Prabodhanm Weekly

Pages

Search

2016 ജനുവരി 08

ഫാഷിസ്റ്റ് കാലത്തെ മാനവികത

എം. ഐ അബ്ദുല്‍ അസീസ്

         ഇസ്‌ലാം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം. ഇസ്‌ലാമാകട്ടെ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഇസ്‌ലാം സംസാരിക്കുന്നത് മുഴുവന്‍ മനുഷ്യ സമൂഹത്തോടുമാണ്. മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും വര്‍ത്തമാനങ്ങളെയാണ് അത് അഭിമുഖീകരിക്കുന്നത്. വംശ, വര്‍ണ, ദേശ വൈജാത്യങ്ങള്‍ക്കെല്ലാമപ്പുറത്ത് ഏക മാനവികതയാണ്, ദൈവത്തിന്റെയും മാനുഷ്യകത്തിന്റെയും ഏകതയാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാതല്‍. ദര്‍ശനമെന്നത് ആശയങ്ങളുടെയും വാക്കുകളുടെയും ലിഖിതങ്ങളുടെയും സമാഹാരം മാത്രമല്ല. അതിന്റെ വക്താക്കളുടെ സ്വഭാവവും ചര്യയും പെരുമാറ്റങ്ങളുമെല്ലാം നിര്‍ണയിക്കുന്നതാണത്. മറ്റൊരര്‍ഥത്തില്‍, മേല്‍പറഞ്ഞ വംശ, വര്‍ണ, ദേശ വ്യത്യസ്തതകള്‍ക്കെല്ലാമുപരിയായി മുഴുവന്‍ മനുഷ്യ സമൂഹത്തോടുമുള്ള ഗുണകാംക്ഷയാണ് ഇസ്‌ലാമിന്റെ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറയും ഇസ്‌ലാമിക പ്രവര്‍ത്തകന്റെ മുദ്രയും.

ഏക മാനവികതയ്‌ക്കെതിരെയുള്ള എല്ലാ സംഘര്‍ഷങ്ങളെയും പ്രതിരോധിക്കുകയെന്നതും ഇസ്‌ലാമിന്റെ നിലപാടാണ്. അതുകൊണ്ടു തന്നെ സമകാലിക ലോകത്തെ അടക്കിഭരിക്കുന്ന സാമ്രാജ്യത്വത്തിനും ഫാഷിസ്റ്റ് ശക്തികള്‍ക്കുമെതിരിലുള്ള പ്രതിരോധ മുന്നണിയില്‍ എന്നും ഇസ്‌ലാമിക പ്രസ്ഥാനം ഉണ്ടായിട്ടുണ്ട്.  ആധുനിക നാഗരികതയുടെ ഓരങ്ങളില്‍ കഴിയുന്നവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ജീവിതങ്ങളെ തന്നെ നിരാകരിക്കുന്ന മതേതരവും ആധുനികവുമായ മനുഷ്യ സങ്കല്‍പത്തെയല്ല ഏക മാനവികതയെന്ന് പറയുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനം അര്‍ഥമാക്കുന്നത്. 'ഞങ്ങളെല്ലാം സംസ്‌കൃത ചിത്തരായ മനുഷ്യരാണ്, നിങ്ങളെല്ലാം സംസ്‌കരിക്കപ്പെടേണ്ട അപരിഷ്‌കൃത മനുഷ്യരാണ് എന്ന ഏക്കാലത്തെയും അധിനിവേശ യുക്തി തന്നെയാണ് ഫാഷിസത്തിന്റെയും വംശീയവാദത്തിന്റെയും ശക്തി.  ഇതിനെ പാടേ ഇസ്‌ലാമിക പ്രസ്ഥാനം നിരാകരിക്കുന്നു. 

എല്ലാ മനുഷ്യരും ഒരേ ദൈവത്തിന് വഴങ്ങേണ്ട ഒരേ മാതാപിതാക്കളുടെ മക്കളാണ് എന്നതാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മാനുഷികത. അതുകൊണ്ട് തന്നെ ഇസ്‌ലാം ഏതെങ്കിലും പ്രത്യേക രാജ്യത്തിലെ പ്രത്യേക സമുദായത്തിന്റെയോ പ്രത്യേക സ്വത്വത്തിന്റെയോ താല്‍കാലിക പ്രശ്‌നങ്ങളുമായി കെട്ടു പിണഞ്ഞു നില്‍ക്കുന്നതല്ല. മറിച്ച്, മനുഷ്യരാശിയോളം, ഭൂഗോളത്തോളം വിശാലമാണത്. എല്ലാ മനുഷ്യരുടെയും ജീവിതപ്രശ്‌നങ്ങള്‍ നമ്മുടെ കൂടി ജീവിത പ്രശ്‌നങ്ങളാണ്. അവയില്‍ നിന്നുള്ള അവരുടെ മോചനം നമ്മുടെ കൂടി മോചനമാണ്. 

വംശീയമോ സാമുദായികമോ ആയ ഏതെങ്കിലും വിവേചനങ്ങളെയോ സവിശേഷ പരിഗണനകളെയോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത്തരം വംശീയ മഹിമാ വാദങ്ങളോട് പടവെട്ടിക്കൊണ്ടാണ് മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നതുതന്നെ എന്നാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട്. തീയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതിനാല്‍ താന്‍ മനുഷ്യനേക്കാള്‍ ശ്രേഷ്ഠനെന്ന ഇബ്‌ലീസിന്റെ അഹംബോധത്തെ ദൈവധിക്കാരമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അവര്‍ണ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഫാഷിസത്തെ(ഫറോവയെ)യും അതേ പദം കൊണ്ടാണ്  ഖുര്‍ആന്‍ നേരിട്ടത്. എന്നാല്‍  വംശ, വര്‍ണ, വര്‍ഗ, ദേശ, സ്വത്വ യാഥാര്‍ഥ്യങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നില്ല. അവ അഭിമുഖീകരിക്കുന്ന സവിശേഷവും  പൊതുവുമായ പ്രശ്‌നങ്ങളുമുണ്ടാവാം. അത്തരം സ്വത്വ സാന്നിധ്യങ്ങളെ അടയാളപ്പെടുത്തുന്ന എല്ലാ ഉടയാടകളും അഴിച്ചുവെച്ചു മാത്രമേ ഫാഷിസത്തിനെതിരെ കൂട്ടു ചേരാവൂ എന്ന  സമീപനം ഫാഷിസ്റ്റ്‌വിരുദ്ധ മുന്നണികളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. അത്തരം അതിവാദങ്ങളോടുള്ള ലാഘവ പ്രതികരണങ്ങളില്‍- ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ മാത്രമായിട്ട് ഉന്നയിച്ചു പരിഹരിച്ചുകളയാമെന്ന നിലപാടില്‍- ഊറിച്ചിരിക്കുക ഫാഷിസ്റ്റുകളായിരിക്കും; മാനവികതയുടെ ശത്രുക്കളായിരിക്കും. 

സമൂഹ, രാഷ്ട്ര ജീവിതത്തിന്റെ എല്ലാ ഞരമ്പുകളിലൂടെയും ഇരച്ചു കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മഹാഭീഷണിയാണിന്ന് ഫാഷിസം. പ്രതിരോധത്തിന്റെ വിരലനക്കങ്ങളെപ്പോലും അത് പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. ചെപ്പടിവിദ്യകളിലൂടെ അതിനെ പരാജയപ്പെടുത്തിക്കളയാമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. ലക്ഷ്യം ഒന്നായിരിക്കുമ്പോഴും വേദികള്‍ സംഘര്‍ഷത്തിലാവുകെയന്നത് ഫാഷിസത്തിനെതിരിലുള്ള സംഘടിത പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്തും. 

അത്യുന്നതങ്ങളില്‍ ദൈവം, തൊട്ടു താഴെ അവന്റെ പ്രതിനിധിയായ മനുഷ്യന്‍, തുടര്‍ന്ന് ഇതര സചേതന, അചേതന വസ്തുക്കളുമെന്നതാണ് പ്രപഞ്ചത്തിന്റെ ശ്രേണീബന്ധം. പ്രതിനിധിയെന്ന സ്ഥാനത്ത് നിന്നുയര്‍ന്ന്  ആരുടെയും മേല്‍ പരമാധികാരം വാഴാനുള്ള മനുഷ്യന്റെ ദൈവംചമയലിനെ കൈപിടിച്ച് താഴെ കൊണ്ടുവരാനും പാതാളത്തോളം താഴ്ന്നുപോയവരെ കൈപിടിച്ചുയര്‍ത്താനും സാധിക്കണം. ദൈവത്തിന്റെ പ്രതിനിധിയെന്ന അത്തരമൊരു സമതലത്തില്‍ നിന്ന് മാത്രമേ ഫാഷിസത്തിനെതിരായ പ്രതിരോധത്തിന് ഊര്‍ജം സംഭരിക്കാനാവൂ. സവര്‍ണനെയും അവര്‍ണനെയും അരികിനെയും മുഖ്യധാരയെയും ഏക മാനവികതയെന്ന ഒരു പ്രതലത്തില്‍ അണി നിരത്തി, ഫാഷിസത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും നേരിടാന്‍ കഴിയണം. ഈ തിരിച്ചറിവാണ് രാഷ്ട്രീയ നേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അനിവാര്യമായും ഉണ്ടാവേണ്ടത്. 

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രബോധകരാണ്. മുഴുവന്‍ മനുഷ്യരോടുമുള്ള ഗുണകാംക്ഷയാണ് പ്രബോധകന്റെ വികാരം. അതില്‍ ഇരയെന്നോ വേട്ടക്കാരനെന്നോ അധീശവര്‍ഗമെന്നോ കീഴാളനെന്നോ വ്യത്യാസമില്ല. സമൂഹത്തോട് ഗുണകാംക്ഷയില്ലാത്ത വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് താല്‍പര്യവുമില്ല. സൗമ്യമായ ജീവിതമാണ് പ്രബോധകന്റേത്. ആരോടും സൗമ്യ ഭാഷയാണ് സംവാദ ശൈലി. അതല്ലാത്തതെന്തും പ്രബോധന സാധ്യതകളെ തളര്‍ത്തിക്കളയും. അത് അടവു നയമോ ക്ഷമാപണമോ അല്ല. അതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകന്റെയും മൗലികത. വിവേചനങ്ങളോട് പൊരുതി മനുഷ്യരെ വിമോചിപ്പിച്ച പ്രവാചകന്മാരുടെ വഴിയും അതാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍