Prabodhanm Weekly

Pages

Search

2016 ജനുവരി 08

'കാഴ്ച'കളുടെ ഹൈദരാബാദ് വിശേഷങ്ങള്‍

ജലീല്‍ മോങ്ങം

         ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ വ്യത്യസ്ത പ്രവര്‍ത്തനമുഖങ്ങളെ പരിചയപ്പെടുകയും പങ്കുവെക്കുകയും ചെയ്യുകയെന്നതായിരുന്നു നാലുദിവസം നീണ്ടുനിന്ന ജമാഅത്ത് അംഗങ്ങളുടെ ഹൈദരാബാദ് സമ്മേളനത്തോടൊപ്പം നടന്ന 'അബ്‌സ്വാര്‍' എക്‌സിബിഷന്റെ ഉദ്ദേശ്യം. അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്ന 'കാഴ്ച' എന്നതിനപ്പുറം പൊതുജനങ്ങള്‍ക്കും ഇടം നല്‍കുന്ന ഒന്നാക്കി എക്‌സ്‌പോ മാറണമെന്ന് എക്‌സിബിഷന്‍ കമ്മിറ്റിയുടെ പ്രഥമയോഗത്തില്‍ കേരള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടുകയും അതനുസരിച്ച് ഉള്ളടക്കം വികസിപ്പിക്കണമെന്നും തീരുമാനമായി. കേരളം മുന്നോട്ടുവെച്ച 'അബ്‌സ്വാര്‍' എന്ന പേരും ലോഗോയും കേന്ദ്രകമ്മറ്റി അംഗീകരിക്കുകയും ചെയ്തു.

എക്‌സ്‌പോ കാമ്പസിന്റെ മനോഹാരിത മനസ്സിലാക്കി ഒരു 'ബിനാലെ' സ്വഭാവത്തിലുള്ള കാഴ്ചകളാണ് ഞങ്ങള്‍ മനസ്സില്‍ കണ്ടത്. പക്ഷേ, കേന്ദ്രക്കമ്മിറ്റി രൂപകല്‍പന ചെയ്ത വിഷയാധിഷ്ഠിതവും 'സ്റ്റാള്‍' സ്വഭാവത്തിലുള്ളതുമായ പരമ്പരാഗത എക്‌സിബിഷന്‍ രൂപത്തിലേക്ക് പിന്നീട് മാറേണ്ടി വന്നു. 

വ്യത്യസ്ത നിശ്ചല ദൃശ്യങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇരുപതില്‍പരം ഉപവിഭാഗങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നതായിരുന്നു കേരള സ്റ്റാള്‍.  'കിം'നെ പ്രതിനിധീകരിക്കുന്ന 'തിന്മയില്‍ നിന്നും നന്മയിലേക്ക് പറക്കാന്‍ ശ്രമിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍', ബാലസംഘം എന്ന ട്രെയിന്‍ സഞ്ചരിച്ച് ടീന്‍ ഇന്ത്യ എന്ന സ്റ്റേഷനില്‍ എത്തുന്നതും അവിടുന്നങ്ങോട്ട് എസ്.ഐ.ഒ, ജി.ഐ.ഒ, വനിത, സോളിഡാരിറ്റി എന്നിവയിലേക്ക് ചലിക്കുന്നതും വളരെ ആകര്‍ഷകമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. നീതിയുടെ ത്രാസും നിയമപുസ്തകങ്ങളും കോടതിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച് 'ജസ്റ്റീഷ്യ'ക്ക് വഴിയൊരുക്കി. ഐ.ആര്‍.ഡബ്ല്യു നടത്തുന്ന രക്ഷാപ്രവര്‍ത്തനം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, കാര്‍ഷിക സമ്പദ് സമൃദ്ധി എന്നിവ വിശദമാക്കുന്ന നിശ്ചലദൃശ്യങ്ങള്‍ മംഗലാപുരത്തെ ബാലുവും സംഘവും ശ്രദ്ധാ കേന്ദ്രമാക്കി. പ്രബോധനം വാരികയുടെ രൂപം താളുകള്‍ മറിക്കത്തക്ക രീതിയില്‍ രൂപകല്‍പന ചെയ്തപ്പോള്‍ മലര്‍വാടി മാസിക അതിന്റെ കഥാപാത്രങ്ങളാല്‍ വലയം ചെയ്താണ് കേന്ദ്രീകരിച്ചത്. ആരാമം എന്ന ടോര്‍ച്ചുലൈറ്റില്‍ സമൂഹമെന്ന കാന്‍വാസിലേക്ക് പതിപ്പിക്കപ്പെട്ട സ്ത്രീബിംബം, അതുപോലെ പുസ്തകമലയില്‍ എഴുന്നേറ്റു നില്‍ക്കുന്ന ഐ.പി.എച്ച് എന്ന സുവര്‍ണ്ണാക്ഷരങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകമൂറുന്ന കാഴ്ചകളായി. ബഷീറിന്റെ കസേരയും ഗ്രാമഫോണും പഴമയുടെ പ്രതീകങ്ങളായ കോളാമ്പി, റാന്തല്‍, ഉറി, ഉരല്‍ തുടങ്ങിയവയും 'തനിമ'യുടെ വേദിയെ ധന്യമാക്കി. പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര സേവനങ്ങള്‍ (ഇ.എം.എഫ്), എഫ്.ഡി.സി.എ, ഡി-4 മീഡിയ, ബൈത്തുസ്സകാത്ത്, പീപ്പിള്‍സ് ഫൗണ്ടേഷന്‍, എ.ഐ.സി.എല്‍, സംഗമം തുടങ്ങിയവയും അബ്‌സ്വാറിന്റെ ഭാഗമായി. വനിത ഇടപെലുകളുടെയും വിദ്യാര്‍ഥിനി മുന്നേറ്റങ്ങളുടെയും ഡോക്യുമെന്ററികള്‍, മലര്‍വാടി ബാലസംഘം വീഡിയോ ആല്‍ബം, സിനിമ തുടങ്ങിയവ എക്‌സ്‌പോ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.

കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന, പഞ്ചാബ്, ദല്‍ഹി, ഹരിയാന തുടങ്ങിയ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും അബ്‌സ്വാറിന്റെ ഉള്ളടക്കത്തെ ചേതോഹരമാക്കി. മഹാരാഷ്ട്രയിലെ എം.പി.ജെ, വിവിധ പാലിയേറ്റീവ് സംവിധാനങ്ങള്‍, തെലുങ്കാനയിലെ മൊബൈല്‍ ബുക്ക് ഷോപ്പ്, കര്‍ണാടകയിലെ 'ദഅ്‌വാ ഓണ്‍ വീല്‍സ്' എന്ന ഓട്ടോ ഡ്രൈവര്‍മാരുടെ പ്രബോധന വിഭാഗം തുടങ്ങിയ പ്രദര്‍ശനങ്ങള്‍ അനുകരണീയമായിരുന്നു. 'റാഹത്ത് ഫ്രഷ്' എന്ന ഭക്ഷ്യയൂണിറ്റ്, വ്യത്യസ്ത ഭാഷകളിലുള്ള ഇസ്‌ലാമിക് കോള്‍ സെന്റര്‍, പ്രസ്ഥാനത്തിന്റെ ആദിവാസി സെല്ലുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതകളായിരുന്നു. 

സാദിഖ് പാലക്കാട്, ഫൈസല്‍ സി.ഇസെഡ്, കെ.ടി സലീം, പി.എ ഫൈസല്‍ തൃശൂര്‍, നുഅ്മാന്‍ വയനാട്, ബിലാല്‍, ലൗലി കാസിം, ജബ്ബാര്‍ സാഹിബ്, ഫൈസല്‍ മഠത്തില്‍, ആവാസ് അബ്ദുര്‍റഹ്മാന്‍, മലിക് സാഹിബ്, അബ്ദുല്‍ ഖയ്യൂം, ഉറൂജ് അഹ്മദ്, പ്രമുഖ ആര്‍ട്ടിസ്റ്റ് ശശി മേല്‍മുറി, സഹപ്രവര്‍ത്തകര്‍ എന്നിവരായിരുന്നു കേരള സ്റ്റാളിന്റെ അണിയറ ശില്‍പികള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍