Prabodhanm Weekly

Pages

Search

2016 ജനുവരി 08

വേരു പറയുന്ന വൃക്ഷത്തിന്റെ കഥ

പി.എ നാസിമുദ്ദീന്‍ /പുസ്തകം

         കേരളത്തിലെ ധൈഷണിക, സാംസ്‌കാരിക രംഗത്തും മാധ്യമ രംഗത്തും അനിഷേധ്യ സാന്നിധ്യമായ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനും സാരഥികളിലൊരാളുമായ ടി.കെ അബ്ദുല്ലയുടെ പ്രാസ്ഥാനിക ഓര്‍മക്കുറിപ്പുകളാണ് നടന്നുതീരാത്ത വഴികളില്‍. ബീജാങ്കുരണം മുതല്‍ പ്രസ്ഥാനം ഒരു വടവൃക്ഷമായി പരിണമിക്കുന്നതുവരെയുള്ള അന്യാദൃശ ചിത്രം ഈ പുസ്തകം അനാവരണം ചെയ്യുന്നു. മഹത്തായ ത്യാഗങ്ങളുടെയും ഇഛാശക്തിയുടെയും ചിത്രം കൂടിയാണിത്.

പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടങ്ങളുടെയും പരിണാമ ഘട്ടങ്ങളുടെയും കൃത്യമായ ഡോക്‌മെന്റുകളായും, പുറമെ നിന്ന് നോക്കന്നയാള്‍ക്ക് അടിയുറച്ച ദൈവവിശ്വാസം പരിമിതികളെ പിളര്‍ന്ന് മനുഷ്യക്കൂട്ടായ്മകളെ ഉത്തംഗതയിലേക്ക് ഉയര്‍ത്തുന്നതിന്റെ നിദര്‍ശനമായും ഈ ഓര്‍മക്കുറിപ്പുകള്‍ മാറുന്നു.

രാഷ്ട്രീയ നേതാക്കളുടെയും പാര്‍ട്ടി സ്ഥാപകരുടെയും ഒട്ടേറെ ആത്മകഥകള്‍ നമുക്ക് സുപരിചിതമാണ്. ഇത്തരം ആത്മകഥകളില്‍ മിക്കതിലും ആഖ്യാതാവിന്റെ സ്വത്വമാണ് മുഖ്യമായും സംസാരിക്കുന്നത്. പാര്‍ട്ടിയും രാഷ്ട്രീയ പ്രസ്ഥാനവുമൊക്കെ ഈ സ്വത്വത്തിന്റെ അന്വേഷണങ്ങളോ എത്തിച്ചേരലുകളോ ആണ്. എന്നാല്‍ ടി.കെയുടെ ഓര്‍മക്കുറിപ്പുകളില്‍ ഏതാനും അധ്യായങ്ങള്‍ ഒഴിച്ചാല്‍ പ്രസ്ഥാനവും അദ്ദേഹവും ഒന്നുതന്നെയാണ്. 

മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ''ഇത് എന്റെ ആത്മകഥയല്ല. ഏഴു പതിറ്റാണ്ട് ബന്ധപ്പെട്ടു നില്‍ക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്ര പുസ്തകവുമല്ല.... ഇതൊരു വിരസമായ പാര്‍ട്ടി റിപ്പോര്‍ട്ട് ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഓര്‍മക്കുറിപ്പ് എന്റേതാകുമ്പോള്‍ അതില്‍ നിര്‍ബന്ധമായും ഞാന്‍ വേണമല്ലോ. ഇത്രയുമാണ് എന്റെ റോള്‍.''

പൗരോഹിത്യവും അഴുകിയ അനാചാരങ്ങളും ഫ്യൂഡലിസത്തോടൊപ്പം തോളുരുമ്മി നിന്ന പാരമ്പര്യ മതത്തിന്റെ കാലത്തുനിന്ന് സ്വത്വ രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഉത്തരാധുനിക കാലം വരെയുള്ള കാലഭൂമികയിലാണ് ഈ കൃതി വായിക്കപ്പെടുന്നതെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനം കേരളത്തില്‍ ക്രിസ്റ്റലൈസ് ചെയ്യപ്പെടുന്നതുവരെയുള്ള ചരിത്രമാണ് ഈ ഓര്‍മക്കുറിപ്പുകളില്‍ മുഖ്യമായും വരുന്നത്. കൂടുതലും മുസ്‌ലിം സമുദായത്തിനുള്ളിലായാണ് ആത്മകഥാകാരന്റെ ഓര്‍മയെഴുത്തുകള്‍ സഞ്ചരിക്കുന്നത്.

യൂറോപ്യന്‍ കൊളോണിയലിസവും അവര്‍ സംക്രമിപ്പിച്ച പാശ്ചാത്യ സംസ്‌കാരവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എല്ലാ മതങ്ങളെയും തീവ്രമായ സംഘര്‍ഷങ്ങളിലേക്ക് കടത്തിവിട്ടു. മറ്റു മതങ്ങള്‍ കൊളോണിയല്‍ ആധുനികതയുമായി അതിവേഗം ഉദ്ഗ്രഥനം ചെയ്യപ്പെട്ടപ്പോള്‍, ഇസ്‌ലാമില്‍ നിന്ന് ഉയിര്‍ന്നുവന്ന നവോത്ഥാന നായകര്‍ പാശ്ചാത്യ സംസ്‌കാരത്തിന് അഭിമുഖമായി ഇസ്‌ലാമിനെ ഒരു സമഗ്ര പ്രത്യയശാസ്ത്രമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. ജമാലുദ്ദീന്‍ അഫ്ഗാനി, അല്ലാമാ ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി മുതലായവര്‍ തങ്ങളുടേതായ വേറിട്ട  പഥങ്ങളിലൂടെ ഇതിന് ശ്രമിച്ചു. 

ഇതിന്റെ അനുരണനം കേരളത്തിലുമുണ്ടായി. ഇ. മൊയ്തു മൗലവി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ഹാജി സാഹിബ്, ഇസ്സുദ്ദീന്‍ മൗലവി മുതലായ ഒട്ടേറെ പേര്‍ ആഗോള വ്യാപകമായി ഉണ്ടായ കാലചലനത്തിനനുസരിച്ച് പാരമ്പര്യ മതത്തെ പുനര്‍ജീവിപ്പിക്കാനും അതിനെ ജീവസ്സുറ്റതാക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.

പാരമ്പര്യ മതത്തിലെ ഒരു പണ്ഡിതന്റെ മകനായി ജനിച്ച അബ്ദുല്ല എന്ന ബാലനും ചരിത്രത്തിന്റെ ഈ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നു. അവധൂതന്മാരെ പോലെ ഇസ്‌ലാമിക പ്രബോധനവുമായി പെട്ടെന്ന് പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഇസ്സുദ്ദീന്‍ മൗലവി, ഹാജി സാഹിബ് എന്നിവര്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിത്തുകള്‍ പാകുന്ന വേളയില്‍ അവര്‍ക്കൊപ്പം ഒരു നിമിത്തം പോലെ ഒത്തുചേരാനായിരുന്നു വിധി നിശ്ചയിക്കപ്പെട്ടത്.

പ്രസിദ്ധ പണ്ഡിതനായ ആയഞ്ചേരി തുറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആയിരുന്നു ടി.കെയുടെ പിതാവ്. കണ്ണൂര്‍ മാട്ടൂല്‍ പള്ളിയിലും പിതാവിന്റെ ശിഷ്യന്റെ കീഴില്‍ ചേരാപുരം പള്ളിയിലുമാണ് ടി.കെ ദര്‍സ് പഠനത്തിന് ചേര്‍ന്നത്. അവിടെ നിന്ന് ആദ്യത്തെ മദ്‌റസാ സ്ഥാപനമായ വാഴക്കാട്ടെ ദാറുല്‍ ഉലൂമില്‍ എത്തുകയും പിന്നീട് കുറ്റിയാടി പള്ളിയില്‍ മത പ്രഭാഷണത്തിനായി എത്തിയ ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രോത്സാഹന പ്രകാരം കാസര്‍കോട് ആലിയ കോളേജില്‍ ചേരുകയും വീണ്ടും പല മത കലാലയങ്ങള്‍ കയറിയിറങ്ങി ആലിയയില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ഹാജി സാഹിബ് അദ്ദേഹത്തെ പ്രബോധനത്തിലേക്ക് വിളിക്കുകയും പിന്നീട് പ്രസ്ഥാനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അഭിന്നാംശമായി മാറുകയുമാണ് ഉണ്ടായത്.

കേരളത്തില്‍ പ്രസ്ഥാനം ശക്തിയും വ്യക്തിത്വവുമുള്ള ഒന്നായി രൂപം കൊള്ളുന്നതിന്റെ വ്യക്തമായ സൂചനകള്‍ 'പ്രസ്ഥാന ജീവിതത്തിലേക്ക്' എന്ന ദീര്‍ഘ ഭാഗത്തിലുണ്ട്. പള്ളി ഖുത്വ്ബകളിലൂടെ വിശ്വാസികളെ ആകര്‍ഷിച്ച് അനുയായികളാക്കി മാറ്റിയും മത കലാലയങ്ങള്‍ സ്ഥാപിച്ചും പ്രസിദ്ധീകരണങ്ങള്‍ നടത്തിയും ഇതര പ്രസ്ഥാനങ്ങളുമായി വാദപ്രതിവാദങ്ങള്‍ നടത്തിയും മുസ്‌ലിം സമുദായത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം ശാക്തീകരിക്കപ്പെടുകയായിരുന്നു.

കേരളീയ മത പശ്ചാത്തലത്തിലേക്ക് സംവാദം എന്ന രൂപം ആദ്യം കൊണ്ടുവന്നത് ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു. ഇത് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വലിയ സവിശേഷതയായി എണ്ണപ്പെടും. പരസ്പരം സഹിഷ്ണുത പുലര്‍ത്തിക്കൊണ്ടുള്ള സംവാദങ്ങള്‍ പ്രാസ്ഥാനികാശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും എതിര്‍ കക്ഷികളുടെ വിജ്ഞാനങ്ങള്‍ കൂടി സ്വാംശീകരിച്ച് കൂടുതല്‍ ചലനാത്മകമായിത്തീരാനും അതിനെ സഹായിച്ചിട്ടുണ്ട്. വാദപ്രതിവാദങ്ങളുടെ നീളന്‍ അധ്യായങ്ങള്‍ തന്നെ പുസ്തകത്തില്‍ രസകരമായി വിവരിച്ചിട്ടുണ്ട്.

ഈ ഓര്‍മക്കുറിപ്പുകള്‍ രേഖീയമെന്നതിനേക്കാള്‍ വര്‍ത്തുളമായ രീതിയിലാണ് നീങ്ങുന്നത്. 'പ്രസ്ഥാന ജീവിതത്തിനു ശേഷം' എന്ന അധ്യായത്തിനു ശേഷം വരുന്ന അധ്യായങ്ങളില്‍ ഇതര സംഘടനകളായ നദ്‌വത്തുല്‍ മുജാഹിദീന്‍, മുസ്‌ലിം ലീഗ്, സമസ്ത എന്നിവയുമായുള്ള ചരിത്രപരമായ വിയോജിപ്പുകളും വിവിധ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ അവയുമായിട്ടുള്ള സങ്കീര്‍ണ ബന്ധങ്ങളും അതിസൂക്ഷ്മതയോടെ അപഗ്രഥിച്ചെടുക്കുന്നു. പ്രസ്ഥാന സാരഥിയായിരുന്ന ഒരാള്‍ ഇതര സംഘടനകളില്‍ നിന്ന് നേരിടേണ്ടിവന്ന ശത്രുതകളും ഇടയ്‌ക്കെല്ലാമുള്ള സഹകരണ മനോഭാവങ്ങളുമൊക്കെ വിവരിക്കുമ്പോള്‍ അവയുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സങ്കീര്‍ണ ബന്ധത്തെക്കുറിച്ചുള്ള അവഗാഹവും ഗാഢബോധവും വായനക്കാര്‍ക്ക് ലഭിക്കുന്നു.

സമുദായം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പരസ്പരം തല തല്ലി കീറുകയും ആത്മഹത്യാപരമായ ശത്രുത കൈക്കൊള്ളുകയും ചെയ്യുന്ന വിരോധാഭാസം എങ്ങനെ വന്നു ഭവിക്കുന്നു എന്ന് ഈ വിശകലനങ്ങള്‍ കണ്ണാടിയിലെന്ന പോലെ കാട്ടിത്തരുന്നു. ഭിന്നത കൈവെടിഞ്ഞ് പൊതു പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കാനുള്ള മുസ്‌ലിം ഐക്യവേദി, കുവൈത്ത് കരാര്‍ എന്നിവ എങ്ങനെ തകര്‍ച്ചയിലേക്ക് നീങ്ങി എന്നതിന്റെ കൃത്യമായ ഡോക്യുമെന്റേഷനും ഈ ഓര്‍മക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് നല്‍കുന്നു.

'സിമിയും ജമാഅത്തും' എന്ന അധ്യായം ഒരു ഹ്രസ്വകാലം ജമാഅത്തെ ഇസ്‌ലാമിയുടെ സഹയാത്രികരായിരുന്ന വിദ്യാര്‍ഥി കൂട്ടായ്മയായ സിമി എങ്ങനെ പൂര്‍ണമായും വിഛേദിക്കപ്പെട്ടു എന്നതിന്റെ സത്യവാങ്മൂലമാണ്. ഒട്ടേറെ ധിഷണാശാലികളെയും സ്വതന്ത്രാന്വേഷകരെയും ഉള്‍ക്കൊണ്ടിരുന്ന ആ യുവജന പ്രസ്ഥാനവുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളും വിഛേദനനേരത്തുണ്ടായ വൈഷമ്യങ്ങളും ഗ്രന്ഥകാരന്‍ കണിശമായ വസ്തുനിഷ്ഠതയോടെ വെളിവാക്കുന്നു.

ആദ്യ ഭാഗത്തെ അധ്യായങ്ങളായ 'പ്രിയമുള്ള കള്ളന്‍', 'മതം മനുഷ്യന്‍ പിന്നെ ബിയ്യാത്തുമ്മമാരും' എന്നീ ശീര്‍ഷകങ്ങളില്‍ പ്രസ്ഥാനാനുഭവങ്ങളില്‍ നിന്ന് തെന്നി മാറി ഒരു സ്വൂഫിയുടെ നര്‍മബോധത്തോടെ ജീവിത സത്യങ്ങള്‍ അനാവരണം ചെയ്യുന്നു. കള്ളന്മാരിലും പാപികളിലും പോലും നന്മ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും യഥാര്‍ഥ ദൈവ ബോധമുള്ള വിശ്വാസിക്ക് തന്റെ ആത്മീയതയില്‍ അവരെ കൂടി സ്‌നേഹിക്കാനാകുമെന്നും ഈ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴും മധ്യവര്‍ഗ സദാചാരം ധാര്‍മികതയായി സ്വീകരിക്കുന്ന ഇസ്‌ലാമിക സംഘടനകളുടെ വീക്ഷണത്തില്‍ നിന്ന് യഥാര്‍ഥ ദൈവികതയുടെ വിശാല പഥങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കാം എന്ന് വെളിവാക്കുന്നുണ്ട് ഇവിടെ ഗ്രന്ഥകാരന്‍.

'കാഫര്‍ കുഞ്ഞിമായന്റെ പെണ്‍മക്കള്‍', 'രണ്ട് മൊല്ലാക്കമാര്‍' എന്നീ അധ്യായങ്ങളിലും ഒരു പ്രതിഭാശാലിയുടെ അതിസൂക്ഷ്മമായ നിരീക്ഷണ പാടവം കാണാം. പാണ്ഡിത്യവും ചര്‍ച്ചകളുമൊക്കെ മുഖമുദ്രകളാക്കി വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളില്‍, ഈ പുസ്തക ജീവികളേക്കാള്‍ വ്യാവഹാരിക തലത്തില്‍ അസാധാരണത പ്രകടിപ്പിച്ച സാധാരണ മനുഷ്യര്‍ എത്രയോ ഉന്നതിയിലാണ് എന്ന രീതിയില്‍ ഓര്‍മിക്കപ്പെടുന്നു. മലബാര്‍ കലാപത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ജയിലില്‍ കിടക്കുകയും തിരിച്ചുവന്ന് വലിയ കരിങ്കല്ലുകള്‍ ഒറ്റക്ക് താങ്ങി കൊണ്ടുവന്ന് പള്ളി പണിയുകയും ചെയ്ത കുഞ്ഞായന്‍ മൊല്ലാക്ക ഒരു ഉദാഹരണമാണ്. 'ഉദ്ദേശ്യ ശുദ്ധിയിലെ ശുദ്ധാത്മകത' ഗ്രന്ഥകര്‍ത്താവിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മനഃക്ലേശങ്ങളെ വിവരിക്കുന്നു. ശുദ്ധനും വിഡ്ഢിയും ഒന്നുതന്നെ എന്ന് ഇവിടെ ധ്വന്യാത്മകമായി പറഞ്ഞുവെക്കുന്നു.

തനി നാടനും ജീവസ്സുറ്റതുമായ ശൈലി ഈ ഗ്രന്ഥത്തെ ആസ്വാദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. അതിനിശിതമായ നിരീക്ഷണ പാടവവും മൗലികതയുമുള്ള ഒരു പ്രസ്ഥാന നായകന്റെ പ്രതിഭാ സ്പര്‍ശം ഇതില്‍ എല്ലായിടത്തുമായി ലയിച്ചു കിടക്കുന്നു.

മുസ്‌ലിം സമുദായത്തിനുള്ളിലായാണ് ഈ ഓര്‍മക്കുറിപ്പുകള്‍. ഇസ്‌ലാമിക പ്രസ്ഥാനം മുഖ്യധാരയുമായി, അതായത് കേരളീയ പൊതു മനസ്സുമായി കമ്യൂണിക്കേറ്റ് ചെയ്യുകയും ഒന്നായി തീരുകയും ചെയ്ത അതിന്റെ സെക്കുലര്‍ പ്രസിദ്ധീകരണങ്ങള്‍, യുവജന പ്രസ്ഥാനം ഒക്കെ ഈ ഓര്‍മക്കുറിപ്പുകളില്‍ വിസ്മൃതമാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ പ്രസ്ഥാനത്തിന്റെ ആരംഭകാലത്തിന്റെയും അത് ശാക്തീകരിക്കപ്പെട്ട കാലത്തിന്റെയും ഓര്‍മകളാണ് ഈ ഗ്രന്ഥത്തിന് കൂടുതലായും പങ്കുവെക്കാന്‍ കഴിയുന്നത്.

ആദ്യകാലത്ത് പാരമ്പര്യ മതത്തിലുള്ളവരെയും കമ്യൂണിസ്റ്റുകാരെയുമൊക്കെയാണ് പ്രസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിയും ആകര്‍ഷിക്കേണ്ടിയും വന്നതെങ്കില്‍ പുതുകാലത്ത് സ്വത്വവാദം, ഇന്റര്‍നെറ്റ് അടക്കമുള്ള വെര്‍ച്വര്‍ റിയാലിറ്റികള്‍, ആഗോളവത്കരണം മുതലായവയോടാണ് അതിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. ടി.കെയുടെ ധിഷണയില്‍നിന്ന് ഇവയെ കൂടി ഉള്‍ക്കൊള്ളുന്ന ഓര്‍മക്കുറിപ്പുകളുടെ രണ്ടാം ഭാഗം കൂടി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍