Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

നിരപരാധികളെ വിട്ടയക്കണം

ആര്‍.എസ് എസിന്റെ പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് മുസ്‌ലിം സമുദായത്തെ ഒപ്പം കൂട്ടാനായി പുതിയൊരു രാഷ്ട്രീയ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സംഗതി പക്ക രാഷ്ട്രീയമാണെങ്കിലും ആത്മീയതയുടെ ഉടുപ്പണിയിച്ചിട്ടുണ്ട്. ഫെബ്രുവരി 18 മുതല്‍ 25 വരെ 'ഖുര്‍ആന്‍ പാരായണ വാരം' (ആയത്തെ കരീമ) ആചരിക്കാനാണ് തീരുമാനം. 'തസ്ബീഹെ യൂനുസ്' പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഒന്നേകാല്‍ ലക്ഷം തവണ ചൊല്ലുന്നതും കാമ്പയിന്റെ ഭാഗമാണ്. ഇത് ഒരാള്‍ ഒറ്റക്ക് ചൊല്ലുകയോ വ്യക്തികള്‍ കൂട്ടായി ചൊല്ലിത്തീര്‍ക്കുകയോ ചെയ്താല്‍ മതിയാവും. ഈ പെടാപാടൊക്കെ പെടുന്നത് എന്തിനെന്ന ചോദ്യം ന്യായമാണ്. ഇന്ത്യയില്‍ നിന്ന് 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന ഭൂതത്തെ തുരത്തിയോടിക്കുകയാണ് ലക്ഷ്യം! തദാവശ്യാര്‍ഥം വീടുകളില്‍ കയറി ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ പത്രസമ്മേളനവും അവര്‍ നടത്താന്‍ പോകുന്ന കാമ്പയിനും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നോ അത് എന്തെങ്കിലും ചലനമുണ്ടാക്കുമെന്നോ ആരും കരുതുന്നില്ല. അടുത്തകാലത്തായി ഐ.എസിന്റെ മറപിടിച്ച് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് സംശയമുണര്‍ത്തുന്നത്. മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കിയതും ഇതിന്റെ ഭാഗമായിത്തന്നെയാവണം. ഐ.എസ് എന്ന ഭീകര സംഘം പശ്ചിമേഷ്യയിലെ പല രാഷ്ട്രങ്ങള്‍ക്കും, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ പോലുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും വലിയൊരു ഭീഷണിയായി വളര്‍ന്നിട്ടുണ്ട്എന്നത് നേരാണ്. ഏത് രാജ്യത്തേക്കും അവര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത നിലനില്‍ക്കുന്നത് കൊണ്ട് പരമാവധി ജാഗ്രത ആവശ്യവുമാണ്. അതിനാല്‍ തന്നെ, ഇന്ത്യന്‍ ഭരണകൂടം ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലോ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിലോ യാതൊരു അപാകവുമില്ല.

പക്ഷേ, ഐ.എസ് അനുഭാവികളെന്ന പേരില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതിനെട്ട് പേരെ അറസ്റ്റ് ചെയ്തത് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ദല്‍ഹി പോലീസുമാണ് അറസ്റ്റുകള്‍ നടത്തിയിരിക്കുന്നത്. ദല്‍ഹി പോലീസ് ഝാര്‍ഖണ്ഡില്‍ നിന്ന് നാലു പേരെ അറസ്റ്റ് ചെയ്തു; മറ്റുള്ളവരെ എന്‍.ഐ.എ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും. ഇതില്‍ പതിനാല് പേര്‍ രാജ്യത്ത് വലിയ തോതിലുള്ള സ്‌ഫോടനങ്ങള്‍ നടത്താന്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങവെയാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ പറയുന്നു. ദ ഹിന്ദു ദിനപത്രം എഴുതിയ എഡിറ്റോറിയലില്‍ (ജനുവരി 25) സൂചിപ്പിച്ചതുപോലെ, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏതെങ്കിലും തരത്തില്‍ ഐ.എസുമായി ബന്ധമുള്ളവരാണെങ്കില്‍ ആ ഭീകര സംഘത്തിന്റെ നെറ്റ്‌വര്‍ക്കുകളെക്കുറിച്ച വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ശേഖരിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇതെഴുതും വരെ അങ്ങനെയുള്ള വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല. എന്നല്ല, ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഐ.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാനാവാതെ അന്വേഷണ ഏജന്‍സികള്‍ വിയര്‍ക്കുകയുമാണ്. ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാളാണ് ദല്‍ഹിയിലെ ഉസ്മാനിയ പള്ളിയിലെ ഇമാം മുഫ്തി സാമി ഖാസിമി. മുസ്‌ലിംകള്‍ ഐ.എസില്‍ ചേരണമെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തു എന്നാണ് ചാര്‍ത്തപ്പെട്ട കുറ്റം. പക്ഷേ, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അരിച്ച് പൊറുക്കിയിട്ടും അങ്ങനെയൊരു ആഹ്വാനം കണ്ടെത്താനായില്ല. മറ്റുള്ളവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളും തെളിവുകള്‍ സഹിതം സ്ഥാപിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല.

ഈയൊരു പശ്ചാത്തലത്തിലാണ്, നിരപരാധികളായ മുസ്‌ലിംകളെ ഐ.എസിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്‌ലിം മജ്‌ലിസെ മുശാവറ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം കൂട്ടായ്മകള്‍ രംഗത്ത് വന്നത്. ഭീകരക്കേസുകളില്‍ പ്രതികളാക്കി നിരവധി മുസ്‌ലിം ചെറുപ്പക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസുകളില്‍ ഒരു ശതമാനം പോലും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. 2004-ല്‍ യു.എ.പി.എ എന്ന കരിനിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 141 മുസ്‌ലിംകളില്‍ 123 പേരും നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു. പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ ജയിലുകളില്‍ നരകയാതന അനുഭവിച്ചതിന് ശേഷമാണ് ഈ നിരപരാധികള്‍ മോചിപ്പിക്കപ്പെടുന്നത്. അപ്പോഴേക്കും അവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം എല്ലാ അര്‍ഥത്തിലും തകര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇവര്‍ പ്രതികളാക്കപ്പെട്ട മക്ക മസ്ജിദ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് ഭീകരാക്രമണങ്ങളുടെയൊക്കെ പിന്നില്‍ ഹിന്ദുത്വ ഭീകരര്‍ ആയിരുന്നുവെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകളും എന്നാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ സംശയിക്കുന്നത്. ഐ.എസ് ഇന്ത്യയില്‍ ഒരു ഭീഷണിയല്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവനകളിറക്കിയ ശേഷമാണ് ഈ കൂട്ട അറസ്റ്റുകള്‍. അത് ഇനിയും തുടരാനും സാധ്യതയുണ്ട്. യു.പിയിലും മറ്റും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അധികാരികളില്‍ നിന്നുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ഇതിനെതിരെ പൊതുസമൂഹം ശക്തമായ നിലപാടെടുത്തില്ലെങ്കില്‍, ഒരുപാട് നിരപരാധികളുടെ ജീവിതം ഇനിയും ഹോമിക്കപ്പെടും.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം