Prabodhanm Weekly

Pages

Search

2016 ജനുവരി 08

മുഹമ്മദ് നബിയും ക്രൈസ്തവ സമീപനങ്ങളും

ക്ലിന്റണ്‍ ബെന്നറ്റ് /ലേഖനം

         പ്രശസ്ത ക്രൈസ്തവ ദൈവശാസ്ത്ര പണ്ഡിതനും മിഷിനറിയും എഴുത്തുകാരനുമായ ക്ലിന്റണ്‍ ബെന്നറ്റ് ഇന്‍ സെര്‍ച്ച് ഓഫ് മുഹമ്മദ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ക്രിസ്തുമതവും ഇസ്‌ലാമും തമ്മിലുള്ള സാദ്യശ്യങ്ങളും ഭിന്നതകളുമാണ് ബെന്നറ്റിന്റെ പ്രധാന പഠന മേഖല. ഇസ്‌ലാമിനെയും നബിയെയും കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവ വീക്ഷണങ്ങളില്‍ പലതും കൈയൊഴിയുകയും അതിന് ക്രൈസ്തവലോകത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രസക്തി. വിവിധ മതദര്‍ശനങ്ങളെക്കുറിച്ച് 2003 ഡിസംബറില്‍ ജെറുസലേമില്‍ നടന്ന സിംപോസിയത്തില്‍ അവതരിപ്പിച്ചതും ഡയലോഗ് ആന്റ് അലയന്‍സില്‍ പിന്നീട്  പ്രസിദ്ധീകരിച്ചതുമാണ് ഈ ലേഖനം.

ക്രിസ്ത്യാനികള്‍  മുഹമ്മദിനെ കുറിച്ച് വിപുലമായി എഴുതിയിട്ടുണ്ട്. ആദ്യകാലം മുതല്‍ അടുത്തകാലത്ത് വരെ നടന്ന മുസ്‌ലിം-ക്രിസ്ത്യന്‍ വാദപ്രതിവാദങ്ങളെക്കുറിച്ചുള്ള ക്രിസ്ത്യന്‍ രചനകള്‍ നമ്മുടെ പക്കലുണ്ട്. എന്നാല്‍ എങ്ങനെയാണ്  മിക്ക ക്രിസ്ത്യന്‍ രചനകളിലും മുഹമ്മദിനെയും ഇസ്‌ലാമിനെയും ചിത്രീകരിച്ചിരിക്കുന്നത്? ഒരു തരം നിഷേധാത്മകവും വിമര്‍ശനപരവുമായ രീതിയിലാണ് അദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്; പ്രത്യേകിച്ചും ദൈവത്തിന്റെ പ്രവാചകനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദത്തെ സംബന്ധിച്ച്. മുഹമ്മദ് ആരായിരുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍  ക്രിസ്തുമതം യുക്തിയുക്തമായ ചില ദൈവശാസ്ത്ര പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. മറുഭാഗത്ത് രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ കൂടി മുഹമ്മദിനെക്കുറിച്ച ചിന്തയിലും പ്രസ്താവനകളിലും എഴുത്തിലും സ്വാധീനം ചെലുത്തുകയും ചെയ്തു. ഈ മൂന്ന് ഘടകങ്ങളുടെയും ആവരണമുള്ളത് കൊണ്ട്  യാഥാര്‍ഥ്യം കണ്ടെത്തുക ദുഷ്‌കരമാണ്. എങ്കിലും അത് അസാധ്യമല്ല. മുഹമ്മദിനെ യഥാര്‍ഥ ദൈവ പ്രവാചകനായി വിലമതിക്കാനുള്ള ദിശയിലേക്ക് നീങ്ങുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും മുമ്പ് ദൈവശാസ്ത്രപരവും രാഷ്ട്രീയപരവും മനഃശാസ്ത്രപരവുമായ ആ ഘടകങ്ങള്‍  തിരിച്ചറിയാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. 

വ്യക്തമായി പറഞ്ഞാല്‍ മുഹമ്മദിനെക്കുറിച്ചുള്ള മുസ്‌ലിം കാഴ്ചപ്പാട് ക്രിസ്ത്യാനികള്‍ക്ക് പൂര്‍ണമായും പങ്കുവെക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, ക്രിസ്ത്യാനിയായി തുടര്‍ന്നുകൊണ്ടുതന്നെ പതിവ് രീതിയേക്കാള്‍ മുസ്‌ലിം കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കാന്‍ ക്രിസ്ത്യാനികള്‍ക്കാവുമെന്നാണ് ഞാന്‍ കരുതുന്നത്.  ഈ വാദമുന്നയിക്കുന്ന ഒരുപിടി ക്രിസ്ത്യന്‍ പണ്ഡിതന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഇങ്ങനെ ചെയ്യുകവഴി ഞാന്‍ എന്റെ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ചക്ക് തയാറാവുകയോ ആണെന്ന വിമര്‍ശനം എനിക്ക്  നേരിടേണ്ടിവന്നിട്ടുണ്ട്.  ഒരാള്‍ക്ക് ഒരേസമയം രണ്ട് യജമാനന്മാരെ സേവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യേശുവിനോടാണോ മുഹമ്മദിനോടാണോ കൂറ് കാണിക്കുന്നത് എന്നതില്‍ ഞാന്‍ ഒരു തീരുമാനമെടുക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ദൈവ നിശ്ചയവുമായി, യോജിപ്പോടെ എന്റെ ജീവിതം  മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒന്നുകില്‍ യേശുവിനെ മാര്‍ഗവും സത്യവും ജീവിതവുമാക്കുക; അല്ലെങ്കില്‍ മുഹമ്മദിന്റെ ജീവിത മാതൃക അനുകരിക്കുക. ഇവിടെ തെരഞ്ഞെടുപ്പ് വളരെ എളുപ്പമാണെന്ന് അവരെന്നോട് പറയുന്നു.

ദൈവത്തിന്റെ അവസാനത്തേതും സമ്പൂര്‍ണവുമായ വെളിപാടാണ് യേശുവിന്റേതെന്ന അവകാശവാദത്തെ നിരവധി  ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയും, ദൈവത്തിന്റെ  അന്തിമ വെളിപാടിന്റെ സ്വീകര്‍ത്താവെന്ന മുഹമ്മദിന്റെ അവകാശവാദത്തെ യേശുവിന്റെ വാദത്തോട് താരതമ്യം ചെയ്ത് അവ മുഹമ്മദിന്റെ വാദത്തിന് ന്യൂനത കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതു നമ്മെ ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങളിലെ തര്‍ക്കത്തിലിരിക്കുന്ന ദൈവശാസ്ത്ര പ്രശ്‌നത്തിന്റെ മര്‍മത്തിലേക്ക് നയിക്കും. തങ്ങള്‍ക്കിടയില്‍ പൊതുവായി പലതുമുണ്ടെന്ന് നിരവധി ക്രിസ്ത്യാനികളും മുസ്‌ലിംകളും പൂര്‍ണ മനസ്സോടെ അംഗീകരിക്കുമ്പോള്‍ തന്നെ, നമ്മുടെ കൂടിക്കാഴ്ചകളുടെയും സംവാദങ്ങളുടെയും മധ്യത്തില്‍ ഈ പ്രശ്‌നം വിലങ്ങുതടിയായി നില്‍ക്കുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചേടത്തോളം യേശു പ്രതിനിധീകരിക്കുന്നത് പൂര്‍ണവും ശുദ്ധവും ശാശ്വതവുമായ മാനവരാശിക്കാകമാനമുള്ള ദൈവിക വെളിപാടിനെയാണ്. മുസ്‌ലിംകള്‍ക്കാണെങ്കില്‍ ഖുര്‍ആന്‍ ദൈവത്തിന്റെ പൂര്‍ണവും സമഗ്രവും അന്തിമവുമായ വെളിപാടും, വെളിപാടിന്റെ സ്വീകര്‍ത്താവായ മുഹമ്മദ് അതിന്റെ  ഏറ്റവും മികച്ച വ്യാഖ്യാതാവുമാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചേടത്തോളം യേശുവോടു കൂടി വെളിപാട് അവസാനിച്ചു.  മുസ്‌ലിംകള്‍ക്കാകട്ടെ അത് പ്രവാചക മുദ്രയായ മുഹമ്മദോടെ മാത്രമേ അവസാനിക്കുന്നുള്ളൂ. ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങളില്‍ തുടക്കം മുതലേ തടസ്സങ്ങള്‍ സൃഷ്ടിച്ചുപോന്ന ദൈവശാസ്ത്രപരമായ ദുര്‍ഘടപ്രതിസന്ധിയാണിത്.

യുവാവായിരുന്ന കാലത്ത് ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. മുസ്‌ലിംകള്‍ യേശുവിനെ ഒരു പ്രവാചകനായി കരുതുകയും ഖുര്‍ആന്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്യുമ്പോള്‍, മുഹമ്മദിനെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശത്തിനായി എന്റെ ഗ്രന്ഥത്തിലേക്ക് തിരിയുമ്പോള്‍ അവിടെ നിന്ന് വ്യക്തമായ ഒരു മാര്‍ഗദര്‍ശനവും ലഭിക്കുന്നില്ല എന്നതാണത്. ബൈബിളില്‍ മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിക്കുന്നുണ്ടെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മുഹമ്മദിനെക്കുറിച്ചുള്ളതെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ യേശുവിനെയോ പരിശുദ്ധാത്മാവിനെയോ കുറിച്ചുള്ളതാണെന്ന് ക്രിസ്ത്യാനികള്‍ കരുതുന്നു. ഇവിടെ ഒരു ഒത്തുതീര്‍പ്പ് എളുപ്പത്തിലുണ്ടാവാന്‍ സാധ്യത കുറവാണ്.

തീര്‍ച്ചയായും മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുമായുള്ള സംഭാഷണങ്ങളില്‍ ചില വിമര്‍ശന വിഷയങ്ങള്‍ ഉയര്‍ത്താറുണ്ട്.  ഉദാഹരണത്തിന്, ക്രിസ്തീയ ത്രിയേകത്വം, അതുപോലെ ഞങ്ങള്‍ ബൈബിളില്‍ കൈകടത്തിയിട്ടുണ്ടോ ഇല്ലേ തുടങ്ങിയവയെക്കുറിച്ച്. വാസ്തവത്തില്‍ ക്രിസ്ത്യാനികള്‍ മുഹമ്മദിനെ കുറിച്ച് ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട ആദ്യ നാളുകളില്‍ തന്നെ ഇത്  ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇസ്‌ലാമിന്റെ പ്രവാചകനെ കുറിച്ച് വസ്തുതാപരമായ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാന്‍ ഉപകരിച്ചിട്ടില്ല. മുസ്‌ലിം ഖിലാഫത്ത് കിഴക്ക് ബൈസന്റൈന്‍ സാമ്രാജ്യത്തിനും പടിഞ്ഞാറ് വിശുദ്ധ റോമാ സാമ്രാജ്യത്തിനും വെല്ലുവിളിയായി തുടങ്ങിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെ ശത്രുമതമായി കാണാന്‍ തുടങ്ങി. വ്യാജപ്രവാചകന്മാരെ കുറിച്ച് പ്രവചിക്കുന്ന വാക്യങ്ങളും അന്തിക്രിസ്തുവിന്റെ (Anti Christ) ഉദയവുമെല്ലാം മുഹമ്മദിനോട് ബന്ധപ്പെടുത്തുന്നത് ആകര്‍ഷകമായി ക്രിസ്ത്യാനികള്‍ക്ക് തോന്നിത്തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. 

ഇസ്‌ലാം ക്രിസ്തുമതത്തിന്റെ നേര്‍വിപരീത സ്ഥാനത്തെന്നതുപോലെ മുഹമ്മദിനെ യേശുവിന്റെ നേര്‍വിപരീത സ്ഥാനത്തും അവര്‍ കണ്ടു. യേശു ദൈവപുത്രനാണെങ്കില്‍, സമാധാനത്തിന്റെ രാജകുമാരനാണെങ്കില്‍, ലോകത്തിന്റെ രക്ഷകനാണെങ്കില്‍ മുഹമ്മദ് ഒരു കൈയില്‍ വാളും മറുകൈയില്‍ കള്ളവേദമായ ഖുര്‍ആനുമായി എത്തിയ സാത്താന്റെ മകനോ സേവകനോ ആയി അവര്‍ ചിത്രീകരിച്ചു. ക്രിസ്തുമതം ജനങ്ങളെ വെളിച്ചത്തിലേക്ക് നയിച്ചപ്പോള്‍ ഇസ്‌ലാം എതിര്‍ദിശയിലേക്ക് നയിച്ചുവെന്ന് അവര്‍ വിലയിരുത്തി.  

ഇവിടെ സ്പഷ്ടമായും പ്രവര്‍ത്തിച്ചത് മനഃശാസ്ത്രമാണ്. ആള്‍ട്ടറിറ്റിയെക്കുറിച്ച് എഴുതിയ മനഃശാസ്ത്രജ്ഞനായ കെന്നത്ത് ജെ ഗെര്‍ഗര്‍ (Kenneth J Gergen) 'അപര'നെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 'അപര'(Other)നെ വിവരിക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതും നിഷേധരൂപത്തിലാണ്. അവരുടെ സ്വന്തം വിവരണം ശ്രദ്ധിക്കാന്‍ അപൂര്‍വ ശ്രമമുണ്ടാകുമ്പോഴാകട്ടെ 'അപര'ന്റെ വിവരണങ്ങളെ ലഘൂകരിച്ച് കാണാനുള്ള പ്രവണതയുണ്ടെന്ന് അദ്ദേഹം പറയുന്നു. അപരനെ ഒഴിവാക്കാനുള്ള പ്രവണത നിഷേധാത്മകവും മാറ്റം വരാത്തതും ചോദ്യം ചെയ്യപ്പെടാത്തതുമായ വിവരണങ്ങളുടെ കൂമ്പാരമായിരിക്കും സൃഷ്ടിക്കുക. ഒരാളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഈ ദുഷിച്ച വിവരസഞ്ചയം വിവേകശൂന്യവും നിന്ദ്യവുമായ രൂപം കൈവരിക്കുന്നു.

ഇതാണ് മുഹമ്മദിനെക്കുറിച്ച ക്രിസ്ത്യന്‍ വിവരണങ്ങളില്‍ കൃത്യമായി സംഭവിച്ചത്. അദ്ദേഹത്തെക്കുറിച്ച് വളരെ നിഷേധാത്മകവും നിന്ദ്യവുമായ വിവരണങ്ങളാണുണ്ടായത്. ക്രിസ്ത്യന്‍ പണ്ഡിതര്‍ക്ക് മുസ്‌ലിം സ്രോതസ്സുകള്‍ ലഭ്യമായിരുന്നിട്ടും വളരെക്കുറച്ച് മാത്രമേ അവരത് ഉപയോഗപ്പെടുത്തിയുള്ളൂ. മുഹമ്മദിന്റെ പൈശാചിക പ്രചോദനങ്ങളെക്കുറിച്ചുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നുണ്ട്.  മുഹമ്മദിനെക്കുറിച്ചുള്ള കൃത്യമായ വിവരണം എന്ന് ചിലര്‍ കരുതുന്ന 1861ല്‍- പ്രസിദ്ധീകൃതമായ വില്യം മൂറിന്റെ ലൈഫ് ഓഫ് മുഹമ്മദില്‍ അദ്ദേഹത്തിന്റെ പൈശാചിക പ്രചോദനങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. മുഹമ്മദിന്റെ മൃതദേഹം മക്കയിലെ മൃതക്കല്ലറക്ക് മുകളില്‍ കൂറ്റന്‍ കാന്തം കൊണ്ട് തൂക്കിയിട്ടിരിക്കുകയാണെന്നും മുഹമ്മദിന്റെ ചെവിക്കു പിന്നില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിത്തിന്നാനെത്തിയ പക്ഷികളെ അദ്ദേഹം ഗബ്രിയേല്‍(ജിബ്‌രീല്‍) മാലാഖയായി  തെറ്റിദ്ധരിച്ചുവെന്നുമുള്ള ഏറെ പഴക്കമുള്ള ഐതിഹ്യങ്ങള്‍ കുറഞ്ഞത് 17-ാം നൂറ്റാണ്ട് വരെയെങ്കിലും നിലനിന്നിരുന്നു. പ്രൊട്ടസ്റ്റന്റ് രചനകളില്‍ അന്തിക്രിസ്തുവിന്റെ പദവിക്കുവേണ്ടി മാര്‍പാപ്പയുമായി പോരടിക്കുന്നയാളായി മുഹമ്മദ് ചിത്രീകരിക്കപ്പെട്ടു. മുഹമ്മദ് ദൈവദാസനല്ലെങ്കില്‍ അദ്ദേഹത്തിന്റെ വിജയത്തിന് മറ്റൊരു വിശദീകരണം ആവശ്യമായിരുന്നു. മുഹമ്മദിനെക്കുറിച്ചുള്ള ക്രിസ്ത്യന്‍ ദുരാരോപണത്തിന്റെ കാലാനുക്രമമായ വിവരണം മുസ്‌ലിംകളില്‍ എളുപ്പത്തില്‍ അതൃപ്തിയുണ്ടാക്കുന്നതാണ്. 

ക്രിസ്ത്യന്‍ രചനകളില്‍ മുഹമ്മദിനെക്കുറിച്ച് 'നല്ല' രീതിയിലുള്ള വിവരണങ്ങളില്‍ അദ്ദേഹം ആത്മാര്‍ഥമായി വഴിതെറ്റിപ്പോയ ആളായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഏറ്റവും മോശമായവയില്‍ അദ്ദേഹം ഒട്ടും ആത്മാര്‍ഥതയില്ലാത്തയാളായിരുന്നുവെന്നാണ് പറയുന്നത്. തങ്ങളുടെ വാദങ്ങളുടെ പിന്‍ബലത്തിന് നബിയുടെ ജീവചരിത്രങ്ങളില്‍ നിന്ന് ചില സംഭവങ്ങള്‍ അവര്‍ തെരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ഈ സംഭവങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നത് സംബന്ധിച്ച സൂചനകള്‍ വിരളമായേ ചേര്‍ത്തിരുന്നുള്ളൂ. ഇസ്‌ലാമിക വേദവാക്യങ്ങള്‍ ഉപയോഗിക്കുന്നിടത്തുപോലും മുസ്‌ലിം ശബ്ദം വളരെ അപൂര്‍വമായി മാത്രമേ കേട്ടുള്ളൂ.  ക്രിസ്ത്യന്‍ പ്രതിപാദനങ്ങളില്‍ നിന്ന് മുസ്‌ലിം വ്യാഖ്യാനങ്ങളെ ആസൂത്രിതമായി തന്നെ ഒഴിവാക്കി. മുസ്‌ലിംകള്‍ ഖുര്‍ആനെ ആദരിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ അതിനെ അപഹസിക്കുന്നു. ഖുര്‍ആന്‍ സമ്പൂര്‍ണമായും ദൈവികമാണെന്നും പദാനുപദമായി തന്നെ ദൈവത്തിന്റെ വാക്കുകളാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ അതിനെ മുഹമ്മദിന്റെ സൃഷ്ടിയായും പഴയകാല യഹൂദ, ക്രൈസ്തവ സ്രോതസ്സുകളില്‍ നിന്ന് സമാഹരിച്ചെടുത്ത കൃതിയായുമാണ് കാണുന്നത്. ക്രിസ്ത്യാനികളെ സംബന്ധിച്ചേടത്തോളം ധാര്‍മികജീവിതം നയിക്കാനും ദൈവവുമായി പൊരുത്തപ്പെട്ട് ജീവിക്കാനും ആവശ്യമായതെല്ലാം യേശുവിലുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ശേഷം എന്തെങ്കിലും വെളിപാടുണ്ടാകുന്നത് ആവശ്യത്തിലധികമാണ്. ഈയൊരു നിലപാട് മുഹമ്മദിനോ അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥത്തിനോ ക്രിസ്ത്യന്‍ ലോകവീക്ഷണത്തില്‍ ഇടംകണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാക്കി. ക്രിസ്ത്യന്‍ ചിന്തയില്‍ ദൈവത്തിന്റെ അടയാളവാക്ക് (Word  of God) യേശുവാണെങ്കില്‍ ഇസ്‌ലാമില്‍ ദൈവത്തിന്റെ അടയാളവാക്കെന്ന നിലയില്‍ യേശുവിന് തുല്യമായ മൂല്യമുള്ളത് മുഹമ്മദിനല്ല, ഖുര്‍ആനാണ്. അതുകൊണ്ടുകൂടി മുഹമ്മദുമായി സമരസപ്പെടേണ്ട ആവശ്യം ഒരു തരത്തിലുമില്ലെന്ന് ചിലര്‍ വാദിക്കുന്നു. ഖുര്‍ആന്റെ അവകാശവാദങ്ങള്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ ഖുര്‍ആനെയും ഉള്‍ക്കൊള്ളേണ്ടതില്ലെന്നും അതിനു ശേഷം അവര്‍ പ്രഖ്യാപിക്കുന്നു. പരമ്പരാഗതമായ ഈ വീക്ഷണം കൂടുതല്‍ വിശദീകരിക്കാന്‍ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. താല്‍പര്യമുള്ളവര്‍ക്ക് ആന്‍സറിംഗ് ഇസ്‌ലാം എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. ഇത്തരം വീക്ഷണങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ അവിടെ കാണാനാവും. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ കിന്ദിയുടേത് പോലെയുള്ള പുരാതന ഗ്രന്ഥങ്ങള്‍ മുതല്‍ സര്‍ വില്യം മൂര്‍, വില്യം ടിസ്ഡാല്‍ തുടങ്ങിയവരുടെ കുറേക്കൂടി സമീപകാല രചനകള്‍ വരെ. ഇങ്ങനെയിരിക്കെ എനിക്കും മറ്റുള്ളവര്‍ക്കും എങ്ങനെയാണ് വാര്‍പ്പുമാതൃകകളെയും പരമ്പരാഗത രീതികളെയും അതിലംഘിച്ച് പോകാനും,ഇസ്‌ലാമിക പ്രമാണഗ്രന്ഥങ്ങള്‍ കഴിഞ്ഞകാലത്ത് വ്യാഖ്യാനിച്ചതിനപ്പുറത്തേക്കും മുഹമ്മദിനെ വിലമതിക്കാനുള്ള ക്രിസ്ത്യന്‍ ശ്രമങ്ങളിലേക്കും കടക്കാനും കഴിയുക? എന്റെ രചനയെക്കുറിച്ച് ഒരു മുസ്‌ലിം നടത്തിയ അവലോകനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് ഇതിന് മറുപടി പറയാന്‍ ശ്രമിക്കാം. ഇസ്‌ലാമിക് പെര്‍സ്‌പെക്ടീവ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റില്‍ 2002 മെയില്‍ ഡോ. അഹ്മദ് ഷാഫാത്ത് എഴുതി: ''ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ചുള്ള ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ പലപ്പോഴും രണ്ടിനെയും കുറിച്ച് നിഷേധാത്മകമായ വീക്ഷണമാണ് പുലര്‍ത്തിയിട്ടുള്ളത്....... സംശയകരമായതെന്തെന്നാല്‍ ക്രിസ്ത്യന്‍ എഴുത്തുകാര്‍ സ്വന്തം പാരമ്പര്യത്തിന്റെ കാര്യത്തിലും മുസ്‌ലിം പാരമ്പര്യത്തിന്റെ കാര്യത്തിലും മിക്കപ്പോഴും വിഭിന്ന മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്... ഇപ്പോള്‍ അവസാനം മുഹമ്മദിനെക്കുറിച്ചും യേശുവിനെക്കുറിച്ചും സംസാരിക്കുന്ന ഒരേ രീതിശാസ്ത്രത്തിന്റെ അളവുകോല്‍ സ്വീകരിക്കുന്ന പുസ്തകങ്ങളും പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. ബെന്നറ്റിന്റെ ഇന്‍സേര്‍ച്ച് ഓഫ് മുഹമ്മദ്, ഇന്‍സേര്‍ച്ച് ഓഫ് ജീസസ് എന്നീ പുസ്തകങ്ങള്‍ ഒരുമിച്ചെടുത്താല്‍ ഈ ഗണത്തില്‍ വരുന്നു. ബെന്നറ്റിന്റെ രണ്ടു പുസ്തകങ്ങളെക്കുറിച്ചും ഗുണപരമായ നിരവധി കാര്യങ്ങള്‍ പറയാനാവും. അനുമാനങ്ങളും പശ്ചാത്തലങ്ങളും നമ്മുടെ തീര്‍ച്ചപ്പെടുത്തലുകളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നതിനെക്കുറിച്ചുള്ള ആശങ്ക രണ്ടു പുസ്തകങ്ങളിലും ബെന്നറ്റ് ആവര്‍ത്തിച്ച് പങ്കുവെക്കുകയും ഇത് ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യങ്ങളെയും മുസ്‌ലിം വ്യാഖ്യാനങ്ങളെയും സൂക്ഷ്മതയോടെയും ആദരവോടെയും കൈകാര്യം ചെയ്യാന്‍ ബെന്നറ്റിന്റെ സമീപനരീതി അദ്ദേഹത്തെ പ്രാപ്തനാക്കുന്നു. ഇത് ക്രിസ്ത്യന്‍ എഴുത്തുകാര്‍ക്കിടയില്‍ മിക്കപ്പോഴും കാണാനാവില്ല. ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച് വിദ്വേഷസ്വഭാവമുള്ള ക്രിസ്ത്യന്‍ വീക്ഷണങ്ങള്‍ സുദീര്‍ഘമായി വിവരിക്കുമ്പോള്‍ പോലും അദ്ദേഹമതിനെ ഒന്നുകില്‍ മുസ്‌ലിം ധാരണകള്‍ കൊണ്ടോ അതല്ലെങ്കില്‍ കൂടുതല്‍ അനുകൂലമായ സ്വന്തം കാഴ്ചപ്പാട് കൊണ്ടോ എതിരിടുന്നുണ്ട്..... ''

23 പേജ് വരുന്ന നിരൂപണത്തില്‍ ക്രിയാത്മകമെങ്കിലും വളരെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളും ഡോ. ഷഫാത്ത് പ്രകടിപ്പിക്കുന്നുണ്ട്. എന്റെ സ്വന്തം ചര്‍ച്ചില്‍ ആരാധിക്കപ്പെടുന്ന യേശുവിന് പകരം അവിടെ അംഗീകാരം ലഭിക്കാത്ത യേശുവിനെ ഞാന്‍ അവതരിപ്പിക്കുമ്പോള്‍, മുഹമ്മദിന്റെ കാര്യത്തില്‍ മുസ്‌ലിംകളിലെ ന്യൂനപക്ഷത്തിന്റെയും സങ്കുചിത മനസ്‌കരുടെയും ശബ്ദങ്ങള്‍ക്ക് ഞാന്‍ ചെവികൊടുത്തുവെന്ന് അദ്ദേഹം പറയുന്നു. ഒരുപക്ഷേ അങ്ങനെയാവാം. വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത് യേശുവിനെക്കുറിച്ചുള്ള എന്റെ വീക്ഷണം ക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യമായത് തന്നെയാണെന്നും മുഹമ്മദിനെ വിലമതിക്കുന്നതിന് വേണ്ടിയുള്ള എന്റെ ശ്രമങ്ങള്‍ നിയമസാധുതയുള്ള ദൈവശാസ്ത്രപരമായ ഉദ്യമമാണെന്നുമാണ്. ചുരുക്കത്തില്‍ താഴെ കാണുന്ന പദ്ധതി നിര്‍ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ഇടയിലുള്ള അനുരഞ്ജനത്തിന് വഴങ്ങാത്ത ഭിന്നതകളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. മുഹമ്മദിനെ ക്രിസ്ത്യാനികളും മുസ്‌ലിംകളും എങ്ങനെ കാണുന്നു എന്നതിലാണ് ഈ ഭിന്നത. ക്രിസ്ത്യാനികള്‍ മുഹമ്മദിന്റെ ജീവിതത്തെ പാപികള്‍ക്ക് മാര്‍ഗദര്‍ശകമായി കാണുമ്പോള്‍ മുസ്‌ലിംകള്‍ അതിനെ ഉത്തമമായ മാതൃകയായാണ് കാണുന്നത്. മാര്‍ട്ടിന്‍ ലിംഗ്‌സും, കാരെന്‍ ആംസ്‌ട്രോങ്ങും പോലുള്ളവര്‍ രചിച്ച മുഹമ്മദിന്റെ ജീവചരിത്രങ്ങള്‍ ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും വായിക്കണം. അതുപോലെ ഇസ്‌ലാമിക സ്രോതസ്സുകളെക്കുറിച്ചുള്ള മുസ്‌ലിം പാണ്ഡിത്യത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ക്രിസ്ത്യാനികളുടെ ഇടയില്‍ ജനപ്രീതിയാര്‍ജിച്ച പല സംഭവങ്ങളെയും ഈ ഇസ്‌ലാമിക പണ്ഡിതര്‍ കാണുന്നത് പില്‍ക്കാലത്തുണ്ടായ കള്ളക്കഥകളായാണ്. എന്തുകൊണ്ടെന്നാല്‍ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും ശേഖരിച്ച ശേഷം നടത്തിയ അവയുടെ ആധികാരികത സംബന്ധിച്ച കര്‍ശനമായ പരിശോധനയില്‍ ഈ സംഭവങ്ങളെല്ലാം വ്യാജമെന്ന് തെളിയുകയായിരുന്നു. ഈയൊരു നിലപാട് സ്വീകരിച്ചാല്‍ കനത്ത ഇരുട്ടുള്ള സ്ഥലത്ത് വെളിച്ചം മിന്നിത്തിളങ്ങുന്നതുപോലെ മുഹമ്മദിനെക്കുറിച്ചുള്ള പരമ്പരാഗതമായ, നിഷേധാത്മകമായ കാഴ്ചപ്പാടിന്റെ സ്ഥാനത്ത് മുഹമ്മദിനെ മികച്ച വ്യക്തിത്വമായി കാണുന്ന തരത്തിലുള്ള കൂടുതല്‍ വസ്തുനിഷ്ഠമായ വീക്ഷണം ഉയര്‍ന്നുവരാന്‍ തുടങ്ങും.

രണ്ടാമതായി, ഖുര്‍ആന്‍ ബൈബിളിനോ യേശുവിനോ പകരം വെക്കാവുന്നതാണെന്ന് ക്രിസ്ത്യാനികള്‍ ഒരിക്കലും അംഗീകരിക്കില്ല. എന്നാല്‍ പൗലോസിനെയും യോഹന്നാനെയും പോലുള്ള പുതിയ നിയമ രചയിതാക്കളെ ദൈവം പ്രചോദിപ്പിച്ച പോലെ മനുഷ്യരായ എഴുത്തുകാരെ ദൈവം ഇപ്പോഴും പ്രചോദിപ്പിക്കുന്നുണ്ടെന്ന് അവര്‍ക്ക് അംഗീകരിക്കാം. മൈക്കല്‍ ആഞ്ചലോയുടെ കലയിലും സെന്റ് ഫ്രാന്‍സിസ് അസീസിയുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും കല്‍ക്കത്തയിലെ മദര്‍ തെരേസയിലും മാര്‍ട്ടിന്‍ ലൂതര്‍കിംഗിലും ദൈവികപ്രചോദനമുണ്ടായെന്ന് അവര്‍ക്ക് സമ്മതിക്കാനാവും. ദൈവം ഗാന്ധിജിക്ക് പ്രചോദനമേകിയെന്ന് നിരവധിപേര്‍ അംഗീകരിക്കുന്നുണ്ട്; അദ്ദേഹം ഒരു ക്രിസ്ത്യാനിയല്ലെങ്കിലും. എങ്കില്‍ എന്തുകൊണ്ട് ദൈവത്തിന് മുഹമ്മദിനെ പ്രചോദിപ്പിച്ചുകൂടാ? ഈയൊരു നിലപാട് ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയില്ല. കാരണം, ഖുര്‍ആന്‍ പ്രചോദിത ഗ്രന്ഥമാണെന്ന് ക്രിസ്ത്യാനികള്‍ ചിലപ്പോള്‍ അംഗീകരിച്ചേക്കാമെങ്കിലും അത് സമ്പൂര്‍ണമായും മനുഷ്യേതര സ്രോതസ്സില്‍ നിന്ന് പിറവികൊണ്ടതാണെന്ന മുസ്‌ലിം വിശ്വാസം അവര്‍ക്ക് പങ്കുവെക്കാനാവില്ല. എങ്കിലും നേരത്തേ പറഞ്ഞ നിലപാട്  ഖുര്‍ആനെയും പ്രവാചകനെയും കുറിച്ച് കുറേക്കൂടി അനുകൂലമായ കാഴ്ചപ്പാടിന് വഴിയൊരുക്കും. 

മൂന്നാമതായി, ഒരു ക്രിസ്ത്യാനിയെന്ന നിലക്ക് ദൈവികസത്തയുടെ ഖണ്ഡിതമായ വെളിപാടാണ് യേശുവെന്ന് ഞാന്‍ വിശ്വസിക്കുന്നുവെങ്കില്‍, ദൈവിക വെളിപാട് മറ്റൊരിടത്ത് ഉണ്ടാകുന്നതില്‍ നിന്ന് അത് ദൈവത്തെ തടയുന്നില്ല. അത്തരമൊരു വെളിപാട് യേശുവിന്റേതിന് ചേര്‍ച്ചയുള്ളതായിരിക്കണമെന്ന് മാത്രം. അതുകൊണ്ടാണ് യേശുവും മുഹമ്മദും എതിരാളികളല്ല, പരസ്പരപൂരകങ്ങളാണെന്ന് എന്റെ രചനകളില്‍ വാദിക്കുന്നത്. മുഹമ്മദിന്റെ ജീവിതചര്യകള്‍ക്ക് യേശുവിലൂടെ ദൈവം എന്നോട് പറഞ്ഞതിനോട് പൂരകമാവാന്‍ കഴിയും. ചിലപ്പോഴത് യേശുവിന്റെ സാന്മാര്‍ഗികതക്ക് കൂടുതല്‍ കരുത്തും പൊരുളും നല്‍കുന്നു. ഉദാഹരണത്തിന് 'അയല്‍വാസിയെ സ്‌നേഹിക്കുക' എന്ന് യേശു പറയുമ്പോള്‍ തൊഴിലാളികളോട് പെരുമാറേണ്ടതെങ്ങനെയെന്നും സമ്പത്തിന്റെ വിതരണം, പാവപ്പെട്ടവരെ പരിചരിക്കല്‍ എന്നിവ സംബന്ധിച്ചും വിശദമായ മാര്‍ഗനിര്‍ദേശം നല്‍കുക വഴി മുഹമ്മദ് അതിന് മജ്ജയും മാംസവും നല്‍കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ മുഹമ്മദിന്റെ മാതൃക എത്രത്തോളം മുസ്‌ലിംകള്‍ക്ക് മൂല്യവത്താണോ അത്രതന്നെ അത് ക്രിസ്ത്യാനികള്‍ക്കും മൂല്യവത്തായിരിക്കണം എന്നല്ല ഞാന്‍ നിര്‍ദേശിക്കുന്നത്. പക്ഷേ അതിന്റെ മൂല്യം അംഗീകരിക്കുന്നത് യേശുവിനോടുള്ള  പ്രാഥമിക കൂറിനോട് പൊരുത്തക്കേടുണ്ടാക്കുന്നില്ല. നാലാമതായി, ബൈബിളും ഖുര്‍ആനും ഉറപ്പിച്ചുപറയുന്നതുപോലെ നീതി ഇഷ്ടപ്പെടുന്ന ദൈവം, ഏകത്വം, ത്രിയേകത്വം, വേദങ്ങളുടെ വിശ്വാസ്യത എന്നിവയെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതിനു പകരം നമ്മളെല്ലാവരും നീതിക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കുന്നതാകും കൂടുതല്‍ ഇഷ്ടപ്പെടുക. ഖുര്‍ആന്‍ പറയുന്നതുപോലെ: ''ദൈവം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍  ഉദ്ദേശിക്കുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മല്‍സരിച്ച് മുന്നേറുക'' (5:48).

എന്തൊക്കെ വൈഷമ്യങ്ങളവശേഷിച്ചാലും നമ്മുടെ രണ്ടു പാതകളും ദൈവം വെളിപ്പെടുത്തിയതാണെന്നും ബഹുസ്വരത ദൈവികപദ്ധതിയുടെ ഭാഗമാണെന്നുമാണ് ഈ സൂക്തം സാക്ഷ്യപ്പെടുത്തുന്നത്. ക്രിസ്ത്യാനികളായ നാം 'ഇത് മനുഷ്യനില്‍ നിന്നുള്ളതാണെങ്കില്‍ പരാജയപ്പെടും, ദൈവത്തില്‍ നിന്നാണെങ്കില്‍ അത് പുഷ്ടിപ്പെടു'മെന്ന ഗമാലിയേലിന്റെ ഉപദേശം (അപ്പോസ്തലപ്രവൃത്തികള്‍ 5:38-39) ഇസ്‌ലാമിനോട് ചേര്‍ത്ത് വെക്കുന്നത് പരിഗണിക്കണം. അവസാനമായി എന്റെ മുസ്‌ലിം സുഹൃത്തുക്കളും യഹൂദ സുഹൃത്തുക്കളും എന്നോട് പറയുന്നത് യേശു ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത് തന്നിലേക്കല്ല ദൈവത്തിലേക്കാണെന്നാണ്. അതുപോലെ യേശുവിനെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത് തെറ്റാണെന്നും അവര്‍ നിര്‍ദേശിക്കുന്നു. യേശുവിനെ ആരാധിക്കാതിരിക്കുന്നതിനു പകരം, തന്നെ പിന്തുടരാന്‍ നിര്‍ദേശിക്കുന്ന, ദൈവത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കാന്‍ ആവശ്യപ്പെടുന്ന യേശുവായിരിക്കും സുവിശേഷങ്ങള്‍ക്കപ്പുറത്തുള്ള യാഥാര്‍ഥ യേശുവിനോട് അടുത്തുനില്‍ക്കുകയെന്ന വാദം ഞാന്‍ തീര്‍ച്ചയായും കേള്‍ക്കാന്‍ ശ്രമിക്കുകയോ കുറഞ്ഞപക്ഷം ആലോചനാവിഷയമാക്കുകയോ വേണം. 

വിവ: റഫീഖ് സക്കരിയ്യ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍