രാഷ്ട്രീയ രംഗത്ത് മാത്രമല്ല, കുടുംബത്തിലും ഉപ്പ മാതൃകയായിരുന്നു
ഓര്‍മവെച്ച നാള്‍ മുതലേ ആള്‍ക്കൂട്ടത്തിന് നടുവിലാണ് ഉപ്പയെ കാണുന്നത്. വീട്ടിന് പുറത്തും അകത്തും പാതിരാ വരെ ഉപ്പാക്ക് ചുറ്റും ആളുകളുണ്ടായിരുന്നു. എല്ലാ വീടും ഇങ്ങനെ ജനനിബിഡവും ,എല്ലാ ഉപ്പമാരും ഇങ്ങനെ തിരക്ക് പിടിച്ചവരുമാണെന്നായിരുന്നു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത്. കുട്ടിക്കാലത്ത് ഉറങ്ങാന്‍ പോകുമ്പോള്‍ ഉപ്പ പൂമുഖത്ത് ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാവും. രാവിലെ ഉണര്‍ന്ന് വരുമ്പോഴും ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഉപ്പയെയാണ് കാണുക. ഉപ്പയുടെ തിരക്ക് ഉള്‍ക്കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിരുന്നത് ഉമ്മയായിരുന്നു. ഉമ്മ ആവശ്യങ്ങളെല്ലാം ഉപ്പയെ അറിയിക്കും. ഉപ്പ അതിനെല്ലാമുള്ള അനുവാദവും സൗകര്യവും ഉമ്മാക്ക് ഒരുക്കും. ഉമ്മ മാത്രം വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ എളാപ്പ ഉമറലി ശിഹാബ് തങ്ങള്‍ വഴിയാണ് പൂര്‍ത്തീകരിച്ചിരുന്നത്. അദ്ദേഹമായിരുന്നു ആ അര്‍ഥത്തില്‍ ഞങ്ങളുടെ കുടുംബത്തിന്റെ അത്താണി. ഇങ്ങനെയൊക്കെ വലിയ തിരക്ക് ഉണ്ടായിട്ടും ഏതെല്ലാം സന്ദര്‍ഭങ്ങളിലാണോ ഒരു മകന്റെ കൂടെ ഉപ്പ ഉണ്ടായിരിക്കേണ്ടത് അത്തരം വേളകളിലെല്ലാം ഉപ്പ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതിനദ്ദേഹം എങ്ങനെയെങ്കിലും സമയം കണ്ടെത്തുമായിരുന്നു.
സ്‌കൂള്‍ അവധി ദിനങ്ങളിലാണ് ഉപ്പാക്ക് ദൂരെ സ്ഥലങ്ങളില്‍ പരിപാടിയെങ്കില്‍ ഉമ്മയോടൊപ്പം ഞങ്ങള്‍ മക്കളെയും കൂടെ കൊണ്ടുപോകുമായിരുന്നു. ഇടുക്കി, മൂന്നാര്‍, മൈസൂര്‍, ബാംഗ്ലൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ക്ക് ഇങ്ങനെ ഉപ്പയുടെ കൂടെ ഞങ്ങള്‍ പോയിരുന്നു. യഥാര്‍ഥത്തില്‍ അത്തരം യാത്രാവേളകളിലാണ് ഉപ്പയെ ഞങ്ങള്‍ക്ക് കൂടുതല്‍ സമയം സ്വന്തമായി ലഭിച്ചിരുന്നത്. ഉപ്പക്കും അതറിയാമായിരുന്നു. അതിനാല്‍ തന്നെ സാധ്യമാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞങ്ങള്‍ കുട്ടികളെയും ഉമ്മയെയും യാത്രയില്‍ ഒപ്പം കൂട്ടുമായിരുന്നു. ഇന്നിപ്പോള്‍ സൗകര്യങ്ങളെല്ലാം വര്‍ധിച്ചിട്ടും ഉപ്പ ശ്രദ്ധിച്ച പോലെ എന്റെ കുടുംബത്തെ ഇങ്ങനെ കൂടെ കൂട്ടാന്‍ എനിക്കാവുന്നില്ലല്ലോ എന്ന ഫീലിംഗ് കൂടക്കൂടെ എന്നെ അലട്ടാറുണ്ട്.
ഉപ്പയുടെ കൂടെയുള്ള യാത്രക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു. പോവുന്ന വഴിയിലുള്ള ബന്ധുക്കളുടെയും പരിചിതരുടെയുമെല്ലാം വീടുകള്‍ സന്ദര്‍ശിച്ചാണ് ആ യാത്ര മുന്നോട്ട് പോയിരുന്നത്. രോഗികളുണ്ടെങ്കില്‍ അവരെ പ്രത്യേകം സന്ദര്‍ശിക്കും. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. ധനസഹായം നല്‍കേണ്ടവര്‍ക്ക് അത് നല്‍കും. ബന്ധുക്കളാണെങ്കില്‍ അവരെ ഞങ്ങള്‍ക്ക് കൃത്യമായി പരിചയപ്പെടുത്തി തരും. ഇങ്ങനെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടിക്കാലത്തെ ആ കുടുംബ യാത്രയില്‍ ഒട്ടേറെ പാഠങ്ങള്‍ ഉപ്പ ഞങ്ങള്‍ക്കായി കരുതിവെച്ചിട്ടുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നു.
വീട്ടില്‍ വരുന്ന ആള്‍ക്കൂട്ടങ്ങളധികവും സാധാരണക്കാരായിരുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും ഉപ്പയോട് പങ്കുവെച്ച് പ്രാര്‍ഥിക്കാനാവശ്യപ്പെടാനാണ് മിക്കവരും വന്നിരുന്നത്. പ്രാര്‍ഥനക്കൊപ്പം സാധ്യമായ സഹായവും ഉപദേശ നിര്‍ദേശങ്ങളും ഉപ്പ നല്‍കുമായിരുന്നു. തന്റെ ചുറ്റുപാടുള്ളവര്‍ ഒട്ടനവധി പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത് കുട്ടികളായ ഞങ്ങളോട് പങ്കുവെക്കുമായിരുന്നു. അതിനാല്‍ പ്രയാസപ്പെടുന്ന ഈ സമൂഹത്തിന്റെ ഭാഗമായ ഞങ്ങളില്‍ ആഡംബരഭ്രമത്തിന്റെയോ പൊങ്ങച്ചത്തിന്റെയോ കണികപോലും ഉണ്ടാവുന്നില്ലെന്ന് ഉപ്പയും ഉമ്മയും കണിശമായി ഉറപ്പ് വരുത്തിയിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലായിട്ടും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സാധാരണ കുട്ടികള്‍ ധരിക്കുന്ന വസ്ത്രത്തേക്കാള്‍ മുന്തിയ വസ്ത്രങ്ങള്‍ ഞങ്ങളെ അണിയിച്ചിരുന്നില്ല. അത് ഞങ്ങളില്‍ അഹംബോധം സൃഷ്ടിക്കുമെന്നവര്‍ ഭയപ്പെട്ടിരുന്നിരിക്കണം. ഉപ്പയെക്കാള്‍ ഞങ്ങളുടെ ദൈനംദിന ജീവിതം നിയന്ത്രിക്കുന്ന ഉമ്മ ഈ വിഷയത്തില്‍ കൂടുതല്‍ കണിശത പുലര്‍ത്തി. അല്‍പ്പമൊന്ന് മുതിര്‍ന്നപ്പോള്‍ പോലും ചെറിയ ചെറിയ യാത്രകള്‍ക്ക് കാറ് എടുക്കാന്‍ ഉമ്മ സമ്മതിച്ചിരുന്നില്ല. അതൊക്കെ ബസ്സില്‍ പോയാല്‍ മതിയെന്ന ഉമ്മയുടെ സ്‌നേഹശാഠ്യത്തിന് ഞങ്ങള്‍ വഴങ്ങലായിരുന്നു പതിവ്. കണ്ണൂരിലേക്കും കൊയിലാണ്ടിയിലേക്കുമെല്ലാം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തേര്‍ഡ് ക്ലാസ് ടിക്കറ്റെടുത്തായിരുന്നു ഉമ്മ ഞങ്ങളെ സ്ഥിരമായി കൊണ്ടുപോയിരുന്നത്. വീട്ടില്‍ സ്ഥിരമായി വരുന്ന സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ കേട്ടും കണ്ടറിഞ്ഞും അവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ഉമ്മയുടെ ഈ ജീവിത ശീലങ്ങള്‍. നമുക്ക് സാധ്യമായ സഹായങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നല്‍കണം. അതായിരിക്കണം നമ്മുടെ ജീവിത ദൗത്യം. ഈ വലിയ ജീവിത പാഠം സ്‌കൂള്‍ പ്രായത്തിലേ ഞങ്ങളില്‍ കരുപ്പിടിച്ചിരുന്നു. ഉപ്പക്ക് ചുറ്റുമുള്ള വീട്ടിലെ ആള്‍ക്കൂട്ടവും ഉപ്പ അവര്‍ക്ക് നല്‍കുന്ന സാന്ത്വനവുമാണ് ഈ പാഠം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
ഗംഭീര പ്രസംഗങ്ങളോ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളോ ഒന്നുമായിരുന്നില്ല സാധാരണക്കാര്‍ മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും, പ്രയാസങ്ങളില്‍ പ്രാര്‍ഥനയും ഉപദേശങ്ങളുമായിരുന്നു. അതിനായി ഏത് പാതിരാക്കും ഉപ്പയെ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. അവര്‍ വിളിച്ചേടത്തെല്ലാം സമയവും കാലവും പ്രായവും നോക്കാതെ ഉപ്പ പോയിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഉപ്പയില്ലാതെയായപ്പോള്‍ ജനങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ മക്കളുടെ സാന്നിധ്യം ആഗ്രഹിക്കുന്നു. അത്തരമൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴാണ് അതിന് വലിയ ത്യാഗങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. നമ്മുടെ അഭിരുചിയും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ത്യജിക്കേണ്ട രംഗമാണിത്. പുറത്ത് നിന്ന് നോക്കി കാണുമ്പോഴുള്ള സുഖകരമായ ജീവിതമല്ലിത്. നമ്മുടെ എല്ലാ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറ്റിവെച്ച് സാധാരണക്കാര്‍ വിളിക്കുമ്പോള്‍ ഇറങ്ങി പോകേണ്ടി വരും. അത് ചിലപ്പോള്‍ ഒരു നികാഹിനോ മരിച്ച വീട്ടിലേക്കോ മറ്റോ ആവാം. ഇന്നിനി കഴിയില്ല എന്ന മറുപടി അവരോട് പറയുക സാധ്യമല്ല. രാവിലെ ഇറങ്ങുന്ന നമ്മള്‍ അനേകം പരിപാടികളും വീടു സന്ദര്‍ശനങ്ങളും കഴിഞ്ഞ് പാതിരാക്കായിരിക്കും കുടുംബത്തിനൊപ്പം ചേരുക. മുപ്പത് വര്‍ഷത്തിലേറെ ഉപ്പ നയിച്ച ജീവിതം ഇങ്ങനെയായിരുന്നു. അല്‍പ്പമൊന്ന് അതനുഭവിച്ചപ്പോഴാണ് ഉപ്പ ജീവിതത്തില്‍ പുലര്‍ത്തിയ ത്യാഗങ്ങളുടെ ആഴം ഞാന്‍ തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ഓരോ പരിപാടി കഴിഞ്ഞ് വരുമ്പോഴും ഉപ്പയോടുള്ള എന്റെ ബഹുമാനവും സ്‌നേഹവും വര്‍ധിക്കുകയാണ് ചെയ്തിരുന്നത്. ഇങ്ങനെ ത്യാഗങ്ങള്‍ അനുഭവിച്ചാണല്ലോ അദ്ദേഹം ജനങ്ങളുടെ സ്‌നേഹം നേടിയത്. ത്യാഗങ്ങളുണ്ടാകുമ്പോഴേ ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നമുക്ക് ലഭിക്കുകയുള്ളൂ എന്ന വലിയ ജീവിത പാഠം കൂടിയാണദ്ദേഹത്തിന്റെ ജീവിതം.
വിദ്യാഭ്യാസ രംഗത്തോ ജീവിതത്തിലെ മറ്റ് സന്ദര്‍ഭങ്ങളിലെ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ ഉപ്പയില്‍ നിന്നൊരിക്കലും ഉണ്ടായിട്ടില്ലെന്നത് പ്രത്യേകം പങ്കുവെക്കേണ്ടതാണ്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ അഭിപ്രായമൊക്കെ ചോദിക്കുമായിരുന്നു. ചെറിയ ചെറിയ വിജയങ്ങള്‍ക്ക് പോലും അടുത്ത് വിളിച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങളൊക്കെ നല്‍കുകയും പതിവായിരുന്നു. എനിക്ക് പത്താം ക്ലാസില്‍ ഫസ്റ്റ് ക്ലാസ് കിട്ടിയപ്പോള്‍ ഇനി സംസ്ഥാനത്തിന് പുറത്ത് മികച്ച സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉപ്പയായിരുന്നു. അങ്ങനെയാണ് മദ്രാസിലെ മികച്ച ഒരു സ്‌കൂളില്‍ എന്നെ പ്ലസ്ടുവിന് ചേര്‍ക്കുന്നത്. പ്ലസ്ടു വിജയിച്ചപ്പോള്‍ എഞ്ചിനീയറിംഗിന് എനിക്ക് താല്‍പര്യമുണ്ടെന്ന ധാരണയില്‍ എന്‍ട്രന്‍സ് എക്‌സാം എഴുതാന്‍ പോവാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് വരെ ഉപ്പ എടുത്ത് വെച്ചിരുന്നു. എന്റെ താല്‍പര്യം വേറെയാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വഴിക്ക് എന്നെ വിടുകയായിരുന്നു. പിന്നീട് ഈജിപ്തില്‍ പഠിക്കാനുള്ള താല്‍പര്യവുമായി ഞാന്‍ സമീപിച്ചപ്പോള്‍ ഉപ്പ നേരിട്ട് ശൈഖുല്‍ അസ്ഹറിന് കത്തെഴുതിയിരുന്നു. അതിന് മറുപടിയൊക്കെ ലഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നെയാണ് മലേഷ്യയില്‍ പഠിക്കാന്‍ അവസരം വന്നത്. അപ്പോള്‍ ഞാന്‍ ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഡിഗ്രി പൂര്‍ത്തിയായിട്ട് പോരേയെന്ന് ഉപ്പ ചോദിച്ചു. മതിയെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഡിഗ്രി ഫൈനല്‍ പരീക്ഷ കഴിഞ്ഞയുടനെ ഉപ്പ തന്നെ അതിന് സൗകര്യങ്ങള്‍ ഒരുക്കിത്തരികയും ചെയ്തു. ഇത്തരം വിഷയങ്ങളിലെല്ലാം സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവസരം ഞങ്ങള്‍ മക്കള്‍ക്ക് വിട്ടുതന്നിരുന്നു. ഉപ്പക്ക് വ്യത്യസ്ത ആഗ്രഹങ്ങളുണ്ടായിരുന്നിട്ടും ഞങ്ങളെയത് അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഉപ്പയുടെ ആഗ്രഹത്തിനല്ല ഞങ്ങളുടെ അഭിരുചിക്കായിരുന്നു അദ്ദേഹം മുന്‍ഗണന നല്‍കിയത്.
എന്നാല്‍ ചില വിഷയങ്ങളില്‍ ഉപ്പ ഞങ്ങള്‍ക്ക് കൃത്യമായ ഉപദേശങ്ങളും നല്‍കിയിരുന്നു. രാഷ്ട്രീയവും മതപരവുമായ ആക്ടിവിസങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. രാഷ്ട്രീയത്തിന്റെ പേരില്‍ മക്കള്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞ് വെക്കുന്നത് ഉപ്പാക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അത്തരം പരിപാടികളില്‍ ഒരു പരിധിക്കപ്പുറം പങ്കെടുക്കുന്നതും ഉപ്പ ഇഷ്ടപ്പെട്ടിരുന്നില്ല. ഉപ്പയുടെ അഡ്രസില്‍ മക്കള്‍ സ്ഥാനമാനങ്ങള്‍ നേടേണ്ടതില്ലെന്ന ഉറച്ച തീരുമാനമായിരുന്നു ഇതിനൊരു കാരണം. ഉമര്‍ ബാഫഖി തങ്ങള്‍ മരിച്ച സമയത്ത് നന്തി ദാറുസ്സലാമിന്റെ പ്രസിഡന്റായി എന്നെ നിയമിക്കാന്‍ അവര്‍ ഒരുങ്ങിയപ്പോള്‍ ബാപ്പ അത് വേണ്ടെന്ന് അവരോട് കണിശമായി പറയുകയായിരുന്നു. മറ്റൊന്ന്, ഞങ്ങള്‍ വിദ്യാഭ്യാസമൊക്കെ നേടി സ്വന്തം വഴികള്‍ കണ്ടെത്തണമെന്നതായിരുന്നു. പിന്നെ കുടുംബ കാര്യങ്ങള്‍ നോക്കാനും ഞങ്ങള്‍ക്കാവശ്യത്തിന് സമയം ലഭിച്ചിരിക്കണമെന്ന് ഉപ്പ ആഗ്രഹിച്ചിരുന്നു. നിരന്തരം യാത്രകളും പരിപാടികളും കാരണം തനിക്കത് ലഭിച്ചില്ലെന്ന് ഉപ്പക്ക് തോന്നിയിരിക്കണം. അത് തന്റെ മക്കളുടെ കാര്യത്തിലുണ്ടാവരുതെന്ന് ഒരു ഉപ്പ ആഗ്രഹിച്ചാല്‍ അത് തെറ്റല്ലല്ലോ. ഇതിനര്‍ഥം രാഷ്ട്രീയ പരിപാടികളില്‍ നിന്ന് ഞങ്ങളെ ഉപ്പ പാടേ അകറ്റി എന്നല്ല. ഉപ്പയുള്ള വേദിയിലും അല്ലാതെയുമായി ഞങ്ങള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മറ്റ് ചില പരിപാടികള്‍ക്ക് ഉപ്പക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഞങ്ങള്‍ പ്രതിനിധികളായി പങ്കെടുക്കാറുമുണ്ടായിരുന്നു. ഇതെല്ലാം കൃത്യമായ നിയന്ത്രണത്തോടെ ആവണമെന്നേ ഉപ്പക്കുണ്ടായിരുന്നുള്ളൂ.
വല്യുപ്പ പൂക്കോയ തങ്ങള്‍ മരിച്ച സന്ദര്‍ഭത്തില്‍ സി.എച്ച് മുഹമ്മദ് കോയ നിര്‍ബന്ധിച്ചപ്പോഴാണ് ഉപ്പ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. അത് തന്നെ ആലോചിക്കാന്‍ 40 ദിവസത്തെ അവധി ചോദിച്ച ശേഷമായിരുന്നു. തനിക്ക് രാഷ്ട്രീയ രംഗത്ത് മുന്‍പരിചയങ്ങള്‍ വേണ്ടത്ര ഇല്ലെന്നും അത് തന്റെ രംഗമല്ലെന്നുമൊക്കെ ഉപ്പ പറഞ്ഞു നോക്കിയെങ്കിലും ഒരുപാടാളുകളുടെ സ്‌നേഹബുദ്ധിക്ക് ഒടുവില്‍ വഴങ്ങേണ്ടി വരികയായിരുന്നു. 31 വയസ്സായിരുന്നു അന്ന് ഉപ്പക്ക് പ്രായം. വായനയും സാഹിത്യാസ്വാദനവുമൊക്കയായി മറ്റൊരു മേഖലയിലും താല്‍പര്യത്തിലുമായിരുന്നു ഉപ്പ അതുവരെ ഉണ്ടായിരുന്നത്. ഉപ്പ ഒരു ഫുള്‍ടൈം രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ നല്ലൊരു സാഹിത്യ നിരൂപകനോ പ്രഗത്ഭനായ അധ്യാപകനോ ഒക്കെ ആയി മാറുമായിരുന്നുവെന്ന് തോന്നാറുണ്ട്. അക്കാലത്ത് ഈജിപ്തിലെ അസ്ഹറിലും കയ്‌റോ യൂനിവേഴ്‌സിറ്റിയിലുമെല്ലാം പഠിച്ച അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു ഉപ്പ. അന്തര്‍ദേശീയ തലത്തിലുള്ള അറബി പ്രസിദ്ധീകരണങ്ങളില്‍ ചെറിയ കുറിപ്പുകളൊക്കെ എഴുതിത്തുടങ്ങിയിരുന്നു. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ഖലീല്‍ ജിബ്രാന്റെ ഒരു കഥയും പരിഭാഷപ്പെടുത്തിയിരുന്നു. അറബ് സാഹിത്യത്തോടെന്ന പോലെ ഇസ്‌ലാമിക ചരിത്ര വായനകളിലും ഏറെ താല്‍പര്യം കാണിച്ചിരുന്നു. ഇങ്ങനെ സ്വന്തം അഭിരുചികളുമായി മുന്നോട്ടു പോകുന്ന സന്ദര്‍ഭത്തിലാണ് വല്യുപ്പയുടെ മരണവും പിന്നീട് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സാരഥ്യമേറ്റെടുക്കലും സംഭവിക്കുന്നത്. അതോടെ തന്റെ താല്‍പര്യങ്ങളും അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം മാറ്റി വെച്ച് താന്‍ ഏറ്റെടുത്ത ദൗത്യത്തിലേക്ക് അദ്ദേഹം പൂര്‍ണമായി ഇറങ്ങുകയായുരുന്നു. കേവലം രാഷ്ട്രീയ നേതാവ് എന്നതിലപ്പുറം ആ രംഗത്തും അദ്ദേഹത്തിന് ഉയര്‍ന്ന് നില്‍ക്കാനും ഒട്ടേറെ മാതൃകകള്‍ നല്‍കാനും കഴിഞ്ഞതും ഈ പൂര്‍ണമായ സമര്‍പ്പണം മൂലമായിരുന്നു.
ഉപ്പ ഒരു വലിയ പ്രസംഗകനോ എഴുത്തുകാരനോ ആയിരുന്നില്ല. രാഷ്ട്രീയ എതിരാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ മറുപടി നല്‍കുക എന്ന സാധാരണ രാഷ്ട്രീയക്കാരന്റെയോ സംഘടനാ നേതാവിന്റെയോ റോള്‍ അദ്ദേഹം ഒരിക്കലും ഏറ്റെടുത്തിരുന്നില്ല. അതിനാല്‍ തന്നെ രാഷ്ട്രീയ-സംഘടനാ അഭിപ്രായ വ്യത്യാസം നിലനില്‍ക്കേ ഉപ്പയുടെ വ്യക്തിത്വത്തെ ഏവരും ആദരിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെയും നദ്‌വത്തുല്‍ മുജാഹിദിനെയുമൊന്നും ഉപ്പ ആക്ഷേപിക്കുകയോ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അവരുമായെല്ലാം സഹകരിച്ചിട്ടുമുണ്ട്. ചില വിഷയങ്ങളില്‍ സംഘടനാപരമായി അഭിപ്രായ വ്യത്യാസം പുലര്‍ത്തുമ്പോഴും അവരുടെ നേതാക്കളുമായെല്ലാം ഉപ്പ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്‍.വി അബുദസ്സലാം മൗലവി കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും അരീക്കോട് സുല്ലമുസ്സലാം കോളേജിന്റെയുമെല്ലാം സാരഥിയായിരുന്നു. ഞങ്ങളുടെ വല്യുപ്പ പൂക്കോയ തങ്ങളുടെ കാലത്തേ പാണക്കാടുമായി അദ്ദേഹത്തിന് ഹൃദ്യമായ ബന്ധമുണ്ടായിരുന്നു. ഉപ്പയോടും ആ ബന്ധമദ്ദേഹം നിലനിര്‍ത്തി. മലപ്പുറം പരിസരത്തേക്ക് മൗലവി വന്നാല്‍ പാണക്കാട് തറവാട് സന്ദര്‍ശിച്ചേ അദ്ദേഹം നാട്ടിലേക്ക് മടങ്ങുമായിരുന്നുള്ളൂ. അരീക്കോട് ഭാഗത്തേക്ക് യാത്രയുണ്ടായാല്‍ വല്യുപ്പയും ഉപ്പയുമെല്ലാം അദ്ദേഹത്തിന്റെ വീട്ടിലിറങ്ങിയ ശേഷമേ തിരിച്ച് വരാറുണ്ടായിരുന്നുള്ളൂ. സംഘടനാപരമായ കുടുസ്സ് ചിന്താഗതി മാറ്റി വെച്ച് പാരസ്പര്യവും സൗഹാര്‍ദവും പുലര്‍ത്തണമെന്നതാണ് ഇതുവഴി വല്യുപ്പ പൂക്കോയ തങ്ങളും ഉപ്പ മുഹമ്മദലി ശിഹാബ് തങ്ങളും നല്‍കുന്ന പാഠം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെ തന്നെ സമുദായത്തിലെ മുഴുവന്‍ സംഘടനകളോടും നേതാക്കളോടും ഇതേ മാതൃക പിന്തുടരണമെന്നാണ് ഞങ്ങള്‍ മക്കളും ആഗ്രഹിക്കുന്നത്. അതാണ് പാണക്കാടിന്റെ പാരമ്പര്യവും.
തയാറാക്കിയത്: ബഷീര്‍ തൃപ്പനച്ചി
Comments