Prabodhanm Weekly

Pages

Search

2016 ജനുവരി 08

പദപ്രയോഗങ്ങളുടെ രാഷ്ട്രീയം

താഹിര്‍ ജമാല്‍ /കുറിപ്പ്

         സദസ്സില്‍ വന്നിരുന്ന് പ്രവാചകനെ ശ്രവിക്കുന്നവര്‍ അദ്ദേഹം പറയുന്നത് മനസ്സിലാകാതെ വരുമ്പോള്‍ 'അല്‍പമൊന്ന് നിറുത്തണം; ഞങ്ങളതൊന്ന് മനസ്സിലാക്കട്ടെ'  എന്നര്‍ഥമുള്ള 'റാഇനാ' എന്ന വാക്ക് പ്രയോഗിക്കാറുണ്ടായിരുന്നു.  'ഞങ്ങളെയും അല്‍പം പരിഗണിക്കണം' അല്ലെങ്കില്‍, 'ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം' എന്നൊക്കെയാണ് 'റാഇനാ'യുടെ ബാഹ്യാര്‍ഥം. മുസ്‌ലിംകളും യഹൂദരും ഇതേ പദം തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഖുര്‍ആന്‍ അവരെ തിരുത്തുന്നു: ''വിശ്വാസികളേ നിങ്ങള്‍ 'റാഇനാ' എന്നു പറയാതിരിക്കുക; 'ഉന്‍ളുര്‍നാ' എന്നു പറയുക, വചനങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക. ഈ നിഷേധികള്‍ നോവുന്ന ശിക്ഷയര്‍ഹിക്കുന്നവരാകുന്നു'' (അല്‍ ബഖറ 104).

എന്തായിരുന്നു ഈ വിലക്കിന് കാരണം? 'റാഇനാ' എന്ന പദം ജൂതന്മാര്‍ ഉപയോഗിച്ചിരുന്ന രീതിയും അവരുടെ മനസ്സിലിരുപ്പുമാണ് ഈ വിലക്കിന് കാരണമായത്. മറ്റു പല ദുരര്‍ഥങ്ങള്‍ക്കും 'റാഇനാ' എന്ന പ്രയോഗത്തില്‍ പഴുതുണ്ടായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആനില്‍ സയ്യിദ് മൗദൂദി എഴുതുന്നു: ''ഉദാഹരണമായി, ഹീബ്രു ഭാഷയില്‍ ഇതിനോട് സാമ്യമുള്ള ഒരു പദത്തിന്റെയര്‍ഥം, 'കേള്‍ക്ക്, നീ ബധിരനാവട്ടെ' എന്നാണ്. അറബി ഭാഷയില്‍ തന്നെ ആ പദത്തിന്റെ മറ്റൊരര്‍ഥം പരുഷസ്വഭാവി, വിഡ്ഢി, മൂഢന്‍ എന്നും മറ്റുമായിരുന്നു. 'ഞങ്ങള്‍ പറയുന്നത് നീ കേട്ടാല്‍ നീ പറയുന്നത് ഞങ്ങളും കേള്‍ക്കാം' എന്നു പറയേണ്ട സന്ദര്‍ഭത്തിലും പ്രസ്തുത വാക്കുപയോഗിക്കാറുണ്ടായിരുന്നു. അല്‍പമൊന്ന് നീട്ടിക്കൊണ്ട് അതിനെ റാഈനാ എന്നാക്കുകയാണെങ്കില്‍ അതിന്റെന അര്‍ഥം 'ഞങ്ങളുടെ ഇടയന്‍' എന്നാണ്... ഇത്തരം കാരണങ്ങളാല്‍ പ്രസ്തുത വാക്ക് വര്‍ജിക്കണമെന്നും പകരം, 'ഞങ്ങളെ ശ്രദ്ധിച്ചാലും', 'ഞങ്ങളതൊന്നു ഗ്രഹിക്കട്ടെ' എന്നിങ്ങനെ അര്‍ഥം വരുന്ന  'ഉന്‍ളുര്‍നാ' എന്ന വാക്കുപയോഗിക്കണമെന്നും മുസ്‌ലിംകളോട് ആജ്ഞാപിക്കുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).

ഇമാം ഖുര്‍ത്വ്ബിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.  തെറ്റിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കാതിരിക്കാനുള്ള വിലക്ക് കൂടിയാണിതെന്നാണ് ഈ ആയത്തിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രസ്തുത പ്രയോഗത്തിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലിന് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹദ്ദ് ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ (റ), ഇമാം ശാഫിഈ(റ) എന്നിവര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും, അതാവാമെന്നു ഖുര്‍ത്വ്ബി ഇമാമിന് അഭിപ്രായമുണ്ട്. തെറ്റിലേക്കുള്ള വഴിയടക്കുക എന്ന ശരീഅത്തിന്റെ തന്നെ താല്‍പര്യവും ഈ ശാസനയിലടങ്ങിയിട്ടുള്ളതായി അദ്ദേഹം പറയുന്നു. ഇമാം മാലികി(റ)ന്റെയും ഇമാം ഹമ്പലി(റ)ന്റെയും നിലപാടുകള്‍ ഇതിന് സമാനമാണ്.

വാക്കുകള്‍ അവയുടെ അര്‍ഥവ്യാപ്തി മനസ്സിലാക്കാതെ ഉപയോഗിക്കരുത് എന്നതിന് ഖുര്‍ആനില്‍ തന്നെ വേറെയും ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് നിങ്ങള്‍ മരിച്ചവര്‍ എന്ന് പറയരുത്, കാരണം അവര്‍ ജീവിച്ചിരിക്കുന്നവരാണ് എന്ന വാക്യത്തിലും ഈയൊരു സൂക്ഷ്മത കാണാം. ഒരു വ്യക്തി എന്ത് ഉദ്ദേശിക്കുന്നു എന്നത് മാത്രമല്ല, അതെങ്ങനെയാണ് സമൂഹത്തില്‍ പ്രയോഗിക്കപ്പെടുന്നത് എന്നു കൂടി നോക്കണമെന്നര്‍ഥം. വാക്കുകളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബോധ്യമാണ് അവ ഉല്‍പാദിപ്പിക്കുന്ന അര്‍ഥതലങ്ങളിലേക്ക് വെളിച്ചം വീശുക. ഉദ്ദേശ്യം മാത്രമല്ല, എന്താണ് ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്നതും പ്രധാനമാണ്. ഒരു വാക്ക് ഉപയോഗിക്കുമ്പോള്‍ വ്യക്തിപരമായി ഒരാളുടെ നിയ്യത്ത് മാത്രമാണ് അയാളുടെ സ്വര്‍ഗ പ്രവേശനവുമായി ബന്ധപ്പെട്ട് കിടക്കുന്നതെങ്കിലും സാമൂഹികമായി അത് നല്‍കുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

പ്രത്യക്ഷത്തില്‍ ബഹുമാനം തോന്നിപ്പിക്കുകയും, എന്നാല്‍ പരോക്ഷമായി നബി(സ)യെ അപമാനിക്കുകയും ചെയ്യുന്ന വാക്കുകളാണ് ജൂതന്മാര്‍ അന്ന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇസ്‌ലാമിനെ ശത്രുവായിക്കാണുന്നവര്‍ ഇന്നും ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങള്‍ നടത്താറുണ്ട്. വാക്കുകളുടെ പ്രായോഗികാര്‍ഥങ്ങള്‍ മാത്രമല്ല, ഗൂഢാര്‍ഥങ്ങളും ഗൂഢാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്. അതിലേക്കുള്ള ചില സൂചനകള്‍ മാത്രമാണ് ഇനി ഈ കുറിപ്പില്‍.

അറബ്  രാജ്യങ്ങളെ വിശേഷിപ്പിക്കാന്‍ 'മിഡില്‍ ഈസ്റ്റ്' എന്ന് പ്രയോഗിക്കുന്നുണ്ടല്ലോ. എങ്ങനെയാണ് അമേരിക്കന്‍-യൂറോ കേന്ദ്രിത  ലോകക്രമം പുനരുല്‍പാദിപ്പിക്കുന്നത് എന്ന്  ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുന്നുണ്ട്. 'മിഡില്‍ ഈസ്റ്റ്' എന്നതില്‍ ആരുടെ  മിഡില്‍ (മധ്യം) എന്നും ആരുടെ ഈസ്റ്റ് (കിഴക്ക്) എന്നുമുള്ള ചോദ്യം പ്രസക്തമാണ്. അമേരിക്കക്കും യൂറോപ്പിനുമാണ് ആ ഭൂഭാഗം മധ്യ പൗരസ്ത്യമാവുക.  യൂറോപ്പിന്റെ അനുഭവ പരിസങ്ങളില്‍ നിന്നാണ് ഇങ്ങനെ സമീപ കിഴക്കും (near east) വിദൂര കിഴക്കുമെല്ലാം (far east) ഉണ്ടാകുന്നതെന്ന് ഓറിയന്റലിസത്തിന്റെ ജ്ഞാന സിദ്ധാന്തത്തെക്കുറിച്ച് പറയുന്നിടത്ത് എഡ്വാര്‍ഡ് സൈദ് ഓര്‍മിപ്പിക്കുന്നുണ്ട്. സ്വന്തമായ റഫറന്‍സ് പോയിന്റുകളുപയോഗിച്ച് സ്വതന്ത്രമായ ജ്ഞാനശാസ്ത്ര രീതി വികസിപ്പിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് താരീഖ് റമദാന്‍ പറയുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

'തീവ്രവാദി' എന്ന വാക്കാണ് മുസ്‌ലിംകളെ അവമതിക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രയോഗം. ഇതര മുസ്‌ലിം സംഘങ്ങളെ/രാജ്യങ്ങളെ വിശേഷിപ്പിക്കാന്‍ 'തീവ്രവാദികള്‍' എന്ന് മുസ്‌ലിം സംഘടനകളും പ്രയോഗിക്കുന്നതിലെ സൂക്ഷമതക്കുറവ് എത്തരത്തിലാണ് നമ്മെ ഒരു പരിഹാസ കഥാപാത്രമാക്കുന്നത് എന്ന് തിരിച്ചറിയണം. 'സംസ്‌കാര ശൂന്യര്‍' എന്നൊരു വിശേഷണം മാത്രമാണ് മറ്റു രാജ്യങ്ങളെ കടന്നാക്രമിക്കാന്‍ പാശ്ചാത്യ ശക്തികള്‍ ഉപയോഗിച്ചിരുന്ന ന്യായം. ഇപ്പോഴത് 'തീവ്രവാദികള്‍' തമ്പടിച്ച സ്ഥലം എന്നതാണ്. അഥവാ നമ്മളും അതേ പദപ്രയോഗം നടത്തുന്നതിലൂടെ പ്രസ്തുത അധിനിവേശങ്ങള്‍ക്കുള്ള അവരുടെ ന്യായത്തെ പരോക്ഷമായി പിന്താങ്ങുക കൂടിയാണ് ചെയ്യുന്നത്. മലബാര്‍ സമരകാലത്ത് പോരാടിയ മാപ്പിള യോദ്ധാക്കളെ കുറിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ ഉപയോഗിച്ചിരുന്ന 'മതഭ്രാന്തര്‍/ഹാലിളകിയവര്‍' എന്ന പ്രയോഗം എങ്ങനെയാണ് തുടര്‍ന്ന്  വന്ന ഇന്ത്യന്‍ ദേശ രാഷ്ട്രത്തിലും ചരിത്രത്തിലും ഉപയോഗിപ്പെടുന്നതെന്ന് എം.ടി അന്‍സാരിയുടെ പഠനം ചൂണ്ടികാണിക്കുന്നുണ്ട്. 

സവര്‍ണ മേധാവികളും സാമ്രാജ്യത്വ ശക്തികളും മുസ്‌ലിംകള്‍ക്ക് പതിച്ചു നല്‍കിയിരുന്ന 'അക്ഷര വിരോധികള്‍', 'യാഥാസ്ഥിതികര്‍' തുടങ്ങിയ പ്രയോഗങ്ങള്‍ സഹോദര മുസ്‌ലിം സംഘടനകള്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ അന്തപുരങ്ങളിലിരുന്ന് ചിരിക്കുന്നത് ആരായിരിക്കും? മുസ്‌ലിം സമുദായത്തിന്റെ വ്യത്യസ്തകളെ 'വഹാബികള്‍'/'സലഫികള്‍' v/s സൂഫികള്‍/പാരമ്പര്യവാദികള്‍ എന്ന ദ്വന്ദ്വത്തിലേക്ക് ചുരുക്കി പുതിയ മതില്‍ക്കെട്ടുകള്‍ നിര്‍മിക്കുന്ന  നവകൊളോണിയലിസത്തിന്റെ യുക്തിയില്‍ നിന്നും നാം പുറത്ത് കടക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ പ്രസ്തുത വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത അങ്ങേയറ്റം പ്രധാനമാണ്.

സംസാര ഭാഷയെ മാറ്റാന്‍ കഴിയാത്ത വിപ്ലവങ്ങള്‍ അപൂര്‍ണമാണ് എന്ന് ടെറി ഈഗിള്‍ട്ടന്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ദൈനംദിന ഭാഷയെ പോലും മാറ്റി മറിച്ച ചരിത്രമാണ് മലബാര്‍ സമരത്തിന്റേത്. ജന്മിയെ 'തമ്പ്രാന്‍' എന്ന് വിളിക്കേണ്ടതില്ല എന്ന മമ്പുറം തങ്ങളുടെ കല്‍പനയില്‍ ആ ഒരു വാക്കിലെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കം വ്യക്തമാണ്. തമ്പ്രാന്‍ എന്ന വിളി പുനരുല്‍പാദിപ്പിക്കുന്ന അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയത്തോടുള്ള പൂര്‍ണമായ കലഹമാണ് തങ്ങളുടെ കല്‍പന. 

കായികമായി കീഴ്‌പ്പെടുത്തലിന്റെ ശക്തിയാണ് വെടിയുണ്ടക്കുള്ളതെങ്കില്‍ മാനസികവും ആത്മീയവുമായ കീഴ്‌പ്പെടുത്തലിന്റെ ശക്തിയാണ് ഭാഷക്കുള്ളതെന്നു ആഫ്രിക്കന്‍ ചിന്തകന്‍ Ngugi പറയുന്നുണ്ട്. മുസ്‌ലിം നിത്യജീവിത ഭാഷയില്‍ ഖിലാഫത്തിനെ കുറിച്ചുള്ള ഓര്‍മകളും സ്വര്‍ഗത്തെ കുറിച്ചുള്ള പ്രതീക്ഷകളും ജിഹാദിനെ കുറിച്ച അഭിനിവേശവും നിലനില്‍ക്കുന്ന കാലത്തോളം മുസ്‌ലിം സമൂഹത്തെ ആത്മീയമായും മാനസികമായും തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല തന്നെ, കായികമായി എത്ര തന്നെ അവര്‍ തകര്‍ന്നു തരിപ്പണമായാലും. 

References:

Abul Ala Maudoodi. Thafheemul Quran

Ansari, M. T. 'Refiguring the fanatic: Malabar 1836-1922.' Subaltern studies 12 (2003).

Edward Said. Orientalism. 1978

Imam Abu 'Abdullah Al-Qurtubi.  Tafsir al-Qurtubi

Irfan Ahmad. 'The Categorical Revolution: Democratic Uprising in the Middle East'. Economic and Political Weekly. 46(45). 2011.

KV Muhammed Musliyar. Fathhurahman

Ngugi wa Thiong'o. Decolonizing the Mind (1986)

Tariq Ramadan. 'The quest for meaning and pluralism'. Lecture at Segal Graduate School of Business. 2011

Terry Eagleton, The Rape of Clarissa: Writing, Sexualtiy and Class Struggle in Samuel Richardson. Oxford: Blackwell. 1982

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍