സാംസ്‌കാരിക ഔന്നത്യം വിളിച്ചോതി ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് പരിസമാപ്തി
സഊദി അറേബ്യന്‍ നിവാസികളുടെ സാംസ്‌കാരിക ഔന്നത്യം വിളിച്ചോതിയ ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകമേളക്ക് വിജയകരമായ പരിസമാപ്തി. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരം പുസ്തക വായനയെ സാരമായി ബാധിച്ചിരിക്കുന്നുവെന്ന പരിഭവം പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ വായന ഇപ്പോഴും നെഞ്ചേറ്റി വിജ്ഞാന സമ്പാദനത്തിന്റെ അനന്ത സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്ന ഒരു വലിയ സമൂഹത്തെയാണ് ജിദ്ദയില്‍ അവസാനിച്ച അന്താരാഷ്ട്ര പുസ്തക മേളയിലുടനീളം കാണാന്‍ സാധിച്ചത്. അറബി സമൂഹത്തിന്റെ വായന സംസ്‌കാരം ഇപ്പോഴും കൈവിട്ടു പോയിട്ടില്ല എന്നതിന് വ്യക്തമായ തെളിവായിരുന്നു അക്ഷരമേളക്കെത്തിയ ജനസഞ്ചയം. വിവിധ രാജ്യക്കാരും പ്രായക്കാരുമായ സ്ത്രീ പുരുഷന്മാരുടെ വന്‍ തിരക്കാണ് പുസ്തകമേളയുടെ പത്ത് ദിനങ്ങളിലും ജിദ്ദയില്‍ കാണാന്‍ കഴിഞ്ഞത്. ജിദ്ദയിലെ സൗത്ത് അബ്ഹുറിലെ ചെങ്കടല്‍ തീരത്ത് അമ്പതിനായിരം ചതുരശ്രമീറ്റര്‍ വിശാലതയുള്ള മൈതാനിയിലായിരുന്നു പ്രദര്‍ശന നഗരി ഒരുക്കിയിരുന്നത്. എട്ട് ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിച്ചതായും എണ്‍പത് ദശലക്ഷത്തിലേറെ റിയാലിന്റെ വില്‍പന നടന്നതായും സംഘാടക സമിതി അറിയിച്ചു. 25 രാഷ്ട്രങ്ങളില്‍നിന്നായി 440 പ്രസാധനാലയങ്ങള്‍ മേളയില്‍ പങ്കെടുത്തു.
കഥ, കവിത, ജീവചരിത്രം, ആത്മീയതാ പഠനം തുടങ്ങി പലതരത്തിലുള്ള പുസ്തകങ്ങള്‍ മേളയെ സമ്പന്നമാക്കി. പല പുസ്തകങ്ങളും താല്‍പര്യത്തോടെ ചോദിച്ചു വരുന്ന പുതിയ തലമുറയിലെ വായനക്കാരെ കാണുമ്പോള്‍ വായനാ സംസ്‌കാരത്തിന് ഒട്ടും ഭംഗം വന്നിട്ടില്ലെന്ന് നമുക്ക് ബോധ്യമാകും. അറബിയിലേക്ക് ഭാഷാന്തരം ചെയ്ത പുസ്തകങ്ങള്‍ക്കും ക്ലാസിക് കൃതികള്‍ക്കും അറബ് നാട്ടിലെ യുവ തലമുറ ഇപ്പോഴും ഏറെ പരിഗണന നല്‍കുന്നതായി അക്ഷരമേള സാക്ഷ്യപ്പെടുത്തി.
ഇന്ത്യയില്‍ നിന്നെത്തിയ ഏക പ്രസാധനാലയമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസി(ഐ.പി.എച്ച്)ന്റെ സ്റ്റാളിലും മികച്ച പ്രതികരണമായിരുന്നു. അക്ഷര സ്‌നേഹികളായ മലയാളികള്‍ സുഊദിയുടെ പല ഭാഗങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ ഒറ്റക്കും സംഘമായും ഐ.പി.എച്ച് സ്റ്റാളില്‍ എത്തി. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ മറ്റു പ്രസാധകരുടെ പല പുസ്തകങ്ങളും ഐ.പി.എച്ച് സ്റ്റാളില്‍ ലഭിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, കമല സുറയ്യ തുടങ്ങിയവരുടെ കൃതികള്‍ പലതും വിറ്റു തീര്‍ന്നിട്ടും ആവശ്യക്കാര്‍ എത്തിക്കൊണ്ടിരുന്നു. അറബിയിലേക്ക് മൊഴിമാറ്റം വരുത്തിയ കമല സുറയ്യയുടെ 'യാ അല്ലാഹ്', തകഴിയുടെ 'ശെമ്മീന്‍' എന്നീ പുസ്തകങ്ങള്‍ അറബികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശികളായ പുസ്തക പ്രേമികള്‍ തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് തഫ്ഹീമുല്‍ ഖുര്‍ആനും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളും മറ്റും ചോദിച്ചു വാങ്ങി കൊണ്ട് പോകുന്നുണ്ടായിരുന്നു.
ജിദ്ദയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ചാരുതയേറിയ ലേസര്‍ വെളിച്ച സംവിധാനത്തിലായിരുന്നു കമാനവും നഗരിയും ഒരുക്കിയിരുന്നത്. പുസ്തക സ്റ്റാളുകള്‍ക്കു പുറമെ ഫോട്ടോഗ്രാഫി പ്രദര്‍ശനം, അറബി കലിഗ്രാഫി പ്രദര്‍ശനം, ചിത്ര രചനാ പ്രദര്‍ശനം എന്നിവക്കും പ്രത്യേക സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച മേളയാക്കി വരുംകാലങ്ങളില്‍ ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയെ മാറ്റുമെന്ന സംഘാടകരുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
Comments