Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

അസഹിഷ്ണുതയുടെ രാഷ്ട്രീയവും മനസ്സിന്റെ മാലിന്യവും

ഇഹ്സാന്‍

         പാര്‍ലമെന്റില്‍ നടന്ന അസഹിഷ്ണുതാ ചര്‍ച്ചക്ക് പരമദയനീയമായ ചില മറുവശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയാതെ വയ്യ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ മുന്‍ പാര്‍ലമെന്റംഗം സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ ഉദാഹരണമായിരുന്നു വിഷയത്തിന്റെ മര്‍മം. അഹ്മദ് മുഹമ്മദ് എന്ന ടെക്‌സാസിലെ സ്‌കൂള്‍ വിദ്യാര്‍ഥി ഉണ്ടാക്കിയ ക്ലോക്ക് 'ഭീകര സംഭവ'മായി മാറിയപ്പോള്‍ അവനെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് ആദരിക്കാനും ആ സംഭവം അഹ്മദിന്റെ സമൂഹത്തില്‍ ഉണ്ടാക്കിയ ആശങ്ക അകറ്റാനും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തയാറായി. ആ സമീപനത്തിന്റെ രാഷ്ട്രീയപാഠമായിരുന്നു അസഹിഷ്ണുതാ വിവാദത്തില്‍ ഇന്ത്യ നരേന്ദ്ര മോദിയില്‍ നിന്ന് പ്രതീക്ഷിച്ചത്. മറ്റു പ്രധാനമന്ത്രിമാര്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നോ എന്ന ചോദ്യമുന്നയിച്ച് ബി.ജെ.പി മോദിയെ രക്ഷപ്പെടുത്തുമ്പോള്‍ നേതൃവിശുദ്ധിയുടെ ചെറിയ മാതൃകകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വീകാര്യമല്ല എന്ന ധാര്‍ഷ്ട്യമായിരുന്നു സഭ കണ്ടത്.

ബി.ജെ.പി ഉയര്‍ത്തിയ ഈ ന്യായവാദത്തിന്റെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങളുടെ കടന്നല്‍ക്കൂട്ടിലേക്ക് കല്ലെറിയാന്‍ ചര്‍ച്ചക്ക് തുടക്കമിട്ടവരോ പങ്കെടുത്തവരോ ആരും തയാറായതുമില്ല. 1984-ലെ കലാപം ഒഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി പ്രധാനമന്ത്രി മറുപടി പറയേണ്ട ഏതെങ്കിലും വര്‍ഗീയ കലാപം രാജ്യത്ത് ഉണ്ടായിട്ടുണ്ടോ? എന്നാല്‍ അതാണോ ബി.ജെ.പിക്കാര്‍ സഭക്കകത്തും പുറത്തും ആണയിട്ടഭിമാനിക്കുന്ന അവരുടെ മാതൃസംഘടനയുടെ കാര്യം? രാജ്‌നാഥ് സിംഗ് പറഞ്ഞ 1947-ലെ വിഭജനകാല കലാപങ്ങള്‍ മുതല്‍ വര്‍ഗീയ കലാപത്തെ കുറിച്ച ഏതാണ്ടെല്ലാ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകളും ഒന്നു പോലും വിട്ടുപോയിട്ടില്ലാത്ത പേരാണ് ആര്‍.എസ്.എസിന്റേത്. ഇന്ദിരയും നെഹ്‌റുവും നരസിംഹറാവുവും മന്‍മോഹന്‍ സിംഗുമൊക്കെ സ്വന്തക്കാര്‍ക്കു വേണ്ടി മറുപടി പറയേണ്ട കലാപങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്നതല്ലേ വസ്തുത? വാജ്‌പേയിയുടെ കാലത്ത് തീര്‍ച്ചയായും അങ്ങനെയൊന്ന് ഗുജറാത്തില്‍ ഉണ്ടായിരുന്നു, അതിന് അദ്ദേഹം മോദിയെ ശാസിച്ചിട്ടുമുണ്ട്. സ്വന്തം എം.പിമാരുടെയും മന്ത്രിമാരുടെയുമൊക്കെ നെറികേടിനെ കുറിച്ച് വായതുറക്കാത്ത മോദി പഠിക്കേണ്ടിയിരുന്നത് രാജീവ് ഗാന്ധിയില്‍ നിന്നായിരുന്നോ സ്വന്തം നേതാവില്‍ നിന്നായിരുന്നോ?

മോദിയുടെ കാലത്ത് ആദരിക്കപ്പെടുന്നത് സഞ്ജീവ് ബാലിയന്‍മാര്‍ മാത്രമാവുകയും അഖ്‌ലാഖിന്റെ പട്ടാളക്കാരനായ മകനെ പോലും ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി തയാറാവാഞ്ഞതുമാണ് പ്രശ്‌നത്തിന്റെ മര്‍മം. ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഗണിക്കേണ്ട കാര്യം പിന്നെയേ വരുന്നുള്ളൂ. സ്വന്തം സംസ്ഥാനത്ത് വംശഹത്യ നടന്നപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഖേദം പ്രകടിപ്പിക്കാത്ത ഒരാള്‍ കുറെക്കൂടി വലിയ ഒരു ജനസമൂഹത്തിനു മുമ്പില്‍ അത് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് വാശി പിടിച്ചുകൊണ്ടിരുന്നത്. ഈ ചര്‍ച്ചക്കിടയില്‍ വര്‍ഗീയവാദത്തിന്റെ പലതരം ബ്രാന്‍ഡുകള്‍ പാര്‍ലമെന്റില്‍ പരേഡ് നടത്തി. മദര്‍ തെരേസയെ അരുണാചല്‍ പ്രദേശില്‍ പോകാന്‍ അനുവദിക്കാതിരുന്നത് പോലും അസഹിഷ്ണുതയുടെ പട്ടികയില്‍ എഴുതിത്തള്ളി. സുഊദിയിലെയും ബഹ്‌റൈനിലെയും കുര്‍ദിസ്താനിലെയും പോലെ ഇന്ത്യയില്‍ ശീഈ-സുന്നീ തര്‍ക്കങ്ങള്‍ ഇല്ലാത്തതും സ്വൂഫിയും വഹാബിയും ദയൂബന്തിയും സമാധാനപൂര്‍വം ജീവിക്കുന്നതും രാജ്യത്തിന്റെ സഹിഷ്ണുതയുടെ പാരമ്പര്യമായി മാറി. കബീറിന്റെയും ഉസ്താദ് ബിസ്മില്ലാ ഖാന്റെയും ജീവിത ദര്‍ശനങ്ങള്‍ ഇന്ത്യന്‍ സഹിഷ്ണുതയുടെ പട്ടികയില്‍ വരവുവെക്കപ്പെട്ടു. ഇതാണോ സഭ ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന അസഹിഷ്ണുത എന്ന ലളിതമായ ചോദ്യത്തിനു പോലും ഭരണപക്ഷം മറുപടി നല്‍കിയില്ല. അസഹിഷ്ണുത എന്ന പൊതു വിഷയം ഏറ്റുപിടിക്കുന്നതിനു പകരം ദാദ്രി എന്നോ ഹരിയാന എന്നോ ചര്‍ച്ചക്ക് പേരിടുന്നതായിരുന്നു ബുദ്ധിപരം.  

കഴിഞ്ഞ 18 മാസത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് വാദിക്കുന്നതില്‍ വലിയൊരളവോളം അര്‍ഥമുണ്ടായിരുന്നില്ല. രാജ്യത്തെ പ്രമാദമായ മിക്ക വര്‍ഗീയ കലാപങ്ങളും ഉണ്ടായത് മുസ്‌ലിംകള്‍ പശുവിനെ അറുത്തു എന്നോ ഭക്ഷിച്ചു എന്നോ ഉള്ള വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഭഗല്‍പൂര്‍ ഉദാഹരണം. കൊല്ലപ്പെട്ടവരും കൊലയാളികളും എക്കാലത്തും ഒന്നു തന്നെയായിരുന്നു. അന്നൊന്നും ഒരിക്കലും സംഘ്പരിവാറിനെതിരെ ചെറുവിലനക്കാന്‍ ഈ രാജ്യത്ത് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ നേതാക്കളിലൊരാളാണ് മുസ്‌ലിം വിചാര്‍ മഞ്ച് രൂപീകരിച്ച് ചെറുപ്പക്കാരെ കൊണ്ട് പലയിടത്തും ബോംബുവെപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സാങ്കേതികത്വങ്ങളുടെ നൂല്‍മറ സൃഷ്ടിച്ച് ഇദ്ദേഹത്തെ രക്ഷിച്ചത് യു.പി.എ സര്‍ക്കാറായിരുന്നു. 

ദാദ്രി സംഭവത്തെ കുറിച്ച യു.പി സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരിടത്തും ബീഫ്, വര്‍ഗീയത എന്നീ വാക്കുകള്‍ ഇല്ലെന്നിരിക്കെ എങ്ങനെ ഈ സംഭവം അസഹിഷ്ണുത ആകുമെന്ന ചോദ്യത്തിന് സഭയിലുണ്ടായിരുന്ന മുലായത്തിന് മറുപടി ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ബി.ജെ.പിയുടെ പുറം ചൊറിയുകയും ദല്‍ഹിയില്‍ വന്ന് മതേതരത്വം പ്രസംഗിക്കുകയും ചെയ്യുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ കാപട്യമായിരുന്നു തുറന്നു കാട്ടപ്പെട്ടത്. ഇരു കൂട്ടരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറയാന്‍ മറ്റൊരുതരം വര്‍ഗീയതയുടെ പ്രതീകമായി മാറിക്കൊണ്ടിരിക്കുന്ന അസദുദ്ദീന്‍ ഉവൈസി മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്.

ലോക്‌സഭയില്‍ ഇങ്ങനെയൊരു ചര്‍ച്ച നടക്കുമ്പോള്‍ ആ വഴി വരാതിരിക്കാന്‍ പോലും പ്രധാനമന്ത്രി ശ്രദ്ധിച്ചു. ഭരണഘടനയുടെ രക്ഷാധികാരി പട്ടം എടുത്തണിഞ്ഞ് രാജ്യസഭയിലായിരുന്നു മോദിയുടെ ഇരിപ്പ്. ദേഹത്തു തട്ടാത്ത വലിയ തത്ത്വങ്ങള്‍ പതിവുപോലെ അവിടെയും പ്രസംഗിച്ചു. രാഷ്ട്രപതി പറഞ്ഞതു മാത്രമായിരുന്നു സത്യം. ഇന്ത്യക്കാരന്റെ മനസ്സിലാണ് അല്ലാതെ തെരുവുകളിലല്ല യഥാര്‍ഥത്തില്‍ മാലിന്യമുള്ളത് എന്നായിരുന്നു പ്രണബ് പറഞ്ഞ വാക്കുകള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍