Prabodhanm Weekly

Pages

Search

2016 ജനുവരി 08

ഇന്ത്യന്‍ സാമൂഹിക ജീവിതവും ഇസ്‌ലാമിക പ്രസ്ഥാനവും

ഡോ. ഹസന്‍ രിദാ /കവര്‍‌സ്റ്റോറി

         ഇന്ത്യ വിശാലമായ രാജ്യമാണ്. ഇവിടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത വര്‍ണ-വര്‍ഗ മത വിഭാഗങ്ങള്‍ കുടിയേറ്റം നടത്തിയിട്ടുണ്ട്. അങ്ങനെ വന്നുചേരന്ന സകലരെയും ദൈവത്തിന്റെ ഈ ഭൂമി അതിന്റെ മടിത്തട്ടില്‍ സ്വീകരിച്ചിരുത്തി. ഭൂമിശാസ്ത്ര വിസ്തൃതി, സാംസ്‌കാരിക വൈവിധ്യങ്ങള്‍, വര്‍ണ-വംശ വൈജാത്യങ്ങള്‍, മത-ഭാഷാ ഭിന്നതകള്‍ ഇവയൊക്കെ ഉണ്ടായിരിക്കെ തന്നെ അവര്‍ക്കിടയില്‍ ഐക്യത്തിന്റെ വികാരം വളര്‍ന്നുകൊണ്ടിരുന്നു. അവര്‍ക്കിടയില്‍ വര്‍ണ വിവേചനങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും ചൂഷണവുമൊക്കെ നിലനിന്നിരുന്നുവെന്നത് ശരിതന്നെ. അതുപോലെ ഭൗതികതയും ആത്മീയതയും തമ്മിലുള്ള സംഘട്ടനങ്ങള്‍, ഏകദൈവത്വവും ബഹുദൈവത്വവും തമ്മിലുള്ള വടംവലികള്‍, ഹിംസയും അഹിംസയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയും നടന്നിരുന്നു. അതെല്ലാം ഉണ്ടായിരിക്കെതന്നെ അനുരഞ്ജനത്തിന്റെയും ആദാന പ്രദാനങ്ങളുടെയും സൗഹാര്‍ദത്തിന്റെയും സംവാദത്തിന്റെയും അനുഭവങ്ങളും നിലനിന്നുപോന്നിട്ടുണ്ട്. ആശയപരമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരിക്കെത്തന്നെ പരസ്പരം തോളുരുമ്മി നീങ്ങാനുള്ള മനസ്ഥിതി ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്നു. അങ്ങനെ വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ പൂത്തുലയുന്ന ഒരു പൂങ്കാവനമായി ഇന്ത്യാ മഹാരാജ്യം വളര്‍ന്നു. സത്യാന്വേഷണവും നീതിന്യായ ചിന്തയും ശാന്തിയുടെയും സ്‌നേഹത്തിന്റെയും ഗീതകങ്ങളും സല്‍കര്‍മങ്ങളുടെ തുയിലുണര്‍ത്തലുകളും ആത്മസംസ്‌കരണവും സഹിഷ്ണുതയുമൊക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വത്തായി മാറി.

ആര്യന്‍ ജനത ആദ്യകാലങ്ങളില്‍ സ്വാതന്ത്ര്യം, സമത്വം, ലാളിത്യം, സല്‍കര്‍മം എന്നിവക്ക് ഊന്നല്‍ നല്‍കിയിരുന്നു. അവര്‍ക്ക് മുമ്പ് ദ്രാവിഡ സമൂഹങ്ങളും നാഗരിക ജീവിതത്തോടൊപ്പം സമത്വം, നീതി, കര്‍മോത്സുകത തുടങ്ങിയവയെ തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളായി പരിഗണിച്ചിരുന്നു. മഹാ ഭാരതത്തിനു ശേഷം ആരംഭിച്ച വൈദിക സംസ്‌കാരവും അടിമത്ത ജാതി സമ്പ്രദായം, ആഡംബര ജീവിതം എന്നിവയെ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ഇവയെല്ലാം തന്നെ പില്‍ക്കാലങ്ങളിലാണ് ഉടലെടുത്തത്. ബഹുദൈവത്വവും ഹൈന്ദവ സമൂഹത്തില്‍ പില്‍ക്കാലത്തുണ്ടായ കൂട്ടിച്ചേര്‍ക്കലാണ്. സാധാരണക്കാരുടെ ആചാര ബദ്ധത, ഉപരി വര്‍ഗത്തന്റെ വംശീയ പക്ഷപാതിത്വം, സാമൂഹിക ഭിന്നത എന്നിവക്കെതിരെ കലഹിച്ച ശ്രീബുദ്ധന്‍ സഹാനുഭൂതി, അക്രമരാഹിത്യം, സ്‌നേഹം, ആത്മനിയന്ത്രണം എന്നിവക്കാണ് തന്റെ ഉദ്‌ബോധനങ്ങളില്‍ ഊന്നല്‍ നല്‍കിയിരുന്നത്. അതിലൂടെ ഇന്ത്യന്‍ സമൂഹത്തിന് പുതിയൊരു ക്രിയാത്മകതയും കര്‍മാവേശവും അദ്ദേഹം പ്രദാനം ചെയ്തു. ഇസ്‌ലാമാകട്ടെ, ഇവിടത്തെ സത്യാന്വേഷണ കുതുകികളായ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഏകദൈവ വിശ്വാസത്തിന്റെ തേനിശല്‍ പകരുകയും സമൂഹത്തില്‍ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും പാഠങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്തു. വിശ്വമാനവികതയുടെ പുതുരക്തം കൊണ്ട് ഇന്ത്യയുടെ സമൂഹഗാത്രത്തിന് അത് ആരോഗ്യവും ഉന്മേഷവും നല്‍കി.

നാനാത്വത്തോടൊപ്പം ഏകത്വവും സംഘര്‍ഷത്തോടൊപ്പം സമവായ വികാരവും സംഘട്ടനങ്ങള്‍ക്കൊപ്പം ആശയ വിനിമയവും നിലനിര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി ശിഥിലവും വിഭജിതവുമായ ഒരു ഇന്ത്യന്‍ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരത്രെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ദേശ ദ്രോഹികള്‍. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രകൃതി ഘടനയും ചരിത്രത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇവിടെ ആഗതരായ ജനവിഭാഗങ്ങളെല്ലാം തന്നെ അവരുടെ പ്രതാപത്തിന്റെയും രക്തത്തിളപ്പിന്റെയും കാലഘട്ടത്തിലാണ് ഇവിടെ കുടിയേറ്റം നടത്തിയത്. പരാജിതരും ദുര്‍ബലരുമായ അവസ്ഥയില്‍ ദുര്‍ഘട പാതകള്‍ താണ്ടി ഇന്ത്യയിലേക്ക് കടന്നുവരുക സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഊര്‍ജസ്വലരായ സമൂഹങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടേക്ക് കുടിയേറ്റം നടത്തിയത്. അവരുടെ മനസ്സിന്റെ ധ്യാന-വിചിന്തന വാസനകള്‍ക്ക് ഇവിടത്തെ കാടുകളും പര്‍വത നിരകളും അനുകൂല സാഹചര്യങ്ങളൊരുക്കി. ഇവിടത്തെ സമതലങ്ങളും നദീതടങ്ങളും അവരുടെ കൂട്ടത്തിലെ കരുത്തന്മാര്‍ക്ക് ലോകം കീഴടക്കാനുള്ള പരിശീലനക്കളരിയായി. ജൈത്രയാത്രകള്‍ക്കൊപ്പം ചിന്തയും മനനവും ധ്യാനവും തപസ്സും ഭക്തിയും ബലിയര്‍പ്പണവും ഇവിടത്തെ സമൂഹത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഇന്ത്യന്‍ ചിന്തക്കൊപ്പം വൈദേശിക ചിന്തകളും അറബി ശബ്ദങ്ങളും ഹിന്ദുസ്താനി ഭാഷയുടെയും സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും ഊടും പാവുമായി മാറി.

വ്യതിയാനങ്ങള്‍ മഹത്വവത്കരിക്കപ്പെടുന്നു

എന്നാല്‍, ഈ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തലങ്ങള്‍ക്ക് മറ്റൊരു വശവും കൂടി ഉണ്ടായിരുന്നു. ഈ ഭൂപ്രദേശം ജനങ്ങള്‍ കടന്നുപോകുന്ന ഒരു പാത മാത്രമായി അവശേഷിച്ചില്ല എന്നതാണത്. ഇവിടെ വന്നവരെല്ലാം സ്ഥിര വാസമാക്കുകയാണ് ചെയ്തത്. അതിനാല്‍, കാലം കടന്നുപോയപ്പോള്‍ മുരടിപ്പും മരവിപ്പും അവരെ ഗ്രസിച്ചു. തിന്മയും സങ്കുചിതത്വവും ദൗര്‍ബല്യവും ഇവിടെ വേരുറപ്പിച്ചു. അവസാനം ഈ ദൗര്‍ബല്യങ്ങള്‍ പാരമ്പര്യത്തിന്റെ വര്‍ണമണിഞ്ഞു. പാരമ്പര്യത്തിന് വിശുദ്ധിയുടെ പട്ടം ചാര്‍ത്തപ്പെട്ടാല്‍ അതിന്റെ ശുദ്ധീകരണം അസാധ്യമായിത്തീരും. ദൗര്‍ബല്യങ്ങള്‍ പവിത്രീകരിക്കപ്പെടുകയും സമൂഹത്തിന്റെ ഘടകമായിത്തീരുകയും ചെയ്യും. അങ്ങനെ, ഇന്ത്യന്‍ സമൂഹത്തില്‍ ഒരു വശത്ത് വൈവിധ്യങ്ങളുടെയും സഹിഷ്ണുതയുടെയും സംവാദ വിവാദങ്ങളുടെയും നന്മകള്‍ കാണപ്പെടുമ്പോള്‍ മറ്റൊരു വശത്ത് പുരാതനമായ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സങ്കുചിതത്വവും വ്യതിയാനങ്ങളുമൊക്കെ മഹത്വവത്കരിക്കപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നു. അല്‍ബിറൂനി കിതാബുല്‍ ഹിന്ദില്‍ സമര്‍പ്പിക്കുന്ന ഇന്ത്യയുടെ ചിത്രം ഇപ്പറഞ്ഞ കാര്യങ്ങളെ സത്യപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ മനുഷ്യന്റെ സകല ധൈഷണിക സംരംഭങ്ങളും ശാസ്ത്രം, കല തുടങ്ങിയവയും മതത്തിന്റെ ഭാഗമാക്കപ്പെട്ടിരുന്നതായും ചരിത്ര വായനയില്‍ നിന്ന് ഊഹിക്കാനാകും. തുളസിച്ചെടി, യോഗാ, ഗംഗാ ജലം, കാര്‍ഷിക യുഗത്തില്‍ പശുവിനുണ്ടായിരുന്ന പ്രാധാന്യം എന്നിവയൊക്കെ മതാചാരങ്ങളുടെ ഭാഗമായി മാറുകയുണ്ടായി.

അതുകൊണ്ടാണ് ഇന്നും നമ്മുടെ രാജ്യത്ത് ഒരു ഭാഗത്ത് ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഫാഷിസ്റ്റ് ശക്തികള്‍ അവര്‍ക്ക് വേണ്ടി മിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നില്‍ വിജയം വരിക്കുന്നത്. പുരാതന-മധ്യകാല ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തോടൊപ്പം സമകാലീന ഇന്ത്യയിലെ സംഘര്‍ഷങ്ങളെ മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ ഉണ്ടായ നവോത്ഥാന സംരംഭങ്ങളെ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇംഗ്ലീഷുകാരുടെ ആഗമനത്തോടെയാണ് ഈ ചരിത്രഘട്ടം ആരംഭിക്കുന്നത്.

നവോത്ഥാനത്തിന്റെ തുടക്കം

1857-ന് മുമ്പുള്ള ഇന്ത്യയുടെ ചരിത്രം സുല്‍ത്താന്മാരുടെയും രാജാക്കന്മാരുടെയും ചരിത്രമാണ്. സുല്‍ത്താന്മാര്‍ ആര്യ വംശത്തില്‍ പെട്ടവരോ ദ്രാവിഡ വംശത്തില്‍ പെട്ടവരോ തുര്‍ക്കികളോ മുഗളരോ ആരുമാവാം. അവരില്‍ ശിഷ്ടരും ദുഷ്ടരുമായ രാജാക്കന്മാരുണ്ടായിരുന്നതായി വായിക്കാനാവും. മൗര്യന്മാര്‍, ഗുപ്തന്മാര്‍, അശോകന്‍, ഹര്‍ഷ വര്‍ധന്‍, തുര്‍ക്കികള്‍, മുഗളര്‍, രജപുത്രര്‍, സിഖുകാര്‍, ജാട്ടുകള്‍ തുടങ്ങി വിവിധ തരക്കാരുണ്ട്.

അത് രാജവാഴ്ചയുടെ കാലമായിരുന്നു. അടിമത്തത്തിന്റെ കാലമായിരുന്നില്ല. ബംഗാളിലെ സിറാജുദ്ദൗലയടെ പരാജയത്തിനും മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ രക്തസാക്ഷ്യത്തിനും ശേഷമാണ് അടിമത്തയുഗം ആരംഭിക്കുന്നത്. എങ്കിലും അതിനു ശേഷം ഇന്ത്യയില്‍ വിവിധ തലങ്ങളില്‍ നവോത്ഥാന സംരംഭങ്ങള്‍ ആരംഭിക്കുകയുണ്ടായി. രാജാറാം മോഹന്‍ റായ് 1930-ല്‍ തുടക്കം കുറിച്ച ബ്രഹ്മസമാജമായിരുന്നു ഒന്നാമത്തേത്. ആചാരങ്ങളുടെ ശുദ്ധീകരണം, ഏകദൈവത്വ പ്രചാരണം, ഇന്ത്യക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനം എന്നിവയായിരുന്നു സമാജത്തിന്റെ അടിസ്ഥാനപരമായ പരിപാടികള്‍. അപ്രകാരം സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തുടക്കം കുറിച്ച അലീഗഢ് പ്രസ്ഥാനവും വിദ്യാഭ്യാസത്തിന് വിശേഷിച്ചും ആധുനിക വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയത്. സ്വാമി ദയാനന്ദ സരസ്വതി വേദങ്ങളിലേക്കുള്ള മടക്കം, ഏകദൈവത്വ പ്രചാരണം, സനാതന ധര്‍മ വിരോധം എന്നീ അടിത്തറകളില്‍ ഊന്നിക്കൊണ്ട് രൂപീകരിച്ച പ്രസ്ഥാനമാണ് ആര്യ സമാജം. ഹിന്ദുമതത്തിലെ എല്ലാ നവീകരണ സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചത് ആര്യ സമാജമാണെന്ന് പറയപ്പെടുന്നു. ആര്യ സമാജവുമായി ബന്ധപ്പെട്ടവര്‍ ഇസ്‌ലാമുമായും ക്രിസ്തുമതവുമായും വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു.

മുസ്‌ലിംകള്‍ക്കിടയില്‍ ഷാഹ് വലിയ്യുല്ലാഹിയുടെ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മൗലാനൗ ഖാസിം നാനൂത്തവി തുടക്കം കുറിച്ച ദയൂബന്ദ് പ്രസ്ഥാനം ഇന്ത്യന്‍ മുസ്‌ലിംകളില്‍ സമുദായ സംരക്ഷണത്തിന്റെയും മതനവീകരണത്തിന്റെയും മണിമുഴക്കി. അതോടൊപ്പം പാശ്ചാത്യ നാടുകളില്‍ നിന്ന് വന്ന ആശയ തരംഗങ്ങളും ഇന്ത്യയിലെ ഈ നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി. രാമകൃഷ്മ പരമഹംസര്‍ പാശ്ചാത്യ നാഗരികതയെക്കാള്‍ മഹത്തരമാണ് ഭാരതീയ സംസ്‌കാരം എന്ന് സമര്‍ഥിക്കാന്‍ പ്രയത്‌നിച്ചു. അതിന്റെ  ഫലമായാണ് രാമകൃഷ്മ മിഷന്‍ ഉണ്ടായത്. ഭാരതത്തിന്റെ സാംസ്‌കാരിക മഹത്വത്തെക്കുറിച്ച അവബോധത്തെ രാഷ്ട്രീയാടിമത്തത്തിനെതിരായുള്ള ചെറുത്തുനില്‍പിന്റെ ഭാഗമാക്കി വളര്‍ത്തിയെടുക്കാനുള്ള ഒരന്തരീക്ഷം അത് സൃഷ്ടിച്ചു.

വിവേകാനന്ദന്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്തി. ജനമനസ്സുകളില്‍ പ്രസ്തുത മഹത്വബോധം ഉത്തേജിപ്പിച്ച് അദ്ദേഹം ജനമനസ്സുകളെ ഉന്മിഷത്താക്കുകയും രാഷ്ട്രീയാടിമത്തത്തില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത് ഹൈന്ദവ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ അടിത്തറ ഭദ്രമാക്കി. ചരിത്രത്തിന്റെ ആ ഒരു ദശാസന്ധിയില്‍ ഈ പ്രസ്ഥാനങ്ങളെല്ലാം അവയുടെ ദൗത്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയുണ്ടായി.

വിഭാഗീയതയുടെ വിത്തുകള്‍

ഒന്നാം ലോകയുദ്ധത്തിനു ശേഷം പാശ്ചാത്യ ശക്തികള്‍ ലോകത്തെ പുതിയ രീതിയില്‍ നിയന്ത്രിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ശക്തി ഉപയോഗിച്ച് അധിനിവേശം നിലനിര്‍ത്താനുള്ള അജണ്ട തയാറാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഉസ്മാനിയ്യ ഖിലാഫത്തിനെ അവര്‍ തുണ്ടം തുണ്ടമാക്കി; ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കാന്‍ തീരുമാനമെടുത്തു. ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ വര്‍ഗീയ സങ്കുചിതത്വത്തിലും സാമുദായിക രാഷ്ട്രീയത്തിലും കുടുക്കിയിട്ട് മേഖലയെ മൊത്തം വിഭജിച്ചുകൊണ്ട് നേരിട്ട് ഭരണം നടത്താനും അവര്‍ അജണ്ട തയാറാക്കി. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തി കണ്ടറിഞ്ഞ അവര്‍ ഉടനെത്തന്നെ ഹിന്ദു-മുസ്‌ലിം കലാപങ്ങളുടെ പരമ്പരക്ക് തിരി കൊളുത്തി. അതോടെ, സംഘ്-ലീഗ് രാഷ്ട്രീയത്തിന്റെ പുതിയൊരു ചരിത്ര ഘട്ടം ആരംഭിച്ചു. രണ്ടാം ലോക യുദ്ധത്തോടെ അത് പൂര്‍ണ യുവത്വം പ്രാപിച്ചു. വിഭജിച്ചു ഭരിക്കല്‍ നയം മുന്നോട്ടു കുതിച്ചു. കാബിനറ്റ് മിഷന്‍ സമ്മേളനത്തില്‍ മൗലാനാ അബുല്‍ കലാം ആസാദ് വ്യക്തമാക്കിയത് പോലെ, ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോള്‍ ചേര്‍ന്ന് സ്വാതന്ത്ര്യം നേടിയെടുക്കുകയും പരസ്പര സംവാദത്തിന്റെയും സദ്ഭരണത്തിന്റെയും അന്തരീക്ഷം തുടര്‍ന്നും നിലനില്‍ക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ന് സാംസ്‌കാരിക സംഘട്ടനങ്ങള്‍ക്ക് പകരം ലോകം ഇവിടെ നിന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം കേള്‍ക്കുകയും സാംസ്‌കാരിക സംവാദത്തിന്റെ കാര്യത്തില്‍ നേതൃത്വപരമായ ഒരു പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയും ചെയ്യുമായിരുന്നു. കാരണം മനുഷ്യ ചരിത്രത്തില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും കളിത്തൊട്ടിലായിട്ടുള്ള ഒരു രാജ്യമാണിത്.

എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ വര്‍ഗീയ ശക്തികള്‍ ഐക്യത്തിന്റെ ഈ ശക്തി മനസ്സിലാക്കുകയുണ്ടായില്ല. ഇസ്‌ലാമിക പ്രസ്ഥാനം ആ കാലത്തും ഐക്യത്തോടൊപ്പം രാഷ്ട്രീയ നീതിയുടെയും നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇന്നും വര്‍ഗീയ ശക്തികള്‍ സാംസ്‌കാരിക ദേശീയതയുടെ പുതിയ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് അന്തര്‍ദേശീയ ഗൂഢാലോചനകളുടെ ഇരകളും ആഗോള സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളുമായി മാറി. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മൂന്നാം ലോകത്തെ പതുക്കെ പതുക്കെ ചെറുതും വലുതുമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഇസ്‌ലാമിക പ്രസ്ഥാനം ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തി രാജ്യത്ത് സമാധാനവും നീതിയും സംസ്ഥാപിക്കാനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തിലെ ഈ തിക്ത യാഥാര്‍ഥ്യങ്ങള്‍ക്കും ഇന്ത്യാ വിഭജനത്തിനും ശേഷവും ഇന്ത്യ സ്വാതന്ത്ര്യാനനന്തരം പുതിയ ഭരണഘടനക്ക് കീഴില്‍ ജനാധിപത്യ യാത്ര പുനരാരംഭിക്കുകയുണ്ടായി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഈ പുതിയ ഭരണഘടന അനുവദിക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ സാമൂഹിക സ്ഥാപനങ്ങളുടെയും ദിശ നിര്‍ണയിക്കാനും ഇന്ത്യാ മഹാ രാജ്യത്തിന്റെ സാമൂഹിക ലക്ഷ്യം അടയാളപ്പെടുത്താനും ഇന്ത്യന്‍ നേതാക്കളുടെ രാഷ്ട്രീയമായ ദൂരക്കാഴ്ചക്ക് സാധിക്കുകയും ചെയ്തിരിക്കുന്നു. അതനുസരിച്ച് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിയും ഇന്ത്യന്‍ ജനതയുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ശക്തിപ്രാപിക്കുന്നതാണ്. രാജ്യത്തെ മുഴുവന്‍ പൗരന്മാരും ജനാധിപത്യ മൂല്യങ്ങളും മര്യാദകളും പാലിക്കുന്നതായിരിക്കും. അവകാശ സമത്വം, നിയമവാഴ്ച, സാമൂഹിക സ്ഥാനങ്ങളില്‍ എല്ലാവര്‍ക്കും പങ്കാളിത്തവും പ്രാതിനിധ്യവും, തീരുമാനങ്ങളില്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ ആദരിക്കലുമാണ് ജനാധിപത്യം കൊണ്ട് അര്‍ഥമാക്കുന്നത് തന്നെ. പൊതു സ്ഥാപനങ്ങളില്‍ എല്ലാ മതക്കാരുടെയും വിഭാഗക്കാരുടെയും പങ്കാളിത്തവും പ്രാതിനിധ്യവും ക്ഷേമവും പുരോഗതിയും ഉറപ്പിക്കപ്പെടും. അവകാശങ്ങളിലും ബാധ്യതകളിലും എല്ലാവരും തുല്യരായിരിക്കും. പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേക പരിഗണന നല്‍കി അവസരങ്ങള്‍ തുല്യമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കും. ഇത് ആരോടുമുള്ള പ്രീണനമല്ല, ജനാധിപത്യത്തിന്റെ താല്‍പര്യം മാത്രമാണ്. ഏതെങ്കിലും കുടുംബത്തിന്റെയോ വംശത്തിന്റെയോ ഗോത്രത്തിന്റെയോ മേധാവിത്വം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടാതിരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ആത്മാവ്. മനുഷ്യരുടെ ഇടയിലുള്ള ഉച്ചനീചത്വങ്ങള്‍ ജനാധിപത്യതത്ത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.

ഭരണഘടനയുടെ വകുപ്പുകളുടെയും അവയില്‍ നല്‍കപ്പെട്ട അവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ പ്രസ്ഥാനങ്ങളും സംഘങ്ങളും ഹിന്ദു-മുസ്‌ലിം സംഘടനകളും രൂപീകൃതമായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു നാലിന കര്‍മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ജമാഅത്ത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ ഭദ്രതക്കും പൂര്‍ത്തീകരണത്തിനും വേണ്ടി സൈദ്ധാന്തികവും ധാര്‍മികവും ആത്മീയവുമായ വശങ്ങളിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത് എന്നതും ഒരു വസ്തുതയാണ്. എന്നാല്‍ കൂടിയാലോചനകളിലും തീരുമാനങ്ങളിലും ദൈവത്തിന്റെ യുക്തി, താല്‍പര്യം, ഇഛ എന്നിവയോട് നാം കലഹിക്കാതിരിക്കുക എന്നതാണ്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ദൂരീകരണം നമ്മുടെ മുന്‍ഗണനകളില്‍ ഒന്നാമത്തേതാണ്.

ഡോ. അംബേദ്കര്‍ ജനാധിപത്യത്തിന്റെ വിജയത്തിനു വേണ്ടി സാമൂഹിക, സാമ്പത്തിക സമത്വത്തെ ഊന്നിപ്പറഞ്ഞിരുന്നു. ഭരണഘടനാ നിര്‍മാണ സഭയില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ അന്തസ്സത്ത തന്നെ അതായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ദുര്‍ബരായ ജനവിഭാഗങ്ങളെ സമത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പിനും പുരോഗതിക്കും ഒഴിച്ചുകൂടാനാവാത്തതാണ്. ജനസംഖ്യാപരമായി താഴെ നില്‍ക്കുന്നവരോട്, അഥവാ ന്യൂനപക്ഷങ്ങളോട്, അവരുടെ എണ്ണം കുറവാണെന്നത് കൊണ്ട് അനീതി കാണിക്കപ്പെടരുത്. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സാമ്രാജ്യത്വമായി മാറരുത്.

അസഹിഷ്ണുതക്ക് നിലനില്‍പ്പില്ല

എന്നാല്‍, ഖേദകരമെന്ന് പറയട്ടെ, ഹിന്ദുത്വ ശക്തികളുടെ അധികാരലബ്ധിക്ക് ശേഷം ഇന്ന് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും സഹിഷ്ണുതാ പാരമ്പര്യവുമെല്ലാം തന്നെ സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരും മതപരമായി ന്യൂനപക്ഷവും ആയ സമുദായങ്ങളുടെ കാര്യത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കേവലം താല്‍ക്കാലികമാണെന്നും മനസ്സിലാക്കണം. ശാശ്വതമായി ഹിന്ദുത്വ അജണ്ട ഇവിടെ വിജയിക്കാന്‍ പോകുന്നില്ല. ഇന്ത്യയുടെ വിസ്തൃതിയും സാംസ്‌കാരിക വൈവിധ്യങ്ങളും ജനാധിപത്യ സ്ഥാപനങ്ങളുടെയും മൂല്യങ്ങളുടെയും ഭദ്രതയും ഭരണഘടനയുടെ ആത്മാവും ഇന്ത്യന്‍ ജനതയുടെ മനസ്സാക്ഷിയുമെല്ലാം അതത്രെ വിളിച്ചോതുന്നത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ടി.എസ് ഥാകര്‍ അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി: ''സഹിഷ്ണുത ഇന്ത്യയുടെ പരമ പ്രധാനമായ മൂലധനമാണ്. ഓരോ പൗരന്റെയും സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ ഒരു പൗരനോടും അസഹിഷ്ണുത പാടില്ലാത്തതാണ്. രാജ്യത്ത് നീതിപീഠവും നിയമവും ഉണ്ടായിരിക്കുന്നേടത്തോളം കാലം അങ്ങനെയൊന്നും സംഭവിക്കുകയില്ല. കാരണം അവരുടെ അവകാശ സംരക്ഷണത്തിന് സുപ്രീം കോടതി ഇന്നും നിലനില്‍ക്കുന്നുണ്ട്.''

മാത്രമല്ല, 1920-1945 കാലഘട്ടത്തിലെ പാശ്ചാത്യ ലോകത്തിന്റെ ചരിത്രം വായിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടും. യൂറോപ്പില്‍ ഫാഷിസവും നാസിസവും നിലനിന്നത് 20-25 വര്‍ഷം മാത്രമാണ്. അക്കാലത്ത് എല്ലാവരും കരുതിയിരുന്നത് യൂറോപ്പിന്റെ ഭാവി ഫാഷിസവും നാസിസവുമായി ബന്ധപ്പെട്ടായിരിക്കും എന്നാണ്. പക്ഷേ, അത് സംഭവിക്കുകയുണ്ടായില്ല. ജല കുമിളകള്‍ പോലെ അവ മാഞ്ഞുപോവുകയാണുണ്ടായത്. അക്രമവും അന്യായവും വ്യാജ പ്രചാരണവും അധികകാലം മനുഷ്യ പ്രകൃതി സഹിച്ചു നില്‍ക്കുകയില്ല. അപ്രകാരം രാജ്യത്തെ നിലവിലുള്ള അവസ്ഥയും കൂടുതല്‍ കാലം നിലനില്‍ക്കുകയില്ല. പക്ഷേ, നാം ക്ഷമയും സംയമനവും കൈക്കൊള്ളണമെന്ന് മാത്രം.

അതിനാല്‍, വര്‍ഗീയതക്ക് പകരം സാഹോദര്യവും ഫാഷിസത്തിന് പകരം ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെ ബലപ്പെടുത്താനായിരിക്കണം നാം ശ്രമിക്കേണ്ടത്. ഈ രാഷ്ട്രീയ സാഹചര്യങ്ങളെ മുസ്‌ലിംകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഫാഷിസ്റ്റ് ശക്തികള്‍ക്ക് നവോന്മേഷം പകര്‍ന്നുകൊടുക്കുക എന്നാണ്. സകല പ്രശ്‌നങ്ങളെയും ഭൂരിപക്ഷ-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലിട്ട് പ്രദര്‍ശിപ്പിക്കുകയെന്നതാണ് അവരുടെ തന്ത്രം. അങ്ങനെ ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും അവരുടെ വൈകാരിക പ്രതികരണം ക്ഷണിച്ചുവരുത്തുകയും ചെയ്യുക. അത് ഹിന്ദുത്വ ശക്തികള്‍ക്ക് കൂടുതല്‍ ആവേശവും പ്രോത്സാഹനവും ആയിത്തീരും. മറ്റൊരു തന്ത്രം ഭൂരിപക്ഷ ഹൃദയങ്ങളില്‍ സ്വന്തം മഹത്വത്തെക്കുറിച്ച വ്യാജ സങ്കല്‍പങ്ങള്‍ ഊതിവീര്‍പ്പിക്കുക എന്നതാണ്. അത് നിലനിര്‍ത്താന്‍ വേണ്ടി അവര്‍ പുതിയ പുതിയ അടവുകള്‍ പയറ്റിക്കൊണ്ടിരിക്കും.

സാമൂഹിക നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്

അതിനാല്‍ നമ്മുടെ സാമൂഹിക നയത്തിന്റെ ഒന്നാമത്തെ പോയിന്റ് ഇതത്രെ:  നാം ഈ പ്രശ്‌നങ്ങളെ സാമുദായിക സംഘര്‍ഷത്തിന്റെ പ്രശ്‌നമായി വളരാന്‍ അനുവദിക്കരുത്. മറിച്ച് ദേശീയവും ഭരണഘടനാപരവുമായ ഒരു പ്രശ്‌നമായി കാണണം. നീതിയുടെയും ന്യായത്തിന്റെയും താല്‍പര്യമായും, മുഴുവന്‍ മനുഷ്യരാശിയുടെ നാശത്തിന്റെ കാരണമായും അതിനെ മനസ്സിലാക്കണം. ആ നിലക്ക് അതിനെ അഭിമുഖീകരിക്കണം. ഈ വിഷയത്തില്‍ നമ്മുടെ ലക്ഷ്യം നിയമവാഴ്ചയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ശാക്തീകരണമായിരിക്കണം. അതിനു വേണ്ടി നാം മനുഷ്യ പ്രകൃതിയെയാണ് അഭിസംബോധന ചെയ്യേണ്ടത്. മാനവിക ഐക്യത്തിലും സാമൂഹിക നീതിയിലും വിശ്വാസമുള്ള മുഴുവന്‍ ആളുകളുമായും സഹകരിച്ചുകൊണ്ട് അതിനെ ചെറുക്കണം.

ഇവിടെ മറ്റൊരു കാര്യം കൂടി ഉണര്‍ത്തേണ്ടതുണ്ട്. മുസ്‌ലിം രാഷ്ട്രീയ സംഘടനകളും നേതാക്കളും ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ വോട്ട് പിന്‍ബലം വളര്‍ത്തണം. ജനാധിപത്യത്തില്‍ എല്ലാ സംഘങ്ങള്‍ക്കും മത വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ അവകാശമുണ്ട്. ആ അവകാശം തടയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സമുദായത്തെ ബോധ്യപ്പെടുത്തണം. അതേസമയം രാഷ്ട്രീയ നേതാക്കള്‍ സാഹചര്യത്തിന്റെ സന്ദിഗ്ധത മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിംകളില്‍ ജനാധിപത്യ രാഷ്ട്രീയ ബോധം ഉണര്‍ത്തേണ്ട ആവശ്യമുള്ളിടത്ത് അത് ചെയ്യണം. നീതിക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഇടങ്ങളില്‍ അതും വേണം. ജനങ്ങളില്‍ ഉണര്‍വ് സൃഷ്ടിക്കുന്നതും, രാഷ്ട്രീയ ശിക്ഷണം നല്‍കുന്നതും, തങ്ങളുടെ പ്രശ്‌നങ്ങളെ തങ്ങളുടെ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി ജനാധിപത്യ സ്ഥാപനങ്ങളും ഫോറങ്ങളും രൂപീകരിക്കുന്നതും, എല്ലാ തലങ്ങളിലും ജനാധിപത്യ ജനകീയ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതും സാമൂഹിക പ്രശ്‌നങ്ങളില്‍ എല്ലാവരുമായും സഹകരിച്ചുകൊണ്ട് പരിഹാര ശ്രമം നടത്തുന്നതും നല്ലത് തന്നെ. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തെ പ്രസ്താവനകളിലൂടെ ഇകഴ്ത്തുന്നതും തങ്ങളുടെ രാഷ്ട്രീയ സംഘടനയുടെ അജണ്ടകളെ ഉപയോഗപ്പെടുത്തി പ്രോപഗണ്ടകള്‍ മുഖേന മാര്‍ക്കറ്റിംഗ് ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.

രണ്ടാമത്തെ പോയിന്റ്: സാമൂഹികതയെക്കുറിച്ച ഈ കാഴ്ചപ്പാടിനൊപ്പം രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശേഷിച്ച് മുസ്‌ലിം സമൂഹം ചലിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് പല വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കും. ഉദാഹരണമായി, ഇവിടത്തെ മുസ്‌ലിംകള്‍ ഇന്ത്യക്കാരും, അവരവരുടേതായ പ്രാദേശിക ഐഡന്റിറ്റികള്‍ ഉള്ളവരുമാണ്. തൊഴില്‍, കച്ചവടം, സംഘടന, മഹല്ല് തുടങ്ങിയവയുമായും അവര്‍ക്ക് ബന്ധങ്ങളുണ്ട്. ഈ വ്യത്യസ്ത തലങ്ങളിലുമുള്ള ധാര്‍മിക താല്‍പര്യങ്ങളെ നാം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒരു നിലയില്‍ ചലിക്കുകയും മറ്റു നിലകളില്‍ അലസരായിരിക്കുകയും ചെയ്യുന്നതായാല്‍ ബഹുസ്വര സമൂഹത്തില്‍ പതുക്കെപ്പതുക്കെ നമുക്കുള്ള ബന്ധങ്ങളും വേരുകളും ദുര്‍ബലങ്ങളായിത്തീരും. അത് അസത്യത്തിന്റെ ശക്തികള്‍ ഉപയോഗപ്പെടുത്താന്‍ ഇടയാകും. പൊതു ജനങ്ങളുമായുള്ള ഗുണകാംക്ഷയും സ്‌നേഹബന്ധങ്ങളുമാണ് നമ്മുടെ യഥാര്‍ഥ ശക്തി.

മൂന്നാമത്തെ പോയിന്റ്: വ്യക്തി എന്ന നിലക്ക് വ്യത്യസ്ത നിലകളില്‍ ചലിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം നവഭാരത നിര്‍മാണത്തില്‍ വ്യത്യസ്ത മതക്കാര്‍ക്കിടയില്‍ വിശ്വാസ വൈജാത്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ നാം നമ്മുടെ ഊര്‍ജസ്വലത നിലനിര്‍ത്തണം. ചില പ്രശ്‌നങ്ങളില്‍ പൊതു സഹകരണത്തിന്റെ രീതികള്‍ വളര്‍ത്തിയെടുക്കണം. അവയില്‍ മതപരവും വിശ്വാസപരവുമായ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ മനസ്സും മെയ്യും ഒന്നായി പ്രവര്‍ത്തിക്കണം. ദാരിദ്ര്യം, അജ്ഞത, രോഗം എന്നിവയുടെ നിര്‍മാര്‍ജനത്തിന് വേണ്ടി നമുക്ക് മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവും. ഭരണകൂടത്തിന്റെ പല പദ്ധതികളുടെയും വിജയത്തിന് വേണ്ടി ചെറുതും വലുതുമായ സംഘടനകളുടെ ചട്ടക്കൂടില്‍ ഒരുമിച്ച് പരിശ്രമിക്കാനാവും. ഇവ്വിധം രാജ്യത്തെയും സമൂഹത്തെയും സേവിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അര്‍ഥവത്തായ പരസ്പര ബന്ധം സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്.

നാലാമത്തെ പോയിന്റ്: നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ചിന്താ തലത്തില്‍ ദേശീയത്വവും മാനവികതയും തമ്മിലും, രാഷ്ട്രീയ തലത്തില്‍ ഫാഷിസവും ജനാധിപത്യവും തമ്മിലുമുള്ളതാണ്. അവയെ രാഷ്ട്രീയമായും ചിന്താപരമായും അഭിസംബോധന ചെയ്യേണ്ടതുണ്ട്. വര്‍ഗീയ ശക്തികളുടെ വിജയത്തിന്റെ ഒരു കാരണം, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുസ്‌ലിം ചരിത്രത്തെയും കുറിച്ച് ഓറിയന്റലിസ്റ്റുകളും സങ്കുചിത മനസ്‌കരായ ഗ്രന്ഥകര്‍ത്താക്കളും പ്രചരിപ്പിച്ച തെറ്റിദ്ധാരണകളാണെന്നും ഇസ്‌ലാമിക പ്രസ്ഥാനം കരുതുന്നു. അതുകൊണ്ട് ജനസേവനം, മാനവിക ഐക്യം, ജനാധിപത്യ മൂല്യങ്ങള്‍, സാമൂഹിക നീതി എന്നിവക്കായുള്ള പരിശ്രമങ്ങള്‍ക്കൊപ്പം മുസ്‌ലിംകളെയും മുസ്‌ലിം ചരിത്രത്തെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനുള്ള പരിശ്രമങ്ങള്‍ കൂടി ആവശ്യമാണ്. ചില ആളുകളുടെ വിവരംകെട്ട പ്രസ്താവനകളോട് പ്രതികരിക്കുന്നതിനു പകരം പ്രബോധനം നടത്താന്‍ ലഭിച്ച സുവര്‍ണാവസരമായി കണ്ട്  അവയെ യുക്തിദീക്ഷയോടെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

അഞ്ചാമത്തെ പോയിന്റ്: ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജനാധിപത്യ പരീക്ഷണത്തിന് 65 വര്‍ഷം അപര്യാപ്തമാണ്. ഇന്നത്തെ ഈ ദുരവസ്ഥകളെല്ലാം അധികാര മത്സരത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയത്തിന്റെയും ലക്ഷണങ്ങളാണ്. അധികാര ലഹരിയില്‍ മതിമറന്ന്, സകല ധാര്‍മിക മര്യാദകളെയും ചവിട്ടിയരച്ച് ജനാധിപത്യ-സെക്കുലര്‍ പാര്‍ട്ടികള്‍ വരെ അധികാരത്തിന് വേണ്ടി സ്വന്തം തത്ത്വങ്ങളെയും മൂല്യങ്ങളെയും വില്‍പന നടത്തുകയാണ്. ഇവയെല്ലാം ജനാധിപത്യത്തിലെ ചില നാഴികക്കല്ലുകള്‍ മാത്രമാണ്. നമ്മള്‍ അവയെ ആ നിലക്ക് തന്നെ എടുക്കണം. ഈ അനുഭവങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് രാജ്യത്തെ സമാധാനത്തിന്റെയും നീതിയുടെയും ദൈവഭയത്തിന്റെയും പാതയിലൂടെ നയിക്കാന്‍ പരിശ്രമിക്കണം. അതോടൊപ്പം മുസ്‌ലിം സമുദായത്തിന്റെ മനസ്സില്‍ യഥാര്‍ഥ ദൈവ ഭക്തി കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടി നടത്തണം. സ്ഥാപനങ്ങളിലും മത സംഘടനകളിലും സമൂഹത്തിലും ജനാധിപത്യത്തിന്റെയും കൂടിയാലോചനയുടെയും ആത്മാവ് നിലനിര്‍ത്തണം. ഈ സ്ഥാപനങ്ങളിലും സംഘടനകളിലും നിലനില്‍ക്കുന്ന മതപരമായ ഏകാധിപത്യവും വ്യക്തിപൂജയും നിലനിര്‍ത്തിക്കൊണ്ടും അധികാര കേന്ദ്രങ്ങള്‍ക്ക് വാലാട്ടിക്കൊണ്ടും ഫാഷിസത്തെ ചെറുക്കുക സാധ്യമല്ല. എല്ലാ സ്ഥാപനങ്ങളിലും വേദികളിലും സമത്വത്തിന്റെയും കൂടിയാലോചനയുടെയും ആത്മാവിനെ ശക്തിപ്പെടുത്തേണ്ടത് അതിനാവാശ്യമാണ്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനുള്ള പരിപാടികള്‍ സമര്‍പ്പിക്കുമ്പോള്‍ ഇസ്‌ലാമിന്റെയും സംഘടിത ജീവിതത്തിന്റെയും പരസ്പര കൂടിയാലോചനയുടെയും പാഠവും ശിക്ഷണവും നല്‍കേണ്ടത് അത്യാവശ്യമത്രെ.

ഏത് സാഹചര്യത്തിലും സത്യത്തിന്റെ സാക്ഷികളാവുകയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്തം. 'നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തപ്പെട്ട, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായമാകുന്നു' എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വെളിച്ചത്തില്‍ നന്മയുടെ മാതൃകകളായിക്കൊണ്ട് നാം നമ്മുടെ മതത്തെയും സംസ്‌കാരത്തെയും സമര്‍പ്പിക്കണം. അത് സൃഷ്ടിക്കുന്ന സാംസ്‌കാരികവും മാനസികവുമായ സ്വാധീനത്തെ ഒരു രാഷ്ട്രീയ ശക്തിക്കും തടുത്തു നിര്‍ത്താനാവുകയില്ല. ദൈവത്തിന്റെ അടയാളക്കുറികളായി, ദൈവികാനുഗ്രഹങ്ങളെ സാക്ഷാത്കരിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. ഇത് നാം ചെയ്യുകയാണെങ്കില്‍ മനുഷ്യരുടെ വൈയക്തികാവസ്ഥകളിലും സാമൂഹിക ഘടനയിലും ഇസ്‌ലാമിന്റെ സ്വാധീനവും സുഗന്ധവും പരക്കുന്നതാണ്. ദൈവത്തിനുള്ള വിധേയത്വവും അനുസരണവും സമര്‍പ്പണവും വഴി ഉല്‍പാദിപ്പിക്കപ്പെടുന്ന ആത്മീയ ശക്തിയില്‍ നാം വിശ്വാസമര്‍പ്പിക്കണം. 

(ഹൈദരാബാദില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി മെമ്പേഴ്‌സ് മീറ്റില്‍ ചെയ്ത പ്രസംഗം. ദല്‍ഹിയിലെ ഇസ്‌ലാമിക് അക്കാദമി ചെയര്‍മാനാണ് ഡോ. ഹസന്‍ രിദാ).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍