Prabodhanm Weekly

Pages

Search

2016 ജനുവരി 08

കവിതകളിലെ നബി കീര്‍ത്തനങ്ങള്‍

വി.എ കബീര്‍ /ലേഖനം

          മദ്ഹുര്‍റസൂല്‍' എന്ന പേരിലറിയപ്പെടുന്ന നബി കീര്‍ത്തനം അറബി ഭാഷയില്‍ പ്രവാചകന്റെ കാലശേഷം പ്രത്യേക കാവ്യ ശാഖയായി തന്നെ വികസിക്കുകയുണ്ടായി. പിതൃവ്യന്മാരായ അബ്ബാസ് ബ്‌നു അബ്ദില്‍ മുത്വലിബ് മുതല്‍ ഹസ്സാനുബ്‌നു സാബിത്, അബ്ദുല്ലാഹ്ബ്‌നു റവാഹ, കഅ്ബു ബ്‌നു സുഹൈര്‍ എന്നിവരൊക്കെ പ്രവാചകന്റെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വര്‍ണിക്കുന്ന കവിതകള്‍ പാടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹസ്സാനുബ്‌നു സാബിത് പ്രവാചകന്റെ സ്വന്തം കവിയായി തന്നെയാണ് അറിയപ്പെടുന്നത്. ഇക്കൂട്ടത്തില്‍ കഅ്ബ് ബ്‌നു സുഹൈറിന്റെ 'ബുര്‍ദ' എന്ന പേരിലറിയപ്പെടുന്ന കീര്‍ത്തനമാണ് ഏറ്റവും പ്രസിദ്ധം. മക്ക വിജയകാലത്ത് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട കഅ്ബ് പ്രവാചകന്റെ തിരുമുമ്പില്‍ ആഗതനായി ഈ കവിത ചൊല്ലിക്കൊണ്ടാണ് മാപ്പും സമ്മാനമായി 'ബുര്‍ദ'(ഷാള്‍)യും പ്രവാചകനില്‍ നിന്ന് നേടിയെടുക്കുന്നത്. സുആദ് എന്ന കാമുകിയുടെ വിരഹ വേദനയില്‍ നിന്ന് തുടങ്ങുന്ന ഈ കവിത കാല്‍പനികമാധുര്യത്താല്‍ വേറിട്ട് നില്‍ക്കുന്നത് കൂടിയാണ്. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ബൂസ്വീരിയുടേതാണ് ഇത് പോലെ ജനപ്രിയം നേടിയ മറ്റൊരു നബി കീര്‍ത്തനം. അതും ബുര്‍ദ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ' (സര്‍വ ലോക ശ്രേഷ്ഠന് കീര്‍ത്തന വെള്ളിനക്ഷത്രങ്ങള്‍) എന്നും അതിനൊരു പേരുണ്ട്. ഇന്നും കേരളത്തിലെ വഅ്‌ള് (മതോപദേശ) വേദികളില്‍ ഒരു പുണ്യഗീതം എന്നോണം ഈ രണ്ട് അറബി കീര്‍ത്തനങ്ങളും ആലപിച്ചു പോരുന്നുണ്ട്. 

ഉമവീ കാലഘട്ടത്തില്‍ ജീവിച്ച ഫറസ്ദഖ് മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ യൂസുഫ് നബ്ഹാനി, അഹ്മദ് ശൗഖി എന്തിനധികം രതിവര്‍ണനകള്‍ കൊണ്ട് മതവൃത്തങ്ങളുടെ നെറ്റി ചുളിപ്പിച്ച നിസാര്‍ ഖബ്ബാനി വരെ അറബിയില്‍ ഈ കാവ്യ ശാഖയെ പരിപോഷിപ്പിച്ചവരാണ്. 'മൗസൂഅത്തുല്‍ മദാഇഹിന്നബവിയ്യ' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ഖാദിര്‍ അശ്ശൈഖ് അലി അബുല്‍ മകാരിം, പലരുടെയും നബി കീര്‍ത്തനങ്ങളുടെ ഒരു ബൃഹദ് കോശം തന്നെ രചിക്കുകയുണ്ടായി. 

നഅത്ത്

അറബിയിലെന്ന പോലെ ഇതര ഭാഷകളിലും നബി കീര്‍ത്തനങ്ങള്‍ പ്രത്യേക സാഹിത്യ ശാഖയായി വളര്‍ന്ന് വികസിക്കുകയുണ്ടായി. ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളായിരിക്കും ഒരു പക്ഷേ ഈ വിഷയത്തില്‍ ഏറ്റവും സമ്പന്നം. നഅത്ത് എന്നാണ് ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളില്‍ ഈ കാവ്യശാഖ അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ അറബിയില്‍ നിന്ന് കുടിയേറിയ പദമാണ് നഅത്ത്. വര്‍ണന, വിശേഷണം എന്നൊക്കെയാണ് നഅത്തിന്റെ ഭാഷാര്‍ഥം. ഒരാളുടെ അതിയായ രൂപഭംഗിയെ സംബന്ധിച്ച വര്‍ണന എന്നാണ് ഇബ്‌നു അസീര്‍ നഅത്തിനെ നിര്‍വചിക്കുന്നത് (അന്നിഹായ ഫീ ഗരീബില്‍ ഹദീസ്). നബിയുടെ വര്‍ണനയെ കുറിച്ചല്ലാതെ മുമ്പോ പിമ്പോ ഈ പദം പ്രയോഗിച്ചതായി താന്‍ കണ്ടിട്ടില്ലെന്നും ഇബ്‌നു അസീര്‍ (ഹി 544-604) എഴുതിയിട്ടുണ്ട്. 

നബി കീര്‍ത്തനങ്ങളുടെ പദ്യ-കാവ്യാവിഷ്‌കാരത്തിനാണ് ഉര്‍ദു ഭാഷയില്‍ നഅത്ത് എന്ന് പറയുന്നതെന്ന് മീര്‍സാ മഖ്ബൂല്‍ ബേഗിന്റെ 'ഉര്‍ദുലുഗഃ' എന്ന കൃതിയില്‍ (പേജ് 437) വായിക്കാം. നബി കീര്‍ത്തനങ്ങളില്‍ ഏറ്റവും സമ്പന്നമായ ഭാഷ ഫാര്‍സിയും തൊട്ടടുത്ത് ഉര്‍ദുവുമാണെന്ന് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി 'അത്വരീഖു ഇലല്‍ മദീന' (മദീനയിലേക്കുള്ള പാത) എന്ന കൃതിയില്‍ എഴുതിയതായി കാണാം. നബി കീര്‍ത്തന സാഹിത്യത്തില്‍ ഏറ്റവും ഭാവനാ സമ്പന്നവും ഹൃദയാവര്‍ജകവും ആശയ സമ്പുഷ്ടവുമാണ് ഉര്‍ദു-ഫാര്‍സി 'നഅത്തു'കളെന്നാണ് നദ്‌വിയുടെ അഭിപ്രായം. ഇന്തോ-പേര്‍ഷ്യന്‍ ജനതയുടെ പ്രകൃതത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രണയാഭിനിവേശവും അതിന്റെ പ്രതിഫലനമായി വികസിച്ചു വന്ന ഗസലുകളുമാണ് ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

മറ്റൊരു കാരണം സൂഫി ആധ്യാത്മികതയോടുള്ള ആഭിമുഖ്യമാണ്. ആത്മീയാനുരാഗത്തിന്റെ തരളവികാരങ്ങള്‍ പേര്‍ഷ്യന്‍ കവിതയുടെ സവിശേഷ ചാരുതയായി എന്നും നിലനിന്ന് പോന്നിട്ടുണ്ട്. തരളിത കവി ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന പ്രേമ തല്ലജങ്ങള്‍ നബി കീര്‍ത്തനങ്ങളിലും മുത്തമിടുന്നത് സ്വാഭാവികം. 

അതിശയോക്തി

പ്രേമചഷകം മോന്തുന്ന പ്രേമി അതിന്റെ ഉന്മാദ ലഹരിയില്‍ സീമകള്‍ ലംഘിച്ചുപോകും. കാവ്യാനുഭൂതിയുടെ ഉന്മത്ത ലഹരിയില്‍ വര്‍ണനകള്‍ അനഭികാമ്യമാം വിധം അതിര് വിടുന്ന 'നഅത്തു'കളും ഉര്‍ദുവില്‍ കാണാവുന്നതാണ്. ഇത്തരം കവിതകളില്‍ ദിവ്യത്വവും പ്രവാചകത്വവും തമ്മിലുള്ള വേര്‍തിരിവുകള്‍ മാഞ്ഞുപോകുന്നു. അല്ലാഹുവിന്റെ സവിശേഷഗുണങ്ങള്‍ പ്രവാചകനായ മുഹമ്മദില്‍ ചാര്‍ത്തപ്പെടുന്നു. വാക്കുകളുടെ കേളിയില്‍ അങ്ങനെ മുഹമ്മദിന്റെ അപരനാമമായ അഹ്മദിന് 'മീം' എന്ന അക്ഷരം നഷ്ടപ്പെട്ട് 'അഹദും' (ഏകദൈവം) 'അറബ്' എന്ന പദത്തിലെ ആദ്യാക്ഷരമായ 'അ' നഷ്ടപ്പെട്ട് 'റബ്ബു' (ലോകനാഥന്‍) മായി മാറുന്നു. 

മറ്റൊരു കവി അവിടെയും നില്‍ക്കാതെ പ്രവാചകനെ പിന്നെയും പൊക്കുന്നത് ഇങ്ങനെ: 

''വഹീ ജോ മുസ്തവ അര്‍ശ് ഹെ ഖുദാ ഹോകര്‍
ഉതര്‍ പഡാ ഹെ മദീനമെ മുസ്തഫാ ഹോകര്‍''

 (ദൈവമായി പ്രപഞ്ച സിംഹാസനത്തില്‍ ഉപവിഷ്ടനായവന്‍ തന്നെയാണ് മദീനയില്‍ മുസ്ത്വഫയായി ഇറങ്ങിയത്.)

ജൂത-ക്രൈസ്തവര്‍ തങ്ങളുടെ പ്രവാചകന്മാരെ അതിര് കവിഞ്ഞ് വാഴ്ത്തിയ പോലെ നിങ്ങള്‍ എന്നെ അതിര് കവിഞ്ഞ് വാഴ്ത്തരുതെന്ന് പ്രവാചകന്‍ മുമ്പേ സമുദായത്തെ ഉപദേശിച്ചത് പ്രേമോന്മാദികളായ ഈ കവികളെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കാം. 

ഹിന്ദു കവികളുടെ നബികീര്‍ത്തനങ്ങള്‍

പേര്‍ഷ്യന്‍-ഉര്‍ദു ഭാഷകളിലെ 'നഅത്ത്' കവികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. എന്നാല്‍ ഈ കാവ്യശാഖയുടെ പരിപോഷണത്തില്‍ ഹിന്ദു കവികളുടെ സംഭാവനയും ഒട്ടും ചെറുതല്ല. 1857-ലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന് ശേഷമാണ് ഹിന്ദു കവികളുടെ നബി കീര്‍ത്തനങ്ങള്‍ എഴുതപ്പെടാന്‍ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 1857-ലെ സ്വാതന്ത്ര്യ സമരം അവസാനത്തെ മുഗള സാമ്രാട്ട്  ബഹാദുര്‍ഷായും ഝാന്‍സി റാണിയും താന്തിയാ തോപ്പിയുമൊക്കെ കൂട്ടായി നയിച്ച പ്രസ്ഥാനമായിരുന്നുവല്ലോ. ആ ഒരു  മൈത്രിയുടെ അന്തരീക്ഷത്തില്‍ നിന്ന് കിളിര്‍ത്ത് വന്നതാകാം ഈ കീര്‍ത്തനങ്ങള്‍. ദക്ഷിണേന്ത്യയിലും പിന്നീട് വിശാലമനസ്‌കരായ അമുസ്‌ലിം കവികള്‍ കീര്‍ത്തനങ്ങളാല്‍ നബിയെ പുരസ്‌കരിക്കുകയുണ്ടായി. 

ഉര്‍ദുവില്‍ ഹിന്ദു കവികള്‍ എഴുതിയ 'നഅത്തു'കള്‍ ആദ്യമായി സമാഹരിക്കാന്‍ ശ്രമിച്ചത് യശഃശരീരനായ കവി വാലി ആസിയാണ്. ആ ശ്രമങ്ങളുടെ പരമ്പര അദ്ദേഹത്തിന് ശേഷവും തുടര്‍ന്നു. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട സമാഹാരമാണ് നൂര്‍ മീറലിയുടെ 'ബ ഹര്‍ സമാന്‍, ബ ഹര്‍ സബാന്‍' (എല്ലാ കാലത്തും എല്ലാ ഭാഷകളിലും.) 336 ഹിന്ദു കവികളുടെ നബി കീര്‍ത്തനങ്ങള്‍ ഇതില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  1800-കളില്‍ ഇന്ത്യയിലെ സാംസ്‌കാരിക ഭാഷ ഉര്‍ദുവും പേര്‍ഷ്യനുമായിരുന്നതിനാല്‍ സാമാന്യേന ഹിന്ദു സാഹിത്യകാരന്മാരും ഈ ഭാഷകളിലായിരുന്നു രചന നടത്തിയിരുന്നത്. അക്കൂട്ടത്തില്‍ ഒരു പ്രമുഖ കവിയായിരുന്നു മുന്‍ഷി ശങ്കര്‍ലാല്‍ സാഖി (1890). ഉര്‍ദുവിലും പേര്‍ഷ്യനിലും അദ്ദേഹം കവിതകളെഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നബി കീര്‍ത്തനത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍: 

''ജീതെ ജീ റൗദ അഖ്ദസ് കൂ ആന്‍ഖോന്‍ നെ ന ദേഖാ
റൂഹ് ജന്നത് മെ ഭീ ഹോഗീ തോ തറസ്തീ ഹോ ഗീ
നഅത്ത് ലിഖ്താഹും മഗര്‍ ശറം മുഝെ ആതീ ഹെ
ക്യാ മെരീ മദഹ്ഖാനോന്‍ മെ ഹസ്തീ ഹോ ഗീ''
(വിശുദ്ധ റൗദയില്‍ ജീവിച്ചുകൊണ്ടിരിക്കും
ആ പുണ്യ ശ്ലോകനെ കണ്‍ പാര്‍ത്തില്ല ഞാന്‍. 
ആത്മാവ് സ്വര്‍ഗത്തിലാകിലും ആശിച്ചു പോം പുമാനെ. 
നമ്രം മമതൂലികയീ മഹാശയനെ എങ്ങനെ വര്‍ണിക്കും. 
എന്‍ സ്തുതി മേടകളില്‍ വസിക്കുമോ അവന്‍ ശാശ്വതം!)

ഒരുപാട് നഅത്തുകളെഴുതിയ മറ്റൊരു കവിയാണ് മഹാരാജ് സര്‍കിഷന്‍ പ്രസാദ് (1864-1940). നബിയോടുള്ള അഗാധമായ മമതാ വികാരത്താല്‍ തരളിതവും പ്രേമവായ്പിനാല്‍ നിര്‍ഭരവുമാണ് അദ്ദേഹത്തിന്റെ നബി കീര്‍ത്തനങ്ങള്‍. ആ കീര്‍ത്തനങ്ങള്‍ വായിച്ചാല്‍ അതെഴുതിയത് നബിയുടെ അനുയായിയാണെന്നേ തോന്നൂ എന്നാണ് നിരൂപക മതം. അത്രയ്ക്ക് വികാരോഷ്മളമാണ് ആ കീര്‍ത്തനങ്ങളിലെ വരികള്‍. നബിയുടെ ആകാര ഗാംഭീര്യവും അംഗ സൗഷ്ടവവും ഹൃദയാ വര്‍ജകമായി വര്‍ണിക്കുന്നുണ്ട് 200 പേജുകള്‍ വരുന്ന അദ്ദേഹത്തിന്റെ നബി കീര്‍ത്തനത്തില്‍. ഒരിടത്ത് അദ്ദേഹം എഴുതുന്നതിനങ്ങനെ: 

''കാഫിര്‍ ഹൂം മൂമിന്‍ ഹൂം ഖുദാ ജാനെ മൈ ക്യാഹൂം
പര്‍ ബന്ദഹൂം ഉസ്‌കാ ജോ ഹെ സുല്‍ത്താനെ മദീന
മദീന കൂ ചലോ ദര്‍ബാര്‍ ദേഖോ
റസൂലുല്ലാകീ സര്‍ക്കാര്‍ ദേഖോ''
(ഞാന്‍ കാഫിറാണോ മുഅ്മിനാണോ 
ദൈവത്തിനറിയാം! 
എന്നാല്‍ മദീനയിലെ സുല്‍ത്താന്റെ ദാസനാണ് ഞാന്‍. 
മദീനയിലേക്ക് നടക്കൂ. 
അവിടുത്തെ ദര്‍ബാര്‍ കാണൂ. 
ദൈവ ദൂതന്റെ സ്‌നേഹ സാമ്രാജ്യം കാണൂ)

നഅത്തില്‍ സമുന്നത സ്ഥാനം നേടിയ മറ്റൊരു കവി ശ്രേഷ്ഠനായിരുന്നു ദിലൂറാം കൗസരി. അദ്ദേഹത്തിന്റെ നബികീര്‍ത്തനങ്ങള്‍ കേട്ട് ഹര്‍ഷപുളകിതനായി ഇന്തോ ഉപഭൂഖണ്ഡത്തിലെ പ്രമുഖ സൂഫിവര്യനായ ജമാഅത്ത് അലി ഷാ അദ്ദേഹത്തിന് 'ഹസ്സാനുല്‍ ഹിന്ദ്' (ഇന്ത്യയിലെ ഹസ്സാന്‍) എന്ന പട്ടം നല്‍കുകയുണ്ടായി. നബിയുടെ സ്വന്തം കവിയായിരുന്നുവല്ലോ ഹസ്സാന്‍. 

''കുഛ് ഇശ്‌ഖെ മുഹമ്മദ് മെ നഹീം ശര്‍ത്വ് മുസല്‍മാന്‍
ഹേ കൗസരി ഹിന്ദു ഭീ ത്വലബ്ഗാര്‍ മുഹമ്മദ്''

(മുഹമ്മദിനോടുള്ള അനുരാഗവായ്പിന് മുസല്‍മാന്‍ ആകണമെന്നൊന്നും ഉപാധിയില്ല. ഹേ കൗസരി, ഹിന്ദുവും തേടുന്നത് മുഹമ്മദിനെയാണ്) എന്നാണ് ദിലൂറാം പാടുന്നത്. 

''ആഹന്‍ഗ് ഹിജാസ്' (ഹിജാസ് രാഗം) എന്ന ശീര്‍ഷകത്തില്‍ നബി കീര്‍ത്തനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ച കവിയാണ് അര്‍ശ് മലീസാനി എന്ന ഹിന്ദു കവി. ഹിന്ദു-മുസ്‌ലിം മൈത്രിക്ക് വേണ്ടി അനര്‍ഘ സംഭാവനകളര്‍പ്പിച്ച കവിയായിരുന്നു അദ്ദേഹം. 'ആഹന്‍ഗ് ഹിജാസി'ലെ അദ്ദേഹത്തിന്റെ ഒരു വരി ശ്രദ്ധിക്കുക: 

''തെരെ അമല്‍ കെ ദര്‍സ് സെ ഗറം ഹെ ഖൂന്‍ ഹര്‍ ബശര്‍
ഹസന്‍ നമൂദ് സിന്ദഗി, റങ്ക് റുഖ് ഹയാതെ നൗ''

(നിന്റെ കര്‍മപാഠങ്ങളാല്‍ സര്‍വ മനുഷ്യരുടെയും രക്തം ഊഷ്മളമാകുന്നു. ജീവിതം വര്‍ണ ശബളമായ് നവോന്മിഷിത്തമാകുന്നു).

പര്‍ചെ ദര്‍ശന്‍ മുഹമ്മദ് മുസ്തഫ(1905)യുടെ കര്‍ത്താവായ മുന്‍ഷി ബാല, ദീവാനെ കൈഫി(1908)ന്റെ കര്‍ത്താവായ പണ്ഡിറ്റ് ശിവനാഥ് ചക് കൈഫ്, മഖ്‌സന്‍ അസ്‌റാര്‍ മഅ്‌രിഫ എഴുതിയ മുന്‍ഷി ലളിത് പ്രസാദ് (1886-1959), ഈദ് മീലാദുന്നബി (1958) രചിച്ച പ്രഭുദയാല്‍ റഖം (ജനനം 1891), മസ്‌നവീ ഗുല്‍സാര്‍ നസീമിന്റെ കര്‍ത്താവ് പണ്ഡിറ്റ് ദയാശങ്കര്‍ നസീം ലഖ്‌നവി (1811-1844), നയീ സുബ്ഹി(1951)ന്റെ കര്‍ത്താവ് മുന്‍ഷി ദുര്‍ഗ സഹായെ സുറൂര്‍ (ച. 1910), ചാന്ദ് ബിഹാരി ലാല്‍ (ജ. 1889), ജഗന്നാഥ് ആസാദ് (1918-2004) കുന്‍വര്‍ മഹേന്ദ്രസിംഗ് ബേദി (ജ. 1920) മുന്‍ഷി രൂപ് ചന്ദ്, പ്യാരെ ലാല്‍ റൗനഖ്, ചന്ദി പ്രസാദ് ശേദാ, മഹാരാജ് ബഹാദൂര്‍ ബര്‍ക്, മുന്‍ഷി നാരായണ്‍ സഖാ, ത്രിഭൂവന്‍ ശങ്കര്‍ ആരിഫ്, പണ്ഡിറ്റ് ഹരിചന്ദ് അഖ്തര്‍, ത്രിഭൂവന്‍ നാഥ് സാര്‍ സത്ശി, ത്രിലോക് ചന്ദര്‍, ഗോപിനാഥ് അമന്‍, പണ്ഡിറ്റ് അമര്‍ നാഥ് ആശഫ്ത, ഭഗവത് റായ് റാവാത്ത്, മഹാരാജ് കിഷന്‍ പ്രസാദ്, പണ്ഡിറ്റ് ബ്രിജ്‌നാരായണ്‍ ദത്തത്രേയ് കൈഫി, രഘുപതി സഹായ്, ഫിറാഖ് ഗോരഖ് പൂരി, കൃഷന്‍ മോഹന്‍, ചന്ദ്ര പ്രകാശ് ജൗഹര്‍ ബിജനൂരി, ആനന്ദ് മോഹന്‍ സത്ശി, ഗുല്‍സാര്‍ ദഹ്‌ലവി, പണ്ഡിറ്റ് ദയാപ്രസാദ് ഗോരി, ഉമാശങ്കര്‍ ശാദാന്‍, അശ്വനി കുമാര്‍ അശ്‌റഫ്, ഹരിമേഹ്താ ഹരി, ചന്ദ്ര ബാല്‍ ഖയാല്‍ തുടങ്ങി ഉര്‍ദുവില്‍ നബികീര്‍ത്തന ശാഖയെ സമ്പന്നമാക്കിയ ഹിന്ദു കവികളുടെ ഒരു നെടിയ നിര തന്നെയുണ്ട്. 

ക്രൈസ്തവ കവികള്‍

ഇന്ത്യയില്‍ ഹിന്ദു കവികള്‍ ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകളിലെ 'നഅത്ത്' ശാഖയെ പരിപോഷിപ്പിച്ച പോലെ തന്നെ അറബിക്കവിതയില്‍ 'മദ്ഹുര്‍റസൂല്‍' എന്ന പേരിലറിയപ്പെടുന്ന നബി കീര്‍ത്തന ശാഖയെ സമ്പന്നമാക്കിയതില്‍ ക്രൈസ്തവ കവികളുടെ സംഭാവനകളും ഗണനീയമാണ്. പ്രവാസ (മഹ്ജര്‍) കവികളായ ഖലീല്‍ മത്വ്‌റാന്‍ (1872-1949), ജോര്‍ജ് സൈ്വദഹ് (1873-1978), ജോര്‍ജ് സലസ്തി, മഹ്ബൂബ് അല്‍ഖുവരി (1885-1931), സിറിയന്‍ കവിയായ വസ്വഫി ഖറന്‍ഫുലി (1911-1978) എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രാതഃസ്മരണീയരാണ്. 

മലയാള കവിതയില്‍

മലയാളത്തിലും നബി മുദ്ര പതിഞ്ഞ കവിത എഴുതിയവരില്‍ പൊന്‍കുന്നം സെയ്ത് മുഹമ്മദ്, ടി. ഉബൈദ്, യൂസഫലി കേച്ചേരി, പി.ടി അബ്ദുറഹ്മാന്‍ എന്നിവരെപ്പോലെ തന്നെ ശ്രീനാരായണ ഗുരു, വള്ളത്തോള്‍ നാരായണ മേനോന്‍ തുടങ്ങി സഹോദര സമുദായത്തില്‍ നിന്നുള്ള ഒട്ടനവധി ലബ്ധ പ്രതിഷ്ഠരായ കവികളുണ്ട്. 

''പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തു രത്‌നമോ?''

എന്ന ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പാദശക'ത്തിലെ വരികള്‍ പ്രസിദ്ധമാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ച ഉര്‍ദു 'നഅത്തി'ലെ അമിതോക്തികള്‍ ഈ വരികളിലും പ്രകടമാണ്. നാരായണ ഗുരുവിന്റെ അദൈ്വത ദര്‍ശന പശ്ചാത്തലത്തില്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. വള്ളത്തോളിന്റെ 'അല്ലാഹ്', ജി. ശങ്കരക്കുറുപ്പിന്റെ 'ദിവ്യ പുഷ്പം', പി. കുഞ്ഞിരാമന്‍ നായരുടെ 'മരുഭൂമിയിലെ ചന്ദ്രോദയം', പാലാ നാരായണന്‍ നായരുടെ 'മുഹമ്മദ് നബി', പണ്ഡിറ്റ് കെ.പി കറുപ്പന്റെ 'നബി അവതാരം' തുടങ്ങി ഒട്ടേറെ കവിതകള്‍ ഇവിടെ അനുസ്മരിക്കാനാകും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍