Prabodhanm Weekly

Pages

Search

2016 ജനുവരി 08

കൊമേഴ്‌സിലെ സാധ്യതകള്‍

സുലൈമാന്‍ ഊരകം /കരിയര്‍

 CA (ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി)

കൊമേഴ്‌സില്‍ തിളങ്ങാന്‍ താല്‍പര്യമുള്ള സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു പഠന വഴിയാണ് Chartered Accountancy (CA). പ്ലസ്ടു ഏതു വിഷയം പഠിച്ചവര്‍ക്കും സി.എക്ക് ചേരാം. ഓഡിറ്റര്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, കോര്‍പ്പറേറ്റ് ലോ, ടാക്‌സേഷന്‍, അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍ എന്നീ വഴികളിലൂടെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാം. CPT, IIPCC and Final എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ കടന്നുവേണം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍. Common Proficiency Test-ന് പ്ലസ്ടു മുതല്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം. അക്കൗണ്ടന്‍സിയുടെ അടിസ്ഥാന വിവരങ്ങള്‍, വാണിജ്യ നിയമങ്ങള്‍, സാമ്പത്തിക ശാസ്ത്രം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയില്‍ നിന്ന് നൂറ് മാര്‍ക്ക് വീതമുള്ള ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. 50 മാര്‍ക്ക് നേടിയവര്‍ക്ക് IIPCC എന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. CPTക്ക് ആറായിരം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 2016 ജൂണില്‍ നടക്കുന്ന CPT പരീക്ഷക്ക് 2016 മാര്‍ച്ചില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. The Institute of Chartered Accountants of India (ICAI)യാണ് ഈ പരീക്ഷ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്താല്‍ തപാല്‍വഴി പഠന സാമഗ്രികള്‍ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ പോയി മികച്ച പരിശീലനം നേടുന്നതായിരിക്കും ഉചിതം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ എഴുതാം. രണ്ടാം ഘട്ടമായ IIPCCയിലാണ് യഥാര്‍ഥത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കരിക്കുലം പഠിക്കുന്നത്. Accounting, Business Law, Ethics and Communication, Cost Accounting, Financial Management, Taxation എന്നിവ ഗ്രൂപ്പ് ഒന്നില്‍ പെടുന്നു. ഇവ പാസ്സായാല്‍ മൂന്ന് വര്‍ഷം ഒരു  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കീഴില്‍ പരിശീലനം നേടുകയും വേണം. Advanced Accounting, Auditing and Assurance, Information Technology, Strategic Management എന്നിവയാണ് ഗ്രൂപ്പ് രണ്ടിലെ പാഠ്യ വിഷയങ്ങള്‍. ഒമ്പതിനായിരം രൂപയാണ് IIPCCയുടെ ഫീസ്. ഇവയെല്ലാം കഴിഞ്ഞു വേണം അവസാന ഘട്ടമായ ഫൈനല്‍ പരീക്ഷ എഴുതാന്‍. ഫൈനല്‍ പരീക്ഷക്കും ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ പ്രത്യേകം വിഷയങ്ങള്‍ തരം തിരിച്ചിട്ടുണ്ട്. ഈ രണ്ട് ഗ്രൂപ്പും പാസ്സായാല്‍ മാത്രമേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പദവി ലഭിക്കുകയുള്ളൂ. www.icai.org

 ഗവേഷണത്തിന് ASPIRE

മികച്ച അക്കാദമിക മികവുള്ള റഗുലര്‍ PG/Mphil/Phd വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പഠനത്തിന് സംസ്ഥാന കോളേജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ASPIRE സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലക്ക് കീഴിലെ ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ റഗുലര്‍ വിദ്യാര്‍ഥിയായിരിക്കണം. യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സെന്ററുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകര്‍ക്ക് 85 ശതമാനം അറ്റന്റന്‍സും മികച്ച അക്കാദമിക റിക്കാര്‍ഡും ഉണ്ടാവണം. UGC/CSIR/JRF ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. അവസാന തീയതി ജനുവരി 31. www.collegateedu.kerala.gov.in

 MBA പ്രവേശനം കേരളത്തില്‍

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ MBA ചെയ്യുന്നതിനുള്ള പ്രവേശന പരീക്ഷയായ Kerala Management Aptitude Test-ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ PG Diploma in Business Management-നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീതതി ജനുവരി 20. www.asckerala.org

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍