മാധ്യമങ്ങളുടെ ഒരു കഷ്ടപ്പാടേ!
മറിച്ചൊന്നും പറയാനാവാത്ത മര്യാദപുരുഷോത്തമന്മാരുടെ പട്ടികയിലേക്ക് നരേന്ദ്ര മോദിക്കു പിന്നാലെ കടന്നുകയറുകയാണ് അരുണ്‍ ജയ്റ്റ്‌ലിയും. പൊറുത്തു കൊടുക്കാന്‍ രാജ്യം നിര്‍ബന്ധിതമായ ഒരു ഭൂതകാലവും അതിലേറെ കണ്ണടച്ചിരുട്ടാക്കേണ്ട വര്‍ത്തമാന വിശേഷങ്ങളുമാണ് നമ്മുടെ പ്രധാനമന്ത്രിയുടേത്. എന്നിട്ടും മീഡിയ ഇദ്ദേഹത്തെ ഇപ്പോഴും കൊണ്ടാടുന്നു. ഒടുവിലൊടുവിലായി മോദിയോടൊപ്പമുള്ളവര്‍ക്കും ദേശീയ മാധ്യമങ്ങള്‍ ഈ അപ്രമാദിത്വം വകവെച്ചു കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹെറാള്‍ഡ് കേസില്‍ സോണിയയുടെയും രാഹുലിന്റെയും കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ കാണിച്ച 'നിഷ്പക്ഷത' അരുണ്‍ ജയ്റ്റ്‌ലിയോട് ഇവരാരും കാണിക്കുന്നില്ല. എന്നല്ല ജയ്റ്റ്‌ലിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഭരണകൂട ക്യാമ്പില്‍ നിന്നാണെങ്കില്‍ മോദിക്ക് അനഭിമതരായവരുടെ കാര്യത്തില്‍ മാത്രമാണ് അഴിമതി ഒരു വിഷയമാക്കിയെടുക്കാന്‍ ചാനലുകളും പത്രങ്ങളുമൊക്കെ ഉത്സാഹിക്കാറുള്ളത്. സുഷ്മ, വസുന്ധര, ശിവ്‌രാജ് സിംഗ് ചൗഹാന്‍ വിവാദങ്ങള്‍ ഉദാഹരണം. അരുണ്‍ ജയ്റ്റ്‌ലി എന്ന മാസ്റ്റര്‍ ബ്രോക്കറുടെ കാര്യത്തില്‍ അധികാരവും കച്ചവടവും അടിച്ചേല്‍പ്പിക്കുന്ന ബാധ്യതകളാണ് ഇന്ത്യന്‍ മാധ്യമങ്ങളെ അലട്ടുന്നത്.
ജയ്റ്റ്‌ലിയെ അടുത്തറിയുന്ന ഏതു പത്രക്കാരനും മനസ്സിലാക്കിയിട്ടുള്ള ഒരു സത്യമുണ്ട്. മഹാജനു ശേഷമുള്ള കാലത്തെ ബി.ജെ.പിയുടെ ഏറ്റവും നല്ല കച്ചവടക്കാരനായി മാറുന്നത് ജയ്റ്റ്‌ലിയാണ്. പാര്‍ട്ടിയുടെ പ്രൊപഗണ്ടാ മെഷീന്‍ എന്നതിലപ്പുറം വാര്‍ത്ത എന്ന ഇനത്തില്‍ വരവു വെക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഡീ ബ്രീഫിംഗിന് പോകാറുണ്ടായിരുന്നവര്‍ക്ക് അല്‍പ്പം മുമ്പെ സമാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ കിട്ടിയതിനേക്കാള്‍ പുതിയതൊന്നും ലഭിക്കാറുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ രൂപീകരണ കാലത്ത് ജയ്റ്റ്‌ലിയുടെ സുഹൃത്തുക്കള്‍ എന്ന് അഹങ്കരിച്ച പത്രക്കാരില്‍ ഒറ്റയൊന്നിനു പോലും ഒരു കഷണം വാര്‍ത്ത പോലും ജയ്റ്റ്‌ലിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരുന്നില്ല. ഇന്നും സര്‍ക്കാറിന്റെ ഒരു വാര്‍ത്തയും ജയ്റ്റ്‌ലിയിലൂടെ കിട്ടിയതായി ആരും അവകാശപ്പെടുന്നുമില്ല. പക്ഷേ ബി.ജെ.പി ആഗ്രഹിക്കുന്ന വഴികളിലൂടെ മാധ്യമ മുതലാളിമാരെ നയിക്കാന്‍ എന്നും ജയ്റ്റ്‌ലിക്കായി. അമിത് ഷായുടെയും മോദിയുടെയുമൊക്കെ കേസുകള്‍ തേച്ചു മായ്ച്ചു കളഞ്ഞ് ബി.ജെ.പിക്കകത്ത് ശക്തനായി മാറിയ ഈ 'മിതവാദി' നേതാവ് കോര്‍പറേറ്റ് ലോകത്തെ ദൈവമായി മാറുന്ന കാഴ്ചയാണ് ഇതുവരെ അവതരിപ്പിച്ച രണ്ടേ രണ്ട് ബജറ്റുകള്‍ക്കു ശേഷം കാണാനുണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയുമൊക്കെ ജയ്റ്റ്‌ലിയുടെ കാര്യത്തില്‍ ഒരല്‍പ്പം കൂടുതല്‍ വളഞ്ഞു. കേന്ദ്ര രാഷ്ട്രീയത്തെ വരിഞ്ഞു മുറുക്കുന്ന കുലാക്കുകളുടെ അഴിമതിക്കേസും കുത്തകകളുടെ കമ്പനിക്കേസുകളുമൊക്കെ കൈകാര്യം ചെയ്ത് മാധ്യമ മുതലാളിമാരുമായും രാഷ്ട്രീയ മേലാളന്മാരുമായും ഉണ്ടാക്കിയെടുത്ത ജയ്റ്റ്‌ലിയുടെ ബന്ധമായിരുന്നു ഇപ്പോള്‍ പുറത്തുവന്ന ദല്‍ഹി ക്രിക്കറ്റ് അഴിമതിക്കേസില്‍ സ്വയം വിശുദ്ധനാവാന്‍ സഹായിച്ച മാധ്യമ മമതയുടെ മറുവശം.
അഴിമതി എന്നു നാം ഇതുവരെ പരിചയപ്പെട്ട ഏര്‍പ്പാടിന് ബി.ജെ.പിയുടെ കാലത്തും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പരിപ്പിന്റെ വില കൂട്ടിയതു തൊട്ട് എണ്ണയുടെ പേരില്‍ നടക്കുന്ന കൊള്ളയടിയില്‍ വരെ പാര്‍ട്ടിയും നേതാക്കളുമൊക്കെ വിഹിതം പറ്റുന്നുണ്ട് എന്നതാണ് അതെ കുറിച്ച കിഞ്ചന വര്‍ത്തമാനങ്ങളിലുള്ളത്. ഈ അഴിമതി പുറത്തറിയുന്നതിലും അതിനെ മനസ്സിലാക്കുന്നിടത്തും വ്യത്യാസമുണ്ടായിട്ടുണ്ട് എന്നേയുള്ളൂ. മീഡിയയുടെ വിധേയത്വം മാത്രമാണ് യു.പി.എയുടെയും എന്‍.ഡി.എയുടെയും കാലഘട്ടങ്ങള്‍ തമ്മിലുള്ള വ്യത്യാസം. മാധ്യമങ്ങള്‍ ചെയ്യുന്ന പണി ഏതു കാലത്തും നായയുടേതാണെങ്കിലും കാവല്‍ നായയുടെ പണിയും വാലാട്ടിപ്പട്ടിയുടെ പണിയും തമ്മിലുള്ള വ്യത്യാസമാണിത്. ഭരണം എന്നത് കമ്മീഷന്‍ വിഴുങ്ങലായി മാറ്റിയെടുക്കാത്ത അരവിന്ദ് കെജ്‌രിവാളിനെ പോലെ ഒരാള്‍ ദല്‍ഹിയിലുള്ളപ്പോള്‍ ബി.ജെ.പി അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമായിരുന്നു ഈയിടെ ദല്‍ഹി ചീഫ് സെക്രട്ടറി രാജീന്ദര്‍ കുമാറിന്റെ ഓഫീസില്‍ സി.ബി.ഐ നടത്തിയ റെയ്ഡ്. നരേന്ദ്ര മോദിയെയും ജയ്റ്റ്‌ലിയെയും പോലുള്ളവര്‍ പിന്നിലിരുന്ന് ചരടു വലിച്ച ആ റെയ്ഡിനെ പൊളിച്ചടുക്കാന്‍ പക്ഷേ കെജ്‌രിവാളിന് കഴിഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന തലക്കെട്ടിട്ട് ഏതു കാപട്യത്തെയും വെള്ളപൂശാന്‍ തയാറല്ലാത്ത ഒരു മുഖ്യമന്ത്രിയുടെ ആര്‍ജവമായിരുന്നു അത്. റിലയന്‍സിനും അദാനിക്കും വേണ്ടി നട്ടെല്ലു വളച്ച് മൂക്കു കൊണ്ട് ഞെരിയാണി തൊടുന്നവരുടെ കാലത്ത് കെജ്‌രിവാള്‍ കാണിച്ച ആ ധിക്കാരം അപാരമായിരുന്നു.
കടലാസില്‍ മാത്രമുള്ള 14 കമ്പനികള്‍ക്കാണ് അരുണ്‍ ജയ്റ്റ്‌ലി ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന കാലത്ത് ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ നവീകരണ പ്രവൃത്തികള്‍ക്ക് കോണ്‍ട്രാക്ട് ലഭിച്ചത്. ഇവയില്‍ ഒന്നു പോലും നിലവിലില്ല. ജെയ്റ്റ്‌ലിയുടെ കുടുംബക്കാരുടെ കമ്പനികള്‍ പോലും അക്കൂട്ടത്തിലുണ്ട്. അഴിമതിയെ കുറിച്ച് രേഖാമൂലം പരാതി ലഭിച്ചതിനു ശേഷവും ജയ്റ്റ്‌ലി കണ്ണടച്ച കേസുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ബി.ജെ.പിയുടെ ദര്‍ഭംഗ എം.പി കീര്‍ത്തി ആസാദ് പുറത്തുവിട്ട 56 ചോദ്യങ്ങളില്‍ ഒന്നിനു പോലും മറുപടി പറയാന്‍ ജയ്റ്റ്‌ലിയെ ആരും നിര്‍ബന്ധിക്കാത്തത് ആ ചോദ്യങ്ങള്‍ അതിസമര്‍ഥമായി മാധ്യമങ്ങള്‍ മുക്കിയതു കൊണ്ടുതന്നെയല്ലേ? ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ് വാര്‍ത്തയാണ് കീര്‍ത്തിയുടെ ചോദ്യങ്ങളേക്കാള്‍ പ്രധാനപ്പെട്ട വാര്‍ത്തയായി മാറിയത്. അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തിയെ 'പാര്‍ട്ടി വിരുദ്ധ' പ്രവര്‍ത്തനത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തത് അഴിമതി നടത്തിയെന്ന് കുറ്റാരോപിതനായ ആള്‍ക്ക് ഒരു നോട്ടീസു പോലും കൊടുക്കാത്ത ബി.ജെ.പിയുടെ വേറിട്ട രാഷ്ട്രീയ സംസ്‌കാരത്തേക്കാള്‍ വലിയ വാര്‍ത്തയാവുന്നതും രാജ്യം കണ്ടു.
Comments