Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

മഹമൂദ് ഡോക്ടര്‍

കെ.പി ആദംകുട്ടി


ണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം കേന്ദ്രമായ മലയോര മേഖലയില്‍ അഞ്ച് പതിറ്റാണ്ടോളം ജനസേവന രംഗത്ത് സജീവമായ വ്യക്തിയായിരുന്നു മഹമൂദ് ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ.പി മഹമൂദ്(76). 

പാപ്പിനിശ്ശേരിയിലെ കുലീന കുടുംബത്തിലെ അംഗമായ ഡോക്ടര്‍ നഗരത്തിന്റെ ഭൗതിക സുഖങ്ങള്‍ ത്യജിച്ചു ജനസേവനം ലക്ഷ്യംവെച്ചാണ് ഈ അവികസിത മലയോര മേഖല പ്രാക്ടീസിന് തെരഞ്ഞെടുത്തത്. ചികിത്സാ, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് അദ്ദേഹം നടത്തിയ സേവനത്തിന്റെ നേര്‍ സാക്ഷ്യമാണ് മരണാനന്തര ചടങ്ങിനെത്തിയ സഹോദര സമുദായങ്ങളില്‍ നിന്നടക്കമുള്ള വന്‍ ജനക്കൂട്ടം. 

മണിക്കൂറുകളോളം നിന്ന് കൊണ്ടുള്ള പരിശോധന, കണ്‍സള്‍ട്ടിംഗ് റൂമില്‍ നിന്ന് തുടങ്ങുന്ന ക്യൂ, കൈപുണ്യം എന്ന് വിശേഷിപ്പിക്കുമാറ് വിരലില്‍ എണ്ണാവുന്ന തരത്തിലുള്ള മരുന്നുകള്‍, വിദഗ്ധ ഡോക്ടര്‍മാരെ അതിശയിപ്പിക്കുന്ന രോഗനിര്‍ണയം, ഫീസും മരുന്നും കൂടി 50 രൂപയിലധികം ഈടാക്കാത്ത ചികിത്സ, ഏതു രാത്രിയിലും രോഗിക്ക് ചികിത്സ ലഭിക്കാന്‍ ഗേറ്റ് ഇല്ലാത്ത വീട് തുടങ്ങിയവയാണ് ഡോക്ടറെ ജനകീയനാക്കിയത്. 

വിശ്രമമില്ലാതെ ചികിത്സ നടത്തിയ ഡോക്ടര്‍ ഒരു വനിതാ അനാഥാലയ (Salsabeel Girls Orphanage) വും ഇംഗ്ലീഷ് മീഡിയം സ്‌കൂളും (Salsabeel English Medium School) സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. ഏറ്റവും നല്ല അനാഥാലയത്തിനുള്ള സാമൂഹിക ക്ഷേമ വകുപ്പിന്റെ അവാര്‍ഡ് സല്‍സബീല്‍ ഗേള്‍സ് ഓര്‍ഫനേജിന് ലഭിക്കുകയുണ്ടായി. 

നവോത്ഥാന പ്രസ്ഥാനങ്ങളെ കഴിയുന്നത്ര സഹായിച്ചു. നാട്ടിലെ സലഫി പള്ളിക്ക് വേണ്ടി വാങ്ങിയ ഭൂമിക്ക് വില നല്‍കാന്‍ പ്രയാസപ്പെട്ടപ്പോള്‍ പരിഹരിച്ചത് ഡോക്ടറായിരുന്നു. അന്ധവിശ്വാസങ്ങളോട് സമരം ചെയ്തപ്പോഴും അതിനു പ്രോത്സാഹനം നല്‍കുന്ന സംഘടനകളുമായി  സൗഹൃദം നിലനിര്‍ത്തി. പ്രബോധനത്തെയും പ്രാസ്ഥാനിക പ്രസിദ്ധീകരണങ്ങളെയും വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാര്യ: റൈഹാനത്ത്, മക്കള്‍: സോഫിയ, ഷംസാദ്, ജാസ്മിന്‍. 

എന്‍.കെ കുഞ്ഞായന്‍


ണ്ണൂര്‍ ജില്ലയിലെ മമ്പറം പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സഹകാരിയായിരുന്നു  എന്‍.കെ കുഞ്ഞായന്‍. ദീര്‍ഘകാലം മമ്പറം മസ്ജിദ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ചെറിയ ഒരു സ്രാമ്പി മാത്രമായിരുന്ന മമ്പറത്തെ പള്ളി, ഇന്നത്തെ നിലവിലുള്ള ജുമാ മസ്ജിദായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ മാധ്യമം ദിനപത്രം മമ്പറം പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ജാതി-മത ഭേദമന്യേ പ്രദേശത്തെ മുഴുവനാളുകളോടും അടുത്തിടപെടാനും അവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാനും വളരെയേറെ ശ്രദ്ധിച്ചിരുന്നു. ലീഗ് പിളര്‍ന്നപ്പോള്‍ അദ്ദേഹം അഖിലേന്ത്യാ ലീഗ് പക്ഷത്തായിരുന്നു.  ആരാധനാ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ചിട്ട എടുത്ത് പറയേണ്ടതാണ്. നിത്യവും മുടങ്ങാതെ സുബ്ഹി നമസ്‌കാരത്തിന് മമ്പറം പള്ളിയില്‍ എത്തിച്ചേരുന്ന പതിവ് അസുഖം വന്ന് തീരെ വയ്യാതാവുന്നതുവരെ തുടര്‍ന്നു. കുടുംബത്തെയും മക്കളെയും ദീനിചിട്ടയോടെ വളര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. 

സുബൈര്‍ മുഹമ്മദ്

അബ്ദുല്‍ഖാദര്‍ മുറ്റിച്ചൂര്‍

പ്രതീക്ഷിതമായാണല്ലോ പലപ്പോഴും മരണത്തിന്റെ കടന്നുവരവ്. ജുമുഅക്ക് തയാറെടുക്കുമ്പോഴായിരുന്നു മുറ്റിച്ചൂരിലെ അബ്ദുല്‍ ഖാദര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്. മുറ്റിച്ചൂരിന്റെ മത, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. ജാതി-മതഭേദമന്യേ അദ്ദേഹത്തിന്റെ സേവന സഹായ സല്‍ക്കാരങ്ങള്‍ സ്വീകരിക്കാത്ത ആരും ഒരുപക്ഷേ നാട്ടിലുണ്ടാവില്ല. മുറ്റിച്ചൂരില്‍ മദ്രസാ - മസ്ജിദ് കമ്മിറ്റികളുടെ സാരഥിയായിരിക്കുമ്പോള്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലെ ആശയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ പ്രത്യേക നയചാതുര്യം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. 

മാരക രോഗങ്ങള്‍ക്കും അപകടങ്ങളില്‍ പെട്ടവര്‍ക്കും സഹായം നല്‍കാനും ഫണ്ട് ശേഖരിക്കാനും പ്രത്യേകം സമയം കണ്ടെത്തിയിരുന്നു അദ്ദേഹം. സുഹൃദ്‌സല്‍ക്കാരം അദ്ദേഹത്തിന്റെ മറ്റൊരു ദൗര്‍ബല്യമായിരുന്നു. എന്തെങ്കിലുമൊരു കാരണം കണ്ടുപിടിച്ച് ആഴ്ചയിലൊരിക്കലെങ്കിലും സദ്യ സംഘടിപ്പിക്കുക അദ്ദേഹത്തിന് ഹരമായിരുന്നു.

കെ. മുഹമ്മദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം