയും പ്രവാചകനെ ജീവിത മാതൃകയായി അവതരിപ്പിക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും കിട്ടുന്ന ഏതായുധങ്ങള്‍ കൊണ്ടും ആക്രമിച്ച് ഒരേസമയം ഫാഷിസ്റ്റുകളുടെയും തീവ്ര സെക്യുലറിസ്റ്റുകളുടെയും കൈയടി വാങ്ങുകയാണ്. അനുസ്യൂതം തുടരുന്ന ഈ യത്‌നത്തിന്റെ ഭാഗം മാത്രമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സുദീര്‍ഘ ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍. 

ബംഗ്ലാദേശില്‍ നടക്കുന്നത് മതേതരത്വത്തിന്റെ  പേരില്‍ ഹസീന വാജിദിന്റെ സ്വേഛാധിപത്യ ഭരണവും നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നത് ഇന്ത്യയിലടക്കമുള്ള ലോക മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിയ വസ്തുതയാണ്. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് രീതി ഏകപക്ഷീയമായി റദ്ദാക്കിയും, മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.എന്‍.പിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക ഫലത്തില്‍ അസാധ്യമാക്കിയും, രണ്ടാമത്തെ പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചും നേതാക്കളെ മുഴുവന്‍ ജയിലിലടച്ചും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തി ഭരണമുറപ്പിക്കുകയാണ് രണ്ടാമൂഴത്തില്‍ ഹസീന ചെയ്തത്. ഒന്നാമൂഴത്തിലാകട്ടെ പിതാവ് ശൈഖ് മുജീബുര്‍റഹ്മാന്റെ കാലത്ത്, 1971-ലെ ബംഗ്ലാദേശ് യുദ്ധവേളയിലെ അതിക്രമങ്ങളില്‍ പങ്കെടുത്തവരെന്ന് ആരോപിക്കപ്പെട്ടവരെ മുഴുവന്‍ പിടികൂടി വിചാരണ ചെയ്യുകയും കുറ്റവാളികളെന്ന് വിധിക്കപ്പെട്ടവരെ ശിക്ഷിക്കുകയും ചെയ്തതാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലും വിചാരണയിലും നിരപരാധികളെന്ന് കണ്ടെത്തിയ ജമാഅത്ത് നേതാക്കള്‍ അന്ന് വിട്ടയക്കപ്പെടുകയും ചെയ്തിരുന്നു. ശൈഖ് മുജീബിന്റെ ശേഷം ഹസീനയുടെ നേതൃത്വത്തില്‍ തന്നെ അധികാരത്തില്‍ വന്ന അവാമി ലീഗ് ഭരണകൂടങ്ങളും ജമാഅത്ത് നേതാക്കളെ യുദ്ധക്കുറ്റവാളികളായി പിടികൂടുകയോ ശിക്ഷിക്കുകയോ ചെയ്തിരുന്നില്ല. യുദ്ധം നടന്ന 1971-ല്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളാണ് ഇപ്പോള്‍ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിച്ച് കങ്കാരു കോടതികളിലൂടെ വധശിക്ഷക്കും ജീവപര്യന്തം തടവിനുമൊക്കെ വിധേയമാകുന്നവരില്‍ പലരുമെന്ന അതിക്രൂരമായ നീതിനിഷേധവും നിലനില്‍ക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിശിത വിമര്‍ശനത്തിന് വിധേയമായതാണ് യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്ന ബംഗ്ലാദേശ് ട്രൈബ്യൂണലുകളും അവയുടെ നിഷ്പക്ഷത തൊട്ടുതീണ്ടാത്ത പ്രവര്‍ത്തനങ്ങളും. ഇതിനെതിരെ വ്യാപക ജനരോഷമുയര്‍ന്നപ്പോള്‍ സര്‍ക്കാറിനെയും കങ്കാരു കോടതികളെയും വെള്ളപൂശാന്‍ പടച്ചുണ്ടാക്കിയതാണ് മതേതര ചാവേറുകളായ യുവാക്കളുടെ ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളുടെ കൂട്ടായ്മ. അവര്‍ രണോത്സുകരായി തെരുവിലിറങ്ങി ഇസ്‌ലാമിക പ്രവര്‍ത്തകരെ തൂക്കിലേറ്റണമെന്ന് മുറവിളി കൂട്ടിയതും ഹിംസാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതും പ്രതികാര വാഞ്ഛയില്‍ കണ്ണുകാണാതായ അവാമി ലീഗ് സര്‍ക്കാരിന് പിടിവള്ളിയായി. എതിര്‍ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെയൊക്കെ സര്‍ക്കാര്‍ നേരത്തെത്തന്നെ നിരോധിച്ചിരുന്നു. സ്വാഭാവികമായും ഈ ഭരണകൂട ഭീകരതയുടെ പ്രതികരണമായി ഹിഫാസത്തെ ഇസ്‌ലാമും രംഗത്ത് വന്നു. അവര്‍ ചെയ്യുന്നതൊക്കെ ശരിയാണെന്നോ നീതീകരിക്കപ്പെടേണ്ടതാണെന്നോ അഭിപ്രായമില്ല. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നീതിപൂര്‍വകമായ വിചാരണ വഴി ശിക്ഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുമില്ല.  എന്നാല്‍ മതേതര ചാവേറുകള്‍ ചെയ്യുന്നതെന്തും ശരിയും അവരെ എതിര്‍ക്കുന്നവര്‍ എന്ത് പറഞ്ഞാലും ചെയ്താലും തെറ്റും എന്ന ഇരട്ടത്താപ്പ് നിഷ്പക്ഷമതികള്‍ക്ക് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും, പ്രസ്ഥാനത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയും നിലപാട് സുതാര്യവും സുവ്യക്തവുമാണ്. യുദ്ധക്കുറ്റവാളികളോ ബ്ലോഗര്‍മാരുടെ ഘാതകരോ മറ്റു കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരോ ആരായിരുന്നാലും അന്വേഷണവും തുടര്‍നടപടികളും വിചാരണയും സുതാര്യവും നീതിപൂര്‍വവും ആയിരിക്കണം. ഏകപക്ഷീയവും മുന്‍വിധിയോടെയുള്ളതും ആയിരിക്കരുത്. മാധ്യമപ്രചാരണങ്ങളും തെരുവിലെ മുറവിളികളുമായിരിക്കരുത് വിധി നിര്‍ണയിക്കുന്നത്. ബംഗ്ലാദേശിലെ ഭരണകൂട ഭീകരതയെ 100 ശതമാനവും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരാണ് ബ്ലോഗര്‍മാരെ വധിച്ചതിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. 

മലാല യൂസുഫ് സായിയെ വെടിവെച്ച നടപടിയോ താലിബാന്റെ ഏതെങ്കിലും ഭീകരകൃത്യത്തെയോ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങളില്‍ ഒരാളും ന്യായീകരിച്ചെഴുതിയിട്ടില്ല. താലിബാന്റെ കൃത്യങ്ങളെ മഹാപാതകമായി എണ്ണുന്നവര്‍ അതേ കുറ്റമോ അതിനേക്കാള്‍ വലിയ ക്രൂരകൃത്യമോ ചെയ്യുന്നവരുടെ നേരെ കണ്ണടയ്ക്കുന്നതിനെ തീര്‍ച്ചയായും വിമര്‍ശിച്ചിട്ടുണ്ട്. ഗസ്സയിലെ അനേകശ്ശതം പിഞ്ച് മക്കളെ ബോംബിട്ട് കൊന്ന ഇസ്രയേലിന്റെ നടപടി ഉദാഹരണം. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഇത്തരം അത്യാചാരങ്ങളുടെ നേരെ കണ്ണടയ്ക്കുന്നവരും, ന്യൂനപക്ഷങ്ങളോടുള്ള കൊടുംക്രൂരകൃത്യങ്ങള്‍ക്ക് സമാന്തരം കണ്ടെത്തി ഫാഷിസ്റ്റ് നടപടികളെ വെള്ളപൂശാന്‍ നോമ്പ് നോറ്റു നടക്കുന്നവരുമായ മതേതര ചാവേറുകളുടെ തനിനിറം തുറന്നുകാണിക്കുമ്പോള്‍ വിറളിയെടുത്തിട്ട് കാര്യമില്ല.  

 

അമേരിക്കയിലും യൂറോപ്പിലും 
ഇസ്‌ലാമിന്റെ ഭാവി ഇരുളടയുന്നുവോ?

അറബ് മുസ്‌ലിം നാടുകളിലും ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും കാലഘട്ടത്തിനനുസരിച്ചുളള 'ബൗദ്ധികവും' ശാസ്ത്രീയവുമായ വളര്‍ച്ചയും ഉയര്‍ച്ചയും കാണാതിരിക്കുകയും ലോകമുഖ്യധാരയില്‍ സക്രിയമായി ഇടപെടാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിനും ലോകമുസ്‌ലിം സമൂഹത്തിനും പ്രതീക്ഷ നല്‍കിക്കൊണ്ട് അമേരിക്കയിലെയും യൂറോപ്യന്‍ നാടുകളിലെയും നവ മുസ്‌ലിം ചിന്തകരും പ്രതിഭാശാലികളുമടക്കമുള്ള മുസ്‌ലിം സമൂഹം നിലനിന്നിരുന്നു. ആ രാജ്യങ്ങളിലെ ഭൂരിപക്ഷം ഭരണകൂടങ്ങളും പൊതുസമൂഹവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് തങ്ങളുടെ നാഗരികത വികസിപ്പിക്കാനാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ 2010 മുതല്‍ വിവിധ കാരണങ്ങളാല്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന 'ഇസ്‌ലാമോഫോബിയ' പാരീസ് കൂട്ടക്കൊലക്കും കാലിഫോര്‍ണിയന്‍ കൂട്ടക്കൊലക്കും ശേഷം 2015 അവസാനമായപ്പോഴേക്ക് ഭാവി അമേരിക്കന്‍ പ്രസിഡന്റു വരെ ആയേക്കാവുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ, മുസ്‌ലിംകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കണമെന്നും അമേരിക്കയില്‍ ഇപ്പോള്‍ ഉള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നുമുള്ള വാദത്തിന് വന്‍ സ്വീകാര്യത നേടുകയും ചെയ്യുന്നു. ഫ്രാന്‍സ്, ബ്രിട്ടണ്‍, ഹോളണ്ട്, ഗ്രീസ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, ആസ്ട്രിയ, റുമാനിയ, ഹംഗറി, സ്‌പെയിന്‍ തുടങ്ങി വലതുപക്ഷ സ്വാധീനം മുമ്പേ ഉള്ളതും, അടുത്ത കാലത്ത് സ്വാധീനം നേടി വരുന്നതുമായ പല രാജ്യങ്ങളിലും ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി, അവിടങ്ങളിലെ പല പള്ളികളും ഇസ്‌ലാമിക് സെന്ററുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. ഒരു ഡസനോളം ഭീകരസംഘങ്ങള്‍-സാമ്രാജ്യത്വം സ്‌പോണ്‍സര്‍ ചെയ്തതും അല്ലാത്തതും-ഇസ്‌ലാമിന്റെ പേരില്‍ ഭീതി വിതക്കുമ്പോള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ശോഭനമായ ഭാവി അമേരിക്കയിലും യൂറോപ്പിലുമാണെന്നും, പാശ്ചാത്യ നാഗരികതയുടെ കരുത്തുറ്റതും നല്ലതുമായ വശങ്ങള്‍ ഇസ്‌ലാമിന്റെ ആത്മീയതയും സദാചാരവും ഉള്‍ച്ചേര്‍ത്ത് നല്ലൊരു നൈതിക വ്യവസ്ഥ ലോകത്ത് സ്വാധീനം നേടുമെന്നുമുള്ള 'സ്വപ്നം' വിദൂരത്താവാനല്ലേ സാധ്യത?

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

പ്രത്യക്ഷത്തില്‍ ചോദ്യത്തില്‍ ഉയര്‍ത്തിയ ആശങ്ക സ്വാഭാവികമാണ്. 2001 സപ്തംബറില്‍ വേള്‍ഡ് ട്രെയ്ഡ് സെന്ററിനു നേരെയും പെന്റഗണിനു നേരെയുമുണ്ടായ ആക്രമണം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ സംശയങ്ങളും ഭയപ്പാടും വെറുപ്പും അമേരിക്കയിലും യൂറോപ്പിലും വളര്‍ത്തുകയുണ്ടായി. ഒരുവശത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആഗോള വ്യാപകമായി 'ഇസ്‌ലാമിക ഭീകരത'ക്കെതിരെ യുദ്ധം ത്വരിതപ്പെടുത്താനും, മറ്റൊരു ഭാഗത്ത് ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളും സയണിസ്റ്റുകളും അവരുടെ ദീര്‍ഘകാല ഇസ്‌ലാം വിരോധം പരസ്യമായി പ്രകടിപ്പിക്കാനും ഇതവസരമൊരുക്കി. ഇസ്‌ലാം സമാധാനത്തിന്റെ ദര്‍ശനമാണെന്നും എല്ലാവിധ അക്രമത്തെയും ആക്രമണങ്ങളെയും അത് നിരാകരിക്കുന്നുവെന്നും, മനുഷ്യജീവനു മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളെക്കാളും വിലകല്‍പ്പിക്കുന്നത് ഇസ്‌ലാമിന്റെ പ്രമാണങ്ങളും പാരമ്പര്യവുമാണെന്നും പാശ്ചാത്യ- പൗരസ്ത്യ ലോകത്തെ ബോധ്യപ്പെടുത്താന്‍ മുസ്‌ലിം ചിന്തകരും പണ്ഡിതരും സംഘടനകളും കിണഞ്ഞു ശ്രമിച്ചത് ഒട്ടൊക്കെ ഫലപ്രദമായി വരവെയാണ് അല്‍ഖാഇദയുടെയും ഐ.എസിന്റെയും ത്വാലിബാന്റെയും പേരില്‍ പുതിയ ഭീകരാക്രമണ പരമ്പരകള്‍ അരങ്ങേറുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ഗൂഢപദ്ധതിയാണെന്ന് ന്യായമായി കരുതാന്‍ പ്രേരിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയു നന്മ കാംക്ഷിക്കുന്ന ഒരുത്തനും പാരീസ് ആക്രമണം പോലുള്ള മണ്ടത്തരങ്ങള്‍ ചെയ്യുകയില്ലെന്നുറപ്പ്. പക്ഷേ, പരമാവധി ക്ഷമയും സഹനവും സൂക്ഷ്മതയും വിവേകപൂര്‍വകമായ കാല്‍വെപ്പുകളും സര്‍വോപരി പ്രാര്‍ഥനയും വഴി ഈ സ്ഥിതിവിശേഷത്തെ നേരിടുകയാണ് മുസ്‌ലിം സമൂഹത്തിന്റെ ഏക രക്ഷാമാര്‍ഗം. ആത്യന്തിക പ്രതികരണ ശൈലിയും തീവ്ര പ്രതികാരബുദ്ധിയും താല്‍ക്കാലിക വികാരശമനത്തിനുതകിയാല്‍ പോലും ദീര്‍ഘകാല വിനാശത്തിനേ വഴിവെക്കൂ. 

ഇസ്‌ലാമിന്റെ പതിനാല് നൂറ്റാണ്ടു കാല ചരിത്രത്തില്‍ അതിനേക്കാള്‍ ആശങ്കാജനകമായ സംഭവങ്ങളും ദുരന്തങ്ങളും സമുദായം നേരിട്ടിട്ടുണ്ട്. മധ്യകാല യൂറോപ്പ് ഒന്നടങ്കം അണിനിരന്ന കുരിശു യുദ്ധങ്ങളും മംഗോളിയരുടെ പടയോട്ടത്തില്‍ ഖിലാഫത്ത് ആസ്ഥാനമായ ബഗ്ദാദിന്റെ പതനവും ഒന്നാം ലോകയുദ്ധാവസാനത്തില്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയുമൊന്നും മറക്കാന്‍ പാടില്ലാത്ത തിരിച്ചടികളാണ്. പക്ഷേ ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു പരാജയപ്പെടുത്തുകയും ഇസ്‌ലാം പരീക്ഷണങ്ങളെ വിജയകരമായി അതിജീവിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ മുതലാളിത്തത്തിനും കമ്യൂണിസത്തിനും നേരെ ശക്തമായ വെല്ലുവിളികളുയര്‍ത്തി. സോവിയറ്റ് യൂനിയന്റെ തിരോധാനത്തിനു ശേഷം ഇസ്‌ലാമായി സാമ്രാജ്യത്വത്തിന്റെ മുഖ്യശത്രു. ആ തിരിച്ചറിവില്‍ നിന്നുയിര്‍ക്കൊണ്ട കുതന്ത്രങ്ങളും ഉപജാപങ്ങളുമാണ് തീവ്രവാദത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്ന കരുനീക്കങ്ങള്‍. സത്യാന്വേഷകരും സമാധാന പ്രിയരുമായ പാശ്ചാത്യപൗരന്മാരുടെ മുമ്പില്‍ തേജോമയമായ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. മാള്‍ക്കം എക്‌സും മുഹമ്മദ് അസദും റജാഗരോഡിയും മുറാദ് ഹോഫ്മാനും മറ്റനേകരും ഘനാന്ധകാരത്തിലും ഇസ്‌ലാമിന്റെ ദിവ്യവെളിച്ചം കണ്ടെത്തിയവരാണെന്നോര്‍ക്കുക. 

 

ന്യൂനപക്ഷഭീതി

കേരളത്തിലെ ഹിന്ദു ഭൂരിപക്ഷം കുറഞ്ഞു ഇന്ന് ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി അടുത്ത കാലത്തെങ്കിലും ജനങ്ങള്‍ക്ക് അവബോധമുണ്ടായി. സനാതന ധര്‍മം ത്യാഗ ബുദ്ധിയാണെന്ന് ചരിത്രം പറയുന്നു-ഹിന്ദു ധര്‍മത്തിന്റെ സുവര്‍ണകാലത്ത് (ഗുപ്തരാജാക്കന്മാര്‍) മുസ്‌ലിം കടന്നേറ്റക്കാരുണ്ടായപ്പോള്‍ അവരെ ഓടിക്കാനല്ല, അവര്‍ക്ക് പള്ളി പണിയാന്‍ സഹായിക്കാനാണ് വിക്രമാദിത്യ ചക്രവര്‍ത്തി തുനിഞ്ഞത്. ഈ പാരമ്പര്യം പുലര്‍ത്തി എന്തെല്ലാമാണ് നമുക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തി എന്നത് ചരിത്രപാഠം. ആധുനിക ലോകത്തിന് അനുയോജ്യമായ നയവും തന്ത്രവും കൈക്കൊണ്ടില്ലെങ്കില്‍ ഗ്രീക്ക് മതം ഇല്ലാതായ ചരിത്രം ഇവിടെയും ആവര്‍ത്തിക്കും. എതിര്‍പാര്‍ട്ടിയുടേതാണ് ഭരണം നടത്തുന്ന പാര്‍ട്ടിയും നേതാക്കളും; പ്രതിപക്ഷം പോലും. അപ്പോള്‍ തന്ത്രപ്രയോഗം എത്ര എളുപ്പം! ക്ഷേത്രത്തിലെ സ്വത്ത് കൈമാറി വകതിരിച്ച് ഒടുവില്‍ പള്ളികളില്‍ എത്തുന്നു എന്ന വിചിത്രമായ ധനവിനിയോഗം വരെ!

എന്തിനു ഗ്രീസ് വരെ പോകണം? ഉദാഹരണത്തിന് നമുക്ക് തന്നെയില്ലെ കാശ്മീരി ബ്രാഹ്മണര്‍. ആ സമ്പന്ന വര്‍ഗം അഭയാര്‍ഥികളായി ഹരിയാനയിലും ദല്‍ഹിയിലും ഉന്തുവണ്ടിയില്‍ ആപ്പിള്‍ വിറ്റ് അഭയാര്‍ഥികളായി കഴിയാന്‍ തുടങ്ങിയിട്ട് 60 ലേറെ കൊല്ലമായില്ലേ? കേരളത്തില്‍ തന്നെയോ? സമ്പന്നവര്‍ഗവും ഭൂവുടമകളുമായിരുന്ന അയ്യര്‍ എന്ന വിഭാഗത്തിന് എന്തുപറ്റി? 

'....മറിച്ച് ഇതുപോലൊരു ന്യൂനപക്ഷമായിരുന്നു ക്രിസ്ത്യാനി. അവരാകട്ടെ മൈനര്‍ അല്ല. നയതന്ത്രം അറിയാവുന്നതിനാല്‍ മേജര്‍ തന്നെ. കലാ സാംസ്‌കാരിക രംഗത്തില്ല, കാടും ഫ്‌ളാറ്റും പട്ടണവും കൈക്കലാക്കാനാണ് അവര്‍ തുനിഞ്ഞത്. ഈ ചരിത്രം ഇവിടെ ചൂണ്ടിക്കാട്ടിയത് സമൂഹം അതിന്റെ നിലനില്‍പ്പിന് വേണ്ട ഊര്‍ജ്ജം വീണ്ടെടുക്കാന്‍ തയാറാകണം, എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്. 

തമിഴ് ബ്രാഹ്മണര്‍ക്ക് ഇന്ന് കേരളത്തില്‍ വീടുപോലും  ഇല്ല എന്ന് പറയാം. ക്ഷേത്ര പരിസരത്ത് ഒറ്റമുറി വീട്ടില്‍ ഇടതിങ്ങി താമസിക്കുന്ന നൂറില്‍ പരം കുടുംബങ്ങള്‍ തിരുവനന്തപുരത്തു തന്നെയുണ്ട്. ഒക്കെയും ബൗദ്ധിക രംഗത്ത് മികച്ച സംഭാവന നല്‍കിയവരുടെ കുടുംബങ്ങള്‍. ബഹിരാകാശ രംഗത്തെ ശാസ്ത്രകാരന്മാര്‍, ദക്ഷിണാമൂര്‍ത്തിയെപ്പോലുള്ള കലാകാരന്മാര്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍. സ്ത്രീകള്‍ ജോലിക്കു പോകാറില്ല. കളമെഴുത്തും പാട്ടും ഭജനയും മാത്രമാണ് ജോലി. ഹിന്ദുവിന്റെ ആത്മീയതയും മറ്റുള്ളവരുടെ ഭൗതിക ധനസമ്പാദന വ്യഗ്രതയും ഇവിടെ പ്രകടമാണല്ലോ...''

16.01.2016 ലെ 'ജന്മഭൂമി' ദിനപ്പത്രത്തില്‍ പി. നാരായണക്കുറുപ്പ് എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. 

നിഷ്‌കളങ്കരായ ഹൈന്ദവ സഹോദര മനസ്സുകളില്‍ വര്‍ഗീയത കുത്തിവെക്കാനുദ്ദേശിച്ചുള്ള മുകളിലത്തെ ലേഖനഖണ്ഡത്തോട് 'മുജീബി'ന്റെ പ്രതികരണം?

കെ.എം അബൂബക്കര്‍ സിദ്ധീഖ് എറിയാട്

സംഘ്പരിവാറിന്റെ നിരന്തര ബോധവത്കരണത്തിലൂടെ ഭൂരിപക്ഷ സമുദായത്തില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് അകാരണവും യുക്തിശൂന്യവുമായ ആശങ്കയും ഭയപ്പാടും ഒരു പരിധിവരെ ഉടലെടുത്തിട്ടുണ്ടെന്ന് പറയണം. സെക്യുലറിസ്റ്റുകള്‍ എന്നവകാശപ്പെടുന്നവരുടെയും ന്യൂനപക്ഷ സമുദായങ്ങളിലെ മഴുത്തായികളുടെയും വഞ്ചനാപരമായ പ്രചാരണങ്ങള്‍ ഇതിന്നാക്കം പകര്‍ന്നിട്ടുമുണ്ട്. എല്ലാറ്റിനുമുപരി, ബഹുസ്വര സമൂഹങ്ങളില്‍ ആദര്‍ശജീവിതവും പ്രബോധനവും എങ്ങനെ നിര്‍വഹിക്കണം എന്നതിനെക്കുറിച്ച് മതസംഘടനകളുടെയും പണ്ഡിതന്മാരുടെയും ദിശാബോധമില്ലായ്മയും ഹിന്ദുത്വ ശക്തികളുടെ ജോലി സുഗമമാക്കിക്കൊടുക്കുന്നു! 

ഹൈന്ദവ സമൂഹത്തില്‍ വലിയൊരു വിഭാഗം ദാരിദ്ര്യവും മറ്റവശതകളും നേരിടുന്നുവെങ്കില്‍ മൗലിക കാരണം അഭിശപ്തമായ ജാതീയതയും കുലത്തൊഴില്‍ ശാഠ്യങ്ങളും കാലോചിതമായി ഒട്ടും പരിഷ്‌കരിക്കാത്ത ആചാരാനുഷ്ഠാനങ്ങളും അതിലുപരി കടുത്ത അന്ധവിശ്വാസങ്ങളുമാണെന്ന് ഹൈന്ദവ ചിന്തകരും നവോത്ഥാന നായകരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഒരു മാറ്റത്തിനും സംഘ്പരിവാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് മാത്രമല്ല കടുത്ത യാഥാസ്ഥിതിക സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. വൈധവ്യത്തിന്റെ തീരാദുഃഖവും പേറി ജീവിതമെന്ന ശിക്ഷ അനുഭവിച്ചു തീര്‍ക്കുന്ന ലക്ഷക്കണക്കിന് നിര്‍ഭാഗ്യവതികള്‍, ദേവദാസികള്‍, ചൊവ്വാദോഷം പോലുള്ള മൂഢവിശ്വാസങ്ങളുടെ ബലിയാടുകള്‍, മൂന്ന് സെന്റ് ഭൂമിയില്‍ വീട് വെയ്ക്കാന്‍ പോലും അനുവദിക്കാത്ത വാസ്തു ശാസ്ത്രം, രാഹുകാലവും മുഹൂര്‍ത്തവും പറഞ്ഞ് നല്ല കാര്യങ്ങള്‍ യഥാസമയം ചെയ്യാന്‍ അനുവദിക്കാത്ത ജോത്സ്യന്മാരുടെ വിളയാട്ടം, ജീവിതത്തില്‍ അനുഭവിക്കുന്നതൊക്കെയും മുജ്ജന്മ സുകൃതങ്ങളുടെയോ അകൃതങ്ങളുടെയോ ഫലമാണെന്ന വിശ്വാസം തുടങ്ങിയ ഒരുപാട് കാര്യങ്ങളുണ്ട് പരിഷ്‌കരണം തേടുന്നതായി. ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ, എല്ലാം ക്രിസ്ത്യാനികളും മുസ്‌ലിംകളും കൈയടക്കി വെച്ചതിന്റെ ഫലമാണെന്ന് തട്ടിമുളിക്കുകയാണ് സംഘ്പരിവാര്‍ ബുദ്ധി ജീവികളും എഴുത്തുകാരും. ഹിന്ദു ആത്മീയതയിലേക്ക് തിരിയുമ്പോള്‍ മറ്റു സമുദായക്കാര്‍ ഭൗതിക ധനസമ്പാദനത്തിലേര്‍പ്പെട്ടിരിക്കയാണെന്ന ജല്‍പനം ചിരിയാണുയര്‍ത്തുക. ആത്മീയ ചൂഷണത്തിലേര്‍പ്പെട്ട് വ്യാജസന്യാസികളും ദിവ്യന്മാരും ആള്‍ദൈവങ്ങളും ഭൂരിപക്ഷസമുദായത്തെയാകെ ഹൈജാക്ക് ചെയ്യുമ്പോഴാണ് ഇത്തരം വ്യാജോക്തികള്‍. ധനസമ്പാദനമാണിവരുടെയൊക്കെ ലക്ഷ്യമെന്നത് പരസ്യമായ സത്യം മാത്രം. തീര്‍ഥാടനകേന്ദ്രങ്ങളില്‍ പോലും കൊടിയ ചൂഷണമാണ് നടക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നായ്ക്കും നരിക്കുമില്ലാതെ സംഭരിച്ചുവെച്ചിരിക്കുന്ന അനേകായിരം കോടികളുടെ സമ്പത്ത് സാക്ഷാല്‍ ഹൈന്ദവരുടെ ക്ഷേമത്തിന് പോലും ഉപയോഗിച്ചുകൂടെന്ന് തീരുമാനിച്ചത് ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണോ? ക്ഷേത്രങ്ങളുടെ സമ്പത്തും പണവും അന്യമതസ്ഥരുടെ ദേവാലയങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന വ്യാജപ്രചാരണത്തിന്റെ സത്യാവസ്ഥ നിയമസഭയില്‍ വസ്തുനിഷ്ഠമായി വിശദീകരിക്കപ്പെട്ടിട്ടും കള്ളം നൂറ് തവണ ആവര്‍ത്തിച്ചു സത്യമാക്കാനുള്ള ശ്രമമാണ്. ജമ്മു-കശ്മീരില്‍ മുസ്‌ലിംകളും പണ്ഡിറ്റുകളും സൗഹൃദം പങ്കിട്ട് ജീവിക്കെ തീവ്രവാദാക്രമണം മൂലം പണ്ഡിറ്റുകള്‍ക്കവിടെ ജീവിക്കാന്‍ വയ്യെന്ന് വരുത്തിത്തീര്‍ക്കാന്‍ മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ അവരെ ദല്‍ഹിയിലേക്ക് ആട്ടിത്തെളിയിച്ചതിന് കശ്മീരികളാണോ ഉത്തരവാദികള്‍?! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം