Prabodhanm Weekly

Pages

Search

2016 ജനുവരി 08

കലാപഭൂമിയില്‍ കണ്ടു, നന്മയുടെ പുനരധിവാസങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട് /യാത്ര

അഹ്മദാബാദിലെ അത്തര്‍വാല-2

സവിതബഹനും ജന്നത്ത് ബീവിയും അയല്‍വാസികളാണ്. അഹ്മദാബാദിലെ ജവഹര്‍ നഗര്‍ കോളനിയില്‍ ഒരു വീടുപോലെ കഴിയുന്ന അയല്‍വാസികള്‍. ഹിന്ദുവും മുസ്‌ലിമും എന്ന വിവേചനമൊന്നുമില്ലാതെ ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. ജവഹര്‍ നഗറിലും മറ്റു പലയിടങ്ങളിലും ഇത്തരം ധാരാളമാളുകളുണ്ട്. കോളനിയിലെ 140-ലേറെ കുടുംബങ്ങളില്‍ പത്തെണ്ണം ഹൈന്ദവ സഹോദരങ്ങളുടേതാണ്. ലഖ്‌നൗസ്വദേശിയായ ബൈജുനാഥ് തീവാരി 50 വര്‍ഷമായി ഗുജറാത്തിലെത്തിയിട്ട്. മഹേഷും മങ്കുബഹനും വര്‍ഷങ്ങളായി ഇവിടെയുണ്ട്. കലാപത്തില്‍ നശിപ്പിക്കപ്പെട്ട ഈ ഗ്രാമത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ വീടുകള്‍ തകര്‍ക്കപ്പെട്ട ഹൈന്ദവ സഹോദരന്മാര്‍ക്കും പുതിയ വീടുകള്‍ ലഭിക്കുകയോ പഴയവ റിപ്പയര്‍ ചെയ്തു കിട്ടുകയോ ചെയ്തിട്ടുണ്ട്. മുസ്‌ലിംകളോടൊപ്പം ജീവിക്കുന്ന ഹിന്ദു സഹോദരങ്ങളുടെ വീടുകളും കലാപ വേളയില്‍ നശിപ്പിക്കപ്പെട്ടിരുന്നു. മത, സമുദായ വിവേചനമില്ലാതെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പുനരധിവാസ, റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

2002-ലെ കലാപാനന്തരമുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സമുദായ മൈത്രി ഊട്ടിയുറപ്പിക്കുന്ന സമീപനം സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ഗുജറാത്ത് യാത്രാ വേളയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം സൂചിപ്പിച്ചു. 19 ജില്ലകളിലായി 250 പ്രദേശങ്ങളെ ബാധിച്ച വംശഹത്യയില്‍ രണ്ടായിരത്തോളം മുസ്‌ലിംകളാണ് കൊല ചെയ്യപ്പെട്ടത്. രണ്ടര ലക്ഷത്തിലേറെ ആളുകള്‍ മാസങ്ങളോളം താല്‍ക്കാലിക ഷെഡുകളില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്നു. ഇത്ര രൂക്ഷമായ വംശഹത്യ നടന്നിട്ടും വൈകാരികതയുടെയും വിഭാഗീയതയുടെയും ശൈലി സ്വീകരിക്കാതെ സംയമനത്തോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജമാഅത്ത് ഊന്നല്‍ നല്‍കിയത്. മുറിവുകള്‍ ഉണക്കുകയും വിള്ളലുകള്‍ അടയ്ക്കുകയും ചെയ്തുകൊണ്ട് മത മൈത്രിയും സമുദായ സൗഹാര്‍ദവും ഊട്ടിയുറപ്പിച്ചെങ്കില്‍ മാത്രമേ സാമൂഹികാവസ്ഥയുടെ വരുംനാളുകള്‍ സമാധാനപൂര്‍ണമാവുകയുള്ളൂ എന്ന് ജമാഅത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളകളും മറ്റും മത സൗഹാര്‍ദ സംഗമ വേദികളാക്കാന്‍ ശ്രദ്ധിച്ചത്. സങ്കുചിത സാമുദായികതയിലേക്ക് ചുരുങ്ങാനോ തീവ്ര നിലപാടുകളിലേക്ക് വഴുതി വീഴാനോ ജമാഅത്ത് കൂട്ടാക്കിയില്ല. കലാപ ബാധിതരുടെ പുനരധിവാസ ഗ്രാമങ്ങളില്‍ നിര്‍മിച്ച പള്ളികളുടെ ഉദ്ഘാടന വേളകളില്‍ സഹോദര സമുദായാംഗങ്ങളും പങ്കെടുത്തത് ഇതിന്റെ പ്രായോഗിക മാതൃകകളായിരുന്നു. ഐ.ആര്‍.സി.ജിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സമുദായ മൈത്രിയും മനുഷ്യ സാഹോദര്യവും വളര്‍ത്തുക, തെറ്റിദ്ധാരണകള്‍, അവിശ്വാസം, വിദ്വേഷം തുടങ്ങിയവ ഉന്മൂലനം ചെയ്യുക എന്നിവ പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത വിവേചനം ഐ.ആര്‍.സി.ജിയുടെ നയമല്ലെന്ന് അതിന്റെ പ്രവര്‍ത്തകര്‍ പ്രസംഗിക്കുക മാത്രമല്ല, പ്രയോഗവത്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗുജറാത്ത് യാത്രയില്‍ നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു. പല ഘട്ടങ്ങളില്‍ ദുരിത ബാധിതര്‍ക്കായി ഐ.ആര്‍.സി.ജി പണിത വീടുകളില്‍ 500ലേറെ എണ്ണം ഹൈന്ദവ സഹോദരങ്ങള്‍ക്കായത് ഉദാഹരണം. കലാപം ഏറെ ദുരിതം വിതച്ച നരോദപാട്യയില്‍ ഐ.ആര്‍.സി.ജി റിപ്പയര്‍ ചെയ്ത വീടുകളില്‍ 70 എണ്ണം ഹിന്ദു സഹോദരന്മാരുടേതാണ്. അത്തരം ചില വീടുകള്‍ സന്ദര്‍ശിക്കാനും എനിക്ക് അവസരമുണ്ടായി. ചില സ്ഥലങ്ങളില്‍ ശഫീഅ് മദനി സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടുവെങ്കിലും പല സ്ഥലങ്ങളിലും കലാപബാധിതര്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ അമുസ്‌ലിം സഹോദരങ്ങളുടെ സഹകരണവും ലഭിക്കുകയുണ്ടായി.

രാജ്യത്ത് ചിലര്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ പോസിറ്റീവ് സമീപനമാണ് ഫലപ്രദമായ വഴിയെന്ന് ഡോ. ശക്കീല്‍ അഹ്മദ് സാഹിബ് പറയുകയുണ്ടായി. അതുകൊണ്ടാണ് പുനരധിവാസത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മത സമുദായങ്ങള്‍ക്ക് പരസ്പരം അറിയാനും അടുക്കാനുമുള്ള പരിപാടികള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയത്. വിവിധ സന്നദ്ധ സംഘങ്ങളെ ഉള്‍പ്പെടുത്തി 'സദ്ഭാവനാ ഫോറം' രൂപീകരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനവേദികള്‍ 'സമഭാവനാ സമ്മേളനങ്ങള്‍' പോലെയാണ് സംഘടിപ്പിക്കപ്പെട്ടത്. ഗുജറാത്തില്‍ വിവിധ മതക്കാര്‍ക്കിടയില്‍, വിശേഷിച്ചും ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ പരസ്പരം അറിയുകയെന്നതാണ് പ്രധാന വഴി. ഇതിനായി ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ മത നേതാക്കളും ഗാന്ധിയന്മാരും പങ്കെടുക്കുന്ന സൗഹൃദ സംഗമങ്ങള്‍, മതാന്തര സംവാദങ്ങള്‍, അവയോടനുബന്ധിച്ച പുസ്തക പ്രദര്‍ശനങ്ങള്‍, ഹിന്ദു സഹോദരങ്ങളെക്കൂടി പങ്കെടുപ്പിച്ചുള്ള ഇഫ്ത്വാര്‍ സംഗമങ്ങള്‍, ഈദ് മിലനുകള്‍ തുടങ്ങിയവ ജമാഅത്ത് സംഘടിപ്പിച്ചു വരുന്നു. സഹോദര സമുദായാംഗങ്ങളില്‍ പെട്ട ധാരാളം പേര്‍ ഖുര്‍ആന്‍ പരിഭാഷയും ഇസ്‌ലാമിക പുസ്തകങ്ങളും വാങ്ങുകയും വായിക്കുകയും ചെയ്യുന്നു. ഗുജറാത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഗുണകരമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇതെല്ലാം വലിയ പങ്കുവഹിക്കുന്നതായി പ്രസ്ഥാന നേതൃത്വം വിശദീകരിക്കുകയുണ്ടായി.

പട്‌വയിലെ ഏക്താ നഗറില്‍ ഐ.ആര്‍.സി.ജി നിര്‍മിച്ച പുനരധിവാസ വില്ലേജില്‍ വെച്ചാണ് ഫരീദാബാനു എന്ന വീട്ടമ്മയെ കണ്ടത്. കലാപത്തില്‍ വീടും നാടും ഉപേക്ഷിച്ച് രക്ഷപ്പെട്ട് വന്നതാണവര്‍. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. നേരത്തേ ഒരു ചായക്കട നടത്തിയിരുന്നു. ഇപ്പോള്‍ മകന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന ചെറിയ വരുമാനമുണ്ട്. പിന്നെ ചെറിയൊരു കച്ചവടം തുടങ്ങി. സ്വന്തം റൂമില്‍ തന്നെ കുറച്ച് സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്. ഗവണ്‍മെന്റില്‍ നിന്ന് കാര്യമായ നഷ്ടപരിഹാരമൊന്നും നേടാന്‍ കഴിഞ്ഞില്ലെന്നാണ് ഫരീദാ ബാനു പറഞ്ഞത്. പലരുടെയും ജീവിതം വലിയ കഷ്ടത്തിലാണ്. സ്ത്രീകള്‍ വീട്ടു ജോലിക്കു പോകുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ടൈലറിംഗ് ജോലിയുണ്ട് കുറച്ച് സ്ത്രീകള്‍ക്ക്. അതുകൊണ്ടൊക്കെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. കുറച്ചു കുട്ടികള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പോകുന്നു. സ്‌കൂള്‍ ബസ് വരും, അതില്‍ കയറിപ്പോയാല്‍ ഉച്ച ഭക്ഷണം കിട്ടും. ഭക്ഷണമാണ് പലരെയും സ്‌കൂളില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത്. ഒരു വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസം അരക്ഷിതമായിത്തീര്‍ന്നു എന്നതാണ് കലാപത്തിന്റെ വലിയ ദുരന്തങ്ങളിലൊന്ന്. കലാപത്തിന്റെ ഇരകളായ പല കുടുംബങ്ങളിലെയും കുട്ടികള്‍ ആ ഘട്ടത്തില്‍ സ്‌കൂളിലേ പോയില്ല. ജന്നത്ത് ബീവിയുടെ മകന്‍ ശാറൂഖ് ഹുസൈന് ഇപ്പോള്‍ 18 വയസ്സ്. അവന്റെ അഞ്ചാം വയസ്സിലാണ് കലാപം നടന്നത്. സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയത്താണ് കലാപത്തില്‍ പെട്ട് ഓടിപ്പോന്നത്. പിന്നീട് സ്‌കൂളില്‍ പോയതേ ഇല്ല. അതിനുള്ള അവസരം ഉണ്ടായില്ല. ഓട്ടോ റിക്ഷ ഓടിക്കുമെങ്കിലും സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തതിനാല്‍ ലൈസന്‍സ് കിട്ടിയിട്ടില്ല. പേടിയോടെ ഓട്ടോ ഓടിക്കണം. പലപ്പോഴും ബില്‍ഡിംഗ് നിര്‍മാണ ജോലിക്ക് പോകും. അതില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് ജീവിതമാര്‍ഗം. ഇത്തരം ധാരാളം കുട്ടികള്‍ ഗുജറാത്തിലുണ്ട്. ഗുജറാത്തില്‍ മാത്രമല്ല, അസമിലും ഉത്തര്‍പ്രദേശിലും ഈ അവസ്ഥ ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, അരക്ഷിതരായ ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് ഏതൊരു കലാപത്തിന്റെയും വേദനിപ്പിക്കുന്ന ബാക്കി പത്രങ്ങളിലൊന്ന്.

അതുകൊണ്ട്, കലാപബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ജമാഅത്തെ ഇസ്‌ലാമി സജീവമായി പരിഗണിച്ചു. പുതുതായി നിര്‍മിച്ച ചില പുനരധിവാസ വില്ലേജുകളില്‍ സ്‌കൂളുകള്‍ ആരംഭിച്ചത് ഇതിന്റെ ഭാഗമായാണ്. പാട്യയിലെ ഇഖ്‌റഅ് പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. തീരെ പരിമിതമായ ഭൗതിക സൗകര്യങ്ങളില്‍ പ്രയാസപ്പെട്ടുകൊണ്ടാണെങ്കിലും 110 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 2004-ലാണ് സ്‌കൂള്‍ ആരംഭിച്ചത്. കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കാതെ സംഭാവനകളും മറ്റും വഴിയാണ് സ്ഥാപനം നടത്തുന്നത്. ഏതാനും അമുസ്‌ലിം കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. നേരത്തെ ഇതിലേറെ അമുസ്‌ലിം കുട്ടികള്‍ പഠിച്ചിരുന്നുവെങ്കിലും ചിലര്‍ ഇടക്കുവെച്ച് ഒഴിഞ്ഞുപോവുകയായിരുന്നു. 'ഇഖ്‌റഅ്' സ്‌കൂളില്‍ പഠിക്കുന്നത് നല്ലതല്ല എന്ന ചിലരുടെ പ്രതികരണവും മറ്റുമാവാം കാരണം. 'ഇഖ്‌റഅ്' എന്ന പേര് ഇതൊരു മുസ്‌ലിം സ്‌കൂളാണെന്ന ധാരണ സൃഷ്ടിക്കുന്നതായും, ഗുജറാത്തിലെ അന്തരീക്ഷത്തില്‍ ഇതുപോലുള്ള പേരുകള്‍ ഒഴിവാക്കി, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മത സമുദായ സ്വഭാവം ഇല്ലാത്തതുമായ പേരുകളാണ് നല്ലതെന്നും ഹെഡ്മാസ്റ്ററും മറ്റും പറയുകയുണ്ടായി. ചെറിയ ക്ലാസ് മുതല്‍ വിവിധ മതക്കാരായ കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിച്ചു വളരുന്നതാണ് സാമുദായിക ധ്രുവീകരണം തടയാനുള്ള വഴിയെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള 'സര്‍വോദയ' സ്‌കൂളിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് 'സര്‍വോദയ' സ്‌കൂള്‍ നടത്തുന്നത്. അത് ഗുജറാത്തിലും മാതൃകയാക്കാവുന്നതാണ്.

പിന്നാക്ക ജനതയുടെ ഉന്നമനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം നന്നായി ഉള്‍ക്കൊണ്ട ഐ.ആര്‍.സി.ജി കലാപാനന്തരം അതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ഐ.ആര്‍.സി.ജിയുടെ രണ്ട് സ്‌കൂളുകള്‍ ചേരി പ്രദേശങ്ങളിലാണ് ആരംഭിച്ചത്; നരോദപാട്യയിലും ഭുജിലും. വീരംഗം, മെഹ്‌സന, മൊഡാസ, ചിത്രവാദ് എന്നിവിടങ്ങളിലാണ് മറ്റു നാലെണ്ണം. അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസവും കോച്ചിംഗും നല്‍കുന്ന ചിത്രവാദിലെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലില്‍ 70 വിദ്യാര്‍ഥികളുണ്ട്. പൊതുവായ വിദ്യാഭ്യാസ സഹായം, ഉയര്‍ന്ന വിദ്യാഭ്യാസത്തിന് മെരിറ്റ് സ്‌കോളര്‍ഷിപ്പുകള്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ ഐ.ആര്‍.സി.ജി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പല കാരണങ്ങളാല്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനായി ഐ.ആര്‍.സി.ജി 2003-ല്‍ ആരംഭിച്ച, 'ബാക് ടു സ്‌കൂള്‍ പ്രോഗ്രാം' സജീവമായി നടക്കുന്നുണ്ട്. വിഭവങ്ങളുടെ പരിമിതിയും കലാപം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പൊതുവെ വിദ്യാഭ്യാസത്തെക്കുറിച്ച അവബോധക്കുറവുമൊക്കെ ഈ രംഗത്ത് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഐ.ആര്‍.സി.ജിക്ക് കീഴിലെ സ്‌കൂളുകളില്‍ പഠിച്ചുവളരുന്ന കുരുന്നുകള്‍ ഭാവി ഗുജറാത്തിനെ സംബന്ധിച്ച് ശുഭ പ്രതീക്ഷ നല്‍കുന്നു. കലാപാനന്തരം ഗുജറാത്ത് മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ വിദ്യാഭ്യാസപരമായ ഉണര്‍വും സാമൂഹിക മുന്നേറ്റത്തെ സംബന്ധിച്ച ബോധവും മത സംഘടനകള്‍ക്കിടയില്‍ ചെറിയ ചില ചലനങ്ങളുമൊക്കെ ദൃശ്യമാണെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഗുജറാത്ത് യാത്രയില്‍ എന്നെ അത്ഭുതപ്പെടുത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. 12 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കലാപബാധിതര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് അതില്‍ ഒന്നാമത്തേത്. കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും നടത്തുന്നുണ്ടെന്ന് പറഞ്ഞ ഡോ. ശകീല്‍ അഹ്മദ് ആ രംഗത്തുണ്ടായ അനുഭവങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ ശഫീഅ് മദനിയുടെയും ശകീല്‍ അഹ്മദിന്റെയും മറ്റും നേതൃത്വത്തില്‍ ഗുജറാത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവന-പോരാട്ടങ്ങള്‍ നമ്മുടെ കണ്ണ് നിറക്കാന്‍ പോന്നതാണ്.

ഐ.ആര്‍.സി.ജിക്കു കീഴിലെ 'സെല്‍ ഫോര്‍ ലീഗല്‍ ഹെല്‍പ് ആന്റ് ഗൈഡന്‍സ് (സി.എല്‍.എച്ച്.ജി) ആണ് നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കലാപവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി കേസുകള്‍ സി.എല്‍.എച്ച്.ജി കൈകാര്യം ചെയ്യുന്നുണ്ട്. ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്കുള്ള നിയമ സഹായമാണ് അതിലൊന്ന്. അവരുടെ കുടുംബങ്ങളെയും സംഘടന സഹായിക്കുന്നു. കലാപത്തിലെ ഇരകള്‍ക്കും വസ്തുവകകളുടെ നാശങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള കേസുകള്‍ നടത്തുകയും ചിലതില്‍ നിര്‍ണായക വിജയങ്ങള്‍ കൈവരിക്കുകയും ചെയ്തത് സി.എല്‍.എച്ച്.ജിയുടെ നേട്ടമാണ്.

ഒന്നാം ഘട്ടത്തില്‍, 'അഗ്രസീവ് ലീഗല്‍ എയ്ഡ്' എന്ന തലക്കെട്ടില്‍ കലാപ ബാധിതര്‍ക്ക് നിയമ സഹായം നല്‍കുകയും അവരെ ഉല്‍ബുദ്ധരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ. തുടര്‍ന്ന് കലാപത്തിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനുമുള്ള നിയമ പോരാട്ടങ്ങളാണ് നടന്നുവരുന്നത്. മറ്റു പല വ്യക്തികളും സംഘടനകളുമായി സഹകരിച്ചുകൊണ്ട് 500 മുതല്‍ 600 വരെ കേസുകള്‍ കീഴ്‌കോടതികളില്‍ നിന്ന് സുപ്രീം കോടതി വരെ എത്തിക്കാന്‍ സി.എല്‍.എച്ച്.ജിക്ക് കഴിഞ്ഞു. ഹൈക്കോടതിയിലെ നിരവധി കേസുകള്‍ക്ക് സി.എല്‍.എച്ച്.ജി മേല്‍നോട്ടം വഹിക്കുന്നു. 2002-ലെ കലാപത്തെ തുടര്‍ന്ന് നീണ്ട പത്തു വര്‍ഷങ്ങള്‍ തുടര്‍ന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2012 ഫെബ്രുവരി 8-ന് ഗുജറാത്ത് ഹൈക്കോടതി ഗുജറാത്ത് ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നടത്തിയ വിധിപ്രഖ്യാപനം ഇസ്‌ലാമി റിലിഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയമായിരുന്നു. വംശഹത്യാ വേളയില്‍ തകര്‍ക്കപ്പെട്ട 500-ലേറെ ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ 26 ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ കേസില്‍ നരേന്ദ്ര മോദിയുടെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു. ഐ.ആര്‍.സി.ജി നല്‍കിയ 13 കേസുകള്‍ കൂടി ഗുജറാത്ത് ഹൈക്കോടതിയിലുണ്ട്. ഗുജറാത്ത് ഗവണ്‍മെന്റിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 4000 കേസുകളില്‍ 2170 എണ്ണം ക്ലോസ് ചെയ്തതിനെതിരെ ഐ.ആര്‍.സി.ജി നടത്തിയ നിയമ പോരാട്ടങ്ങള്‍ വഴി 2170 കേസുകളും പുനഃപരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. അടുത്ത ബന്ധുക്കള്‍ വധിക്കപ്പെട്ടതിന്റെ പേരിലുള്ള നഷ്ട പരിഹാര സംഖ്യയായ 7 ലക്ഷം രൂപ 1200 പേര്‍ക്ക് ലഭിച്ചു. വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടവര്‍ക്ക് പത്തിരട്ടിയിലധികം നഷ്ടപരിഹാരം കിട്ടി. കാണാതായവര്‍ക്കുള്ള നഷ്ടപരിഹാരം 2000 പേര്‍ക്കാണ് ലഭ്യമായത്. 

പുനരധിവാസ പദ്ധതികള്‍ ഗവണ്‍മെന്റിനെ കൊണ്ട് നടപ്പിലാക്കിക്കുക, സര്‍ക്കാറിനെ കൊണ്ട് നഷ്ടപരിഹാരം കൊടുപ്പിക്കുക എന്നിവ ഇസ്‌ലാമി റിലീഫ് കമ്മിറ്റിയുടെ ലീഗല്‍ സെല്ലിന്റെ ലക്ഷ്യമായിരുന്നു. അതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ കഴിഞ്ഞു. ഗവണ്‍മെന്റിനെക്കൊണ്ട് 50 കോടിയിലേറെ രൂപ ചെലവഴിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ജമാഅത്ത് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് ചെയ്ത സേവനങ്ങളെക്കാള്‍ എത്രയോ ഇരട്ടിയാണ് ഗവണ്‍മെന്റിനെക്കൊണ്ട് ചെയ്യിച്ചത്. ഇതിന് വഴി തുറന്നത് കോടതി മുഖേനയുള്ള നിയമ പോരാട്ടങ്ങളാണ്. ജനാധിപത്യത്തിലും നിയമത്തിലും കോടതിയിലും പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടുപോകാന്‍ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കിയ ആത്മ വിശ്വാസം വലുതാണ്.

ഒരു ദീര്‍ഘ യാത്രക്കു ശേഷം ജമാഅത്ത് ഓഫീസില്‍ തിരിച്ചെത്തിയ ഡോ. ശകീല്‍ അഹ്മദ് ക്ഷീണിതനായിരുന്നെങ്കിലും ഈ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ കേസുകള്‍ വിജയിക്കുന്നതിലെ സന്തോഷവും ഭാവിയെക്കുറിച്ച ശുഭപ്രതീക്ഷകളും അദ്ദേഹത്തിന്റെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. ഇസ്‌ലാമി റിലീഫ് കമ്മിറ്റിയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എനിക്ക് തരികയുണ്ടായി. 1992-2004 കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 2005-ല്‍ പ്രസിദ്ധീകരിച്ച 64 പേജുള്ള റിപ്പോര്‍ട്ടില്‍ 2001-ലെ ഭൂകമ്പം, 2002-ലെ കലാപം എന്നിവയുടെ ഇരകള്‍ക്കായി ഐ.ആര്‍.സി.ജി നടത്തിയ സേവന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുണ്ട്. 2007-ല്‍ പ്രസിദ്ധീകരിച്ചത് 16 പേജുള്ള റിപ്പോര്‍ട്ടാണ്. ഇവ രണ്ടും  സംഗ്രഹിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. കാരണം, രണ്ടു സന്ദര്‍ഭങ്ങളിലും ദുരിത ബാധിതരെ സഹായിക്കാന്‍ കേരളത്തില്‍ നിന്ന് ഗുജറാത്തിലേക്ക് വലിയ സഹായം ഒഴുകിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തിന്റെ ജന സേവന വിഭാഗമായ ഐ.ആര്‍.ഡബ്ല്യുവിന്റെ സഹകരണവും ഐ.ആര്‍.സി.ജിക്ക് ലഭ്യമായിട്ടുണ്ട്. ഐ.ആര്‍.ഡബ്ല്യുനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി 1992-ലാണ് ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഘടകം 'ഇസ്‌ലാമി റിലീഫ് കമ്മിറ്റി'ക്ക് രൂപം നല്‍കിയത്. ഗുജറാത്തിലെ 70-ല്‍ പരം അംഗീകൃത എന്‍.ജി.ഒകളിലെ ഏക മുസ്‌ലിം എന്‍.ജി.ഒ ആണ് ഐ.ആര്‍.സി.ജി. കഴിഞ്ഞ 23 വര്‍ഷമായി ഗുജറാത്തിലെ ജനസേവന രംഗത്ത് ഏറ്റവും സജീവമായി നിലകൊള്ളുന്ന ഐ.ആര്‍.സി.ജിക്ക് നിരവധി ദേശീയ അന്തര്‍ദേശീയ വേദികളുടെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ട്. ഏറെ പ്രശംസാര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളാണ് ഐ.ആര്‍.സി.ജി നടപ്പിലാക്കിയത്. 1994-ല്‍ സൂറത്തിനെ വിഴുങ്ങിയ പ്ലേഗ്, 1996-ലെ കണ്ട്‌ല കൊടുങ്കാറ്റ്, 1998-'99-ലെ വരള്‍ച്ച, 2001-ല്‍ കച്ച് മേഖലയെ പിടിച്ചുലച്ച ഭൂകമ്പം, 2002-ലെ വംശഹത്യ എന്നീ ദുരന്തങ്ങളിലെല്ലാം ഐ.ആര്‍.സി.ജിയുടെ മഹദ് സേവനങ്ങളെ ഗുജറാത്ത് ജനത അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പ്ലേഗ് ബാധിച്ച സൂറത്തില്‍ നിന്ന് ആളുകള്‍ മരണഭയത്താല്‍ ഓടി രക്ഷപ്പെട്ടപ്പോള്‍, ഐ.ആര്‍.സി.ജി പ്രവര്‍ത്തകര്‍ രോഗബാധിതരെ ശുശ്രൂഷിക്കാന്‍ മുന്നിട്ടിറങ്ങുകയുണ്ടായി. ഭൂകമ്പം ഒരു മേഖലയെ ഒന്നാകെ തകര്‍ത്തെറിഞ്ഞപ്പോള്‍, രാപ്പകല്‍ വിശ്രമമില്ലാതെ അത്യധ്വാനം ചെയ്താണ് ഐ.ആര്‍.സി.ജി ദുരിത ബാധിതര്‍ക്ക് തുണയായി നിന്നത്. 15 സ്ഥലങ്ങളില്‍ ഓഫീസുകള്‍ തുറന്ന് ഐ.ആര്‍.സി.ജി ഓരോ മേഖലയിലും പ്രത്യേകം കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത്വവും സജീവതയും നല്കിയത്. ഈ പരിചയവും സംഘടനയുടെ കേഡര്‍ സ്വഭാവവുമൊക്കെയാണ് 2002-ലെ കലാപ വേളയില്‍ ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വലിയ മുതല്‍ക്കൂട്ടായി മാറിയത്. മറ്റു പല സന്നദ്ധ സംഘടനകളും എന്തു ചെയ്യണമെന്നറിയാതെ കലാപ നാളുകളില്‍ പകച്ചുനിന്നപ്പോള്‍ അവര്‍ക്ക് മാതൃകയാവുകയും ധൈര്യം നല്‍കുകയും ചെയ്യുന്ന രീതിയിലായിരുന്നു ഐ.ആര്‍.സി.ജിയുടെ ഇടപെടലുകള്‍. ഇതേക്കുറിച്ച അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഐ.ആര്‍.സി.ജിയുടെ പ്രവര്‍ത്തകര്‍ പലപ്പോഴും വികാരഭരിതരാകുന്നുണ്ടായിരുന്നു. ഗുജറാത്തില്‍ ആകെയുള്ള അഞ്ഞൂറില്‍ പരം വരുന്ന (110 അംഗങ്ങളും 400 പ്രവര്‍ത്തകരും) ജമാഅത്ത് പ്രവര്‍ത്തകരാണ് ഇത്രയും വിപുലവും മഹത്തരവുമായ യത്‌നങ്ങളിലേര്‍പ്പെട്ടത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ രണ്ടാമത്തെ കാര്യം. കലാപബാധിതരുടെ കാഴ്ചകളും പുനരധിവാസ കേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിച്ച്, ഗുജറാത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ശരിക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍