Prabodhanm Weekly

Pages

Search

2016 ജനുവരി 08

കൊടുത്ത് കൊടുത്ത് സമ്പാദിക്കാം

ഇബ്‌റാഹീം ശംനാട് /കുറിപ്പ്

         സമ്പാദ്യത്തിന്റെ ഖജനാവില്‍ നിന്ന് ഒരിത്തിരി കൊടുക്കുക എന്നതാണ് നാം പഠിച്ച പതിവ് ശീലം. ഏതൊരാള്‍ക്കും അത് വളരെ ലളിതമായി മനസ്സിലാവുന്ന കാര്യവുമാണ്. ടാങ്കില്‍ വെള്ളമില്ലാതെ ടാപ്പ് തുറന്നാല്‍ വെള്ളം ലഭിക്കാത്തത് പോലെ പണം കൈയിലില്ലാതെ കൊടുക്കുന്നതെങ്ങനെ എന്നാണ് നമ്മില്‍ പലരുടേയും ചോദ്യം. എന്നാല്‍ ഈ ഭൗതിക മാത്ര വാദം മാറ്റിവെച്ച് (അങ്ങനെയും പ്രപഞ്ചത്തില്‍ ചിലതെല്ലാം സംഭവിക്കാറുണ്ടല്ലോ) നമുക്ക് കൊടുത്ത് കൊടുത്ത് എങ്ങനെ സമ്പാദിക്കാമെന്ന ഒരു ദിശാമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. 

വിത്തിടാതെ വിളവ് ലഭിക്കുകയില്ല. ഇര കൊടുക്കാതെ മല്‍സ്യം പിടിക്കാനും കഴിയില്ല. ഇത് രണ്ടും കൊടുക്കുമ്പോള്‍ കിട്ടുന്നതിന് വല്ല കൈയും കണക്കുമുണ്ടോ? അത്‌പോലെയാണ് കൊടുക്കുന്നതെന്ന് ഖുര്‍ആനിലെ ഒരു സൂക്തം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ''ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്''  (2:261). 

''അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്ന ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം'' (2:245). 

''ദാനധര്‍മങ്ങള്‍ ചെയ്യുകയും അല്ലാഹുവിന് വിശിഷ്ടമായ കടം കൊടുക്കുകയും ചെയ്ത സ്ത്രീപുരുഷന്മാര്‍ക്ക് അവനതു പലയിരട്ടി വര്‍ധിപ്പിച്ചുകൊടുക്കുന്നു. അവര്‍ക്ക് ശ്രേഷ്ഠമായ പ്രതിഫലമുണ്ട്'' (57:18). 

ദാനം ചെയ്ത് ആരും ദരിദ്രരായിട്ടില്ല എന്നത് ഒരു പ്രാപഞ്ചിക സത്യം. അപ്പോള്‍ കൊടുക്കുക എന്നത് ഈ ലോകത്തും പരലോകത്തും വലിയൊരു പകരം കിട്ടാനുള്ള നിമിത്തമാണ്.  അറിവിനെ കുറിച്ച് നമ്മുടെ പൂര്‍വ്വികരായ കവികളും പണ്ഡിതന്മാരും നേരത്തെ ബോധ്യപ്പെടുത്തി തന്നതായിരുന്നു അക്കാര്യം. വിദ്യാധനം കൊടുക്കുന്തോറുമേറിടും എന്നാണല്ലോ. 

ഇത് അറിവിന് മാത്രം ബാധകമായ കാര്യമാണെന്നാണ് നാം പൊതുവെ മനസ്സിലാക്കാറുള്ളത്. എന്ത് കൊടുത്താലും അത് വര്‍ധിച്ച്‌കൊണ്ടേയിരിക്കും.  അത് അറിവാകാം, പണമാകാം, ശരീരം കൊണ്ട് ചെയ്യുന്ന ജനസേവനമാകാം. ഒരു പുഞ്ചിരി, സ്‌നേഹം,  മനം കവരുന്ന വാക്ക്,  ഇങ്ങനെ എന്തും കൊടുക്കാം. തനിക്ക് എന്തൊക്കെ ആവശ്യമുണ്ടോ അത് നിര്‍ലോഭം കൊടുത്താല്‍ അതിന്റെ പതിന്മടങ്ങ് തിരിച്ച് കിട്ടുന്നതാണ് പ്രകൃതി നിയമം. 

എത്ര സമ്പാദിച്ചാലും മതിവരാത്ത ആര്‍ത്തിയുടെ ലോകത്താണ് നാം ജീവിക്കുന്നത്. സമ്പാദിക്കുന്തോറും നമ്മുടെ ആവശ്യങ്ങളും വര്‍ധിച്ച് കൊണ്ടിരിക്കും. കൂടുതല്‍ സമ്പാദ്യം, കൂടുതല്‍ ആവശ്യം. ഇതാണ് പുതിയ ലോക മുദ്രാവാക്യം. ഈ നെട്ടോട്ടത്തിനിടയില്‍ നാം പലതും മറന്ന് പോവും. സമ്പാദ്യം മനുഷ്യന്റെ നൈസര്‍ഗികമായ ഒരു ആഗ്രഹമാണ്. ആ ആഗ്രഹമില്ല എന്ന് സങ്കല്‍പിച്ച് നോക്കൂ. ജീവിതം വരണ്ടുണങ്ങിയ തടാകം പോലെ നിഷ്പ്രയോജനമായിരിക്കും. എന്നാല്‍ ഇങ്ങനെ സാമ്പാദിച്ചതെല്ലാം  തനിക്കും തന്റെ കുടുംബത്തിനും മാത്രം ഉള്ളതാണോ? അവിടെയാണ് നമുക്ക് പിഴവ് സംഭവിക്കുന്നത്. 

മൂന്ന് വിഭാഗങ്ങള്‍ 

സമൂഹത്തില്‍ നിന്ന് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നവരാണ് നാം. അതിനനുസരിച്ച് നമുക്ക് തിരിച്ച് കൊടുക്കാന്‍ സാധിക്കാറുണ്ടോ? ഇല്ല എന്ന് തന്നെയാകും ഉത്തരം. കൊടുക്കുന്നവരെ മൂന്നായി തരം തിരിക്കാം. സമൂഹത്തില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ കുടുതല്‍ കൊടുക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. കിട്ടുന്നതിന് തുല്യമായി കൊടുക്കുന്നവരെ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കിട്ടുന്നതിനെക്കാള്‍ കുറച്ച് കൊടുക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. ഇതില്‍ ആദ്യ വിഭാഗത്തെ നാം ആദരിക്കണം. അവരിലാണ് സമൂഹത്തിന്റെ നിലനില്‍പും അഭിവൃദ്ധിയും നിലകൊള്ളുന്നത്. അവരില്ലെങ്കില്‍ സമുഹം കുഴപ്പത്തിലും അരാജകത്വത്തിലും അകപ്പെടും. ഈ ഗുണം എല്ലാവരിലും ഉണ്ട് എന്ന് സങ്കല്‍പ്പിച്ച് നോക്കൂ. മനുഷ്യ സമൂഹത്തിന്റെ ചിത്രം എത്ര മനോഹരമായിരിക്കും! രണ്ടാമത്തെ വിഭാഗവും അഭിനന്ദനാര്‍ഹര്‍ തന്നെ. 

കൈയും കണക്കുമില്ലാതെ കൊടുക്കുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്? വലത് കൈ കൊടുക്കുമ്പോള്‍ ഇടത് കൈ അറിയാതെ കൊടുക്കുന്നവര്‍ എത്രപേരുണ്ട്? കൊടുക്കുമ്പോള്‍ പുകഴ്ത്തപ്പെടണമെന്ന് ആഗ്രഹിക്കാത്തവര്‍ എത്രപേരുണ്ട്? ദൈവ പ്രീതിക്കായി മാത്രം നല്‍കുന്നവര്‍ എത്രപേരുണ്ട്? രണ്ട് വട്ടം ആലോചിക്കാതെ നമുക്ക് കൊടുക്കാന്‍ കഴിയുമോ? ജനങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കൊടുക്കാന്‍ കഴിയുമോ? ഇതിനെല്ലാം കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ നമ്മുടെ ജീവിതം ധന്യമായി. ജീവിതകാലം എത്ര ചുരുങ്ങിപ്പോയാലും ശരി. 

പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ദാനമാണെന്ന് എ.പി.ജെ അബ്ദുല്‍ കലാം: ''എന്റെ ഉറ്റ ചങ്ങാതിയാണ് പ്രകൃതി. പാതവക്കിലെ നാട്ടുമാവിനെ പോലെ അത് കൈയയച്ച് ദാനം ചെയ്യുന്നു. ആളുകള്‍ കല്ലെടുത്ത് എറിയും. കൊമ്പുകള്‍ വലിച്ചൊടിക്കും. എന്നാലും ക്ഷീണിച്ച വഴിപോക്കന് അത് തണലേകും. വിശപ്പകറ്റാന്‍ ഫലം നല്‍കും. ഏത് സഥലത്തും പ്രകൃതിയുടെ കനിവുറ്റ സാന്നിധ്യം ഞാന്‍ അനുഭവിച്ചറിഞ്ഞു.'' 

ജീവിതം എന്നാല്‍ കൊടുക്കലും വാങ്ങലുമാണ്. വാങ്ങുന്നതിനെക്കാള്‍ കൊടുക്കാന്‍ കഴിഞ്ഞവരും, വാങ്ങിയ അത്രതന്നെ കൊടുത്തവരും വിജയിച്ചു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് അവനെ വഴിപ്പെടാനാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഈ വഴിപ്പെടലിന്റെ ഒരു പ്രധാന ഭാഗം ദാനമാണ്. ദാനമില്ലാതെ ഒരു അനുഷ്ഠാനവും ഇസ്‌ലാമിലില്ല. ദിനേന നിര്‍വഹിക്കുന്ന നമസ്‌കാരത്തില്‍ പോലും പ്രത്യക്ഷമോ പരോക്ഷമോ ആയ ദാനം ഉണ്ട്. ആരാധനാലയത്തില്‍ ഒന്നിക്കുന്നത് സ്‌നേഹമെന്ന മഹാദാനം കൈമാറാനും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനുമാണ്.  ദാനമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മാതൃത്വം, ചികില്‍സ, അധ്യാപനം എല്ലാം ദാനത്തിന്റെ ഉദാത്ത മാതൃകകള്‍.  മനുഷ്യന്റെ നൈസര്‍ഗികമായ സ്വഛ പ്രകൃതിയുടെ ഭാഗമാണിത്. അതുകൊണ്ട് കൊടുത്ത് കൊടുത്ത് സമ്പാദിച്ച് നമുക്ക് ഉന്നതിയിലേക്കെത്താം. കൊടുക്കുമ്പോള്‍ കുറയുമെന്നത് ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രം. 

എക്കാലത്തേയും മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്ന് ദാരിദ്ര്യമാണ്. ആ ശത്രുവിനെ നിഗ്രഹിക്കാനുള്ള വജ്രായുധമാണ് ദാനം നല്‍കല്‍. ഇസ്‌ലാമില്‍ ഏറ്റവും നല്ല കര്‍മങ്ങളിലൊന്ന് അന്നമൂട്ടലാണെന്ന് പഠിപ്പിച്ച പ്രവാചകന്‍  ദാനം നല്‍കുന്നതിലുടെ ഒരാളുടെ സമ്പത്തും കുറയുകയില്ലെന്ന് കൂടി അരുളുകയുണ്ടായി. സമ്പത്ത് കുറഞ്ഞ് പോവുമോ എന്ന ഭയം പിശാചിന്റെ ദുര്‍ബോധനമല്ലാതെ മറ്റൊന്നുമല്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (2:268). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍