Prabodhanm Weekly

Pages

Search

2016 ജനുവരി 08

ചോദ്യോത്തരം

മുജീബ്

മൗദൂദിയും ശീഈ പ്രസ്ഥാനവും

മൗലാനാ മൗദൂദിയുടെ കുടുംബ പരമ്പര പരിശോധിച്ചാല്‍ ഫാത്വിമ(റ)യുടെയും അലി(റ)യുടെയും മൂത്ത മകനായ ഹസനില്‍ ചെന്നെത്തുന്നതായി കാണാം. ഹസന്റെയും ഹുസൈന്റെയും സന്താന പരമ്പരയില്‍ പെട്ടവരാണ് ശീഈകളുടെ നേതാക്കളിലധികവും. മൗദൂദി ശീഈസം വളരെ തന്ത്രപൂര്‍വമാണ് തന്റെ അനുയായികളിലും പൊതുജനങ്ങളിലും പ്രചരിപ്പിച്ചുവരുന്നത്......''

''..... എഴുപതുകളില്‍ ഇറാന്‍ വിപ്ലവത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ കേരള ജമാഅത്തെ ഇസ്‌ലാമി ശീഈകളുടെ നേതാവും അദൃശ്യനായി ആകാശത്ത് വാണരുളുന്ന പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദുബ്‌നുല്‍ ഹസന്‍ അസ്‌കരിയുടെ ഭൂമിയിലെ പ്രതിനിധി എന്ന് ശീഈകള്‍ വിശ്വസിക്കുന്ന ഖുമൈനിയെ പുകഴ്ത്തി പറയുകയും യഥാര്‍ഥ ഇസ്‌ലാമിന്റെ മാതൃക ഖുമൈനിയിലൂടെ മനസ്സിലാക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു....''

''........ ഇവരുടെ പ്രചാരണ പരിപാടികളിലൂടെ കേരള മുസ്‌ലിംകളില്‍ നിന്ന് ചിലരെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.''

''......... മൗദൂദി തന്റെ അല്‍ ഖിലാഫത്തു വല്‍ മുല്‍ക്ക് എന്ന ഗ്രന്ഥത്തില്‍ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, ആഇശ, ഹഫ്‌സ(റ) എന്നിവരെ വളരെ മോശമായ വിധത്തിലാണ് പറഞ്ഞിട്ടുള്ളത്....''

''.... അങ്ങനെ ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്ളിടത്തെല്ലാം ഖുമൈനിയെ വാനോളം പുകഴ്ത്തി ശീഈസത്തിന് പ്രചാരണം നല്‍കിക്കൊണ്ടിരിക്കുന്നു.....''

''.... അറബികളുടെ പണം കിട്ടണമെങ്കില്‍ ശീഈസത്തെ തള്ളിപ്പറയണമെന്ന അവസ്ഥ വന്നു, തുടര്‍ന്ന് അവര്‍ ശീഈസത്തെ തള്ളിപ്പറയാന്‍ തുടങ്ങി....'' 

''..... ഇസ്‌ലാഹി പ്രവര്‍ത്തകര്‍ അന്നുതന്നെ അതിന് തടയിട്ടിട്ടില്ലായിരുന്നുവെങ്കില്‍ കേരള മുസ്‌ലിംകളില്‍ ഖുമൈനിസം വേരുറക്കുമായിരുന്നു.....''

''ഹുകൂമത്തെ ഇലാഹി സ്ഥാപിക്കലാണ് മനുഷ്യവംശത്തിന്റെ ജീവിത ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നുള്ള സിദ്ധാന്തം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് ശീഈകളാണ്.....''

''.... പില്‍ക്കാലത്ത് ഈ വാദം മൗലാനാ മൗദൂദിയും ഏറ്റുപിടിച്ചു....''

''..... മൗദൂദി അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശീഈസത്തെ പിന്തുണക്കുകയാണ് ചെയ്യുന്നത്'' (ശബാബ് വാരിക, ലക്കം 14, 'അബുല്‍ അഅ്‌ലാ മൗദൂദിയും ശീഈ പ്രസ്ഥാനവും' എന്ന എ അബ്ദുല്‍ ഹമീദ് മദീനി എഴുതിയ ലേഖനത്തിലെ വ്യത്യസ്ത ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണിത്). മറുപടി?

ഷൗക്കത്തലി വെള്ളയില്‍

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പിറന്നത് ഇമാം അലി(റ)യിലേക്കും ഫാത്വിമ(റ)യിലേക്കും ചെന്നെത്തുന്ന വംശാവലിയിലാണെന്നത് ശരിയാണ്. പക്ഷേ, അതുകൊണ്ടു മാത്രം ഒരാള്‍ ശീഈ ആവുമെന്ന് വന്നാല്‍ എത്ര ആയിരം പേരെ ശീഈകളാക്കേണ്ടിവരും? അല്ലെങ്കില്‍ തന്നെ ഇമാം അലിയോ അദ്ദേഹത്തിന്റെ പുത്രന്മാരോ ശീഈകളായിരുന്നുവോ? നാലാം ഖലീഫ അലിക്ക് ശേഷം ഉടലെടുത്ത പ്രസ്ഥാനമാണ് ശീഈസം. അവരുടെ സന്താനപരമ്പരയില്‍ എല്ലാവരെയും ശീഈകള്‍ അംഗീകരിക്കുന്നുമില്ല.

1979 ജനുവരി 16-നാണ് ഇറാനില്‍ ഖുമൈനി നയിച്ച വിപ്ലവം വിജയിച്ചത്. അതേ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് മൗദൂദി നിര്യാതനായത്. ദേഹവിയോഗത്തിന് മുമ്പ് അദ്ദേഹം മാസങ്ങളോളം രോഗശയ്യയിലായിരുന്നു; ഒടുവില്‍ അമേരിക്കയിലെ ബഫെല്ലോ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. ശീഈസത്തിനോ ഖുമൈനിക്കോ വേണ്ടി പ്രചാരണം നടത്താനോ പ്രസംഗിച്ചു നടക്കാനോ ഒന്നും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അമേരിക്കന്‍ ചട്ടുകമായിരുന്ന മുഹമ്മദ് റിസാ ഷാ പഹ്‌ലവിയെ അധികാരഭ്രഷ്ടനാക്കി ജനകീയ വിപ്ലവം നടത്തിയതിന്റെ പേരില്‍ ഖുമൈനിയെ അഭിനന്ദിക്കുകയാണ് അദ്ദേഹം ആകപ്പാടെ ചെയ്തത്. മറ്റു പല ഇസ്‌ലാമിക ചിന്തകന്മാരും അങ്ങനെ ചെയ്തിട്ടുണ്ട്. 'ലാ ശര്‍ഖിയ്യ, വലാ ഗര്‍ബിയ്യ, ലാ ശീഈയ്യ, വലാ സുന്നിയ്യ, ഇസ്‌ലാമിയ്യ, ഇസ്‌ലാമിയ്യ' (കിഴക്കനല്ല, പടിഞ്ഞാറനുമല്ല, ശീഈയുമല്ല, സുന്നിയുമല്ല. ഇസ്‌ലാം, ഇസ്‌ലാം മാത്രം) എന്ന ഖുമൈനിയുടെ മുദ്രാവാക്യത്തെ അവരെല്ലാം സ്വാഗതം ചെയ്തു. പില്‍ക്കാലത്ത് ഇറാനിയന്‍ നേതാക്കള്‍ തനി ശീഈ പാതയിലേക്ക് നീങ്ങിയെങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ മൗദൂദി ജീവിച്ചിരുന്നില്ല. തുടക്കം മുതലേ ഇറാന്‍ വിപ്ലവത്തെയും നേതാക്കളെയും തനി ശത്രുക്കളായി പ്രഖ്യാപിച്ചത് സലഫികളാണ്. അവരിപ്പോഴും ആ നിലപാടില്‍ തുടരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെ മുസ്‌ലിം ലോകൈക്യം എന്ന തത്ത്വത്തില്‍ ഉറച്ചുനിന്ന പണ്ഡിതന്മാരും സംഘടനകളും ഇറാനെതിരെ ആത്യന്തിക നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ആരുടെ നിലപാടാണ് ശരി എന്നത് ചരിത്രം തീരുമാനിക്കട്ടെ. എന്നാല്‍ പണത്തിന് വേണ്ടി നിലപാട് മാറ്റിപ്പറയുന്ന രോഗം ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു കാലത്തും ഉണ്ടായിരുന്നില്ല. മറിച്ച് അറബിപ്പണത്തിന്റെ പേരില്‍ പലതായി പിളര്‍ന്ന് പരസ്പരം കടിപിടികൂടുന്ന ലജ്ജാകരമായ കാഴ്ച ആരിലാണെന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഒരുകാലത്തും ഖുമൈനിസമോ ശീഈസമോ വേര് പിടിച്ചിട്ടില്ല. ഇസ്‌ലാമിക പ്രസ്ഥാനം അതിനു വേണ്ടി ശ്രമിച്ചിട്ടുമില്ല. ശീഈസമോ സലഫിസമോ സുന്നിസമോ ഒന്നും ഇസ്‌ലാമിന്റെ തനി രൂപമാണെന്ന വിശ്വാസം ജമാഅത്തിനില്ല താനും. ഖുര്‍ആനിലും സുന്നത്തിലും ശരിയായ അര്‍ഥത്തില്‍ ഇപ്പറഞ്ഞതൊന്നും ഇല്ലെന്നതാണ് വാസ്തവം.

ഖിലാഫത്ത് പ്രവാചക കുടുംബത്തില്‍ പരിമിതമാണെന്ന് സിദ്ധാന്തിക്കുകയും അവരില്‍ ചിലരെ പാപമുക്തരായ ഇമാമുകളായി പ്രതിഷ്ഠിക്കുകയും ചെയ്ത ശീഈകള്‍ എപ്പോഴാണ് ഹുകൂമത്തെ ഇലാഹിയുടെ വക്താക്കളായത്? അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയമായി ജനങ്ങള്‍, തഖ്‌വയും യോഗ്യതയുമുള്ളവരെ- അവര്‍ ചപ്പിയ മുന്തിരി പോലുള്ള തലമുടിക്കാരായ കാപ്പിരി അടിമകളാണെങ്കില്‍ പോലും- തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുത്ത് ശരീഅത്ത് അടിസ്ഥാനമാക്കി സാമൂഹിക നീതിക്ക് വേണ്ടി ഭരിക്കുന്ന സമ്പ്രദായത്തെയാണ് മൗദൂദി ഖിലാഫത്ത് എന്ന് വിളിച്ചത്. വംശീയവും കുടുംബപരവുമായി മാത്രം ഇമാമത്തിനെ കാണുന്ന ശീഈകള്‍ക്കത് സ്വീകാര്യമാവുന്നതെങ്ങനെ? ഇതഃപരന്ത്യമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ഒരു ശീഈ വംശജന്‍ പോലും അതില്‍ അംഗമാവുകയോ ഒരു ജമാഅത്ത് പ്രവര്‍ത്തകനെങ്കിലും ശീഈസത്തില്‍ ചേരുകയോ ചെയ്യാത്തത് വെറുതെയാണോ?

അല്‍ ഖിലാഫത്തു വല്‍ മുലൂകിയത്ത് (ഖിലാഫത്തും രാജവാഴ്ചയും) എന്ന ഗ്രന്ഥത്തില്‍ സ്വഹാബിവര്യന്മാരില്‍ ആരെയും മൗദൂദി ചെറുതായി പോലും അധിക്ഷേപിച്ചിട്ടില്ലെന്ന് പുസ്തകം വായിച്ചവര്‍ക്കറിയാം. തന്നെയല്ല, അക്കാര്യത്തില്‍ തന്റെ നിലപാട് സംശയാതീതമായി അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. മാതൃകക്ക് ഒരു ഭാഗം മാത്രം ഉദ്ധരിക്കുന്നു:

''പ്രവാചകന്മാരൊഴികെ സ്വഹാബിമാരടക്കമുള്ള സകല മനുഷ്യരും പാപ സുരക്ഷിതത്വം (മഅ്‌സ്വൂമിയ്യത്ത്) ഇല്ലാത്തവരാണ്. പ്രവാചകന്മാര്‍ മാത്രമേ പാപമുക്തരായുള്ളൂ. പ്രവാചകന്മാരല്ലാത്ത ഒരാളും തന്നെ അവര്‍ തെറ്റു പറ്റാത്തവരും പറ്റിയിട്ടില്ലാത്തവരുമാണ് എന്ന അര്‍ഥത്തില്‍ മഹാനാവുന്നില്ല. മറിച്ച് അവര്‍ മഹാന്മാരാകുന്നത് ജ്ഞാനവും കര്‍മവും കൊണ്ട് അവരുടെ ജീവിതത്തില്‍ നന്മ മുന്തി നില്‍ക്കുന്നതിനാലാണ്. ഒരാളില്‍ നന്മ എത്രത്തോളം മികച്ചുനില്‍ക്കുന്നുവോ അത്രത്തോളം അയാള്‍ മഹാനായിരിക്കും. ഒരു പ്രവൃത്തിയോ ഏതാനും പ്രവൃത്തികളോ തെറ്റായതുകൊണ്ട് അയാളുടെ മഹത്വം കുറഞ്ഞുപോവുകയില്ല.

ഈ വിഷയത്തില്‍ എന്റെയും മറ്റാളുകളുടെയും വീക്ഷണത്തില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്. എന്റെ നിലപാട് മനസ്സിലാക്കുന്നതില്‍ ചിലപ്പോള്‍ തെറ്റിദ്ധാരണ കടന്നുകൂടുന്നത് അതുകൊണ്ടാണ്. മഹാന്മാരില്‍ നിന്ന് ഒരിക്കലും തെറ്റ് സംഭവിക്കുകയില്ല; തെറ്റ് സംഭവിച്ചാല്‍ അവര്‍ മഹാന്മാരല്ല എന്നാണ് ചിലര്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഈ വീക്ഷണം വെച്ചുകൊണ്ട് മഹാന്മാരായ ആളുകളുടെ ഒരു പ്രവൃത്തിയും തെറ്റായി ഗണിക്കപ്പെടരുത് എന്നവര്‍ ആഗ്രഹിക്കുന്നു. അതിലുപരി, അത്തരമാളുകളുടെ ഏതെങ്കിലും പ്രവൃത്തി ചൂണ്ടിക്കാട്ടി അത് തെറ്റാണെന്ന് വല്ലവനും പറഞ്ഞാല്‍ അയാള്‍ അവരുടെ മഹത്വത്തെ മാനിക്കാത്തവനാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു. എന്റെ വീക്ഷണം മറിച്ചാണ്. പ്രവാചകനല്ലാത്ത ഏതൊരു മഹാനില്‍ നിന്നും തെറ്റുകള്‍ സംഭവിക്കുകയും അതോടൊപ്പം തന്നെ അദ്ദേഹം മഹാനായിരിക്കുകയും ചെയ്യാം. ഞാനേതെങ്കിലും മഹാത്മാവിന്റെ പ്രവൃത്തിയെപ്പറ്റി തെറ്റെന്ന് പറഞ്ഞിട്ടുള്ളത്, അത് അവലംബനീയമായ തെളിവുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ന്യായീകരണത്തിന് യാതൊരു പഴുതും ഇല്ലാതിരിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്. ഈ നിബന്ധന പ്രകാരം ഒരു പ്രവൃത്തി തെറ്റാണെന്ന് മനസ്സിലായാല്‍ അത് തെറ്റാണെന്ന് വിശ്വസിക്കുകയും പിന്നെ ആ തെറ്റിനെ മാത്രം വിമര്‍ശിക്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. ആ ഒരു തെറ്റ് കാരണമായി ആ മഹാന്‍ എന്റെ ദൃഷ്ടിയില്‍ മഹാനല്ലാതാകുന്നില്ല. അദ്ദേഹത്തോടുള്ള ആദരവില്‍ ഒട്ടും കുറവ് വരുന്നുമില്ല. മഹാനെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരാളുടെ പ്രകടമായ തെറ്റുകളെ നിഷേധിക്കുകയോ മറച്ചുവെക്കുകയോ യുക്തിരഹിതമായ വ്യാഖ്യാനങ്ങള്‍ നല്‍കി അവ ശരിയെന്ന് വരുത്തിത്തീര്‍ക്കുകയോ ചെയ്യേണ്ട ആവശ്യം എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. തെറ്റിനെ ശരിയാക്കി അവതരിപ്പിക്കുന്നത് വഴി നമ്മുടെ മാനദണ്ഡം തന്നെ മാറിപ്പോവും. ഓരോ മഹാനും അതത് സന്ദര്‍ഭങ്ങളില്‍ ഒറ്റയ്‌ക്കൊറ്റക്ക് ചെയ്തിട്ടുള്ള തെറ്റുകള്‍ ഒന്നായി നമ്മില്‍ കുമിഞ്ഞുകൂടും. പ്രകടമായ സംഗതികള്‍ മറച്ചുവെക്കുന്നത് പ്രശ്‌നം പരിഹരിക്കാനല്ല, കൂടുതല്‍ വഷളാക്കാനാണ് ഉപകരിക്കുക. നാം നമ്മുടെ മഹാന്മാരെക്കുറിച്ച് പറയുന്ന മഹത്വങ്ങളും ഇങ്ങനെ തല്ലിക്കൂട്ടിയെടുത്തതാകുമെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാനും അത് കാരണമായേക്കും'' (ഖിലാഫത്തും രാജവാഴ്ചയും, 'വീഴ്ചകള്‍ മാഹാത്മ്യത്തെ ബാധിക്കുന്നില്ല' എന്ന ശീര്‍ഷകം- പേജ് 251-256, ഐ.പി.എച്ച്). 

സംഘ്പരിവാറിന്റെ സ്ത്രീ സ്‌നേഹം!

'കാന്തപുരത്തിന്റെ പ്രസ്താവനകള്‍ ഇന്നോ ഇന്നലെയോ നടത്താന്‍ തുടങ്ങിയല്ല. സ്ത്രീവിരുദ്ധത അദ്ദേഹത്തിന്റെ ഉറച്ച മനോഭാവമാണ്. ഇത് കാന്തപുരത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായവുമല്ല. മുസ്‌ലിം മതമൗലികവാദികളായ പലരും സമാനമായ അഭിപ്രായക്കാരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നു അവകാശപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തത്ത്വശാസ്ത്രം പോലും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. കാന്തപുരത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മതമാണെന്ന കാര്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. തിരുത്ത് വേണ്ടത് ഈ മതബോധത്തിന് തന്നെയാണ്' (ജന്മഭൂമി മുഖപ്രസംഗം- 1.12.2015). പ്രതികരണം?

മുഹമ്മദ് സഖലൂന്‍, കണ്ണൂര്‍ സിറ്റി

സ്ത്രീകളുടെ പദവിയുടെയും അവകാശങ്ങളുടെയും കാര്യത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിം സംഘടനകളെയും കുറ്റപ്പെടുത്താന്‍ അര്‍ഹതയുള്ളവരില്‍ ഏറ്റവും ഒടുവിലാണ് സംഘ്പരിവാറിന്റെ സ്ഥാനം. വിധവകള്‍ ഈശ്വരശാപം പേറുന്നവരാണെന്നും അവര്‍ ജീവിക്കാന്‍ പോലും അര്‍ഹരല്ലെന്നും അനുശാസിക്കുന്നു ബ്രാഹ്മണ മതം. ഏറ്റവും ഒടുവില്‍ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ ഒരു സ്‌കൂളില്‍ വിധവയാണ് ആഹാരം പാകം ചെയ്തതെന്നറിഞ്ഞപ്പോള്‍ ഭക്ഷണം തന്നെ കുട്ടികളും മറ്റുള്ളവരും ഒന്നടങ്കം ബഹിഷ്‌കരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പാവപ്പെട്ട യുവതികളെ വേശ്യാവൃത്തിക്കു ഉഴിഞ്ഞുവെക്കുന്ന ദേവദാസി സമ്പ്രദായം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ജാതകദോഷം എന്ന കൊടിയ അന്ധവിശ്വാസത്തിന്റെ പേരില്‍ ദാമ്പത്യ ജീവിതം നിഷേധിക്കപ്പെട്ട ആയിരക്കണക്കില്‍ നിര്‍ഭാഗ്യവതികളുണ്ട് ഹൈന്ദവ സമൂഹത്തില്‍. ഇതിനെതിരെ ഒരക്ഷരം ഉരിയാടാതെ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്നതായി ആരോപിക്കപ്പെടുന്ന വിവേചനങ്ങളില്‍ ധര്‍മരോഷം കൊള്ളുന്ന സംഘ്പരിവാറിന്റെ നിലപാടില്‍ കാപട്യമാണ് പ്രകടമാവുന്നത്. 2002-ല്‍ ഗുജറാത്തില്‍ നടന്നത് പോലുള്ള വംശീയ കലാപങ്ങളില്‍ അനേകശ്ശതം സ്ത്രീകള്‍ നിഷ്ഠുരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ ആരായിരുന്നെന്നും ജനങ്ങള്‍ക്കറിയാം.

സ്ത്രീക്കും പുരുഷനും തുല്യ നീതിയും സമാവകാശങ്ങളും അനുവദിക്കുന്ന ഇസ്‌ലാം, യഥാര്‍ഥ സ്ത്രീ സ്വാതന്ത്ര്യം പ്രയോഗത്തില്‍ കാണിച്ചുകൊടുത്ത മതമാണ്. ചില പണ്ഡിതന്മാര്‍ അതിന് തടയിടാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരെ തിരുത്താനും സമുദായത്തില്‍ സംഘടനകളും കൂടുതല്‍ അറിവും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിതന്മാരുമുണ്ട്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെപ്പോലുള്ളവരെ ശക്തമായെതിര്‍ക്കുന്നവര്‍ മുസ്‌ലിം സമുദായത്തിനകത്താണുള്ളത്, പുറത്തല്ല. പുറത്തുള്ളവര്‍ അത്തരക്കാരെ പണത്തിനും വോട്ടിനും വേണ്ടി ചുമലിലേറ്റി നടക്കുന്നതാണ് ഗതകാലാനുഭവങ്ങള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ തത്ത്വശാസ്ത്രത്തില്‍ സ്ത്രീവിരുദ്ധമായി എന്താണുള്ളതെന്ന് ജന്മഭൂമി ചൂണ്ടിക്കാട്ടണം. കാടടച്ചു വെടിവെക്കരുത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍